TopTop
Begin typing your search above and press return to search.

ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രാജഭരണം തിരികെ കൊണ്ടുവരും, കൊട്ടാര സന്ദര്‍ശനത്തിനിടെ ഉമ്മന്‍ ചാണ്ടി കൊടുത്ത ഉറപ്പിന്റെ പൊരുള്‍ ഇതല്ലാതെ മറ്റെന്താണ്

ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രാജഭരണം തിരികെ കൊണ്ടുവരും, കൊട്ടാര സന്ദര്‍ശനത്തിനിടെ ഉമ്മന്‍ ചാണ്ടി കൊടുത്ത ഉറപ്പിന്റെ പൊരുള്‍ ഇതല്ലാതെ മറ്റെന്താണ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം തിരുവിതാംകൂർ രാജകുടുംബത്തിനു തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. വിധി വന്ന നിമിഷം മുതൽക്കു തന്നെ ഭക്തജനങ്ങളുടെ അഭിപ്രായം ആരായാതെ തന്നെ സ്വന്തം നിലക്ക് നമ്മുടെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അതിനെ സഹർഷം സ്വാഗതം ചെയ്യുന്നതാണ് കണ്ടത്. സുപ്രീംകോടതി വിധി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന 2011 ലെ ഹൈക്കോടതി വിധിക്കു എതിരായിട്ടുകൂടി അപ്പീൽ പോകേണ്ടതില്ലെന്ന സർക്കാരിന്റെ തീരുമാനത്തെ പക്ഷെ ഭക്തജന വികാരം ഭയന്ന് സർക്കാർ പിന്നോട്ടു പോയി എന്നാണ് ഭൂരിഭാഗം മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ശബരിമല വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ മാധ്യമങ്ങളും ചില കോൺഗ്രസ്, ബി ജെ പി നേതാക്കളും പ്രകടിപ്പിച്ച ഹര്ഷോന്മാദം പക്ഷെ പൊതുജനങ്ങളിൽ നിന്നും ഉയർന്നു വന്നതായി കണ്ടില്ല. അതേസമയം ജനാധിപത്യത്തിന് മേൽ വീണ്ടും രാജ ഭരണം അടിച്ചേൽപ്പിക്കുന്നുവെന്ന തരത്തിലുള്ള വിമർശം സമൂഹ മാധ്യമങ്ങളിലൂടെ ഏറെപ്പേർ ഉന്നയിച്ചതായും കണ്ടു. കോടതി വിധി പറയുകയും സർക്കാർ പ്രസ്തുത വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്ത സ്ഥിതിക്ക് ഇനി ഈ വിഷയത്തിൽ ആരെങ്കിലും എതിർ അഭിപ്രായം പറഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമുണ്ടെന്നു തോന്നുന്നില്ല.എന്നാൽ വിധി വന്നതിനു ശേഷം ഈ വിഷയവുമായി തന്നെ ബന്ധപ്പെട്ടു ഉണ്ടായിട്ടുള്ള ചില സംഭവ വികാസങ്ങൾ കാണാതെ പോകാനാവില്ല, പ്രത്യേകിച്ചും അതിന്റെ രാഷ്ട്രീയ മാനങ്ങൾ കണക്കിലെടുക്കുമ്പോൾ. സുപ്രീം കോടതി വിധി വന്നയുടൻ തന്നെ അതിനെ സഹർഷം സ്വാഗതം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൊട്ടടുത്ത ദിവസം തന്നെ കൊട്ടാരം സന്ദർശിച്ചു വിധിയിൽ തങ്ങൾക്കുള്ള സന്തോഷം മുഖദാവിൽ രേഖപ്പെടുത്തിയതും ക്ഷേത്രത്തിന്റെ ഭരണം രാജ കുടുംബത്തിനാണെങ്കിലും അതിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കണമെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ഇത് ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയ്തതിനെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. ഇരു നേതാക്കളും വെവ്വേറെയാണ് കൊട്ടാരം സന്ദർശിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ടു ചില പത്രങ്ങളിൽ വന്ന ഫോട്ടോകളിൽ നിന്നും വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. അതിനു മുൻപായി മലയാളത്തിലെ ഒരു മുൻ നിര പത്രം നേതാക്കളുടെ സന്ദർശനം സംബന്ധിച്ചു ലോക്കൽ, മെയിൻ പേജുകളിൽ നൽകിയ സചിത്ര റിപ്പോർട്ടുകളുടെ കൂട്ടത്തിൽ പെട്ട ഒരു സുപ്രധാന റിപ്പോർട്ടിൽ എന്തുകൊണ്ട് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് അനുവദിച്ചു കൊടുക്കുമ്പോൾ തന്നെ ക്ഷേത്ര നടത്തിപ്പിന്റെ ചെലവ് പൂർണമായും സർക്കാർ വഹിക്കണം എന്നതിനുള്ള ന്യായങ്ങൾ അക്കമിട്ടെന്ന വണ്ണം നിരത്തുന്നുണ്ട്. 'ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ഇനി നടത്തിപ്പിന്റെയും സുരക്ഷയുടെയും വൻ ബാധ്യത' എന്ന തലക്കെട്ടിൽ കൊടുത്തിട്ടുള്ള വാർത്ത ഇങ്ങനെ തുടങ്ങുന്നു .... ' ഭരണാവകാശം സംബന്ധിച്ച നിർണായക സുപ്രീംകോടതി വിധിക്കു പിന്നാലെ സുരക്ഷയുമായി ബന്ധപ്പെട്ട വൻ സാമ്പത്തിക ബാധ്യത ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തെ കാത്തിരിക്കുന്നു. നിലവറകളിൽ അമൂല്യമായ വൻ ധനശേഖരമുള്ള ക്ഷേത്രത്തിന്റെ സുരക്ഷാ ചെലവ് ഇനി ക്ഷേത്രം തന്നെ വഹിക്കുന്നതിനൊപ്പം ഈ ഇനത്തിൽ കേരള സർക്കാർ ഇതുവരെ മുടക്കിയ 11.7 കോടി രൂപ തിരിച്ചുനല്കണമെന്നും കോടതി വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനി സർക്കാർ എന്തു നിലപാടെടുക്കും എന്നതാണു നിർണായകം. യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേത്ര സുരക്ഷാ ചെലവ് ഏറ്റെടുക്കുമെന്നു കവടിയാർ കൊട്ടാരത്തിൽ രാജകുടുംബാoഗങ്ങളെ സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പു നൽകിയതോടെ ഇതൊരു രാഷ്ട്രീയ വിഷയമായും മാറുന്നു.'

വാർത്ത ഇവിടെ അവസാനിക്കുന്നില്ല. ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണു ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും നടത്തുന്നതെന്നും പ്രതിമാസ ശരാശരി വരുമാനം വെറും ഒന്നരക്കോടി രൂപയാണെന്നും ഇതിൽ നിന്നും ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്കു തന്നെ 1.25 കോടി വേണമെന്നും ലേഖകൻ വിസ്തരിച്ചു എഴുതിയിട്ടുണ്ട്. 'ചെലവേറിയ സുരക്ഷ' എന്ന ഉപശീര്‍ഷകത്തിനു ചുവട്ടിലായി എന്തൊക്കെ സുരക്ഷ സംവിധാങ്ങളാണ് നിലവിൽ ഉള്ളതെന്ന് സവിസ്തരം പ്രതിപാദിക്കുന്നതിനൊപ്പം പ്രസ്തുത സംവിധാനങ്ങളുടെ തുടർ പരിപാലനത്തിന് നല്ല ചെലവ് വരുമെന്നും പറയുന്നുണ്ട്. 'പ്രഖ്യാപനത്തിലൊതുങ്ങി കേന്ദ്ര വാഗ്‌ദാനം' എന്ന മറ്റൊരു ഉപശീര്‍ഷകത്തിനു കീഴിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിനായി 280 കോടി രൂപ 2015 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഇനിയും യാഥാർഥ്യമായില്ല എന്ന പരാതിയുമുണ്ട്.എത്രയെന്നു ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വലിയ ധനശേഖരം ഉണ്ടെന്നു പറയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സുരക്ഷക്ക് വലിയ ചെലവ് വരുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. പക്ഷെ അധികാരം ഞങ്ങൾക്ക് വേണം, ചെലവ് സർക്കാർ വഹിക്കുകയും വേണം എന്ന നിലപാട് അത്ര കണ്ടു സുഖകരമായി തോന്നുന്നില്ല. ഇനി മറ്റൊരു സുപ്രധാന കാര്യം ചെലവ് സർക്കാർ വഹിക്കണമെന്നൊന്നും രാജകുടുംബം ആവശ്യപ്പെട്ടതായി അറിവില്ലെങ്കിലും എല്ലാ ചെലവും സർക്കാർ വഹിക്കണമെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉറപ്പായും മൊത്തം ചെലവും വഹിക്കുമെന്നും ഉള്ള ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി രാജഭരണം തിരികെ കൊണ്ടുവരും എന്നു തന്നെയാണ് ഈ പ്രഖ്യാപനത്തിന്റെ പൊരുൾ. എന്നാൽ അതിനുമപ്പുറത്തു വിശ്വാസം, ആചാര അനുഷ്ഠാനം എന്നിവക്കൊപ്പം രാജഭക്തി കൂടി ഊതിക്കാച്ചിയെടുത്തു അടുത്ത ഭരണം പിടിക്കുക എന്നൊരു രാഷ്ട്രീയ ലക്‌ഷ്യം കൂടി ഈ പ്രസ്താവനയിൽ അടങ്ങിയിട്ടുണ്ട്. ഇനി അക്കാര്യം ആർക്കെങ്കിലും പിടികിട്ടിയില്ലെങ്കിൽ ഇതാ പിടിച്ചോ എന്ന അർത്ഥത്തിൽ തന്നെയാണ് മുകളിൽ പരാമർശിച്ച വാർത്തയിൽ 'ഇക്കാര്യത്തിൽ ഇനി സർക്കാർ എന്തു നിലപാടെടുക്കും എന്നതാണു നിർണായകം. യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേത്ര സുരക്ഷാ ചെലവ് ഏറ്റെടുക്കുമെന്നു കവടിയാർ കൊട്ടാരത്തിൽ രാജകുടുംബാoഗങ്ങളെ സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പു നൽകിയതോടെ ഇതൊരു രാഷ്ട്രീയ വിഷയമായും മാറുന്നു.' എന്ന ലേഖകന്റെ നിരീക്ഷണം.കോൺഗ്രസ് നേതാക്കളുടെ കൊട്ടാരം സന്ദർശനവും ഉമ്മൻ ചാണ്ടി വക രാജകുടുംബത്തിനുള്ള ഉറപ്പും വലിയ വാർത്തയാക്കിയതിനൊപ്പം സുപ്രീംകോടതി വിധിയിൽ ആഹ്ളാദം രേഖപ്പെടുത്തുന്നതിനൊപ്പം തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്ര, സാംസ്കാരിക പൈതൃകം വാഴ്ത്തിപ്പാടുന്ന ഒരു ഗംഭീര മുഖപ്രസംഗവും വെച്ചു കാച്ചിയിട്ടുണ്ട് ഇതേ പത്രം. 'വിശ്വാസത്തിന് അടിവര' എന്ന ശീർഷകത്തിൽ പ്രത്യക്ഷപ്പെട്ട മുഖപ്രസംഗത്തിൽ നിന്നും പത്രത്തിന്റെ നടത്തിപ്പുകാർ നാളിതുവരെ തുടർന്നുപോന്നിരുന്ന രാഷ്ട്രീയ നിലപാടിൽ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ലെന്നു 'അടിവര' യിട്ടു പറയുമ്പോൾ എല്ലാം വ്യക്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories