TopTop
Begin typing your search above and press return to search.

മാവോ വാദികള്‍ക്ക് മേല്‍ പി മോഹനന്‍ വക 'മാഷാ അള്ളാ' സ്റ്റിക്കര്‍

മാവോ വാദികള്‍ക്ക് മേല്‍ പി മോഹനന്‍ വക മാഷാ അള്ളാ സ്റ്റിക്കര്‍

മാവോവാദി ബന്ധം ആരോപിച്ചു പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെയുള്ള അച്ചടക്കനടപടി പിൻവലിക്കാൻ സി പി എം കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചുവെന്നുള്ള വാർത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് കേരളത്തിൽ മാവോ വാദികൾക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുസ്ലിം തീവ്ര വാദ സംഘടനയാണെന്ന ആരോപണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത് വന്നിരിക്കുന്നത്. മാവോയിസ്റ്റ്-മുസ്ലിം തീവ്രവാദ സംഘടനാ ബന്ധം പോലീസ് തന്നെ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നാണ് ഇന്നലെ കോഴിക്കോട് താമരശ്ശേരിയിൽ ഒരു പൊതുസമ്മേളനത്തിൽ മോഹനൻ ആവശ്യപ്പെട്ടത്. തന്റെ പ്രസംഗത്തിൽ എൻ ഡി എഫ് (ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന സംഘടനയുടെ പേരെടുത്തു പറഞ്ഞ മോഹനൻ മറ്റു ചില മുസ്ലിം തീവ്ര വാദ സംഘടനകളും ഇതിനു പിന്നിലുണ്ടെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മോഹനൻ ഉദ്ദേശിക്കുന്ന സംഘടനകൾ ഏതൊക്കെയാണെന്നത് ഏതാണ്ട് വ്യക്തമാണെങ്കിലും സംഘടനകളുടെ പേര് അയാൾ തന്നെയാണ് പറയേണ്ടത് എന്നതിനാൽ അവയുടെ പേരുകൾ ഇവിടെ പരാമർശിക്കുന്നില്ല. മോഹനന്റെ പുതിയ ആരോപണത്തോടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളുടെ അറസ്റ്റ് സംബന്ധിച്ച കാര്യത്തിൽ മാത്രമല്ല, അവരെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യത്തിലും അവർക്കെതിരെ ചുമത്തപ്പെട്ട യു എ പി എ യുടെ കാര്യത്തിലും സി പി എം രണ്ടു തട്ടിലാണെന്നു ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഈ കേസിന്റെ തുടക്കം മുതൽ മോഹനൻ പൊലീസിന് അനുകൂലമായ നിലാപാട് തന്നെയായിരുന്നു എടുത്തിരുന്നത് എന്നതും ശ്രദ്ധേയമാണ്. അലനും താഹക്കും നിയമ സഹായം ഉറപ്പുവരുത്തുമെന്ന് അവർ അംഗങ്ങളായ ബ്രാഞ്ച് കമ്മിറ്റി പറഞ്ഞ വേളയിൽ പോലും അതേക്കുറിച്ചു തനിക്കറിയില്ലെന്ന നിലപാടായിരുന്നു ജില്ലാ സെക്രട്ടറി മോഹനന്റേത്. തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനൊപ്പം അലനും താഹക്കുമെതിരെ പാർട്ടി എടുത്ത അച്ചടക്ക നടപടിയെ ന്യായീകരിക്കുക മാത്രമല്ല അവർക്കെതിരെ നിലപാട് കടിപ്പിക്കുക കൂടിയാണ് മോഹനൻ. അലന്റെയും താഹയുടെയും അറസ്റ്റിനു തൊട്ടു പിന്നാലെ സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും നിലവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്വീകരിച്ച നിലപാടിനും അടുത്തിടെ ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യുറോ ഇരു വിദ്യാർത്ഥികൾക്കുമെതിരെ യു എ പി എ ചുമത്തിയ വിഷയത്തിൽ സ്വീകരിച്ച നിലപാടിനും വിരുദ്ധമായ ഒരു വികാരം പാർട്ടി അണികൾക്കിടയിൽ വളർത്തിയെടുക്കാനുള്ള ഒരു ശ്രമവും മോഹനന്റെ ഇന്നലത്തെ പ്രസ്താവനയിൽ നിഴലിക്കുന്നില്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടയിലാണ് അലനും താഹയും പിടിയിലായതെന്നാണ് പോലീസ് ഭാഷ്യം. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നും അയാൾ ഓടിരക്ഷപ്പെട്ടു എന്നും പോലീസ് പറഞ്ഞിരുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമൻ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ ആണെന്ന് സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മാവോയിസ്റ്റ് - മുസ്ലിം തീവ്രവാദ സംഘടനാ ബന്ധം സംബന്ധിച്ച ആരോപണം. അറസ്റ്റിലായ രണ്ടു പേരും മുസ്ലിം നാമധാരികൾ. പിടികിട്ടാനുള്ളയാളും മുസ്ലിം. അതും വൈത്തിരിയിൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ നാട്ടുകാരൻ. ഒരു പക്ഷെ ഇതൊക്കെയാവാം പി മോഹനന്റെ മാവോയിസ്റ്റ് - മുസ്ലിം തീവ്രവാദ ബന്ധം സംബന്ധിച്ച ആരോപണത്തിന് പിന്നിലെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ കുറച്ചുകാലമായി കോഴിക്കോട്ടെ ഒരു കൂട്ടം സി പി എമ്മുകാർക്കിടയിൽ ഈ വിഷയം ഒരു ചർച്ച വിഷയം തന്നെയാണ്. മുൻ നക്സലൈറ്റ് നേതാവ് എ വാസു (ഗ്രോ വാസു) കുറേക്കാലമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പഴയ എൻ ഡി എഫ് ) യുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ ആരംഭിച്ചതാണ് ഇത്തരത്തിൽ ഒരു ആരോപണം. കോഴിക്കോട്ടെ സി പി എംകാർക്ക് മാത്രമല്ല ഗ്രോ വാസുവിന്റെ എൻ ഡി എഫ് ബന്ധത്തെക്കുറിച്ചുള്ള ഈ ആക്ഷേപം. ചില മുൻ നക്സലൈറ്റ് നേതാക്കളും ഇതേ ആക്ഷേപം കൊണ്ടുനടക്കുന്നുണ്ട്. എന്നാൽ ഈ ഒരു കാര്യം മാത്രം ചൂണ്ടിക്കാട്ടി മാവോയിസ്റ്റ് - മുസ്ലിം തീവ്രവാദ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എത്രകണ്ട് യുക്തി ഭദ്രം ആയിരിക്കും എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുന്നു. അതോടൊപ്പം തന്നെ സി പി എം നേതാക്കൾ അടക്കം അറസ്റ്റ് ചെയ്യപ്പെട്ട വടകര ഒഞ്ചിയത്തെ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തിൽ കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിൽ പതിച്ചിരുന്ന മുസ്ലിം തീവ്രവാദ സംഘടനയുടേതെന്നു സംശയിക്കപെട്ട സ്റ്റിക്കറിന്റെ കാര്യത്തിൽ സി പി എം എന്ത് പറയും എന്ന ചോദ്യവും ഉയർന്നേക്കാം.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories