TopTop
Begin typing your search above and press return to search.

Azhimukham Plus | അധികാരത്തിന്റെ മനശാസ്ത്രം, ഭയത്തിന്റെ നിഴലാട്ടം; ഒരു ഷെയ്ക്സ്പീരിയൻ ദുരന്തപാത്രമായി പ്രേം നസീർ -കെ ബി വേണു എഴുതുന്നു

Azhimukham Plus | അധികാരത്തിന്റെ മനശാസ്ത്രം, ഭയത്തിന്റെ നിഴലാട്ടം; ഒരു ഷെയ്ക്സ്പീരിയൻ ദുരന്തപാത്രമായി പ്രേം നസീർ -കെ ബി വേണു എഴുതുന്നു
സീന്‍ 58
പകല്‍
വരാന്ത

(മദ്യപാനസദസ്സില്‍ നിന്ന് ഓടിപ്പോന്ന ശാന്ത കോറിഡോറില്‍ ചുവര്‍ ചാരിനിന്ന് കരയുകയാണ്. അവള്‍ കിതയ്ക്കുന്നുമുണ്ട്. സ്വയം നിയന്ത്രിച്ച്, ഇടറുന്ന കാലടിവയ്പുകളോടെ നടന്ന് സ്വന്തം മുറിയുടെ വാതില്‍ക്കലേയ്ക്ക് അവള്‍ നീങ്ങുമ്പോള്‍ ദാസന്‍ നടന്നടുക്കുന്നു. അവള്‍ തിരിഞ്ഞു നില്‍ക്കുന്നു. ദാസന്‍റെ കണ്ണുകളില്‍ പകയുണ്ട്. അവളുടെ സാരിയിലും ജായ്ക്കറ്റിലും നനവുണ്ട്. മദ്യത്തിന്‍റെ ഗന്ധം അയാള്‍ക്കനുഭവപ
...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


സീന്‍ 58
പകല്‍
വരാന്ത

(മദ്യപാനസദസ്സില്‍ നിന്ന് ഓടിപ്പോന്ന ശാന്ത കോറിഡോറില്‍ ചുവര്‍ ചാരിനിന്ന് കരയുകയാണ്. അവള്‍ കിതയ്ക്കുന്നുമുണ്ട്. സ്വയം നിയന്ത്രിച്ച്, ഇടറുന്ന കാലടിവയ്പുകളോടെ നടന്ന് സ്വന്തം മുറിയുടെ വാതില്‍ക്കലേയ്ക്ക് അവള്‍ നീങ്ങുമ്പോള്‍ ദാസന്‍ നടന്നടുക്കുന്നു. അവള്‍ തിരിഞ്ഞു നില്‍ക്കുന്നു. ദാസന്‍റെ കണ്ണുകളില്‍ പകയുണ്ട്. അവളുടെ സാരിയിലും ജായ്ക്കറ്റിലും നനവുണ്ട്. മദ്യത്തിന്‍റെ ഗന്ധം അയാള്‍ക്കനുഭവപ്പെടുന്നുണ്ടാകാം. അവള്‍ അലങ്കോലപ്പെട്ടിരിക്കുന്നു.)

ദാസന്‍: ഏട്ടത്തിയും തുടങ്ങി, അല്ലേ?

(അവള്‍ സ്വയം നിയന്ത്രിച്ച് അയാളെ നോക്കി നില്‍ക്കുകയാണ്. ദാസന്‍ രോഷം കൊണ്ടു വിറയ്ക്കുന്നു.)

ദാസന്‍: ഇപ്പോഴേ തികഞ്ഞുള്ളൂ. നന്നാക്കാന്‍ ഒരുങ്ങിയ ആള്‍. എല്ലാവരും ചേര്‍ന്നു നശിപ്പിക്കണം.

(അവളുടെ മുഖത്ത് തന്‍റേടവും ഗൗരവവും ആത്മവിശ്വാസവും വരികയാണ്.)

ശാന്ത: നന്നാവില്ല. ആരും നന്നാവില്ല, ഈ വീട്ടില്‍. ചെകുത്താന്‍റെ കൈകളുണ്ടാക്കിയതാണീ വീട്.

(ദാസന്‍ സ്തബ്ധനാകുന്നു. അതുവരെ കണ്ട ജ്യേഷ്ഠത്തിയമ്മയല്ല, മുന്നില്‍.)

ശാന്ത (ദാസനെ ആകെയൊന്നു നോക്കി അവജ്ഞയോടെ): തകര്‍ച്ച കണ്ടു ദുഃഖിക്കാന്‍ വന്ന ഒരാള്‍. അച്ഛന്‍റെ പ്രേതത്തെ പൂജിക്കുന്ന ഒരേട്ടന്‍! നാട്ടിലെ രോഗങ്ങള്‍ മുഴുവന്‍ തനിക്കുണ്ടെന്നു സങ്കല്പിച്ചു കിടക്കുന്ന ഒരമ്മ. ആദര്‍ശം പറയുന്ന നട്ടെല്ലില്ലാത്ത ഒരനിയന്‍. ഇവിടെ മനുഷ്യരില്ല. പേടിപ്പെടുത്തുന്ന നിഴലുകളാണു മുഴുവന്‍.
(നിഴലാട്ടം എന്ന സിനിമയുടെ തിരക്കഥയില്‍ നിന്ന്)

കുറിക്കുകൊള്ളുന്ന വാക്കുകളുടെ മൂര്‍ച്ചയില്‍നിന്നറിയാം, നിഴലാട്ടത്തിന്‍റെ തിരക്കഥ എം ടി യുടേതാണെന്ന്. തിരക്കഥാകൃത്തായി എം ടി സിനിമയില്‍ അരങ്ങേറ്റം കുറിച്ച മുറപ്പെണ്ണ് (1965) സംവിധാനം ചെയ്ത എ വിന്‍സെന്‍റ് തന്നെയാണ് നിഴലാട്ട (1970) ത്തിനും ചലച്ചിത്രഭാഷ്യമൊരുക്കിയത്. മലയാളസിനിമയ്ക്കു യഥാതഥത്വത്തിന്‍റെ പുത്തനുണര്‍വ്വു പകര്‍ന്ന നീലക്കുയിലിന്‍റെ (1954) ഛായാഗ്രാഹകനായിരുന്ന എ വിന്‍സെന്‍റ് വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ഭാര്‍ഗ്ഗവീനിലയത്തിലൂടെയാണ് (1964) സംവിധായകനായത്. എം ടി എഴുതി വിന്‍സെന്‍റ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായിരുന്നു നിഴലാട്ടം. അപ്പോഴേയ്ക്കും അശ്വമേധം, തുലാഭാരം, നദി, ത്രിവേണി തുടങ്ങിയ ചിത്രങ്ങള്‍ പിന്നിട്ട് മലയാളത്തിലെ ഒന്നാം നിര സംവിധായകരിലൊരാളായി വിന്‍സെന്‍റ് സ്ഥാനമുറപ്പിച്ചിരുന്നു. എം ടി യുടെ തന്നെ തിരക്കഥകളെ ആസ്പദമാക്കി നഗരമേ നന്ദി (1967), അസുരവിത്ത് (1968) എന്നീ സിനിമകളും അതിനകം വിന്‍സെന്‍റ് സംവിധാനം ചെയ്തു. നഗരമേ നന്ദിക്കും അസുരവിത്തിനും പുറമേ പകല്‍ക്കിനാവ്, ഇരുട്ടിന്‍റെ ആത്മാവ്. ഓളവും തീരവും എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ച എം ടി തിരക്കഥാകൃത്തെന്ന നിലയില്‍ മലയാളത്തില്‍ ലബ്ധപ്രതിഷ്ഠനായിക്കഴിഞ്ഞിരുന്നു.


എല്ലാ അര്‍ത്ഥത്തിലും ഒരു പൊളിച്ചെഴുത്തായിരുന്നു നിഴലാട്ടം. മലയാളസിനിമയിലെ കാല്പനികനായകന്‍മാരില്‍ ഒന്നാം സ്ഥാനക്കാരനായ പ്രേംനസീറിന്‍റെ താരശരീരത്തെയും പരിവേഷത്തെയും അരനൂറ്റാണ്ടു പ്രായമായ ഈ സിനിമയിൽ എം ടി യും വിന്‍സെന്‍റും ചേര്‍ന്ന് അപനിര്‍മ്മിച്ചു. അതിനും മുൻപ് പി ഭാസ്കരന്‍ സംവിധാനം ചെയ്ത കള്ളിച്ചെല്ലമ്മയിലും ഇരുട്ടിന്‍റെ ആത്മാവിലും പ്രേംനസീര്‍ അവതരിപ്പിച്ച താരപരിവേഷമില്ലാത്ത കഥാപാത്രങ്ങളെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്. നിഴലാട്ടത്തില്‍ പ്രേംനസീര്‍ പകര്‍ന്നാടിയ രവീന്ദ്രന്‍ ഒരു ഷേക്സ്പീരിയന്‍ ദുരന്തപാത്രത്തിന്‍റെ മനോദൗര്‍ബ്ബല്യങ്ങളുള്ള, സ്വന്തം നാശത്തിലേയ്ക്ക് അതിദ്രുതം ഒരുതരം വാശിയോടെ നടന്നടുക്കുന്ന, പ്രായോഗികബുദ്ധിയില്ലാത്ത വിഡ്ഢിയാണ്. അതിസമ്പന്നനും പ്രതാപിയും സ്വാര്‍ത്ഥനുമായ അച്ഛന്‍ ഒരു വന്‍മരമായിരുന്നുവെങ്കില്‍ രവീന്ദ്രനും അയാളുടെ അനുജന്‍ ഹരിദാസനും (സുധീര്‍) ആ മരത്തിനു താഴെ മുളച്ചുപൊന്തിയ പുല്‍ക്കൊടികള്‍ മാത്രമാണ്. രവീന്ദ്രന്‍റെ അച്ഛന്‍ കരുണാകരന്‍ മുതലാളിക്ക് (തിക്കുറിശ്ശി സുകുമാരന്‍ നായര്‍) പണമാണ് എല്ലാറ്റിന്‍റെയും മാനദണ്ഡം. ഒരു കെട്ടു കറന്‍സി നോട്ടുകള്‍ക്കപ്പുറത്താണ് വൻകിട ടിംബർ വ്യാപാരിയായ അയാളുടെ മുഖം സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നതു തന്നെ. സീസർ എന്നു വിളിപ്പേരുള്ള വളര്‍ത്തു നായയോടും മകനോടും ഒരേ മനോഭാവമാണ് അയാള്‍ക്ക്. രാവിലെ കൃത്യം എട്ടു മണിക്ക് പ്രാർത്ഥനയും പൂജയും കഴിഞ്ഞെത്തുന്ന അച്ഛനെക്കാത്ത് രവീന്ദ്രൻ തീൻ മേശയ്ക്കരികിൽ നിന്നുകൊള്ളണം. അദ്ദേഹം വന്ന് അനുവാദം കിട്ടിയിട്ടേ രവി ഇരിക്കാവൂ, പ്രഭാതഭക്ഷണം കഴിക്കാവൂ. എല്ലായിടത്തും തന്‍റെ മേല്‍ക്കോയ്മ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് കരുണാകരന്‍ മുതലാളിക്ക് പട്ടാളച്ചിട്ടയിലുള്ള കൃത്യനിഷ്ഠ. രവിയെ അച്ഛന്‍ ഉപദേശിക്കുന്നു - "മനുഷ്യനായാല്‍ എന്തിനും ഒരു ചിട്ട വേണം. ആഹാരത്തില്‍, ഉറക്കത്തില്‍, വ്യാപാരത്തില്‍. എല്ലാം.."

(ഈ സീനിന്‍റെ തുടര്‍ച്ച, തിരക്കഥയില്‍ നിന്ന്)

(രവീന്ദ്രന്‍ ഒന്നും മിണ്ടുന്നില്ല. അച്ഛന്‍ തുടരുമോ എന്ന ഭയത്തോടെ കാത്തിരിക്കുകയാണ്. തുടരുന്നില്ലെന്നു കണ്ട് വീണ്ടും സാവധാനം കഴിക്കാന്‍ തുടങ്ങുന്നു. പ്ലെയ്റ്റിലേയ്ക്ക് സ്പൂണ്‍ കൊണ്ട് എന്തോ എടുത്തിടാന്‍ ഭാവിക്കുമ്പോള്‍ കൈ പതറിപ്പോയി. വെളുത്ത മേശവിരിയില്‍ അത് അടയാളമുണ്ടാക്കുന്നു. അച്ഛന്‍ അതു ശ്രദ്ധിക്കുന്നു. എന്നിട്ട് മകനെ, പറയാത്ത പല കാര്യങ്ങളുമടങ്ങുന്ന ഒരു നോട്ടം. അതിനു മുന്നില്‍ രവീന്ദ്രന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ചൂളിപ്പോകുന്നു.)

മുതലാളി: നിന്‍റെ പ്രായത്തില്‍ എന്നെ ഉപദേശിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പക്ഷേ, എനിക്കന്നും ഒരു പ്രിന്‍സിപ്പിളുണ്ടായിരുന്നു. ഞാന്‍ നാലാം ക്ലാസ്സു വരെ പഠിച്ചയാളാണ്. ഇന്നു സായിപ്പിനോട് ഞാന്‍ ഇംഗ്ലീഷു പറയും. അവരുടെ കൂടെ ഭംഗിയായിട്ട് പെരുമാറും. ബിസിനസ്സ് ആരെങ്കിലും എനിക്കു പഠിപ്പിച്ചു തന്നതാണോ?

(ഉത്തരം പറയുന്നതോ പറയാതിരിക്കുന്നതോ തെറ്റ് എന്നറിയാതെ രവി വിഷമിക്കുന്നു.)

മുതലാളി: നിങ്ങള്‍ക്ക് എന്നെക്കണ്ടു പഠിക്കാം. ആ ഭാഗ്യം നിങ്ങള്‍ക്കുണ്ട്. വേണ്ട വിദ്യാഭ്യാസമുണ്ട്. പണം വാരിക്കോരി ചെലവാക്കി പഠിപ്പിച്ചു. (പകച്ചിരിക്കുന്ന മകനെ നോക്കി) നീ എന്താ ഒന്നും മിണ്ടാത്തത്?
രവീന്ദ്രന്‍ (വിഷമിച്ച്): ഞാന്‍.. ഒന്നുമില്ല..

മുതലാളി (സ്വരം മാറ്റി, ഒരുതരം നിരാശയോടെ): എന്‍റെ മക്കള്‍ക്കെന്നെ മനസ്സിലാവുമോ? ഇല്ല. നിന്‍റമ്മയ്ക്ക് എന്നെ മനസ്സിലാവുമോ? ഇല്ല...


അച്ഛന്‍ സമ്പാദിച്ച കണക്കറ്റ സ്വത്തും അനുഭവിച്ചുകൊണ്ട് അലസജീവിതം നയിക്കാന്‍ തയ്യാറാകാതെ ദൂരെയൊരു പട്ടണത്തിലെ ചെറിയ പത്രസ്ഥാപനത്തില്‍ നൂറ്റിപ്പത്തു രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇളയ മകന്‍ ഹരിദാസന്‍ ഒരു റിബലാണ്. അച്ഛനെതിരെ കൊടിപിടിക്കാനും കലാപമുണ്ടാക്കാനും മടിക്കാത്തവന്‍. മുതലാളിയുടെ ഭാര്യ (കവിയൂര്‍ പൊന്നമ്മ) യാകട്ടെ ഭര്‍ത്താവിനോടുള്ള പകയും പ്രതിഷേധവും പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്വയം വരിച്ച രോഗശയ്യയില്‍ ജീവിതം തള്ളിനീക്കുന്ന ഹൈപോകോണ്‍ഡ്രിയാക് ആണ്. നിത്യരോഗിണിയായി ഭാവിച്ച് കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ ഭര്‍ത്താവിനെയും മൂത്ത മകനെയും പഴി പറഞ്ഞു കാലം കഴിക്കുകയാണവര്‍.

അച്ഛന്റെ വളർത്തുമൃഗമായി ജീവിക്കുന്ന മൂത്ത മകൻ ഏതു നിമിഷവും അദ്ദേഹത്തേക്കാൾ കണ്ണിൽച്ചോരയില്ലാത്തവനായി മാറാനിടയുണ്ടെന്ന് ആ സ്ത്രീക്കറിയാം. അതുകൊണ്ട് ഇളയ മകനോടാണ് അവരുടെ സ്നേഹവാത്സല്യങ്ങളത്രയും. ചില വൈകുന്നേരങ്ങളില്‍ ചെറുവാല്യക്കാരെപ്പോലെ അണിഞ്ഞൊരുങ്ങി ഭര്‍ത്താവ് ചെറുപ്പക്കാരിയും വിലാസവതിയുമായ ദേവി എന്ന സ്ത്രീയെ സന്ദര്‍ശിക്കാന്‍ പോകുന്നത് രോഷത്തോടെ അവർ കാണാറുണ്ട്. അങ്ങനെയൊരു സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന രാത്രിയിലാണ് അപ്രതീക്ഷിതമായി കരുണാകരന്‍ മുതലാളി മരിക്കുന്നതും അദ്ദേഹവുമായി ബന്ധപ്പെട്ട സകലരുടെയും ജീവിതം മാറിമറിയുന്നതും.

മരണത്തെയും മരണാനന്തര ജീവിതത്തെയും പ്രേതങ്ങളെയും യക്ഷികളെയും ദുർമ്മന്ത്രവാദികളെയുമൊക്കെ പിന്നീട് പലപ്പോഴും സിനിമകളിലാവിഷ്കരിച്ച വിൻസെൻറ് മാഷ് വളരെ നാടകീയമായാണ് കരുണാകരൻ മുതലാളിയുടെ മരണം ചിത്രീകരിച്ചിരിക്കുന്നത്. രാത്രിയിൽ വളർത്തുനായയുടെ ഉഗ്രമായ കുര കേട്ടു ഞെട്ടിയുണരുന്ന കുടുംബാംഗങ്ങളും പരിചാരകരും. വീട്ടിൽ നിന്ന് അന്നു വൈകീട്ട് പ്രൌഢമായ വേഷഭൂഷാദികൾ ധരിച്ച് കാമുകിയെ കാണാൻ പോയ മുതലാളി മൃതദേഹമായി തിരിച്ചെത്തുന്നു.

ഈ മരണത്തിന്റെ ആഘാതം രവീന്ദ്രനിൽ സൃഷ്ടിക്കുന്ന അമ്പരപ്പിക്കുന്ന സ്വഭാവപരിണാമത്തിനാണ് സംവിധായകൻ പ്രാധാന്യം കൊടുത്തിരിക്കുന്നത്. താഴത്തെ മുറികളിൽ നിന്നുയർന്ന നിലവിളികൾ കേട്ട് വിഹ്വലയായി കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അമ്മയോട് രവി പറയുന്നു – "അമ്മയുടെ പ്രാർത്ഥന ഫലിച്ചു. അച്ഛൻ മരിച്ചു." മരിച്ചു എന്ന പദം ആവശ്യത്തിലേറെ ഊന്നൽ കൊടുത്ത് രവിയെക്കൊണ്ടു പറയിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ അബോധപൂർവ്വമായെങ്കിലും അച്ഛൻറെ മരണം ആഗ്രഹിച്ചിരുന്ന മകനാണ് രവി. സാമ്പത്തിക കാര്യങ്ങളിൽ അച്ഛൻ കാണിച്ചുപോന്നിരുന്ന അധീശത്വ നിലപാട് ധൂർത്തമനസ്കനായ രവിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ അച്ഛൻ അയാളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് രവി പിടിപ്പുകെട്ടവനാണെന്ന മട്ടിൽ പെരുമാറുന്ന ആദ്യ സീനിന്റെ ഒടുക്കം അച്ഛൻ പറയുന്നു – "രവി.. ഇനി എനിക്ക് നീയേയുള്ളു. കരുണാകരൻ മുതലാളിക്ക് ഒരു പേരുണ്ട് ഈ നാട്ടിൽ. ഓർമ്മിച്ചോ.. അതു നിലനിർത്തേണ്ടത് നീയാണ്..."

അധികം വൈകാതെ സംഭവിക്കുന്ന അച്ഛന്റെ മരണത്തിനു ശേഷം സമൂഹത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പദവിക്കനുസരിച്ച് ആഡംബരപൂർവ്വം ജീവിക്കാൻ മാത്രമാണ് രവി ശ്രമിക്കുന്നത്.

കാര്യസ്ഥനിൽ നിന്ന് അച്ഛൻ പണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോൽ കൈവശപ്പെടുത്തിയതിനു ശേഷമുള്ള രവിയുടെ ഭാവഹാവാദികളിലാകെ ഒരു ധൂർത്തപുത്രന്റെ ആർത്തി കാണാം. അച്ഛൻറെ മരണവാർത്തയറിഞ്ഞ് ജോലിസ്ഥലത്തു നിന്ന് വീട്ടിലെത്തുന്ന അനുജനെ പരിഹാസപൂർവ്വം മുടിയനായ പുത്രനെന്ന് അഭിസംബോധന ചെയ്യുകയാണ് രവി.

"വഴി തെറ്റിപ്പോയ കുഞ്ഞാട് തിരിച്ചെത്തിയിരിക്കുന്നു. തടിച്ച കാളക്കുട്ടനെ അറുക്കേണ്ടുന്ന ദിവസം" എന്നാണ് രവിയുടെ പരിഹാസം. ബൈബിള്‍ വാക്യം ഉദ്ധരിച്ച് അനുജനെ മുടിയനായ പുത്രനായി ചിത്രീകരിക്കുന്ന രവി തന്നെയാണ് ധൂര്‍ത്ത പുത്രനെന്ന് കാലം തെളിയിക്കുന്നു - ദാസനെ പല തവണ ഫൂള്‍ എന്നും ഇഡിയറ്റ് എന്നും അഭിസംബോധന ചെയ്യുന്ന രവി തന്നെയാണ് യഥാര്‍ത്ഥ വിഡ്ഢിയെന്നും.

അച്ഛന്റെ മരണത്തിലുള്ള ദുഃഖത്തേക്കാളേറെ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ പുരുഷാരമാണ് രവിയുടെ ഓർമ്മയിലുള്ളത്. വിദേശനിർമ്മിത സിഗരറ്റ് പുകച്ചൂതി അയാൾ അനുജനോടു പറയുന്നു.. "ഹീ വാസ് എ ഗ്രേറ്റ് മാൻ." അച്ഛനു സ്മാരകം പണിയാനുള്ള ഫണ്ടു ശേഖരണത്തിന് കമ്മിറ്റി രൂപീകരിച്ചതിൽ അയാൾ അഭിമാനിക്കുന്നു. പൂജാമുറിയിൽ അച്ഛ
ന്റെ
വലിയ ചിത്രത്തിനു മുന്നിൽ കെടാവിളക്കു കൊളുത്താൻ അയാൾ തീരുമാനിച്ചിരിക്കുന്നു.

ആദ്യം ചെയിൻ സ്മോക്കറായും പിന്നീട് നഗരത്തിലെ പുതിയ കൂട്ടുകാരുടെ പ്രേരണയാൽ മുഴുക്കുടിയനായും സ്ത്രീലമ്പടനായും പരിണമിക്കുന്ന രവി ഒരു പൈസ പോലും സമ്പാദിക്കുന്നില്ല. ചെലവഴിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കൊടുക്കാനുള്ളവർക്ക് കൊടുക്കാനോ തരാനുള്ളവരിൽ നിന്നു വാങ്ങാനോ മെനക്കെടാതെ രവി മുന്നോട്ടുപോയി.

പണം മാത്രമല്ല, ജീവിതമാകെത്തന്നെയും ധൂർത്തടിക്കുന്ന രവി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു വിവാഹം കഴിക്കുന്നു. ശാന്ത എന്ന യുവതിയെ (ഷീല) കൂട്ടുകാരോടൊപ്പം കാറോടിച്ചു പോകുമ്പോൾ വഴിയിൽക്കണ്ടു മോഹിച്ചതാണയാൾ.
ശാന്തയെ കണ്ടു മുട്ടുന്ന സീന്‍ പ്രസിദ്ധീകൃതമായ തിരക്കഥയിലില്ല.

"ബ്യൂട്ടി, റിയൽ ബ്യൂട്ടി..."

കാർ റിവേഴ്സ് ചെയ്ത് ശാന്തയെ അടിമുടി വീണ്ടും നോക്കിക്കൊണ്ട് അയാൾ കൂട്ടുകാരോടു പറയുന്നു.

"ഇതാണ് സായ്പ് ഗ്രേയ്സ് എന്നു പറയുന്നത്. സ്ട്രീംലൈൻ ഫിനിഷിങ്."

സാധാരണക്കാരനായ ഒരു സ്കൂളദ്ധ്യാപകൻറെ മകളായ ശാന്തയെ അക്ഷരാർത്ഥത്തിൽ പണം കൊടുത്തു വാങ്ങുന്ന രവി ഒരു മദ്യപാനസദസ്സിൽ വച്ചാണ് തൻറെ വിവാഹക്കാര്യം കൂട്ടുകാർക്കു മുന്നിൽ പ്രഖ്യാപിക്കുന്നത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ മുൻപരിചയമുണ്ടാകുക പോലും വേണ്ടെന്നാണ് രവിയുടെ അഭിപ്രായം.

"പരിചയമോ..എന്തിനു പരിചയം. അയാം എ കലക്റ്റര്‍ ഓഫ് ബ്യൂട്ടിഫുള്‍ തിങ്സ്. മൈ ഫസ്റ്റ് ഇംപ്രഷന്‍ വില്‍ ഓള്‍വേയ്സ് ബീ കറക്റ്റ്..." രവി നിസ്സാരമട്ടിൽ ഇങ്ങനെ പറയുമ്പോൾ അനുജൻ പരിഹസിക്കുന്നു.

"ആ പെണ്‍കുട്ടി ആരായിരുന്നാലും വിവാഹത്തിനു സമ്മതിച്ചുവെങ്കില്‍ ഞാനവളെ ബഹുമാനിക്കുന്നു. സ്വയം നശിക്കാന്‍ തയ്യാറായ ധീരതയ്ക്ക്.."

പൊട്ടിച്ചിരിച്ചു കൊണ്ട് രവിയുടെ മറുപടി ഇങ്ങനെ...

"ഐ കേം, ഐ സോ, ഐ കോണ്‍ക്വേഡ്.. വന്നു കണ്ടു കീഴടക്കി... മനസ്സിലായില്ലേ.. റെഫര്‍ ഷേയ്ക്സ്പിയര്‍..(എന്നിട്ടു സുഹൃത്തുക്കളോട്) പതിനേഴാം തിയതി എന്‍റെ മാര്യേജ്. നോക്കട്ടെ ഒരു എക്സ്പിരിമെന്‍റ്.. എല്ലാം ഒരു പരീക്ഷണമല്ലേ.."


ജീവിതം കൊണ്ടുള്ള പരീക്ഷണങ്ങളും ചൂതാട്ടങ്ങളും എന്നെങ്കിലുമൊരിക്കൽ അവസാനിക്കണമല്ലോ. അച്ഛൻ സമ്പാദിച്ചുവച്ച നോട്ടുകെട്ടുകൾ ചില്ലറത്തുട്ടുകളിലേയ്ക്ക് അതിവേഗം ശുഷ്കിച്ചൊതുങ്ങി. പുത്തൻമോടിയുണ്ടായിരുന്ന വീട്ടിലെ ആഡംബരാഹങ്കാരങ്ങളൊതുങ്ങി. ശീമമദ്യങ്ങൾ നാടൻ വാറ്റുചാരായത്തിനു വഴിമാറിയതോടെ പുതിയ കൂട്ടുകാർ വരാതായി. ടെലഫോണും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലായിപ്പോയ വീട്ടിൽ വച്ച് രവി അവസാനത്തെ പാർട്ടി നടത്തുന്നത് ശാന്തയെ കഴുകൻകണ്ണുകളോടെ നോട്ടമിട്ടിരിക്കുന്ന ഒരു ചെട്ടിയാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ്.
അവസാനത്തെ പാർട്ടി.

അവസാനത്തെ അതിഥി.

അവസാനത്തെ പരിശ്രമം.

അഭിശപ്തമായ ആ രാത്രി ശാന്തയുടെ ജീവിതദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നു. അച്ഛന്റെ ഛായാചിത്രത്തിനു മുന്നിൽ വച്ച കൂറ്റൻ നിലവിളക്കു വിറ്റാണ് രവി അവസാനത്തെ പാർട്ടി നടത്തിയത്. അതിനു മുമ്പുള്ള ഒരു രാത്രിയിൽ തനിക്കു നേരെ കുരച്ചു ചാടിയ വളർത്തു നായയെ വെടിവെച്ചു കൊല്ലുന്ന രവിയോട് അനുജൻ ഹരിദാസ് പറയുന്നു...

(തിരക്കഥയിൽ നിന്ന്)

ദാസന്‍: ഏട്ടന്‍ മരിക്കുമ്പോള്‍ ഒരു തെണ്ടിപ്പട്ടി കൂടി മോങ്ങില്ല.

(അത് രവീന്ദ്രന്‍റെ നെഞ്ചില്‍ മദ്യലഹരിയുടെ കവചം ഭേദിച്ചു ചെന്നു തറച്ചുവെന്നു തോന്നുന്നു.)

രവീന്ദ്രന്‍ (കോപം കൊണ്ടു വിറച്ച്): ദാസാ...

ദാസന്‍: എന്നെ പേടിപ്പിക്കയാണോ? പേടിപ്പിച്ച് ആരെയും ഒതുക്കിനിര്‍ത്താനാവില്ല. ഏട്ടനതറിയില്ല. അച്ഛന്‍ ഏട്ടനെ അതിലപ്പുറം പഠിപ്പിച്ചിട്ടില്ല.

രവീന്ദ്രന്‍: അച്ഛനെപ്പറ്റി ഒരക്ഷരം പറയരുത്. അച്ഛന്‍ വലിയൊരാളായിരുന്നു.

ദാസന്‍: അച്ഛന്‍ ആരുമായിരുന്നില്ല. സ്മാരകം പണിയണമത്രേ, അച്ഛന്. അനാഥമന്ദിരമാണ് നല്ലത്. അച്ഛന്‍ കാരണം വഴിയാധാരമായവരെയെല്ലാം പാര്‍പ്പിക്കാന്‍ ഒരനാഥമന്ദിരം. അച്ഛന്‍ മനുഷ്യനായിരുന്നില്ല. മാന്യതയുടെ മൂടുപടമിട്ട ഹൃദയമില്ലാത്ത ഒരു മരപ്പാവയായിരുന്നു. മരപ്പാവ.


മനുഷ്യർക്കു പകരം പേടിപ്പെടുത്തുന്ന നിഴലുകൾ മാത്രം നിറഞ്ഞ, ചെകുത്താന്റെ വീടാണതെന്ന് ശാന്ത പറയുന്നുണ്ടല്ലോ.. ഇരുളും വെളിച്ചവും ഒളിച്ചുകളിക്കുന്ന പ്രേതഭവനം പോലുള്ള ആ വീട്ടിലെ നിഴലുകളത്രയും ഏകാധിപതിയായ ഒരു പിതൃസ്വരൂപത്തിന്റേതാണ്. രവിയുടെ ദുരന്തത്തിലേയ്ക്കു വഴിവയ്ക്കുന്ന ഓരോ സംഭവങ്ങളും സ്വാർത്ഥനായ അച്ഛന്റെ ചെയ്തികൾ അയാളിൽ കുട്ടിക്കാലം മുതലുണ്ടാക്കിയ ഭയത്തിൽ നിന്നുളവായതാണെന്നു കാണാം. അടിസ്ഥാനപരമായി ഒരു ഭീരുവാണ് രവി. ആദ്യരാത്രിയിൽ കിടപ്പുമുറിയിൽ നിന്ന് വളർത്തുനായയെ പേടിപ്പിച്ചോടിച്ചതിനു ശേഷം അയാൾ ഭാര്യയോടു പറയുന്നു... "എന്താ പേടിച്ചു പോയോ.. അച്ഛനുണ്ടായിരുന്ന കാലത്ത് പിറുപിറുക്കുന്ന ശബ്ദത്തിലേ സംസാരിക്കൂ ഞങ്ങളെല്ലാം. ഇപ്പോള്‍ എന്‍റെ ശബ്ദം ഈ കെട്ടിടം മുഴുവന്‍ മാറ്റൊലിക്കൊള്ളുന്നതു കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്..."

ഭയത്തിൽ നിന്നുളവാകുന്ന വെറുപ്പിലധിഷ്ഠിതമാണ് ആ വീട്ടിലെ ബന്ധങ്ങളെന്നു വെളിവാക്കുന്ന മറ്റൊരു കാര്യം ശാന്തയോട് ദാസൻ പറയുന്നുണ്ട്. "ചെറുപ്പത്തില്‍ ഏട്ടന്‍ എന്‍റെ പുറത്തു കയറിയിരുന്ന് സവാരി നടത്തും. വേഗം നടന്നില്ലെങ്കില്‍ പുറത്തടിക്കും. മുട്ടുകുത്താന്‍ മടിച്ചാല്‍ വിരല്‍ പിടിച്ചൊടിച്ചു വേദനിപ്പിക്കും. അച്ഛന്‍ കണ്ടുകൊണ്ടു വന്നാലും നിന്നു ചിരിക്കും. ഏട്ടന്റെ മുന്നിലെത്തുമ്പോള്‍ ഇപ്പോഴും എനിക്കു പേടിയാണ്..."

നെല്ലിക്കോടു ഭാസ്കരൻ അവതരിപ്പിക്കുന്ന ഒരു വൃദ്ധകഥാപാത്രമുണ്ട്. സിനിമയുടെ തുടക്കം മുതൽ അയാൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു, കരുണാകരൻ മുതലാളി ഒരിക്കലും അയാളെ കാണാൻ കൂട്ടാക്കുന്നില്ല. മുതലാളി ഭയക്കുന്നത് അയാളെ മാത്രമാണെന്ന് പ്രേക്ഷകനു തോന്നും. ആ മനുഷ്യൻ പറയുന്നു..

"ഉള്ളതു മുഴുവന്‍ പണയപ്പെടുത്തി കിട്ടിയ കാശ് കൂട്ടുകച്ചവടം നടത്തിയ കാലത്ത് രാവും പകലും എന്‍റെ കൂടെയായിരുന്നു. അന്നു മുതലാളിയല്ല, വെറും കരുണാകരനാ. മുതലാളിയായപ്പോള്‍ എന്‍റെ മുതലില്ല, ലാഭല്യ. പിന്നെ കാണാന്‍ നേരമില്ല. പന്ത്രണ്ടു കൊല്ലമായി ഓടം പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുന്നു. ഒന്നും രണ്ടുമല്ല, പന്ത്രണ്ടു കൊല്ലം. നേര്‍ക്കുനേരെ മുട്ടിയാല്‍ ഒരുറുപ്പിക എടുത്തു നീട്ടും. ധര്‍മ്മക്കാശ് ഒരുറുപ്പിക..."

ഒടുവിൽ കരുണാകരൻ മുതലാളിയുടെ മാളികയിൽ നിന്ന് കടക്കാർ വിലപിടിപ്പുള്ള ഉരുപ്പടികളും മറ്റും ലോറിയിൽ കയറ്റിക്കൊണ്ടുപോകുമ്പോഴും ആ വൃദ്ധൻ വീടിൻറെ ഗേറ്റിലുണ്ട്. ലോറി കടന്നുപോകാൻ കൈ കാണിച്ചുകൊണ്ട്.. ആഹ്‌ളാദത്തോടെ ...

മറ്റുള്ളവരെ വേദനിപ്പിച്ചു ധനസമ്പാദനം നടത്തുന്ന പുത്തൻപണക്കാരുടെ പദവിയും പത്രാസും ആത്യന്തികമായി നിലനില്ക്കില്ലെന്ന് നിഴലാട്ടം പറഞ്ഞുവയ്ക്കുന്നു.

രവിയുടെ അനുജൻ ഹരിദാസിന്റെ വേഷത്തിലെത്തിയ സുധീറി
ന്റെ
ആദ്യചിത്രമായിരുന്നു നിഴലാട്ടം. പിന്നീടുള്ള ഏതാനും വർഷങ്ങളിൽ രാഘവനോടും വിൻസെന്റിനോടുമൊപ്പം എഴുപതുകളിലെ യുവനിര നായകൻമാരുടെ കൂട്ടത്തിൽ സുധീർ ഉണ്ടായിരുന്നു. 1975 ൽ 'സത്യത്തിന്റെ നിഴലിൽ' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനർഹനായ സുധീർ 2004 ലാണ് അന്തരിച്ചത്. നിഴലാട്ടത്തിൽ സുധീറിനു ശബ്ദം നൽകിയത് രാഘവനാണ്.

പിൽക്കാലത്ത് എം ടി യുടെ തന്നെ തിരക്കഥയിൽ എത്തിയ ഓപ്പോൾ എന്ന ചിത്രത്തിലൂടെ (സംവിധാനം കെ എസ് സേതുമാധവൻ) മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ബാലൻ കെ നായരുടെയും ആദ്യചിത്രമായിരുന്നു നിഴലാട്ടം.


സുധീര്‍, ബാലന്‍ കെ നായര്‍

മുറപ്പെണ്ണ് എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ അനുജന്റെ വേഷം ബാലൻ കെ നായർ ചെയ്യണമെന്നായിരുന്നു എം ടി യുടെ ആഗ്രഹം. പക്ഷേ അതിനു നിയോഗമുണ്ടായത് കെ പി ഉമ്മറിനായിരുന്നു. ഇരുവരും വില്ലൻ വേഷങ്ങളിലും ക്യാരക്റ്റർ വേഷങ്ങളിലും ദീർഘകാലം മലയാള സിനിമയിൽ തിളങ്ങിനിന്നു.


കെ പി ഉമ്മര്‍, ജോസ് പ്രകാശ്
നിഴലാട്ടത്തിലെ പ്രേംനസീറിന്റെ കഥാപാത്രത്തെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന കൂട്ടുകാരിൽ ബാലൻ കെ നായർക്കൊപ്പം ഗോവിന്ദൻ കുട്ടിയും ജേസിയും ബഹദൂറും ഉണ്ട്. കൂട്ടത്തിൽ ഒറ്റ സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്ന, പിൽക്കാലത്ത് വെറുപ്പിക്കുന്ന വില്ലൻ നടൻമാരിൽ മുമ്പനായി മാറിയ സാക്ഷാൽ ജോസ് പ്രകാശ്, രവിയുടെ മദ്യപാനസദസ്സിലെ ഗായകനാണ്. പാടി അഭിനയിക്കുന്നത് മലയാളസിനിമയിലെ ഏറ്റവും കാല്പനികമായ ഗാനങ്ങളിലൊന്ന്.

സ്വർഗ്ഗപുത്രീ നവരാത്രി
സ്വർണ്ണം പതിച്ച നിൻ
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ..1950 കളിൽ പിന്നണിഗായകനായാണ് ജോസ് പ്രകാശ് സിനിമയിലെത്തിയത്. ദക്ഷിണാമൂർത്തിയെപ്പോലുള്ള പ്രഗത്ഭർ ചിട്ടപ്പെടുത്തിയ പാട്ടുകളാണ് അദ്ദേഹം അക്കാലത്തു പാടിയിരുന്നത്.

പ്രേംനസീറിന്റെ നിറഞ്ഞ സാന്നിദ്ധ്യമുണ്ടായിട്ടും അദ്ദേഹം പാടി അഭിനിക്കാത്ത അപൂർവ്വം ചിത്രങ്ങളിലൊന്നാണ് നിഴലാട്ടം. വയലാറും ദേവരാജനും ചേർന്നൊരുക്കിയ അഞ്ചു ഗാനങ്ങളിൽ ആദ്യത്തേതിൽ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാതെയുള്ളൂ.

ചില്ലാട്ടം പറക്കുമീ കുളിർക്കാറ്റിൽ
ചിരിയോടു ചിരി തൂകും ചന്ദ്രികയിൽ
അരികിൽ വന്നവിടുന്നീയാരാമ മല്ലികയെ
ഒരു പ്രേമചുംബനത്തിൽ പൊതിഞ്ഞൂ
മൂടിപ്പൊതിഞ്ഞൂ..എന്നു തുടങ്ങുന്ന ആ പാട്ട് (മാധുരിയുടെ ആലാപനം) അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കുന്ന തിക്കുറിശ്ശിയുടെ മദ്ധ്യവയസ്സു പിന്നിട്ട കഥാപാത്രത്തിന്റെ മൂരിശൃംഗാരത്തിന്റെ ചിത്രീകരണമാണ്. മറ്റെല്ലാ ഗാനങ്ങളിലും പ്രേംനസീർ ഒരു നല്ല ആസ്വാദകനായി തിരശ്ശീലയിൽ നിറയുന്നു – മദ്യപിച്ചു ലക്കു കെട്ട നിലയിൽ, ചുണ്ടിലെരിയുന്ന സിഗരറ്റുമായി, സംഗീതത്തിന്റെ അകം പുറം അറിയാമെന്ന ഭാവത്തിൽ. "ദേവദാസിയല്ല ഞാൻ" എന്നു തുടങ്ങുന്ന ഗാനം (എൽ ആർ ഈശ്വരി) കാബറേ നൃത്തത്തിന്റേതാണ്. എല്ലാ പാട്ടുകളെയും സ്വർഗ്ഗപുത്രീ നവരാത്രിയുടെ പാൽക്കടൽത്തിരകൾ കൊണ്ട് യേശുദാസ് നിഷ്പ്രഭമാക്കിയെങ്കിലും പി സുശീല ആലപിച്ച "ഡാലിയാപ്പൂക്കളെ ചുംബിച്ചു ചുംബിച്ചു, ദാഹിച്ചുറങ്ങും പ്രിയമനോരാജ്യമേ..." എന്നു തുടങ്ങുന്ന ഗാനത്തിൽ വയലാർ എഴുതി വച്ച കവിതയുടെ മുഗ്ധലാവണ്യത്തെയും അതിന് ദേവരാജൻ തുന്നിയ ഗന്ധർവ്വസംഗീതച്ചിറകുകളെയും ഓർക്കാതിരിക്കുന്നതെങ്ങനെ!
ഹേമാംബരാഡംബരാംഗിയായ് നിൽക്കുന്ന
ഹേമന്തരാത്രിതൻ മുഗ്ധസൌന്ദര്യമേ
ഓടക്കുഴലിൻ സ്വരാമൃതമോ കയ്യിൽ
ഓമർ ഖയാമിൻറെ മുന്തിരിപ്പാത്രമോ
ഷെല്ലി രചിച്ചോരനശ്വര കാവ്യമോ
ചൊല്ലുകെൻ സങ്കല്പ കാമുകമന്ത്രമോ
ഉദ്യാനപുഷ്പകിരീടങ്ങൾ ചാർത്തിയ
വിദ്യാധരസ്ത്രീകൾ പാടുമീ രാത്രിയിൽ
പാട്ടുകൾ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാവസൌന്ദര്യം വിടർത്തുമീ രാത്രിയിൽ

വ്രീളാവിവശയായ് അന്തഃപുരത്തിന്റെ
വാതിൽ തുറക്കൂ തുറക്കൂ നീ പ്രേമമേ...
നിൻ കാൽ നഖേന്ദു മരീചികൾ ഏകയായ്
പിന്തുടരുന്നു ഞാൻ ദിവ്യാനുരാഗമേ
മാർബിളും നാഗേന്ദ്ര നീല രത്നങ്ങളും
മാമക സ്വപ്ന മയൂഖ ശതങ്ങളും
വാരിപ്പതിച്ച നിൻ സ്വർഗ്ഗഹർമ്മ്യത്തിന്റെ
വാതിൽ തുറക്കൂ തുറക്കു നീ പ്രേമമേ...പ്രത്യക്ഷത്തിൽ കാര്യമായ സാമ്യങ്ങളൊന്നുമില്ലെങ്കിലും സത്യജിത് റായ് 1958 ൽ സംവിധാനം ചെയ്ത ജൽസാഘർ എന്ന ചിത്രം നിഴലാട്ടം കാണുമ്പോഴെല്ലാം ഓർമ്മ വരാറുണ്ട്. ജൽസാഘർ എന്നാൽ സംഗീതശാല എന്നാണർത്ഥം. ഫ്യൂഡലിസത്തിന്റെ ശിഥിലീകരണം ഒരു സ്വാഭാവിക യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കാൻ കൂട്ടാക്കാത്ത ബിശ്വംഭർ റായ് എന്ന നാടുവാഴിയുടെ (ഛബി ബിശ്വാസ്) തകർച്ചയാണ് ജൽസാഘറിന്റെ പ്രമേയം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭവർഷങ്ങളിൽ നാശോന്മുഖമായ ബംഗാളി നാടുവാഴി പാരമ്പര്യത്തിന്റെ അവസാന കണ്ണികളിലൊരാളാണ് ബിശ്വംഭർ. പ്രതാപികളായിരുന്ന പിതൃപരമ്പരകൾ നാടുവാണിരുന്ന കാലത്തിന്റെ ഗൃഹാതുരത്വത്തെ മുറുകെപ്പുണർന്നു താലോലിച്ച് തന്റെ ജീർണ്ണിക്കാൻ തുടങ്ങിയ മാളികയിലിരിക്കുന്ന ബിശ്വംഭർ റായും അവസാനത്തെ സംഗീതനൃത്തവിരുന്നിന് കോപ്പുകൂട്ടുന്നുണ്ട് – ഉളളതെല്ലാം വിറ്റുപെറുക്കിത്തന്നെ. ദുരഭിമാനത്തിന്റെ മദിരയിലാറാടി ഏതോ പുരാതനകാലത്തിന്റെ സ്വപ്നലോകത്തിൽ കഴിയുന്ന ആ കാലഹരണപ്പെട്ട മനുഷ്യൻ സ്വന്തം ഛായാചിത്രത്തിലൂടെ ഒരു ചിലന്തി ഇഴഞ്ഞുകയറുന്നതു കാണുന്നു. ഒരിക്കൽ സമൃദ്ധമായിരുന്ന സംഗീതശാലയിൽ നിന്നു മാത്രമല്ല, ജീവിതത്തിൽ നിന്നു തന്നെയും എല്ലാവരും ഒഴിഞ്ഞു പോയതായി മനസ്സിലാക്കുന്ന ആ രാത്രി ഒടുങ്ങുമ്പോൾ തൻറെ പ്രിയപ്പെട്ട കുതിരപ്പുറത്തേറി അയാൾ അതിവേഗം ഓടിച്ചുപോകുന്നു. ഒടുവിൽ നിയന്ത്രണം വിട്ട് നിലതെറ്റി വീണ് മരിക്കുന്നു.
ജൽസാഘറുമായി നിഴലാട്ടത്തെ ഉപമിക്കാൻ തുനിയുന്നില്ല. രണ്ടു സിനിമകളിലെയും നായകൻമാർക്കു പൊതുവായുള്ള ദുരന്തധാരകൾ ഓർത്തുപോയെന്നു മാത്രം. ഏതായാലും ബ്ലാക് ആൻഡ് വൈറ്റ് ഛായാഗ്രാഹണത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് മലയാളത്തിലുണ്ടായ അവിസ്മരണീയ ചിത്രങ്ങളിലൊന്നായി നിഴലാട്ടം എക്കാലവും നിലനിൽക്കും.

റഫറന്‍സ്
(ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം ടി യുടെ തിരക്കഥകളുടെ സമ്പൂർണ്ണ സമാഹാരത്തിൽ നിന്ന് നിരവധി ഭാഗങ്ങൾ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്)


കെ ബി വേണു

കെ ബി വേണു

ചലച്ചിത്ര സംവിധായകന്‍, എഴുത്തുകാരന്‍, അഭിനേതാവ്, മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories