TopTop

ഡോക്ടർ ഓമന കാമുകനെ കഷണങ്ങളായി മുറിച്ച റെയിൽവേ സ്റ്റേഷൻ മുറിയിലെ ഒരു രാത്രി

ഡോക്ടർ ഓമന കാമുകനെ കഷണങ്ങളായി മുറിച്ച റെയിൽവേ സ്റ്റേഷൻ മുറിയിലെ ഒരു രാത്രി

ഒന്നര ദശകം മുന്‍പുള്ള ഒരു ഡിസംബര്‍ രാത്രി. ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് പ്രതിദിന വാടകയില്‍ കൊടുക്കുന്ന രണ്ടു റൂമുകളില്‍ ഒന്ന്. കൊട്ടിയടച്ച ജനാലകളുടെ സുഷിരങ്ങളില്‍ കൂടി പുറത്തെ കൊടും ശൈത്യം അരിച്ചെത്തുന്നു. ശരീരത്തിന്റെ പ്രതിരോധങ്ങളെ തകര്‍ത്ത് തണുപ്പ് അസ്ഥികള്‍ക്കുള്ളിലേക്ക് നുഴഞ്ഞു കയറുകയാണ്...

മുട്ട് കേട്ട് വാതില്‍ തുറന്നപ്പോള്‍ അല്‍പ്പം മുന്‍പ് പരിചയപ്പെട്ട മലയാളിയായ സ്റ്റേഷന്‍ മാസ്റ്റര്‍. കൈയില്‍ ഒരു കുപ്പി ഹെര്‍ക്കുലീസ് റം.

"തണുപ്പിന് റം ബെസ്റ്റ് ആണ്. ഒരു കമ്പനി ഇല്ലാതെ ഞാന്‍ ബോറടിച്ചിരിക്കുകയായിരുന്നു," അയാള്‍ പറഞ്ഞു.

ചൂടുവെള്ളം ഒഴിച്ച്‌ റം കഴിക്കുന്നത് മുന്‍പ് ശീലിച്ചിട്ടില്ല. എങ്കിലും അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു. വെള്ളം ഉറഞ്ഞു കട്ടിയാകുന്ന ഊട്ടിയിലെ ഡിസംബര്‍ തണുപ്പില്‍ കിടുങ്ങി വിറച്ച് ആ രാത്രിയെ അതിജീവിക്കേണ്ടി വരുമായിരുന്നു. നീണ്ട യാത്രയുടെ ഇടയില്‍ അവിചാരിതമായി എത്തപ്പെട്ടതാണ്.

എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ഭാര്യയുടെ അന്ത്യശാസനം മൂന്നാം തവണ വന്നപ്പോള്‍ സഹൃദയനായ സ്റ്റേഷന്‍ മാസ്റ്റര്‍ യാത്ര പറഞ്ഞിറങ്ങി. മുന്നോട്ടു വച്ച കാല്‍ ഒന്ന് പിന്നോട്ട് വച്ച് അയാള്‍ പോകാന്‍ നേരം പൊടുന്നനെ ഒരു ചോദ്യമെറിഞ്ഞു:

"ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ?"

"ഏത് ഓമന?"

"ഡോക്ടര്‍ ഓമന...''

"ഡോക്ടര്‍ ഓമന...?"

"കാമുകനെ വെട്ടി നുറുക്കി സ്യൂട്ട്കെയ്സില്‍ ആക്കിയ ഡോക്ടര്‍ ഓമന. പയ്യന്നൂരില്‍ നിന്നുള്ള..."

"പത്രത്തില്‍ വായിച്ചിട്ടുണ്ട്. അതിന്..."

"ഒന്നുമില്ല. നിങ്ങള്‍ താമസിക്കുന്ന ഈ മുറിയില്‍ വച്ചാണ് ഡോക്ടര്‍ ഓമന കാമുകനെ നുറുക്കി കഷണങ്ങളാക്കി പെട്ടിയില്‍ ആക്കിയത്. അതും ഒരു തുള്ളി രക്തം പോലും തറയില്‍ വീഴാതെ ക്ലിനിക്കല്‍ പ്രിസിഷനില്‍... ചരിത്രത്തില്‍ ഇടം നേടിയ റൂമാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. എന്‍ജോയ്..." ഏതോ പുരാതനമായ ക്രൌര്യം കലര്‍ന്ന ചിരിയോടെ അയാള്‍ പറഞ്ഞു നിര്‍ത്തി. സ്തംഭിച്ചു നില്‍ക്കുന്ന എന്റെ മുന്നിലൂടെ അയാള്‍ വേഗം വീട് ലക്ഷ്യം വച്ച് നടന്നു.

മനസ്സില്‍ തണുപ്പിന്റെ സ്ഥാനം ഭയം അപഹരിച്ചെടുത്തു. ദുഷ്ടന്‍ അത് പറയാതിരുന്നിരുന്നെങ്കില്‍....

ഈ നട്ട പാതിരയില്‍ വേറെ റൂം എവിടെ പോയി നോക്കാനാണ്. ചുറ്റുപാടുകളില്‍ തണുപ്പിന്റെ മുഖാവരണമിട്ട നിശബ്ദത.

കമ്പിളി പുതപ്പിനുള്ളില്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കുമ്പോള്‍ ഡോക്ടര്‍ ഓമന നാഗവല്ലിയായി കടന്നു വരുന്നു. ചണ്ഡാളാ എന്ന് തെല്ലും അലിവില്ലാതെ വിളിക്കുന്നു. വിടമാട്ടേന്‍ എന്ന് ഗര്‍ജിക്കുന്നു. രക്തം ചിന്താതെ മുറിച്ചു കഷണമാക്കാന്‍ ഡോക്ടര്‍ തന്‍റെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഒരോന്നായി എടുക്കുന്നു...

ഇന്നത്തെ പോലെ തന്നെ അന്നും അപാര ധൈര്യം ആയിരുന്നത് കൊണ്ട് ആ രാത്രി ഒട്ടും ഉറങ്ങിയില്ല. ഓമനയും കാമുകന്‍ മുരളീധരനും മനുഷ്യശരീരം മുറിച്ചു പെട്ടിയിലാക്കുന്ന ഭീദിതമായ പ്രക്രിയയും മനസ്സിനെ വീണ്ടും വീണ്ടും ഭയപ്പെടുത്തി. നേരം വെളുത്തപ്പോഴാണ് ആശ്വാസമായത്.

1996 ജൂലൈ മാസത്തിലായിരുന്നു ആ കൊലപാതകം. 'Harassed Kerala lady doctor chops tormentor into pieces' എന്നായിരുന്നു ടൈംസ്‌ ഓഫ് ഇന്ത്യയില്‍ (മുംബൈ എഡിഷന്‍) അന്ന് ഒന്നാം പേജില്‍ വന്ന തലവാചകം എന്നാണ് ഓര്‍മ. പല പ്രണയാഭ്യര്‍ത്ഥനകളും നിരസിക്കാന്‍ പ്രേരകമായത് ഓമന നല്‍കിയ മുന്നറിയിപ്പാണ്.

പെട്ടികള്‍ ടാക്സിയുടെ ഡിക്കിയില്‍ വച്ച് കൊടൈക്കനാലിനു പോയ ഓമനയുടെ ലക്ഷ്യം അവ അവിടുത്തെ കൊക്കയില്‍ എറിയുക എന്നതായിരുന്നു. ഡ്രൈവര്‍ക്ക് സംശയം തോന്നി. അയാള്‍ അറിയിച്ചതനുസരിച്ച് അവര്‍ പോലീസ് പിടിയില്‍ ആയി. മലയാളി സ്ത്രീകള്‍ പൊതുവില്‍ കൊലപാതക കേസുകളില്‍ പ്രതികള്‍ ആകുന്നത് കുറവായിരുന്നതിനാലും കൊല നടത്തിയ രീതിയുടെ പ്രത്യേകത കൊണ്ടും ഓമനയെ മാധ്യമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ആഘോഷിച്ചു. പിടിക്കപ്പെട്ടപ്പോള്‍ മാനസിക രോഗിയായി അവര്‍ അഭിനയിച്ചു. പരോളില്‍ ഇറങ്ങി മലേഷ്യയിലേക്ക് മുങ്ങി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നല്ല നിലയില്‍ പറ്റിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ച മലയാളി സ്ത്രീ ഓമനയാണ് എന്നായിരുന്നു പലരുടേയും സംശയം. ആ അർത്ഥത്തിൽ വാർത്തകളും വന്നു. എന്നാൽ അതവരല്ലെന്ന് പിന്നീട് ഉറപ്പാക്കപ്പെട്ടു. സുകുമാരക്കുറുപ്പിനെപ്പോലെ മറ്റൊരു ദുരൂഹതയായി ഇന്നും ഓമന തുടരുന്നു. ഓമനയുടെ കഥ സയനൈഡ് യുഗത്തിലും കൗതുകമായി നിലനില്‍ക്കുന്നു.

ഒരു കാലഘട്ടത്തെയും അതിന്റെ ഭീതികളേയും നുറുക്കി സ്യൂട്ട്കേയ്സിൽ ആക്കിയ ഡോക്ടര്‍ ഓമന ചരിത്രമാണ്...

ഓര്‍മകളില്‍ ഊട്ടി റെയില്‍വേ സ്റ്റേഷനിലെ ആ മുറിയും അവിടുത്തെ രാത്രിയും ഇന്നും ജീവിക്കുന്നു. രക്തം ഉറഞ്ഞ് കട്ടിയാവുന്ന ഒരു ഭീതിയിലേക്ക് മനസ് ആണ്ടുപോകുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories