TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് ജനങ്ങളുടെ പക്കല്‍ നേരിട്ടു പണമെത്തിക്കാന്‍ മോദി സര്‍ക്കാരിന് താത്പര്യമില്ലാത്തത്? നിര്‍മല സീതാരാമന്റെ സാമ്പത്തിക തിരഞ്ഞെടുപ്പുകൾ

എന്തുകൊണ്ടാണ് ജനങ്ങളുടെ പക്കല്‍ നേരിട്ടു പണമെത്തിക്കാന്‍ മോദി സര്‍ക്കാരിന് താത്പര്യമില്ലാത്തത്? നിര്‍മല സീതാരാമന്റെ സാമ്പത്തിക തിരഞ്ഞെടുപ്പുകൾ

ബിഹാർ തിരഞ്ഞെടുപ്പിന്റെ തൊട്ടു പിന്നാലെ വന്ന മൂന്നാം സാമ്പത്തിക ഉത്തേജക പാക്കേജ് ഒരു രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്.. പാക്കേജിന്റെ സവിശേഷത അത് അനുദിനം വഷളാവുന്ന തൊഴിലില്ലായ്മയെ തടഞ്ഞു നിർത്താനുള്ള ഒരു ശ്രമമാണ് എന്നതാണ്. ഗ്രാമീണ മേഖലയിലെ വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളും യുവജന രോഷവും ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടി നൽകിയിരുന്നു. പക്ഷെ, നിർമല സീതാരാമന്റെ പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിലും ഭാവനാപൂർണമായ യാതൊന്നുമില്ല. ഗ്രാമങ്ങളിലെ ദരിദ്ര ജന വിഭാഗങ്ങളുടെ കൈകളിലേക്ക് നേരിട്ടു പണം എത്തിക്കാനുള്ള കാര്യമായ യാതൊരു ശ്രമവും ഇത്തവണയും നടത്തിയിട്ടില്ല; പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്‌ഗർ യോജനയിൽ 10,000 കോടി രൂപ പുതുതായി വകയിരുത്തിയത് ഒഴിച്ചാൽ. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലേക്കും ഈ തുക വക മാറ്റി ചിലവഴിക്കാൻ സാധിക്കും. ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ വലിപ്പം വച്ചു നോക്കിയാൻ ഈ തുക അപര്യാപ്തമാണ്. നഗര പാർപ്പിട പദ്ധതികൾക്കായി മാറ്റിവച്ച 18,000 കോടി രൂപയും ഈ നിലയിലുള്ള ഒരു ശ്രമമായി കണക്കിലെടുക്കാം. 65,000 കോടി രൂപയുടെ വളം സബ്‌സിഡി കർഷകരെ ഒന്നു സമാധാനിപ്പിക്കാൻ മാത്രമാണ്. അതിന്റെ അർത്ഥം, ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ വില ഉയരാൻ സാധ്യതയുണ്ടന്ന് കേന്ദ്രം കരുതുന്നു എന്നു കൂടിയാണ്. വടക്കേ ഇന്ത്യയിലെ വ്യാപക കർഷക പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ ഒരു വിലവർദ്ധനവ് ഒഴിവാക്കാൻ മുൻകരുതലെടുക്കുന്നു എന്നുമാത്രം.

കേന്ദ്രത്തിന്റെ മൂന്ന് റൗണ്ട് ഉത്തേജക പാക്കേജ് വന്നു കഴിയുമ്പോളും ജനങ്ങളുടെ കൈയിൽ നേരിട്ടു പണം കൊടുക്കാനുള്ള പദ്ധതികളുടെ അഭാവം ശ്രദ്ധേയമാണ്. അത്തരം സാമ്പത്തിക രീതിശാസ്ത്രത്തിൽ അവർ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. തൊഴിൽ മേഖലയുടെ പുനരുജ്ജീവനം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിലൂടെ സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലൈൻ. കൃഷിക്കാരുടെയും സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് ലോക്ക്ഡൗണ് കാലത്തു നിക്ഷേപിച്ച ചെറിയ ഒരു തുകയൊഴിച്ചാൽ മറ്റൊരു നീക്കവും ഇനി പ്രതീക്ഷിക്കേണ്ട എന്നർത്ഥം. ഇത് കേരളത്തിന്റെ ധനമന്ത്രിയടക്കം ഇടതുപക്ഷ സൈദ്ധാന്തികർ ആവശ്യപ്പെടുന്ന നേരിട്ടുള്ള ദാരിദ്ര്യ നിർമാർജ്ജന പ്രക്രിയകളുടെ മറുവശമാണ്.

എന്തുകൊണ്ടാണ് വലതുപക്ഷ സൈദ്ധാന്തികർ ജനങ്ങളുടെ കൈയ്യിൽ നേരിട്ടു പണം കൊടുക്കുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കാത്തത്? ഒരു വെൽഫേയർ സ്റ്റേറ്റ് സങ്കല്പത്തിൽ അവർ വിശ്വസിക്കുന്നില്ല എന്നതു തന്നെ കാരണം. കെയ്‌നീഷ്യൻ സാമ്പത്തിക തത്വങ്ങൾ അവർക്കു പണ്ടേ ചതുര്‍ത്ഥിയാണ്. കോവിഡല്ല, ഇനി അതിനേക്കാൾ വലിയ സാമ്പത്തിക തകർച്ച വന്നാലും 'പണിയെടുക്കാത്തവർ'ക്ക് പണം കൊടുക്കേണ്ടതില്ല എന്നതാണ് നയം. കേരളം പോലെയുള്ള ചില സംസ്ഥാനങ്ങൾ കൂടുതൽ മിടുക്കരാവേണ്ട എന്നുകരുതി ജി.എസ്.ടി കുടിശ്ശികയുടെ നല്ലൊരു പങ്ക് 2023-ലേ തരൂ എന്നൊരു തീരുമാനവും എടുത്തു.

എന്നാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെങ്ങനെ? അത് ഇന്ത്യൻ വ്യവസായികൾക്ക് കൂടി പ്രയോജനപ്രദമായ ഒരു പാക്കേജിലൂടെ മാത്രം. തൊഴിലാളികൾക്കു വേണ്ടി ഒരു പ്രത്യേക പാക്കേജ് ഇല്ല. വ്യവസായികളും ബിസിനസുകാരും തൊഴിലാളികളും ഉൾപ്പെടുന്ന ഒരു ജൈവ വ്യവസ്ഥയാണ് ബിജെപിയുടെ സാമ്പത്തിക ദർശനത്തിലുള്ളത്. അവിടെ തൊഴിലാളിക്ക് മാത്രമായി ഒരു പ്രത്യേക അസ്തിത്വമില്ല, ബിഎംഎസ് വിശ്വസിച്ചാലും ഇല്ലെങ്കിലും!

വളരെ മന്ദഗതിയിൽ മാത്രം സാമ്പത്തിക പുനരുജ്ജീവനം സാധ്യമാക്കുന്ന ഒരു വഴിയാണിത്. പക്ഷേ, ബിജെപിക്ക് ഈ വഴിയാണ് താത്പര്യം. ഉയർന്ന ഊർജ്ജ ഉപഭോഗവും ബാങ്ക് വായ്പ്പകൾക്ക് ആവശ്യക്കാർ ഏറുന്നതും വാഹന വിപണിയിലെ ഉണർവും ഒക്കെ ഒരു തിരിച്ചുവരവിന്റെ ലക്ഷണമായി ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. പതുക്കെയെങ്കിൽ പതുക്കെ. ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടാനും ഡിമാൻഡ് സൃഷ്ടിക്കാനുമായി കടം വാങ്ങി ചിലവഴിക്കാൻ നിര്‍മല സീതാരാമന്‌ തീരെ താത്പര്യമില്ല എന്നർത്ഥം. കൂടാതെ, ഇന്ത്യയുടെ ധനക്കമ്മിയെ പറ്റി വല്ലാത്ത വേവലാതിയുമുണ്ട്. കൂടുതൽ കടം വാങ്ങി ചിലവഴിച്ചാൽ ധനക്കമ്മി കൂടും. അത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ റേറ്റിംഗിനെ ബാധിക്കും; രൂപയുടെ വിലയിടിയും, എണ്ണയുടെയും സ്വർണത്തിന്റെയും ഇറക്കുമതിക്ക് കൂടുതൽ വിദേശനാണ്യം വേണ്ടിവരും. ആഗോള പ്രതിച്ഛായയാണ് ആഭ്യന്തര ദാരിദ്ര്യ നിർമാർജ്ജനത്തേക്കാൾ പ്രധാനം, പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ. അതുകൊണ്ട്, ഉത്തേജക നടപടികൾ ഇനിയും വന്നേക്കാം. പക്ഷെ നേരിട്ടുള്ള പണം കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയും പ്രതീക്ഷിക്കേണ്ടതില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സുരേഷ് വര്‍ഗീസ്‌

സുരേഷ് വര്‍ഗീസ്‌

ഡല്‍ഹി കേന്ദ്രമാക്കി രണ്ടു ദശാബ്ധക്കാലമായി പൊളിറ്റിക്കല്‍, ബിസിനസ് റിപ്പോര്‍ട്ടിംഗ് ചെയ്യുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, തെഹല്‍ക്ക, ഇകണോമിക് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു; പത്തനംതിട്ട സ്വദേശി

Next Story

Related Stories