TopTop
Begin typing your search above and press return to search.

മനോരമയുടെ എഡിറ്റോറിയല്‍ ബോംബ്, ഒടുവിൽ ഉമ്മൻ ചാണ്ടി സൈഡ് ബെഞ്ചിൽ നിന്നും മുന്നേറ്റ നിരയിലേക്ക്

മനോരമയുടെ എഡിറ്റോറിയല്‍ ബോംബ്, ഒടുവിൽ ഉമ്മൻ ചാണ്ടി സൈഡ് ബെഞ്ചിൽ നിന്നും മുന്നേറ്റ നിരയിലേക്ക്

ഒടുവിൽ ഉമ്മൻ ചാണ്ടി സൈഡ് ബെഞ്ചിൽ നിന്നും മുന്നേറ്റ നിരയിലേക്ക് എത്തിയിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഈ മാറ്റത്തിനു പിന്നിൽ 'മലയാള മനോരമ' യുടെ ഒരു എഡിറ്റോറിയൽ വഹിച്ച പങ്ക് തീരെ ചെറുതൊന്നുമല്ലെന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ വിമർശം ചൊരിഞ്ഞു ആളാവാൻ ശ്രമിച്ച കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് വേണമെങ്കിൽ ഇനി സ്വയം പഴിക്കാം. നിഷ്പക്ഷം എന്നൊക്കെ അവകാശപ്പെടുമ്പോഴും എക്കാലത്തും കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കൊപ്പം മാത്രം നിലയുറപ്പിച്ചു പോന്നിരുന്ന ആ പത്രത്തെ കൊണ്ട് വേറിട്ടൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത് പ്രസ്തുത പത്രം 'രാഷ്ട്രീയ നാവിന്റെ വേലിചാട്ടം' എന്ന് വിശേഷിപ്പിച്ച തന്റെ നാവു ദോഷം തന്നെയായിരുന്നല്ലോ എന്നോർത്ത്. തികച്ചും അപ്രതീക്ഷിതമായി മനോരമയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ ' ആക്രമണം ' പക്ഷെ മറ്റൊരാളുടെ കൂടി സ്വപ്ങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നു. അത് മറ്റാരുമല്ല, മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ. എല്ലാ അർത്ഥത്തിലും കുറച്ചു കാലമായി തഴയപ്പെട്ടും ഒതുക്കപ്പെട്ടും സ്വയം ഒതുങ്ങിക്കൂടിയും കഴിഞ്ഞു പോന്നിരുന്ന ഉമ്മൻ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന് വേണ്ടിയുള്ള വീഥി ഒരുക്കൽ കൂടിയായിരുന്നില്ലേ 'രാഷ്ട്രീയ നാവിന്റെ വേലി ചാട്ടം' എന്ന മനോരമ എഡിറ്റോറിയൽ എന്നു ന്യായമായും സംശയിക്കാൻ പോന്ന വിധത്തിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. സൈഡ് ബെഞ്ചിൽ നിന്നും ഉമ്മൻ ചാണ്ടി മുന്നേറ്റ നിരയിൽ എത്തിയെന്നു മാത്രമല്ല ഗോൾ വര്‍ഷം നടത്തി, കാറ്റിലും കോളിലും പെട്ട് മുങ്ങിത്താഴാൻ പോകുന്ന യു ഡി എഫ് എന്ന കപ്പലിന്റെ കപ്പിത്താൻ ആകാൻ താൻ തന്നെ മികച്ചവൻ എന്നു തെളിയിക്കാനുള്ള പുറപ്പാടിലുമാണ്. ഇതറിയാൻ മനോരമ എഡിറ്റോറിയൽ വന്നതിനു തൊട്ടു പിന്നാലെ ഉമ്മൻ ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്ന അപ്രതീക്ഷിത മുന്നേറ്റങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. മെയ് വഴക്കം വന്ന ഒരു ഫുട്ബോളറെപ്പോലെ, അല്ലെങ്കിൽ ഒരു ബോക്സറെപ്പോലെ, അതുമല്ലെങ്കിൽ മികച്ച ഷോട്ടുകൾ പായിക്കുന്ന ഒരു ടെന്നീസ് കളിക്കാരനെപ്പോലെ ആയിരിക്കുന്നു ഇപ്പോൾ ഉമ്മൻ ചാണ്ടി.കേരളത്തിന്റെ രാഷ്ട്രീയ മൈതാനത്തു കുറച്ചുകാലമായി നിറഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സ്വന്തം ടീമിൽ ഉള്ളവരെപ്പോലും വിസ്മയിപ്പിക്കാൻ പോന്ന കളി പാടവമാണ് ഉമ്മൻ ചാണ്ടി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. മേൽ സൂചിപ്പിച്ചതു പോലെ കാറ്റിലും കോളിലും പെട്ട് ആടി ഉലഞ്ഞുകൊണ്ടിരുന്ന യു ഡി എഫ് കപ്പലിനെ തീരത്തടുപ്പിക്കാനുള്ള ഒരു ഭഗീരഥ ശ്രമം തന്നെ ഇപ്പോൾ ദൃശ്യമാണ്. കോൺഗ്രസിനെയും യു ഡി എഫിനെയും ബാധിച്ചിട്ടുള്ള സകലമാന രോഗങ്ങൾക്കും പോന്ന ഒറ്റമൂലി പ്രയോഗങ്ങളുമായാണ് ഉമ്മൻ ചാണ്ടി പുനരവതരിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ശൈലജ ടീച്ചർക്കെതിരെ അധിക്ഷേപ വര്‍ഷം നടത്തി സ്വയം പ്രതിരോധത്തിലായ മുല്ലപ്പള്ളിയെ സൈഡ് ബെഞ്ചിലേക്ക് മാറ്റിയതിനൊപ്പം രമേശ് ചെന്നിത്തലയേയും യു ഡി എഫ് കൺവീനർ ബെന്നി ബെഹ്‌നാൻ അടക്കമുള്ളവരെയും നിഷ്പ്രഭരാക്കാൻ പോന്ന മാസ്മരിക പ്രകടനം തന്നെയാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിയാൻ മനോരമ എഡിറ്റോറിയൽ വന്നതിനു തൊട്ടു പിന്നാലെ ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്താവനകൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ തിരിച്ചെത്തിക്കാൻ വൈകുന്നതിന്റെ പേരിൽ, അവർക്കു കോവിഡ് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ, കേരള കോൺഗ്രസ് -എമ്മിൽ പി ജെ ജോസഫും മാണി പുത്രൻ ജോസ് കെ മാണിയും തുടരുന്ന കലഹത്തിനെതിരെ തദ്ദേശ തിരെഞ്ഞെടുപ്പിൽ യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി നടത്താൻ ഉദ്ദേശിക്കുന്ന നീക്കുപോക്കുകളെക്കുറിച്, അങ്ങനെ അങ്ങനെ സ്വന്തം നിലക്കുള്ള ഇടപെടലുകളുമായി ഉമ്മൻ ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവം. സകലമാന വ്യാധിക്കും കാളൻ നെല്ലായി എന്നൊക്കെ പറഞ്ഞതുപോലെ എല്ലാറ്റിനും പ്രതിവിധിയുമായാണ് ഉമ്മൻ ചാണ്ടിയുടെ പുതിയ രംഗപ്രവേശം. ഉമ്മൻ ചാണ്ടിയുടെ ഈ രണ്ടാം വരവിന്റെ ക്രെഡിറ്റ് മനോരമക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറയുമ്പോഴും ഇത് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാക്കിയേക്കാവുന്ന പുതിയ പൊല്ലാപ്പുകൾ എന്തൊക്കെ ആയിരിക്കും എന്നതിനെ കുറിച്ച് സൈഡ് ബെഞ്ചിൽ ഇരുന്നിരുന്ന ഉമ്മൻ ചാണ്ടിയെ കളത്തിൽ ഇറക്കിയത് ഗുണമോ ദോഷമോ ചെയ്യുക എന്നത് കണ്ടു തന്നെ അറിയേണ്ട ഒന്നാണ്. ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്റെ കഴിവിൽ ഉള്ള സംശയം അല്ല മറിച്ച് കാലം തെറ്റി പെയ്യാറുള്ള മഴ വരുത്തി വെക്കാറുള്ള വിപത്തിനെക്കുറിച്ചു ചിന്തിച്ചു പോയത് കൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു സന്ദേഹം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories