TopTop

ഇക്കാലവും കടന്നുപോകും, പിന്നെ വരുന്നതെന്താവും? കൊറോണാനന്തര ലോകം വലതുപക്ഷം ചേർന്ന് നടന്ന് ജനാധിപത്യത്തെ അകറ്റുമോ?

ഇക്കാലവും കടന്നുപോകും, പിന്നെ വരുന്നതെന്താവും? കൊറോണാനന്തര ലോകം വലതുപക്ഷം ചേർന്ന് നടന്ന്   ജനാധിപത്യത്തെ  അകറ്റുമോ?

ലോകത്ത് ആകെയുണ്ടെന്ന് കണക്കാക്കിയിട്ടുള്ള രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഇനി കൊറോണ വൈറസ് എത്താനുള്ളത്. ലോകത്തുള്ള സകലമാന ജനങ്ങളുടെയും ആശങ്കയായി മാറിയിരിക്കുന്നു ഈ വൈറസ്. അമേരിക്കയും ചൈനയും, ഇന്ത്യയും പാകിസ്താനും, ഇറാനും ഇസ്രയേലും എന്നു തുടങ്ങി ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ഏക വിഷയത്തിലേക്ക് തളച്ചിരിക്കുന്നു കൊറോണ വൈറസ്. ഇതിനകം 11000 ത്തിലേറെ പേരുടെ ജിവനെടുത്തു. രാജ്യങ്ങളുടെ മുന്‍ഗണനാ ക്രമങ്ങള്‍ അട്ടിമറിച്ചു. നയ സമീപനങ്ങളില്‍ ആരോഗ്യവും രോഗ പ്രതിരോധത്തിനുമായി മുന്‍ഗണന. അതിര്‍ത്തികള്‍ അടച്ചിടുമ്പോഴും വിവരങ്ങള്‍ പങ്കിടാന്‍ തയ്യാറാകുന്ന രാഷ്ട്രങ്ങള്‍. അങ്ങനെ പല രീതിയിലാണ് കൊറോണ വൈറസ്.ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്നത്

ലോകത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയമീമാംസകരുടെ ഇടയില്‍ തീരുമാനമായിട്ടില്ല. ചിലര്‍ രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് ഓര്‍ക്കുന്നു. മറ്റ് ചിലര്‍ അന്നുണ്ടായ, ലോക മുതലാളിത്ത കീഴ്‌മേല്‍ മറിച്ച സാമ്പത്തിക മാന്ദ്യത്തെയും അതിനുശേഷം ഉണ്ടായ കെയ്‌നീഷ്യന്‍ മാതൃകയെയും പറ്റി പറയുന്നു. ചുരുക്കം ചിലര്‍ 2008 ലെ സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യം നടത്തുന്നു. എന്നാല്‍ ഇവരെല്ലവരും യോജിക്കുന്ന വസ്തുത ഒന്നുണ്ട്. അത് ലോകം ഇനി, ഇതുവരെ കണ്ടതുപോലെ ആകില്ലെന്നതാണ്. കൊറോണ വൈറസിനെ ലോകം പിടിച്ചുകെട്ടുക തന്നെ ചെയ്യും. അതോടൊപ്പം ഈ കാലവും ഇനി മടങ്ങി വരാത്ത വിധത്തില്‍ മാറ്റത്തിന് വിധേയമാകും.

എങ്ങനെയാവും കൊറോണാനന്തര ലോകം. അത് രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ തലങ്ങളില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ വലുതായിരിക്കുമെന്ന് പലരും സമ്മതിക്കുന്നു. എന്നാൽ ബർലിൻ മതിൽ വീഴുകയും സോവിയറ്റ് യൂണിയൻ ഇല്ലാതാകുകയും ചെയ്ത കാലത്ത് നടത്തിയതുപോലെ ച ചരിത്രത്തിന്റെ അവസാനം ആരും ഈ ഘട്ടത്തില്‍ പ്രവചിക്കാന്‍ മുതിരുന്നുമില്ല.
എല്ലാ പ്രതിസന്ധിയ്ക്ക് ശേഷവും ഭരണകൂടം ശക്തിപ്പെടുന്നുവെന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ലോകത്തെ കീഴ്മേൽ മറിച്ച പ്രതിസന്ധികൾ പലപ്പോഴും ഭരണകൂടത്തെ ശക്തിപെടുത്തിയാണ് കടന്നുപോയിട്ടുളളത്. ആശയതലത്തിലും അതേ പ്രായോഗിക തലത്തിലും അങ്ങനെ തന്നെ. ഇത് പറയാന്‍ കാരണം കൊറോണാനന്തര ലോകത്തെക്കുറിച്ച് പറയുമ്പോള്‍ പലരും ഇനി ഭരണകൂടത്തിന്റെ സ്വാധീനം, ഇടപെടല്‍ കൂടുമെന്ന് പറയുന്നതുകൊണ്ടാണ്. കൊറോണയെ ലോകം കീഴടക്കുക സ്വാഭാവികമായും ഭരണകൂടത്തിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തിക്കൊണ്ടാവും. നീരീക്ഷണ സമ്പ്രദായങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചതുകൊണ്ടാകും. അല്ലാതെ ഈ വൈറസിനെ നേരിടാന്‍, കീഴടക്കാന്‍ കഴിയില്ല. കൂടുതല്‍ നിരീക്ഷണ സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും ഉള്ള വ്യവസ്ഥിതിക്ക് താരതമ്യേന എളുപ്പത്തില്‍ വൈറസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുമെന്ന് റഷ്യയുടെയും ഒരു പരിധിവരെ ചൈനയുടെയും സൂചനകളിലൂടെ ചിലര്‍ വ്യക്തമാക്കാനും ശ്രമിക്കുന്നുണ്ട്. അതേ ഭരണകൂടത്തോട് അതിന്റെ നിരിീക്ഷണ സമ്പ്രദായങ്ങളോട് കൂടുതല്‍ വിധേയപ്പെടാന്‍ കൊറോണാനന്തര കാലത്ത് പൗരന്മാര്‍ തയ്യാറായേക്കുമെന്ന് പല ചിന്തകരും ചൂണ്ടിക്കാട്ടുന്നു.
സാര്‍വത്രിക നീരീക്ഷണത്തിന്റെ കാലമാകും ഇനിയുള്ളത് എന്ന ആശങ്കയും പലരും ഉയര്‍ത്തുന്നു. നിരീക്ഷണം നമ്മുടെ ചലനങ്ങളിലേക്കും നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും മാത്രമല്ല, മറിച്ച് നമ്മുടെ ചിന്തകളെയും കണ്ടെത്താന്‍ കഴിയുന്ന രീതിയിലേക്ക് മാറില്ലേ എന്ന ചോദ്യമാണ് 'സാപ്പിയന്‍സ് , എ ബ്രീഫ് ഹിസ്റ്ററി ഓഫ് മാൻകൈൻ്റ് ' എന്ന പുസ്തകത്തിന്റെ രചയിതാവ് യുവാല്‍ നോവ ഹരാരി ചോദിക്കുന്നത്. ഫിനാൻഷ്യൽ ടൈംസിൽ
എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം ഇതാണ്. '2030 ല്‍ വടക്കന്‍ കൊറിയയില്‍ എല്ലാ പൗരന്മാരും 24 മണിക്കൂറും ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണം എന്ന ഉത്തരവുണ്ടാകുന്നുവെന്ന് കരുതുക. നിങ്ങള്‍ പരമോന്നത നേതാവിന്റെ പ്രസംഗം കേള്‍ക്കുകയാണെന്നും സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്കുണ്ടാകുന്ന ദേഷ്യം ബയോമെട്രിക് ബ്രേസ്ലേറ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ നിങ്ങളുടെ കാര്യം തീരുമാനമാകും' ഹരാരി വടക്കന്‍ കൊറിയയെക്കുറിച്ച് ഈ കഥ പറയുന്നത് ചിലപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലെ മധ്യവര്‍ഗ വായനക്കാര്‍ക്ക് ആ തരത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ രാജ്യമായതുകൊണ്ടാവണം. മോദിയുടെ ഇന്ത്യയിലും ബൊല്‍സനാരോയുടെ ബ്രസീലും ട്രംപിന്റെ അമേരിക്കയും എര്‍ദോഗന്റെ തുര്‍ക്കിയുമെല്ലാം ഇത്തരം ഒരു നിരീക്ഷണം പ്രസക്തമാണ്. അതായത് നിരീക്ഷണം കുടുതൽ ശക്തമായ രാഷ്ട്രീയ ആയുധമാകുമെന്ന്.
ഇപ്പോഴത്തെ ശക്തമായ നിരീക്ഷണമെന്നത് താല്‍ക്കാലികം മാത്രമാണെന്നും സാഹചര്യം മാറുമ്പോള്‍ അതില്ലാതാവുമെന്ന വാദത്തെയും ഹരാരി വിശ്വസിക്കുന്നില്ല. ആരോഗ്യമാണോ സ്വകാര്യതയാണോ പ്രധാനമെന്ന ഭരണകൂടത്തിന്റെ ചോദ്യത്തിന് മുന്നില്‍ ജനങ്ങള്‍ അവരുടെ ആരോഗ്യത്തെയാണ് തെരഞ്ഞെടുക്കുകയെന്നുമാണ് അദ്ദേഹം പറയുന്നത്. അത് സാധാരണഗതിയിൽ സ്വാഭാവികവുമാണ്.
കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇറ്റലിയില്‍ ഇത്രത്തോളം ദുരന്തം ഉണ്ടാവില്ലായിരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പരിശോധന കൂടുതല്‍ കര്‍ക്കശമായിരുന്നുവെങ്കില്‍ പത്തനംതിട്ടയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തെ നേരെ ഐസൊലെഷന്‍ വാര്‍ഡില്‍ അയക്കാമായിരുന്നുവെന്നൊക്കെയുള്ള തോന്നല്‍ സ്വാഭാവികമാണ്. ആ സ്വാഭാവികത ഭരണകൂടം ഇനിയുള്ള കാലം ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വകാര്യതയ്ക്കായി ലോകത്തെമ്പാടും നടക്കുന്ന പോരാട്ടങ്ങളെ വല്ലാതെ ദുര്‍ബലപ്പെടുത്താന്‍ കൊറോണയ്ക്ക് കഴിയുമായിരിക്കും. ഓരോ പ്രതിസന്ധിയും ഭരണകൂടത്തിന്റെ നിരീക്ഷണ ഇടപെടലിന്റെ ശക്തികൂട്ടിയിട്ടെ ഉള്ളുവെന്നും നമ്മള്‍ മനസ്സിലാക്കണം. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണം തന്നെ ഉദാഹരണം. കൂറച്ചുകൂടി ആഴമുള്ള ഒരു ഡീപ് സ്റ്റേറ്റ് ആയിരിക്കുമോ കൊറോണാനുഭവം മുന്‍നിര്‍ത്തി ജനങ്ങള്‍ ആഗ്രഹിക്കുക? വലതുപക്ഷത്തിന്റെ ആചാര്യന്മാര്‍ ആഗ്രഹിക്കുന്നതും മറ്റൊന്നല്ലെന്നതാണ് സത്യം. വേള്‍ഡ് ഈസ് ഫാ്‌ളാറ്റ് എഴുതിയ ന്യൂയോര്‍ക് ടൈംസ് കോളമിസ്റ്റ് മില്‍ട്ടന്‍ എല്‍ ഫ്രീഡ്മാന്‍ പറയുന്നത് നോക്കൂ:
Right now I am rooting for Big Government and Big Pharma to rescue us'
ലോക ചരിത്രം ബിഫോർ കൊറോണ, (BC) ആഫ്റ്റർ കൊറോണ (AC) എന്ന മട്ടിൽ പകുത്തുപോകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.


ബിഗ് ഗവണ്‍മെന്റ് എന്ന് വലതുപക്ഷ നയങ്ങളുടെ വക്താക്കള്‍ പറയുന്നതിന് രണ്ടര്‍ത്ഥമാണ് ഉള്ളത്. അത് പൊലീസിങുമായി ബന്ധപ്പെട്ട സ്റ്റേറ്റിന്റെ റോളിനെ വിലമതിക്കുന്നു. എന്നാൽ സ്റ്റേറ്റിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങളെ, ഇടപെടലുകളെ എതിർക്കുന്നു. വലതുപക്ഷത്തിന് ഈയടുത്ത കാലം വരെ സ്റ്റേറ്റ് എന്നാല്‍ പൊലീസ് സ്റ്റേറ്റാണ്. മറ്റ് സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടമല്ല വിപണിയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് ഇവരുടെ നിലപാട്.
1930 കളിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഉണ്ടായ കെയ്‌നീഷ്യന്‍ സ്വാധീനത്തിന് സമാനമായ ഒരു അവസ്ഥയിലേക്ക് ലോക മുതലാളിത്തം പരിമിതപെടുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയുടെ ഫലമായി സംഭവിക്കാന്‍ പോകുന്ന കാര്യമായി പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന് കാരണം കൊറോണ മാത്രമായിരിക്കില്ലെന്നതിന് ലോക സാമ്പത്തിക രംഗത്തെ സമകാലിക പ്രതിസന്ധി തന്നെ തെളിവ്. ലോക മുതലാളിത്തം പ്രതിസന്ധിയുടെ പടുകുഴിയില്‍ വീണപ്പോള്‍ ഉള്ള രക്ഷാ മന്ത്രമായിരിന്നു സ്റ്റേറ്റിൻ്റെ ഇടപെടല്‍ ആവശ്യമെന്ന് പറഞ്ഞുള്ള കെയ്‌നീഷ്യന്‍ സമ്പ്രദായം. സര്‍ക്കാരിന്റെ നിരന്തര നിയന്ത്രണത്തിലൂടെ മുതലാളിത്ത സമ്പ്രദായത്തെ മുന്നോട്ടുകൊണ്ടുപോകുന്ന അവസ്ഥ. 70 കള്‍ വരെ നിലനിന്ന ആ സമ്പ്രദായത്തെ പിന്നീട് പതുക്കെ കൈയൊഴിയുകയും നിയോലിബറലല്‍ ലോജിക്കിലേക്ക് മുതലാളിത്തം മാറുകയും ചെയ്തു. സാമ്പത്തിക രംഗം പൂര്‍ണമായി മൂലധനത്തിനും വിപണിക്കും വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു പരിപാടിയായിരുന്നു അത്. 2008 ല്‍ കണ്ടത് നിയോ ലിബറിലസത്തിന്റെ പ്രതിസന്ധിയായിരുന്നു. അതില്‍നിന്ന് ഇപ്പോഴും ലോകം മറികടന്നിട്ടില്ലെന്നതിന്റെ സൂചനയാണ് കൊറോണയ്ക്ക് മുമ്പുതന്നെ ലോക സാമ്പത്തികമേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍. 2008 ന്റെ രാഷ്ട്രീയ ഉത്പന്നമായിരുന്നു ട്രംപും ബ്രക്‌സിറ്റും പോലുളള ലോകത്തെ തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റം.

വംശീയതയും അതിദേശീയതയും ഉയര്‍ത്തിയുളള രാഷ്ട്രീയത്തിലൂടെ നിയോ ലിബറലിസത്തിന്റെ പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള തന്ത്രമായിട്ടാണ് പലരും അതിനെ കാണുന്നത്. അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രലതുപക്ഷ സര്‍ക്കാരുകള്‍ ഇതിന്റെ കൂടി സൃഷ്ടിയാണെന്ന് കുരുതുന്ന നിരീക്ഷകരുണ്ട്. കൊറോണ പൊട്ടിപുറപ്പെട്ടതു മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് അത് ചൈനീസ് സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ചുപറയുന്നതൊക്കെ നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള വംശീയത വാദം തന്നെയാണ്. അതിനും കൂടി പറ്റിയ കാലമാണിത്. ഇപ്പോഴത്തെ പ്രതിസന്ധിയെ കൂടുതൽ കൊറോണ തീവ്രമാക്കുമെന്നത് സത്യമാണ്. എന്നാൽ അത് എങ്ങനെ മുതലാളിത്തത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നത് കണ്ടറിയേണ്ടതാണ്.
കൊറോണയെന്നത് കാലഹരണപ്പെട്ട മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം കൂടിയായി മാറുമെന്നതിന് ഏറ്റവും നല്ല ഉദാഹരണം ഇന്ത്യ തന്നെയാണ്. കൃത്യസമയത്ത് എല്ലാവരും പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രിയും അങ്ങനെ ചെയ്താല്‍ വൈറസുകളും ബാക്ടിരീകയകളും ഇല്ലാതാവുമെന്ന കരുതുന്ന സിനിമാ നടന്മാരുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അകലം പാലിച്ച നടക്കണമെന്ന ആരോഗ്യ വിദഗ്ദരുടെ ഉപദേശം സാമൂഹ്യഅകലം പാലിച്ച ഭാരതീയ സംസ്കാരത്തിന്റെ (ലളിതമായി പറഞ്ഞാല്‍ തൊട്ടൂകൂടായ്മയുടെ) പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് പറഞ്ഞത് ആര്‍എസ്എസ്സിന്റെ സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തിയാണ്. പുറത്തുപോയി വന്നാല്‍ കൈയും കാലും കഴുകി അകത്തു കടക്കണമെന്ന് വിദഗ്ദ ഉപദേശത്തെ ഉമ്മറത്ത് വെച്ച കിണ്ടിയുമായി ചേര്‍ത്ത് പാരമ്പര്യഘോഷണം നടത്തുന്നവരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇതും കൊറോണ കാലത്തെ ഒരു സവിശേഷതയാണ്. കൊറോണയെ അതീജീവിച്ച് വരുന്ന ലോകത്തിന് മുന്നില്‍ വംശീയതയുടെയും സങ്കുചിതത്വത്തിന്റെയും പുനരുത്ഥാനവാദത്തിന്റെയും നിരവധി കെടുതികളെ കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയ്ക്ക് ആഴം കൂട്ടുന്ന കാഴ്ചകളാണ് എങ്ങും.


Next Story

Related Stories