TopTop
Begin typing your search above and press return to search.

ഒരു കണക്കിന് ഇതൊരു 'സുവര്‍ണാവസര'മെന്ന് പി.എസ് ശ്രീധരൻ പിള്ളയും കരുതുന്നുണ്ടാവണം

ഒരു കണക്കിന് ഇതൊരു

ഒരു കണക്കിന് ഇത് നന്നായി എന്ന് പി.എസ് ശ്രീധരൻ പിള്ളയും കരുതുന്നുണ്ടാവണം. തന്നെ മിസോറാം ഗവർണർ ആയി നിയമിച്ചു കൊണ്ടുള്ള അറിയിപ്പിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ആ സമയത്തെ ശരീരഭാഷയുമെല്ലാം നൽകിയ സൂചനയും മറ്റൊന്നായിരുന്നില്ല. അല്ലെങ്കിൽ തന്നെ വടക്കൻ പാട്ടിലെ ചന്തുവിനെപ്പോലെ എന്തിനു തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുകയും അതിന്റെ പേരിൽ പഴി കേൾക്കുകയും ചെയ്യണം? എത്ര കാലം എന്നറിയില്ലെങ്കിലും ആവുന്നിടത്തോളം ഗവർണർ കസേരയിൽ അമർന്നിരിക്കാമല്ലോ. എല്ലാ അർത്ഥത്തിലും ഇതൊരു സുഖമുള്ള ഏർപ്പാട് തന്നെ. പുറത്തു പാറാവ്. അകത്തു പരിചാരകർ. പുറത്തേക്കിറങ്ങുമ്പോൾ അംഗരക്ഷകരെ കൂടാതെ മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങൾ. ചെല്ലുന്നിടത്തൊക്കെ രാഷ്ട്രീയം നോക്കാതെയുള്ള സ്വീകരണം, സല്യൂട്ട്. അത്യാവശ്യം എഴുത്തും വായനയുമൊക്കെ കൂടെയുള്ളതിനാൽ ഇനി അതിനൊക്കെ ഇഷ്ടം പോലെ സമയവും ലഭിക്കും. ഏറ്റവും സുഖം നൽകുന്ന കാര്യം ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്കെങ്കിലും സ്വന്തം പാർട്ടിയിലെ മുരളീധരൻ, കൃഷ്ണദാസ് പക്ഷങ്ങളുടെ തമ്മിലടിയിൽപ്പെട്ട് ചക്രശ്വാസം വലിക്കേണ്ട, കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന്റെ കണ്ണുരുട്ടൽ കാണേണ്ടതുമില്ല എന്നത് തന്നെയാണ്. ശബരിമലയുടെ കാര്യത്തിൽ ശ്രീധരൻ പിള്ള വക്കീൽ പറഞ്ഞതുപോലെ എല്ലാം കൊണ്ടും വീണു കിട്ടിയ ഒരു 'സുവർണാവസരം' തന്നെ.

ശ്രീധരൻ പിള്ളയ്ക്ക് മുൻപ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ കാര്യത്തിൽ എന്നത് പോലെ ഇതും ഒരു പണീഷ്മെന്റ് ട്രാൻസ്‌ഫർ ആണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. കുമ്മനത്തെ അയച്ച അതേ മിസോറാമിലേക്കു തന്നെയാണ് പിള്ള വക്കീലിനെയും അയയ്ക്കുന്നതെന്നതിനാൽ കേരളത്തിൽ അനഭിമതരായ ബിജെപി നേതാക്കളുടെ പുനരധിവാസ കേന്ദ്രമായി മിസോറാം മാറിയോ എന്ന സന്ദേഹവും അവർ പങ്കുവെക്കുന്നുണ്ട്. എന്നാൽ നമ്മുടെ പിള്ള വക്കീൽ അങ്ങനെ കരുതുന്നില്ല. ദോഷൈകദൃക്കുകൾ പലതും പറയും. അതൊന്നും കാര്യമാക്കാൻ അദ്ദേഹത്തെ കിട്ടില്ല. അതിനു വേറെ ആളെ നോക്കണം. കേരളത്തിലെ തന്റെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി മിസോറാം ഗവർണർ പദവിയെ കാണാനാണ് വക്കീൽ സാറിന് ഇഷ്ടം. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് വളച്ചുകെട്ടില്ലാതെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഗവർണറുടേത് ഒരു ഭരണഘടന പദവി ആണെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രസിഡന്റിനും പ്രധാനമന്ത്രിക്കും തൊട്ടുതാഴെയുള്ള പദവി ആണത് എന്നും പറയുമ്പോൾ പുതിയ സ്ഥാനലബ്‌ധിയിൽ പിള്ള സാർ എത്ര കണ്ടു സന്തുഷ്ടനാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല.

കേരളത്തിലെ ബിജെപിക്കുള്ളിൽ ഗ്രൂപ്പ് വടംവലി അസഹനീയമായ ഘട്ടത്തിലായിരുന്നു കുമ്മനത്തെ പിടിച്ചു സംസ്ഥാന അധ്യക്ഷനാക്കിയത്. ഒരു ഗ്രൂപ്പിലും പെടാത്ത ആൾ എന്നതായിരുന്നു കുമ്മനത്തിൽ കേന്ദ്ര നേതൃത്വവും കണ്ട ഏറ്റവും വലിയ യോഗ്യത. എന്നാൽ അദ്ദേഹം വന്നിട്ടും പാർട്ടിയിൽ പോര് ശമിച്ചില്ലെന്നു മാത്രമല്ല കൂടുതൽ രൂക്ഷമാവുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തെ മിസോറാമിലേക്കു അയച്ചത്; അതും ചെങ്ങന്നൂർ ഉപതിരെഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്കു നീങ്ങുന്ന വേളയിൽ. കുമ്മനം പോയ ഒഴിവിലേക്ക് ശ്രീധരൻ പിള്ളയെ പരിഗണിച്ചത് പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടായിരുന്നു. മുൻപ് ഒരു തവണ സംസ്ഥാന അധ്യക്ഷ പദവി വഹിച്ച ആൾ എന്നതായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കുമ്മനത്തെ പോലെ തന്നെ ഗ്രൂപ്പില്ലാത്ത ആൾ എന്നതും. എന്നാൽ പിള്ള വന്നിട്ടും ഗ്രൂപ്പ് പോരിന് ഒരു ശമനവും ഉണ്ടായില്ല. എന്ന് മാത്രമല്ല വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് പാർട്ടിയെയും സംഘടനെയും പരിഹാസപാത്രമാക്കുന്നു എന്ന ആക്ഷേപവും ഉയർന്നു. ഇതിൽ ഒന്നായിരുന്നു ശബരിമല സംബന്ധിച്ച പിള്ള വക്കീലിന്റെ 'ഗോൾഡൻ ഓപ്പർച്യൂണിറ്റി' പ്രയോഗം. എന്തായാലും പാർട്ടിയിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് ഈ ഗവർണർ പദവി എന്നതിനാൽ പിള്ള സാറിന് ആശ്വസിക്കാൻ വകയുണ്ട്.

എന്നാൽ ഏറെ ചിരിക്കു വക നൽകുന്ന ഒരു കാര്യം നമ്മുടെ പിള്ള സാറിന് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ്. താൻ രണ്ടാം വട്ടം സംസ്ഥാന അധ്യക്ഷനായിരുന്ന ഒന്നര വർഷത്തിനിടയിൽ പാർട്ടി കേരളത്തിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചു എന്നാണ് ഗവർണർ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനു ശേഷവും അവകാശപ്പെട്ടത്. താൻ പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ കേരളത്തിൽ പാർട്ടിക്ക് 70 ശതമാനം വോട്ടു വർധിച്ചെന്നും പാർട്ടിയുടെ അംഗത്വം 75 ശതമാനം വർധിച്ചുവെന്നുമാണ് പിള്ള സാറിന്റെ അവകാശവാദം. അനുകൂല ഘടകങ്ങൾ ഏറെ ഉണ്ടായിട്ടും ലോക് സഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ തന്റെ പാർട്ടി സംപൂജ്യമായതു പോകട്ടെ, അതിനു ശേഷം നടന്ന ആറ് ഉപതിരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം ഒഴികെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും ഒന്നും കാണാഞ്ഞിട്ടൊന്നുമല്ല ഈ തള്ള്. പക്ഷെ ഒന്നുണ്ട്, പുതുതായി 11. 5 ലക്ഷം പേര് പാർട്ടിയിൽ ചേർന്നിട്ടും എന്തേ വോട്ടു കുറഞ്ഞുവെന്ന് ഇനിയിപ്പോൾ ആർക്കും മറുപടി നൽകേണ്ടതില്ലല്ലോ. ഹാവൂ രക്ഷപ്പെട്ടു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories