TopTop
Begin typing your search above and press return to search.

ഗുജറാത്തി സുഹൃത്തിനെ വേദനിപ്പിക്കാതിരിക്കാന്‍ ഉള്ളി കഴിക്കാത്ത ജേക്കബ് തോമസും 24 ന്യൂസ് ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ 'ഇല്ലാതായി'പ്പോകുന്ന അവതാരകനും

ഗുജറാത്തി സുഹൃത്തിനെ വേദനിപ്പിക്കാതിരിക്കാന്‍ ഉള്ളി കഴിക്കാത്ത ജേക്കബ് തോമസും 24 ന്യൂസ് ചര്‍ച്ചയില്‍ ചോദ്യങ്ങള്‍

നടനത്തിൻ്റെ കാര്യത്തിൽ മോഹൻലാൽ സൂപ്പറാണ്. പതിറ്റാണ്ടുകളായി തിളങ്ങി നിൽക്കുന്ന നടൻ. ജനമനസ്സുകളിൽ അംഗീകാരം നേടിയ ഇതിഹാസമാണ്. അതാണ് മോഹൻലാൽ എന്ന വ്യക്തിയിലെ കലാപ്രതിഭ. അതേ സമയം രാഷ്ട്രീയ പക്ഷത്ത് മോഹൻലാൽ എന്ന വ്യക്തിയുടെ നിലപാടുകൾ മലയാളികൾ ഇഷ്ടപ്പെടാറില്ല. തൻ്റെ ആരാധകവൃന്ദങ്ങളെ പോലും നിരാശരാക്കുന്ന രാഷ്ട്രീയ മനോഭാവം അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

മുൻ ഡിജിപി ജേക്കബ് തോമസ് മികച്ച ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലായിരുന്നു. സ്വാഭാവികമായും അത് പാർട്ടി രാഷ്ട്രീയക്കാരിൽ അനിഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ജേക്കബ് തോമസിലെ മികച്ച ഉദ്യോഗസ്ഥനെ മങ്ങലേൽപ്പിക്കുന്നവയല്ല. പക്ഷേ പാർട്ടി രാഷ്ട്രീയങ്ങൾക്കുമതീതമായി ഒരു പൗരനുണ്ടാകേണ്ട ജനാധിപത്യ രാഷ്ട്രീയ ബോധ്യത്തിൽ ജേക്കബ് തോമസ് പരാജിതനാണോ എന്ന സംശയം അദ്ദേഹത്തിൻ്റെ ചില സമകാലിക സംഭാഷണങ്ങളിൽ നിന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് ന്യായമാണ്. അത് അദ്ദേഹം ആർഎസ്എസിനെ അനുകൂലിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, മറിച്ച് തൻ്റെ രാഷ്ട്രീയ നിലപാടുകളെ ആശയാടിത്തറയിൽ വ്യാഖ്യാനിക്കുന്നതിനും സമർത്ഥിക്കുന്നതിനും പരിമിതികളുണ്ടെന്ന് 24 ന്യൂസിലെ ചാനൽ ചർച്ചയിൽ അദ്ദേഹം തന്നെ തെളിയിച്ചതു കൊണ്ടാണ്.

എന്തോ മറച്ചു വെക്കാനെന്ന പോലെ തികച്ചും സാങ്കേതികമായ പ്രശ്നങ്ങൾ മാത്രം ഉയർത്തി അവതാരകന്‍ അരുൺകുമാറിനെ കൗണ്ടർ ചെയ്ത് ഒരു മാത്സരിക സംവാദകൻ്റെ മിടുക്ക് കാണിക്കാൻ ചർച്ചയിൽ ജേക്കബ് തോമസിന് സാധിച്ചിട്ടുണ്ട്. അവതാരകന്റെ ചോദ്യങ്ങൾ നയിക്കുന്ന ആശയപരമായ ചർച്ചകളെ താർക്കികമായ പ്രതിരോധം സൃഷ്ടിച്ച് തട്ടി മാറ്റുകയായിരുന്നു അദ്ദേഹം. ഇതുവഴി തൻ്റെ യഥാർത്ഥ നിലപാടുകളെ മറച്ചു പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ ഇത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകളുടെ വിജയമായി ആഘോഷിക്കുകയാണ് ഇപ്പോൾ ചില ഫാൻസ് അസോസിയേഷനുകൾ. ചോദ്യങ്ങൾ തടുക്കാൻ ജേക്കബ് തോമസ് ഉയർത്തിയ സാങ്കേതികം മാത്രമായ വാദങ്ങളെ കൃത്യമായി നേരിടാൻ കഴിഞ്ഞില്ല എന്ന വീഴ്ച്ച അവതാരകന്റെ ഭാഗത്തുണ്ടായിട്ടുണ്ട്. സമയക്കുറവു കൊണ്ടോ എന്തോ അരുൺ ശ്രമം നടത്തിയില്ല.

ചോദ്യങ്ങളെ ജേക്കബ് തോമസ് നേരിട്ട രീതിയും അവതാരകന്റെ തിരിച്ചുള്ള പ്രതികരണങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ ചർച്ചയിൽ ജേക്കബ് തോമസ് വിജയിച്ചതാണോ തന്ത്രപരമായ ഒഴിഞ്ഞു മാറൽ നടത്തി തൻ്റെ രാഷ്ട്രീയ നിലപാടുകൾക്ക് കവചം തീർക്കുകയായിരുന്നോ എന്നു മനസ്സിലാക്കാം. ചർച്ചയുടെ തുടക്കത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ എന്ന ചോദ്യമാണ് അവതാരകന്‍ ഉന്നയിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഭയക്കാത്ത മനുഷ്യർ ആരാണെന്ന മറുചോദ്യം കൊണ്ട് തന്നെപ്പോലുള്ള (?) സാധാരണക്കാരെല്ലാം കേരളത്തിൽ ഭയത്തോടെ ജീവിക്കുകയാണെന്ന് ജേക്കബ് തോമസ് മറുപടി നൽകുമ്പോൾ അവതാരകന് തിരിച്ചൊന്നും പറയാനുണ്ടായില്ല.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താങ്കൾ പ്രവേശിക്കുമോ എന്ന ചോദ്യത്തെ, ഞാൻ എന്ന് മരിക്കുമെന്ന് അരുണിന് പറയാനാകുമോ എന്ന മറു ചോദ്യത്തിൽ ജേക്കബ് തോമസ് പ്രതിരോധിക്കുന്നു. മരണം ഒരാളുടെ തീരുമാനങ്ങൾക്കതീതമായ അനൈച്ഛിക പ്രവൃത്തിയാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരാളുടെ ബോധപൂർവ്വ തീരുമാനമാണ്. ജേക്കബ് തോമസ് നിലവിൽ അത്തരം തീരുമാനം എടുത്തിട്ടുണ്ടോ എന്ന് അവതാരകന് തിരിച്ച് ചോദിക്കാമായിരുന്നു.

ആർഎസ്എസിനെ ന്യായീകരിക്കാൻ ജേക്കബ് തോമസ് ഉയർത്തിയ യുക്തിരഹിതമായ സാംസ്കാരിക വാദങ്ങളെ അവതാരകന്‍ ഇഴകീറി പരിശോധിക്കാൻ തയ്യാറായില്ല. ചൈനീസ് സംസ്കാരത്തിനെതിരെ ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിക്കുന്നവരുടെ കൂടെ താൻ നിൽക്കുന്നു എന്ന പല ധ്വനികൾ ഒളിപ്പിച്ചു കടത്തിയ വാദത്തെ അക്ഷരംപ്രതി കീറി മുറിച്ച് ചോദ്യം ചെയ്യാത്തതുമൂലം അവതാരകന്‍ ആ പ്രസ്താവനയിലെ വ്യംഗ്യോക്തികൾ പരോക്ഷമായി അംഗീകരിക്കുകയാണുണ്ടായത്.

ജേക്കബ് തോമസ് തൻ്റെ സാംസ്കാരിക ദേശീയവാദത്തിൻ്റെ ന്യായീകരണത്തിൽ 'ഞാൻ ജനിച്ചു വീണ സംസ്കാരം' എന്ന പ്രസ്താവനയിൽ തുടങ്ങി 'ശ്രീരാമകഥകൾ കേട്ടു വളരാത്ത ഏത് ഇന്ത്യക്കാരനാണുള്ളത്' എന്നിങ്ങനെ ചോദ്യങ്ങളുയർത്തി ഭാരതീയ സംസ്കാരമെന്ന ഏകശിലാത്മക സാംസ്കാരിക വാദമുയർത്തിയപ്പോൾ ഇന്ത്യയുടെ സംസ്കാരത്തെ രാമനിൽ ചേർത്ത് വായിക്കുന്ന തോമസിൻ്റെ സംഘപരിവാർ യുക്തിയെ ഖണ്ഡിക്കാനും അവതാരകന്‍ തയ്യാറായില്ല.

അക്കാദമിയിൽ നിന്ന് തന്നെ പഠിപ്പിച്ചു വിട്ട സംസ്കാരമല്ല തനിക്കെന്നും ഞാൻ ജനിച്ചു വീണ ഭാരത സംസ്കാരമാണ് തൻ്റേതെന്നും ജേക്കബ് തോമസ് വാദിക്കുമ്പോൾ ഒരു വ്യക്തിയുടെ സംസ്കാരത്തെയും സംസ്കാരത്തിൻ്റെ അടിസ്ഥാനങ്ങളെയും ചോദ്യം ചെയ്ത്, അദ്ദേഹത്തിൻ്റെ നിരർത്ഥക വാദങ്ങളെ (Straw man) ഭേദിക്കാൻ ജനകീയ കോടതി നയിക്കുന്ന അരുൺകുമാർ എന്ന മാധ്യമ പ്രവർത്തകന്‍ ശ്രമിച്ചില്ല. ജനിച്ചു വീണ ഭാരത സംസ്കാരമെന്ന തോമസിൻ്റെ വാദത്തെ അംഗീകരിക്കുന്ന തരത്തിൽ 'ജനിച്ചു വീണത് ഭാരതീയ സംസ്കാരത്തിലാണെങ്കിലും വളർന്നത് കോൺസ്റ്റിറ്റ്യൂഷനിലല്ലേ' എന്ന മറുചോദ്യമാണ് അരുൺകുമാർ പിന്നീട് ഉന്നയിക്കുന്നത്. ജനിച്ചു കഴിഞ്ഞിട്ടല്ലേ വളരുന്നതെന്ന് ജേക്കബ് തോമസിൻ്റെ മറുപടിക്ക് അവതാരകന് അരുൺകുമാറിനു മൗനം മാത്രം.

"ഭാരത സംസ്കാരത്തിൽ ജനിച്ചു വീണു കഴിഞ്ഞാൽ ആ ഭാരത സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന ഏതു കാര്യമുണ്ടോ അതിൻ്റെ കൂടെ ഞാനുണ്ടാകും" എന്ന് തറപ്പിച്ച് പറഞ്ഞ് തൻ്റെ ആർഎസ്എസ് അനുഭാവത്തെ ന്യായീകരിക്കാൻ ശ്രമിച്ച ജേക്കബ് തോമസ്, വാദങ്ങളിലെ സാങ്കേതിക വശങ്ങൾ ഉപയോഗപ്പെടുത്തി ചർച്ചയെ ഉപരിപ്ലവമാക്കിത്തീർക്കുന്നതിൽ വിജയിക്കുകയായിരുന്നു. ക്രിസ്ത്യൻ മതത്തിൽ ജനിച്ചു വീണത് കൊണ്ട് നൂറ്റമ്പതോളം വരുന്ന ക്രിസ്ത്യൻ അവാന്തരവിഭാഗങ്ങൾ ചെയ്യുന്ന തെറ്റായ പ്രവൃത്തികൾക്ക് താൻ ഒരിക്കലും ഉത്തരവാദിയല്ലെന്നതു പോല ഭാരതീയ സംസ്കാരത്തിൽ ജനിച്ച് ഭാരത (ഹിന്ദുത്വ) സംസ്കാരം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് വിവിധങ്ങളായ ഹിന്ദുത്വ സംഘടനകൾ ചെയ്യുന്ന തെറ്റായ പ്രവൃത്തികൾക്ക് താൻ ഉത്തരവാദിയാകില്ലെന്ന കുതന്ത്രപരമായ വാദം ജേക്കബ് തോമസ് മുന്നോട്ടു വെക്കുമ്പോഴും, ജനിച്ചു വീണ സംസ്കാരമെന്ന തോമസ് വാദത്തെ അംഗീകരിച്ച് കൊടുത്തതാണ് തുടർന്നുള്ള തൻ്റെ വാദങ്ങളെ ദുർബ്ബലപ്പെടുത്തിയതെന്ന് അവതാരകന്‍ തിരിച്ചറിയുന്നില്ല.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തര വകുപ്പിൽ ജോലി ചെയ്ത ജേക്കബ് തോമസിന് ആർഎസ്എസിൻ്റെ പ്രവർത്തനങ്ങൾ അറിയില്ലെന്നോ എന്ന ചോദ്യത്തെ ജേക്കബ് തോമസ് 'കഴിഞ്ഞ നൂറ്റാണ്ട്' എന്ന സാങ്കേതിക പദത്തിൽ നിന്ന് കൊണ്ട് എതിർത്തപ്പോൾ അവതാരകന്‍ അതും അംഗീകരിച്ചു. അങ്ങനെ ഇരുപതു വർഷം മുമ്പ് നടന്ന കാര്യങ്ങളെല്ലാം ഒരു നൂറ്റാണ്ടകലെയാവുകയും നവ നൂറ്റാണ്ടിൽ അതെല്ലാം അപ്രസക്തമായിത്തീരുകയും ചെയ്തു.

ബീഫ് നിരോധനം പൗരാവകാശ ലംഘനമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ജേക്കബ് തോമസ് ഉള്ളി കഴിക്കാത്ത ഗുജറാത്തി സുഹൃത്തിൻ്റെ സംസ്കാരത്തെ മാനിച്ചുകൊണ്ട് ഉള്ളിക്കൊതിയനായ താൻ ഗുജറാത്തിൽ സുഹൃത്തിനൊപ്പം ഉള്ളി കഴിക്കാറില്ല എന്ന തികച്ചും വ്യക്തിപരമായ കാര്യം തട്ടി വിടുന്നു. ഒരു രാഷ്ട്രത്തിൻ്റെ നിയമമായി ബീഫ് നിരോധിക്കപ്പെടുന്നതും ഒരാൾ തൻ്റെ സുഹൃത്തിനു വേണ്ടി ഉള്ളി (അല്ലെങ്കിൽ ബീഫ് ) വർജ്ജിക്കുന്ന തികച്ചും വ്യക്തിപരമായ (രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഒന്നുമില്ലാത്ത) ഒരു തീരുമാനമെടുക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അവതാരകനെ ബോധിപ്പിക്കാൻ ജേക്കബ് തോമസിന് സാധിച്ചതാണോ അതോ തയ്യാറാക്കി വെച്ച ചോദ്യങ്ങൾക്ക് സമയം കണ്ടെത്താൻ വേണ്ടി അരുൺ മനപൂർവം ഒഴിഞ്ഞതാണോ എന്നറിയില്ല ജേക്കബ് തോമസിൻ്റെ മറുപടിക്ക് തലയാട്ടം മാത്രമായിരുന്നു അവതാരകന്റെ പ്രതികരണം.

നെഹ്റു 14 വർഷം ഭരിച്ചിട്ടും അദ്ദേഹത്തിൻ്റെ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പരാജയമായിരുന്നു (ഇന്ദിരാഗാന്ധിക്ക് ഗരീബീ ഹഠാവോ നടപ്പിലാക്കേണ്ടി വന്നതാണ് പരാജയത്തിൻ്റെ തെളിവ്) എന്ന വാദത്തിലൂടെ നെഹ്റുവിനെ കേവലം കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിൽ മാത്രം ചുരുക്കുകയും 6 വർഷം മാത്രം പൂർത്തിയാക്കിയ മോദിക്ക് നെഹ്റുവിനെ പോലെ 14 വർഷം പൂർത്തിയാക്കാൻ സാവകാശം നൽകിയതിനു ശേഷം മാത്രമേ ഇരുവർക്കുമിടയിൽ താരതമ്യം നടത്താനാവുമെന്ന് മൊഴിയുകയും ചെയ്ത ജേക്കബ് തോമസിനെ, 2014 മുതൽ മോദി ഭരിക്കുന്ന ഇന്ത്യയും 1952 മുതൽ നെഹ്റു ഭരിച്ച ഇന്ത്യയും കേവലം വർഷ ഗണനാടിസ്ഥാനത്തിൽ ചില പദ്ധതികളുടെ വിജയപരാജയങ്ങളിലായി മാത്രം വിലയിരുത്താനാവില്ലെന്നും രണ്ടു കാലത്തെയും ചരിത്ര പശ്ചാത്തലങ്ങളിൽ നിന്നു കൊണ്ട് ഇന്ത്യ നേടിയ നേട്ടങ്ങൾ പരിഗണിച്ചു കൊണ്ടാവണം വിലയിരുത്തേണ്ടതെന്നും ഓർമപ്പെടുത്താൻ അവതാരകന് കഴിഞ്ഞില്ല. ഇത് ജേക്കബ് തോമസിൻ്റെ വിജയമായി കാണുന്നതിലുപരി, നെഹ്റുവിനെ തമസ്കരിക്കാൻ ശ്രമിക്കുന്ന ചരിത്ര വിരുദ്ധർക്ക് മുന്നിൽ അവതാരകന്റെ പരാജയമായും വിലയിരുത്താം.

വാദങ്ങളുടെ സാങ്കേതിക അംശങ്ങളിൽ തൂങ്ങിപ്പിടിച്ച് തർക്കികമായ വിജയപരാജയങ്ങൾ ആഘോഷമാക്കുന്ന സോഷ്യൽ മീഡിയാ ചർച്ചാ കാലത്ത് ജേക്കബ് തോമസിനെ പോലുള്ള തന്ത്രശാലികളുടെ ഉപരിപ്ലവ വാദങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. പക്ഷേ അത്തരം ഉപരിപ്ലവ സമീപനങ്ങളെ ഭേദിച്ചു കൊണ്ട് സൂക്ഷ്മമായ ആശയാടിത്തറയിലേക്ക് ചർച്ച എത്തിക്കുന്നതിലാണ് ഒരു അവതാരകൻ്റെ വിജയം. ആ അർത്ഥത്തിൽ ജേക്കബ് തോമസുമായുള്ള ചർച്ചയുടെ ആദ്യ പകുതിയിൽ അവതാരകന്‍ പരാജയമാണെന്നു തന്നെ വെക്കാം, അത് തോമസിൻ്റെ നിലപാടുകളുടെ വിജയമല്ലെങ്കിലും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories