TopTop
Begin typing your search above and press return to search.

കൊടിയേരിയുടെ അമ്പും മുല്ലപ്പള്ളിയുടെ കൂരമ്പും, ആര്‍ എസ് എസിന്റെ 'മസ്തിഷ്കപ്രക്ഷാളന സിദ്ധാന്ത'ത്തെ കുറിച്ച് ചില വിചാരങ്ങള്‍, ഒപ്പം ഒരു 'ഗൂഢ പദ്ധതി'യെ കുറിച്ചുള്ള വെളിപ്പെടുത്തലും

കൊടിയേരിയുടെ അമ്പും മുല്ലപ്പള്ളിയുടെ കൂരമ്പും, ആര്‍ എസ് എസിന്റെ

കേരളത്തിൽ കോവിഡ് കാലം രാഷ്ട്രീയ ഡി എൻ എ പരിശോധനയുടേതു കൂടിയാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിവെച്ച അത് ബൂമറാങ് ചെയ്തു സി പി എം കോട്ടയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർ എസ് എസ്സിന്റെ മാനസപുത്രൻ ആണെന്നും അദ്ദേഹത്തിനെ കേരളത്തിൽ മുഖ്യമന്ത്രിയാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും പറഞ്ഞു തുടങ്ങിയ കോടിയേരി ചെന്നിത്തലയുടെ ആർ എസ് എസ് ബന്ധം സ്ഥാപിക്കാനായി കണ്ടെത്തിയത് രമേശിന്റെ അച്ഛൻ രാമകൃഷ്ണൻ നായർക്കു ആർ എസ് എസ്സുമായി ബന്ധമുണ്ട് എന്നായിരുന്നു. എന്നാൽ തൊട്ടു പിന്നാലെ സി പി എം പോളിറ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള (എസ് ആർ പി) ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ആർ എസ് എസ് ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് ആയിരുന്നു എന്ന വാർത്തയുമായി ബി ജെ പി മുഖപത്രം ' ജന്മഭൂമി' രംഗത്തുവരികയും കോൺഗ്രസ് മുഖപത്രം ' വീക്ഷണം ' അതേറ്റുപിടിക്കുകയും ചെയ്തു. പതിനാറു തികയും മുൻപ് താൻ രണ്ടു വര്ഷം ആർ എസ് എസ് ശാഖയിൽ പ്രവർത്തിച്ചിരുന്നുവെന്നു എസ് ആർ പി സമ്മതിച്ചതോടുകൂടി കോൺഗ്രസിനു വലിയ ആശ്വാസം ആയെന്നുവേണം കരുതാൻ.

കേന്ദ്രത്തിൽ ബി ജെ പി യോടും കേരളത്തിൽ സി പി എമ്മിനോടും സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇരു കൂട്ടർക്കുമെതിരെ ആഞ്ഞടിക്കാൻ പോന്ന ഒരു സുവർണാവസരം വീണുകിട്ടിയതും ഇവിടെ നിന്നായിരുന്നു. രമേശിനെതിരെ കോടിയേരി ആഞ്ഞു വീശിയപ്പോൾ മറ്റു കോൺഗ്രസ് നേതാക്കളൊക്കെ മാളത്തിലൊളിച്ചപ്പോൾ സുരക്ഷാ കവചം തീർക്കാൻ മുന്നോട്ടു വന്ന ആളാണ് മുല്ലപ്പള്ളി എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ടു തന്നെ കിട്ടിയ അവസരം നന്നായി തന്നെ വിനിയോഗിക്കാനുള്ള പുറപ്പാടിലാണ് മുല്ലപ്പള്ളി. എസ് ആർ പി യുടെ പൂർവാശ്രമം മുല്ലപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര പ്രശ്നമല്ല. ആർ എസ് എസ് ശാഖകൾ മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങളാണെന്നും രണ്ടു വര്‍ഷമെങ്കിൽ രണ്ടു വര്‍ഷം മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയനായ ഏതൊരാളുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു ഹൈന്ദവ വികാരം അണയാതെ നിലനിൽക്കുമെന്നും ഇത് രാമചന്ദ്രൻ പിള്ളയുടെ കാര്യത്തിലും ബാധകമാണെന്നും മുല്ലപ്പള്ളി തറപ്പിച്ചു പറയുന്നു.

രാമചന്ദ്രൻ പിള്ള മാത്രമല്ല കേരളത്തിലെ പല സി പി എം നേതാക്കളിലും ഹൈന്ദവ വികാരം ജ്വലിച്ചു നിൽക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. എന്നാൽ രാമചന്ദ്രൻ പിള്ളയുടെ പൂർവാശ്രമം മാത്രമല്ല മുല്ലപ്പള്ളിയുടെ ഇപ്പോഴത്തെ തുറുപ്പുശീട്ട്. കേരള നിയമസഭയിൽ ബി ജെ പി യുടെ അംഗബലം വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലുമൊത്തു കേരളത്തിലെ ഉന്നത സി പി എം നേതാക്കളുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്നാണ് മുല്ലപ്പളിയുടെ ആരോപണം. സി പി എം കേന്ദ്ര നേതൃത്വത്തെയും ബി ജെ പി കേരള നേതൃത്വത്തെയും ഇരുട്ടിൽ നിറുത്തിക്കൊണ്ടാണത്രെ ഇത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ് എൻ സി ലാവ്‌ലിൻ കേസ് വലിച്ചു നീട്ടിക്കൊണ്ടു പോകുന്നത് ഇതിന്റെ ഭാഗമായാണെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. മനോരമ ചാനലിന്റെ രാഷ്ട്രീയ സംവാദ പരിപാടിയായ 'നേരെ ചൊവ്വേ ' യിലാണ് മുല്ലപ്പള്ളി തന്റെ പുതിയ തുറുപ്പുശീട്ട് പുറത്തെടുത്തത്.

സത്യത്തിൽ എസ് ആർ പിയുടെ കുട്ടിക്കാല ആർ എസ് എസ് ബാന്ധവവും കോടിയേരി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലക്കെതിരെ ആരോപിച്ച കേരളത്തിലെ സംഘ പരിവാർ നേതൃത്വം ചെന്നിത്തലയോട് വെച്ചുപുലർത്തുന്ന മൃദു സമീപനവും രണ്ടും രണ്ടാണെന്ന് അറിയാഞ്ഞിട്ടല്ല മുല്ലപ്പള്ളിയുടെ 'മസ്തിക പ്രക്ഷാളന' സിദ്ധാന്തവും മറ്റും എന്നത് ജോണി ലൂക്കോസിന്റെ ഇതു സംബന്ധിച്ചു ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറുന്നു എന്നതിൽ നിന്നും വ്യക്തമാണ്. എന്തുകൊണ്ട് രമേശിനെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല എന്ന ചോദ്യത്തിന് കെ പി സി സി പ്രസിഡണ്ട് എന്ന നിലയിൽ താൻ തന്നെ രംഗത്ത് വന്നില്ലേ എന്ന മറു ചോദ്യത്തിൽ എല്ലാം ഒതുക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളിയിൽ നിന്നും ഉണ്ടായതെന്നതും ശ്രദ്ധേയം. അടുത്ത തിരെഞ്ഞെടുപ്പിൽ കേരളത്തിൽ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും പ്രതിപക്ഷ നേതാവിനെ ആ സ്ഥാനത്തേക്ക് നിയോഗിക്കുന്ന കീഴ്വഴക്കം ഇല്ലേയെന്ന ചോദ്യത്തിനുമൊന്നും കൃത്യമോ വ്യക്തമോ ആയ മറുപടി മുല്ലപ്പള്ളിയിൽ നിന്നും ഉണ്ടായതുമില്ല. കെ പി സി സി പ്രസിഡണ്ട് എന്ന നിലയിൽ കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ ഉജ്വല വിജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാക്കി എടുക്കുക എന്നതാണ് തന്റെ ഏക ദൗത്യം എന്നു ആവർത്തിച്ച മുല്ലപ്പള്ളി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമോ എന്നു ആവർത്തിച്ചുള്ള ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല.

രമേശ് ചെന്നിത്തലയും കോൺഗ്രസും ആയി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖം തിരിച്ച മുല്ലപ്പള്ളിയുടെ ശ്രദ്ധ മുഴുവൻ അടുത്ത നിയമ സഭ തിരെഞ്ഞെടുപ്പിൽ കേന്ദ്ര ബി ജെ പി യും കേരള സി പി എമ്മും തമ്മിൽ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിക്കുന്ന രഹസ്യ ധാരണ സ്ഥാപിച്ചെടുക്കുന്നതിൽ മാത്രമായിരുന്നു. പ്രസ്തുത ധാരണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പത്തു നിയോജക മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഇതിൽ ചുരുങ്ങിയത് അഞ്ചിടത്തെങ്കിലും ബി ജെ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പറയുന്ന മുല്ലപ്പള്ളി ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം കേരള ബി ജെ പി യെ വിശ്വാസത്തിൽ എടുക്കാതിരിക്കുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര നേതൃത്വത്തിന് കേരള നേതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ തല്ക്കാലം അസ്ഥിരപ്പെടുത്താൻ അമിത് ഷാ ആഗ്രഹിക്കുന്നില്ലെന്നും ഇതിനു പിന്നിലെ കാരണവും കേരള സി പി എം നേതൃത്വവുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണ ആണെന്നുമാണ് മുല്ലപ്പള്ളിയുടെ വാദം.

ബി ജെ പി , സി പി എം രഹസ്യ ധാരണക്കു കാരണമായി മുല്ലപ്പള്ളി നിരത്തുന്ന രണ്ടു പ്രധാന വാദങ്ങളിലൊന്ന് ബി ജെ പി മുഖ്യ ശത്രുവായി കാണുന്നത് കോൺഗ്രസിനെ ആണെന്നതാണ്. രണ്ടാമത്തേതാവട്ടെ കമ്മ്യൂണിസ്റ്റുകളും സംഘ പരിവാറും മുൻപും കോൺഗ്രസിനെതിരെ യോജിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്നതാണ്. 1991 ൽ കോൺഗ്രസ് നേതാവ് കെ കരുണാകരനും ബി ജെ പി നേതാവ് കെ ജി മാരാരും ചേര്‍ന്നുണ്ടാക്കിയ രഹസ്യ ധാരണയും 2016 ലെ നിയസഭ തിരെഞ്ഞെടുപ്പിൽ നേമത്തു ബി ജെ പി യുടെ ഓ രാജഗോപാൽ വിജയിക്കാൻ ഇടയായതുമൊന്നും മുല്ലപ്പള്ളിക്ക് വിശദീകരിക്കേണ്ടതായി വന്നില്ല. അത്തരം ചോദ്യങ്ങൾ ഒരു പക്ഷെ ചോദ്യ കർത്താവ് മനഃപൂർവം ഒഴിവാക്കിയതുമാകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories