TopTop
Begin typing your search above and press return to search.

ജാതിവാലിന്റെ ചരിത്രവും വലിപ്പവും - സ്റ്റോറി ഓഫ് വാൽ

ജാതിവാലിന്റെ ചരിത്രവും വലിപ്പവും - സ്റ്റോറി ഓഫ് വാൽ

ചില സമയത്ത് ഫേസ്ബുക്കിൽ ഓരോ ഇഷ്യൂവിന്റെ പുറകെ ആളുകൾ ഓടുന്നത്, ജല്ലിക്കെട്ട് സിനിമയിൽ മനുഷമ്മാര് അന്ത പോത്തിന്റെ പുറകെ ഓടുന്നത് പോലാണ്.

വാളയാർ കുട്ടികൾക്ക് നീതി കിട്ടാനുള്ള കാമ്പയിൻ പോലെ വളരെ നല്ല കാര്യങ്ങൾ ഉണ്ട്; സംശയമില്ല.

അതിന്റെ കൂടെ, അപമാനിക്കപ്പെട്ട നടന്റെ ആത്മാർത്ഥമായുള്ള വികാരപ്രകടനം, നമ്മളെയും വികാരം കൊള്ളിച്ചു - ശരി. അതിന് കാരണക്കാരായ ആളുകളോട് രോഷം തോന്നി - അതും ശരി.

എന്നാൽ ഇതും ജാതിയും ജാതിവാലും നമ്മൾ കപ്പപ്പുഴുക്കിൽ മീഞ്ചാർ കുഴക്കുന്നത് പോലെ കുഴച്ച്; ഇപ്പൊ വാലുള്ളവരെയും ഇല്ലാത്തവരെയും ഒക്കെ നമ്മൾ കപ്പക്കോൽ ഊരിയെടുത്ത് കണ്ണുമടച്ച് അടി തുടങ്ങി - തെറ്റ്.

എന്റെ മാത്രം അഭിപ്രായമാണ്. ആ കപ്പക്കോൽ വച്ച് ദേ - എന്റെ പൊറത്തോട്ട് ചാമ്പിക്കോ - മ്... വേഗം.

ഒന്നുമില്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ലിബറൽ ചിന്താഗതിയുള്ള, ജാതിവാൽ ഉള്ള എല്ലാവരെയും എതിർചേരിയിലേക്ക് തള്ളിയിടുന്ന പരിപാടി ആയിപ്പോയി അത്.

അതുപോട്ടെ. ഞാൻ പറയാൻ പോകുന്നത് മറ്റൊരു വിഷയമാണ്.

ഈ ജാതി എന്നാൽ ആത്യന്തികമായി, ആഴത്തിൽ, അതിന്റെ കടവേര് തപ്പിയാൽ എന്താണ്? പുറമെ കാണുന്ന കപ്പച്ചെടിയുടെ മൂട് മാന്തിയാൽ എന്ത് കിട്ടും?

ആളുകളെ ഇത്ര പ്രകോപിതരാക്കാൻ, വിക്ഷുബ്ധമാക്കാൻ മാത്രം ഇപ്പോഴും ഇതിനു പ്രസക്തി ഉണ്ടോ?

പഴേ തലമുറകളുടെ ചരിത്രം നമ്മെ അത്ര കണ്ടു ബാധിക്കുമോ?

വളരെ ചുരുക്കി പറയാൻ നോക്കാം. നമുക്ക് ഏകദേശം ഉറപ്പാണ് എന്നുള്ള കാര്യങ്ങൾ മാത്രം ആദ്യം പറയാം.

ഒന്നാമതായി മനസ്സിലാക്കേണ്ടത്, മൂവായിരഞ്ഞൂറ്, നാലായിരം കൊല്ലം മുൻപ്, സംസ്കൃത ഭാഷ പറഞ്ഞിരുന്ന ഇൻഡോ - യൂറോപ്യൻ വംശജർ (നല്ല വെളുത്തവർ ) ഇന്ത്യയിലേക്ക് കൂട്ടം കൂട്ടമായി വന്നു എന്നതാണ്. ഇവിടെയുണ്ടായിരുന്ന ദ്രവീഡിയൻ ഭാഷ സംസാരിക്കുന്ന ആളുകളുമായി അവർക്ക് സമ്പർക്കം ഉണ്ടായി, സംസ്കാരങ്ങൾ തമ്മിൽ ലയിച്ചു. (ങേ, അതല്ലേ ഞങ്ങൾ പൊളിച്ചടുക്കിയ തിയറി - ഈ സംശയമുള്ളവർ, എന്റെ

'ഹിന്ദി വന്ന ജനിതകവഴി'

എന്ന ലേഖനവും അതിലെ റെഫറൻസസും വായിക്കാൻ അപേക്ഷ-- പ്ലീസ്. പഠിച്ചിട്ട് ബീമർശിക്കൂ സഹോ. ഇതിൽ അധിനിവേശം, തേങ്ങാ മാങ്ങാ ഒന്നും തിരയേണ്ട. കുറെ കാലമായി. ദ്രവീഡിയൻ ഭാഷയും ഒരു വരുത്തൻ ആയിരിക്കാൻ സാധ്യത ഉണ്ട്: - അത് വായിക്കൂ)

മൂവായിരത്തഞ്ഞൂറ്, നാലായിരം കൊല്ലം മുൻപേ ഉള്ള ഋഗ്വേദത്തിൽ തന്നെ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ എന്നീ വർണങ്ങൾ പരാമർശിച്ചിട്ടുണ്ട്. എന്നാൽ നാലാം ശ്രേണിയായി പറഞ്ഞിരിക്കുന്നത്, ദാസാ, അഥവാ ദസ്യു എന്ന പേരാണ്. ഇൻഡോ - യൂറോപ്യൻ അഥവാ ആര്യൻ അല്ലാത്ത ആളുകളെയാണ് ഇത് കൊണ്ട് ദ്യോതിപ്പിക്കുന്നത് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

എന്നാൽ, അഥർവവേദം ആയപ്പോഴേക്കും (കുറെ നൂറ്റാണ്ടുകൾ കഴിഞ്ഞു) ഇവ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര അങ്ങനെ ആയി. ഇതിൽ പെടാത്ത, ഇതിലും താഴെയുള്ള കുറെ ഗ്രൂപ്പ് ആളുകളും ഉണ്ടായി.

നൂറ് ബി.സിയിൽ ഉള്ള മനു സ്മൃതിയിൽ ജാതികൾ ഉണ്ട്. വർണങ്ങൾ പിന്നെയും ജാതികളായി പിരിഞ്ഞു. തമ്മിൽ വിവാഹബന്ധം പാടില്ല എന്ന് മനുസ്മൃതി അർത്ഥശങ്കയ്ക്ക്‌ ഇടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്.

പോപുലേഷൻ ജെനെറ്റിക്സ് എന്ന ശാസ്ത്രശാഖയാണ്, ഇന്ത്യൻ ചരിത്രാതീത കാലത്തേക്ക് ഇപ്പോൾ ടോർച്ച് അടിച്ചു കൊണ്ടിരിക്കുന്നത്. (വീണ്ടും - ഹിന്ദി വന്ന ജനിതക വഴി വായിക്കുക). അത് പ്രകാരം ഉള്ള കണ്ടെത്തലുകൾ വളരെ പ്രധാനമാണ്.

ഇന്ത്യൻ പോപ്പുലേഷനില്‍ മൊത്തം മിക്സിങ് ഉണ്ട്. എന്നാൽ അതിൽ ചില പാറ്റേണുകൾ ഉണ്ട്.

നോർത്ത് ഇന്ത്യയിൽ, ഇൻഡോ-യൂറോപ്യൻ മിക്സിങ് കൂടുതലാണ്. സൗത്തിലേക്ക് വരുംതോറും മിക്സിങ് കുറഞ്ഞു കുറഞ്ഞു വരുന്നു. (ഇന്ത്യൻ ക്ളിൻ എന്ന് പറയും -Indian cline)

ഇൻഡോ-യൂറോപ്യൻ ആണുങ്ങളിൽ നിന്ന് ദ്രവീഡിയൻ പെണ്ണുങ്ങളിലേക്കണ് കൂടുതൽ മിക്സിങ്ങും നടന്നിട്ടുള്ളത്.

ഉയർന്ന ജാതികളിൽ ഇൻഡോ-യൂറോപ്യൻ മിക്സിങ് കൂടുതലാണ്. ജാതിശ്രേണിയിൽ താഴ്ന്നു വരും തോറും മിക്സിങ് കുറഞ്ഞു വരും. സൗത്തിലും ഇങ്ങനെ തന്നെ.

ജാതികൾ തമ്മിൽ ചുരുക്കം മിക്സിങ് നടന്നിട്ടുണ്ട്. അതും, ഉയർന്നജാതി ആണുങ്ങളിൽ നിന്നും താഴ്ന്ന ജാതി പെണ്ണുങ്ങളിലേക്കാണത്.

എ.ഡി നൂറ്, ഇരുനൂറ് ആയപ്പോഴേക്കും ജാതികൾ ഉറച്ചു. പിന്നെ മിക്സിങ് വളരെ കുറവേ നടന്നിട്ടുള്ളൂ. അതായത് ഏകദേശം നൂറ് തലമുറകൾ മിക്സിങ് ഇല്ലാതെ ഇവിടെ ഉണ്ടായിട്ടുണ്ട്.

ഒരേ ഇന്ത്യൻ ഗ്രാമത്തിലുള്ള രണ്ടു ജാതികൾ തമ്മിൽ, ഒരു നോർത്ത് യൂറോപ്യനും സൗത്ത് യൂറോപ്യനും ഉള്ളതിനേക്കാൾ ജനിതക വ്യത്യാസം ഉണ്ടായേക്കാം. അപ്പൊ ജാതി ഇന്നത്തെ ഇന്ത്യയിൽ ഉണ്ടോ - ഉണ്ട്.

നായിഡു, റാവു, പട്ടേൽ, സിങ്, ശർമ്മ, പണ്ഡിറ്റ്, മീണ, മോദി ഒക്കെ ജാതിപ്പേരുകളാണ്. മേനോൻ, ഈഴവ, നസ്രാണി മാപ്പിള, ജോനക മാപ്പിള, ഒക്കെ ജാതിപ്പേരുകളാണ്.

സുറിയാനി ക്രിസ്ത്യാനികൾ ഒരു ജാതി ഗ്രൂപ്പാണ്. ക്രിസ്ത്യൻ സ്വത്വം പോർട്ടുഗീസുകാരുടെ വരവോടെയാണ് ഉണ്ടായിട്ടുള്ളത്, (പ്രധാനമായും ).

സ്വന്തം ജാതിയിൽ നിന്ന് മാത്രമേ കല്യാണം സമൂഹം സമ്മതിക്കാറുള്ളൂ. ഇതിൽ ഹിന്ദു ജാതികളെക്കാളും പല മടങ്ങ് പിന്തിരിപ്പനാണ് ക്രിസ്ത്യൻ ജാതികളും മുസ്ലീങ്ങളും.

പ്ലീസ് നോട്ട്:

ഈ ജാതിവ്യവസ്ഥ ഒരു ചരിത്രകുറ്റം തന്നെയാണ്. ഇപ്പോൾ ഉള്ള താഴ്ന്ന ജാതിയിൽ എന്ന് പറയപ്പെടുന്നവർ ഇരകൾ തന്നെയാണ്. എന്നാൽ ഇപ്പോൾ ഉള്ള മേൽജാതിക്കാർ വേട്ടക്കാർ അല്ലേയല്ല. ഇങ്ങനത്തെ ചിന്തകൾ കൊണ്ട്, ജാതി ഒരിക്കലും പോവാൻ പോകുന്നുമില്ല.

അറേഞ്ചഡ് കല്യാണങ്ങളാണ് ജാതിയെ നിലനിർത്തുന്നത്. ഇത് പോവണമെങ്കിൽ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാവുന്ന സ്വജാതി പക്ഷഭേദം പോവുമ്പോള്‍ മാത്രമേ നടക്കൂ.

ഇത്രകാലം പഴക്കമുള്ള ഈ സംഭവം കൊണ്ട്, ഇപ്പോഴും ചിലർക്ക് മേൽക്കൈ ഉണ്ടാകുമോ? ഇപ്പൊ അവസരങ്ങൾ തുല്യമല്ലേ?

മേൽക്കൈ ഉണ്ടാകും. പക്ഷെ അതിനെപ്പറ്റി വേറൊരു ലേഖനം വേണ്ടി വരും.

അപ്പൊ മതവും ജാതിയും ഒന്നാണോ? അല്ല. പക്ഷെ എന്റെ ഗോത്രം, നിന്റെ ഗോത്രം എന്നത് നിർണയിക്കുന്ന ഒരു പ്രധാന കാര്യം ആരെ കല്യാണം കഴിക്കാം എന്നതാണ്. അതായത്, മതവ്യത്യാസം, ജാതിവ്യത്യാസം, ക്ളാസ് വ്യത്യാസം ഒക്കെ ഒരുതരം വംശീയതയാണ്. ചില പൊതുവായ മനുഷ്യസ്വഭാവത്തിന്റെ ഭാഗങ്ങൾ ആണിവ. പിന്നെ ഉണ്ടായ ചില മതങ്ങളിൽ വന്ന ഒരു പുതിയ സംഭവമാണ് ഈ മതംമാറ്റം.

അപ്പൊ നമ്മുടെ ജാതിവ്യവസ്ഥയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ?

- ഇത്രയും കാലം, ഇത്രയും തലമുറകളിൽ ഇത്രയും നിഷ്ഠയോടെ ഇത് അടിച്ചേല്പിക്കപ്പെട്ടത്.

- ഈ ശ്രേണീകൃത അസമത്വം താരതമ്യേന സമാധാനപരമായി എല്ലാവരും ഇത്രയും കാലം സഹിച്ചു കൊണ്ടിരുന്നത്.

- ചില ജോലികൾ, നിഷ്ഠകൾ എന്നിവയും ജാതിയുമായുള്ള ബന്ധം.

References :

1.Book- Who we are and how we got here- David Reich.

2.Book- Early Indians- Tony Joseph.

3.Genetic evidence on the origins of Indian Caste populations- Michael Bamsgad et al, Genome Research, June, 2001.

4. Complex genetic origin of Indian populations and its implications,- Tamang R, Singh et al. Journal of bioscience, Nov, 2012.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories