TopTop
Begin typing your search above and press return to search.

ആദ്യ സംപ്രേഷണത്തിന് ശേഷം പള്ളി പൊളിച്ചു, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയായി; പൗരത്വ നിയമക്കാലത്ത് ഹിന്ദുത്വ ഭരണകൂടം രാമായണവുമായി വീണ്ടുമെത്തുമ്പോള്‍

ആദ്യ സംപ്രേഷണത്തിന് ശേഷം പള്ളി പൊളിച്ചു, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയായി; പൗരത്വ നിയമക്കാലത്ത് ഹിന്ദുത്വ ഭരണകൂടം രാമായണവുമായി വീണ്ടുമെത്തുമ്പോള്‍

മൂന്ന് പതിറ്റാണ്ടിലേറെക്കാലം മുമ്പാണ് ദൂരരദര്‍ശനില്‍ രാമായണം സംപ്രേഷണം ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ ജനുവരി 1987 ലായിരുന്നു ഇന്ത്യന്‍ ടെലിവിഷനെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും തന്നെ പിന്നീട് മാറ്റി മറിച്ച സംപ്രേഷണം ഇന്ത്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ ആരംഭിച്ചത്. അതിന് ശേഷം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാമായണം സംപ്രേഷണം ചെയ്യുകയാണ്. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നത്. കൊറോണക്കാലത്ത് രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിന് വിധേയമായി, ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ അവര്‍ക്ക് കാണാന്‍ നല്‍കാവുന്ന ഏറ്റവും നല്ല ദൃശ്യവിരുന്നാണ് രാമായണമെന്ന് സര്‍ക്കാരിനും തോന്നിക്കാണും. എല്ലാവരും രാമായണം കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുമുണ്ട്.

രാമായണം സംപ്രേഷണം ചെയ്തതിന് ശേഷം ഇന്ത്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ അന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തതാണ്. ആ സംപ്രേഷണം തന്നെ അതുവരെ തുടര്‍ന്നുവന്ന സമീപനത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. മതേതര രാജ്യമായ ഇന്ത്യയുടെ ഔദ്യോഗിക മാധ്യമം അന്ന് വരെ ഏതെങ്കിലും മതഗ്രന്ഥത്തെ ആധാരമാക്കിയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നില്ല. അങ്ങനെയൊരു തീരുമാനം എടുക്കുന്നതില്‍ ദുരദര്‍ശനില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നുവത്രെ. എന്തായാലും ഇന്ത്യന്‍ സമൂഹത്തിന്റെ വലതുപക്ഷത്തേക്കുള്ള നീക്കത്തിന് ആക്കം കൂട്ടിയ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് തന്നെ രാമായണം സംപ്രേഷണം ചെയ്യപ്പെട്ടു. ഇന്ത്യയില്‍ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറ പാകിയതില്‍ രാജീവ് ഗാന്ധിയോളം സംഭാവന മാറ്റാര്‍ക്കും ഉണ്ടാകാനിടയില്ല.
രാമായണം ഒരു ഇതിഹാസമെന്ന നിലയില്‍ വെറുതെ സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നില്ല. അതിന്റെ പാശ്ചാത്തലമായി ബാബ്‌റി മസ്ജിദിനെതിരായ നീക്കം ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്നുണ്ടായിരുന്നു. രാജീവ് ഗാന്ധി തന്നെ മസ്ജിദിന്റെ വാതില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് തുറന്നുകൊടുത്തിട്ടുണ്ടായിരുന്നു. ബിജെപിയുടെ കാര്‍മ്മികത്വത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം പതുക്കെ വളര്‍ന്നുവരികയായിരുന്നു. അതിന് പറ്റിയ എല്ലാ സാഹചര്യങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഫലത്തില്‍ നല്‍കുന്നുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച രീതിയില്‍ പള്ളിയുടെ വാതില്‍ തുറന്നു നല്‍കിയത് ഉള്‍പ്പെടെ. ഷഹബാനു കേസില്‍ മൂസ്ലീം യാഥാസ്ഥിതികത്വത്തിന് കീഴടങ്ങിക്കൊണ്ട് രാജീവ് ഗാന്ധി നടത്തിയ നിയമ ഭേദഗതിയും സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതായത് വര്‍ഗീയ ധ്രൂവീകരണത്തിനുള്ള എല്ലാ അന്തരീക്ഷവും അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. . അവിടെയ്ക്കാണ് രാമായണം അവതരിച്ചത്. ഇന്ത്യയില്‍ ടെലിവിഷന്‍ പതുക്കെ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. സ്വകാര്യ ടെലിവിഷനുകൾ അന്നുണ്ടായിരുന്നില്ല.
രാമയാണത്തിന് രാമാനന്ദ സാഗര്‍ നല്‍കിയ വ്യാഖ്യാനം ഹിന്ദുത്വ പ്രസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ നിലയിലായിരുന്നുവെന്ന് പിന്നീട് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. 'ഹിന്ദുയിസത്തെ അതിന്റെ മിത്തോളജിയുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കുമ്പോഴും ദേശീയതയുടെ അടിസ്ഥാനമായി അതിനെ അവതരിപ്പിക്കുകയായിരുന്നു രാമായണം സീരിയൽ ചെയ്തത്. 80 കളില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹ്യ വിഭാഗത്തിന് അവര്‍ക്ക് സ്വയം ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ഹിന്ദുത്വ ദേശീയതയേയും അത് നല്‍കി. രാജ്യത്തിന്റെ പ്രതിബിംബമായി ഈ ദേശീയതയെ അവതരിപ്പിക്കപ്പെട്ടു' , ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ പ്രധാനമായ 'Khakhi Shorts and Saffron Flags' എന്ന പുസ്തകം രാമായണം സംപ്രേഷണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഇന്ത്യയുടെ ബഹുസ്വരതയെ മറികടന്ന ഒരു ഏകീകൃത സംസ്‌ക്കാര ധാര ഉണ്ടാക്കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രമമായിട്ടായിരുന്നു റൊമിലാ ഥാപ്പറിനെ പോലുള്ള ചരിത്ര പണ്ഡിതര്‍ രാമായണം സംപ്രേഷണത്തെ കണ്ടത്. 'രാഷ്ട്രത്തിന്റെ സംസ്‌ക്കാരം വ്യത്യസ്ത വിഭാഗങ്ങളുടെ കുടിയാണെന്ന് അംഗീകരിച്ചാല്‍ വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ക്ക് കൂടി ഭരണകൂടം ചെവി കൊടുക്കേണ്ടിവരുമെന്നാണ്' റൊമിലാ ഥാപ്പര്‍ അന്ന് എഴുതിയത്.( The Ramayana Syndrome- Romila Thaper). അത്തരമൊരു ചെവികൊടുക്കലിന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. അതായത് ഒരൊറ്റ ജനതയ്ക്കായുള്ള കളമൊരുക്കൽ ഇതിൻ്റെ ഭാഗമായി നടന്നുവെന്ന്.
രാജീവ് ഗാന്ധി ഭരണകൂടം ഇതിലൂടെ ആഗ്രഹിച്ചത് ഹിന്ദുയിസത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണെങ്കിലും രാമായണ സംപ്രേഷണമടക്കമുള്ള നടപടികളുടെ ഗുണഭോക്താവായത് സ്വാഭാവികമായും ബിജെപിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിക്കുകയും നിരവധി കലാപങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത എല്‍ കെ അദ്വാനിയുടെ രഥയാത്രയില്‍ ഉപയോഗിച്ച ബിംബങ്ങള്‍ പോലും സീരിയലിന്റെ സ്വഭാവമായിരുന്നു. 'രാമായണ' ത്തിന്റെ ജനപ്രിയത ബിജെപിയും ആര്‍എസ്എസ്സും വിഎച്ചിപിയുമെല്ലാം വലിയ രീതിയില്‍ ഹിന്ദുത്വ പ്രചാരണത്തിന് ഉപയോഗിച്ചു. രാമാനന്ദ സാഗര്‍ വി എച്ച് പിയുടെ യോഗങ്ങളില്‍ പങ്കെടുത്തു.


അതായത് 1984 ലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ഒരു കാലത്തും ബിജെപി അധികാരത്തില്‍ വരില്ലെന്ന രാഷ്ട്രീയ വിശ്വാസത്തെ അട്ടിമറിക്കുന്നതിലേക്കും രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനും ഹിന്ദുത്വ ശക്തികള്‍ക്ക് രാമായണം സംപ്രേഷണ സഹായകരമായി എന്നതാണ് ശ്രദ്ധേയം. 1984 ൽ രണ്ട് സീറ്റും മൂന്ന് ശതമാനം വോട്ടുമായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. രാമായണം സംപ്രേഷണം ഉള്‍പ്പെടെയുള്ള ടെലിവിഷന്റെ രീതികള്‍ എങ്ങനെയാണ് രാജ്യത്ത് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകരമായത് എന്നത് സംബന്ധിച്ച് ഉജ്ജ്വലമായ പഠനം നടത്തിയ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ അരവിന്ദ് രാജഗോപാല്‍ തന്റെ വിഖ്യാത കൃതിയായ 'Politics after Television :Hindu Nationalism and the Reshaping of the Indian Public' എന്ന പുസ്തകത്തില്‍ ഇതിന്റെ പ്രത്യാഘാതം വിശദീകരിക്കുന്നുണ്ട്. പ്രത്യേക സമയത്താണ് രാമായണം സംപ്രേഷണം ചെയ്തത്. അന്ന് ദുരദര്‍ശന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരും രാമായണം കണ്ടു. അല്ലെങ്കില്‍ ഒന്നും കാണാതിരുന്നു. ഹിന്ദു സംസ്‌ക്കാരത്തിന്റെ ആധുനികകാല പുനരാവിഷ്‌ക്കാരത്തിന് തയ്യാറായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇതോടൊപ്പം സൃഷ്ടിക്കപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി (അതായത് ബിജെപി ) ഇതിന്റെയൊക്കെ സ്വാഭാവിക തുടര്‍ച്ചയായും കണ്ടു.
അരവിന്ദ് രാജഗോപാലിന്റെ പഠനത്തിന്റെ പ്രധാന സവിശേഷത അത് ഇന്ത്യയിലെ ഉദാരവല്‍ക്കരണത്തിന്റെ തുടക്കത്തെയും ഹിന്ദുത്വത്തിന്റെ വളര്‍ച്ചയും സമാനമായി കണ്ടുവെന്നതാണ്. ഉദാരവല്‍ക്കരണം കെട്ടഴിച്ചുവിട്ട മധ്യവര്‍ഗ മോഹങ്ങള്‍ തന്നെയാണ് രാമായണം സീരിയലിന്റെ ആരാധകരായും പിന്നീട് ഹിന്ദുത്വത്തിന്റെ പോരാളികളുമായി മാറിയത് എന്നത് വളരെ ശ്രദ്ധേയമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ധനമൂലധന ശക്തികളുടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ കക്ഷിയായി ബിജെപി മാറുമ്പോള്‍ ഈ വിലയിരുത്തലിന് പ്രസക്തിയേറെയാണ്. 1980കളുടെ അവസാനം ഇന്ത്യയിൽ രണ്ട് പൂട്ടുകളാണ് തുറക്കപ്പെട്ടത്, ഒന്ന് ബാബ്റി മസ്ജിജിദിൻ്റെയും, മറ്റേത് വിപണിയുടേതും എന്ന അരുന്ധതി റോയിയുടെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.
രണ്ടാം തവണയും രാമായണം വരുമ്പോള്‍ അദ്വാനിയുടെ യാത്ര എല്ലാ അര്‍ത്ഥത്തിലും വിജയം കണ്ടെത്തിയിരിക്കുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ചു. വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിലെത്തി. നേരത്തെ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമം രാമായണം സംപ്രേഷണം ചെയ്യുന്നതിലായിരുന്നു അസ്വാഭാവികത കണ്ടതെങ്കില്‍ പള്ളി പൊളിച്ച സ്ഥലത്ത് തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ മതേതര ഇന്ത്യയുടെ സുപ്രീം കോടതി തന്നെ നിര്‍ദ്ദേശിക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് രണ്ടാമതും രാമയാണം വരുന്നത് എന്നതാണ് ശ്രദ്ധേയം. ദുരദര്‍ശനില്‍ 1987 ല്‍ രാമായണം സംപ്രേഷണം ചെയ്യുന്നതില്‍ വലിയ അസ്വാഭാവികതയുണ്ടായിരുന്നുവെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതിയുടെ വിധിയില്‍ അത്ര വലിയ അലോസരമൊന്നും ഇന്ത്യന്‍ സമൂഹം കാണിച്ചില്ലെന്നത് ഹിന്ദുത്വം സാര്‍വത്രികമായി നേടിയ സ്വാധീനത്തിന്റെ ഫലമാണ്.
ഇങ്ങനെ ഇന്ത്യയുടെ സകലമാന സംവിധാനങ്ങളിലും ഹിന്ദുത്വം ആധിപത്യം നേടിയ ഘട്ടത്തിലാണ് വീണ്ടും രാമായണം അവതരിപ്പിക്കപ്പെടുന്നത്. പൗരത്വ നിയമത്തിനെതിരെ, ഇന്ത്യന്‍ ബഹുസ്വര സമൂഹം ചെറുത്തുനില്‍പ്പ് നടത്തുമ്പോഴാണ് വീണ്ടും 'വീര'നായ ആക്രമോല്‍സുകനായ രാമന്‍ വീടുകളിലേക്ക് കടന്നുവരുന്നതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ നവലിബറല്‍ വികസനത്തിന്റെ പരിഗണനകളില്‍ ഇല്ലാതായി പോയ പതിനായിരങ്ങള്‍ കൊട്ടിയടക്കപ്പെട്ട നഗരങ്ങളില്‍നിന്ന് തിരിച്ചുനടക്കുമ്പോഴാണ് ഒന്നു കൂടി രാമായണം കാണാന്‍ കേന്ദ്രമന്ത്രിമാര്‍ കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്നവരോട് പറയുന്നതെന്നതും പ്രധാനമാണ്. ഇവിടെയും ഹിന്ദുത്വവും നവലിബറസവും മറ്റൊരർത്ഥത്തിൽ ബന്ധപ്പെടുന്നു.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories