TopTop
Begin typing your search above and press return to search.

വിരമിച്ച ശേഷം 'പ്രതിഫലം പറ്റി'യെന്ന് ആരോപിക്കപ്പെടുന്ന ജഡ്ജിമാർ, ബഹറുൽ ഇസ്ലാം മുതൽ ഗൊഗോയ് വരെയുളളവർ നീതിന്യായ വ്യവസ്ഥയോട് ചെയ്യുന്നത്

വിരമിച്ച ശേഷം പ്രതിഫലം പറ്റിയെന്ന് ആരോപിക്കപ്പെടുന്ന ജഡ്ജിമാർ, ബഹറുൽ ഇസ്ലാം മുതൽ ഗൊഗോയ് വരെയുളളവർ നീതിന്യായ വ്യവസ്ഥയോട് ചെയ്യുന്നത്

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും അന്തസ്സും സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്നലെ രാത്രി മുതല്‍ നടക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വീണ്ടും ഈ ചര്‍ച്ചകള്‍ സജീവമായത്. രഞ്ജന്‍ ഗൊഗോയ് പല പ്രധാന കേസുകളിലും എടുത്ത സമീപനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതാണ്. അന്നത്തെ ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ നിലപാടോടെ സാധൂകരിക്കപ്പെടുന്നുവെന്നതാണ് ഇപ്പോള്‍ പുതുതായി സംഭവിച്ചിട്ടുള്ളത്. വിരമിച്ച ശേഷം മറ്റൊരു നിയമനത്തിലേക്ക് ജഡ്ജിമാർ പരിഗണിക്കപ്പെടുന്നത് നമ്മുടെ സംവിധാനത്തിന്റെ പരിമിതിയാണോ അതോ രാഷ്ട്രീയ നേതൃത്വത്തിന്റെ മിടുക്കാണോ എന്നതാണ് പ്രധാന വിഷയം. ഭരണ നേതൃത്വം ശക്തമായപ്പോഴൊക്കെ ഇത്തരം അനുനയങ്ങള്‍ക്ക് നീതിന്യായ സംവിധാനം വിധേയമായിട്ടുണ്ടെന്നാണ് ചരിത്രം തെളിയിക്കുന്നത്.

ന്യായാധിപന്മാര്‍ക്ക് വിരമിച്ച ശേഷം ജോലി നല്‍കുന്ന ആദ്യത്തെ സര്‍ക്കാരല്ല, മോദിയുടെത്. വിരമിച്ച ശേഷം ആദ്യം രാജ്യസഭയിലെത്തുന്ന ചീഫ് ജസ്റ്റീസുമല്ല രഞ്ജന്‍ ഗൊഗോയ്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്നൊക്കെ ഇതിന് പിന്നിലെ രാഷ്ട്രീയ താല്‍പര്യം ആരോപണ വിധേയമായിട്ടുമുണ്ട്. എന്നാല്‍ പല കാര്യങ്ങളും ഇപ്പോള്‍ വ്യത്യസ്തമാണ്. അന്നൊക്കെ വ്യക്തികളുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് നീതിന്യായ സംവിധാനത്തിന്റെ രീതികള്‍ പൊതുവായി തന്നെയാണ് വിമര്‍ശിക്കപ്പെടുന്നത്. ജസ്റ്റീസ് ബഹറുള്‍ ഇസ്ലാമായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പദവിയില്‍നിന്ന് വിരമിച്ച ശേഷം ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ന്യായാധിപന്‍. 1983 ലായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ കാലത്ത്. അദ്ദേഹത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത ഉണ്ടായിരുന്നു. ജഡ്ജി ആകുന്നതിന് മുമ്പ് 1962- 72 കാലത്ത് രാജ്യസഭ അംഗമായിരുന്നു അദ്ദേഹം. ബിഹാറിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗനാഥ് മിശ്രയെ പാറ്റ്‌ന കോ ഓപ്പറേറ്റീവ് ബാങ്ക് അഴിമതി കേസില്‍ നിന്നും ഒഴിവാക്കി കൊടുത്തതിനുള്ള ഉപഹാരമായിട്ടായിരുന്നു അന്ന് ഇസ്ലാമിനെ രാജ്യസഭ അംഗമാക്കി നിയമിച്ചതെന്നായിരുന്നു ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍.

പിന്നീട് ചീഫ് ജസ്റ്റീസായിരുന്ന രംഗനാഥ് മിശ്ര ആയിരുന്നു സുപ്രീം കോടതിയില്‍നിന്ന് രാജ്യസഭയിലെത്തിയത്. 1984 സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരാവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ' കുറ്റവിമുക്തമാക്കി''യ അന്വേഷണം നടത്തിയ ജഡജി ഇദ്ദേഹമായിരുന്നു. അതിനുള്ള പ്രതിഫലമായിരുന്നു 1998 മുതലുള്ള രാജ്യസഭാ അംഗത്വം എന്നും ആരോപണമുണ്ടായിരുന്നു.

1979 ല്‍ ഉപരാഷ്ട്രപതിയായിരുന്നു മുന്‍ ചീഫ് ജസ്റ്റീസ് എം ഹിദായത്തുള്ള. അദ്ദേഹത്തെ ആ പദവിയിലെത്തിച്ചത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലുണ്ടായിരുന്ന സമവായമായിരുന്നു. മറ്റ് ആരോപണങ്ങളൊന്നും അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായിരുന്നുമില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റീസിനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച ജഡ്ജിയായിരുന്നു ജസ്റ്റീസ് കെ എസ് ഹെഗ്‌ഡെ. ഇദ്ദേഹം പിന്നീട് ജനാതാപാര്‍ട്ടിയില്‍ ചേരുകയും ബാംഗ്ലൂര്‍ സൗത്തില്‍നിന്ന് മല്‍സരിച്ച് ലോക്‌സഭയിലെത്തുകയും ചെയ്തു. 1977-80 കാലത്തെ ലോക്‌സഭ സ്പീക്കറായിരുന്നു അദ്ദേഹം. മുന്‍ ചീഫ് ജസ്റ്റീസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചതോടെയാണ് മോദി സര്‍ക്കാര്‍ ന്യായാധിപന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നുവെന്ന ആരോപണം ഉയര്‍ന്നത്. അത്തരമൊരു ആരോപണത്തിന് കാരണമായത് അമിത് ഷാ ഉള്‍പ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിയത് ജസ്റ്റീസ് പി സദാശിവം ഉള്‍പ്പെട്ട ബഞ്ചായിരുന്നു എന്നതാണ്. ആ 'ഉപകാര സ്മരണയാണ്' അദ്ദേഹത്തെ കേരള ഗവര്‍ണറായി നിയമിക്കാന്‍ കാരണമെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഈ ആരോപണം ഉന്നയിക്കുകയും ചെയ്തു. അതിന് ശേഷമാണ് നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭയിലെത്തുന്നത്.

റാഫേല്‍, അസം പൗരത്വ റജിസറ്റര്‍, അയോധ്യ, സിബിഐ ഡയറക്ടറുടെ കേസ്, കാശ്മീര്‍ തുടങ്ങി നിരവിധ വിവാദ കേസുകളില്‍ സര്‍ക്കാരിനും ബിജെപിയ്ക്കും അനുകൂലമായി വിധി പറഞ്ഞ ന്യായാധിപനാണ് രഞ്ജന്‍ ഗൊഗോയ്. ഇതിന് പുറമെയായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണം. എന്നാല്‍ ഇതിനെല്ലാം അപ്പുറം ഗൊഗോയ് ചീഫ് ജസ്റ്റീസായിരുന്ന കാലം ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നാണ് പ്രമുഖ നിയമ ഗവേഷകനും എഴുത്തുകാരനുമായ ഗൗതം ഭാട്ടിയ പറയുന്നത്. അതിന്റെ എല്ലാ പരിമിതികളോടും കൂടിയാണെങ്കിലും വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്ന പരമോന്നത കോടതിയാണ് നമുക്ക് ഉണ്ടായിരുന്നതെന്നാണ്. എന്നാല്‍ അവകാശ കോടതിയില്‍( Rights Court) നിന്ന് എക്‌സിക്യട്ടീവ് കോടതിയാക്കി ഇന്ത്യയുടെ സുപ്രീം കോടതിയെ മാറ്റിയെന്നതാണ് ഏറ്റവും വലിയ പ്രത്യാഘാതമെന്നാണ് ഗൗതം ഭാട്ടിയ വിശദീകരിക്കുന്നത്. വിവിധ ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ സ്വീകരിച്ച നടപടികളും തെളിവുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ഹാജരാക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും എന്‍ ആര്‍ സിയുടെ കാര്യത്തിലെടുത്ത സമീപനങ്ങളുമെല്ലാം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭരണ നേതൃത്വത്തില്‍നിന്ന് വ്യത്യസ്തമായി കോടതിയെ കാണാന്‍ പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

വിരമിച്ച ശേഷം ലഭിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങള്‍ ജഡ്ജിമാരുടെ നീതി നിര്‍വഹണത്തെ സ്വാധീനിക്കുന്ന വിഷയം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഒന്നാം ലോ കമ്മീഷന്‍ തന്നെ ഇക്കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതാണ്. വിരമിച്ച ശേഷം ജഡ്ജിമാര്‍ മറ്റ് ജോലികളില്‍ നിയമിക്കപ്പടരുതെന്നായിരുന്നു നിര്‍ദ്ദേശം. അങ്ങനെ ചെയ്യുന്നത് നിതിന്യായ സംവിധാനത്തിന്റെ സ്വതന്ത്ര അസ്ഥിത്വത്തെ ഇല്ലാതാക്കുമെന്നതായിരുന്നു എം സി സെതല്‍വാദ് ചെയര്‍മാനായ കമ്മീഷന്റെ അഭിപ്രായം. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങളുണ്ടാവുമ്പോഴും വിരമിച്ച സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട ഔദ്യോഗിക പോസ്റ്റുകളും ഇന്ത്യയിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള പദവികളില്‍ നിയമിക്കപ്പെടേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ആളായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് നീതിന്യായ സംവിധാനത്തെ നിയന്ത്രിക്കുന്നതിനുള്ള പഴുതുകള്‍ വ്യവസ്ഥയുടെ തന്നെ ഭാഗമാണെന്നതാണ്. ഭരണ നേതൃത്വം ശക്തമാകുന്ന വേളയിലൊക്കെ നീതിന്യായ സംവിധാനത്തിന് പോലും അതിന്റെ സ്വതന്ത്ര്യ അസ്തിത്വം സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തെയും ഇപ്പോഴത്തെയും സംഭവങ്ങള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നുമല്ല. ഇതിൻ്റെ അവസാനത്തെ ഉദാഹരണമാവില്ല, രഞ്ജൻ ഗോഗോയ്.


Next Story

Related Stories