TopTop
Begin typing your search above and press return to search.

വൈറ്റ്ഹൌസിനായുള്ള അങ്കം | ട്രംപിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും?

വൈറ്റ്ഹൌസിനായുള്ള അങ്കം | ട്രംപിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും?
അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നതിനിടയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് പൊസിറ്റീവായിരിക്കുകയാണ്. ഇത് നിരവധി സാധ്യതകളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. ട്രംപിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ വരുമോയെന്നതും, പ്രസിഡണ്ടിന്റെ ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കേണ്ടി വരുമോയെന്നതുമെല്ലാം പ്രശ്നങ്ങളാണ്. ഇവ എത്ര വിദൂരമായ സാധ്യകളാണെങ്കിലും ചട്ടങ്ങളുടെ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നതിനിടയിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് പൊസിറ്റീവായിരിക്കുകയാണ്. ഇത് നിരവധി സാധ്യതകളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. ട്രംപിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ വരുമോയെന്നതും, പ്രസിഡണ്ടിന്റെ ചുമതലകൾ മറ്റൊരാളെ ഏൽപ്പിക്കേണ്ടി വരുമോയെന്നതുമെല്ലാം പ്രശ്നങ്ങളാണ്. ഇവ എത്ര വിദൂരമായ സാധ്യകളാണെങ്കിലും ചട്ടങ്ങളുടെ സൂക്ഷ്മാപഗ്രഥനം ആവശ്യമായി വന്നിരിക്കുന്നു.

പ്രസിഡണ്ടിന്റെ ഓഫീസ് പ്രവർത്തനരഹിതമായാൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കൻ ഭരണഘടനയും നിയമനിർമാതാക്കളും വളരെക്കാലം മുമ്പു തന്നെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

പ്രസിഡണ്ട് മരിക്കുകയോ, ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയിലെത്തുകയോ ചെയ്യുകയാണെങ്കിൽ വൈസ് പ്രസിഡണ്ടാണ് താൽക്കാലികമായി അധികാരമേറ്റെടുക്കേണ്ടതെന്ന് യുഎസ് ഭരണഘടന വ്യക്തമായി പറയുന്നു. വൈസ് പ്രസിഡണ്ട്, 61കാരനായ മൈക്ക് പെൻസിന്റെ കൊറോണവൈറസ് പരിശോധനാഫലം വെള്ളിയാഴ്ച നെഗറ്റീവായിരുന്നു.

അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പറയുന്നത് "പ്രസിഡണ്ടിനെ നീക്കം ചെയ്യുന്ന സാഹചര്യം വരികയോ, രാജി വെക്കുകയോ, മരണപ്പെടുകയോ ചെയ്താൽ പ്രസിഡണ്ട് സ്ഥാനം വൈസ് പ്രസിഡണ്ട് ഏറ്റെടുക്കേണ്ടതാണ്."

വൈസ് പ്രസിഡണ്ടുമാർ ഉയർത്തപ്പെടുന്ന സന്ദർഭം യുഎസ്സിന്റെ ചരിത്രത്തിൽ അപൂർവമല്ല. പ്രസിഡണ്ട് മരണപ്പെട്ടതു മൂലം വൈസ് പ്രസിഡണ്ടുമാർ പ്രസ്തുത പദവി ഏറ്റെടുത്ത എട്ട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവുമടുത്ത് അത്തരമൊന്ന് സംഭവിച്ചത് 1963ലായിരുന്നു ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തിനു ശേഷം വൈസ് പ്രസിഡണ്ടായിരുന്ന ലിൻഡൻ ബി ജോൺസൺ പ്രസിഡണ്ടായി മാറി. 1974ൽ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സണ്‍ വാട്ടർഗേറ്റ് വിവാദത്തിനു പിന്നാലെ മരണമടയുകയും പിന്നീട് വൈസ് പ്രസിഡണ്ട് ജെറാൾഡ് ഫോഡ് പ്രസിഡണ്ടായി അധികാരമേൽക്കുകയും ചെയ്തു.

1945ൽ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ ഡി. റൂസ്‍വെൽറ്റിന്റെ മരണശേഷമാണ് ഏറ്റവുമൊടുവിൽ പ്രസിഡൻഷ്യൽ പിന്തുടർച്ചാ നിയമം നിലവിൽ വന്നത്. 1947ലായിരുന്നു അത്. 2006ൽ ഈ നിയമം പുതുക്കപ്പെട്ടു. ഇതിൽ, പ്രസിഡണ്ടിന്റെ കാലശേഷം വൈസ് പ്രസിഡണ്ടിനും ചുമതലയേൽക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന പ്രശ്നത്തിന് ഉത്തരം കണ്ടിരിക്കുന്നു. അടുത്തതായി വരുന്നത് യുഎസ് കോൺഗ്രസ് സ്പീക്കറാണ്. ഇദ്ദേഹത്തിനും ചുമതലയേൽക്കാൻ സാധിക്കാത്ത ഘട്ടം വന്നാൽ പ്രസിഡണ്ട് പ്രോ ടെംപോർ ആണ് ആ സ്ഥാനത്തേക്ക് വരേണ്ടത്. (സെനറ്റിലെ ഭൂരിപക്ഷ കക്ഷിയിലെ ഏറ്റവും മുതിർന്ന അംഗത്തെയാണ് പ്രസിഡണ്ട് പ്രോ ടെംപോർ ആയി പരിഗണിക്കുന്നത്. വൈസ് പ്രസിഡണ്ടിന്റെ അഭാവത്തിൽ സഭയെ നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്). ഈ പദവിക്കു ശേഷം പരിഗണിക്കപ്പെടുക കാബിനറ്റ് അംഗങ്ങളെയാണ്. ഇതിൽ വിദേശകാര്യ സെക്രട്ടറിയായിരിക്കും ആദ്യത്തെ പരിഗണന ലഭിക്കുന്നയാൾ.

80കാരിയായ നാൻസി പെലോസിയാണ് സ്പീക്കർ. 87കാരനായ, റിപ്പബ്ലിക്കൻ ഓഫ് ലോവ സെനറ്റർ ചാൾസ് ഇ. ഗ്രോസ്സെലിയാണ് നിലവിലെ പ്രസിഡണ്ട് പ്രോ ടെംപോർ.

നമുക്കിപ്പോൾ പ്രസിഡണ്ടിന് രോഗം നിമിത്തം തന്റെ ചുമതല നിർവഹിക്കാൻ കഴിയാതിരുന്നാലത്തെ സാഹചര്യം പരിശോധിക്കാം.

25ാം ഭേദഗതി പ്രകാരം പ്രസിഡണ്ടിന് രോഗം വഷളാവുകയും, ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുകയും ചെയ്താൽ വൈസ് പ്രസിഡണ്ടിനെ അധികാരമേൽപ്പിക്കാം. അതായത്, രോഗബാധമൂലമുള്ള പ്രസിഡണ്ടിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ടിന് ആക്ടിങ് പ്രസിഡണ്ടാകാം.

25ാം ഭേദഗതി നിലവിൽ വന്ന 1967 മുതൽ, വൈസ് പ്രസിഡണ്ടുമാർ ഇത്തരത്തിൽ മൂന്നുതവണ മാത്രമാണ് ആക്ടിങ് പ്രസിഡണ്ടുമാരായിട്ടുള്ളത്. അതും വളരെ ചുരുങ്ങിയ കാലയളവിലേക്ക്. 1985ൽ പ്രസിഡണ്ട് റൊണാൾഡ് റീഗൻ ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് പോയപ്പോൾ അദ്ദേഹം തന്റെ അധികാരം വൈസ് പ്രസിഡണ്ട് ജോർജ് ബുഷിന് കൈമാറി. 8 മണിക്കൂർ നേരത്തേക്കായിരുന്നു ഈ അധികാരക്കൈമാറ്റം. 2002ലും 2007ലും പ്രസിഡണ്ട് ജോർജ് ഡബ്ല്യു. ബുഷ് തന്റെ അധികാരം വൈസ് പ്രസിഡണ്ട് ഡിക്ക് ചെനിക്ക് താൽക്കാലികമായി കൈമാറുകയുണ്ടായി. വൻകുടലിലെയും മലാശയത്തിലെയും ചില പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള കോളനോസ്കോപിക്ക് വിധേയനാകുകയായിരുന്നു പ്രസിഡണ്ട്.

25ാമത്തെ ഭേദഗതി പ്രസിഡണ്ടിനെ നിർബന്ധിതമായി നീക്കം ചെയ്യുന്നതിനുള്ള അനുമതിയും നൽകുന്നുണ്ട്. രോഗം വളരെ വഷളായിട്ടും തന്റെ അധികാരം കൈമാറാൻ പ്രസിഡണ്ട് കൈമാറാതിരിക്കുന്ന സന്ദർഭങ്ങളിലാണ് ഈ നിയമഭേദഗതി ഉപയോഗപ്പെടുക. ഇത്തരമൊരു ഭേദഗതിയുടെ ആവശ്യകത വളരെ നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നതാണ്. 1919ൽ പ്രസിഡണ്ട് വൂഡ്രോ വിൽസന് പക്ഷാഘാതമുണ്ടായി. അദ്ദേഹത്തിന്റെ ഒരു വശം തളരുകയും അന്ധത ബാധിക്കുകയും ചെയ്തു. എന്നാൽ അധികാരം ആർക്കു വിട്ടുകൊടുക്കുകയുണ്ടായില്ല. പ്രസിഡണ്ട് സ്ഥാനത്ത് ആ അവസ്ഥയിൽ തന്റെ കാലയളവ് പൂർത്തീകരിക്കുകയും ചെയ്തു. ഇക്കാലയളവിലെല്ലാം പ്രസിഡണ്ടിന്റെ രോഗാവസ്ഥ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.

ഈ ചരിത്രം മുൻനിർത്തി കൊണ്ടുവന്ന ഭേദഗതി, വൈസ് പ്രസിഡണ്ടിന് കാബിനറ്റുമായി ചേർന്നോ, ഇടപെടൽ നടത്താൻ കോൺഗ്രസ് അനുമതി നൽകിയ ഒരു ഗ്രൂപ്പുമായി ചേർന്നോ പ്രവർത്തിക്കാവുന്നതാണ്. 'പ്രസിഡണ്ടിന് ചുമതലാനിർവഹണത്തിനുള്ള ആരോഗ്യസ്ഥിതിയില്ല' എന്ന് ഇവർ കോൺഗ്രസ്സിനെ അറിയിച്ചാൽ വൈസ് പ്രസിഡണ്ടിന് ഉടനടി അധികാരമേറ്റെടുക്കുകയും ആക്ടിങ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കയറുകയും ചെയ്യാവുന്നതാണ്. ഈ അധികാരം ഒരിക്കൽപ്പോലും ഉപയോഗിക്കപ്പെടുകയുണ്ടായില്ല. രാഷ്ട്രീയ സാഹചര്യങ്ങളും മുൻഗണനകളും പലതാകയാൽ ഇത് നടപ്പാകുക ബുദ്ധിമുട്ടുമാണ്.

ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന സംവിധാനം താൻ ആരോഗ്യവാനാണെന്ന് പ്രസിഡണ്ട് കോൺഗ്രസ്സിനെ ബോധ്യപ്പെടുത്തുന്നതു വരെ മാത്രമാണ് തുടരുക. എന്നാൽ, പ്രസിഡണ്ടിന്റെ അധികാരങ്ങൾ നീക്കം ചെയ്ത ഗ്രൂപ്പ് ഇത് അംഗീകരിച്ചില്ലെങ്കിൽ പിന്നീട് കോൺഗ്രസ്സിനാണ് തീർപ്പിനുള്ള അധികാരം. ഹൌസിലും സെനറ്റിലും മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷം വേണം നീക്കം ചെയ്യപ്പെട്ട പ്രസിഡണ്ടിന് അധികാരത്തിലേക്ക് തിരിച്ചു കേറാൻ.

ഇനി, ട്രംപിന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തുടരാൻ കഴിയുന്നില്ലെങ്കിലോ?

ആദ്യം റിപ്പബ്ലിക്കൻ ദേശീയസമിതി ഒരു പുതിയ നോമിനിയെ ഹാജരാക്കേണ്ടതുണ്ട്. ദേശീയസമിതി ചെയർവുമൺ റോണ മക്ഡാനിയും, ഓരോ സംസ്ഥാനത്തു നിന്നുമുള്ള മൂന്നുവീതം സമിതിയംഗങ്ങളും (ആകെ 168) ചേർന്നാണ് ഈ പ്രക്രിയ നടപ്പാക്കുക. എന്നാൽ, നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ ബാലറ്റുകളുടെ പ്രിന്റിങ്ങും, മെയിൽ അയയ്ക്കലും, സ്വീകരിക്കലും വരെ തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ തെരഞ്ഞെടുപ്പുദിവസത്തിനിടയിൽ പുതിയ നോമിനിയുടെ പേര് ബാലറ്റുകളിൽ അച്ചടിക്കപ്പെട്ടില്ലെന്ന് വരാം. എങ്ങനെ മുമ്പോട്ടു പോകണമെന്നത് ഓരോ സംസ്ഥാനങ്ങളും തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മിക്ക സംസ്ഥാനങ്ങൾക്കും ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള ചട്ടങ്ങൾ നിലവിലില്ല.


Next Story

Related Stories