TopTop
Begin typing your search above and press return to search.

ഭരണക്കാര്‍ക്കും പ്രതിപക്ഷത്തിനും ആശ്വാസം പകരുന്ന എന്‍ ഐ എ, സ്വര്‍ണ്ണക്കടത്തിന്റെ രാഷ്ട്രീയ കേസില്‍ അന്തിമജയം ആര്‍ക്ക്?

ഭരണക്കാര്‍ക്കും പ്രതിപക്ഷത്തിനും ആശ്വാസം പകരുന്ന എന്‍ ഐ എ, സ്വര്‍ണ്ണക്കടത്തിന്റെ രാഷ്ട്രീയ കേസില്‍ അന്തിമജയം ആര്‍ക്ക്?

സ്വർണം ഒളിപ്പിച്ച നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഇടപെട്ടില്ലെന്ന അന്വേഷണ ഏജൻസിയായ എൻ ഐ എ യുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും മുന്നണിക്കുമൊക്കെ ഒട്ടൊരു ആശ്വാസം പകരുന്നുണ്ട്. എന്നാൽ അതേ സമയം തന്നെ സ്വർണ കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന എൻ ഐ എ യുടെ കണ്ടെത്തൽ ആ ഇത്തിരി ആശ്വാസത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ പോന്നതുമാണ്. സ്വപ്നയ്ക്കെതിരെ ഇന്നലെത്തന്നെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ കസ്റ്റംസ് ബോധിപ്പിച്ച മറ്റൊരു കാര്യവും ഏറെ ശ്രദ്ധേയമാണ്. സ്വപ്നയ്ക്ക് അധികാരത്തിന്റെ ഇടനാഴികളിലും പോലീസിലും വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ചു അവർ പലരെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കസ്റ്റംസിന്റെ വാദം. ഇവ രണ്ടും ചേർത്തു വായിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യം മുഖ്യമന്ത്രിയുടെ ഓഫിസ് മാത്രമല്ല അദ്ദേഹത്തിന്റെ പോലീസ് വകുപ്പും പ്രതിക്കൂട്ടിലാവുന്നു എന്നതാണ്.

നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങൾ കേസ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുക വഴി ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേരളത്തിലെ ബി ജെ പി നേതാക്കളും മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ പാർട്ടിയും ഉന്നയിച്ചു വന്ന ആക്ഷേപങ്ങളുടെ മുനയൊടിച്ചിരുന്നു. അതിനു പിന്നാലെ തന്നെയാണ് മുഖ്യമന്ത്രിക്കും കൂട്ടർക്കും ആശ്വാസം പകരാൻ പോന്ന സ്വർണം ഒളിപ്പിച്ച നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടുന്നതിനുവേണ്ടി സ്വപ്‍ന ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന വെളിപ്പെടുത്തലും ഉണ്ടായത്. എന്നാൽ എൻ ഐ എ യുടെ ഈ വെളിപ്പെടുത്തലിനേക്കാൾ പ്രതിപക്ഷവും മാധ്യമങ്ങളും കൂടുതൽ ഊന്നൽ നൽകുന്നത് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു എന്ന എൻ ഐ എ യുടെ കണ്ടെത്തലിനാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി രാജി വെക്കണം എന്ന യു ഡി എഫിന്റെയും ബി ജെ പി യുടെയും ആവശ്യത്തിന് മൂർച്ച വർധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

എൻ ഐ എ അന്വേഷണം ഇനിയും പാതിവഴി പോലും എത്തിയതായി തോന്നുന്നില്ല. കേസിൽ സുപ്രധാന കണ്ണി എന്ന് എൻ ഐ എ തന്നെ അവകാശപ്പെടുന്ന ഫൈസൽ ഫരീദിനെ യു എ ഇ യിൽ നിന്നും വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. അതുപോലെ തന്നെ സ്വർണ കടത്തു കേസിൽ തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലെ ചില പ്രധാനികൾക്കുള്ള ബന്ധം വ്യക്തമായിട്ടും അതിനെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നതായുള്ള സൂചനയുമില്ല. യു എ ഇ കോൺസുലേറ്റിൽ അറ്റാഷെയെ ചോദ്യം ചെയ്യാൻ യു എ ഇ യുടെ അനുമതി തേടുമെന്നും അതല്ല യു എ ഇ തന്നെ അയാളെ ആ രാജ്യത്തുവെച്ചു ചോദ്യം ചെയ്യുമെന്നുമൊക്കെയുള്ള മാധ്യമ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതേക്കുറിച്ചൊന്നും കേൾക്കാനില്ല. ഇതുമായി ബന്ധപ്പെട്ടു രണ്ടുനാൾ മുൻപ് പുറത്തുവന്ന വാർത്തകൾ യു എ ഇ കോൺസുലേറ്റിനെതിരായ സ്വപ്നയുടെയും സരിത്തിന്റെയുമൊക്കെ മൊഴികൾ അന്വേഷണം വഴിതിരിച്ചു വിടാൻ ലക്‌ഷ്യം വെച്ചുള്ളതാണെന്നു അന്വേഷണ ഏജൻസി സംശയിക്കുന്നു എന്നത് മാത്രമാണ്. അന്വേഷണം പാതി വഴിപോലും എത്തുന്നതിനു മുൻപ് തന്നെ കോടതിക്ക് പുറത്തു വിചാരണയും വിധി പ്രസ്തവവുമൊക്കെ പൊടി പൊടിക്കുകയാണ്.

എന്നാൽ ഈ കേസുമായി ബന്ധപ്പെട്ടു ഏറെ അത്ഭുതപ്പെടുത്തുന്ന രണ്ടു കാര്യങ്ങളുണ്ട്. അതിലൊന്ന് കേസിന്റെ തുടക്കം മുതൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യു എ ഇ കോൺസുലേറ്റിനെ വെള്ള പൂശാൻ നടത്തുന്ന ശ്രമം തന്നെയാണ്. നയതന്ത്ര ബാഗിലല്ല കള്ളക്കടത്തു സ്വർണം വന്നതെന്നതായിരുന്നു തുടക്കം മുതൽ മന്ത്രി വാദിച്ചിരുന്നത്. നയതന്ത്ര ബാഗിലാണ് സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതെന്ന് എൻ ഐ എ കോടതിയിൽ ബോധിപ്പിച്ചിട്ടും മന്ത്രി തന്റെ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. മറ്റൊന്ന് മന്ത്രിയുടെ തന്നെ നാട്ടുകാരനായ ഒരു മാധ്യമ പ്രവർത്തകൻ നയതന്ത്ര ബാഗിലല്ല സ്വർണം വന്നതെന്ന് പറയാൻ നിർബന്ധിച്ചുവെന്ന സ്വപ്നയുടെ മൊഴിയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് അന്ന് കേരളത്തിൽ മന്ത്രിയായിരുന്ന പ്രൊഫ. കെ വി തോമസിനെതിരെ വ്യാജ ഇന്റലിജൻസ് രേഖ ചമച്ച കേസിൽ പെട്ട വ്യക്തിയാണ് ഈ മാധ്യമ പ്രവർത്തകൻ എന്നത് സംശയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇനിയിപ്പോൾ അറിയേണ്ടത് ഇക്കാര്യങ്ങളെക്കുറിച്ചുകൂടി എൻ ഐ എ അന്വേഷിക്കുമോ എന്നത് മാത്രമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories