TopTop

ഗോഡ്സെ രാഷ്ട്രീയത്തിലെ ഗാന്ധി ജയന്തിയും സുഗതകുമാരി മോഡല്‍ അരാഷ്ട്രീയ വായനകളും

ഗോഡ്സെ രാഷ്ട്രീയത്തിലെ ഗാന്ധി ജയന്തിയും സുഗതകുമാരി മോഡല്‍ അരാഷ്ട്രീയ വായനകളും

ഇന്ന് ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികമാണ്. നവഖലികൾ അടുത്തും സബർമതികൾ ദൂരത്തുമാകുന്ന ഒരു കാലത്തിലാണ് ആ വാർഷികം വന്നെത്തുന്നത് എന്നത് ചരിത്രത്തിലെ തന്നെ വലിയൊരു വൈപരീത്യമാണ്. നിലവിൽ രാജ്യത്തുള്ള അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുമെന്നും അവരിൽ ഒരു മതവിഭാഗത്തിൽപ്പെട്ടവരെ മാത്രമേ പുറംതള്ളുകയുള്ളു എന്നും ദേശീയ ഭരണ നേതൃത്വം അർത്ഥശങ്കയ്‌ക്ക്‌ ഇടയില്ലാത്ത വിധം വ്യക്തമാക്കിയത് ഈ ജന്മദിനത്തിന് തൊട്ട് തലേന്നാണ്. കാശ്മീർ അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നു. അസാമിലും ഇതര വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും വംശവെറി, അശാന്തിയുടെ കാർമേഘങ്ങളെ ഉരുണ്ടു കൂടാൻ സഹായിക്കുന്നു. ജാതീയമായും വർഗീയമായും വംശീയമായും രാഷ്ട്രം ആഴത്തിൽ വിഭജിക്കപ്പെടുകയും ഭരണകൂടം അതാഘോഷിക്കുകയും ചെയ്യുന്നു. ഭക്ഷണം, വിശ്വാസം, അഭിപ്രായ സ്വാതന്ത്ര്യം, വസ്ത്രം എന്നിവ സംബന്ധിച്ച തെരഞ്ഞെടുക്കാൻ ഉള്ള അവകാശം പോലും അപകടത്തിലായിരിക്കുന്നു. അഭിപ്രയ പ്രകടനങ്ങൾ അപകടകരമാകുന്നു. മതയാഥാസ്ഥികത്വവും വർഗീയതയും മനുഷ്യ മനസ്സുകളെ പ്രാക്തന ശിലായുഗത്തിലേക്ക് വലിച്ചു കൊണ്ട് പോകുന്നു. ഇതിനിടയിൽ രാഷ്ട്രത്തിന്റെ സമ്പദ്ഘടന തന്നെ തകർന്നു പോകുന്നു. പ്രതിഷേധങ്ങളുടെയും ആശങ്കകളുടെയും നേരിയ ശബ്ദങ്ങൾ പോലും അടിച്ചമർത്തപ്പെടുന്നു.

വ്യാജ ഏറ്റുമുട്ടൽ കൊലകളിലൊന്നിൽ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ ഉമ്മ ഷമിനാ കൗസർ നിയമയുദ്ധത്തിൽ തനിക്കുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടതായും കടുത്ത നിസ്സഹായതയിലാണ് താനെന്നും കോടതിയെ അറിയിച്ചതും ഈ ജന്മദിനത്തിന് തലേന്നാണ്. നീതിയുടെ തുലാസ് പക്ഷപാതപരമായി ചായുന്നു എന്ന കടുത്ത ആശങ്ക രാഷ്ട്രം മൊത്തത്തിൽ പങ്കുവയ്ക്കുന്ന ദിനങ്ങൾ കൂടിയാണിവ. എന്നിരിക്കിലും ഗാന്ധി സ്‌മരണകൾ ഈ ജന്മദിനത്തിലും പരമ്പരാഗത ആചാരമായി സമുചിതം ആഘോഷിക്കപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരും അതിന്റെ ഏജൻസികളും നടത്തുന്ന പ്രചാരണം കണ്ടാൽ തോന്നുക ഗാന്ധിജി വൃത്തിയുടെയും വെടിപ്പിന്റെയും ആചാര്യൻ മാത്രമല്ല ഏതോ ശുചീകരണ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു എന്നാണ്. പത്രങ്ങളും മോശമല്ല. കാലഘട്ടത്തിന്റെ യാഥാർഥ്യങ്ങൾക്ക് മുഖം കൊണ്ട് തന്നെ എല്ലാവരും ഗാന്ധിജിയെ അനുസ്മരിച്ചിട്ടുണ്ട്. മാതൃഭൂമി ആചാരം തെറ്റിക്കാതെ സുഗതകുമാരിയെക്കൊണ്ട് ഒന്നാം പേജിൽ ഗാന്ധിജിയെ അമാനുഷനാക്കിയും ഇതര മതേതര-ബഹുസ്വര സാമൂഹിക പ്രക്രിയുടെ പ്രണയിതാക്കളെ കണ്ടില്ലെന്നു നടിച്ചും ഒരു വീരചരിത മാനസം എഴുതിച്ചിട്ടുണ്ട്. അതിൽ മഷിയിട്ട് നോക്കിയാൽ പോലും ആൾക്കൂട്ട ആക്രമണങ്ങൾക്കിരയായി കൊല്ലപ്പെട്ടവരെ കുറിച്ചുള്ള ആശങ്കകൾ കാണാനില്ല. സമരമുഖങ്ങളിൽ നിന്നും പിടിച്ചു കൊണ്ടുപോകപ്പെട്ട് അപ്രത്യക്ഷരാക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളെ കുറിച്ചുള്ള ആശങ്കകൾ കാണാനില്ല. അടിസ്ഥാന വിനിമയ സംവിധാനങ്ങൾ പോലും നിഷേധിക്കകപ്പെട്ട ഒരു ജനതയുടെ മാസങ്ങളായുള്ള അതിജീവന സമരങ്ങളും വിഷയമല്ല.

ഗാന്ധിജിയെ വീരാരാധനയുടെ പാരമ്യത്തിൽ ദൈവതുല്യം ഉയർത്തുമ്പോൾ തിരസ്കരിക്കപ്പെടുന്നതും മറക്കപ്പെടുന്നതും വർത്തമാനത്തിലെ തീക്ഷ്ണമായ യാഥാർത്ഥ്യങ്ങളാണ്. മതാതീത മാനവീകതയിൽ നിന്നും ഏകമതവും ഏക ഭാഷയും ഏക പാർട്ടിയും എന്ന നിലയിലുള്ള ഫാസിസ്റ്റ് അരിയിട്ട് വാഴ്ചകൾ സംബന്ധിച്ച ഏകമുഖ പ്രഖ്യാപനങ്ങളിലേക്ക് മുഖ്യധാരാ രാഷ്ട്രീയം കടന്നു പോകുന്നത് ഗാന്ധി ഭക്തർ കാര്യമായി എടുക്കുന്നില്ല. ഭരണഘടന തന്നെ മാനിക്കപ്പെടാതിരിക്കുകയും അമിതാധികാര താത്പര്യങ്ങൾ ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുന്നതും അവർ കാണുന്നില്ല. പൗരാവകാശങ്ങൾ ചവിട്ടി മെതിക്കപ്പെടുന്നതും അവരുടെ ദൃഷ്ടികളിൽ വരുന്നില്ല. ഭൂതകാല കുളിരുകളിൽ അഭിരമിച്ചുകൊണ്ട് വർത്തമാനത്തിന്റെ തീക്ഷ്ണ യാഥാർഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണ് അവർ.

മാർക്‌സും ഏംഗൽസും നെഹ്രുവും അംബേദ്കറും പെരിയാറും ശ്രീനാരായണ ഗുരുവും ദൈവങ്ങൾ അല്ലാതിരുന്നതുപോലെ ഗാന്ധിജിയും ദൈവം ആയിരുന്നില്ല. വിമർശനപരവും സത്യസന്ധവും യുക്തിഭദ്രവുമായ ഗാന്ധി പഠനങ്ങളാണ് തീർച്ചയായും വർത്തമാനകാലത്തെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുക. ഗാന്ധിജിയുടെ നേട്ടങ്ങൾ പോലെ തന്നെ കോട്ടങ്ങളും രാഷ്ട്രത്തെയും അതിന്റെ മുന്നോട്ടുള്ള പോക്കിനെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സന്തുലിതമായ ഒരു സമീപനമാണ് ഗാന്ധിജിയെക്കുറിച്ചു അഭികാമ്യം. സുഗതകുമാരി സ്റ്റൈൽ അനുഷ്ടാന മഹത്വപ്പെടുത്തലുകൾ അല്ല ആവശ്യം.

ഗാന്ധി വിമർശനം ഗാന്ധി നിന്ദയല്ല. അത് ആ വലിയ മനുഷ്യനോടുള്ള സ്വാഭാവിക നീതി കൂടിയാണ്. അദ്ദേഹത്തിന്റെ സത്യത്തോടുള്ള സമീപനത്തിനോടുള്ള ആദരവ് കൂടിയാണ്. നുണകൾക്ക് ഗാന്ധി അനുവർത്തിച്ച നയങ്ങളിൽ സ്ഥാനമില്ല. മറിച്ച് അത് കുടികൊള്ളുന്നതും കുടികൊള്ളേണ്ടതും ഗോഡ്‌സെയെ ആരാധിക്കുകയും അയാളുടെ ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നവരിലാണ്. രാഷ്ട്രപിതാവ് എന്ന ഗാന്ധിജിയുടെ സ്ഥാനം തന്നെ അടിച്ചു മാറ്റാൻ നടക്കുന്നവർക്ക് മുന്നിൽ വ്യാജയുക്തികളിൽ കെട്ടിപ്പൊക്കിയ സൗധത്തിനു മീതെ ആകരുത് അദ്ദേഹത്തിന്റെ സ്ഥാനം. ഗാന്ധിജി ഒരു വഴിയാണ്. അതിൽ തന്നെയുള്ള അവസാനത്തെ മോക്ഷപ്രാപ്തിയല്ല. ഒരു സാധ്യതയല്ല, മറിച്ച് അതിനായുള്ള തീക്ഷണമായ അന്വേഷണമാണ്. സൂക്ഷ്മനിരീക്ഷണങ്ങളിൽ സ്ഫുടം ചെയ്ത് സാമൂഹിക മുന്നേറ്റങ്ങളിൽ ഉപയോഗപ്പെടുത്തേണ്ടുന്ന ഒന്നാണ് ഗാന്ധിയെന്ന ലെഗസി.

ഭൗതികമായി സമ്പത്ത് കുന്നുകൂട്ടാതിരിക്കുകയും ആഡംബര ജീവിതം നയിക്കാതിരുന്നതിലും വഴി ലോകത്തിന് മാതൃക സൃഷ്‌ടിച്ച ഗാന്ധിജി നാൽക്കവലകളിലെ മുഴുവൻ പ്രതിമകളായും പ്രധാന റോഡുകളുടെ പേരായും ചോദ്യം ചെയ്യപ്പെടാത്ത വിഗ്രഹമായും അല്ല നിലനിൽക്കേണ്ടത്. ബഹുസ്വര മതേതര പുരോഗമന രാഷ്ട്രീയത്തിന് ഗാന്ധിജിയിൽ നിന്നും പലതും പകർത്താനും ഉപേക്ഷിക്കാനും ഉണ്ട്. ജീവിത സുഖസൗകര്യങ്ങൾ ത്യജിച്ച ഒരാൾ ജീവിച്ചിരുന്ന കാലത്തു തന്നെ സ്വയം ആചാര്യ പദവിയിലേക്ക് ഉയർത്തപ്പെടാൻ അനുവദിച്ചു എന്നിടത്തു തന്നെ വൈരുദ്ധ്യങ്ങളെ കാണാം. കടുത്ത പാരമ്പര്യവാദിയും ആധുനികതയുടെ എതിരാളിയും മാത്രമല്ല തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിതവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്ത ഒരാൾ തന്നെയായിരുന്നു ഗാന്ധിജി. വൈരുധ്യങ്ങളും സംഘർഷങ്ങളും വൈപരീത്യങ്ങളും നിറഞ്ഞതായിരുന്നു ഗാന്ധിജിയുടെ ജീവിതവും ചിന്തകളും. എന്നിരിക്കിലും അഹിംസാവാദിയായ അദ്ദേഹം ഹിംസാത്മകനായ ഒരു മതഭ്രാന്തന്റെ വെടിയേറ്റ് മരിച്ചു. തീവ്രമതബോധത്തിന്റെയും മതാത്മക ജീവിത സമീപനങ്ങളുടെയും പ്രണേതാവായിരിക്കുമ്പോൾ തന്നെ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി അനവരതം പ്രവർത്തിച്ചു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ നടന്ന ശക്തികളുടെ ശത്രുതയ്ക്ക് ഇരയായി. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ ദൈവമാക്കാൻ നടക്കുന്നവർ തന്നെ അയിത്തോച്ചാടനം, ലിംഗനീതി, ദുര്‍ബലരുടെ അതിജീവനം എന്നിവയിലുള്ള ഗാന്ധിജിയുടെ ആശങ്കകൾ സൗകര്യപൂർവ്വം മറക്കുന്നു. അയിത്തമാകാം, മാലിന്യം കുന്നുകൂടരുത് എന്നതാണ് ഗാന്ധി ജയന്തി ദിനത്തിലെ സ്വച്ഛ് ഭാരത്. പ്ലാസ്റ്റിക്ക് നിർമാർജനം മാത്രമല്ല ഗാന്ധി ജയന്തി. അതിലും അപകടകരമായ പലതിലൂടെയുമാണ് രാഷ്ട്രം ഇപ്പോൾ കടന്നു പോകുന്നത്.

ഗാന്ധിജിയുടെ രാഷ്ട്രീയ -സാമൂഹിക ജീവിതങ്ങൾ മൊത്തമായി എടുത്താൽ അതിൽ മൊത്തത്തിൽ വ്യാപിച്ചു കിടക്കുന്ന ഒന്നല്ല സാമ്രാജ്യത്വവിരുദ്ധത. നിരവധി സന്ദർഭങ്ങളിൽ അദ്ദേഹം സാമ്രാജ്യത്വ അനുകൂല നിലപാടുകൾ എടുത്തിട്ടുണ്ട്. ജാതിപരവും വംശീയവും ലിംഗപരവുമായ നീതിയെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സമീപനങ്ങൾ വൈരുധ്യം നിറഞ്ഞവയായിരുന്നു. രാഷ്ട്രവിഭജനത്തിലേക്കു നയിച്ച സംഭവഗതികളിൽ പോലും അദ്ദേഹത്തിലെ സമീപന വൈരുധ്യങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ അനുഭവിച്ച വംശീയവിവേചനം ഗാന്ധിജിയുടെ സമീപനങ്ങൾ മാറ്റി മറിച്ചു എങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധം ആഫ്രിക്കക്കാർ നിലവിൽ നേരിട്ടിരുന്ന വംശവെറിക്കെതിരായി മാറിയിരുന്നില്ല എന്നും ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ തുല്യരായി പരിഗണിക്കണം എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമീപനം എന്നും നിരവധി ഗാന്ധി പഠിതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1895-ൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം ബ്രിട്ടീഷ് കിരീടത്തോടുള്ള വിധേയത്വം വ്യക്തമായി പറയുന്നുണ്ട്. വംശവെറിയുടെ ആചാര്യരായിരുന്ന സെസിൽ റോഡ്സിന്റെയും ലോർഡ് മിൽനേരുടെയും ലോകത്തിലെ സാംസ്‌കാരിക ഔന്നത്യമുള്ള വിഭാഗങ്ങളെ കുറിച്ചുള്ള ചിന്തകൾ അദ്ദേഹം സ്വാഗതം ചെയ്യുകയും ഇന്ത്യക്കാരും ആ നിരയിൽ വെള്ളക്കാരുടെ കിടപിടിക്കുന്നവരാണ് എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ഇവിടെയെല്ലാം വർണ്ണവെറി നേരിടുന്ന ആഫ്രിക്കൻ സമൂഹം അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല. ഡോക്ടർമാർ, തീവണ്ടികൾ, വക്കീലന്മാർ എന്നിവരെല്ലാമുള്ള പാശ്ചാത്യ സാമൂഹിക സംവിധാനങ്ങളെ ചെകുത്താൻ ഭരണ സംവിധാനങ്ങള്‍ എന്ന് ഹിന്ദു സ്വരാജ് എഴുതിയപ്പോൾ പറഞ്ഞ ഗാന്ധിജി വിഭാവനം ചെയ്ത സ്വയം ഭരണത്തിൽ പക്ഷെ, നിയന്ത്രിതമായ വൈദേശിക നിയന്ത്രണം സ്വാഗതം ചെയ്യുന്നുമുണ്ട്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചു വക്കീലായി, അവർ നിർമിച്ച തീവണ്ടി റൂട്ടുകളിൽ യാത്ര ചെയ്തിരുന്ന ഒരാളായിരുന്നു ഗാന്ധിജി എന്നതും ഓർക്കണം. ഖിലാഫത് പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, അഹിംസ, വിദേശ വസ്ത്ര ബഹിഷ്കരണം, സസ്യാഹാര പ്രചാരണം, നിയമലംഘനം, അഹിന്ദി മേഖലകളിൽ ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങി പലതിലും നിലപാടുപരമായ കടുത്ത വൈരുധ്യങ്ങൾ ഗാന്ധിജിയിൽ കാണാനാകും. നെഹ്രുവിലും അംബേദ്കറിലും എത്തുമ്പോൾ ആ സമീപനങ്ങൾക്ക് വലിയ പരിഷ്‌കാരങ്ങൾ ഉണ്ടാവുകയും വൈരുദ്ധ്യങ്ങൾ കുറച്ചു കൊണ്ട് രാഷ്ട്ര നിർമ്മാണത്തിന് അടിത്തറയിടാൻ അവർക്കായി എന്നുമുള്ളിടത്താണ് ആധുനിക ഇന്ത്യ രൂപപ്പെട്ടത്.

സുഗതകുമാരിയെ പോലുള്ള ഗാന്ധി സ്തുതിക്കാർ അന്ധമായ ഭക്തിയിൽ കാണാതെ പോകുന്നത് ഗാന്ധിജിയെ ജനാധിപത്യപരമായും ബഹുസ്വരമായും സമീപിച്ച് പരിഷ്കരണങ്ങളും തിരുത്തലുകളും കൊണ്ടുവന്ന്‌ ഗാന്ധിസത്തിന് ആധുനിക മുഖം നല്കിയവരെയാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വിഭിന്ന ചിന്താധാരകൾ കൂട്ടായി രൂപപ്പെടുത്തിയ ബഹുസ്വര-മതേതര ജനാധിപത്യത്തിൽ ഗാന്ധിജി വലിയ ഒരു ഘടകമാണ്. എന്നാൽ മറ്റുള്ളവരെ തമസ്കരിച്ചും ഗാന്ധിജിയെ മാത്രം ദൈവമാക്കിയും പ്രചാരണം നടത്തുന്നവർ ഗോഡ്‌സെ രാഷ്ട്രീയക്കാർക്ക് സഹായകമായി പ്രവർത്തിയാണ് ചെയ്യുന്നത്. ബഹുസ്വര മതേതര രാഷ്ട്രീയം ഗാന്ധിജിയെ വിമര്‍ശനപരമായും വസ്തുതാപരമായും സമീപിക്കുകയും ആ നിലയിൽ സ്വാംശീകരിക്കുകയും ചെയ്താൽ മാത്രമേ ഗോഡ്സെ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ ആവുകയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എഡിറ്റോറിയല്‍: റോഡ് ക്ലീന്‍ ചെയ്യാനും വൃത്തിയെക്കുറിച്ച് ഉപന്യാസം രചിക്കാനുമുള്ള വിഷയം മാത്രമല്ല മഹാത്മാ ഗാന്ധി


Next Story

Related Stories