TopTop
Begin typing your search above and press return to search.

വാട്സ്ആപ്പ് സ്നൂപ്ഗേറ്റ്: സര്‍ക്കാരിന് ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാനുണ്ടെന്നത് വ്യക്തമാണ്

വാട്സ്ആപ്പ് സ്നൂപ്ഗേറ്റ്: സര്‍ക്കാരിന് ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാനുണ്ടെന്നത് വ്യക്തമാണ്

വാട്ടർഗേറ്റ് വിവാദത്തേക്കാൾ ഗുരുതരമായി വളരുകയാണ് സ്നൂപ്ഗേറ്റ് വിവാദം. സുപ്രീം കോടതിയിലെ മുൻ ന്യായാധിപനായ ബി.എൻ ശ്രീകൃഷ്ണ ഇക്കഴിഞ്ഞ ബുധനാഴ്ച ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞ വാക്കുകൾ വളരെ പ്രസക്തമാണ്. "രാജ്യത്തെ പൗരന്മാർ നിരന്തരം നിരീക്ഷണത്തിനു കീഴിൽ കഴിയുന്ന ഒരു ഓർവെല്ലിയൻ സ്റ്റേറ്റ് ആയി ഇന്ത്യ മാറുമോ എന്ന് ഞാൻ വളരെയേറെ ഭയപ്പെടുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കാൻ സഹായിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെടുന്നതടക്കം, സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനുമുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തവേ, സുപ്രീം കോടതിയോ പ്രതിപക്ഷ കക്ഷികളോ മാധ്യമങ്ങളോ (മാധ്യമങ്ങളിൽ ചിലത് സർക്കാർ നിലപാട് ആവർത്തിച്ച് കൊണ്ടേയിരിക്കുകയാണ് എന്നതാണ് വാസ്തവം) സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടില്ല എന്നത് ഖേദകരമാണ്. ഇസ്രായേലി സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്പൈവെയർ വാട്സാപ്പ് ഹാക്ക് ചെയ്യാനും അതിലൂടെ ആളുകളുടെ വിവരങ്ങൾ ചോർത്താനും ഉപയോഗിക്കപ്പെട്ടു എന്ന വാർത്ത ആഗോള തലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ചു ഭൂഖണ്ഡങ്ങളിലായി ഏകദേശം ഒരു ബില്യണോളം ഫോണുകളിലാണ് ഈ നിരീക്ഷണ സോഫ്റ്റ്‌വെയർ ഉപയോഗിക്കപ്പെട്ടത്. 1400-ഓളം നയതന്ത്രജ്ഞർ, നിരവധി സർക്കാർ ജീവനക്കാർ, വിമത നിലപാടുകൾ പുലർത്തുന്നവർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ വിവരങ്ങളാണ് ചോർന്നത്; ഇവരിൽ 120 ഇന്ത്യക്കാർ ഉൾപ്പെടുന്നു. എന്നാൽ ഈ കണക്കുകൾ പ്രാഥമികം മാത്രമാണെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നു മെയിലും സെപ്റ്റംബറിലും കേന്ദ്ര സർക്കാരിനെ അറിയിച്ചു എന്ന വാട്സാപ്പിന്റെ അവകാശവാദം സർക്കാർ നിഷേധിച്ചിട്ടുണ്ട്. ഇവിടെ ഉയരുന്ന ലളിതമായ ചോദ്യം ഇതാണ്: ഒരു ഇസ്രായേലി ഇന്റലിജൻസ് സ്ഥാപനത്തിന് അല്ലെങ്കിൽ ഏതെങ്കിലും ഒരു അന്താരാഷ്ട്ര സംഘടനയ്ക് ഇന്ത്യയിലെ ഉൾപ്രദേശമായ ബസ്തറിലെ മനുഷ്യാവകാശ പ്രവർത്തകരെയോ രാജ്യദ്രോഹ നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്യപ്പെട്ടു ദേശവിരോധികൾ എന്ന് മുദ്രകുത്തപ്പെട്ട, ഭീമ-കൊറേഗാവ് കേസിൽ ഉൾപ്പെട്ട ഇടതു ലിബറൽ അക്കാദമിക്കുകളെയോ നിരീക്ഷിക്കേണ്ട ആവശ്യമെന്താണ്? എൻ.എസ്.ഓ പറയുന്നത് കമ്പനിയുടെ സ്പൈവെയർ സർക്കാരുകൾക്കു മാത്രമേ കൈമാറാറുള്ളൂ എന്നാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫീസ് ആയ 500,000 ഡോളറിനു പുറമെ 650,000 ഡോളറാണ് (ഏകദേശം 8 കോടി രൂപ) അതുപയോഗിച്ച് ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ എൻ.എസ്.ഓ ഈടാക്കുന്നത്. ഇത്ര ഭീമമായ തുക കൊടുക്കാൻ സ്വകാര്യ കക്ഷികൾ ഒന്നും തയ്യാറാകില്ല എന്നതാണ് വാസ്തവം.

കുറ്റവാളികളെ പിടികൂടാനും രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാനുമായി ഒട്ടേറെ രാജ്യങ്ങൾ പെഗാസസ് എന്ന വിനാശകാരിയായ വൈറസ് ഉപയോഗിക്കുന്നുണ്ട്. മെക്സിക്കോ എൻ.എസ്.ഓയെ നിയോഗിച്ചത് ലഹരി മരുന്ന് കച്ചവടക്കാരെ നിരീക്ഷിക്കാനായിരുന്നെങ്കിൽ സൗദി അറേബ്യ ഈ മാൽവെയർ ഉപയോഗിച്ചത് വിമത മാധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വിവരങ്ങൾ ചോർത്താനാണ്. ഖഷോഗി പിന്നീട് തുർക്കിയിൽ വച്ച് സൗദി നിയോഗിച്ച സംഘത്താൽ കൊല്ലപ്പെട്ടു.

ഒരു വർഷം മുൻപ് ഇസ്രായേലിലെ പ്രശസ്ത ദിനപത്രമായ "ഹാരെറ്റ്സ്" ലോകവ്യാപകമായി ഒരു അന്വേഷണം നടത്തുകയും അതിന്റെ ഭാഗമായി 15 രാജ്യങ്ങളിലെ നൂറോളം സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സാധാരണക്കാരെ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനുമുള്ള സങ്കേതങ്ങൾ കയറ്റുമതി ചെയ്യുന്ന ഒന്നാമത്തെ രാജ്യമായി ഇസ്രായേൽ മാറിയിരിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.

"ആഗോള തലത്തിൽ, സ്വേച്ഛാധിപതികൾ -ഇസ്രയേലുമായി നേരിട്ട് ബന്ധമില്ലാത്ത രാജ്യങ്ങളിൽ പോലും- ഇത്തരം സങ്കേതങ്ങൾ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തുകയും ഇ-മെയിലുകൾ നിരീക്ഷിക്കുകയും ആപ്പുകൾ ഹാക്ക് ചെയ്യുകയും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു" , ഹാരെറ്റ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. പെഗാസസ് പോലെയുള്ള സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഇസ്രായേലി കമ്പനികൾ "തങ്ങളുടെ വിധ്വംസക ശേഷിയുള്ള ഉത്പന്നങ്ങൾ ശക്തമായ ജനാധിപത്യ സംസ്‍കാരമില്ലാത്ത രാജ്യങ്ങൾക്കു പോലും വിൽക്കുന്നു" എന്നും റിപ്പോർട്ട് പറയുന്നു. തങ്ങളുടെ ഉത്പന്നങ്ങൾ സാധാരണക്കാരുടെ അവകാശങ്ങൾക്കു മേൽ കടന്നു കയറാൻ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ഇത്തരം കമ്പനികൾ തയ്യാറാകാറില്ല. മനുഷ്യാവകാശ പ്രവർത്തകരെ കണ്ടെത്തി തടവിലാക്കാനും എൽ.ജി.ബി.ടി വ്യക്തികളെ തേജോവധം ചെയ്യാനും സർക്കാരുകളെ വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കാനും ഇസ്രായേലി ഉപകരണങ്ങൾ പ്രയോഗിക്കപ്പെടുന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട്.

ഇന്ത്യയിലെ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അധ്യാപകരെയും ഒക്കെ നിരീക്ഷിക്കാൻ ആർക്കാണ് താത്പര്യം എന്നത് നിഗൂഢമാണ്. എന്നാൽ ബിജെപി ഉയർത്തിപ്പിടിക്കുന്ന അതിതീവ്ര ദേശീയതാവാദവും നിലവിലെ കേന്ദ്ര സർക്കാരിന് ഇസ്രയേലുമായുള്ള അടുത്ത ബന്ധവും കാര്യങ്ങൾ സുതാര്യമായി ചെയ്യുന്നതിലെ സർക്കാരിന്റെ ട്രാക്ക് റെക്കോർഡും ചേർത്ത് വയ്ക്കുമ്പോൾ ഒരു നിഗമനത്തിലെത്തുക എളുപ്പമാണ്.

2017-ലെ മൂന്ന് ദിവസം നീണ്ട സന്ദർശനത്തിലൂടെ ഇസ്രായേലിൽ പോകുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. അവിടെ വച്ച്, സൈനിക, സൈബർ സുരക്ഷ മേഖലകളിലെ കരാറുകൾ സംബന്ധിച്ച് മോദി ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവുമായി വിശദമായ ചർച്ചകൾ നടത്തി. സന്ദർശനവേളയിൽ മോദിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌നിഫർ, അറ്റാക്ക് ഡോഗ്സിനെ വിട്ടു നൽകാനും ഇസ്രായേൽ തയ്യാറായി. ബോംബുകൾ കണ്ടെത്താനും മറ്റു കെണികൾ തിരിച്ചറിയാനും പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള, ലോകത്തിലെ തന്നെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന സ്‌നിഫർ ഡോഗ്സ് ആണ് ഇസ്രായേലിന്റേത്. ഇന്ത്യയിലാകട്ടെ, അതേ വർഷം, ഛത്തിസ്ഗഢിലെ ബിജെപി സർക്കാർ ചില വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ എൻ.എസ്.ഒയെ സമീപിച്ചു. എൻ.എസ്.ഒ അധികൃതർ റായ്‌പൂർ സന്ദർശിച്ചു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെഗാസസിന്റെ വിവരണശേഖരണത്തിലെ പ്രവർത്തനക്ഷമതയെ സംബന്ധിച്ച് പ്രസന്റേഷൻ നടത്തിയെങ്കിലും കമ്പനി ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാൻ സർക്കാരിന് കഴിയാത്തതിനാൽ കരാറാകാതെ പിരിയുകയായിരുന്നു.

ഹാരെറ്റ്‌സിലെ റിപ്പോർട്ട് പ്രകാരം 2016-ൽ ഫോബ്‌സ് മാസിക പെഗാസസിനെ വിശേഷിപ്പിച്ചത് "ലോകത്തിലെ ഏറ്റവും ആക്രമണാത്മക മൊബൈൽ സ്പൈ കിറ്റ്" എന്നാണ്. ഫോണുകളെ പരിധികളില്ലാതെ നിരീക്ഷിക്കാനും ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ " ലൊക്കേഷൻ തിരിച്ചറിയാനും, സംഭാഷണങ്ങൾ കേൾക്കാനും, ഫോണിന്റെ ചുറ്റുവട്ടത്തു നടക്കുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും ഫോണിന്റെ അടുത്തുള്ളവരുടെ ചിത്രങ്ങൾ എടുക്കാനും സന്ദേശങ്ങൾ അയക്കാനും, ആപ്പുകൾ ഡൌൺലോഡ് ചെയ്യുകയോ ഉള്ള ആപ്പുകളിൽ നുഴഞ്ഞു കയറുകയോ ചെയ്യാനും ഫോണിൽ ഉള്ള ചിത്രങ്ങൾ, സന്ദേശങ്ങൾ, കലണ്ടറുകൾ, നമ്പറുകൾ എന്നിവ രഹസ്യമായി ചോർത്തിയെടുക്കാനും" പെഗാസസ് സൗകര്യമൊരുക്കുന്നു.

മറ്റു പല കാര്യങ്ങളിൽ എന്നപോലെ സ്വകാര്യത ഹനിക്കപ്പെടുന്ന കാര്യത്തിലും പാക്കിസ്ഥാൻ ഇന്ത്യക്കൊപ്പം നിൽക്കാൻ പോന്ന എതിരാളിയാണ്. അന്വേഷണ ഏജൻസിയായ കോഡയെ ഉദ്ധരിച്ച് പാകിസ്താനിലെ ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തത് സർക്കാർ, പൗരന്മാരെ നിരീക്ഷിക്കുന്നുണ്ട് എന്നാണ്. 'അടിസ്ഥാന മനുഷ്യാവകാശങ്ങൾ അട്ടിമറിക്കാനുതകുന്ന സാങ്കേതിക വിദ്യ സ്വേച്ഛാധിപത്യപരമായ രാജ്യങ്ങൾക്കു കൈമാറിയെന്ന് കൃത്യമായി തെളിഞ്ഞിട്ടുള്ള', കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാൻഡ് വൈൻ എന്ന കമ്പനിയിൽ നിന്നും ഇസ്‌ലാമാബാദ് ഒരു 'വെബ് മോണിറ്ററിങ് സിസ്റ്റം' വാങ്ങിയിട്ടുണ്ട്.

ഇന്ത്യയിൽ രണ്ടു പാർലമെൻററി സ്റ്റാന്റിംഗ് കമ്മിറ്റികൾ (ഐ.ടി, ആഭ്യന്തരകാര്യം) വിഷയം പഠിക്കാനും സർക്കാരിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കുടുംബാംഗങ്ങളുടെയും ഫോൺ സർക്കാർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസ് പ്രാധാന്യത്തോടെ പരിഗണിച്ച ഇന്ത്യയിലെ പരമോന്നത കോടതി, ഇത്രയും ഗുരുതരമായ ഒരു വിഷയത്തെ സ്വമേധയാ പരിഗണിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. " ഇത്തരം നടപടികളുടെ ആവശ്യമെന്താണ്? ഇവിടെ ആർക്കും സ്വകാര്യത ഇല്ലാതായിരിക്കുന്നു. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? ഒരാളുടെ സ്വകാര്യത ഇത്തരത്തിൽ ഹനിക്കപ്പെടാമോ? ആരാണിതിന് നിർദേശം കൊടുത്തത്?" , ഈ പോലീസ് ഉദ്യോഗസ്ഥന്റെ കേസ് പരിഗണിച്ചു കൊണ്ട്, കഴിഞ്ഞ തികളാഴ്ച ജസ്റ്റിസ് അരുൺ മിശ്ര ആശങ്കയോടെ കോടതിയിൽ ചോദിച്ച ചോദ്യങ്ങളാണിവ. ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണ് സ്വകാര്യത എന്നും പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നുമുള്ള നിലപാടാണ് സുപ്രീം കോടതി എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് പോലെ പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെങ്കിൽ, വിഷയത്തിൽ ഇന്നേവരെ ഒരു എഫ്.ഐ.ആർ പോലും ഫയൽ ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച് അടിയന്തരമായി ഒരു ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിടാനും പാർലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തിൽ ഒരു സമഗ്ര ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് പാസ്സാക്കി പൗരന്മാരുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കാനും സർക്കാർ തയ്യാറാകണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories