TopTop
Begin typing your search above and press return to search.

നോം ചോംസ്കി/അഭിമുഖം: ശാസ്ത്രം മുന്നറിയിപ്പ് നൽകിയിട്ടും മഹാമാരി തടയാൻ കഴിയാതെ പോയതിന് പിന്നിൽ മുതലാളിത്ത ലാഭയുക്തി

നോം ചോംസ്കി/അഭിമുഖം: ശാസ്ത്രം മുന്നറിയിപ്പ് നൽകിയിട്ടും മഹാമാരി തടയാൻ കഴിയാതെ പോയതിന് പിന്നിൽ മുതലാളിത്ത ലാഭയുക്തി

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മുതലാളിത്ത വിമർശകനായി കരുതുന്ന നോം ചോംസ്കി വിഖ്യാതനായ ഭാഷാ ശാസ്ത്രകാരനും കൂടിയാണ്. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസർ എമിരറ്റസായ ചോംസ്കി, യുദ്ധം, സാമ്രാജ്യത്വം, ഭാഷാശാസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളെ അധികരിച്ച് 100-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹവുമായി നടത്തിയ അഭിമുഖം ആദ്യം പ്രസിദ്ധികരിച്ചത് ദി വയർ ആണ്. കോവിഡ് 19 -ൻ്റെ പശ്ചാത്തലത്തിൽ മുതലാളിത്തത്തെയും അതിൻ്റെ സമകാലിക രൂപമായ നിയോ ലിബറലിസത്തെക്കുറിച്ചും അമേരിക്കൻ ആധിപത്യത്തെക്കുറിച്ചുമെല്ലാമാണ് ചോംസ്കി ഈ അഭിമുഖത്തിൽ സംസാരിക്കുന്നത്.

?ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായ യുഎസ് എന്തുകൊണ്ടാണ് നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടത്? അതൊരു രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമാണോ അതോ വ്യവസ്ഥാപരമായ പരാജയമാണോ? മാത്രമല്ല, കോവിഡ്-19 പ്രതിസന്ധിയുണ്ടായിട്ടും മാര്‍ച്ചില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രിയത യഥാര്‍ത്തില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. യുഎസ് തിരഞ്ഞെടുപ്പില്‍ ഇതെങ്കിലും പ്രഭാവം ചെലുത്തുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

മഹാമാരിയുടെ വേരുകള്‍ അന്വേഷിച്ച് ഒന്ന് പുറകിലേക്ക് പോകുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇത് അപ്രതീക്ഷിതമല്ലായിരുന്നു. 2003ലെ സാര്‍സിനു ശേഷം മറ്റൊരു മഹാമാരിയുണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന്, ഒരുപക്ഷെ സാര്‍സ് കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്‍കൂട്ടി കണ്ടിരുന്നു. പക്ഷെ വിജ്ഞാനം മാത്രം പോര. ആരെങ്കിലും അതില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഔഷധ കമ്പനികള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ കമ്പോളത്തിന്റെ സൂചനകളാണ് പിന്തുടരുന്നത്. ലാഭം മറ്റൊരിടത്താണ് കിടക്കുന്നത്. സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാമായിരുന്നെങ്കിലും നവ ഉദാരീകരണ പ്രത്യയശാസ്ത്രം അത് തടഞ്ഞു. രോഗ നിയന്ത്രണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചുകൊണ്ടും മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ ഇല്ലാതാക്കിക്കൊണ്ടും ട്രംപ് കാര്യങ്ങള്‍ വഷളാക്കിയതിനാല്‍ തന്നെ പതിവിന് വിരുദ്ധമായി യുഎസ് തീരെ തയ്യാറായിരുന്നില്ല. ചൈനീസ് ശാസ്ത്രജ്ഞര്‍ രോഗത്തിന് കാരണമാകുന്ന വൈറസിനെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതിന്റെ ജനിതകഘടന വേര്‍ത്തിരിക്കുകയും ജനുവരി പത്തോടു കൂടി പ്രസക്തമായ വിവരങ്ങളെല്ലാം പരസ്യപ്പെടുത്തുകയും ചെയ്തു. നിരവധി രാജ്യങ്ങള്‍ ഉടനടി പ്രതികരിക്കുകയും പ്രശ്‌നത്തെ അധികം വഷളാകാതെ നിയന്ത്രിക്കുകയും ചെയ്തു. അതൊരു പനി മാത്രമാണെന്നും വളരെ പെട്ടെന്ന് അപ്രത്യക്ഷമാകുമെന്നും വാശിപിടിച്ചുകൊണ്ട് യുഎസ് രഹസ്യാന്വേഷകരുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും സ്ഥിരമായുള്ള മുന്നറിയിപ്പുകള്‍ ട്രംപ് അവഗണിച്ചു. അവസാനം മാര്‍ച്ചില്‍ അദ്ദേഹം ശ്രദ്ധിച്ചപ്പോഴേക്കും വളരെ താമസിച്ചുപോയിരുന്നു. പതിനായിരക്കണക്കിന് അമേരിക്കക്കാര്‍ മരിക്കുകയും മഹാമാരി നിന്ത്രണാതീതമാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ മൂന്ന് തലത്തിലുള്ള പ്രഹരങ്ങളാണ് യുഎസിന് ഏറ്റുവാങ്ങേണ്ടിവന്നത്: മുതലാളിത്ത യുക്തി, മുതലാളിത്തത്തിന്റെ നിഷ്ഠൂര വകഭേദമായ നവ ഉദാരീകരണം, ജനങ്ങളെ കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത ഒരു സര്‍ക്കാരും. ഒരു പ്രസിഡന്റ് ഒരു നിലപാടെടുക്കുമ്പോള്‍ അതിന് അംഗീകാരത്തിന്റെ ഒരു മേല്‍ക്കൈ ലഭിക്കും. പക്ഷെ ട്രംപിന്റെ കാര്യത്തില്‍ അത് വളരെ പെട്ടെന്ന് ക്ഷയിച്ചുപോയി. ട്രംപിന്റെ കഴിവുകേടും കുറ്റവാസനയും വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ സാധ്യതകളെ ദുര്‍ബലപ്പെടുത്തിയേക്കാം. പക്ഷെ. നവംബറിന് മുമ്പ് ധാരാളം കാര്യങ്ങള്‍ സംഭവിക്കാം.

?ഡിജിറ്റല്‍ സാങ്കേതികവിദ്യയും സര്‍ക്കാര്‍ നിയന്ത്രണവും മഹാമാരിയെ നിരീക്ഷിക്കുന്നതിലും അതിനെതിരെ പോരാടുന്നതിലും നിരവധി രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന സ്വേച്ഛേധിപത്യപരമായ നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ നിരീക്ഷണങ്ങളിലും പല വിദഗ്ധരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. താങ്കള്‍ അതിനോട് യോജിക്കുന്നുണ്ടോ?

തീര്‍ച്ചയായും പരസ്പരം മത്സരിക്കുന്ന ശക്തികളുണ്ട്. മുമ്പുണ്ടായിരുന്ന ചില കാര്യങ്ങള്‍ കൂടുതല്‍ സ്വേച്ഛാധിപത്യപരമായ നിയന്ത്രണങ്ങളിലൂടെ പുനഃസ്ഥാപിക്കുന്നതിനായി വ്യാപാര ലോകവും പ്രതിലോമ സ്ഥിരവാദികളും ഒത്തുചേര്‍ന്നിട്ടുണ്ട്. നീതിയുക്തവും സ്വതന്ത്രവുമായ ഒരു ലോകമാണ് ജനകീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. അന്തിമമായി എന്താണ് സംഭവിക്കുക എന്നത് ഈ ശക്തികളുടെ പ്രതിപ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും.

?നിലവിലുള്ള സാഹചര്യത്തില്‍ ദരിദ്രരുടെ ദുരവസ്ഥ മെച്ചപ്പെടുത്താന്‍ ആവശ്യമായ സാമ്പത്തിക നടപടികള്‍ എന്തൊക്കെയായിരിക്കണം? ഒരു പുതിയ സാമൂഹ്യ-ജനാധിപത്യ സമീപനത്തിന്റെ സാധ്യതയാണോ താങ്കള്‍ കാണുന്നത് അതോ സര്‍ക്കാരുകള്‍ ചിലവ് ചുരുക്കലിലേക്കും കുടുതല്‍ കടമെടുക്കുന്നതിലേക്കും നീങ്ങുമോ?

ആവശ്യമായ സാമ്പത്തിക നടപടികളെ കുറിച്ച് നമുക്ക് ധാരണയുണ്ട്. നിലവിലുള്ള പ്രതിസന്ധിയില്‍ നിന്നും എന്തായിരിക്കും ഉരുത്തിരിഞ്ഞ് വരിക എന്ന് ഇപ്പോള്‍ നമുക്കറിയില്ല. നവ ഉദാരീകരണത്തിന്റെ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ഗുണഭോക്താക്കളാണ് ഇപ്പോഴത്തെ മഹാമാരിയുടെയും മറ്റ് പല കാര്യങ്ങളുടെയും ഉത്തരവാദികള്‍. പക്ഷെ, സ്വന്തം നേട്ടങ്ങള്‍ക്ക് മാത്രമായി അവര്‍ നിര്‍മ്മിച്ചെടുത്ത വ്യവസ്ഥിതിയുടെ കൂടുതല്‍ കടുത്ത വകഭേദമായിരിക്കണം ഇതില്‍ നിന്നും ഉരുത്തിരിഞ്ഞ് വരുന്നതെന്ന് ഉറപ്പിക്കുന്നതിനായി അവര്‍ ദയയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ പ്രതിരോധ ശക്തികളില്ലെങ്കില്‍ അവര്‍ വിജയിക്കും. പക്ഷെ അത് മുന്‍നിശ്ചിത പ്രകാരമായിരിക്കില്ല.

വളരെ വ്യത്യസ്തവും വളരെ മെച്ചപ്പെട്ടതുമായ ഒരു ലോകം സൃഷ്ടിക്കാന്‍ ശേഷിയുള്ള ജനകീയ ശക്തികള്‍ രൂപം കൊള്ളുന്നുണ്ട്. യുഎസില്‍ ബേര്‍ണി സാന്റേഴ്‌സിന്റെയും യൂറോപ്പില്‍ യാനിസ് വറൗഫാക്കിസിന്റെയും ആഹ്വാനത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട പ്രൊഗ്രസീവ് ഇന്റര്‍നാഷണലോടെ, ഇപ്പോള്‍ ആഗോള തെക്ക് (Global South) ഉള്‍പ്പെടെയുള്ള ആഗോളതലത്തില്‍ തന്നെ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി എത്ര രൂക്ഷമാണോ അതിലും രൂക്ഷമായത് വരാനിരിക്കുന്നു എന്ന വസ്തുത നാം മനസിലാക്കേണ്ടതുണ്ട്. മഹാമാരിയില്‍നിന്നും വലിയ നഷ്ടങ്ങളോടെയുള്ള അതിജീവനം സംഭവിക്കും. പക്ഷെ, ധ്രുവങ്ങളിലെ മഞ്ഞു പാളികളും ഹിമാലയത്തിലെ ഹിമ പാളികളും ഉരുകുന്നത് പോലെയുള്ള ആഗോള താപനത്തിന്റെ ഭയാനക പ്രത്യഘാതങ്ങളില്‍ നിന്നും ഒരുതരത്തിലുള്ള അതിജീവനവും സാധ്യമല്ല. ലോകം ഇപ്പോഴത്തെ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോകണമെന്ന് വാശിപിടിക്കുകയാണെങ്കില്‍ അനധിവിദൂര ഭാവിയില്‍ തന്നെ അത് തെക്കന്‍ ഏഷ്യയെ വാസയോഗ്യമല്ലാതെ ആക്കും. ഇപ്പോഴത്തെ രീതിയില്‍ മുന്നേറുകയാണെങ്കില്‍ അമ്പത് വര്‍ഷങ്ങള്‍ക്കുള്ള ആ തലത്തിലേക്ക് ലോകമെത്തും എന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങള്‍ കണക്കാക്കുന്നത്.

?മുതലാളിത്തത്തിന്റെ ലാഭകേന്ദ്രീകൃത യുക്തി വന്യജീവി ആവസാവ്യവസ്ഥയെ കീഴടക്കിയെന്നും അതിനാല്‍ തന്നെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ സാധാരണമായതോടെ മനുഷ്യരിലേക്ക് വൈറസുകള്‍ കടന്നുകയറുന്നതിന് അത് വഴിയൊരുക്കിയെന്നും സാക്രംമിക രോഗവിദഗ്ധനായ റോബ് വലാസിനെ പോലെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ആരോഗ്യ പ്രതിസന്ധിയുടെ രൂപത്തില്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി വെളിപ്പെടുകയും മനുഷ്യന് 'സാധാരണത്വം' എന്ന് വിശേഷിപ്പിച്ചിരുന്ന അവസ്ഥയിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്യും. അങ്ങയുടെ ചിന്തകള്‍?

അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ആവാസവ്യവസ്ഥയുടെ നശീകരണവും സുസ്ഥിരമല്ലാത്ത ഭൂവിനിയോഗവും ഇത്തരം കടന്നുകയറ്റത്തിന്റെ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. കൊറോണ വൈറസിന്റെ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ സംഭവിച്ചത് അതാണ്. ആരോഗ്യ പ്രതിസന്ധിയുടെ മറ്റ് നിരവധി രൂപങ്ങളിലൂടെ അനിയന്ത്രിത മുതലാളിത്തത്തിന്റെ ആത്മഹത്യ പ്രവണതകള്‍ തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞു. 2003ലെ സാര്‍സ് മഹാമാരിക്ക് ശേഷം മറ്റൊരു കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുകയും തയ്യാറായി ഇരിക്കാന്‍ നമ്മളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആര്‍ക്കാണ് അത് ചെയ്യാന്‍ സാധിക്കുന്നത്? ഭീമാകാരന്മാരും അതിസമ്പന്നരുമായ ഔഷധ കമ്പനികള്‍ക്ക് അത് ചെയ്യാനുള്ള വിഭവങ്ങളുണ്ടെങ്കിലും സാധാരണ മുതലാളിത്ത യുക്തിയാല്‍ അവര്‍ വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു. അത് ലാഭകരമല്ല. സര്‍ക്കാരുകള്‍ക്ക് രംഗപ്രവേശം ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സംഭവിക്കുന്നത് പോലെ സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്നും സമ്പന്നരെയും കോര്‍പ്പറേറ്റ് മേഖലയെയും രക്ഷിക്കുന്നതിന് വേണ്ടിയല്ലാതെ, സ്വകാര്യ ശക്തികള്‍ നിയന്ത്രിക്കുന്ന ലോകത്തില്‍ സര്‍ക്കാരുകള്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന നവ ഉദാരീകരണ പ്ലേഗ് അത് തടഞ്ഞു. ഇപ്പോഴുള്ള മഹാമാരിയെക്കാള്‍ കൂടുതല്‍ തീവ്രമായതും ആഗോള താപനം മൂലം ശക്തിപ്പെടാന്‍ സാധ്യതയുള്ളതുമായ മറ്റൊരു മഹാമാരിയെ കുറിച്ചും പ്രവചനങ്ങളുണ്ട്. എങ്ങനെ തയ്യാറെടുക്കണമെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാം. പക്ഷെ അതിന് ആരെങ്കിലും മുന്‍കൈയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നമ്മുടെ കണ്‍മുന്നിലുള്ള പാഠങ്ങളില്‍ നിന്നും പഠിക്കാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ അന്തരഫലങ്ങള്‍ അതിഭീകരമായിരിക്കും. വലിയ ഔഷധ കമ്പനികളും സര്‍ക്കാരും മാത്രമാണ് ആശ്രയം എന്ന് നമ്മള്‍ കരുതരുത്. സര്‍ക്കാര്‍ വലിയ ഇളവുകള്‍ നല്‍കുന്ന വന്‍കിട ഔഷധ കമ്പനികള്‍ പിന്നെ എന്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പിന്നെ എന്തുകൊണ്ടാണ്, കേന്ദ്രീകൃത സമ്പത്തിന്റെയും സ്വകാര്യ ശക്തികളുടെയും ആവശ്യങ്ങളോട് പ്രതികരിക്കുന്നതിന് പകരം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന രീതിയില്‍ അത് പൊതുമേഖലയില്‍ ആക്കാത്തതെന്ന ജീവനക്കാരുടെയും സമൂഹത്തിന്റെയും നിയന്ത്രണത്തില്‍ ആക്കാതെന്ന ചോദ്യവും പ്രസക്തമാണ്.

?വൈറസിനെതിരായ പോരാട്ടം മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം പ്രധാനമാണ്. പക്ഷെ വംശീയ, വിദേശരാജ്യ വിദ്വേഷ പ്രയോഗങ്ങളാണ് നമ്മള്‍ കാണുന്നത്. ചൈനയെ ഭീഷണപ്പെടുത്തുക, ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിറുത്തലാക്കുക, ഇറാനും വെനീസ്വലയ്ക്കും എതിരായ ഉപരോധങ്ങള്‍ കടുപ്പിക്കുക, ആരോഗ്യ ഉപകരണങ്ങള്‍ക്കായി പോരടിക്കുക മുതലായവ. യുഎസ് ആധിപത്യത്തിന്റെ തകര്‍ച്ചയാണിതെന്ന് പാട്രിക് കോക്‌ബേണ്‍ പറയുന്നു. താങ്കള്‍ യോജിക്കുന്നുണ്ടോ?

ട്രംപ് ഭരണകൂടത്തിന്റെയും അസാധാരണരീതിയില്‍ വിഷലിപ്തമായ അവരുടെ സാമ്രാജ്യത്വത്തിന്റെയും വികൃതമുഖങ്ങളാണ് ഇതില്‍ ഏറെയും. പക്ഷെ ഇതില്‍ കൂടുതലുണ്ട് എന്ന് മാത്രമല്ല, പലതും അനാവൃതമാവുകയുമാണ്. യൂറോപ്യന്‍ യൂണിയന്റെ കാര്യമെടുക്കുക. അതിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായ ജര്‍മ്മനി പ്രതിസന്ധിയെ താരതമ്യേന മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതിന്റെ തെക്കായി അധികം ദൂരത്തിലല്ലാത്ത ഒരു രാജ്യം മഹാമാരി മൂലം ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്നു: ഇറ്റലി. ഇറ്റലിക്ക് ആരോഗ്യ സേവനങ്ങള്‍ ജര്‍മ്മനി നല്‍കുന്നുണ്ടോ? ഇതുവരെ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാഗ്യവശാല്‍, ക്യൂബയില്‍ നിന്നും ഇറ്റലിയ്ക്ക് ഗണ്യമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് ആദ്യമായല്ല. അതാണ് യഥാര്‍ത്ഥ ഇന്റര്‍നാഷണലിസത്തിന്റെ പ്രകാശനം. അങ്ങേയറ്റം അത്യാവശ്യമായ ഇന്റര്‍നാഷണലിസത്തിന്റെ രൂപം ഈ സാഹചര്യങ്ങള്‍ വരച്ചുകാട്ടുന്നു. അതുപോലെ തന്നെ നമ്മെയെല്ലാം തകര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്വാര്‍ത്ഥതയുടെയും. ട്രംപ് വലിയ ദ്രോഹങ്ങളാണ് അമേരിക്കയ്ക്ക് ചെയ്യുന്നത് എന്ന കാര്യത്തില്‍ ഒരു സംശയത്തിനും അവകാശമില്ല. എന്നാല്‍ യുഎസ് മേല്‍ക്കോയ്മയില്‍ ഗുരുതരമായ എന്തെങ്കിലും കേടുപാടുകള്‍ വരുത്താന്‍ അദ്ദേഹത്തിന് പോലും സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. സൈനീക മണ്ഡലത്തിന്റെ കാര്യത്തില്‍ അത് താരതമ്യങ്ങള്‍ക്ക് അതീതമാണ്. കര്‍ക്കശമായ ഉപരോധങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന ഏക രാജ്യം യുഎസാണ്. മൂന്നാമൊതൊരു രാജ്യത്തെക്കൊണ്ടുപോലും , അവരെത്ര എതിർത്താലും ഉപരോധത്തില്‍ ഏർപ്പെടുത്താൻ അവരെ അനുസരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായം നടപ്പിലാക്കാന്‍ യുഎസിനെ സാധിക്കൂ. ഇസ്രേലിനും പലസ്തീനുമായി 'നൂറ്റാണ്ടിന്റെ ഒത്തുതീര്‍പ്പ്,' യുഎസ് പുറത്തിറക്കുമ്പോള്‍, മറ്റുള്ളവര്‍ അനുകരിക്കേണ്ട ചട്ടക്കൂടായി അത് മാറുന്നു. മറ്റാരെങ്കിലുമായിരുന്നു അത് പുറത്തിറക്കിയിരുന്നതെങ്കില്‍ അതിനോടുള്ള പ്രതികരണം പരിഹാസ്യമാകുമായിരുന്നു. ആരെങ്കിലും ശ്രദ്ധിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്നില്ല. യുഎസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആഗോള സമ്പത്തിന്റെ പകുതിയെയും നിയന്ത്രിക്കുന്നു എന്ന് മാത്രമല്ല, എല്ലാ സാമ്പത്തിക മേഖലകളിലും അവര്‍ ഒന്നാമത്തെയോ അല്ലെങ്കില്‍ രണ്ടാമത്തെയോ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്നു. യുഎസിനോട് വര്‍ദ്ധിതമായ അനിഷ്ടമോ അതിനേക്കാളും മോശം വികാരങ്ങളോ ഉള്ളവരാണ് മറ്റുള്ളവര്‍. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ അതിനെ ഭയക്കുന്നു. ആഗോള വേദിയില്‍ ശക്തനായ ഒരു പ്രതിയോഗി ഇല്ല.(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി വയര്‍ പ്രസിദ്ധീകരിച്ച അഭിമുഖം ഐപിഎസ്എംഎഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിച്ചത്)


Next Story

Related Stories