TopTop
Begin typing your search above and press return to search.

തരൂരിനെതിരെ 'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷന്‍', അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും, കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ കളിയുമായി 'എ' ഗ്രൂപ്പ്

തരൂരിനെതിരെ ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷന്‍, അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും, കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ കളിയുമായി എ ഗ്രൂപ്പ്


പാർട്ടിയെ സമൂലമായി അഴിച്ചു പണിയണമെന്നും പാർട്ടിക്ക് ഒരു മുഴുവൻ സമയ പ്രസിഡന്റ് വേണമെന്നും ഒക്കെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു 23 നേതാക്കൾ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ ഉണ്ടായ തീയും പുകയും ചെറുതൊന്നുമായിരുന്നില്ല. കത്ത് നൽകിയവർ പാർട്ടിയെ സ്നേഹിക്കുന്നവരല്ല, ശത്രുവിനെ സഹായിക്കാൻ ശ്രമിക്കുന്നവരാണെന്ന കണ്ടെത്തലിലേക്കു സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സ്തുതിപാഠകരും എത്തിയതോടെ ശിക്ഷ നടപടിക്കും താമസമുണ്ടായില്ല. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം നിർദ്ദേശിച്ച നേതാക്കളെ മാറ്റി രാജ്യ സഭയിലെയും ലോക് സഭയിലെയും തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ ഔദ്യോഗിക നേതൃത്വവുമായി ചേർന്നു നിൽക്കുന്നവരെ ഉൾപ്പെടുത്തി പാർട്ടിയുടെ നിയന്ത്രണം താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയിൽ തന്നെ ഉറപ്പിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചേർന്നു. അങ്ങനെ ദേശീയ തലത്തിൽ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം പരാജയപ്പെട്ട ഒരു കൊട്ടാര വിപ്ലവമായി പരിണമിച്ചു. കത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ് , മനീഷ് തിവാരി എന്നിവരെ തീർത്തും തഴഞ്ഞുകൊണ്ടായിരുന്നു അധ്യക്ഷ സ്ഥാനത്തു തുടരാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായതിനു തൊട്ടു പിന്നാലെ രാജ്യ സഭയിൽ പാർട്ടിയെ നയിക്കാൻ തന്റെ വിശ്വസ്തരെ ഉൾപ്പെടുത്തിക്കൊണ്ടും ലോക് സഭയിൽ മുതിർന്ന അംഗങ്ങളെ തഴഞ്ഞുകൊ
ണ്ടും
രണ്ടു യുവ എം പി മാരെ പ്രൊമോട്ട് ചെയ്തതും. രാജ്യസഭയിൽ കോൺഗ്രസിനെ നയിക്കാനായി പുതുതായി രൂപീകരിക്കപ്പെട്ട സമിതിയിൽ സോണിയയുടെ വിശ്വസ്തരായ കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, ജയറാം രമേശ് എന്നിവർ നിയോഗിക്കപ്പെട്ടപ്പോൾ തഴയപ്പെട്ടത് മുതിർന്ന നേതാവും യു പി എ മന്ത്രി സഭയിൽ അംഗവുമായിരുന്ന കപിൽ സിബൽ മാത്രമായിരുന്നില്ല രാജ്യ സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദും ഡെപ്യൂട്ടി ലീഡർ ആനന്ദ് ശർമയും കൂടിയാണ്. ലോക് സഭയിലാവട്ടെ നരേന്ദ്ര മോദി സർക്കാരിനും ബി ജെ പി ക്കുമെതിരെ കോൺഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്ന ശശി തരൂരിനെയും മനീഷ് തിവാരിയെയും തഴഞ്ഞുകൊണ്ടാണ് ഗൗരൗവ് ഗൊഗോയിയും റാവ്‌നീത് സിംഗ് ബിട്ടുവും സ്ഥാനം പിടിച്ചത്.

പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന സദുദ്ദേശത്തോടുകൂടിയും തികച്ചും ജനാധിപത്യമായ രീതിയിലും തങ്ങൾ നടത്തിയ ഇടപെടലിനെ അമ്മയും മകനും അവരുടെ സ്തുതിപാഠകരും ചേർന്ന് ദുർവ്യാഖ്യാനം ചെയ്തുവെന്ന പരാതി കത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കുണ്ട്. തങ്ങൾ കത്തിൽ നിർദ്ദേശ വിഷയങ്ങളിൽ പാർട്ടി നേതൃത്വം ഒന്നും ചെയ്തില്ലെന്നും കത്തെഴുതിയതിന്റെ പേരിൽ തങ്ങളെ വളഞ്ഞിട്ടു ആക്രമിച്ചപ്പോൾ നേതൃത്വം കൈയും കെട്ടി നോക്കിയിരുന്നെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പ്രസ്താവനയിൽ നിന്നും ഇത് വ്യക്തമാണ്.

ദേശീയ തലത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല കത്തെഴുതിയ നേതാക്കൾക്കെതിരെയുള്ള ആക്രമണം. കത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ശശി തരൂരും ഉൾപ്പെടുന്നു എന്നതിനാൽ തരൂരിനെ പരസ്യമായി വിമർശിച്ചും അധിക്ഷേപിച്ചും ചില കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കത്തിൽ ഒപ്പുവെച്ച 23 പേരിൽ ഒരാൾ കേരളത്തിൽ നിന്നു തന്നെയുള്ള മുതിർന്ന നേതാവ് പി ജെ കുര്യൻ ആയിരുന്നിട്ടുകൂടി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ശശി തരൂരിനെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയുണ്ടായി. എം പി മാരായ കൊടിക്കുന്നിൽ സുരേഷും കെ മുരളീധരനും തരൂരിനെ അധിക്ഷേപിക്കാനും മടിച്ചില്ല. 'വിശ്വ പൗരൻ ' എന്ന വിശേഷണത്തെ പിടിച്ചായിരുന്നു മുരളീധരന്റെയും കൊടിക്കുന്നിലിന്റെയും ആക്രമണം. ഞങ്ങളാരും ശശി തരൂരിനെപ്പോലെ വിശ്വ പൗരന്മാർ അല്ലെന്നും എതിരാളികൾക്ക് വടി കൊടുക്കുന്നതുപോലുള്ള നടപടിയാണ് കത്ത് നൽകിയ നേതാക്കൾ ചെയ്തതെന്നും ആയിരുന്നു മുരളീധരന്റെ പ്രതികരണം. എന്നാൽ കൊടിക്കുന്നിൽ ഒരു പടികൂടി കടന്നു ' വിശ്വ പൗരൻ' ആണെന്നു കരുതി എന്തും വിളിച്ചുപറയരുതെന്നും തരൂർ രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കോൺഗ്രസിൽ തരൂർ വെറുമൊരു ഗസ്റ്റ് ആർട്ടിസ്റ്റ് മാത്രമാണെന്നുമൊക്കെ പറഞ്ഞുകളഞ്ഞു. ഇതോടെ തരൂരിനെ അനുകൂലിച്ചും കോൺഗ്രസിൽ നിന്നു തന്നെ ചിലർ രംഗത്ത് വന്നു. പാർലമെന്റിനകത്തും പുറത്തും എതിരാളികളാൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന തരൂരിനെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ വിമർശനം ചൊരിയുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നവരിൽ എം എൽ എ മാരായ പി ടി തോമസും ശബരീനാഥനും ഉണ്ടായിരുന്നു. കാര്യങ്ങൾ പിടിവിട്ടുപോകുന്നു എന്നു തോന്നിയതുകൊണ്ടുകൂടിയാവാം പരസ്യ വിമർശനങ്ങൾ വിലക്കിക്കൊണ്ട് ഒടുവിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തുവന്നത്.

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം നെഹ്‌റു - ഗാന്ധി കുടുംബത്തിനെതിരെ ശബ്ദമുയർത്തിയ ആൾ എന്ന നിലയിൽ ദേശീയ തലത്തിൽ പോലും വിമർശിക്കപ്പെട്ട ശശി തരൂരിനെ പ്രതിരോധിക്കാൻ എന്തുകൊണ്ട് കേരളത്തിൽ നിന്നും ചിലർ തയ്യാറായി എന്നതാണ്. യുവ എം എൽ എ ശബരീനാഥൻ അവകാശപ്പെടുന്നതുപോലെ അത് കേവലം പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളിൽ എടുത്ത മോദി വിരുദ്ധ, ബി ജെ പി വിരുദ്ധ നിലപാടുകളുടെ പേരിൽ മാത്രമാണോ? അതോ ശബരീനാഥനു തന്നെ തരൂർ പുലർത്തുന്നുവെന്നു വാഴ്ത്തുന്ന നെഹ്രുവിയൻ കാഴ്ചപ്പാടിന്റെയോ, ദേശീയതയെ ശരിയായി നിർവചിക്കുന്നു എന്നതിന്റെ പേരിലോ, ഭാവി ഇന്ത്യക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പേരിലോ, യുവതയുടെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്ന ഒരു നേതാവ് എന്നതിന്റെ പേരിലോ, മാത്രമാണോ? മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഒരു പക്ഷെ ശശി തരൂരിന്റെ പേരുമായി കൂട്ടിവായിക്കാൻ പോന്നതാണെങ്കിലും കേരളത്തിലെ കോൺഗ്രസ് പാർട്ടി എത്തിനിൽക്കുന്ന ഒരു പ്രത്യേക അവസ്ഥാവിശേഷത്തിലേക്കു കൂടി വിരൽ ചൂണ്ടാൻ പോന്ന മറ്റൊന്നുകൂടിയുണ്ട് ഇപ്പോൾ ഉയരുന്ന തരൂർ അനുകൂല ശബ്ദങ്ങൾക്ക് പിന്നിലെന്നു തോന്നുന്നു.

കെ കരുണാകരനെയും എ കെ ആന്റണിയുടെയും കാലത്തു കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പിസം ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ രൂപവും ഭാവവും ഏറെ മാറിപ്പോയിരിക്കുന്നു. ഡൽഹി രാഷ്ട്രീയത്തിൽ സജ്ജീവമായതോടെ ആന്റണി ഗ്രൂപ്പില്ലാ നേതാവ് ചമയാൻ ആരംഭിച്ചെങ്കിലും പഴയ ' എ ' കോൺഗ്രസിനെ ഉമ്മൻ ചാണ്ടി സജീവമാക്കി തന്നെ നിലനിറുത്തിപ്പോന്നിരുന്നു. 'ഐ ' ഗ്രൂപ്പാവട്ടെ ഒരിക്കൽ രണ്ടായി മാറിയെങ്കിലും വിശാല ' ഐ ' എന്ന ലേബലിൽ വീണ്ടും ഒന്നായെന്ന പ്രതീതി ജനിപ്പിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കീഴിൽ സജീവമായി രംഗത്തുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയിൽ കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കുന്ന കെ സി വേണുഗോപാലിന്റെ വകയായി വേറിട്ടൊരു 'ഐ ' ഗ്രൂപ്പും അത്ര കരുത്തില്ലെങ്കിലും കേരളത്തിലുണ്ട്.

സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ഗുണമൊന്നും ഇല്ലെങ്കിലും പൊതു തിരഞ്ഞെടുപ്പും സംഘടനയിലെ സ്ഥാനമാനങ്ങളുടെ വീതം വെപ്പുമൊക്കെ വരുമ്പോൾ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം കൂടുതൽ സജീവമാകും. എന്നാൽ അടുത്തകാലത്തായി ' എ ' ഗ്രൂപ്പിനുമേൽ ' ഐ ' ഗ്രൂപ്പ് മേൽക്കൈ നേടിയ അവസ്ഥയാണുള്ളത്. ഇതൊരു പക്ഷെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും ഉമ്മൻ ചാണ്ടിയെ അലട്ടുന്നതുകൊണ്ടുകൂടിയാവാം. തദ്ദേശ, നിയമ സഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ സജീവമാകാൻ ഉമ്മൻ ചാണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും കെ സി വേണുഗോപാൽ കേന്ദ്രത്തിൽ പിടിമുറുക്കുകയും ആന്റണി 'വിശുദ്ധ ' വേഷം തുടരുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര രാഷ്ട്രീയത്തിൽ കരുത്തനായ ഒരു നേതാവിന്റെ ആവശ്യകത കേരളത്തിലെ 'എ ' ഗ്രൂപ്പിന് വന്നുചേർന്നിരിക്കുന്നു എന്നത് കാണാതെ പോകാനാവില്ല. കത്തെഴുതുക വഴി ശശി തരൂർ നെഹ്‌റു - ഗാന്ധി കുടുംബത്തിന് തല്ക്കാലം ശത്രുവായി മാറിയെന്നു കണക്കാപ്പെടുമ്പോഴും അയാളെ പൂർണമായും തള്ളിക്കളയാൻ ഈ ഘട്ടത്തിൽ സോണിയ ഗാന്ധി തയ്യാറാവില്ല എന്നൊരു കണക്കുകൂട്ടൽ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ ശക്തമാണ്. ആ നിലക്ക് ഇപ്പോഴത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ ശശി തരൂരിന് ഒരു കൈത്താങ്ങു നൽകിയാൽ അത് ഭാവിയിൽ ഗുണം ചെയ്യുമെന്ന ഒരു പൊതുവികാരം ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തോട് അടുത്തു നിൽക്കുന്നവർക്കും ഉണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ തന്നെ വിശ്വസ്തനായ ഒരു നേതാവ് ഇത് സംബന്ധിച്ച് നൽകുന്ന സൂചന.
*തരൂര്‍ ഉപയോഗിച്ച ഒരു വാക്ക്. Floccinaucinihilipilification-The action or habit of estimating something as worthless


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories