TopTop
Begin typing your search above and press return to search.

ജോര്‍ജ്ജ് ഫ്ലോയ്ഡിനെന്താ പ്രതിപക്ഷ സമരത്തില്‍ കാര്യം?

ജോര്‍ജ്ജ് ഫ്ലോയ്ഡിനെന്താ പ്രതിപക്ഷ സമരത്തില്‍ കാര്യം?

ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എൻ ഐ എ ആരംഭിച്ചുകഴിഞ്ഞു. സമാന രീതിയിൽ മുൻപും കേരളത്തിലേക്ക് സ്വർണം വന്നിട്ടുണ്ടെന്നും അതിനെക്കുറിച്ചും എൻ ഐ എ അന്വേഷിക്കും എന്നുമൊക്കെയാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വിദേശത്തുനിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന കള്ളക്കടത്തു സ്വർണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നു സംശയിക്കപ്പെടുന്നതിനാൽ കേരളത്തിലെ എയർപോർട്ടുകൾ വഴി നടന്ന കള്ളക്കടത്തിനെക്കുറിച്ചു മാത്രമല്ല കടൽ മാർഗവും കര മാർഗവും വന്ന കള്ളക്കടത്തു സ്വർണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നു ഉറപ്പാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞതുപോലെ എൻ ഐ എ അന്വേഷണം ആരിലേക്കൊക്കെ നീളുമെന്നോ എവിടെ ചെന്ന് അവസാനിക്കുമെന്നോ ഇപ്പോൾ പറയാനാവുകയില്ല. ഇപ്പോൾ പിടികൂടിയ സ്വർണ കള്ളക്കടത്തിൽ പ്രതി സ്ഥാനത്തുള്ള സ്വപ്ന സുരേഷിന് തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നു എന്നതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അന്വേഷണം നീണ്ടേക്കാമെങ്കിലും അന്വേഷണം ഒടുവിൽ ചെന്നെത്തുക മറ്റു പലരിലേക്കുമാകും എന്ന ഒരു ധ്വനിയും ഭീഷണിയുമൊക്കെ ഉണ്ട് പിണറായിയുടെ ഇന്നലത്തെ ഈ വാക്കുകളിൽ. കേന്ദ്രം എൻ ഐ എ അന്വേഷണം പ്രഖ്യാപിച്ചതോടെ ചിലർക്കൊക്കെ ചങ്കിടിപ്പ് വർധിച്ചിട്ടുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രതിക്ഷേധ കോലാഹലങ്ങളിൽ അത് പ്രതിഫലിക്കുന്നുണ്ടെന്നും കൂടി പറയാൻ മുഖ്യമന്ത്രി മടിച്ചില്ല.എൻ ഐ എ അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ, അതിനിടയിൽ എന്തിനാണ് ഈ പ്രതിഷേധ കോലാഹലം എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാകുന്നത് കേരളത്തിൽ കോവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്കും ട്രിപ്പിൾ ലോക്കിലേക്കുമൊക്കെ എത്തുകയും കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നിടത്താണ്. സംസ്ഥാനത്തു ഇന്നലെ അരങ്ങേറിയ പ്രതിക്ഷേധ സമരങ്ങളെല്ലാം തന്നെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ടായിരുന്നു എന്നതും വാസ്തവം. ഇതോടൊപ്പം തന്നെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞ പൂന്തുറ മേഖലയിൽ വ്യാജ വാട്സാപ്പ് സന്ദേശത്തെ തുടർന്ന് ജനങ്ങൾ കൂട്ടമായി തെരുവിൽ ഇറങ്ങുന്ന സ്ഥിതിയും ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ തടയുന്ന സ്ഥിതിയും ഉണ്ടായി. യു ഡി എഫും ബി ജെ പി യും ഇപ്പോൾ നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾ രോഗ വ്യാപനം വർധിപ്പിച്ചു നാടിനെ മഹാരോഗത്തിൽ മുക്കിക്കളയാനുള്ള ദുഷ്പ്രവർത്തിയായിട്ടാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 'റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ട നേതാക്കൾ സമരങ്ങൾ എന്ന പേരിൽ പുറത്തിറങ്ങുകയാണ്.മാസ്ക് ധരിക്കാതെയും മറ്റും അലറുകയും തുപ്പുകയുമെല്ലാം ചെയ്യുകയാണ്. ഇത് വിപത്തിലേക്കാണ് നയിക്കുകയെന്നു നേതാക്കൾക്ക് ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അണികളെങ്കിലും അത് തിരിച്ചറിയണം' എന്നായിരുന്നു പ്രതിക്ഷേധ സമരങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശം.അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി തങ്ങൾക്കു വീണുകിട്ടിയ ഒരു സുവര്‍ണ്ണാവസരമായി സ്വർണ കള്ളക്കടത്തു കേസിനെ കണ്ടു പ്രതിഷേധ സമരവുമായി രംഗത്ത് വന്നിട്ടുള്ള യു ഡി എഫിനെയും ബി ജെ പി യെയും നേരിടാൻ കോവിഡ് വ്യാപനത്തെ ഫലപ്രദമായി ഉപയോഗിക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നത് ഇതിൽ നിന്നും വ്യക്തമാണ്. സമരങ്ങളുടെയും വ്യാജ പ്രചാരങ്ങളുടെയും കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സി പി എമ്മിന്റെയും എൽ ഡി എഫ് ഘടക കക്ഷികളുടെയും നേതാക്കളും ആവർത്തിക്കുന്നത്. എന്നാൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വംശജൻ മൃഗീയമായി കൊലചെയ്യപ്പെട്ടതിനെതിരെ അമേരിക്കയിൽ ഇതേ കോവിഡ് കാലത്തു തന്നെ ഉയർന്ന പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക്‌ ഇപ്പോൾ ഇതൊക്കെ പറയാൻ എന്ത് അവകാശം എന്ന മറു ചോദ്യം ഉയർത്തുന്നു പ്രതിപക്ഷം. അമേരിക്കയിലെ കോവിഡ് മരണസംഖ്യഖ്യയിലും രോഗികളുടെ എണ്ണത്തിലും ഉണ്ടായ വർധന ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കുന്നു മറുപക്ഷം.

സ്വർണ കള്ളക്കടത്തും അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടോയെന്ന കാര്യവുമൊക്കെ എൻ ഐ എ അന്വേഷിക്കും എന്ന് വ്യക്തമായി കഴിഞ്ഞ സ്ഥിതിക്ക് ഇത്ര വലിയ പ്രതിക്ഷേധ സമരങ്ങൾക്ക് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുകയും സമരത്തിന് ബദൽ മാർഗങ്ങൾ തേടുകയുമാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യേണ്ട ഏറ്റവും കരണീയമായ കാര്യം. ഇക്കഴിഞ്ഞ ദിവസം വ്യാജ പ്രചാരണത്തിലൂടെ ട്രിപ്പിൾ ലോക്ക് ഡൌൺ നിലനിൽക്കുന്ന പൂന്തുറയിൽ ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പടർത്തിയതുപോലുള്ള ആരോപണങ്ങൾ കോവിഡിന്റെ ആദ്യ നാളുകളിൽ തൊട്ടേ പ്രതിപക്ഷത്തിനെതിരെ ഉയർന്നിരുന്നുവെന്ന കാര്യവും വിസ്മരിക്കരുത്. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് ഇന്നലെ നടന്നതുപോലുള്ള പ്രതിക്ഷേധ സമരങ്ങൾ നാടിനെ വലിയ വിപത്തിലേക്ക് നയിക്കുമെന്ന യാഥാർഥ്യത്തെ കാണാതെ പോകുന്നതും ഒട്ടും ശരിയായിരിക്കില്ല. അതേപോലെ തന്നെ കാര്യങ്ങൾ പിടിവിട്ടുപോയാൽ ജനവികാരം എതിരാകുമെന്നും വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥ ഉണ്ടാകുമെന്നതും മറക്കേണ്ട.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories