TopTop
Begin typing your search above and press return to search.

പുലിയായിരുന്ന പുലിക്കോടൻ നാരായണനെ എലിയാക്കി മാറ്റിയ പന്തല്ലൂർ

പുലിയായിരുന്ന പുലിക്കോടൻ നാരായണനെ എലിയാക്കി മാറ്റിയ പന്തല്ലൂർ

ഏതോ കാലത്ത് ബ്രിട്ടീഷുകാർ ലാഭകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ച് പോയ ഇരുള് മൂടിയ ഖനികളിൽ വൃഥാ സ്വർണ്ണം തപ്പി നടക്കുന്ന തദ്ദേശീയരെപ്പറ്റി ഒരു ലേഖനം എഴുതാനാണ് ആദ്യമായി പന്തല്ലൂരിൽ പോകുന്നത്. തേയില തോട്ടങ്ങൾ അതിരിടുന്ന കൊച്ചു പട്ടണം. തമിഴും മലയാളവും സംസാരിക്കുന്ന പന്തല്ലൂരിനും പരിസരങ്ങൾക്കും മുറിച്ചെടുത്തു ഫാക്ടറിയിലേയ്ക്ക് കൊണ്ടുപോകുന്ന തേയില കൊളുന്തിന്റെ ഭ്രാന്തമായ ഗന്ധമാണ്. ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളും മലയാളി കുടിയേറ്റക്കാരും കഴിഞ്ഞാൽ ഇവിടെ വേറെയുള്ളത് വൻകിട പ്ലാന്റേഷൻ കമ്പനികൾ മാത്രം.

ഗൂഡല്ലൂരിനും സുൽത്താൻ ബത്തേരിയ്ക്കുമിടയിലെ ഈ തമിഴ്നാട് താലൂക്കാസ്ഥാനം ആദ്യമായി മനസ്സിൽ പതിഞ്ഞത് ഉറൂബിന്റെ ഉമ്മാച്ചു വായിച്ചപ്പോഴാണ്. പ്രണയ നൈരാശ്യത്തിന്റെ വേദനയുമായി മായൻ നാടുകാണി ചുരം കയറി എത്തിയത് പന്തല്ലൂരിൽ ആയിരുന്നു. മായനൊപ്പം മനസ്സും പലവട്ടം നാടുകാണി ചുരം കയറിയിറങ്ങി.

എന്നാൽ കഴിഞ്ഞ ദിവസം നാടുകാണി ചുരം കയറി പന്തല്ലൂർ വഴി വയനാട്ടിലേയ്ക്ക് പോകുമ്പോൾ മനസ്സിൽ വന്നത് ഉറൂബോ ഉമ്മാച്ചുവോ മായനോ ആയിരുന്നില്ല. അവിടെയിന്ന് ജീവിക്കുന്ന ആയിരക്കണക്കിന് തമിഴ് അഭയാർത്ഥികളോ ഉപേക്ഷിക്കപ്പെട്ട ഖനികളുടെ ഇരുട്ടറകളിൽ സ്വർണ്ണമരിക്കാൻ ശ്രമിച്ച് പാഴായി പോകുന്ന അവരിലെ സാധു ജന്മങ്ങളോ പോലും ആയിരുന്നില്ല. മറിച്ച് അടിയന്തരാവസ്ഥയിൽ കെ കരുണാകരന് വേണ്ടി കേരളത്തെ കിടുകിടാ വിറപ്പിച്ച സാക്ഷാൽ പോലീസ് ഏമാൻ പുലിക്കോടൻ നാരായണനായിരുന്നു. അമിതാധികാരത്തിന്റേയും ധിക്കാരത്തിന്റേയും ലോക്കപ്പ് മർദ്ദനങ്ങളുടേയും ലോകനാഥ് ബെഹറ സ്റ്റൈൽ അഹന്തയുടേയും പ്രതീകമായിരുന്ന പുലിക്കോടൻ നാരായണനെ അടിച്ച് ഇഞ്ച പരുവമാക്കാൻ ഉള്ള അപൂർവ്വാവസരം നാരായണൻ തന്നെ പന്തല്ലൂരിലെ ജനങ്ങൾക്ക് ഒരുക്കി കൊടുക്കുകയായിരുന്നു. അതിന് കാരണം മറ്റൊന്നാണ് എന്ന് മാത്രം.

1983 മെയ് മാസം ഇരുപതാം തിയ്യതിയാണ് സംഭവങ്ങളുടെ തുടക്കം. പന്തല്ലൂര്‍ ടൗണിലെ കുഞ്ഞിക്കണ്ണന്‍ ടെക്സ്റ്റൈല്‍സിനു മുന്നില്‍ ഒരു മെറ്റഡോര്‍ വാൻ വന്ന് ബ്രേക്കിട്ട് നില്ക്കുന്നു. അതിൽ നിന്നിറങ്ങിയ ഉഗ്രപ്രതാപിയെ കടയുടമ ജയരാജിന് നേരത്തേ അറിയാം. ഭാര്യാപിതാവിന്‍റെ സുഹൃത്തായ പുലിക്കോടന്‍ നാരായണൻ.

തുടക്കത്തിൽ പുലിക്കോടൻ സൗമ്യനായിരുന്നു. ജയരാജിനും ഭാര്യയ്ക്കും ഇടയിലുള്ള കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ വന്നതാണ് എന്ന് പറഞ്ഞു. ജയരാജ് സമ്മതിച്ചു.

വീട്ടിലേയ്ക്ക് പോയി അവിടിരുന്ന് സംസാരിക്കാമെന്നായി പുലിക്കോടൻ. അങ്ങനെ തന്റെ കടയിലെ തയ്യല്‍ക്കാരനായ കാളിയ പെരുമാളിനേയും കൂട്ടി ജയരാജ് പുലിക്കോടന്റെ വാനില്‍ കയറി. ചെറിയ അകലത്തിലായിരുന്നു ജയരാജിന്റെ വീട്. അതും പ്രധാന നിരത്തിനരികിൽ.

അതിനാൽ ജയരാജ് അന്ന് കണ്ണൂര്‍ സിഐ ആയിരുന്ന പുലിക്കോടനേയും കൂടെ ഉണ്ടായിരുന്ന തലശ്ശേരി സിഐ ശ്രീസുഗനേയും മറ്റ് രണ്ട് പോലീസുകാരേയും അവിശ്വസിച്ചില്ല. എന്നാൽ വാൻ അയാളുടെ വീടും കടന്ന് മുന്നോട്ട് പോയി. ജയരാജിനെ വണ്ടിയിലിട്ട് പുലിക്കോടൻ മർദ്ദിച്ചു. തടയാൻ ശ്രമിച്ച കാളിയ പെരുമാളിനേയും പൊതിരെ തല്ലി.

ഭാര്യാപിതാവ് ബുദ്ധിവൈകല്യം ഉള്ള മകളെ ആ വിവരം മറച്ചുവച്ച് തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്ന് ജയരാജ് പറഞ്ഞപ്പോൾ മർദ്ദനം അതിന്റെ പാരമ്യത്തിലെത്തി. പുലിക്കോടനും സംഘവും ജയരാജിനേയും കൊണ്ട് പന്തല്ലൂരില്‍ നിന്നും നേരെ ഊട്ടിയിലേയ്ക്ക് പോയി.

അവിടെ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വർണ്ണം പുലിക്കോടനും സംഘവും ബലം പ്രയോഗിച്ച് കൈക്കലാക്കി. രാത്രി പന്തല്ലൂരില്‍ തിരികെ എത്തിയ പുലിക്കോടനും സംഘവും ജയരാജിനോട് കടയില്‍ നിന്ന് അന്നത്തെ കളക്ഷനും ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കാന്‍ ആവശ്യപ്പെട്ടു.

ജയരാജിനേയും കാളിയപെരുമാളിനേയും കാണാതായതിന് ശേഷം നാട്ടുകാർ ഇളകിയിരുന്നു. പകല്‍മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ നാട്ടുകാർ പരാതിയുമായി അവിടത്തെ പോലീസ് സ്റ്റേഷനിലും എത്തിയിരുന്നു. ആ പശ്ചാത്തലത്തിലാണ് പുലിക്കോടനും സംഘവും രാത്രി വീണ്ടും കടയുടെ മുന്നിലെത്തിയത്. വാന്‍ വളഞ്ഞ നാട്ടുകാർ ജയരാജിനേയും കാളിയ പെരുമാളിനേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. അപകടം മണത്ത പുലിക്കോടന്‍ തടയാൻ നില്ക്കുന്ന ആളുകളെ ഇടിച്ചുതെറിപ്പിച്ച് വാഹനം മുന്നോട് നീക്കാൻ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തടയാന്‍ ശ്രമിച്ചവരിൽ രണ്ടുപരെ ഇടിച്ച് തെറിപ്പിച്ച് വാഹനം മുന്നോട്ട് പാഞ്ഞു. ജനം ലോറിയിലും ജീപ്പിലുമായി പിന്തുടര്‍ന്നു. വയനാട് അതിര്‍ത്തിയായ ചോലാടിയിലെ ചെക്പോസ്റ്റില്‍ വച്ച് വാന്‍ തടഞ്ഞുനിര്‍ത്തി ജയരാജിനേയും കാളിയപെരുമാളിനേയും ജനങ്ങൾ മോചിപ്പിച്ചു. പുലിക്കോടനേയും സംഘത്തേയും ജനം മർദ്ദിച്ച് അവശരാക്കി. ഒരു പാട് പേരെ മർദ്ദിച്ച പുലിക്കോടന് ഒടുവിൽ ജനങ്ങളുടെ മർദ്ദനം. ജനങ്ങൾ തന്നെ അവശനായ പുലിക്കോടനേയും സംഘത്തേയും ചേരമ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ പ്രാദേശിക അധികാരികളെ സ്വാധീനിച്ച് നട്ടപ്പാതിരയ്ക്ക് പുലിക്കോടനും സംഘവും ആംബുലന്‍സില്‍ ഒളിച്ചുകടന്നു.

പുലിക്കോടന്റെ മര്‍ദ്ദനത്തില്‍ തലച്ചോറിന് കാര്യമായ പരിക്കേറ്റ ജയരാജ് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കാളിയ പെരുമാളും രോഗിയായി.

നീണ്ട വർഷങ്ങളിലെ നിയമ യുദ്ധം സുപ്രീം കോടതിയിലടക്കം പിന്നീട് നടന്നു. തമിഴ്നാട് പോലീസ് ജയരാജിന് ഒപ്പം ഉറച്ചു നിന്നെങ്കിലും അധികാരവും പണവും ധാർഷ്ട്യവുമായി പുലിക്കോടനും സംഘവും എതിരിട്ടു.

നീണ്ട വർഷങ്ങൾ കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. തന്റെ സ്വത്തുവകകൾ വിറ്റ് തുലച്ച് ജയരാജ് കേസ് നടത്തി. ചെറിയ കച്ചവടവുമായി ജീവിക്കുന്നു. വിരമിച്ച ശേഷം പുലിക്കോടൻ ആത്മീയ പ്രഭാഷകനായി. പക്ഷെ പന്തല്ലൂരിൽ നാളിതുവരെ പ്രഭാഷണം നടത്തിയില്ല. പഴയ തല്ലിന്റെ ഓർമ്മയായിരിക്കണം.

അമിതാധികാരത്തിന്റേയും പോലീസ് തേർവാഴ്ച്ചകളുടേയും കാലഘട്ടത്തിൽ ജയരാജും അയാളുടെ സഹനങ്ങളും ഒരു ചൂണ്ടുപലകയാണ്. സംസ്ഥാനം വിട്ട് നിയമം കയ്യിലെടുക്കാൻ വന്ന പോലീസ് ഓഫീസറെ കിട്ടിയ സന്ദർഭം മുതലാക്കി ഇഞ്ച ചതയ്ക്കും പോലെ ചതയ്ക്കാനായി എന്ന ചാരിതാർത്ഥ്യം മാത്രം പന്തല്ലൂരുകാർക്ക്. സാധാരണ ജനങ്ങൾ വേറെന്ത് ചെയ്യാനാണ്. ഓർമ്മകൾ ഉണ്ടായിരിക്കണം.


Next Story

Related Stories