TopTop
Begin typing your search above and press return to search.

എന്‍ഡിപിയെന്ന നായര്‍ പാര്‍ട്ടി ഇല്ലെങ്കിലും എന്‍എസ്എസിന് എന്തെങ്കിലും സംഭവിച്ചോ? കോടിയേരി പറയുന്ന ചരിത്രത്തില്‍ പാഠങ്ങള്‍ ഇടതുപക്ഷത്തിനുമുണ്ട്

എന്‍ഡിപിയെന്ന നായര്‍ പാര്‍ട്ടി ഇല്ലെങ്കിലും എന്‍എസ്എസിന് എന്തെങ്കിലും സംഭവിച്ചോ? കോടിയേരി പറയുന്ന ചരിത്രത്തില്‍ പാഠങ്ങള്‍ ഇടതുപക്ഷത്തിനുമുണ്ട്

എല്ലാ തെരഞ്ഞെടുപ്പുകളിലെയും പതിവ് അംസബന്ധങ്ങള്‍ക്ക് ഇത്തവണയും കുറവൊന്നുമുണ്ടായിട്ടില്ല. എന്‍എസ്എസ്സിന്റൈയും എസ്എന്‍ഡിപിയുടെയും നിലപാടുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതു പോലെയായിരുന്നു പ്രമുഖ മുന്നണികളുടെ പ്രതികരണങ്ങള്‍. പതിറ്റാണ്ടുകളായി പറയുന്ന കളവ് ആവര്‍ത്തിച്ചുകൊണ്ട് എന്‍എസ്എസ് നേതാവ് ഇത്തവണയും സമദൂരം എന്നിടത്ത് ശരിദൂരം എന്ന് പറഞ്ഞു. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനാവട്ടെ, പതിവു പോലെ ചില പ്രവചനങ്ങള്‍ നടത്തുകയും ചെയ്തു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശരിദൂരത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിക്കാനായിരുന്നു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ ശ്രമം. ആ ശരിദൂരം യുഡിഎഫിലേക്കുള്ള യഥാര്‍ത്ഥ ദൂരമാണെന്ന് മനസ്സിലാക്കിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസ്സിനെ ചരിത്രം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. എന്‍എസ്എസ് രൂപികരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ എന്‍ഡിപിയുടെ ചരിത്രം ഓര്‍ക്കണമെന്നായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം. എന്‍എസ്എസ്സിന്റെ മുന്‍കൈയില്‍ രൂപികരിച്ച എന്‍ഡിപിയ്ക്ക് സംഭവിച്ചെതെന്തെന്ന് മനസ്സിലാക്കണമെന്നായിരുന്നു ശരി ദുരത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
എന്‍ഡിപിയെന്ന നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് കേരള രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ ആയുസ്സ് മാത്രമെ ഉണ്ടായിട്ടുള്ളൂ. 1973 ജൂലൈ 22 നായിരുന്നു ആ പാര്‍ട്ടി രൂപികരിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അത് കേരള രാഷ്ട്രീയത്തില്‍ അസ്തമിക്കുകയും ചെയ്തു. ഇതിനിടിയില്‍ എംഎല്‍എമാരും മന്ത്രിമാരും ആ പാര്‍ട്ടിയില്‍നിന്നുണ്ടായി. സ്ഥിരമായി ആരോഗ്യവകുപ്പായിരുന്നു ആ പാര്‍ട്ടിക്ക് യുഡിഎഫ് നല്‍കിയത്. മന്ത്രിമാരുടെ മികച്ച പ്രവര്‍ത്തനം കൊണ്ടോ എന്തോ, പലര്‍ക്കും കാലവധി കഴിയുന്നതിന് മുമ്പ് തന്നെ രാജിവെയ്‌ക്കേണ്ടിയും വന്നു.
സി അച്യുതമേനോന്‍ ഭരിക്കുന്ന കാലത്തായിരുന്നു എന്‍എസ്എസ്സിന് രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന തോന്നല്‍ ഉണ്ടായത്. അതിന് കാരണമായി പറയുന്നത് എന്‍എസ്എസ്സിന്റെ ആവശ്യങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്നതാണ്. അങ്ങനെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു. ആദ്യ തെരഞ്ഞൈടുപ്പില്‍ സിപിഐ കോണ്‍ഗ്രസ് പാര്‍ട്ടികളോട് ചേര്‍ന്ന് മല്‍സരിച്ച് അഞ്ച് സീറ്റും നേടി. എന്‍ഡിപി രണ്ട് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അന്നാണ്. എന്നാല്‍ അന്ന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. സിഎച്ച് മുഹമ്മദ് കോയ ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യമായി മന്ത്രിസഭില്‍ എന്‍ഡിപിക്ക് പ്രതിനിധിയുണ്ടാവുന്നത്. രണ്ട് മാസം പാര്‍ട്ടി പ്രതിനിധി ഭാസ്‌കരന്‍ നായര്‍ മന്ത്രിയായി പിന്നീട് യുഡിഎഫിന്റെ രൂപികരണത്തില്‍ പ്രധാന പങ്ക് എന്‍ഡിപി വഹിച്ചു. പിന്നീട് പല മന്ത്രിസഭകളിലും മന്ത്രിമാരുണ്ടായി.
നരസിംഹറാവു മന്നം സമാധിയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് പിന്നീട് എന്‍ഡിപി യുഡിഎഫ് വിട്ടു. പിന്നീട് പതുക്കെ കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി. പാര്‍ട്ടി രൂപികരിച്ചതോടെ പലരും സ്ഥാനമാനങ്ങളുടെ പിറകെ ആയെന്നും സമുദായത്തിന് യാതൊരു ഗുണവുമില്ലാതെയുമായെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍ പിന്നീട് പ്രതികരിച്ചത്.
ഇതാണ് കോടിയേരി ബാലകൃഷ്ണന്റെ ഉപദേശത്തിന്റെ ചരിത്ര പശ്ചാത്തലം. രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപികരിച്ചിട്ടും ഒന്നും സംഭവിച്ചില്ലെന്ന വസ്തുതയാവണം അദ്ദേഹത്തെ എന്‍എസ്എസ് നേതൃത്വത്തെ ചരിത്രം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പക്ഷെ വസ്തുത എന്താണ്. പാര്‍ട്ടിയില്ലാതായെങ്കിലും എന്‍എസ്എസ്സിന് എന്തെങ്കിലും സംഭവിച്ചോ? അവരുടെ സ്വാധീനത്തിന് നവോത്ഥാന കേരളത്തില്‍ എന്തെങ്കിലും ഇടിവ് പറ്റിയോ?

എന്‍എസ്എസ്സിനെ ചില ഘട്ടങ്ങളില്‍ എന്‍ഡിപിയുടെ ചരിത്രമൊക്കെ ഓര്‍മ്മിപ്പിക്കുന്ന കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എത്ര സൗമ്യമായാണ് ആ സംഘടനയോട് പെരുമാറാറുള്ളത്. ശരിദുരം എല്‍ഡിഎഫിലേക്ക് എത്തിക്കാന്‍ സാമ്പത്തിക സംവരണം പോലും ഏര്‍പ്പെടുത്തി. എന്‍ എസ്എസ്സിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ആവര്‍ത്തിച്ചു. കടുത്ത പ്രതിലോമതയുമായി ഉറഞ്ഞുതുള്ളുമ്പോഴും എന്‍എസ്എസ്സിനോട് സൗമ്യമായി, ബഹുമാനത്തോടെ മാത്രമെ സിപിഎം നേതൃത്വം ഇടപെടാറുള്ളൂ. ഇതൊന്നും എന്‍എസ്എസ്സിന് സാധ്യമായത് രാഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടിയുടെ പിന്‍ബലമുണ്ടായിട്ടല്ല. മറിച്ച് നായര്‍ സമുദായത്തിന്റെ സ്വാധീനം കൊണ്ടാണ്. ഇതിനെ മറികടക്കാനല്ല ശ്രമിച്ചത്, മറിച്ച് അവരുടെ സാമുദായിക ഹിന്ദുത്വ അനുകൂല നിലപാടുകള്‍ക്ക് മുന്നില്‍ താണുവണങ്ങി നില്‍ക്കാനാണ് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള താക്കോല്‍ തങ്ങളുടെ കൈയിലാണെന്ന് എന്‍എസ്എസ്സിനും എസ്എന്‍ഡിപിയ്ക്കുമാണെന്ന തോന്നുലുണ്ടാക്കിയത് വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാത്രമല്ല, ഇടതുപാര്‍ട്ടികള്‍ കൂടിയാണ്.
എന്‍ഡിപിയില്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ തങ്ങളുടെ സ്വാധീനത്തിന് കുറവൊന്നും പറ്റിയില്ലെന്ന അനുഭവമാണ് ശരിദൂരമെന്നും സമദൂരമെന്നുമൊക്കെയുള്ള പ്രയോഗങ്ങളിലുടെ പ്രതിലോമ ഇടപെടലുകള്‍ നടത്താന്‍ എന്‍എസ്എസ്സിന് ഇപ്പോഴും പ്രാപ്തമാക്കുന്നത്. അതെങ്ങനെയുണ്ടായെന്ന പാഠം ഹിന്ദു സാമൂദായിക സംഘടനകളോട് അയഞ്ഞ സമീപനം പുലര്‍ത്തുന്ന സിപിഎമ്മിനും പരിശോധിക്കാവുന്നതാണ്. കേരളത്തില്‍ ഒരു മുസ്ലീം സംഘടനയോടോ ദളിത് സംഘടനയോടോ കാട്ടാത്ത ഔദാര്യമാണ് സിപിഎം ഹിന്ദു സാമുദായിക സംഘടനകളോട് സ്വീകരിക്കാറുളളത്. ഒരു വശത്ത് കടുത്ത വര്‍ഗീയത പറയുക, മറുവശത്ത് ഇടതുപക്ഷത്തെ പ്രലോഭിച്ച് നിര്‍ത്തുക എന്ന തന്ത്രം ഫല പ്രദമായി സ്വീകരിച്ച് മുന്നോട്ടു പോകാന്‍ എസ്എന്‍ഡിപിയ്ക്ക് കഴിയുന്നതും ഈ ഉദാര സമീപനം കൊണ്ടുതന്നെ. എന്‍ഡിഎയില്‍ വിലപേശി തളരുകയാണെങ്കില്‍ ഇപ്പുറത്ത് അത്താണിയുണ്ടെന്ന് തോന്നല്‍ വെള്ളാപ്പള്ളിയ്ക്കും മകനും ഉണ്ടാക്കുന്നതില്‍ സിപിഎം വഹിക്കുന്ന പങ്ക് ചെറുതല്ലതന്നെ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്നില്ലെന്ന പാഠം എന്‍എസ്എസ്സിനെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങളെന്തെങ്കിലും പങ്ക് വഹിച്ചിട്ടുണ്ടോ എന്ന ചരിത്രാന്വേഷണം സ്വയം നടത്താന്‍ കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും തയ്യാറാകുമോ എന്നതാണ് സുകുമാരന്‍ നായരെ ചരിത്രം പഠിപ്പിക്കുന്നതിനെക്കാള്‍ കേരളത്തെ സംബന്ധിച്ച് പ്രധാനമായ കാര്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories