TopTop
Begin typing your search above and press return to search.

ബിജെപിക്ക് 'സുവര്‍ണാവസരം', കോണ്‍ഗ്രസിന് നില്‍ക്കക്കള്ളി, സിപിഎമ്മിന് ഇറക്കാനും തുപ്പാനും വയ്യ; ശബരിമല യുവതീപ്രവേശനവിധിയുടെ ഒരു വര്‍ഷം

ബിജെപിക്ക്

10-നും 50-നും ഇടയിൽ പ്രായമുള്ള അയ്യപ്പ ഭക്തകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത് 2018 സെപ്റ്റംബർ 28-നായിരുന്നു. എന്നുവെച്ചാൽ ചരിത്ര വിധി എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടികളും പുരോഗമന പ്രസ്ഥാനങ്ങളും മാത്രമല്ല ആർഎസ്എസ്സിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയുമൊക്കെ ചില ഉന്നത നേതാക്കൾ പോലും തുടക്കത്തിൽ സഹർഷം സ്വാഗതം ചെയ്ത ആ വിധി പ്രസ്താവത്തിന്റെ ഒന്നാം വാർഷികമായിരുന്നു ഇന്നലെ. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു പ്രസ്തുത വിധി. ബെഞ്ചിൽ ഏക വനിതാ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് മറികടന്നുകൊണ്ടുള്ളതായിരുന്നു വിധി എന്നതും ഏറെ ശ്രദ്ധേയം. ആർത്തവത്തിന്റെ പേര് പറഞ്ഞ് ഭക്തകളെ ശബരിമലയിൽ ദർശനം നടത്തുന്നതിൽ നിന്നും വിലക്കുന്നത് ലിംഗനീതി നിഷേധം മാത്രമല്ല, തൊട്ടുകൂടായ്മയുടെ ഉദാഹരണം കൂടിയാണെന്നായിരുന്നു ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം. വിധിയെ ആദ്യം സഹർഷം സ്വാഗതം ചെയ്ത പലരും വളരെ പെട്ടെന്ന് തന്നെ ശബരിമല വിധിക്കെതിരെയും, എന്തുവിലകൊടുത്തും അത് നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെതിരെയും രംഗത്ത് വന്നത് ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി തന്നെയായിരുന്നു.

സ്വാമി അയ്യപ്പന്റെ പൈതൃകം അവകാശപ്പെടുന്ന പന്തളം രാജകുടുംബവും കേരളത്തിലെ പ്രബല സാമുദായിക സംഘടനയായ എൻഎസ്എസും സുപ്രീം കോടതി വിധിക്കും കേരള സർക്കാരിനും എതിരെ പ്രതിഷേധ സ്വരം ഉയർത്തിയത് തന്നെയായിരുന്നു പ്രധാന കാരണം. അധികം വൈകാതെ തന്നെ നടക്കാനിരിക്കുന്ന പതിനേഴാമത് ലോക് സഭയിലേക്കുള്ള തിരെഞ്ഞെടുപ്പിൽ കേരളത്തിൽ വിജയം കൊയ്യാനുള്ള എളുപ്പവഴിയായി ബിജെപിയും കോൺഗ്രസും ഇതിനെ കണ്ടു. സത്യത്തിൽ കോൺഗ്രസിനും മുൻപേ ഇക്കാര്യം മനസ്സിലാക്കിയതും കരുക്കൾ നീക്കിയതും കേരള ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയായിരുന്നു. 'ഗോൾഡൻ ഓപ്പർച്യൂണിറ്റി' എന്നായിരുന്നു അന്ന് ശ്രീധരൻ പിള്ള ശബരിമല വിഷയത്തെ വിശേഷിപ്പിച്ചത്. എന്നാൽ ശ്രീധരൻ പിള്ളയുടെ രഹസ്യ അജണ്ട ലീക് ഔട്ട് ആയതോടെ കോൺഗ്രസും ആ വഴിക്കു തിരിഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ, കോടതി വിധി നടപ്പാക്കും എന്ന മുൻ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് സംഘപരിവാറുമായി ബന്ധമുള്ള അഭിഭാഷക സംഘം ആണെന്ന വാദമൊന്നും എൻഎസ്എസും പന്തളം കൊട്ടാരവും ഒന്നും മുഖവിലക്കെടുത്തില്ല. കോടതി വിധിക്കെതിരെ സർക്കാർ റിവിഷൻ പെറ്റീഷൻ നൽകണമെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിന്നു. ഇതിനകം തന്നെ എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി നാമജപ ഘോഷയാത്രകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കോൺഗ്രസ് ഇവർക്കൊപ്പം ചേർന്നപ്പോൾ സംഘപരിവാർ സംഘടനകൾ കുറച്ചുകൂടി ശക്തമായ സമരമുറയുമായി മലകയറി. അവർ പോലീസ് കളിക്കുകയും നിയമം കൈലെടുക്കുകയും ചെയ്തു. 50 വയസു തികഞ്ഞില്ലെന്നു പറഞ്ഞ് ചില ഭക്തകളെ കൈയേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മല ചവിട്ടി ചരിത്രം സൃഷ്ടിക്കാനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള മനീതി സംഘത്തിന് ഓടി രക്ഷപ്പെടേണ്ട ഗതികേടുണ്ടായപ്പോൾ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുകെട്ടി കിടന്ന ശേഷം തിരിച്ചുപോകേണ്ടി വന്നു. ഇതിനിടയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ ആചാരലംഘനത്തിനും ഹിന്ദു ഐക്യമുന്നണി നേതാവ് ശശികലയുടെയും ബിജെപി നേതാവ് കെ. സുരേന്ദ്രന്റെയുമൊക്കെ ചില നാടകങ്ങൾക്കും ശബരിമലയും പരിസര പ്രദേശങ്ങളും വേദിയായി. എല്ലാറ്റിനുമൊടുവിൽ ബിന്ദു അമ്മിണി, കനക ദുർഗ എന്നിങ്ങനെ രണ്ടു യുവതികൾ മല കയറി ചരിത്രം കുറിക്കുകയും ചെയ്തു.

ശബരിമലയെ ചൊല്ലിയുള്ള കോലാഹലം തുടരുന്നതിനിടയിൽ തന്നെയാണ് പതിനേഴാമത് ലോക് സഭയിലേക്കുള്ള തിരെഞ്ഞെടുപ്പ് കടന്നുവന്നത്. കോൺഗ്രസും ബിജെപിയും ശബരിമല തന്നെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയപ്പോൾ അതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും കൂട്ടരും കണ്ടെത്തിയ ഏക പോംവഴി സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞ് വനിതാ മതിൽ തീർക്കുകയും ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമിയെയും അയ്യങ്കാളിയെയും സ്വാമി വിവേകാന്ദനെയും പിന്നെ ഒരു ചേരുവ എന്ന മട്ടിൽ മന്നത്തു പദ്മനാഭനെയുമൊക്കെ വിളക്കി ചേർത്ത് ഒരു നവോത്ഥാന സമിതി ചമയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. ഇത് പക്ഷെ വേണ്ടത്ര ഏശിയില്ലെന്നു മാത്രമല്ല, അക്കാര്യം തുടക്കത്തിൽ തന്നെ ഏറെക്കുറെ വ്യക്തവുമായിരുന്നു. ശബരിമലയെ ചൊല്ലി പ്രക്ഷുബ്ദമായ കേരളത്തിൽ ആരെയൊക്കെ സ്ഥാനാർത്ഥികളാക്കണമെന്ന തർക്കത്തിൽ കോൺഗ്രസും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമൊക്കെ മുഴുകി നിന്നപ്പോൾ വളരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കളം നിറയുകയും ചിട്ടയായ പ്രചാരണം നടത്തുകയും ചെയ്‌തെങ്കിലും ഫലം വന്നപ്പോൾ കേരളത്തിൽ ആകെയുള്ള ഇരുപതു സീറ്റിൽ പത്തൊൻപതിടത്തും തോൽക്കാനായിരുന്നു വിധി.

ശബരിമലയെ ചൊല്ലി കലുഷിതമായ കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ലാൻഡ് ചെയ്തതോടെ യുഡിഎഫ് ക്യാംപിൽ ആവേശം അലതല്ലി. കേന്ദ്രത്തിൽ ഒരു ബി ജെ പി വിരുദ്ധ സർക്കാർ രുപീകരിക്കാൻ രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ വോട്ട് എന്നതായി പുതിയ മുദ്രാവാക്യം. സത്യത്തിൽ ശബരിമലയേക്കാൾ ലോക്സഭ തിരെഞ്ഞെടുപ്പിൽ യുഡിഎഫിന് തുണയായതും എൽഡിഎഫിന് വിനയായതും വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു. മത ന്യൂനപക്ഷങ്ങളുടെ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ഒരു ഏകീകരണമാണ് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും അല്ലെങ്കിൽ ആവണം എന്ന ചിന്തയിൽ നിന്നും ഉണ്ടായ ആ ഏകീകരണം സ്വാഭാവികമായും യുഡിഎഫിനാണ് ഗുണം ചെയ്തത്. ലോക്സഭ തിരെഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ ഫലത്തെ സ്വാധീനിച്ച മറ്റൊന്ന് തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ കാസർകോട് പെരിയയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം ആയിരുന്നു. പലരും പ്രചരിപ്പിക്കുന്നതുപോലെ ശബരിമലയായിരുന്നു പ്രധാന പ്രശ്നമെങ്കിൽ അതിന്റെ നേട്ടം ബിജെപിക്കും ഉണ്ടാകേണ്ടതായിരുന്നു.

ശബരിമല സ്ഥിതി ചെയുന്ന പത്തനംതിട്ട നിയോജക മണ്ഡലത്തിൽ ശബരിമല സമരനായകൻ എന്ന പരിവേഷവുമായി മത്സരിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നു മാത്രമല്ല രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിലെ വീണ ജോർജിനെക്കാൾ 39,849 വോട്ട് കുറവാണ് ലഭിച്ചതും. പത്തനംതിട്ട തങ്ങളുടെ ശക്തികേന്ദ്രമല്ലെന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ അവകാശ വാദത്തിൽ വലിയ കഴമ്പില്ല. സ്വാമി അയ്യപ്പനെ രക്ഷിക്കാൻ പട നയിച്ച സുരേന്ദ്രനെ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട തുണച്ചില്ലെങ്കിൽ അതിനർത്ഥം ശബരിമല ആയിരുന്നില്ല കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ നിര്ണയിച്ചതെന്നു തന്നെയാണ്. കഴിഞ്ഞ കുറച്ചു കാലമായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും ശശി തരൂരിനോട് അദ്ദേഹം പരാജയപ്പെട്ടത് ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണെന്നും ഓർക്കണം.

കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണി അന്തരിച്ച ഒഴിവിലേക്ക് നടന്ന പാലാ ഉപതെരെഞ്ഞെടുപ്പിലും ബിജെപി മുഖ്യ പ്രചാരണ വിഷയമാക്കിയത് ശബരിമല തന്നെയായിരുന്നു. ബിജെപി ശബരിമല പറഞ്ഞപ്പോൾ യുഡിഎഫും ഒരു പരിധിവരെയെങ്കിലും ആ വഴിക്കും നീങ്ങി. പാലായിൽ മൂന്ന് ദിവസം പ്രചരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് ശബരിമലയെക്കുറിച്ചു പറഞ്ഞില്ലെന്ന വലിയ ആക്ഷേപവും ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഉന്നയിക്കുകയും ചെയ്‌തു. പിണറായി വിജയനും കൂട്ടരും അവകാശപ്പെടുന്നതുപോലെ സർക്കാരിന്റെ ഭരണ നേട്ടത്തിന്റെ ബലത്തിലൊന്നുമല്ല ഇടതു സ്ഥാനാർഥി മാണി സി. കാപ്പന്റെ പാലായിലെ അട്ടിമറി വിജയമെങ്കിലും ശബരിമല പാലായിൽ ഏശിയതേയില്ല എന്നത് വ്യക്തമാണ്.

പാലായ്ക്ക് പിന്നാലെ മറ്റ് അഞ്ചിടത്തുകൂടി ഉപതിരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണ്. സ്വാഭാവികമായും ബിജെപി ഈ തിരഞ്ഞെടുപ്പുകളിലും ശബരിമല വിഷയം ഉയർത്തുമെന്നും കോൺഗ്രസും യുഡിഎഫും അത് ഏറ്റുപിടിക്കുമെന്നും ഏതാണ്ട് ഉറപ്പാണ്. സത്യത്തിൽ ശബരിമലയുടെ കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരുമെന്നൊക്കെ വീമ്പു പറഞ്ഞിട്ട് അത് ചെയ്യാത്ത ബിജെപി ഇനിയും ശബരിമലയും പൊക്കിപ്പിടിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങാതിരിക്കുന്നതാവും ബുദ്ധി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories