ആ വിരല്‍ ചൂണ്ടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നില്ലെങ്കില്‍ നാം മനുഷ്യരല്ല തന്നെ- നെയ്യാറ്റിന്‍കരയില്‍ അതിദാരുണമായ ജീവതാന്ത്യത്തിലേക്ക് എത്തേണ്ടിവന്ന രാജന്-അമ്പിളി ദമ്പതികളുടെ മകന്റെ വിരല്‍ ചൂണ്ടലുകള്‍. യഥാര്‍ത്ഥത്തില്‍ പൊള്ളലേറ്റത് രാജന്റേയോ അമ്പിളിയുടേയോ ശരീരങ്ങളിലല്ല, മലയാളികള്‍ പ്രബുദ്ധമെന്നു കരുതുന്ന തങ്ങളുടെ സമൂഹശരീരത്തിലാണെന്നതാണ് വാസ്തവം.
പിതാവ് രാജനെ അടക്കം ചെയ്യാനായി കുഴിവെട്ടികൊണ്ടിരിക്കുന്ന മകന്റെ ചിത്രം മാധ്യമങ്ങളിലൂടേയും മറ്റും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു. അധികാരം പുറത്തെടുക്കുന്ന പോലീസിനു നേര്ക്കുമാത്രമല്ല, ആ കൗമാരക്കാരന് വിരല്‍ ചൂണ്ടുന്നത് സുഭദ്രമെന്ന് കൊണ്ടാടപ്പെടുന്ന നമ്മുടെ ആകെ സംവിധാനങ്ങളെക്കൂടി ലക്ഷ്യമാക്കിയാവുന്നു. എത്രയാവര്ത്തിക്കപ്പെട്ടാലും പരിഹരിക്കപ്പെടാത്ത അശരണരുടെ ജീവിതപ്രശ്നങ്ങളും ഉള്ളവനൊപ്പം നില്ക്കുന്ന സംവിധാനങ്ങളും ചേര്‍ന്നു തീര്‍ത്തും നരകീയമാക്കുന്ന സംഭവഗതികളുടെ പട്ടികയില്‍ മറ്റൊരു അധ്യയമായി തീരുന്നുണ്ട് നെയ്യാറ്റിന്‍കര സംഭവം.
നിങ്ങളാണ് ഞങ്ങളുടെ പിതാവിനെ ഇല്ലാതാക്കിയതെന്ന ആ മകന്റെ വിലാപം നമ്മളെയാകെ അസ്വസ്ഥരാക്കേണ്ടതുണ്ട്. അമ്മയും അച്ഛനും ഇല്ലാത്തവരായി വളരാന്‍ രണ്ടു കൗമാരക്കാരെ വിട്ടുകൊടുക്കേണ്ടിവരുന്ന അവസ്ഥ. പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാവുന്നത് ഒഴിവാക്കപ്പെടാന്‍ സാധിക്കുമായിരുന്നു ആ ദുരന്തം എന്നാണ്. അധികാരികള്‍ കുറച്ചുകൂടി ശ്രദ്ധാപുര്വവും കരുതലോടേയും ആയിരുന്നു ഇടപെടല്‍ നടത്തിയിരുന്നതെങ്കില്‍ അവര്‍ അനാഥരാവുമായിരുന്നില്ല. ഹൈക്കോടതിയില്‍ നിന്നുള്ള നടപടി വിവരങ്ങള്‍ക്കായി അരമണിക്കൂര്‍ കാക്കാനുള്ള അപേക്ഷയും പാഴായപ്പോള്‍ നിലനില്‍പ്പിനായി ആത്മഹത്യാ ഭീഷണിയ്ക്കപ്പുറം സ്വയംതീവെയ്ക്കാന് കരുതിയിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇതേക്കുറിച്ച് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ആസുരമായ സംവിധാനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളൊക്കെയുണ്ടാകുമ്പോള്‍ ഇതൊക്കെ പതിവുള്ളതുമാണ്. പക്ഷെ, ഒന്നോര്‍ക്കണം. പോലീസിന്റേയും അധികാര കേന്ദ്രങ്ങളുടേയും ഇത്തരത്തിലുള്ള നടപടികള്‍ ഇന്നോ ഇന്നലേയോ ആരംഭിച്ചതല്ല. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കാലത്ത് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലെ വ്യവഹാരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നതുപോലെ കേവലം ഏതെങ്കിലും ഒരു സര്‍ക്കാരിന്റേയോ അവരുടെ മാത്രം പോലീസിങ്ങിന്റേയോ ഭരണ നിര്വഹണത്തിന്റേയോ പ്രശ്നമായി ചുരുക്കി കാണേണ്ടതല്ലിത്. അങ്ങനെ കാണുന്നത് ദിങ്മാത്ര ദര്‍ശനം മാത്രമായേ തീരുകയുള്ളു.
ആകെ സംവിധാനത്തെ ബാധിച്ചിരിക്കുന്ന, എല്ലാ കാലത്തും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പരിഷ്കൃത, പ്രബുദ്ധ സമൂഹത്തില്‍ ഒരിയ്ക്കലും സംഭവിച്ച് കൂടാത്തത്. നാം ഊറ്റം കൊണ്ടുകൊണ്ടിരിക്കുന്ന നവോത്ഥാനത്തിന്റെ അടിത്തറയെ തന്നെ ആഴത്തില്‍ ചോദ്യം ചെയ്യുന്നതാണിത്തരം സംഭവങ്ങളുടെ ആവര്‍ത്തനം. ഭൂഅവകാശത്തിന്റെ പ്രശ്നം മുതല്‍ നീതിയുടെ പാലനത്തിനായി രൂപപ്പെടുത്തിയിട്ടുള്ള പരിഷ്കൃത സംവിധാനങ്ങളും അധികാരം ആകെത്തന്നേയും സൃഷ്ടിച്ചെടുക്കുന്ന കരുണയറ്റ പ്രവര്‍ത്തനങ്ങളുടെ മനുഷ്യവിരുദ്ധതയും ആസുരതകളും ഒക്കെ ഇത്തരം സംഭവങ്ങള്‍ നമ്മോട് ആവര്‍ത്തിച്ച് വിളിച്ചുപറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ കുട്ടികളുടെ ചുമതല ഏറ്റെടുത്തതും അവര്‍ക്കു സഹായമെത്തിക്കാന്‍ സജ്ജമായതും ശ്ലാഖനീയം തന്നെ.പോലീസിനും മറ്റും വീഴ്ച വന്നുവോയെന്നു പരിശോധിക്കുന്നതിനുള്ള തീരുമാനവും തികച്ചും ഉത്തരവാദിത്തപൂര്ണം. മനുഷ്യാവകാശ കമ്മീഷനെപ്പോലുള്ള വിവിധ ഏജന്‍സികളും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണവും മറ്റു നടപടികളും അതിന്റെ വഴിക്കുതന്നെ നടക്കട്ടെ.
എന്താവും ഇത്തരം അന്വേഷണങ്ങളുടെ ഫലശ്രുതിയെന്ന കാര്യത്തില്‍ പഴയകാല സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നുണ്ടെന്നതാണ് വാസ്തവം. ആളുമാറി പിടിയിലായി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായി മരണമടഞ്ഞ വരാപ്പുഴയിലെ ശ്രീജിത്തിന്റേയും മറ്റും കാര്യത്തില്‍ ആരോപണ വിധേയരായ പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് പില്ക്കാലത്ത് എന്തു സംഭവിച്ചുവെന്നതുകൂടി ചിന്തിക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല എല്ലാ സര്‍ക്കാരുകളുടെ കാലത്തും പീഢകര്‍ക്കു രക്ഷപ്പെടാനുള്ള സേഫ്റ്റി വാല്‍വുകള്‍ നമ്മുടെ സംവിധാനത്തിലുണ്ട്. അത്തരം സംവിധാനങ്ങള്‍ യാതൊരു തരത്തിലും തിരുത്തപ്പെടാതെ പോകുന്നതാണ് നെയ്യാറ്റിന്‍കരയിലേക്ക് എത്തിനില്‍ക്കുന്ന സംഭവഗതികളുടെ ആവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ ഇല്ലാതാക്കാനുള്ള ഇച്ഛാശക്തി കാണുക്കുമോയെന്ന അടിസ്ഥാന ചോദ്യത്തിലേക്ക് എത്തുകയാണ് ഉത്തരവാദിത്തപൂര്‍ണമായ സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.
രാജന്റെ മൃതദേഹം അടക്കം ചെയ്യാന്‍ കുഴിവെട്ടികൊണ്ടിരുന്ന കൗമാരക്കാരനായ മകന്റെ ദുഖം ഒരു വ്യക്തിയുടെ മാത്രം ദുഖമായി ഒതുക്കിക്കാണരുത്. ആ വ്യക്തിയ്ക്കോ ആ കുടുംബത്തിനോ മാത്രം സംഭവിച്ച ദുരവസ്ഥയല്ലിത്. ഇത്രയും ദാരുണമായ സംഭവങ്ങള്‍ക്കുശേഷവും പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ മകന് തന്നെ കുഴിവെട്ടേണ്ടിവന്നുവെന്ന കാഴ്ച സുഭദ്രമെന്നു നാം കരുതുന്ന സമൂഹത്തിന്റെ അടിസ്ഥാന ഗതികളെ കുറിച്ചു തന്നെ ആശങ്കകള്‍ പങ്കുവെയ്ക്കുന്നു. ഇത്രമേല്‍ അലിവറ്റവരായി നാം മാറാനെന്തേ?
പോലീസ് അധികാരികളുടെ ശബ്ദത്തിലെ കാര്‍ക്കശ്യം ആ ദൃശ്യചിത്രങ്ങളില്‍ നിന്നും പുറത്തേക്ക് വരുന്നുണ്ട്. അത് കേവലം പോലീസ് അധികാരികളുടെ മാത്രം ശബ്ദത്തിലെ കഠിനതയല്ല. കരുണയറ്റ സമൂഹത്തിന്റെ ആന്തരിക സ്വത്വവും സ്വരൂപവുമാകുന്നു. 'എല്ലാം കഴിഞ്ഞു പറഞ്ഞിട്ടു നോക്കുന്ന' സമൂഹത്തിന്റെ കരുണയറ്റ, അലിവില്ലാത്ത മുഖം. തീപ്പൊള്ളലേല്ക്കുന്നത് രാജന്റേയും അമ്പിളിയുടേയും ശരീരത്തിലല്ല. ആകെ സമൂഹത്തിന്റെ ശരീരത്തിലാണ്. എല്ലാക്കാലവും ഇങ്ങനെ നിരന്തരം പൊള്ളലേറ്റ് ജീവിക്കുകയാണോ വേണ്ടതെന്ന് ഓരോരുത്തരും ചിന്തിക്കണം.
പീഢകരെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിയ്ക്കാന്‍ സംവിധാനങ്ങളില്‍ ഇടമുള്ളിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്കു ജോലി കൊടുത്തതുകൊണ്ടോ നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് വീടും സംരക്ഷണവും നല്‍കുന്നതുകൊണ്ടോ മാത്രം പരിഹൃതമാകുന്ന പ്രശ്നമല്ലിത്. കാതലായ പ്രശ്നങ്ങളെ അഭിമുഖം കണ്ട് ദീര്‍ഘവീക്ഷണത്തോടെ പ്രവര്ത്തിയ്്ക്കാന് അധികാരികള്ക്കാവാത്തിടത്തോളം കാലം തുണ്ടുഭൂമിയില്‍ കഴിയുന്ന പതിത ലക്ഷങ്ങള്‍ ഒരു പേരിലല്ലെങ്കില്‍ മറ്റൊന്നിന് പേരില്‍ പീഢിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. വെന്തുരുകാനുള്ള വിധി സ്വയം സ്വീകരിക്കല്‍ മാത്രമാകും അവര്‍ക്കുമുന്നില്‍ അവശേഷിക്കുക.
ഒരേ തെറ്റുകള്‍, വ്യക്തിയായാലും സമൂഹമായാലും ആവര്‍ത്തിക്കുന്നത് ഭൂഷണമല്ല. അത് വളരുന്ന സമൂഹത്തിന്റെ സൂചകവുമല്ല.