TopTop
Begin typing your search above and press return to search.

'അവര്‍ നല്ല മനുഷ്യരാണ്'; നാഗാ യുവാക്കള്‍ തൊഴില്‍ തേടി കേരളത്തിലെത്തുന്നതിന് ഇതുമൊരു കാരണമാണ്

തൊഴില്‍പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്തുള്ള നാഗാലാന്‍ഡില്‍ നിന്നുള്ളവരുടെയും ലക്ഷ്യം കേരളം. കേരളത്തിലേക്ക് തൊഴില്‍ തേടി എത്തുന്ന നാഗാലാന്‍ഡില്‍ നിന്നുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. കേരളത്തിലെ ജനങ്ങളുടെ സൗഹാര്‍ദപൂര്‍വമായ പെരുമാറ്റമാണ് ഇവിടം ലക്ഷ്യമാക്കുന്നതില്‍ ഒരു പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നതും.

ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും മികച്ച തൊഴില്‍ പരിശീലനവും ലഭിച്ചിട്ടുള്ള നാഗാ യുവാക്കള്‍ ഡല്‍ഹി, മുംബൈ, ബംഗളുരു പോലുള്ള നഗരങ്ങള്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ അത്ര വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരുടെ പ്രധാന ലക്ഷ്യം കേരളമാണ്. ഡ്രൈവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, റിസപ്ഷനിസ്റ്റുകള്‍ തുടങ്ങിയ ജോലികളിലാണ് ഇവര്‍ കൂടുതലായുമുള്ളത്. മികച്ച കൂലി ഇവര്‍ക്ക് ഇവിടെ ലഭിക്കുന്നുമുണ്ട്.

കുറവിലങ്ങാടുള്ള ആന്‍സ് കിച്ചനില്‍ കഴിഞ്ഞ ആറുമാസമായി വെയ്റ്റര്‍ ജോലി ചെയ്യുന്ന ലോക്കൂണ്‍ ഗ്രാമത്തില്‍ നിന്നുള്ള 21 വയസുള്ള വാങ്ബാത്ത് പറയുന്നത്, "ഞങ്ങള്‍ ആദ്യം ഡല്‍ഹിയില്‍ ജോലി കിട്ടുമോ എന്നാണ് നോക്കിയത്. എന്നാല്‍ അവര്‍ മാസം 9,000 രൂപ മാത്രം തരാനേ തയാറായുള്ളൂ, ഒപ്പം താമസസൗകര്യങ്ങള്‍ ഞങ്ങള്‍ കണ്ടെത്തുകയും വേണം. അപ്പോഴാണ് ചില സുഹൃത്തുക്കളില്‍ നിന്ന്, കേരളത്തില്‍ മികച്ച വേതനം നല്‍കുന്നുണ്ടെന്നും ഒപ്പം താമസവും ഭക്ഷണവും ലഭിക്കുമെന്ന് അറിയുന്നത്. അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് 12,000 രൂപയും താമസവും ഭക്ഷണവുമാണ് അവര്‍ വാഗ്ദാനം ചെയ്തത്. പിന്നാലെ ഞങ്ങളുടെ കൂടുതല്‍ സുഹൃത്തുക്കള്‍ ഇവിടേക്ക് വന്നു. ഞാനിപ്പോള്‍ ഒരു പരീശീലനം തുടരാനായി വീട്ടിലേക്ക് പോന്നതാണ്. എന്നാല്‍ കുറഞ്ഞത് ഒരു 25 പേരെങ്കിലും ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ട്".

2018 ഏപ്രിലില്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഷാംഗ്ന്യൂ ഗ്രാമത്തിലുള്ള ഒരു വൃദ്ധന്‍ ഗ്രാമത്തില്‍ സംസാരവിഷയമായി. ആലപ്പുഴയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാളുടെ മകന്‍ അസേം 40,000 രൂപ ഒരു ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും അവര്‍ അത് അസേമിന്റെ പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തതാണ് ഗ്രാമത്തില്‍ സംസാരവിഷയമായത്.

അസേമിനെ എല്ലാവരും പുകഴ്ത്തുകയും ഇങ്ങനെയൊരു മകനുണ്ടായതില്‍ ഭാഗ്യവാനായ പിതാവിനെ അഭിനന്ദിക്കുകയും ചെയ്തു. കാരണം, ആ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തുകയായിരുന്നു. നിത്യവൃത്തിക്കായി പലവിധ കൃഷികള്‍ മാറി ചെയ്തുവരുന്ന ഗ്രാമീണര്‍ക്ക് അത്ര വലിയ തുക തങ്ങളുടെ പക്കല്‍ ഉണ്ടാവുക എന്നത് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

നാഗാലാന്‍ഡിലെ ഗോത്രവര്‍ക്കാര്‍ മിക്കവരും നിത്യജീവിതത്തിലും പ്രാദേശികമായുള്ള ആചാരനാനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരും അതില്‍ അടിയുറച്ച ജീവിതം നയിക്കുന്നവരുമാണ്. പുറത്തുനിന്നുള്ള മിക്കവര്‍ക്കും അത് കഠിനമായ ഒന്നായാണ് അനുഭവപ്പെടാറും. തങ്ങളുടെ ഇടങ്ങളില്‍ നിന്ന് അവര്‍ അധികം പുറത്തുകടക്കാറുമില്ല, അങ്ങനെയാരെങ്കിലും ചെയ്താല്‍ അവരെ സംശയദൃഷ്ടിയോടെയും പേടിയോടെയുമാണ് ഈ ഗോത്രവര്‍ഗക്കാര്‍ കാണുന്നതും.

അത്തരം കാര്യങ്ങള്‍ സംസ്ഥാനത്തിനു പുറത്ത് ജോലി തേടുന്നതില്‍ നിന്നും പലപ്പോഴും നാഗാ യുവാക്കളെ അടക്കം പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ അസേമിനെ പോലുള്ളവരുടെ കഥകള്‍ ഗ്രാമത്തില്‍ എത്തിയതോടെ ഈ ചിന്താഗതിക്ക് കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. തങ്ങളുടെ സാമ്പത്തിക സഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും അവിടെ നിലനിന്നിരുന്ന ജീവിതരീതി തടസമുണ്ടാക്കിയിരുന്നു എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍.

സംസ്ഥാനത്തിനു പുറത്ത് ജോലി തേടുന്ന ഏതൊരാളുടേയും ആദ്യലക്ഷ്യം മികച്ച വേതനം തന്നെയൊണെങ്കിലും നാഗാ യുവാക്കളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ അത്ഭുതകരമായ മറ്റൊരു കാര്യം കൂടിയുണ്ട്.

ലോങ്‌ലൂമില്‍ നിന്നുള്ള അഖ്ത് എന്ന യുവാവ് അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "എന്റെ ഗ്രാമത്തില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഇവിടേക്ക് എത്തുന്നത്. ഇവിടുത്തെ മിക്ക മനുഷ്യരും നല്ലവരാണ്. ഉടമസ്ഥരാണെങ്കില്‍ മര്യാദക്കാരും ഞങ്ങളോട് നന്നായി പെരുമാറുന്നവരുമാണ്".

തിരുവനന്തപുരത്തെ അന്നപൂര്‍ണ ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന 20-കാരനായ പാങ്മയ് പറയുന്നത്: "മറ്റേതൊരു പ്രദേശത്തെ മനുഷ്യരിലും നല്ല ആളുകളാണ് കേരളത്തിലുള്ളവര്‍. ഞാന്‍ ഇതിനു മുമ്പ് ചെന്നൈയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കേരളത്തിലേക്ക് പോന്നു. ദിവസക്കൂലി ഇനത്തിലാണ് എനിക്ക് വേതനം, അങ്ങനെ ഒരുമാസം ഇവിടെ എനിക്ക് 16,000 രൂപ ലഭിക്കുന്നു".

കുടുംബത്തെ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന് പാങ്മയി പറഞ്ഞ മറുപടി ഇങ്ങനെ: "എന്റെ സഹോദരന്റെ പഠന കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ്. ഇവിടെ തിരുവനന്തപുരത്ത് തന്നെ പഠിക്കുകയാണ് സഹോദരന്‍".

എന്നാല്‍ എല്ലായിടത്തേയും കഥകള്‍ ഈ വിധത്തില്‍ അത്ര നല്ലതല്ലാത്തതിനും ഉദാഹരണമുണ്ട്. കൊട്ടാരക്കരയില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത മന്യേരി പറയുന്നത് ഇങ്ങനെ: "ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്നിടത്തെ ഉടമസ്ഥന്‍ പൈസയുടെ കാര്യത്തില്‍ കുറച്ച് പ്രശ്‌നക്കാരനായിരുന്നു. ഞങ്ങള്‍ക്ക് പൈസ തരാന്‍ തീരെ സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു പലപ്പോഴും. പക്ഷേ, ഒരു കാര്യം പറയാന്‍ പറ്റുന്നത്, പൊതുവെ കേരളത്തിലുള്ള എന്റെ അനുഭവം ഭേദപ്പെട്ടതു തന്നെയാണ്. അവരൊരിക്കലും ഞങ്ങളോട് ക്രൂരമായി പെരുമാറാറില്ല".

ഈ 'നല്ല പെരുമാറ്റം' തന്നെയാണ് നാഗാ യുവാക്കളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട ഘടകവും.

സ്വകാര്യ മേഖല എന്നത് തീരെ ഇല്ലാതിരിക്കുകയും സര്‍ക്കാര്‍ ജോലികള്‍ വളരെ കുറവുമായിരിക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ജീവിതവൃത്തിക്കായി ഉപജീവനം നേടാന്‍ തങ്ങളുടെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് നാഗാലാന്‍ഡിലെ ആളുകള്‍. പണം വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ് തങ്ങളുടെ ജീവിതത്തില്‍ എന്നറിയാവുന്നതിനാല്‍ അവര്‍ ജോലി ചെയ്യാനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും പ്രധാനമാണ്. അവര്‍ കേരളം തെരഞ്ഞെടുക്കാന്‍ കാരണം ആ സംസ്ഥാനം അവരോട് ബഹുമാനത്തോടെയും ദയാവായ്‌പോടെയും പെരുമാറുന്നു എന്നതാണ്.

'ചെറിയ അനുകമ്പ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും' എന്ന ചൊല്ല് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാകുന്നു എന്നാണ് നാഗാ അനുഭവങ്ങള്‍ തെളിയിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


മന്നോ വാങ്നാവോ

മന്നോ വാങ്നാവോ

മാധ്യമ പ്രവര്‍ത്തക

Next Story

Related Stories