TopTop
Begin typing your search above and press return to search.

ഹൈദരാബാദ് എന്നും ഉന്നാവോ എന്നുമുള്ള രണ്ട് മുറിവുകളിൽ ഇന്ത്യ പിളർന്നു നിൽക്കുമ്പോൾ

ഹൈദരാബാദ് എന്നും ഉന്നാവോ എന്നുമുള്ള രണ്ട് മുറിവുകളിൽ ഇന്ത്യ പിളർന്നു നിൽക്കുമ്പോൾ

"പ്രതികാരമല്ല നീതി", ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാനത്തിലിരിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെതാണ് ഈ വാക്കുകൾ. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ കാതലായ മാറ്റം വരേണ്ടതുണ്ട് എന്നും അതിലിപ്പോഴുള്ള താളപ്പിഴകള്‍ തീർച്ചയായും പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നും തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അദ്ദേഹം പറയുന്നുണ്ട്. അതിവൈകാരികതയുടെ 'സജ്ജനാർ' കൈയടികൾക്ക് മറുപക്ഷത്താണ്‌ ഈ വാക്കുകകൾ.

ഹൈദരാബാദ് എന്നും ഉന്നാവോ എന്നുമുള്ള രണ്ട് മുറിവുകളിൽ ഇന്ത്യ പിളർന്നു നിൽക്കുകയാണ്. യഥാർത്ഥത്തിൽ ഹൈദരാബാദും ഉന്നാവോയും മാത്രമാണോ ഇന്ത്യയുടെ എണ്ണാവുന്ന മുറിവുകൾ? ബലാത്സംഗവും കൊലപാതകവും അതിവേഗനീതിയും സമൂഹത്തിനും കോടതിക്കും മുന്നിൽ എന്നുമുള്ള വെല്ലുവിളിയാണ്. ഇഴഞ്ഞു നീങ്ങുന്ന കോടതി നടപടികളിൽ മനംമടുത്ത് നിൽക്കുന്ന ജനതയ്ക്ക് മുന്നിലാണ് കൈയടികളുടെ സജ്ജനാർപ്പെരുക്കങ്ങൾ നമുക്ക് ചുറ്റും മുഴങ്ങുന്നത്. ആ അതിവൈകാരികതയാണ് 'നമ്മുടെ മകളായിരുന്നെങ്കിൽ, അനുജത്തിയായിരുന്നെങ്കിൽ' എന്ന തൊടുയുക്തികളുമായി നമ്മെ ഭരിക്കുന്നത്. നിർഭയയുടെ അമ്മയും സൗമ്യയുടെ അമ്മയും തങ്ങൾക്ക് കൂടി കിട്ടിയ നീതിയാണിതെന്ന് കണ്ണ് നിറഞ്ഞ് പറയുന്നത് നീതിയുടെ കാലവിളംബത്തിലുള്ള അരിശപ്പെടൽ കൊണ്ടാണ്. നിയമപാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത് പോലെ "Justice delayed is justice denied".

ഇന്ത്യൻ ഗവണ്‍മെന്റിന്റെ

data.gov.in

കണക്കുകൾ അനുസരിച്ച് ഓരോ കൊല്ലവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിലൂടെ വെറുതെ ഒന്ന് കണ്ണോടിക്കുന്നത് ഏതു സാധാരണ മനുഷ്യരേയും പേടിപ്പിക്കും. കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ 3.41 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രേഖപ്പെടുത്തിയ കേസുകളില്‍ ശിക്ഷാനടപടികൾ ഉണ്ടായതാകട്ടെ നാമമാത്രവും.

2014-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 36,735 കേസുകളില്‍ ശിക്ഷാവിധികള്‍ ഉണ്ടായിട്ടുള്ളത് 6636 കേസുകളിൽ മാത്രമാണ്.

2015-ലാകട്ടെ അത് 35651-ല്‍ 7135 കേസുകള്‍.

2016-ലെ 38947 കേസുകളില്‍ 6,289 എണ്ണം മാത്രം.

ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മാത്രമാണ് എന്നതും കൂടി ഓര്‍ക്കുക.

റിപ്പോർട്ട് ചെയ്യപ്പെടാത്ത പോക്സോ അടക്കമുള്ള എത്രയോ കുറ്റകൃത്യങ്ങളാണ് ബാക്കിയുള്ളതെന്നതും മറന്നു കൂടാ. ഇതിൽ തന്നെ ദേശീയ ശ്രദ്ധയില്‍ വരുന്നത് ഹൈദരാബാദ്, ഉന്നാവോ പോലെ വിരലിൽ എണ്ണാവുന്നവ മാത്രം.

2019-ൽ മാത്രം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗകേസുകളാണ് ചുവടെ.

1. പതിനാറു വയസ്സുകാരി തുടർച്ചയായി അഞ്ചുദിവസം കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവം റിപ്പോർട്ട് ചെയ്തത് ആന്ധ്രയിൽ നിന്ന്.

2. ബിഹാറിൽ നിന്നുള്ള പത്തൊൻപതുകാരി ആറു പേരാൽ ബലാൽസംഗം ചെയ്യപ്പെട്ടത് അച്ഛന് മുന്നിലാണ്.

3. ഇതേ ഉന്നാവോയിൽ ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട 11-കാരിയുടെ മൃതദേഹം സമീപത്തുള്ള തോട്ടത്തിൽ നിന്ന് കണ്ടെടുത്തു.

4. മൂന്ന് വയസ്സുള്ള ശിശു പതിനൊന്നുകാരനാൽ കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്തത് ഡെറാഡൂണിൽ നിന്ന്

5. ജമ്മു കാശ്മീരിൽ മൂന്നു വയസ്സുകാരി കൊല്ലപ്പെടുന്നത് പുണ്യമാസമായ റമദാനിലാണ്, കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് മിഠായി നല്‍കി പ്രതി എടുത്തുകൊണ്ട് പോവുകയായിരുന്നു.

6. വിറക് ശേഖരിക്കാൻ പോയ വിവാഹിതയായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജസ്ഥാനിലെ ബിക്കാനീറിൽ.

7. ലുധിയാനയിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ ഫാംഹൌസിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

8. ഉത്തർപ്രദേശിലെ ശ്യാംലി ജില്ലയിൽ തോക്കിൻമുനമ്പിൽ നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യപ്പെട്ടത് പതിനാറുകാരി.

9. ഹരിയാനയിലെ പഞ്ച്കുളയിൽ പൂജയ്ക്ക് കൊണ്ട് പോവുകയാണെന്ന് ധരിപ്പിച്ച് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തത് അയൽവാസിയായ പതിനെട്ടുകാരൻ.

10. ഒൻപതു മാസം പ്രായമുള്ള ശിശുവിനെ ബലാത്സംഗം ചെയ്ത റിപ്പോർട്ട് തെലങ്കാനയിൽ നിന്ന്.

തീർച്ചയായും മേല്‍പ്പത് മുപ്പത്തിനായിരത്തിന് മുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത ചിലവ മാത്രമാണ് ഇത്. റിപ്പോർട്ട് ചെയ്യപ്പെടാത്തതിൽ, വീട്ടിനകത്തുള്ള ലൈംഗികാതിക്രമങ്ങൾ, അടുത്ത ബന്ധുക്കളിൽ നിന്നേൽക്കുന്നവ, മാനഹാനി ഭയന്ന് പുറത്ത് പറയാത്തവ, കൊല്ലപ്പെടാതെ രക്ഷപ്പെട്ട് ജീവൻ ബാക്കിയായവർ, വിവാഹബന്ധത്തിനകത്തുള്ള ബലാത്സംഗം, അതിജീവനത്തിനായി പൊരുതുന്നവർ... ഈ പട്ടികയും വളരെ വലുതാണ്‌.

നമ്മളാരെയൊക്കെ വെടിവെച്ച് കൊല്ലും? അതോ ഒരു കുറ്റകൃത്യം തടയാനുള്ള മാർഗ്ഗം അന്വേഷിക്കണോ? ലൈംഗിക വിദ്യാഭ്യാസം ചെറിയ പ്രായത്തിലേ ലഭിച്ച് വളരുന്ന തലമുറ ഉണ്ടാകേണ്ടതല്ലേ? നിയമത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളല്ലേ അടിയന്തരമായി വേണ്ടത്?

തൊട്ടു മുന്നേയുള്ള ദിവസങ്ങളിലാണ് കാസര്‍ഗോഡ് കോടതിയില്‍ നിന്ന് സവിശേഷമായ ഒരു വിധി വന്നത്. ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് നാല് വയസുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചുള്ളതാണ് വിധി.

2012-ലെ പോക്സോ ആക്ട് ഭേദഗതി ചെയ്തതിനെ തുടര്‍ന്നുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ഈ ശിക്ഷാവിധി. കത്വ കൊലപാതകത്തിന് ശേഷമുണ്ടായ വ്യാപകമായ പ്രതിഷേധത്തിന് ശേഷമാണ് 2012 ലെ പോക്സോ ആക്ട്, 2018 ല്‍ ഒരു ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുന്നത്. 2018 ഏപ്രില്‍ 21-ന് പുറപ്പെടുവിച്ച നിയമഭേദഗതി അനുസരിച്ച് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷാനടപടികള്‍ കൂടുതല്‍ ബലപ്പെടുത്തിയിട്ടുണ്ട്. ഇരുപത് വര്‍ഷം വരെയുള്ള കഠിന തടവോ തടവും പിഴയുമോ മരണം വരെ തടവ് ശിക്ഷയുമോ ആണ് കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവം അനുസരിച്ച് ഇപ്പോള്‍ ലഭിക്കുക.

ഇതുപ്രകാരമാണ്, 45 വയസ്സുള്ള പ്രതി രവീന്ദ്രനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 (AB ) വകുപ്പ് പ്രകാരം, അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പി.എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.

കാസര്‍ഗോഡ്‌ കോടതിയില്‍ നിന്ന് വന്ന വിധി ഇത്തരം കേസുകളില്‍ നിയമപീഠം കൈക്കൊള്ളുന്ന കാഴ്ചപ്പാടുകളില്‍ വന്ന മാറ്റമാണ് പ്രതിഫലിക്കുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികമായും അല്ലാതെയുമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം ശിക്ഷാനടപടികളിലൂടെ മാറ്റം വരുമോ എന്നിപ്പോള്‍ പറയാനാവില്ല. എന്നാല്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്താലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ചെറുശിക്ഷ വാങ്ങി രക്ഷപ്പെടാമെന്ന പൊതുബോധത്തെ ഉലച്ചുകളയാന്‍ ഇത് സഹായകമാണ്. അതുതന്നെയായിരുന്നു, ആ നിയമഭേദഗതിയുടെ ഉദ്ദേശ്യവും.

ഏറ്റവും ഹീനമായ കുറ്റകൃത്യമായാണ് ബലാത്സംഗത്തെ സുപ്രീം കോടതി നിരീക്ഷിക്കുന്നത് . അത് ഒരു വ്യക്തിക്കെതിരെ മാത്രമുള്ള കുറ്റകൃത്യല്ല, മറിച്ച് ഒരു സമൂഹത്തിന് മുഴുവൻ എതിരാണ്. അത് മാനസികവും ശാരീരികവുമായി ശാശ്വതമായ മുറിവാണ് ഒരു വ്യക്തിയിൽ ഏൽപ്പിക്കുന്നത് എന്ന് Deepak Gulati V. State of Haryana; 2013 (7) SCC 675 എന്ന വിധിന്യായത്തിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.

അതുപോലെ, ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ പ്രായത്തിന്റെ ഇളവ് കണക്കിലെടുക്കാതെ ശിക്ഷാ നടപടികള്‍ ഉണ്ടാകാനുള്ള നിയമനിർമ്മാണവും ഉണ്ടാകേണ്ടതുണ്ട്. നിർഭയ കേസിലും കത്വ കേസിലും ജുവനൈൽ പ്രതികൾ ഉൾപ്പെട്ടിരുന്നത് നമുക്കറിയാം. പ്രായത്തിന്റെ ഇളമ കൊണ്ട് കുറ്റകൃത്യത്തിന്റെ ഗുരുതരസ്വഭാവത്തിൽ പരിഗണന നല്‍കരുത്. അതുപക്ഷേ പൊതുജനത്തിന്റെ ആക്രോശം അനുസരിച്ചല്ല നടപ്പിലാവേണ്ടത്. നടപ്പിലാവേണ്ടത് നീതിയാണ്. അത് അതിവേഗം നടപ്പിലാവുകയും വേണം. സാമൂഹികക്ഷേമ വകുപ്പും നീതിന്യായ വകുപ്പും സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ച് സാധാരണ ജനങ്ങളിലേക്ക് എത്തും വിധം ബോധവത്ക്കരണം ഇനിയും നടത്തേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ പരാതിപ്പെടേണ്ടതിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും പരാതിയുടെ രഹസ്യാത്മകസ്വഭാവം നിലനിർത്തുകയും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവാത്ത വിധം നിയമനിർമ്മാണങ്ങൾ ഉണ്ടാവുകയും വേണം .

(Reference and courtesy: Live Law)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories