TopTop
Begin typing your search above and press return to search.

ജോസഫ് മാത്രമല്ല കോണ്‍ഗ്രസ്സിന് തലവേദനയായി അണിയറയില്‍ മറ്റൊന്നുകൂടി പുകയുന്നുണ്ട്

ജോസഫ് മാത്രമല്ല കോണ്‍ഗ്രസ്സിന് തലവേദനയായി അണിയറയില്‍ മറ്റൊന്നുകൂടി പുകയുന്നുണ്ട്

കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നാല് വര്‍ഷം തികച്ചു അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത് തികച്ചും സ്വാഭാവികം. സത്യത്തിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നാല് വർഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തുടങ്ങിയിടത്തു നിന്നു തന്നെ അത്തരത്തിലുള്ള ഒരു ചർച്ചക്ക് തുടക്കമായി എന്നു തന്നെ പറയാം. തുടർ പ്രളയങ്ങളിലും നിപ, കോവിഡ് തുടങ്ങിയ മഹാമാരികൾക്കിടയിലും കാലിടറാതെ പിടിച്ചു നിന്നു പരമാവധി വികസനം സാധ്യമാക്കി എന്നു മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോൾ 'പരാജയപ്പെട്ട ഭരണം' എന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തിരിച്ചടിച്ചത്. തൊട്ടു പിന്നാലെ തന്നെ അധികം വൈകാതെ തന്നെ യു ഡി എഫിന്റെ അടിത്തറ ഇളക്കികൊണ്ടു ചില ഘടക കക്ഷികൾ എൽ ഡി എഫിലേക്കു വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടു കൂടി ചർച്ചകൾക്ക് ഗതിവേഗം കൈവന്നിരിക്കുന്നു.

കോടിയേരി പ്രധാനമായും ഉദ്ദേശിക്കുന്നത് കേരള കോൺഗ്രസ് എമ്മിലെ പി ജെ ജോസഫ് - ജോസ് കെ മാണി പോര് മൂർച്ഛിപ്പിക്കുക എന്നതാണ്. പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ ഇരുവിഭാഗവും തമ്മിൽ ആരംഭിച്ച പോര് ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈമാറ്റത്തിൽ എത്തിനിൽക്കുകയാണ്. മുൻ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നു രമേശ് ചെന്നിത്തല അംഗീകരിക്കുന്നുണ്ടെങ്കിലും ജോസ് കെ മാണി പക്ഷക്കാരനായ പ്രസിഡന്റിനെ മാറ്റി തന്റെ നോമിനിയെ പ്രസിഡണ്ട് ആക്കുന്ന കാര്യത്തിൽ യു ഡി എഫിൽ നിന്നും ഒരു നീക്കവും നടക്കുന്നില്ല എന്ന ആക്ഷേപമാണ് പി ജെ ജോസഫിനുള്ളത്. കോടിയേരിയുടെ പ്രസ്താവനക്ക് പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ചു ഒരു തീരുമാനത്തിലെത്താതെ മുന്നണിയിൽ തുടരാനാവില്ലെന്നു പി ജെ ജോസഫ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. തന്നെയുമല്ല അനുകൂല തീരുമാനം വരുന്നതുവരെ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും പി ജെ പ്രഖ്യാപിച്ചിട്ടുണ്ട്. പി ജെയുടെ കടുംപിടുത്തം യു ഡി എഫിന് വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. സത്യത്തിൽ കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് യു ഡി എഫ് നേതൃത്വം. എങ്കിലും രണ്ടിലൊന്ന് തീരുമാനിച്ചില്ലെങ്കിൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. പക്ഷെ അപ്പോഴും ഒരു വലിയ പ്രശ്നം യു ഡി എഫ് നേതൃത്വത്തെ അലട്ടുന്നു. അത് ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ആർക്കൊപ്പം നിൽക്കും എന്നത് തന്നെയാണ്. ജോസഫിനും ജോസിനും ഇടയിൽ നിലവിൽ രമ്യതയുടെ സാഹചര്യങ്ങളൊന്നും നിലനിൽക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ സാധ്യത തേടാമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തെ പിണക്കാതെ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു ഒരു തീരുമാനവും എടുക്കാനാവില്ല. തീരുമാനം പി ജെ ജോസഫിന് അനുകൂലമെങ്കിൽ ജോസ് വിഭാഗം എൽ ഡി എഫിനൊപ്പം ചേരും തീരുമാനം മറിച്ചായാൽ പി ജെ യും കൂട്ടരും മറുകണ്ടം ചാടും. എല്ലാം കേവലം പി ജെ ജോസഫിന്റെ സമ്മർദ്ദ തന്ത്രം എന്നു കരുതി ഒന്നും ചെയ്യാതെ ഇരിക്കാനും ആവില്ല. ഇതാണ് നിലവിൽ യു ഡി എഫ് നേരിടുന്ന പ്രതിസന്ധി. യു ഡി എഫ് നിലവിൽ അഭുമുഖീകരിക്കുന്ന ഈ പ്രതിസന്ധിയിലാണ് ഇടത് മുന്നണി, പ്രത്യേകിച്ചും സി പി എം കണ്ണുവെച്ചിട്ടുള്ളത്. ലോക് ഡൌൺ പിൻവലിച്ചു കഴിഞ്ഞാൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുമെന്നതിനാൽ കേരള കോൺഗ്രസ് എമ്മിലെ പോര് എങ്ങനെ തങ്ങൾക്കു അനുകൂലമാക്കാൻ കഴിയും എന്ന അന്വേഷണത്തിലാണ് സി പി എം. കോടിയേരി ബാലകൃഷ്ണൻ ഇന്നലെ ഇക്കാര്യം ഏറെക്കുറെ വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. കോടിയേരി പരസ്യമാക്കിയില്ലെങ്കിലും യു ഡി എഫിനെ പിടിച്ചുലക്കാൻ പോന്ന മറ്റു ചിലതുകൂടി അണിയറയിൽ സംഭവിക്കുന്നുണ്ട്. യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പുകയുന്ന അമർഷം തന്നെയാണത്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലടക്കം കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള നിലപാടിനോട് മുസ്ലിം ലീഗിന് മൊത്തത്തിൽ പൂർണ യോജിപ്പില്ല. എം കെ മുനീറിനെയും കെ എം ഷാജിയേയും പോലെ ചുരുക്കം ചിലർ മാത്രമാണ് കോൺഗ്രസ് നിലപാടിന് സമ്പൂർണ പിന്തുണ നൽകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡന്റും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായുള്ള നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു രണ്ടാം ഭരണം സാധ്യമാക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്ന പിണറായി വിജയനെ വരുന്ന നിയമ സഭ തിരെഞ്ഞെടുപ്പിൽ തളക്കാനാവുമോ എന്ന ആശങ്കയും ചില ലീഗ് നേതാക്കൾക്കുണ്ട് . ഒരർത്ഥത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേരള കോൺഗ്രസ് എമ്മിലെ പോരുപോലെ തന്നെ അല്ലെങ്കിൽ അതിലുമേറെ തലവേദന സൃഷ്ട്ടിക്കാൻ പോന്ന ഒന്നു തന്നെയാണിതും.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories