TopTop
Begin typing your search above and press return to search.

ജയിച്ച പരമേശ്വരനും 'തോറ്റ' ഇ എം എസ്സും! ഓർമ്മക്കുറിപ്പുകൾ മറച്ചുപിടിക്കുന്ന രാഷ്ട്രീയം

ജയിച്ച പരമേശ്വരനും

സംഘ്പരിവാറിന്റെ കേരളത്തിലെ ഏറ്റവും ഉന്നത ബൗദ്ധിക സാന്നിധ്യമായിരുന്ന പി പരമേശ്വരന്റെ അന്ത്യവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പി പരമേശ്വരന്‍ എന്ന സംഘ്പരിവാര്‍ സൈദ്ധാന്തികന് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യവും, ചില ഇടതുപക്ഷക്കാര്‍ നടത്തിയ അനുസ്മരണവുമാണ് ചര്‍ച്ചയ്ക്ക് കാരണം. ഏത് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നാലും മരിച്ചാല്‍ നല്ലത് ഓര്‍ക്കണമെന്ന മൂല്യത്തെ പിന്‍പറ്റി ഒരു വിഭാഗം ഇതിനെയെല്ലാം ന്യായീകരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ സംഘ്പരിവാറിന് സ്വീകാര്യത നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പറയുന്നു. ഇ എം എസിനെയും പി ഗോവിന്ദപ്പിള്ളയേയും പോലുള്ളവരുമായി സംവാദങ്ങളിലേര്‍പ്പെട്ട പി പരമേശ്വരനെ അങ്ങനെ അവഗണിക്കാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു.

ഇന്നത്തെ എല്ലാ പത്രങ്ങളിലും പരമേശ്വരനെ കുറിച്ചുള്ള ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും ഉണ്ട്. മലയാള മനോരമയും മാതൃഭൂമിയും പത്രാധിപ കുറിപ്പുള്‍പ്പെടെ നിരവധി പേജുകള്‍ പരമേശ്വരന് നീക്കിവെച്ചിരിക്കുന്നു. ദേശാഭിമാനിയില്‍ റിപ്പോര്‍ട്ട് വിശദമായി തന്നെ ഉണ്ട്. മാധ്യമത്തിലാവട്ടെ, സംഘ്പരിവാറിന്റെ തീവ്ര മുഖമായ ടി ജി മോഹന്‍ദാസ് പി പരമേശ്വരനെ അനുസ്മരിക്കുകയും ചെയ്യുന്നു.
പൊതുവില്‍ ഇ എം എസ്സുമായി ബന്ധപ്പെടുത്തിയാണ് പി പരമേശ്വരൻ സംഘ്പരിവാര്‍ അല്ലാത്ത കേന്ദ്രങ്ങളില്‍ അനുസ്മരിക്കപ്പെടുന്നത്. ഇ എം എസ് സിപി എമ്മിന് എങ്ങനെയോ അതുപോലെയാണ് പി പരമേശ്വരന്‍ സംഘപരിവാറിന് എന്നും വിലയിരുത്തപ്പെടുന്നു. ഇ എം എസ്സിൻ്റെയും പരമേശ്വരൻ്റെയും രാഷ്ട്രീയത്തെ മാറ്റി നിർത്തിയെ ഇത്തരത്തിൽ ഒരു നിഗമനത്തിലെത്താൻ കഴിയു.
പ്രത്യക്ഷത്തില്‍തന്നെ ബോധ്യപ്പെടുന്ന ഒരു സംഗതി, പി പരമേശ്വരന്റെത് ഇ എം എസ്സിനെയോ അല്ലെങ്കില്‍ അദ്ദേഹം സംവാദത്തില്‍ ഏര്‍പ്പെട്ട മറ്റ് കമ്മ്യൂണിസ്റ്റുകാരെയോക്കാള്‍ വിജയിച്ച രാഷ്ട്രീയ ജീവിതമാണെന്നാണ്. ഇന്നത്തെ സാഹചര്യത്തിലെങ്കിലും അതങ്ങനെയാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കണ്ട് നേരിടണമെന്ന് എഴുതുകയും പറയുകയും അതിനായി എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്ത എം എസ് ഗോള്‍വള്‍ക്കറിന്റെ നിലപാടുകളില്‍ ആകൃഷ്ടനായാണ് പി പരമേശ്വരന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിലെത്തുന്നതും അതിന്റെ മുഖ്യ പ്രയോക്താവാകുന്നതും. ഗോള്‍വള്‍ക്കര്‍ മുതല്‍ ഇപ്പോള്‍ മോദിയിലും അമിത് ഷായിലും ആദിത്യനാഥിലും ശശികലയിലും എത്തിയ ഹിന്ദുത്വ രാഷട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനമായിരുന്നു. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങുന്നതിനേക്കാള്‍ പതിന്മടങ്ങ് സ്വാധീനം അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് ഇന്നുണ്ട്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെത് വിജയിച്ച ഒരു രാഷട്രീയ ജീവിതമായിരുന്നു. അദ്ദേഹം നേരിട്ടുവെന്ന് പറഞ്ഞ ഇ എം എസ്സിന്റെയും പി ഗോവിന്ദപ്പിള്ളയുടെയും രാഷ്ട്രീയ ജീവിതത്തെക്കാള്‍ വിജയമായിരുന്നു അത്.
അത് മാത്രമല്ല, ഹിന്ദുത്വം എന്ന ആശയത്തെ സാധ്യമായിടത്തോളം ഉള്‍കൊള്ളാനുളള ഒരു നിലയിലേക്ക് കേരളത്തിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലും എത്തിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം കൈവരിച്ച നേട്ടം. ഇന്ത്യയുടെ പുരാണങ്ങളില്‍ വിപ്ലവത്തിന്റെ അംശം ഒളിഞ്ഞുകിടപ്പുണ്ടോ എന്ന അന്വേഷണത്തിലേക്ക് മാര്‍ക്‌സിസ്റ്റുകരില്‍ ചിലര്‍ കൂടുതല്‍ സമയം വിനിയോഗിച്ചുവെന്നതില്‍ തുടങ്ങി, ശ്രീകൃഷ്ണ ജയന്തി പാര്‍ട്ടി നേതൃത്വത്തില്‍ ആഘോഷിക്കുന്നതിലേക്ക് വരെ എത്തിയെന്നത് പി പരമേശ്വരന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിജയമാണ്. സ്വാംശീകരിച്ച് ഹിന്ദുത്വത്തെ ഇല്ലാതാക്കാമെന്ന അവിവേകത്തിലേക്ക് മുഖ്യധാര കമ്മ്യൂണിസ്റ്റുകളെ തള്ളിവിട്ടതില്‍ വലിയ പങ്ക് ഇപ്പോള്‍ വാഴ്തപെടുന്ന ബൗദ്ധിക സംവാദങ്ങള്‍ക്കും ഉണ്ടാകണം! വിവേകാനന്ദനെയൊക്കെ ഏകപക്ഷീയമായി ഉള്‍ക്കൊള്ളാനുള്ള ആഹ്വാനങ്ങള്‍ ഇപ്പോള്‍ മുഴക്കുന്നത് സംഘ് കേന്ദ്രങ്ങള്‍ മാത്രമല്ല, മറിച്ച് മുഖ്യധാര കമ്മ്യൂണിസ്റ്റുകളുമാണ്. പി പരമേശ്വരനുമായി നടത്തിയ സംവാദം വികസിച്ചെത്തിയത് അവിടെയാണ്. അല്ലാതെ പരമേശ്വരന് പ്രത്യേകിച്ചൊന്നും പറ്റിയില്ല. അദ്ദേഹത്തിന്റെ ചിന്തകള്‍ വിജയത്തിലേക്ക് അടുക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നവരാണ് മോദിയും അമിത്ഷായും, ശശികലയും പ്രതീഷ് വിശ്വനാഥനും. അവര്‍ രംഗം കൈയടക്കിയതില്‍ ഹിന്ദുത്വത്തിന് ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയെന്ന നിലയില്‍ പരമേശ്വരന്‍ സ്വാഭാവികമായും സന്തോഷിച്ചിട്ടുണ്ടാവും. കാരണം അവര്‍ ആവിഷ്‌ക്കരിക്കുന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം. ഹിന്ദുത്വത്തിന് ഒരു രീതി മാത്രമെ ഉള്ളൂ. അതാണ് ഇപ്പോള്‍ മേല്‍ സൂചിപ്പിച്ചവര്‍ തെരുവുകളില്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് അവര്‍ പത്മശ്രീയും പത്മവിഭൂഷണും കൊണ്ട് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരമേശ്വരന്റെ ചിന്ത ഇന്ത്യന്‍ ചിന്തയാണെന്ന് സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും മാര്‍കിസ്റ്റുകളില്‍ ചിലര്‍ ആ ചിന്തയെ മുറുകെപിടിക്കുന്നുമുണ്ട്.
എന്നാല്‍ അദ്ദേഹവുമായി സംവദിച്ച ഇ എം എസ്സിന്റെതുള്‍പ്പെടെയുള്ളവരുടെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമകാലികാവസ്ഥയെ അവരുടെ പ്രവര്‍ത്തനത്തിന്റെ വിജയമായി കാണാന്‍ കഴിയില്ല. കാരണം ഈ സംവാദങ്ങള്‍ക്കെല്ലാം ശേഷം മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഹിന്ദുത്വത്തിന് മുന്നില്‍ വിതുമ്പി, വെപ്രാളപ്പെട്ടുനില്‍ക്കുന്ന കാഴ്ചയാണ് സത്യസന്ധമായി നോക്കുമ്പോള്‍ കാണാന്‍ കഴിയുക. ശബരിമലയൊക്കെ ഇതിൻ്റെ ഉദാഹരണങ്ങൾ മാത്രം.ശ്രീകൃഷ്ണ ജയന്തിയും ഗണേഷ ചുതുർത്ഥിയും ആഘോഷിക്കുന്നതിലേക്കാണ് ഹിന്ദുത്വവുമായുള്ള സംവാദത്തിനും ഇടപെടലിനും ശേഷം മുഖ്യധാര കമ്മ്യൂണിസ്റ്റുകൾ എത്തിയത്. അതുകൊണ്ട് വിജയിച്ചത് പരമേശ്വരന്‍ തന്നെയാണ്. ചുരുങ്ങിയത് ഇക്കാലത്തെങ്കിലും.
വിജയമെന്നത് പക്ഷേ നീതിയുടെ, മാനവികതയുടെ പക്ഷത്തായിരുന്നില്ല, പലപ്പോഴും. വിജയത്തെ നീതിയുടെ അളവുകോലായി കണക്കാക്കേണ്ടതുമില്ല. പക്ഷെ ഇത്തരം രാഷ്ട്രീയ നിലപാടുകൾ കക്ഷി രാഷ്ട്രീയത്തിന്റെ പരിഗണനയില്‍ പെടുന്ന കാര്യമല്ല.
മറ്റൊരു കാര്യം പി പരമേശ്വരനെ പോലെ തന്റെ ജീവിതം അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി മാറ്റിവെച്ച ഒരാളെ മരണാനന്തരം എങ്ങനെ അടയാളപ്പെടുത്തുമെന്നാണ്. കമ്മ്യൂണിസ്റ്റുകാരുമായി സംവദിച്ചിരുന്നു, എന്നതിന്റെ അര്‍ത്ഥം അദ്ദേഹം തന്റെ ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നു എന്നല്ല. അദ്ദേഹത്തിന്റെ കൂടി നിതാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നാട്ടിലെ കോടിക്കണക്കായ മുസ്ലീം ജനങ്ങള്‍ക്ക് ഇന്ന് ഭീതിയോടെ കഴിയേണ്ടിവരുന്നത്. തലമുറകളായി ഇവിടെ ജീവിച്ചവരുടെ പൌരത്വം സംശയിക്കപ്പെടുന്നത്. അദ്ദേഹവും കൂടി സജീവമായി നടത്തിയ ഇടപെടൽ കാരണമാണ് ഡിറ്റൻഷ്യൻ ക്യാമ്പുകൾ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ കൂടി രാഷട്രീയ ചിന്തകള്‍ വിജയിച്ചതിന്റെ ഫലമായാണ് ദളിതര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കപ്പെടുന്നത്. കാരണം ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ആവിഷ്‌ക്കാരങ്ങള്‍ ആണ് ഇതെല്ലാം. പുണ്യഭൂമിയും പിതൃഭൂമിയും ഇന്ത്യയല്ലാത്തവർ വിദേശികളാണെന്ന് പറഞ്ഞത് പരമേശ്വരൻ പ്രചരിപ്പിച്ച ഹിന്ദുത്വ ആശയമാണ്. ഇങ്ങനെ തന്നെയാണ് ഹിന്ദു ഉണരുകയെന്ന് പരമേശ്വരന്റെ ആത്മീയാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ എഴുതുന്നുണ്ട്. വലിയ വിഭാഗം ജനത രണ്ടാം തരം പൗരന്മാരാക്കപ്പെടുകയെന്നതിന്റെ മുന്നോടിയാണ് ഇത്. ഗോള്‍വാള്‍ക്കര്‍ വിജയിക്കുമ്പോള്‍, ഹിന്ദുത്വം ന്യൂനപക്ഷ ജീവിതങ്ങളെ ഭീതിയിലേക്ക് തളളിയിടുമ്പോള്‍ പരമേശ്വരന്‍ ജീവിത കാലം മുഴുവന്‍ പ്രചരിപ്പിച്ച രാഷ്ട്രീയ പദ്ധതികളാണ് വിജയിക്കുന്നുവെന്നങ്കിലും കാണാനുള്ള സത്യസന്ധത വ്യക്തി മേന്മ എഴുതുന്നവർ കാണിക്കേണ്ടതാണ്.
അദ്ദേഹത്തെ പോലൊരാള്‍ മരിക്കുമ്പോള്‍, ആ ജീവിതത്തെ രാഷട്രീയത്തില്‍നിന്ന് വേര്‍പെടുത്തി അവതരിപ്പിക്കുന്നതാണ് കാപട്യം. അദ്ദേഹം സംവദിച്ചിരുന്നുവെന്ന് പറയുന്നതാണ് കാപട്യം. ആ സംവാദം അവശേഷിപ്പിച്ചതെന്താണ്? പരമേശ്വരന് എന്തെങ്കിലും മാറ്റമുണ്ടായോ.? സൗമ്യമായി അവതരിപ്പിച്ചിക്കുന്നുവെന്നത് അക്രമോല്‍സുകമായ പ്രത്യയശാസ്ത്രത്തിന്റെ പ്രഹരശേഷി കുറയ്ക്കില്ല. ജീവിക്കുമ്പോഴും മരിച്ചപ്പോഴും സംഘ്പരിവാര്‍ സൈദ്ധാന്തികനായി കണ്ടുകൊണ്ടല്ലാതെ പരമേശ്വരനെ പോലെ ഉന്നതനായ ഹിന്ദുത്വ ബുദ്ധിജീവിയെ സമീപിക്കുന്നത് ശരിയല്ല. ആ നീതിയാണ് അയാളോട് കേരളത്തിലെ നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന, കുറച്ചൂകൂടി സമത്വ ലോകത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ കാണിക്കേണ്ടിയിരുന്നത്. അല്ലാതെ അയാള്‍ സംഘ്പരിവാറാണെങ്കിലും ബുദ്ധിജിവിയായിരുന്നുവെന്ന മട്ടിലുള്ള അശ്ലീലമായ ഓര്‍മക്കുറിപ്പുകള്‍ എഴുതുകയായിരുന്നില്ല. അതുപോലും അദ്ദേഹം രാഷ്ട്രീയമായി തങ്ങളെ കീഴടക്കി എന്ന് പറയുന്നതിന് തുല്യമാണ്. ഇന്ന് ഹിന്ദുത്വം തിമിര്‍ത്താടുമ്പോള്‍ അതിന് ആ ശേഷി പകര്‍ന്നതില്‍ പരമേശ്വരന്റെ ജീവിതമുണ്ട്. അതാണ് ആ സംഘ്പരിവാറുകാരന്റെ ജീവിത വിജയം. മരിക്കുന്നതിലൂടെ ഒരു രാഷ്ട്രീയവും റദ്ദാക്കപ്പെടില്ല, തീർച്ചയായും വിശുദ്ധമാക്കപ്പെടുകയുമില്ല.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories