TopTop
Begin typing your search above and press return to search.

ലോകത്തുള്ള ഏതെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലെ ഇങ്ങനെ ശിഷ്യപ്പെടുമോ?

ലോകത്തുള്ള ഏതെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലെ ഇങ്ങനെ ശിഷ്യപ്പെടുമോ?

ഒരു ബദല്‍ മാര്‍ഗ്ഗത്തിന്റെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് തന്നെ ഒരു നിയന്തണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഏത് സര്‍ക്കാരിനും നല്ല പ്രതിപക്ഷത്തെ ആവശ്യമുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ അങ്ങനെയൊന്നില്ല. പ്രാദേശിക പാര്‍ട്ടികളെ പ്രാന്തവത്ക്കരിക്കുകയോ ഭീഷണിപ്പെടുത്തുകയോ വിലയ്ക്ക് വാങ്ങുകയോ ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനാവട്ടെ രാഹുല്‍ ഗാന്ധി എന്ന മോശം നേതാവാണുള്ളത്. പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ രാഹു ഗാന്ധിയുടെ മുന്‍ഗാമിയും പിന്‍ഗാമിയുമായ അദ്ദേഹത്തിന്റെ മാതാവാകട്ടെ, പ്രായമേറിയ, തെരഞ്ഞെടുപ്പ് രാഷ്ട്രീയതില്‍ ഇനി വലിയ സാധ്യതയില്ലാത്ത ഉപദേശകരെ മാറ്റി, പകരം അതേ ഗണത്തില്‍പ്പെട്ട യുവനേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് തിരിച്ചുവരാനുള്ള പാത ഒരുക്കുകയാണെന്ന് വേണം അനുമാനിക്കാന്‍. അതുകൊണ്ട്, കാര്യഗൗരവവും ചിന്താശേഷിയുമുള്ള ഒരു രാഷ്ട്രീയക്കാരനായി സ്വയം ഉയര്‍ത്തിക്കാണിക്കാന്‍ റോബര്‍ട്ട് ബ്രൂസിന്റെ ചിലന്തിയെ പോലെ രാഹുല്‍ ഗാന്ധി വീണ്ടും ശ്രമിച്ചേക്കാം. പക്ഷെ, 2014-ലെയും 2019ലെയും പൊതുപ്രചരണത്തിലെ പോലെ തന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വീണ്ടും പൊയ്‌വെടി വെക്കുകയാണോ?.

ഒരു പശ്ചാത്തലം എന്ന നിലയില്‍, ഏതാനും അഭിപ്രായ സര്‍വേകളില്‍ (വിശ്വസനീയമായ എന്ന് സങ്കല്‍പിക്കാവുന്ന) പ്രധാനമന്ത്രിയെക്കുറിച്ചുള്ള മതിപ്പ് അവിശ്വസനീയമായ തലങ്ങളിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. വളരെ അടുത്തകാലത്ത് വരെ ഡൊണാള്‍ഡ് ട്രംപിന് ഉണ്ടായിരുന്നത് എന്ന പോലെ, സമീപ ആഴ്ചകളില്‍ മിക്ക രാജ്യങ്ങളിലെ നേതാക്കള്‍ക്കും തങ്ങളുടെ മതിപ്പില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും നരേന്ദ്ര മോദിയുടെ അളവിനോളം വരില്ല. 9/11ന് ശേഷം ജോര്‍ജ്ജ് ഡബ്ല്യു ബുഷ് മാത്രമാണ് ഇതുപോലൊന്ന് ആസ്വദിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ കൊടിക്ക് ചുറ്റും അണിചേരുമെങ്കിലും മോദിയും മറ്റുള്ളവരും തമ്മിലുള്ള അസന്തുലനം അസാധാരണമാണ്. അത് പൂര്‍ണമായും ഗാന്ധിയുടെ കുഴപ്പം കൊണ്ടല്ല; പ്രതിച്ഛായ നിര്‍മ്മിതിക്ക് സമര്‍പ്പിതമായ മോദിയുടെ രാഷ്ട്രീയ നൈപുണ്യവും, കോട്ടങ്ങളെ പോലും നേട്ടങ്ങളായി അവതരിപ്പിക്കാനുള്ള കഴിവും അന്യാദൃശ്യമാണ്. എന്നിരുന്നാലും, തന്റെ രണ്ടാം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലേക്ക് മോദി അടുക്കുമ്പോള്‍, അനധിവിദൂര ഭാവിയില്‍ എന്തായിരിക്കും നല്ല പ്രതിപക്ഷത്തിന്റെ വില നിശ്ചയിക്കുക?.

ഗാന്ധിയുടെ സമീപകാലത്തെ രണ്ട് വീഡിയോ പ്രകടനങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ വാര്‍ത്ത സമ്മേളനം, 'തന്ത്രപ്രധാനം' (Strategic) എന്ന വാക്കിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന്റെ പേരില്‍ ട്രോളുകള്‍ക്ക് വിധേയമായി. എന്നാല്‍, കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ 'തന്ത്ര'ത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ യുക്തിസഹമായ ആക്രമണം എളുപ്പത്തില്‍ പ്രതിരോധിക്കപ്പെട്ടു: പരിശോധനയിലുള്ള വര്‍ദ്ധന പോസിറ്റിവ് ഫലങ്ങളുടെ ശതമാനം വര്‍ദ്ധിപ്പിച്ചിട്ടില്ല. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ രേഖപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഇതിനകം തന്നെ 'തന്ത്രപരമായ' തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞു. മാത്രമല്ല, രോഗം ഭേദമായവരുടെ നിരക്ക് മെച്ചപ്പെടുകയും മരണ നിരക്ക് താഴ്ന്ന് തന്നെ നില്‍ക്കുകയും ചെയ്യുന്നു. ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നത് പോലെ അടച്ചുപൂട്ടല്‍ 'അവസാനിച്ച്' കഴിയുമ്പോള്‍ രോഗബാധയുടെ ഒരു രണ്ടാം തരംഗം ഉണ്ടായേക്കാമെങ്കിലും അത് സംഭവിക്കുന്നതിന് നമ്മള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

രഘുറാം രാജനുമായുള്ള സംവാദമായിരുന്നു ഗാന്ധിയുടെ രണ്ടാമത്തെ വീഡിയോ പ്രകടനം. അതില്‍ കൂടുല്‍ ചോദ്യങ്ങള്‍ ഗാന്ധി ചോദിക്കുകയും രാജന്‍ പ്രതികരിക്കുകയുമായിരുന്നു. ഉത്തരങ്ങള്‍ അല്ലെങ്കില്‍ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് പകരം വിജ്ഞാനം നേടുക എന്നത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന് സങ്കല്‍പിക്കപ്പെടുന്ന ആള്‍ക്ക് എത്തിപ്പെടാവുന്ന ഏറ്റവും വിചിത്രമായ നിലയായിരുന്നു. രാജന്‍ കുറച്ചുകാലമായി ഗാന്ധിയുടെ അനൗദ്യോഗിക ഉപദേഷ്ടാവാണെങ്കിലും ഒരു ഗുരുശിഷ്യ ബന്ധത്തില്‍ ഒരു നേതാവ് പരസ്യമായി സ്വയം പ്രത്യക്ഷപ്പെടരുത്. ലോകത്തിലെ മറ്റേതെങ്കിലും വലിയ ജനാധിപത്യത്തിലെ പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള ഒരു സാധ്യത സ്വീകരിക്കും എന്ന് സങ്കല്‍പിക്കാന്‍ പ്രയാസമാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത തല്‍ക്കാലം മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് അത് സ്വന്തം പോസ്റ്റില്‍ ഗോളടിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ സര്‍ക്കാരിനെ നയിക്കുന്നത് ആ പാര്‍ട്ടിയാണ്. മഹാരാഷ്ട്രയിലാവട്ടെ സര്‍ക്കാരിലെ സഖ്യകക്ഷിയും. രണ്ട് സംസ്ഥാനങ്ങളും ശമ്പള വെട്ടിക്കുറവ് പ്രഖ്യാപിച്ച് കഴിഞ്ഞു. ക്ഷാമബത്ത വര്‍ദ്ധനയുടെ പകുതി മരവിപ്പിക്കാനും അത് നിര്‍ബന്ധിത സമ്പാദ്യമായി മാറ്റാനും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ പൂര്‍ണമായും തിരികെ നല്‍കൂ എന്നും 1974ല്‍ ഇന്ദിരാ ഗാന്ധി തീരുമാനിച്ചപ്പോള്‍, താനായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന വസ്തുത മന്‍മോഹന്‍ സിംഗ് (ഡിഎ മരവിപ്പിക്കലിനെതിരെ പാര്‍ട്ടിയുടെ വിമര്‍ശനം പൊതുവേദിയില്‍ ഉന്നയിച്ച) മറന്നുപോയി.

താരതമ്യേന വളരെ ചെറിയ പ്രേക്ഷകരോട് തങ്ങളുടെ എതിര്‍പ്പുകള്‍ ഇംഗ്ലീഷില്‍ ഉയര്‍ത്തിക്കൊണ്ട്, കോണ്‍ഗ്രസ് നേതൃത്വം അതിന്റെ സവിശേഷ പക്ഷാപാതിത്വം പ്രകടിപ്പിക്കുമ്പോള്‍, മോദി ഹിന്ദിയുടെ പ്രാദേശിക ഭാഷാശൈലി ഉപയോഗിക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ പ്രശ്‌നം. ജയ്‌റാം രമേശും ശശി തരൂരും അവരെ പോലെയുള്ളവരും (മുതിര്‍ന്ന നേതാവ് പി ചിദംബരത്തെ പോലുള്ളവര്‍ ഉള്‍പ്പെടെ) മൂര്‍ച്ചയേറിയ വാദങ്ങളും പ്രബലമായ വിമര്‍ശനങ്ങളുമായി മുന്നോട്ട് വരാറുണ്ടെങ്കിലും ഒരു രാഷ്ട്രീയ യുദ്ധക്കളത്തില്‍ അത് കുതിരപ്പടയോ ആയുധപ്പുരയോ ആകുന്നില്ല. മറിച്ച് ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. താന്‍ ഉറപ്പായും എന്തല്ലെന്ന് പ്രിയങ്ക ഗാന്ധിക്ക്, മൗവ മൊയ്ത്ര കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന, ഇടത്തരക്കാരായ ശ്രോതാക്കള്‍ക്കിടയിലെങ്കിലും കോണ്‍ഗ്രസിന് ഇടം ലഭിക്കണമെങ്കില്‍, സര്‍ക്കാര്‍ വരുമാനം ഗണ്യമായി ഒലിച്ചുപോകുന്നത് എല്ലാവരും കാണുന്ന സാഹചര്യത്തില്‍ യുക്തിസഹമായ ഉത്തരങ്ങളുമായി മുന്നോട്ട് വരാന്‍ അവര്‍ക്ക് സാധിക്കണം. ഒരു നാടകീയ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ വ്യവസായങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ അവര്‍ക്ക് വേതനമുള്‍പ്പെടെയുള്ള സ്ഥാവര ചിലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരും. അത്തരം യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പരിഹാരങ്ങളും വിമര്‍ശനങ്ങളും മുന്നോട്ട് വയ്ക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത് വളരെ കൂടുതലാണോ?.

(ഐപിഎസ്എം ഫൌണ്ടേഷന്റെ നിബന്ധനകള്‍ പ്രകാരം ദി പ്രിന്റില്‍ വന്ന ലേഖനം അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories