TopTop
Begin typing your search above and press return to search.

ഭാഷയാണ്‌ വിമോചനം; 'വിധിയുടെ ഊഞ്ഞാലും' ആദിവാസി ലിപിയും ദാസന്നൂർ നാരായണനും

ഭാഷയാണ്‌ വിമോചനം; വിധിയുടെ ഊഞ്ഞാലും ആദിവാസി ലിപിയും ദാസന്നൂർ നാരായണനും

ആദിവാസി ഭാഷയിൽ എഴുതപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നോവൽ, ഏതാനും ചില നോട്ട് ബുക്കുകളിലായി താൻ മൂന്നു വർഷങ്ങൾകൊണ്ട് പകർത്തിവച്ച 'വിധി മാലാടുകത്' ആണെന്നത്, അട്ടപ്പാടിയിലെ ദാസന്നൂർ ഊരിലെ നാരായണൻ എന്ന മധ്യവയസ്കന് തീർച്ചയായിരുന്നു. ഇരുള വിഭാഗക്കാരനായിരുന്നു നാരായണൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും എന്നും ജീവിതത്തിന്റെ ഭാഗമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാരിൽ മിക്കവരും സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ ജീവിതവഴികളിൽ കാലിടറിയപ്പോൾ നാരായണൻ കോയമ്പത്തൂരിൽ പോയി പഠിച്ചു. ബിരുദാനന്തര ബിരുദം സമ്പാദിച്ചു. തൻ്റെ നാടിനെയും ജനതയേയും വിട്ടുപോകേണ്ടി വരുമല്ലോ എന്നതിനാൽ ദൂരെ സ്ഥലങ്ങളിൽ ലഭിച്ച ഉയർന്ന ജോലികൾ വേണ്ടെന്നു വച്ചു. പട്ടികജാതി-പട്ടികവർഗ വകുപ്പ് ആദിവാസി കുട്ടികൾക്കായി അട്ടപ്പാടിയിൽ ആരംഭിച്ച ഹോസ്റ്റലിന്റെ ചുമതലക്കാരനായി സസന്തോഷം ദീർഘകാലം പ്രവർത്തിച്ചു. കൊഴിഞ്ഞു പോകുന്ന ആദിവാസി വിദ്യാർത്ഥികളെ സ്നേഹപൂർവ്വം വിദ്യാഭ്യാസത്തിന്റെ ലോകത്ത് പിടിച്ചു നിർത്തി. അവരുടെ ആകുലതകളും വേദനകളും തന്റേതായി കണ്ട് അവയ്ക്കു ആവുന്ന പരിഹാരങ്ങൾ ചെയ്തു. അട്ടപ്പാടിയിൽ നിന്നും കഴിഞ്ഞ ചില ദശകങ്ങളിൽ സർക്കാർ സർവീസിൽ കയറിപ്പറ്റിയ നിരവധിയായ ആദിവാസികളുടെ അതിജീവനങ്ങൾക്ക് പിന്നിൽ നാരായണന്റെ ഇച്ഛാശക്തിയും സ്നേഹവും ഉണ്ടായിരുന്നു. സ്വന്തം ജനതയ്ക്കും അവരുടെ കുട്ടികൾക്കും വേണ്ടി നിലകൊണ്ട ഒരു ഹോസ്റ്റൽ വാർഡൻ. അറിവിന്റെ നിറകുടം. ആഴവും പരപ്പുമുള്ള വായന. ഉൾക്കാമ്പുള്ള അറിവ്. അപാരമായ മനുഷ്യത്വം. തുടർച്ചയായ അന്യവത്കരണങ്ങൾക്കും അരികുവത്കരണങ്ങൾക്കും വിധേയമായികൊണ്ടിരിക്കുന്ന ഒരു ജനതയുടെ സ്പന്ദിക്കുന്ന ആത്മാവായിരുന്നു നാരായണൻ.

രണ്ടു വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ, എപ്പോഴാണ് നോവൽ പുസ്തകമായി അച്ചടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നാരായണൻ ചിരിച്ചു. ഇരുള ഭാഷയിലുള്ള പുസ്തകത്തിന്റെ മലയാളത്തിലുള്ള തർജ്ജമയ്ക്കായി നാരായണൻ നിർദേശിച്ചിരുന്ന പേര് 'വിധിയുടെ ഊഞ്ഞാലിൽ' എന്നായിരുന്നു. പുസ്തകമാക്കുന്ന പരിപാടിയൊക്കെ വിധിയുടെ ഊഞ്ഞാലിൽ ആണെന്ന് അയാൾ കൂട്ടിച്ചേർത്തു. നീണ്ട വര്‍ഷങ്ങളിലെ അത്യധ്വാനത്തിലൂടെ തെക്കേ ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങൾക്ക് മുഴുവൻ ഉപയോഗിക്കാവുന്ന ഒരു ലിപി നാരായണൻ രൂപപ്പെടുത്തുകയും അതിന് `ആദിൻ' എന്ന് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ചരിത്രവും വർത്തമാനവും അതിജീവനവും ചർച്ച ചെയ്യുന്ന തന്റെ നോവൽ ആദിവാസി ഭാഷയിൽ സ്വന്തം ലിപികളിൽ തന്നെ എഴുതപ്പെടണം എന്നത് നാരായണന്റെ നിർബന്ധമായിരുന്നു. മലയാളത്തിലേക്കും തമിഴിലേക്കും ഇംഗ്ളീഷിലേക്കും അതിൻ്റെ വിവർത്തനങ്ങൾ സുഹൃത്തുക്കളെക്കൊണ്ട് ചെയ്യിച്ചിരുന്നെങ്കിലും ആദിവാസി ഭാഷയിൽ ഇറങ്ങിയതിന് ശേഷമല്ലാതെ മറ്റു ഭാഷകളിൽ ഇറങ്ങേണ്ടതില്ല എന്നും നിർബന്ധമായിരുന്നു.

പോയ രണ്ടു ദശകങ്ങളിൽ നാരായണൻ ഏറ്റവും അധികം കഷ്ടപ്പെട്ടത് താൻ വികസിപ്പിച്ച ആദിവാസി ലിപിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം നേടിയെടുക്കാനായിരുന്നു. അതിനായി സ്വന്തം പണം മുടക്കി ഡൽഹിയിലും ചെന്നൈയിലും തിരുവനന്തപുരത്തും ബാംഗ്ലൂരിലും അലഞ്ഞു നടന്നു. ഓഫീസുകൾ കയറിയിറങ്ങി. ലിപിക്കുള്ള അംഗീകാരം നൽകുന്നത് കേന്ദ്രം തത്വത്തിൽ സമ്മതിച്ചിട്ട് ഇപ്പോൾ രണ്ടു വർഷങ്ങൾ. ഏതോ സർക്കാർ ഫയലുകളിൽ ആ നിർദേശം ഇപ്പോൾ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം. അട്ടപ്പാടിയിലെ തന്നെ മുഡുഗ, കുറുമ്പ വിഭാഗക്കാരുമായും കേരളത്തിലെ ഇതര ആദിവാസി വിഭാഗങ്ങളായ മലയരയർ, കാടർ, പണിയർ, കാട്ടുനായ്ക്കർ, മുതുവാന്മാർ എന്നിവരുമായും സംസ്ഥാനത്തിന് പുറത്തുള്ള ജെയിൻ കുറുമ്പ, മുള്ളുക്കുറുമ്പ വിഭാഗങ്ങളുമായും എല്ലാം തുടർച്ചയായി ഇടപഴകിയും സഹവസിച്ചുമാണ് നാരായണൻ നീണ്ട വർഷങ്ങളിലൂടെ ലിപി രൂപീകരിച്ചത്. ഒപ്പം ആദിവാസി ഭാഷകളിലെ അന്യം നിന്ന് പോകുന്ന പദസമ്പത്തുകൾ സമാഹരിച്ച് ഒരു ഗോത്രവർഗ നിഘണ്ടുവും അദ്ദേഹം തയ്യാറാക്കി. കൊങ്കിണി ഭാഷയുടെ ലിപിക്ക് അംഗീകാരം ലഭിച്ചതിനു പിന്നാലെ താൻ രൂപപ്പെടുത്തിയ തെന്നിന്ത്യൻ ആദിവാസി ലിപിക്കും ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാരായണൻ. അക്ഷീണമായ പ്രവർത്തങ്ങൾക്കിടയിൽ സ്ട്രോക്ക് വന്നു കിടപ്പിലായ നാരായണന് തന്റെ സ്വപ്നം സാക്ഷാത്‌കൃതമായി കാണാനായില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയഞ്ചിന് പുലർച്ചെ അദ്ദേഹം അന്തരിച്ചു. ദാസന്നൂരിലെ വീട്ടിൽ നോവലിന്റെയും നിഘണ്ടുവിന്റെയും കയ്യെഴുത്തു പ്രതികൾ അതേപടിയിരിക്കുന്നു. ലിപിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ പുസ്തകങ്ങൾ പുറത്തിറക്കാം എന്നായിരുന്നു നാരായണന്റെ പദ്ധതി.

ആദിവാസി ഭാഷകളുടെ അന്യവത്കരണത്തിലെ പ്രധാന കാരണം ലിപിയില്ലായ്മ ആണെന്നത് വളരെ നേരത്തെ തന്നെ നാരായണൻ തിരിച്ചറിഞ്ഞിരുന്നു. രഘുനാഥ് മുർമു എന്നയാളുടെ ശ്രമഫലമായി സാന്താൾ വർഗക്കാരുടെ ഭാഷയ്ക്ക് ലിപിയുണ്ടാകുകയും ലിപിയുള്ള ആദ്യത്തെ ഇന്ത്യൻ ആദിവാസി ഭാഷയായി 1950-ല്‍ അത് മാറുകയും ചെയ്തത് വായിച്ചറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു, തെന്നിന്ത്യൻ ആദിവാസികൾക്ക് സ്വന്തമായി ഒരു ലിപി എന്നതിലേക്ക് നാരായണൻ തന്റെ ജീവിത ലക്ഷ്യം മാറ്റുന്നത്. ബെൻവാംഗ് ലോമ എന്നയാളുടെ ശ്രമഫലമായി അരുണാചൽ പ്രദേശിലെ വാങ്ക് വിഭാഗക്കാരുടെ ഭാഷയ്ക്ക് ലിപി ഉണ്ടാവുകയും കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ ആവേശം ഇരട്ടിച്ചു. തെന്നിന്ത്യൻ ആദിവാസി ഭാഷകളിൽ സമാനമായ നിരവധി വാക്കുകളും പ്രയോഗങ്ങളും ഉണ്ടെന്നതിനാൽ പൊതുവായ ഒരു ലിപി അസാധ്യമല്ല എന്ന് മലയാളത്തിലും തമിഴിലും ഇംഗ്ളീഷിലും അപാര പാണ്ഡിത്യമുള്ള നാരായണൻ തിരിച്ചറിഞ്ഞു.

ഇരുളരുടെ സംസാര ഭാഷയിൽ സമകാലിക, സാമൂഹിക പ്രസക്തിയുള്ള നാടകങ്ങൾ തയ്യാറാക്കി തുടർച്ചയായി അവതരിപ്പിച്ചിരുന്ന നാരായണൻ ആദിവാസി ഭാഷയിലുള്ള ഒരു ഹൃസ്വസിനിമയും നിർമ്മിച്ചിരുന്നു. ഒപ്പം തന്നെ ആദിവാസി വിദ്യാർത്ഥികൾക്കായി സ്വന്തം നേതൃത്വത്തിൽ കാനകം എന്ന അനൗദ്യോഗിക സ്കൂളും നടത്തി. ആദിവാസികളെ സംബന്ധിച്ചിടത്തോളം അന്യഭാഷയായ മലയാളത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസമാണ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് കാരണം എന്ന തിരിച്ചറിവിൽ നിന്നായിരുന്നു കാനകത്തിന്റെ ഉത്ഭവം. മൂന്നു വർഷങ്ങളിലായി കൊഴിഞ്ഞു പോകുന്ന ഇരുന്നൂറിലധികം കുട്ടികളെ തിരഞ്ഞു പിടിച്ചു കൊണ്ടുവന്ന് പഠിപ്പിച്ച്, മുതിര്‍ന്ന ക്ലാസുകളിലേക്ക് മടക്കി അയച്ചു. ഇതര തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി കുട്ടികളെയും ഈ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ഇവരിലൂടെ താൻ തയ്യാറാക്കിയ ലിപിയുടെ പരീക്ഷണം നടത്തുകയും ചെയ്തു. കുട്ടികളിൽ ലിപി എളുപ്പത്തിൽ വഴങ്ങുന്നു എന്ന് കണ്ട നാരായണൻ ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും ആദിവാസി ഭാഷയിലേക്കു വിവർത്തനം ചെയ്തു.

ഭാഷയാണ് വിമോചനമെന്നും ഭാഷയെ സംരക്ഷിച്ചു മാത്രമേ അതിജീവനം സാധ്യമാകൂ എന്നും നാരായണൻ എന്നും സുഹൃത്തുക്കളോട് ആവർത്തിച്ചിരുന്നു. തൻ്റെ ജനതയോടൊപ്പം വളരുക എന്നതിനപ്പുറമുള്ള ഒരു വളർച്ചയും അദ്ദേഹം സ്വപ്നം കണ്ടില്ല. അട്ടപ്പാടിയിലെ ആദിവാസി മുന്നേറ്റങ്ങൾക്കും പോരാട്ടങ്ങൾക്കും എന്നും വലിയ കരുത്തായിരുന്നു നാരായണൻ. അസ്തിത്വവും നിലനിൽപ്പുമാണ് പ്രധാനമെന്ന് സ്വന്തം ജനതയെ തുടർച്ചയായി ഓർമിപ്പിച്ചു.

'വിധി മാലാടുകത്', മുരുകൻ എന്ന അട്ടപ്പാടിക്കാരന്റെ കഥയായിരുന്നു. ഭൂമിയും ജീവിതവും അതിജീവനവും കയ്യേറ്റം ചെയ്യപ്പെട്ടും അന്യാധീനപ്പെട്ടും ഇല്ലാതായപ്പോൾ അട്ടപ്പാടിയിൽ നിന്നും പുറംലോകത്തേയ്ക്ക് പലായനം ചെയ്ത മുരുകൻ അവിടെയും നിലനിൽപ്പ് അസാധ്യമാകുമ്പോൾ സ്വന്തം മണ്ണിലേക്ക് തിരിച്ചു വരികയാണ്. എന്തിനാണ് നീ ഇവിടേയ്ക്ക് തിരിച്ചു വന്നത് എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുൻപിൽ അയാൾ പതറിപ്പോകുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. സ്വന്തം മണ്ണിലും സ്വന്തം ആളുകൾക്കിടയിലും പോലും അന്യവത്കരണം നേരിടുന്ന ആദിവാസി യുവത്വങ്ങളുടെ കഥയാണ് വിധി മാലാടുകത്. ആദിവാസി ഭാഷകളായ ഡോഗ്രിയും ഖോസോയും മണിപ്പൂരിയുമെല്ലാം സ്വന്തമായി ലിപികൾ നേടുന്ന അവസ്ഥയിൽ നാരായണൻ രൂപപെടുത്തിയ ലിപികളിലൂടെ തെന്നിന്ത്യയിലെ ആദിവാസി സമൂഹവും അവരുടെ സ്വത്വവും അതിജീവിക്കപ്പെടുമെന്ന് വിശ്വസിക്കാം. ആദിൻ എന്ന ലിപി സമാഹാരത്തിലൂടെ നാരായണൻ എന്നും ജീവിക്കുമെന്നും.

ഗോത്രവർഗ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം അവരുടെ തന്നെ ഭാഷയിൽ ആയിരിക്കണം എന്നുള്ള നിർദേശം നടപ്പാക്കപ്പെടുമ്പോൾ നാരായണൻ തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പങ്കും വലിയ രീതിയില്‍ ഗുണകരമായിരിക്കും..

(കേരളാ സാഹിത്യ അക്കാദമി പുറത്തിറക്കുന്ന സാഹിത്യ ചക്രവാളം മാസികയുടെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories