TopTop
Begin typing your search above and press return to search.

ഗൾഫ് തുമ്മുമ്പോൾ പനി പിടിക്കുന്ന കേരളാ മോഡൽ

ഗൾഫ് തുമ്മുമ്പോൾ പനി പിടിക്കുന്ന കേരളാ മോഡൽ

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് സാമൂഹിക വികസന മാനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ്. മനുഷ്യ വികസന സൂചികയിൽ (HDI) കേരളം നിലനിർത്തുന്ന ചെങ്കുത്തായ രേഖ കേരളത്തിലെ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെയാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചുരുങ്ങിയ കാലം കൊണ്ട്, ഉയർന്ന വ്യാവസായിക വളർച്ചയില്ലാതെ തന്നെ ഇന്ത്യയുടെ ശരാശരി നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കി യൂറോപ്യൻ രാഷ്ട്രങ്ങളിലെ ജീവിത ഗുണനിലവാരത്തെ എത്തിപ്പിടിക്കുന്ന രീതിയിൽ കേരളം വളർന്നപ്പോൾ, അമർത്യസെൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ കേരളത്തെ സവിശേഷമായി പഠിക്കുകയും 'കേരള മോഡൽ വികസനം' എന്ന പദാവലി തന്നെ ഉരുത്തിരിയുകയും ചെയ്തു.

ഏറെ പാടിത്തഴമ്പിച്ച കേരള മോഡലിന് ഇന്നും പ്രസക്തിയുണ്ടോ, അതോ പൂർവ്വപ്രതാപത്തിൽ അഭിരമിക്കുന്ന വ്യർത്ഥ സങ്കൽപം മാത്രമായി ഈ പ്രയോഗം മാറിയിട്ടുണ്ടോ എന്ന് ആത്മവിമർശനം നടത്തേണ്ട സമയം മുമ്പേ അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. കാരണം, ആധുനിക സാമൂഹിക സംവിധാനങ്ങളേയും ജനാധിപത്യ ജീവിതരീതിയും പുൽകുന്നതിൽ കേരളം നടന്ന വേഗത ഏതെങ്കിലും സുപ്രഭാതത്തിലുദിച്ച പ്രചോദനത്തിൽ നിന്നുണ്ടായതല്ല, പതിറ്റാണ്ടുകളുടെ സാമൂഹിക നവോത്ഥാന പ്രക്രിയകളുടെ ഫലമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജനത, തങ്ങളുടെ കർത്തവ്യം തിരിച്ചറിഞ്ഞ് ജനാധിപത്യ ബോധ്യങ്ങളിൽ നിന്നുകൊണ്ട് പക്വമായി പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു.

സമത്വാധിഷ്ടിത സാമൂഹിക വ്യവസ്ഥിതി ഉൾക്കൊണ്ട് കൊണ്ട് ഒരു ഇടതുപക്ഷ സർക്കാറിനെ തെരഞ്ഞെടുത്തതു മൂലം സമൂലമല്ലെങ്കിലും, തത്വത്തിൽ, ഭൂപരിഷ്കരണ നയം നടപ്പിലാക്കാൻ സാധിച്ചു. സംഘടിത സാമൂഹിക ശ്രമങ്ങൾ ജനങ്ങളിൽ ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കുന്നതിൽ തുണയായിട്ടുണ്ട്. വിദ്യാഭ്യാസ അവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിൽ ജനങ്ങളുടെ കണിശത പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളെ ജാഗ്രത്തായും ഫലപ്രദമായും പ്രവർത്തിപ്പിച്ചു.

കേരള മോഡൽ

പൊതുവെ കാർഷിക മേഖലയിൽ വ്യാപൃതമായിരുന്ന കേരളം സാമ്പത്തികമായി വൻ പുരോഗതി നേടിയിരുന്നില്ല. പൊതുവിതരണം ശാക്തീകരിക്കപ്പെട്ടിരുന്നെങ്കിലും ദാരിദ്ര്യം വിട്ടുമാറിയിരുന്നില്ല. ഒരു നേരത്തെ വക എത്തിക്കാൻ ധാരാളം മുസ്ലീം കുടുംബങ്ങൾ മലബാറിൽ നിന്ന് കർണ്ണാടകയിലെ ചിക്ക്മംഗളൂർ, ഷിമോഗ എന്നീ ജില്ലകളിലേക്ക് കുടിയേറിയിരുന്നു. ഇന്നും ഷിമോഗയിലെ ലിങ്കൺമക്കി ഡാം, ഭദ്ര ഡാം എന്നിവയ്ക്കടുത്തായി ധാരാളം മലയാളി മുസ്ലീം കുടുംബങ്ങളേയും തമിഴ് മുസ്ലിംകളേയും കാണാം. സാങ്കേതിക വിദ്യകൾ അത്ര വികസിച്ചിട്ടില്ലാത്തതിനാൽ ഡാം നിർമ്മാണ പ്രക്രിയകൾക്ക് ആൾ തൊഴിൽ ധാരാളം ആവശ്യമായിരുന്നു.

കേരള മോഡൽ വികസനം പൂർത്തിയാകുന്നത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ കൂടിയാണ്. അത് സാധ്യമായത് എഴുപതുകളിലെ ഗൾഫ് കുടിയേറ്റങ്ങളിലാണെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഗൾഫ് കുടിയേറ്റം ഇവിടത്തെ അഭ്യസ്തവിദ്യരല്ലാത്ത ദരിദ്ര കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കുളിരായി മാറി, വിശേഷിച്ചും മുസ്ലിങ്ങൾക്ക്.

സാമ്പത്തികമായി പ്രാഥമിക മേഖലയായ കാർഷിക രംഗത്ത് മാത്രമൂന്നി മുന്നോട്ട് നീങ്ങിയ കേരളത്തിന്, നവോത്ഥാന സാമൂഹിക പരിസരങ്ങളിൽ കൂടി മുന്നേറിയ അടിസ്ഥാന വിദ്യാഭ്യാസ അവശ്യങ്ങളെയും ആരോഗ്യ- സാമൂഹികക്ഷേമ രംഗത്തെയും പുത്തനുണർവ്വോടെ മുന്നോട്ട് നയിക്കാനായത് പ്രവാസിക സമൂഹം വഴി അഭിവൃദ്ധിപ്പെട്ട പുതിയ സാമ്പത്തിക ഊർജ്ജത്തിലാണ്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നൽ നൽകി കേരളം പുഷ്ടിപ്പെടുകയും സാമ്പത്തികനില പ്രാഥമിക മേഖലയിൽ നിന്ന് വലത്തോട്ട് തെന്നുകയും ചെയ്തു.

അഭ്യസ്തവിദ്യരുടെ വളർച്ച തൃദീയ രംഗമായ സേവന മേഖലയെ വളർത്തുകയുണ്ടായി. സാധാരണ വികസന അനുഭവവും സാമ്പത്തിക രീതിയുമായ കാർഷിക മേഖലയിൽ നിന്ന് വ്യാവസായിക രംഗത്തേക്കുള്ള മാറ്റത്തെ കേരളം സ്വാഗതം ചെയ്തില്ല. അതിനു അടിസ്ഥാനപരമായി ജനങ്ങളിലെ ഇടതാനുകൂല ജനാധിപത്യ ബോധവും സംഘടിത തൊഴിലാളി, ട്രേഡ് യൂണിയൻ കെട്ടുപാടുകളും അതോടൊപ്പം വ്യാവസായാനുകൂലമല്ലാത്ത കേരളത്തിലെ ഭൂമിശാസ്ത്ര- പരിസ്ഥിതി ചുറ്റുപാടും കാരണമായിട്ടുണ്ട്. സാമ്പത്തിക ഭദ്രതയോടൊപ്പം ഗൾഫ് സാംസ്കാരിക രീതിയും ചേർന്നു വന്നതുകൊണ്ട് ഉപഭോഗ സംസ്കാരവും കേരളീയരിൽ വളരുകയുണ്ടായി.

കേരള മോഡൽ - തിരിഞ്ഞുനോട്ടം

വർഷങ്ങൾ കടന്നു പോയി. വിദ്യാഭ്യാസ മേഖലയിൽ നിന്ന് പിന്തിരിഞ്ഞ് അതിജീവന ശ്രമങ്ങളിൽ മുന്നേറിയ മുസ്ലിങ്ങളും ക്രമേണ അഭ്യസ്തവിദ്യകളിൽ പ്രവേശിച്ചു. കേരളത്തിന്റെ വാർഷിക വരുമാനത്തിലും തുടർന്ന് അടിസ്ഥാന വികസനങ്ങളിലും ആകെപ്പാടെ കുതിച്ചുചാട്ടം വരുത്തുന്നതിൽ ഗൾഫ് കുടിയേറ്റം നിമിത്തമായെങ്കിലും മുസ്ലിങ്ങളെ സവിശേഷമായി ഗൾഫ് വളർത്തിയിട്ടില്ലെന്നാണ് ഇപ്പോഴും മുസ്ലിങ്ങൾക്കിടയിൽ ദലിതരേക്കാളും അവശത അനുഭവിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സി.ഡി.എസിലെ കെ.സി സക്കറിയയുടെ 'Religious Denomination of Kerala' എന്ന 2016 ൽ പ്രസിദ്ധീകരിച്ച പേപ്പർ വ്യക്തമാക്കുന്നത്.

ഭൂരിഭാഗം വരുന്ന അഭ്യസ്തവിദ്യരല്ലാത്ത ഗൾഫ് ആശ്രിതരുടെ പിൻതലമുറയിൽ വിദ്യാഭ്യാസപരമായി വളർച്ച നേടാൻ ശ്രമിക്കുന്നവർ വളർന്നിട്ടുങ്കിലും ഗൾഫ് സ്വപ്നം മാത്രം മുന്നിൽക്കണ്ട് വളരുന്ന തലമുറയും ഉണ്ട്. അവർ കേരളീയ ചുറ്റുപാടിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ സാക്ഷരർ തന്നെയാണെങ്കിലും, പക്ഷേ അഭ്യസ്തവിദ്യകൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പിക്കാൻ കഴിയാത്തവരാണ്. ഇതേ പ്രശ്നം സാക്ഷര കേരളത്തിൽ വളരുന്ന പുതിയ യുവതലമുറ പൊതുവെ അനുഭവിക്കുന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഇവിടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖല പുതിയ കാലത്ത് ചോദ്യം ചെയ്യപ്പെടേണ്ടത്. അത് അടിസ്ഥാനപരമായി കേരള മോഡൽ എന്ന പദത്തെ തന്നെ അപ്രസക്തമാക്കുന്നുണ്ട്.

കേരള മോഡൽ - മാറ്റിയെഴുത്ത്

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഭദ്രത തുടങ്ങിയവയിൽ ദേശീയ ശരാശരിയെ പിന്നിട്ടു കൊണ്ട് കൈവരിച്ച നേട്ടങ്ങൾ കേരള മോഡൽ എന്ന ഒറ്റ പദത്തിൽ ഭദ്രമാക്കി മുന്നോട്ടുപോകാനാണ് കേരളം ശ്രമിച്ചത്. ഇപ്പറഞ്ഞ നേട്ടങ്ങളിൽ മാത്രം അഭിരമിക്കുക മാത്രമായപ്പോൾ കാലാനുസൃതമായി പുതിയ രീതികളെ ഉൾക്കൊള്ളാനുള്ള ശ്രമങ്ങൾ നടന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗം ഒരു പുതുമയും നവീകരണവും കൂടാതെ അവശേഷിച്ചു. സാക്ഷരതയിൽ സമ്പൂർണ്ണത കൈവരിക്കുമ്പോഴും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്. ആധുനികത പിന്നിട്ട് ലോകം പുതിയ ചുവടുവെപ്പുകൾ നടത്തുമ്പോൾ ആധുനികതയുടെ പഴയ പ്രവണതകളിൽ കൈവരിച്ച നേട്ടങ്ങളെച്ചൊല്ലി മേന്മ നടിക്കുകയായിരുന്നു കേരളം.

ആരോഗ്യരംഗത്തും പഴയ പ്രവണതകൾ നിലനിറുത്താനാണ് ശ്രമിക്കുന്നത്. രോഗങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിലുപരിയായി, രോഗം വരാതെ സൂക്ഷിക്കുന്ന ഒരു ആരോഗ്യ സംസ്കാരം വാർത്തെടുക്കാൻ യൂറോപ്യൻ രാഷ്ടങ്ങളുടെ സാമൂഹിക വികസനത്തെ കിടപിടിക്കുന്ന കേരളാ മോഡലിനായിട്ടില്ല. ശുചിത്വമാണ് അതിൽ അടിവരയിടേണ്ടത്. വ്യക്തിശുചിത്വത്തിൽ ബോധവന്മാരാണെങ്കിലും പൊതുശുചിത്വ കാര്യത്തിൽ സാക്ഷര കേരളീയർ അലംഭാവം വെടിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചെറിയുന്നതോ പുകവലിക്കുന്നതോ നിയന്ത്രിക്കപ്പെടുന്നില്ല. നിയമങ്ങളെല്ലാം എഴുതിവെക്കപ്പെട്ടതു പോലെ കിടക്കുന്നു. സിംഗപ്പൂരിലും അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലുമെല്ലാം പുലർത്തുന്ന ശുചിത്വത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാട് കേരളീയ സമൂഹത്തിനില്ല. സംഘടിതവും രാഷ്ടീയ പ്രബുദ്ധവുമായ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കാര്യക്ഷമമായ മാലിന്യ നിർമ്മാർജന പ്രക്രിയകൾ നടത്താൻ സർക്കാറുകൾ മുതിരുന്നില്ല. ഒരു പെരുമഴ കഴിഞ്ഞാൽ പെരുകുന്ന രോഗാവസ്ഥക്ക് പരിഹാരം പൊതുശുചിത്വ മാതൃകകൾ പിന്തുടരുക എന്നതാണ്.

ഗൾഫ് മടക്കം

അപ്രതീക്ഷിതമായ രണ്ട് പ്രളയങ്ങളും ദേശീയ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തോടൊപ്പം പ്രവാസികളുടെ ഗൾഫ് മടക്കവുമായപ്പോൾ ഐക്യകേരളം അഭിമുഖീകരിക്കാൻ പോകുന്നത് മുമ്പൊന്നുമില്ലാത്ത ഭീതിദമായ സാമ്പത്തിക പ്രതിസന്ധിയാണ്. സി.ഡി.എസ് പ്രസിദ്ധീകരിച്ച 2018-ലെ റിപ്പോർട്ട് പ്രകാരം 2013 -2018 കാലയളവിൽ മടങ്ങി വന്ന പ്രവാസികളുടെ എണ്ണം മൂന്ന് ലക്ഷമാണ്. ഇത് 2013-ലെ കണക്ക് പ്രകാരമുള്ള ആകെ പ്രവാസികളുടെ പത്തിലൊന്നു കൂടിയാണ്. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 85 ശതമാനവും ഗൾഫ് മേഖലയെ ആശയിച്ചു കഴിയുന്നവരാണ്. തൊട്ടടുത്ത് നിൽക്കുന അമേരിക്കയിലാകട്ടെ വെറും 3 ശതമാനവും. സൗദിയുടെ സ്വദേശിവത്ക്കരണത്തോടൊപ്പം യുഎഇയുടെ നിർമ്മാണ പ്രവൃത്തി മേഖല പുരോഗമിച്ചതും പ്രവാസി മടക്കത്തിന് വലിയ കാരണമാണ്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടുകയും തദ്വാരാ അവയെ ആശ്രയിച്ച് കഴിയുന്ന സൂപ്പർ മാർക്കറ്റുകൾ പൂട്ടിപ്പോവുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സി.ഡി.എസ് പണ്ഡിതനും ഗൾഫ് കുടിയേറ്റ പഠന വിദഗ്ധനുമായ എസ്. ഇരുദയരാജൻ പറയുന്നത് ഗൾഫിൽ അഭ്യസ്തവിദ്യരല്ലാത്തവർക്കും അവസരങ്ങൾക്ക് പഞ്ഞമില്ലെന്നും, പക്ഷേ, ആഗോള പ്രതിസന്ധിയുടെ ഫലമായി ശമ്പളനിരക്ക് താരതമ്യേന കുറഞ്ഞതാണ് പലരേയും മടങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നുമാണ്.

2014-ൽ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 36.3 ശതമാനവും (ഏകദേശം 85,000 കോടിക്കടുത്ത്) ഗൾഫിൽ നിന്നൊഴുകിയ പ്രവാസ സമ്പാദ്യമായിരുന്നു. ഗൾഫ് മടക്കം കേരളത്തെ രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെടുത്തുന്നുവെങ്കിൽ അത് ചൂണ്ടുന്നത് കേരളാ മോഡൽ വികസനത്തിന്റെ അകം ശൂന്യതയിലേക്ക് കൂടിയാണ്. പബ്ലിക് ലേബർ ഫോഴ്സ് സർവ്വേ 2017 - 18 പ്രകാരം നാഗാലാന്‍ഡും ഗോവയും മണിപ്പൂരും കഴിഞ്ഞാൽ ഉയർന്ന തൊഴിലില്ലായ്മ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.

തൊഴിൽ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാർഷിക എംപ്ലോയ്മെന്റ് അൺ എംപ്ലോയ്മെന്റ് സർവ്വേ പ്രകാരം 12 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ള കേരളം ഇന്ത്യയുടെ ശരാശരി തൊഴിലില്ലായ്മയേക്കാൾ (5 ശതമാനം) ബഹുദൂരം മുന്നിലാണ്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ ശാശ്വതമായ വികസനമാർഗങ്ങൾ അവലംബിക്കുന്നതിന് കേരളം മുതിർന്നില്ല. വ്യാവസായികമായ പുരോഗതിയിൽ അൽപമെങ്കിലും ചുവടു വെക്കാൻ ശ്രമിച്ചില്ല. തൊഴിൽ അനുബന്ധമായ കഴിവുകൾ വളർത്തുന്ന രീതിയിൽ ഉന്നതവിദ്യാഭാസ രംഗത്തെ പരിപോഷിപ്പിച്ചില്ല തുടങ്ങിയവയൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടാനാവും.

ഇപ്പോഴും 'ന്റുപ്പുപ്പാക്കൊരാനേണ്ടേർന്ന്' എന്ന പഴയ 'കേരള മോഡൽ' ഉമ്മാക്കിയുമായി നാം ഞെളിഞ്ഞു നടക്കുകയാണ്. പുറംപൂച്ചുകൾക്ക് നിറമടിച്ച് എത്ര കാലം ഇനി മുന്നോട്ടു പോകാനാകും. കേരള മോഡൽ പഴയ പ്രതാപമാണ്, പുതിയ കാലത്തിനു വേണ്ടി നാം അതിനെ പരിഷ്കരിച്ചില്ല. കേരള മോഡൽ ക്രിയാത്മകമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഇനി നമ്മള്‍ ആലോചിക്കേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories