TopTop
Begin typing your search above and press return to search.

അന്ന് മുത്തങ്ങ - എതിരാളികള്‍ ആദിവാസികള്‍; ഇന്ന് യാത്രാനിരോധനം - എതിര്‍ഭാഗത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍; വയനാട്ടിലെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ജനങ്ങള്‍

അന്ന് മുത്തങ്ങ - എതിരാളികള്‍ ആദിവാസികള്‍; ഇന്ന് യാത്രാനിരോധനം - എതിര്‍ഭാഗത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍; വയനാട്ടിലെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ജനങ്ങള്‍

വയനാടിന്റെ ചരിത്രം പരിസ്ഥിതിയുടേയും കൈയേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും ആദിവാസികളുടെ അതിജീവനത്തിന്റെയുമാണ്. നൂറ്റാണ്ടുകള്‍ നീളുന്ന കൈയേറ്റവും കുടിയേറ്റവും കാടുകളെയും സ്വാഭാവിക പരിസ്ഥിതിയേയും നശിപ്പിച്ചതിന് കൈയും കണക്കുമില്ല. ബ്രിട്ടീഷുകാര്‍ എസ്റ്റേറ്റുകള്‍ക്കും കുടിയേറ്റക്കാര്‍ ചെറുകിട തോട്ടങ്ങള്‍ക്കും വേണ്ടി കാടുകള്‍ വെട്ടിനശിപ്പിച്ചു. അതിലേറെ വയനാടന്‍ കാടിന് ആഘാതം സൃഷ്ടിച്ചത് വനംവകുപ്പ് നേരിട്ട് എഴുപതുകളില്‍ നടത്തിയ ക്ലിയര്‍ ഫെല്ലിങ്ങും ഏകയിന തോട്ട നിര്‍മാണവുമാണ്.ഒരു പക്ഷേ ഇന്ന് വയനാട്ടില്‍ അനുഭവപ്പെടുന്ന വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കാരണം തന്നെ, ഒരു പക്ഷേ ഇതാവാം. അതേസമയം, മുമ്പ് വയനാട്ടില്‍ വ്യാപകമായിരുന്ന വനംകൊള്ളയും വേട്ടയും നിയന്ത്രിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

2003-ല്‍ മുത്തങ്ങയിലെ ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരം ഒരു വഴിത്തിരിവാണ്. ഭൂമിക്ക് വേണ്ടിയും കരാര്‍ ലംഘനത്തിനുമെതിരെ ആദിവാസികള്‍ കുടില്‍കെട്ടി സമരം ചെയ്തത് നിര്‍ഭാഗ്യവശാല്‍ പൊന്‍കുഴി മുതല്‍ നീണ്ടു കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിലാണ്. അന്നതിനെതിരായ നിലപാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നു. ആദിവാസികള്‍ക്ക് ഭൂമി അനിവാര്യമായതിനാലും സര്‍ക്കാരുകള്‍ നിരന്തരം അവരെ ഇക്കാര്യത്തില്‍ വഞ്ചിച്ചു പോരുന്നതിനാലും സമരത്തിലെ പ്രാകൃത ഗോത്രജനതയുടേതടക്കമുള്ള അഭൂതപൂര്‍വമായ പങ്കാളിത്തത്താലും അന്ന് പരിസ്ഥിതിക്കാരുടെ നിലപാടിനെതിര്‍ നിലപാടാണ് ഞാനടക്കമുള്ള സമരത്തെ പിന്തുണച്ചവര്‍ എടുത്തത്. ഇന്നത്തെ പോലെ അന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ന്യൂനപക്ഷമായിരുന്നു. അന്ന് പക്ഷേ സുല്‍ത്താന്‍ ബത്തേരി കേന്ദ്രമാക്കി സര്‍വകക്ഷികളുടേയും പിന്തുണയോടെ (അതില്‍ ചില നക്‌സല്‍ ഗ്രൂപ്പുകള്‍ പോലുമുണ്ടായിരുന്നു) വലിയ ഒരു സംഘരൂപീകരണമുണ്ടായിരുന്നു. വെടിവെപ്പ് നടക്കുന്നതിനു മുമ്പ് ആദിവാസികളെ കുടിയിറക്കണമെന്നും സമരത്തെ അടിച്ചമര്‍ത്തണമെന്നും ആവശ്യപ്പെട്ട് അവരുടെ നേതൃത്വത്തില്‍ വലിയ മാര്‍ച്ച് നടന്നിരുന്നു. പോലീസ് തടഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കുടിയിറക്ക് അവര്‍ നടത്തിയേനെ.

ഇത്രയും ആമുഖമായി പറഞ്ഞത് മുത്തങ്ങ സമരത്തോടെ രൂപപ്പെട്ട ഒരു ആദിവാസി വിരുദ്ധ പൊതുസമൂഹ രൂപവത്കരണത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്. സര്‍വ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഇതിനുണ്ട്. കാരണം വയനാട്ടിലെ എല്ലാ രാഷട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ പ്രത്യേകിച്ചും നിലപാട് രൂപവത്കരണസമിതികളില്‍ ഭൂരിപക്ഷവും സവര്‍ണ കുടിയേറ്റക്കാരാണുള്ളത്. ഭരണാധികാരികളാകുമ്പോഴും നേതാക്കളായി വിരാജിക്കുമ്പോഴും ആദിവാസി വിരുദ്ധത അവരുടെ രക്തത്തിലുണ്ടാവും.

രാത്രിയാത്രാ നിരോധനം 2009 ജൂലൈ മുതല്‍ ഇന്നുവരെ തുടര്‍ന്നതാണ്. യാത്ര ചെയ്യുന്നവരും വിദ്യാര്‍ഥികളുമൊക്കെ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. പക്ഷേ അന്നുതൊട്ടിന്നോളം കച്ചവടക്കാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ഒരു വിഭാഗം ഇതിനെതിരെ സമരത്തിലാണ്. അവരുടെ നിര്‍ബന്ധത്താലാണ് കേരള സര്‍ക്കാര്‍ പണ്ട് ബി.എസ് യദിയൂരപ്പയെ കൊണ്ട് ചാമരാജ് ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദു ചെയ്തതും ഇപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും സര്‍ക്കാര്‍, ഈ വിരുദ്ധര്‍ക്കൊപ്പമാണ് കേരളത്തിലെന്നതാണ് യാഥാര്‍ത്ഥ്യം. ബന്ദിപ്പൂര്‍ കടുവ സാങ്കേതത്തില്‍ കൂടിയുള്ള ഗുണ്ടല്‍പേട്ട - ഗൂഡല്ലൂര്‍ രാത്രിയാത്ര നിരോധനത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയോ കക്ഷി ചേരുകയോ ചെയ്തില്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. രാത്രി യാത്രാനിരോധനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടിയ ഒരായുധമായിരുന്നു സുപ്രീം കോടതിയുടെ പകല്‍ യാത്രാനിരോധന സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. അവര്‍ ഇതൊരു ആയുധമാക്കുകയായിരുന്നു.

വിശന്നിരിക്കുന്നവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ കിട്ടിയതുപോലെയായിരുന്നു സമരസമിതിക്ക് കോടതി നടപടികള്‍. കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ തന്നെ യുവജന സംഘടനാ നേതാക്കന്മാരെക്കൊണ്ട് മരണം വരെ നിരാഹാര സമരം നടത്തിക്കാനും വലിയ ഒരു ജനപിന്തുണ നേടിയെടുക്കാനും ആക്ഷന്‍ കമ്മറ്റിക്ക് കഴിഞ്ഞു. ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഗാഡ്ഗില്‍ കാര്യത്തില്‍ സംഭവിച്ചതുപോലെ.

കോടതിയല്ലാതെ രാത്രി യാത്രാനിരോധനത്തെ പിന്തുണയ്ക്കുന്ന ആരും പകല്‍ യാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. കോടതി വിധിക്കെതിരെ സമരങ്ങള്‍ നടക്കാറുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരമൊരു ആവശ്യമുന്നയിച്ച് ഒരുപക്ഷേ മരണം വരെ നിരാഹാരം ആദ്യമായിരിക്കും. കോടതി നടപടിക്രമത്തിന്റെ ഭാഗമായി വന്ന ഒരന്വേഷണം/പരാമര്‍ശം മാത്രമാണ് പകല്‍ യാത്രാനിരോധനമെന്ന നിര്‍ദ്ദേശം, പക്ഷേ സമരത്തില്‍ പങ്കെടുക്കുന്നവരും പിന്തുണയ്ക്കുന്നവരും വിശ്വസിക്കുന്നത് അല്ലെങ്കില്‍ അവരെ ധരിപ്പിച്ചിരിക്കുന്നത് ദേശീയപാത ഉടന്‍ അടച്ചു പൂട്ടാന്‍ കോടതി വിധിച്ചു എന്നാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കൃഷിയും ജീവിതവും സാധ്യമല്ലെന്ന് പശ്ചിമഘട്ടത്തിലെ സാധാരണക്കാരെ പറഞ്ഞു പറ്റിച്ചതു പോലെ. പാര്‍ട്ടികളും വ്യാപാരികളും (വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം), എല്ലാത്തരം പള്ളിക്കാരും മതസംഘടനകളും അവരുടെ യൂത്ത്, വനിതാ വിഭാഗങ്ങളും കര്‍ഷക സംഘടനകളും ഡ്രൈവര്‍മാരുമെന്നു വേണ്ട, കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ വരെ ഇങ്ങനെയാണ് പ്രക്ഷോഭത്തിനിറങ്ങിയത്. പകല്‍ റോഡ് അടയ്ക്കാന്‍ സാധ്യതയില്ലെന്ന് അവരോട് പറയാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അവര്‍ക്കുറപ്പാണ് അടയ്ക്കുമെന്ന്. അവരെ അങ്ങനെയാണ് രാഷ്ട്രീയ നേതൃത്വം വിശ്വസിപ്പിച്ചിരിക്കുന്നത്. ഗാഡ്ഗിലിന്റെ കാര്യത്തില്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനം.

സുല്‍ത്താന്‍ ബത്തേരി നഗരസഭ, സ്വതന്ത്ര മൈതാനി സമരത്തിനു വിട്ടു കൊടുത്ത് പൂര്‍ണ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമ്മേളനം നടത്തി. നിരാഹാരം കിടക്കുന്ന ഒരു യുവ നേതാവ് കൗണ്‍സിലറുമാണ്. സമരം ചെയ്യുന്നത് വകുപ്പുകള്‍ക്കോ ഗവണ്‍മെന്റുകള്‍ക്കോ കോടതിക്കോ എതിരായിട്ടാണോ എന്നൊന്നും സമരക്കാര്‍ പറയുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെ റോഡ് എപ്പോള്‍ ആര് തുറന്നു കൊടുക്കുമെന്നും നമുക്കറിയില്ല. അങ്ങനെയല്ലാതെ ഈ സമരം നിര്‍ത്താനാകില്ലല്ലോ! സമരത്തിനു നേതൃത്വം നല്‍കുന്ന സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഒരു സൗഹൃദ സംഭാഷണത്തിനിടെ അതൊക്കെ (സമരവും പര്യവസാനവും) എങ്ങനെയാവുമെന്ന് ഞങ്ങള്‍ക്ക് നന്നായറിയാമെന്നാണ് പറഞ്ഞത്. എന്നാല്‍ എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ടും നഴ്‌സറി കുട്ടികളെക്കൊണ്ടുമൊക്കെ മഴയത്തും വെയിലത്തും വലിയ ഘോഷയാത്രകള്‍ നടത്തുന്നുണ്ട്. സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ഈ പ്രകടനം. ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ മുന്നില്‍ നിര്‍ത്തി അധ്യാപകരാണ് ഇത് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന 'ഘോഷയാത്ര'യില്‍ പങ്കെടുത്ത ഭൂരിപക്ഷവും അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം / സ്വാശ്രയ സ്ഥാപനങ്ങളായിരുന്നു. തുടര്‍ന്നും വലിയ വിദ്യാര്‍ഥി റാലികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. റോഡടയ്ക്കാന്‍ പോകുന്നു എന്ന പരിഭ്രാന്തി പരത്തി ആളുകളെ അണിനിരത്തി രാത്രിയാത്രാ നിരോധനം അവസാനിപ്പിക്കുകയാണ് സമരം ചെയ്യുന്നവരുടെ ലക്ഷ്യം. അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമായ ലക്ഷ്യത്തിനു വേണ്ടി സമരം നയിക്കുന്നതിന് സമാനമായ സംഭവം മുത്തങ്ങ സമരത്തിനെതിരായ ജനമുന്നേറ്റമായിരുന്നു. അതേ ശക്തികള്‍, അതേ രാഷ്ട്രീയ പിന്തുണയോടെ നടത്തുന്നതാണ് ഈ സമരം. അന്ന് ശത്രുപക്ഷത്ത് ആദിവാസികളായിരുന്നെങ്കില്‍ ഇന്ന് പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന് മാത്രം. മുത്തങ്ങ സമരത്തിനെതിരായ മുന്നേറ്റത്തിലും ഗാഡ്ഗില്‍ വിരുദ്ധ സമരത്തിനും യാത്രാ നിരോധന സമരത്തിന് സമാനതകള്‍ ഏറെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ. കെ സുരേന്ദ്രൻ

കെ. കെ സുരേന്ദ്രൻ

എഴുത്തുകാരൻ, ആക്ടിവിസ്റ്റ്

Next Story

Related Stories