TopTop
Begin typing your search above and press return to search.

കുട്ടിക്കാലത്തിന്റെ തടവുകാർ; മുറിവുകളുടെയും

കുട്ടിക്കാലത്തിന്റെ തടവുകാർ; മുറിവുകളുടെയും

സ്വന്തം മുറിവുകൾ മനസിലാക്കാത്ത സമൂഹം മറ്റുള്ളവരിൽ മുറിവേല്‍പ്പിക്കും; പ്രേത്യേകിച്ച് കുട്ടികളിൽ എന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞ ഡോ. ആലീസ് മില്ലർ അവരുടെ പുസ്തകങ്ങളിലൂടെ പറയുന്നുണ്ട്. കുട്ടിക്കാലത്തിന്റെ തടവുകാർ എന്ന പുസ്തകത്തിൽ കുട്ടിക്കാലത്ത് നാമേർപ്പെട്ട പലതരം വഴക്കുകൾ, ദ്രോഹങ്ങൾ, അക്രമങ്ങൾ ഒക്കെ നമ്മളെ എങ്ങനെ രൂപപ്പെടുത്തുമെന്നും, വലുതാകുമ്പോൾ നമുക്ക് ഇതൊക്കെ തന്നെ നമ്മുടെ കുട്ടികളോടും ചെയ്യാൻ പറ്റുമെന്നും അവര്‍ പറയുന്നു. മേല്‍പ്പറഞ്ഞവ ശാരീരികമായ മുറിവുകൾ മാത്രമല്ല കേട്ടോ. വളരെ ആഴത്തിലുള്ള മുറിവുകൾ പലപ്പോഴും മനസിലാണ് കിടക്കുന്നത്. അതിനെ കണ്ടെത്തി സുഖപ്പെടുത്തുക എന്നുള്ളത് മുതിർന്ന ഒരോരുത്തരുടേയും കടമയാണ്.

നല്ല പണിയാണ്; വെറുതെ ഇരിക്കുന്നവരോട് പഴയ മുറിവുകൾ വീണ്ടും കുത്തിയെടുക്കാൻ പറയുന്നത്. പക്ഷെ ഒരു കാര്യം നമ്മൾ അമ്ഗീകരിച്ചേ പറ്റൂ. ഒരു മുറിവും 'വെറുതെ' ഇരിക്കുന്നില്ല. പല രീതിയിൽ അത് നമ്മളെയും കൂടെയുള്ളവരെയും നല്ലവണ്ണം വിഷമിപ്പിക്കുന്നുണ്ട്. വളർന്നു വരുന്ന കുട്ടികൾ നമ്മളിലെ ഉണങ്ങാത്ത മുറിവുകള്‍ കാണുന്നുണ്ട്. അതിനെ സുഖപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നില്ലല്ലോ എന്ന് പരാതി പറയുന്നുണ്ട്. ഇത് സ്വന്തം കുട്ടികളുള്ളവരുടെ കാര്യം മാത്രമല്ല. എന്നെപ്പോലെയുള്ള ടീച്ചർമാരെയും വിദ്യാർത്ഥിനികൾ നിരീക്ഷിക്കുന്നുണ്ട്. ഇനിയും മുറിവുകളെ കാണാതെ ഇരുന്നിട്ട് കാര്യമില്ല.

ഞാൻ പറയുന്ന മുറിവുകൾ ആഴത്തിൽ ഒളിഞ്ഞിരിക്കുന്നവയാണ്. തൊലിപ്പുറത്തുള്ളവയല്ല. പിന്നെ, ഇത് ഓൾറെഡി സ്വാർത്ഥരായവരെക്കുറിച്ചുമല്ല.

ഈ ഒച്ചകളുടെയും ചലപിലയുടെയും നടുവില്‍ നിന്ന് ഒന്ന് മാറി ഒറ്റക്കിരിക്കിരുന്നിട്ട് ഒന്നാലോചിച്ചു നോക്കൂ. എന്താണ് എന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന കാര്യം? എന്താണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം? എന്താണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്?

ഒരാൾ അയാളുടെ വേദന, അനുഭവം പറയുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്ര ദേഷ്യം വരുന്നത്?

ഇനിയെങ്കിലും ഒരു നല്ല മനുഷ്യ ജീവിയാവണ്ടേ? കാലം കുറേ ആയില്ലേ?

"പിന്നെ, ഈ കെട്ടകാലത്ത് നല്ലത് വെറുതെ ചിന്തിച്ചാൽ തന്നെ പണികിട്ടുന്നുണ്ട്. കൂടുതലൊന്നും ചിന്തിക്കേണ്ട. അതാണ് നല്ലത്".

(ഈ ഡയലോഗുകൾ പറയുന്ന ആളെ സൂക്ഷിച്ചോ. നല്ലകാലം വരാൻ ഇഷ്ടമില്ലാത്ത ടീമാണ്).

സത്യം പൊതുവെ സുഖകരമല്ല. എളുപ്പമല്ല. എന്നും പറഞ്ഞ്, അങ്ങനെ വിടാൻ പറ്റുമോ?

നല്ല പാടാണ്. പണിയാണ്. പക്ഷെ വേദനകൾ പൊറുക്കപ്പെടണം.

കാരണം, ലോകം നമ്മളിൽ അവസാനിക്കുന്നില്ല.

കുട്ടികളോടുള്ള നമ്മുടെ ക്രൂരതയെക്കുറിച്ച് ആലീസ് മില്ലർ വിശദീകരിക്കുന്ന കാര്യങ്ങൾ പറഞ്ഞു നിർത്തട്ടെ. കുട്ടികളെ തല്ലുന്നത് കൂടാതെ, അവരെ ബഹുമാനിക്കാതിരിക്കുന്നതും നാണംകെടുത്തുന്നതും കുഴപ്പിക്കുന്നതും ലൈംഗികമായി ഉപയോഗിക്കുന്നതുമെല്ലാം ഒരു പോലെ അവരെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇതിനൊപ്പം ഞാൻ മനസിലാക്കിയത്, ഇത്തരം വളർത്തലുകൾ മൂലം അവർക്ക് തങ്ങളോടു തന്നെയുള്ള ബഹുമാനം നഷ്ടമാവുകയും പിന്നീടങ്ങോട്ട് അവരവരിൽ തന്നെ ഒരു അധികാരം ഇല്ലാതെയായിത്തീരുകയും ചെയ്യുന്നു. അതാണ് ഏറ്റവും കഷ്ടം. ജീവിതത്തിൽ ഒരു പിടിത്തം കിട്ടാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. തന്റെ അവസ്ഥ തിരിച്ചറിയുന്നിടത്ത് സുഖപ്പെടൽ തുടങ്ങുമെങ്കിലും, ആ പ്രക്രിയ വളരെ വേദനാജനകമാണ്. വളരെ നീണ്ടതുമാകാം. പക്ഷെ നമുക്കത് അത്യാവശ്യവുമാണ്.

അച്ഛനമ്മമാർ കുട്ടികളോട്, അവരുടെ നല്ലതിന് വേണ്ടി എന്ന വിശ്വാസത്തിൽ, ചെയ്യുന്ന കാര്യങ്ങൾ ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അവരോടു സംസാരിക്കാൻ - വ്യക്തതയോടെയും സത്യസന്ധമായും തുറന്നും - പറ്റിയില്ലെങ്കിൽ അത് നമ്മുടെയൊക്കെയും പരാജയമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)വീണാ വിമല മണി

വീണാ വിമല മണി

ചെന്നൈയില്‍ അസി. പ്രൊഫസര്‍, ആലപ്പുഴ സ്വദേശി

Next Story

Related Stories