TopTop
Begin typing your search above and press return to search.

അവരുടെ ജീവിതം എന്തായിരുന്നുവെന്ന് പറയാന്‍ ഇനി ആ ലയങ്ങള്‍ പോലുമില്ല; 'പെമ്പുള ഒരുമൈ സമരം' ആരംഭിച്ച പെട്ടിമുടിയിലെ ജീവിതം

അവരുടെ ജീവിതം എന്തായിരുന്നുവെന്ന് പറയാന്‍ ഇനി ആ ലയങ്ങള്‍ പോലുമില്ല; പെമ്പുള ഒരുമൈ സമരം ആരംഭിച്ച പെട്ടിമുടിയിലെ ജീവിതം

ആ ലയങ്ങളില്‍ ആകെയുണ്ടായിരുന്ന ആഡംബരം ഒരു ടെലിവിഷന്‍ സെറ്റും സണ്‍ ഡയറക്ട് കണക്ഷനും ആയിരുന്നു. മറ്റൊന്നിനോടും അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല, സ്വന്തം മക്കളെ വിദ്യാഭ്യാസത്തിന് അയക്കാന്‍ പോലും വഴിയില്ലാത്തവര്‍ക്ക്, സ്വന്തമായി ഒരു ഇഞ്ച് പോലും ഭൂമിയില്ലാത്തവര്‍ക്ക്, തങ്ങളുടേതെന്നു പറയാന്‍ ഒരു വീട് ഒരിക്കലുമുണ്ടാകില്ലെന്നറിയാവുന്നവര്‍ക്ക്, തേയിലത്തോട്ടങ്ങളില്‍ പകലന്തിയോളം പണിയെടുത്താലും ഇപ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയില്‍ നിന്നും ഒരു രൂപപോലും ഇനിയും കൂടില്ലെന്നറിയാവുന്നവര്‍ക്ക്, കുടുബം പട്ടിണിയാകാതിരിക്കാന്‍ ദുര്‍ഘടപാതകളിലെ അപകടം കണ്ടില്ലെന്നു നടിച്ചു വളയം തിരിച്ചാലെ കഴിയൂ എന്നറിയുന്നവര്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ? അങ്ങനെയുള്ള കുറേ മനുഷ്യരാണ് കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടി അവസാനിച്ചത്. ഇടുക്കി രാജമലയ്ക്കടുത്ത് പെട്ടിമുടിയിലുണ്ടായ പ്രകൃതി ദുരന്തത്തിലെ ഇരകള്‍, അവരുടെ ജീവിതാവസാനം വരെ ഇരകള്‍ തന്നെയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളായി വന്നവരാണ് പെട്ടിമുടിയിലെ ജനങ്ങള്‍. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലെ ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളില്‍ അവര്‍ തലമുറകളായി ജീവിക്കുന്നു. തമിഴ് ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് അവരില്‍ ഭൂരിപക്ഷവും. തങ്ങള്‍ തമിഴരോ മലയാളികളോ എന്നവര്‍ക്കറിയില്ല. സംസാരിക്കുന്ന ഭാഷ തമിഴായതുകൊണ്ട് മലയാളിക്ക് അവരെന്നും തമിഴന്മാരാണ്. അന്യനാട്ടുകാരാണ്. എന്നാല്‍ പെട്ടിമുടിക്കാര്‍ക്ക് ഈ അപരത്വത്തെക്കുറിച്ച്
റയൊന്നും അറിയില്ലായിരുന്നു. അവര്‍ക്ക് ആകെ പറയാനുണ്ടായിരുന്നത് ജീവിതത്തെക്കുറിച്ച് മാത്രമായിരുന്നു. അതിന്റെ കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു. അവരൊന്നും പറഞ്ഞില്ലെങ്കില്‍ തന്നെ ആ ലയങ്ങള്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചിരുന്നു. ഇനിയിപ്പോള്‍ അവരുടെ ജീവിതം എന്തായിരുന്നുവെന്ന് പറയാന്‍ ആ ലയങ്ങള്‍ പോലുമില്ല.

വെള്ളിയാഴ്ച്ച വരെ പെട്ടിമുടിക്കാര്‍ കാന്റീന്‍ എന്നു വിളിക്കുന്ന ചെറിയൊരു ചായക്കടയുണ്ടായിരുന്നു. തൊഴിലാളികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന ആ കടയുടെ മുന്നില്‍ ചളിയും മണ്ണും പുതഞ്ഞ ജീപ്പുകള്‍ നിരന്നു കിടക്കുന്നുണ്ടാകും. ഉപയോഗശൂന്യമായവയെന്ന് തോന്നുന്ന ആ ജീപ്പുകള്‍ പെട്ടിമുടിക്കാരുടെ ജീവിതത്തിന്റെ പ്രതീകങ്ങളായിരുന്നു. മൂന്നാറില്‍ നിന്നും ഇടമലക്കുടി പഞ്ചായത്തിലേക്ക് പോകാന്‍ വരുന്നവര്‍ക്ക് അവരുടടെ വാഹനത്തില്‍ എത്താന്‍ കഴിയുക പെട്ടിമുടിവരെയാണ്. അവിടന്നങ്ങോട്ട് പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഇടമലക്കുടിയിലേക്ക് പോകണമെങ്കില്‍ പെട്ടിമുടിയില്‍ നിന്നും ജീപ്പ് ഉപയോഗിക്കണം. തീര്‍ത്തും ദുര്‍ഘടം പിടിച്ച പാത. ഓഫ് റോഡ് ഡ്രൈവിംഗ് മത്രം സാധ്യമാകുന്ന ആ യാത്ര ശരിക്കും ജീവന്‍ കൈയില്‍ പിടിച്ചുള്ളതാണ്. പക്ഷേ, പെട്ടിമുടിയിലെ മീശമുളയ്ക്കാത്ത പയ്യന്മാര്‍ വരെ വളരെ മികവോടെ ആ ജീപ്പുകള്‍ ഓടിക്കും. കാരണം, അതവരുടെ ജീവിതമാണ്. ഒരിക്കല്‍ പോലും അവരുടെ കൈകള്‍ പിഴയ്ക്കില്ല. പഠിച്ച് നല്ല ജോലി നേടണമെന്ന ആഗ്ര
മില്ലാത്തവരായിരുന്നില്ല പെട്ടിമുടിയിലെ കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ക്കും തങ്ങള്‍ക്ക് കിട്ടിയ ജീവിതം മക്കള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചവരായിരുന്നു. പക്ഷേ, അവരെ വെറും തൊഴിലാളികളായി മാത്രം കണ്ടവര്‍ക്ക്, മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പെട്ടിമുടിയിലെ തമിഴ് ജനതയുടെ ജീവിതത്തെക്കുറിച്ച് വലിയ താത്പര്യമൊന്നും ഉണ്ടാകാതെപോയതോടെയാണ് ഒന്നുകില്‍ തോട്ടത്തിലേക്ക് അല്ലെങ്കില്‍ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അവര്‍ക്ക് ചെല്ലേണ്ടി വന്നത്.


സാമൂഹ്യ പ്രവര്‍ത്തകയും ഇടമലക്കുടി കേന്ദ്രീകരിച്ച് ബാലാവകാശ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്ന ശാലിനിയുടെ ഓര്‍മകളില്‍, ഒരിക്കല്‍ ഇടമലക്കുടിയിലേക്കുള്ള യാത്രയില്‍ ജീപ്പ് ഓടിച്ചിരുന്ന പേര് മറന്നുപോയ ഒരു കൗമാരക്കാരന്റെ വാക്കുകള്‍ ഇപ്പോഴുമുണ്ട്. ഇത്ര വൈദഗ്ധ്യത്തോടെ വണ്ടിയോടിക്കുന്ന നിനക്ക് തിരുവനന്തപുരത്തോ കൊച്ചിയിലോ ഒരു ഡ്രൈവറുടെ ജോലി വാങ്ങിത്തരട്ടെ എന്നു ചോദിച്ചപ്പോള്‍,അവന്റെ മറുപടി, എനിക്ക് നേരായ റോഡിലൂടെ വണ്ടിയോടിക്കാന്‍ അറിയില്ല എന്നായിരുന്നു. ആ വാക്കുകളില്‍ പെട്ടിമു
ടിക്കാരുടെ ജീവിതാവസ്ഥ വളരെ വ്യക്തമാണെന്നാണ് ശാലിനി പറയുന്നത്. ആ പാതകളും അതിലൂടെയുള്ള വിഷമം പിടിച്ച ഡ്രൈവിംഗും പോലെയാണ് എന്നും പെട്ടിമുടിക്കാരുടെ ജീവിതമെന്നാണ് തനിക്ക് അറിയാവുന്ന അനുഭവങ്ങളില്‍ നിന്നുകൊണ്ട് ആ മനുഷ്യരെക്കുറിച്ച് ശാലിനി പറയുന്നത്.

ഇന്ത്യ ശ്രദ്ധിച്ച പെമ്പുള ഒരുമൈ സമരം ആരംഭിക്കുന്നതും പെട്ടിമുടിയില്‍ നിന്നായിരുന്നു. പകലന്തിയോളം തേയിലത്തോട്ടങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്താലും കിട്ടുന്നത് തുച്ഛമായ കൂലിയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അതുകൊണ്ടവര്‍ക്കായിരുന്നില്ല. പെട്ടിമുടിയിലെ സ്ത്രീകളെല്ലാം തേയിലത്തോട്ടങ്ങളിലെ ജോലിക്കാരാണ്. രാവിലെ ആറുമണിക്കു മുന്നേ തോട്ടത്തില്‍ എത്തണം. വൈകിയാല്‍ അന്ന് ജോലിയില്ല. വീട്ടിലെക്കാര്യവും കുട്ടികളുടെ കാര്യവുമെല്ലാം നോക്കിയിട്ടു
വേണം അവര്‍ക്ക് ജോലിക്കിറങ്ങാന്‍. ഇരുള്‍വീഴും വരെ തോട്ടത്തിലെ ജോലിയുണ്ടാകും. ഇത്രയും കഷ്ടപ്പെട്ടാലും കൂലിയില്ലാതെ വന്നതോടെയാണ് സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. പക്ഷേ ഇന്നും പെട്ടിമുടിയിലെ തോട്ടം തൊഴിലാളിയുടെ കൂലി 321 രൂപയാണ്. പത്തുമണിക്കൂറിലേറെ ജോലി ചെയ്താല്‍ കിട്ടുന്ന കൂലി! തോട്ടത്തിലെ പണികൊണ്ട് ജവിതം മുന്നോട്ടു പോകില്ലെന്നു മനസിലായതോടെയാണ് പുരുഷന്മാര്‍ ഡ്രൈവിംഗ് ജോലിയിലേക്ക് മാറുന്നത്. വല്ലപ്പോഴും കിട്ടുന്ന ഓട്ടം, അതും അപകടം മുന്നില്‍ കണ്ടുള്ള യാത്ര. അപകടങ്ങളും അടിമത്വവും നിറഞ്ഞ പെട്ടിമുടിക്കാരുടെ ജീവിതത്തിനുമേലാണ് പ്രകൃതിയും ദുരന്തം വിതച്ചത്. ഒരുപക്ഷേ, ഈയൊരു ദുരന്തത്തിലൂടെയായിരിക്കും കേരളം പെട്ടിമുട്ടിക്കാരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് കുറച്ചെങ്കിലും തിരിച്ചറിയുന്നത്.

പെട്ടിമുടിക്കാര്‍ക്ക് ഒരു ആശുപത്രിയില്ല, സ്‌കൂള്‍ ഇല്ല. 25 ഓളം കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറിലെത്തണം അവര്‍ക്ക് ഇതിനൊക്കെ. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം ഒന്നാമതാണെന്നു ഭരണാധികാരികള്‍ പറയുമ്പോള്‍ ഇങ്ങനെയൊരു ഇടം കേരളത്തിലുണ്ടെന്നും ഇത്തരം കുറെ മനുഷ്യര്‍ ഉണ്ടെന്നും അവര്‍ പരിഗണിക്കുന്നേയില്ല. പെട്ടിമുടിയിലെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി മൂന്നാറില്‍ എത്തണം. അതുകൊണ്ട് മാത്രം വിദ്യാഭ്യാസം വേണ്ടെന്നു വയ്ക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ പെട്ടിമുടി
യിലുണ്ട്. നിലവില്‍ സര്‍ക്കാര്‍ വക ഒരു എല്‍ പി സ്‌കൂള്‍ പോലും പെട്ടിമുടിയില്‍ ഇല്ലെന്നറിയുമ്പോഴാണ് ആ മനുഷ്യരോട് ഭരണകൂടം എത്രമാത്രം വിവേചനം കാണിക്കുന്നുണ്ടെന്ന് മനസിലാകുന്നത്. സ്വന്തമായി ഭൂമിയെന്നതിനെക്കുറിച്ച് പെട്ടിമുടിക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നേയില്ല. കൂലിയില്ലെങ്കിലും തോട്ടം പണിക്കവര്‍ പോകുന്നത്, കയറിക്കിടക്കാന്‍ ഇടിഞ്ഞു വീഴാറായതാണെങ്കിലും ലയത്തിലെ ഒരു മുറി കിട്ടുമല്ലോയെന്നതുകൊണ്ടു മാത്രമാണ്. ടാറ്റയുടെ തോട്ടങ്ങളും റിസര്‍വ് ഫോറസ്റ്റും നിറഞ്ഞു നില്‍ക്കുന്നിടത്ത് അവര്‍ക്ക് എവിടെ ഭൂമി കിട്ടാനാണ്? ആര് കൊടുക്കാനാണ്? തോട്ടത്തില്‍ നിന്നും അളന്ന് മുറിച്ചു കൊടുക്കുന്ന വിറക് മാത്രമാണ് പെട്ടിമുടിക്കാര്‍ക്ക് കിട്ടുന്ന 'അവകാശം'. അതിനപ്പുറം മറ്റൊരു അവകാശവും ജീവിതത്തില്‍ ഇല്ലായിരുന്ന മനുഷ്യരില്‍ കുറച്ചുപേരാണ് ദാരുണമായി ഇല്ലാതായത്.

പെട്ടിമുടിയിലെ ദുരന്തം ആഘാതം വിതച്ച മറ്റൊരു കൂട്ടരുമുണ്ട്; ഇടമലക്കുടിക്കാര്‍. ഇടമലക്കുടി പഞ്ചായത്ത് ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രകൃതി പതിയെ ശാന്തമായി വരുന്നത് മാത്രമാണ് ഇപ്പോഴുള്ള ആശ്വാസം. കഴിഞ്ഞ ദിവസത്തെപ്പോലെ മഴയും കാറ്റും ശക്തമാവുകയാണെങ്കില്‍ ഇടമലക്കുടിയുടെ അവസ്ഥ ഭയാനകമാകും. കാരണം, ഇടമലക്കുടി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പുറം ലോകത്തേക്കുള്ള പ്രധാന വഴി പെട്ടിമുടിയാണ്. പെട്ടിമുടിയല്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതോടെ പുറത്തേക്കിറങ്ങാനുള്ള ഇടമലക്കുടിക്കാരുടെ വഴിയടഞ്ഞിരിക്കുകയാണ്. മൂന്നാറില്‍ നിന്നും രാജമലയെത്തി അവിടെ നിന്നും പെട്ടിമുടി വഴിയാണ് ഇടമലക്കുടിയിലേക്ക് പോകുന്നത്. പെട്ടിമുടി അടഞ്ഞാല്‍ പിന്നെയുള്ള മാര്‍ഗം ആനക്കുളം മാങ്കുളത്തെത്തുകയെന്നതാണ്. പക്ഷേ, അത് കാട്ടിലൂടെയുള്ള യാത്രയാണ്. അപകടം പിടിച്ച വഴി. അതുമാത്രമല്ല,ഒരു സെറ്റില്‍മെന്റുകാര്‍ക്ക് മാത്രമാണ് ആ വഴി ഉപയോഗിക്കാന്‍ കഴിയുന്നത്. ഇടമലക്കുടിയിലെ ബാക്കി സെറ്റില്‍മെന്റുകാര്‍ക്ക് മാങ്കുളം വഴി പുറത്തേക്കിറങ്ങുകയെന്നത് അസാധ്യമാണ്. മുതിരപ്പുഴയാറില്‍ വെള്ളം പൊങ്ങിയാല്‍ മാങ്കുളവുമായുള്ള ബന്ധവും ഇടമലക്കുടിക്കാര്‍ക്ക് നഷ്ടമാകും. മറ്റൊന്നു മുളകുതറ വഴി ആളിയാറിലെത്തി തമിഴ്‌നാട്ടിലേക്ക് പോവുകയെന്നതാണ്. അതും ദുഷ്‌കരമായ പാത, വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഏതുസമയവും പ്രതീക്ഷിക്കാവുന്ന വഴി. മാത്രമല്ല കാട്ടിലൂടെ വേണ്ടി വരുന്ന യാത്രയും. ഭീതിയില്ലാതെ പുറം ലോകത്തെത്താന്‍ ഇടമലക്കുടിക്കാര്‍ക്ക് സാധിക്കുന്ന ഒരേയൊരു മാര്‍ഗമായിരുന്നു പെട്ടിമുടി വഴി മൂന്നാറിലെത്തുകയെന്നത്. അതാണിപ്പോള്‍ അവര്‍ക്ക് മുന്നില്‍ അടഞ്ഞുപോയത്. മാത്രമല്ല, ഇടമലുക്കിടിയിലേക്കുള്ള റേഷന്‍ സാധനങ്ങള്‍ സംഭരിച്ചു വയ്ക്കുന്നതും പെട്ടിമുടിയിലാണ്. അവിടെ നിന്നും സാധനങ്ങള്‍ കൊണ്ടുവരാന്‍ കാലതാമസം വരികയാണെങ്കില്‍ ഇടമലക്കുടിയില്‍ ഭക്ഷ്യക്ഷാമവും ഉണ്ടാകും.


Next Story

Related Stories