TopTop
Begin typing your search above and press return to search.

കോവിഡ് കാലം ആവശ്യപ്പെടുന്ന ചില ജാഗ്രതകള്‍; പ്രതിപക്ഷ ധര്‍മ്മവും സി പി എമ്മിന്റെ ഏഷ്യാനെറ്റ് ചര്‍ച്ചാ ബൊയ്കോട്ടും പിന്നെ ചില സ്വതന്ത്ര നിരീക്ഷക അവതാരങ്ങളും

കോവിഡ് കാലം ആവശ്യപ്പെടുന്ന ചില ജാഗ്രതകള്‍; പ്രതിപക്ഷ ധര്‍മ്മവും സി പി എമ്മിന്റെ ഏഷ്യാനെറ്റ് ചര്‍ച്ചാ ബൊയ്കോട്ടും പിന്നെ ചില സ്വതന്ത്ര നിരീക്ഷക അവതാരങ്ങളും

കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്ത് , കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലും സാമാജികരില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യ സുരക്ഷ മാനിച്ചും ധനവിനിയോഗ ബില്‍ പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവെച്ചതായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട് എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നു പ്രതീക്ഷിച്ച സമ്മേളനം കൂടിയായിരുന്നു ഇത്. കൂടാതെ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ട് എന്നാരോപിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു.എന്നാല്‍ ഗവണ്‍മെന്‍റിനെതിരെ വലിയ രീതിയില്‍ ആഞ്ഞടിക്കാമെന്ന പ്രതിപക്ഷ മോഹമാണ് കോവിഡ് പ്രതിരോധ നടപടി കാരണം പൊളിഞ്ഞത്. നേരത്തെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നടക്കുന്ന സമരങ്ങള്‍ വിലക്കിക്കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ സമരങ്ങള്‍ ഉപേക്ഷിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയമായ കാരണം കൊണ്ടാണ് എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ഇതുമായി ബന്ധപ്പെട്ട് താന്‍ അദ്ദേഹത്തോടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനമെടുത്തതെന്നും അപ്പോള്‍ അങ്ങനെയായിരുന്നില്ല അദ്ദേഹം അഭിപ്രായപ്പെട്ടത് എന്നുമായിരുന്നു അര്‍ത്ഥം വെച്ചുകൊണ്ടുള്ള ചിരി ചിരിച്ചു പിണറായി പറഞ്ഞത്. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നതുകൊണ്ടാണ് സഭാ സമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത് എന്നു കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. "സ്വര്‍ണ്ണക്കള്ളക്കടത്തും കണ്‍സള്‍ട്ടന്‍സി കാരാറുകളുടെ പിന്നിലെ ഞെട്ടിപ്പിക്കുന്ന അഴിമതിയും തുറന്നുകാട്ടപ്പെടുമെന്നതുകൊണ്ടുമാണ് മുഖ്യമന്ത്രി ഒളിച്ചോടിയത്." മുല്ലപ്പള്ളിയുടെ പ്രസ്താവന മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രകാലം ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകും എന്നു മുല്ലപ്പള്ളി ചോദിക്കുന്നു. സമ്മേളനം ഒഴിവാക്കിയത് മടിയില്‍ കനമുള്ളതുകൊണ്ടാണ് എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. സ്വര്‍ണ്ണക്കള്ളക്കടത്ത് ചര്‍ച്ചയ്ക്കെടുത്താല്‍ അതിനെ ന്യായീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകില്ല എന്ന ആശങ്കയാണ് സമ്മേളനം ഒഴിവാക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. സുരേന്ദ്രന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത് സ്വര്‍ണ്ണകള്ളക്കടത്ത് വാര്‍ത്ത പുറത്തുവന്നതിന് ശേഷം മുഖ്യ ഘടകകക്ഷിയായ സി പി ഐ എടുത്ത നിലപാടാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് 'ആധുനിക മാരീചന്‍'മാരെ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന സി പി ഐ അഭിപ്രായം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്പ്രിംഗ്ലര്‍ വിവാദത്തിന് പിന്നാലെ എം ശിവശങ്കറിനെ ഒഴിവാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഈ വിവാദത്തില്‍ നിന്നും കുറച്ചെങ്കിലും രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു എന്നും സി പി ഐ പറഞ്ഞിരുന്നു. എന്തായാലും ഈ വിഷയത്തില്‍ കാനവുമായി പിണറായിയും കൊടിയേരിയും കൂടിക്കാഴ്ച നടത്തി എന്നും ആരോപണങ്ങള്‍ പുറത്തു ഉന്നയിക്കേണ്ടതില്ല എന്നു തീരുമാനിച്ചു എന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത.Also Read: ആരാണ് ശരിക്കും വല്യേട്ടന്‍? മേലേടത്ത് രാഘവന്‍ നായരോ? അറയ്ക്കല്‍ മാധവനുണ്ണിയോ?

അതേസമയം സഭാ സമ്മേളനം നടന്നാലും തങ്ങള്‍ക്ക് ഭയക്കാനൊന്നും ഇല്ല എന്നാണ് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എം ബി രാജേഷ് പറഞ്ഞത്. കാരണം അംഗങ്ങള്‍ കൂടുതല്‍ ഞങ്ങള്‍ക്കാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ചര്‍ച്ചാ സമയവും ഞങ്ങള്‍ക്ക് കിട്ടും. സ്പീക്കര്‍ ഇടയില്‍ കയറി ചോദിക്കുകയോ മൈക്ക് ഓഫാക്കുകയോ ചെയ്യില്ല. ചാനല്‍ അവതാരകര്‍ സി പി എം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കാതെ ജനാധിപത്യ വിരുദ്ധമായി ഇടപെടുന്നു എന്ന വിമര്‍ശനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് രാജേഷ് പറഞ്ഞു. എന്തായാലും കോവിഡ് കാരണം വലിയ നഷ്ടമുണ്ടായിരിക്കുന്നത് പ്രതിപക്ഷത്തിനാണ് എന്നു പറയാം. 4 വര്‍ഷത്തിന് ശേഷം ഇത്തരമൊരു സുവര്‍ണ്ണാവസരം കിട്ടിയിട്ടും അത് വേണ്ടെത്ര മുതലാക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് പ്രതിദിനം നടത്തുന്ന പത്ര സമ്മേളനങ്ങള്‍ അല്ലാതെ മറ്റൊരു കക്ഷിയും വലിയ ഒച്ചയും ബഹളവും ഒന്നും ഉണ്ടാക്കുന്നില്ല. സോളാര്‍ നിഴല്‍ പതിഞ്ഞു കിടക്കുന്നതുകൊണ്ട് ഉമ്മന്‍ ചാണ്ടിയും സജീവമല്ല. മുസ്ലീം ലീഗിന്റെ പ്രമുഖ നേതാക്കളും രംഗത്തില്ല. പിടിക്കപ്പെട്ട ചിലര്‍ക്ക് ലീഗ് ബന്ധം ഉള്ളതുകൊണ്ടാണ് ലീഗ് അനങ്ങാത്തത് എന്നാണ് സി പി എം ആരോപണം. മറ്റൊരു പ്രമുഖ കക്ഷിയായ കേരള കോണ്‍ഗ്രാസ് എം വീണ്ടും രണ്ടായി പിളര്‍ന്നതിന്റെ ക്ഷീണത്തിലാണ്. മറ്റൊരു ലോക്ക് ഡൗണിലേക്ക് സംസ്ഥാനം നീങ്ങിയേക്കാം എന്ന സൂചന അന്തരീക്ഷത്തില്‍ കറങ്ങി നടക്കുമ്പോള്‍ ഇനി എന്തു എന്ന ചോദ്യത്തിന് മുന്നില്‍ അന്തിച്ചു നില്‍ക്കുകയല്ലാതെ പ്രതിപക്ഷം എന്തുചെയ്യാന്‍? അതിനിടയില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിച്ചുകൊണ്ട് സി പി എം 'ജനാധിപത്യ സംവാദ'ത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചാ മുഖം തുറന്നിട്ടുണ്ട്. പി രാജീവ്, എം സ്വരാജ്, എം ബി രാജേഷ് തുടങ്ങി നിരവധി യുവ നേതാക്കള്‍ തങ്ങള്‍ക്ക് ലഭ്യമായ പ്ലാറ്റ് ഫോമുകളിലൂടെ എല്ലാം ഏഷ്യാനെറ്റ് തങ്ങളോടു കാണിക്കുന്ന 'ജനാധിപത്യ വിരുദ്ധ'തയെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ സി പി എം സംസ്ഥാന സെക്രട്ടട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്തുകൊണ്ട് തങ്ങള്‍ ഏഷ്യാനെറ്റ് ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട് ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്തേണ്ട ഈ കാലത്ത് അതിന് നേതൃത്വം നല്‍കുന്നതിന് പകരം ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുന്ന പണിയാണ് ഏഷ്യാനെറ്റ് മനോരമാദി മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ മാധ്യമ-ഏഷ്യാനെറ്റ് വിമര്‍ശനത്തിന് തുടക്കം കുറിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. തുറന്ന സംവാദങ്ങള്‍ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയന്‍വാലാ ബാഗുകളാക്കാന്‍ ചാനലുകള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാത്രി ചര്‍ച്ചകളെ യുഡിഎഫ് ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ആസുത്രിത വേദിയാക്കി ഏഷ്യനെറ്റ് മാറ്റിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ ആരോപിച്ചു. സിപിഎമ്മിന്റെ ബഹിഷ്‌ക്കരണം പ്രാകൃതമാണെന്ന് പറഞ്ഞ ഏഷ്യനെറ്റ് എഡിറ്ററുടെ നടപടിയെ അദ്ദേഹം പരിഹസിച്ചു. ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നത് കാട്ടാളത്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ബഹിഷ്ക്കരണത്തിന്റെ ജനാധിപത്യ വിരുദ്ധതയെ കുറിച്ചാണ് അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ ഊന്നിപ്പറഞ്ഞത്. "എല്ലാത്തരം ബഹിഷ്‌കരണങ്ങളും ജനാധിപത്യ വിരുദ്ധമാണ്. പ്രത്യേകിച്ച് മാധ്യമങ്ങളുമായി രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും നടത്തുന്ന ബോയ്‌ക്കോട്ടുകള്‍. മാധ്യമങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവരുമായി കൂടുതല്‍ സംവാദത്തില്‍ ഏര്‍പ്പെടുകയും അഭിപ്രായ സംഘര്‍ഷങ്ങളിലേക്ക് പോലും വരികയും ചെയ്യുക ആ അഭിപ്രായ വ്യത്യാസങ്ങളെ പറഞ്ഞുതീര്‍ക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ഒരുവശം. അതുകൊണ്ട് തന്നെ ബഹിഷ്‌കരണം എന്നത് ഭ്രഷ്ട് പോലെ തന്നെയാണ് കണക്കാക്കേണ്ടത്." Also Read: ഏഷ്യാനെറ്റ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ വിശദീകരിക്കുന്നു: സിപിഎം നടപടി ഭ്രഷ്ട് തന്നെ; സോളാറിലും സ്വർണക്കടത്തിലും ഉള്ളത് അധികാരവും അധോലോകവും അഴിമതിയും തമ്മിലുള്ള ബന്ധം

എന്നാല്‍ എംബി രാജേഷ് അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്; "ഒന്നാമത് ഏഷ്യാനെറ്റിനെ ആരും ബോയ്‌ക്കോട്ട് ചെയ്തിട്ടില്ല. അവരുടെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ കാരണം അതൊരു സംവാദ വേദി എന്ന നിലയില്‍ ഉപയോഗപ്രദമല്ല എന്നതാണ്. അവരുടെ നിലപാടുകള്‍ക്ക് സംവാദം അസാധ്യമായിരിക്കുന്നതിനാലാണ്. മറ്റെല്ലാ ടെലിവിഷന്‍ ചാനലുകളുടെയും സംവാദ വേദികളില്‍ ഞങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഒരു ചാനലിനെയും ബഹിഷ്‌കരിക്കുന്നില്ല, വാര്‍ത്താ സംവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്." അതേസമയം ഒരു രാഷ്ട്രീയ ചോദ്യവും രാജേഷ് ഉയര്‍ത്തുന്നുണ്ട്, "എം ജി രാധാകൃഷ്ണന്‍ തന്റെ പരിപാടിയില്‍ പറഞ്ഞത് ഭരണകൂടത്തോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം എത്ര ചോദ്യങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് ചോദിച്ചുവെന്നത് വ്യക്തമാക്കണം. കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ കസ്റ്റംസ് ആണ്. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത കസ്റ്റംസ് സൂപ്രണ്ട് ഒരു കൊല്ലം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 705 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നയതന്ത്ര ചാനലിലൂടെ വേറെ 250 കിലോസ്വര്‍ണ്ണം കടത്തിയെന്നും വാര്‍ത്തികളില്‍ പറയുന്നു. എന്‍ഐഎ തന്നെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ മുപ്പത് കിലോ സ്വര്‍ണ്ണം കടത്തിയ കേസിലാണ് ഇവിടെ നടക്കുന്ന വിവാദങ്ങളെല്ലാം എന്ന് കൂടി ഓര്‍ക്കണം. നയതന്ത്രം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന വകുപ്പല്ലേ? എന്നിട്ട് ഒരു ചോദ്യമെങ്കിലും ഇവര് ബിജെപി സര്‍ക്കാരിനോട് ഉയര്‍ത്തിയോ? എത്ര വലിയ പരാജയമാണ് കേന്ദ്ര ഇന്റലിജന്‍സിനും റോയ്ക്കും സംഭവിച്ചതെന്ന് ചോദിക്കാമല്ലോ? മാത്രമല്ല, ദേശീയ തലത്തിലുള്ള സ്വര്‍ണ്ണക്കടത്ത് റാക്കറ്റുമായുള്ള ബന്ധം എന്താണ്? കേന്ദ്രസര്‍ക്കാരിന് അസൗകര്യമുണ്ടാക്കുന്ന ഒരു ചോദ്യം പോലും ചോദിക്കാന്‍ ഏഷ്യാനെറ്റിന് അസൗകര്യമുണ്ടാകുന്നത് അതിന്റെ ഉടമയുടെ രാഷ്ട്രീയം കൊണ്ടായിരിക്കാം." Also Read: 'ബിജെപി സർക്കാരിനോട് ഏഷ്യാനെറ്റ് ഒന്നും ചോദിച്ചിട്ടില്ല; അവസാന ചർച്ചയിൽ എന്നെ തടസപ്പെടുത്തിയത് 17 തവണ; അനുവദിച്ചത് 9 മിനിറ്റും 52 സെക്കന്റും'; സിപിഎം നിലപാട് വ്യക്തമാക്കി എംബി രാജേഷ്

ഏഷ്യാനെറ്റ് ഉടമയും ബിജെപി എം പിയുമായ രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടാണ് രാജേഷിന്റെ വിമര്‍ശനം. രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള സംസാരിക്കാന്‍ അര്‍ണാബ് സമയം അനുവദിച്ചില്ല; തത്സമയ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി ശങ്കര്‍ അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ടിവിയുടെ രാത്രി സംവാദങ്ങളെ കുറിച്ച്, അതിന്റെ ഏകപക്ഷീയതയെ കുറിച്ച്, ജനാധിപത്യ വിരുദ്ധതയെ കുറിച്ച് വലിയ വിമര്‍ശനമാണ് ദേശീയതലത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉയര്‍ത്തിയിട്ടുള്ളത്.

EDITORIAL: അവര്‍ മാധ്യമ പ്രവര്‍ത്തകരല്ല, മനുഷ്യകുലത്തിന്റെ ശത്രുക്കള്‍

അതേസമയം നിലവിലുള്ള സംഭവ വികാസങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി പി എമ്മിന് സംഭവിച്ച മൂല്യ തകര്‍ച്ചയുടെ മറ്റൊരു അദ്ധ്യായമായി കാണുമ്പോള്‍ വെറും സ്റ്റുഡിയോ കോലാഹലങ്ങളില്‍ തരം താഴുന്ന ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ പാപ്പരത്വവുമാണ് വെളിവാകുന്നത് എന്ന നിലപാടാണ് അഴിമുഖം ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെ പറയാന്‍ ശ്രമിക്കുന്നത്. "സിപിഎം അതിന്റെ ജനാധിപത്യപരമായ വേരുകളിലേക്ക് തിരിച്ചു വരേണ്ടതുണ്ട്. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം മാധ്യമ പ്രവര്‍ത്തനത്തിലേക്കും മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ കാര്യങ്ങളൊക്കെ പുന:പരിശോധിക്കാനുള്ള ഒരു അവസരം കൂടിയാണ് നിലവിലെ സംഭവവികാസങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമ മേഖലയ്ക്കും പൊതുവായും." എഡിറ്റോറിയലിലൂടെ അഴിമുഖം നിലപാട് വ്യക്തമാക്കുന്നു.

EDITORIAL / ബഹിഷ്‌ക്കരണം അസഹിഷ്ണുതയാണ്; അത് സ്റ്റുഡിയോ ചര്‍ച്ചാ ബഹളത്തെ ജേര്‍ണലിസമായി അവതരിപ്പിക്കുന്ന ചാനലുകളോടായാലും

ചാനല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട മറ്റൊരു സംവാദവും സി പി എം ഇന്നലെ തുടങ്ങിവെച്ചിട്ടുണ്ട്. ഇന്നലത്തെ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.

മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിരീക്ഷകരെന്ന ലേബലില്‍ വരുന്ന പലരും കോവിഡുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് നിലവില്‍ സി പി എം തുടങ്ങി വെച്ച ചര്‍ച്ചയുടെ തുടര്‍ച്ചയായി വേണം കാണാന്‍. "കോവിഡ് ശാസ്ത്രീയമായി പഠിക്കേണ്ട വിഷയമാണ്. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ മറികടക്കേണ്ട വിഷയവുമാണ്. ആ മേഖലയില്‍ വിദഗ്ധ വിദ്യാഭ്യാസവും പ്രവര്‍ത്തന പരിചയവുമുള്ളവരാണ് ഈ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. എന്നാല്‍ പല ചര്‍ച്ചകളിലും നിരീക്ഷകരായി വരുന്ന ഈ മേഖലയില്‍ വൈദഗ്ധ്യമില്ലാത്തവര്‍ അബദ്ധജടിലങ്ങളായ കാര്യങ്ങള്‍ ആധികാരികതയോടെ പ്രസ്താവിക്കുമ്പോള്‍ അത് ബാധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്." രണ്ട് തരത്തിലാണ് ഇത്തരക്കാര്‍ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "ഒന്നുകില്‍ അവര്‍ പ്രശ്നത്തെ പെരുപ്പിച്ച് കാണിക്കുന്നു. ഇല്ലെങ്കില്‍ കുറച്ച് കാണിക്കുന്നു. ഇത് രണ്ടും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. . ഇത്തരക്കാര്‍ ധാര്‍മികത മുന്‍നിര്‍ത്തി അവരവര്‍ക്ക് ഗ്രാഹ്യമില്ലാത്ത കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് തെറ്റിദ്ധാരണ പരത്തരുത്. മാധ്യമങ്ങളും ഇത്തരക്കാരെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വിഷയത്തില്‍ വിവരമുള്ളവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാകണം ചര്‍ച്ചകള്‍ നടത്തേണ്ടത്." എന്തായാലും അസാധാരണ കാലം തുറന്നിടുന്ന ജനാധിപത്യ സംവാദമായി നമുക്കിതിനെ പോസിറ്റീവായി കാണാം. ആരുടെയെങ്കിലും സ്വേച്ഛ നടപ്പിലാക്കാനുള്ള ഒരവസരമായി മഹാമാരിയെ ഉപയോഗിക്കാതിരിക്കുക എന്നതാണു പ്രധാനം. ഭരണകൂടമായാലും, രാഷ്ട്രീയ പാര്‍ട്ടികളായാലും, മാധ്യമങ്ങളായാലും. അതിനുള്ള ജാഗ്രത കൂടിയാണ് കോവിഡ് കാലം ആവശ്യപ്പെടുന്നത്.

Also Read: കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories