TopTop
Begin typing your search above and press return to search.

മഹാമാരി, സ്വവര്‍ഗ പ്രണയം, തത്വചിന്ത, ബംഗാളില്‍ നിന്നെത്തിയ കോളറ; കൊറോണക്കാലത്ത് 'ഡെത്ത് ഇന്‍ വെനീസ്' ഇങ്ങനെ വായിക്കാം

മഹാമാരി, സ്വവര്‍ഗ പ്രണയം, തത്വചിന്ത, ബംഗാളില്‍ നിന്നെത്തിയ കോളറ; കൊറോണക്കാലത്ത് ഡെത്ത് ഇന്‍ വെനീസ് ഇങ്ങനെ വായിക്കാം

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍ : ആദ്യഭാഗങ്ങള്‍ ഇവിടെ -(1)

ഹോമര്‍, സോഫോക്ലിസ്, ത്യൂസിഡീഡ്‌സ്... കൊറോണ കാലത്ത് മഹാവ്യാധികാല രചനകളിലൂടെ ഒരു സഞ്ചാരം

, (2)

സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക'

(3)

രതിയും മൃതിയും നന്മതിന്മകളും; പ്ലേഗ് കാലത്ത് ഡെക്കാമറോണ്‍ കഥന ചികിത്സ നടത്തിയ ആശ്ലേഷങ്ങള്‍]

ഭാഗം 4

യാഥാര്‍ത്ഥ്യവും കല്‍പ്പനയും ഇടകലര്‍ന്ന വഴികളിലൂടെ സഞ്ചരിച്ച് മനുഷ്യാവസ്ഥയെന്ന അപരിമേയ നിഗൂഢതകളിലേക്കുള്ള ദൂരം താണ്ടുകയാണ് 'വെനീസിലെ മരണം' (Death in Venice) എന്ന കൃതിയില്‍ തോമസ് മന്‍. വ്യാവഹാരികതയുടെ ബൃഹദാകാശവും അതിന്റെ അടരുകളില്‍ ദൃശ്യവും അദൃശ്യവുമാകുന്ന പ്രണയവും അന്വേഷണങ്ങളും യാത്രകളും കലഹവും രാഷ്ട്രീയവും ഒക്കെ ചേര്‍ന്ന പുസ്തകം. മഹാമാരി, സ്വവര്‍ഗ പ്രണയം, തത്വചിന്തയുടെ അപരിമേയങ്ങളായ അടരുകള്‍, മിത്തോളജിയുടെയും ഫ്രോയിഡിയന്‍ മന:ശാസ്ത്ര കല്പനകളുടേയും അതിഭാരങ്ങള്‍... വിവിധങ്ങളായ മേലാപ്പുകളില്‍ ഒക്കെയും തികഞ്ഞ ആഭയോടും നിപുണതയോടും ഉള്‍ക്കാഴ്ചയോടും അടുക്കിയിരിക്കുന്നു. മന്നിന്റെ മാജിക്കല്‍ മൗണ്ടന്‍ പോലുള്ള രചനകളുടെ തലത്തില്‍ കൊണ്ടാടപ്പെട്ടിട്ടില്ലാത്തതെങ്കിലും പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഈ പുസ്തകം. ഏറെ പ്രകോപനങ്ങളും പാഠാന്തരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് പ്രതിഭയുടെ വജ്രത്തിളക്കം പകരുന്ന ഈ കൃതി.

വെനീസിലെ മരണം പുറത്തിറങ്ങിയ കാലത്ത് പലരും ഇതെന്തു പുസ്തകം എന്ന് മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ട്. അക്കാലത്തിനു പിടിക്കാത്തത് പലതും ആ നോവല്ലയില്‍ ഉണ്ടായിരുന്നു. തോമസ് മന്നിന്റെ ഭാര്യ കാട്യ മന്നി (Katia Mann)ന്റെ അമ്മാവനും പ്രിവി കൗണ്‍സിലറുമായിരുന്ന പ്രഫ. ഫ്രൈഡ്‌ബെര്‍ഗ് തന്നെ ആശ്ചര്യത്തോടെ മൂക്കത്ത് വിരല്‍വെച്ച് ഇതെന്തൊരു കഥ! ഭാര്യയും കുടുംബവും ഒക്കെയുള്ളയാള്‍ക്ക് പറ്റുന്നതാണോ എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് ('What a story! And a married man with a family!'') ചോദിച്ചുവത്രെ. കാട്യയയുടെ ഓര്‍മ്മക്കുറിപ്പ് പുസ്തകമായ 'എഴുതപ്പെടാത്ത ഓര്‍മ്മകള്‍' (Unwritten Memories) ല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അത്രമേല്‍ പ്രകോപനം സൃഷ്ടിച്ച രചനയായിരുന്നു വെനീസിലെ മരണം. ഷെനേയെ പോലുള്ളവരുടെ കൂടുതല്‍ തുറന്നെഴുത്തുകള്‍ പില്‍ക്കാലത്താണ് ഉണ്ടാകുന്നത്.

വളരെ വ്യത്യസ്തമായ പ്രമേയങ്ങളെ അഗാധ വാങ്മയങ്ങളിലൂടെയും രചനാ കുശലതയോടെയും യാഥാര്‍ത്ഥ്യമാക്കിയ എഴുത്താളരാണ് തോമസ് മന്‍. ചിന്തയുടെ മുഴക്കങ്ങള്‍ പോലെ തന്നെ സവിശേഷമായ ക്രാഫ്റ്റും ആ ജര്‍മന്‍ എഴുത്തുകാരന്റെ രചനകളെ ഉദാത്തീകരിക്കുന്നു. അഗാധത്തില്‍ നിന്നും വാക്കുകള്‍ മുങ്ങിത്തപ്പിയെടുത്ത്, അവയെ പരമാവധി ധ്വനനശേഷിയോടെ ചേര്‍ത്തുവെയ്ക്കുന്ന, ധിഷണയുടെ അപൂര്‍വ പ്രസാദങ്ങള്‍.

ലോകമെങ്ങും ഭീതിയും ആശങ്കകളും പടര്‍ത്തി പടരുന്ന കോവിഡ് 19-ന്റെ കാലത്ത് വെനീസിലെ മരണം വായനയ്‌ക്കെടുക്കുമ്പോള്‍ ആ പുസ്തകം നമ്മുടെ നാടുമായി മറ്റൊരു തരത്തില്‍ കൂടി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ദേശചക്രങ്ങളില്‍ മരണത്തിന്റെ ഭൗതിക പശ്ചാത്തലം ഒരുക്കിയ മഹാമാരിയായ കോളറ അക്കാലത്ത് വെനീസിലേക്ക് എത്തിയത് ഇന്ത്യയില്‍ നിന്നായിരുന്നു. കോളനിവത്കൃത സമൂഹത്തിന്റെ മറ്റൊരു സ്വത്വ-രാഷ്ട്രീയ പ്രതിസന്ധി കൂടി, ബഹുവിധ മാനങ്ങളുള്ള പാരായണം സാധ്യമാക്കുന്ന ഒരു മോട്ടീഫായി കടന്നുവരുന്നുമുണ്ട്. കോളനിവത്കൃത ലോകത്തിന്റെ മേധാരാഷ്ട്രീയവും വിഡംബനങ്ങളും ഒക്കെ 'വെനീസിലെ മരണ'ത്തെരുവുകളില്‍ നമ്മള്‍ കാണുന്നു.

മഹാമാരി, അസാധാരണമായ ബന്ധങ്ങളും കാമനകളും, കലയുടെ സഹജമായ നിഗൂഢതകള്‍ തേടിയുള്ള അലച്ചിലുകളും സന്ദേഹങ്ങളും ഒക്കെ നിറയുന്ന കൃതിയാണ് വെനീസിലെ മരണം. മഹാമാരിയും സ്വവര്‍ഗ പ്രണയവും മിത്തുകള്‍ക്കും ചരിത്രഘട്ടങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരങ്ങളും ഒക്കെ വിപല്‍ക്കരമായ ഒരു കാലത്തിന്റെ സാക്ഷ്യവും ഏറ്റുപറച്ചിലുമാണ്.

യാഥാര്‍ത്ഥ്യങ്ങളിലൂടെ കല്‍പ്പനകളിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്യുന്ന എഴുത്തുകാരന്‍ ഏറെ വിഭ്രമങ്ങളുള്ള ഇടത്തേയും കാലത്തേയും അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഗുസ്‌തേവ് വന്‍ ആഷന്‍ബാഗ് (Gustav von Aschenbach) എന്ന മധ്യവയസ്‌ക്കനായ ജര്‍മന്‍ എഴുത്തുകാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന തോമസ് മന്‍, കലയും സഹജ പ്രകൃതിയും മഹാമാരിയും ഒക്കെ ചേര്‍ന്നുള്ള ലോകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സൂസണ്‍ സൊണ്‍ടാഗ് രോഗം എന്ന രൂപകം (Illness as Metaphor) എന്ന കൃതിയിലൂടെ മുന്നോട്ട് വെച്ച കല്പന കടം കൊണ്ടാല്‍, മുന്‍പ് സൂചിപ്പിച്ചവയൊക്കെ 'വെനീസിലെ മരണ'ത്തിലെ അതിരൂപകങ്ങള്‍ (larger metaphor) ആണെന്നു കാണാം. വിശേഷിച്ചും കോളറ എന്ന മഹാമാരി. നായക കഥാപാത്രമായ ആഷന്‍ബാഗിന്റെ ജീവിതവും കോളറ തന്നെ അപഹരിക്കുന്നു.

തോമസ് മന്നിന്റെ അനുഭവങ്ങളുടെ സ്പര്‍ശം ആഖ്യാനത്തിലും ആഖ്യാനപരിസര സൃഷ്ടിയിലും ഒക്കെ പതിഞ്ഞുകിടക്കുന്നുണ്ട്. വസ്തുതയ്‌ക്കൊപ്പം കല്പനയും സമ്മേളിക്കുന്നുവെന്ന് മാത്രം. വിഷയേച്ഛകളില്‍ വല്ലാതെ വ്യാമുഗ്ദ്ധനാണ് ആഷന്‍ബാഗ്. വെനീസില്‍ ചെലവിട്ട അവധി ദിനങ്ങളിലൊന്നില്‍ ടെഡ്‌സിയോ (Tadzio) എന്ന കൗമാരക്കാരനില്‍ ആഷന്‍ബാഗ് മോഹിതനായി. ടെഡ്വൂസ് (Tadesuz) എന്ന പേരിന്റെ ചുരുക്കമായിരുന്നു ടെഡ്‌സിയോ എന്നത്. 1911-ല്‍ തോമസ് മന്‍ വെനീസ് സന്ദര്‍ശിച്ച സമയത്ത് കണ്ട കുട്ടിയുടെ നിഴലുകളാണ് ഈ കഥാപാത്രത്തില്‍ പതിഞ്ഞുകിടക്കുന്നത്. ഇക്കാര്യം കാട്യ മന്‍ തന്നെ തന്റെ ഓര്‍മ്മപുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

''All the details of the story, beginning with the man at the cemetery, are taken from experience… In the dining-room, on the very first day, we saw the Polish family, which looked exactly the way my husband described them: the girls were dressed rather stiffly and severely, and the very charming, beautiful boy of about 13 was wearing a sailor suit with an open collar and very pretty lacings. He caught my husband's attention immediately. This boy was tremendously attractive, and my husband was always watching him with his companions on the beach. He didn't pursue him through all of Venice—that he didn't do—but the boy did fascinate him, and he thought of him often.''

എഴുത്ത് എന്നത് തികഞ്ഞ ഒരു തിരിച്ചറിവും അതിന്റെ പൂര്‍ത്തീകരണവുമാണെന്ന് 'വെനീസിലെ മരണ'ത്തെ മുന്‍നിര്‍ത്തി ആത്മകഥയായ 'എന്റെ ജീവിത ചിത്ര' (A Sketch of My Life)ത്തില്‍ തോമസ് മന്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. മുറിഞ്ഞ ഖണ്ഡങ്ങളായി എഴുത്തുകാരന്റെ സ്വത്വം അതിലുണ്ടാകും. അതായി തന്നെ പൂര്‍ണ്ണവും ആയിരിക്കും. പക്ഷെ അതിന്റെ യാഥാര്‍ത്ഥ്യവത്ക്കരണം പലതുകൊണ്ടും വേദന നിറഞ്ഞതാണ്. കഥയുടെ പദാര്‍ത്ഥങ്ങളെല്ലാം അവിടെ തന്നെ ഉണ്ടാകും. അകത്തേക്കും പുറത്തേക്കുമുള്ള വാതായനങ്ങള്‍ തീര്‍ക്കുന്ന ദൃശ്യം പോലെ. 'വെനീസിലെ മരണ'ത്തിന്റെ കാര്യവും അതു തന്നെ: ''Every piece of work is a realization, fragmentary but complete in itself, of our individuality; and this kind of realization is the sole and painful way we have of getting the particular experience... As inwardly, so outwardly, all the elements of the fable fell into the picture in the most singular way... Nothing is invented in Death in Venice. The 'pilgrim' at the North Cemetery, the dreary Pola boat, the gray-haired rake, the sinister gondolier, Tadzio and his family, the journey interrupted by a mistake about the luggage, the cholera, the uprigth clerk in the travel bureau, the rascally ballad-singer... they were all there there; I had only to arrange them, when they showed at once and in the oddest way their capactiy as elemetns of composition.''

2

യാത്രകള്‍; അകത്തേക്കും പുറത്തേക്കും

വളര ചെറുപ്പത്തില്‍ തന്നെ വിധുരനായി തീര്‍ന്ന ആളാണ് ആഷന്‍ബാഗ്. അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളും ആ വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മ്യൂണിക്കില്‍ ഏവരാലും ആദരിക്കപ്പെടുന്ന എഴുത്തുകാരന്‍. എഴുത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതം. സന്യാസിയെ പോലെയാണ് ജീവിതം നയിച്ചത്. ഒരിക്കല്‍ അദ്ദേഹം മ്യൂണിക്കിലെ നോര്‍ത്ത് സിമിത്തേരിക്കു ചാരെ കൂടി പോവുകയായിരുന്നു. ഒരു നിഗൂഢ സഞ്ചാരിയെ അവിടെ ആഷന്‍ബാഗ് കണ്ടു. വളരെ പരുക്കനായ, ചെമ്പന്‍ മുടികളുള്ള, പതിഞ്ഞ മൂക്കുകളുള്ള, തൊപ്പിവെച്ച ഒരു വിദേശി ക്രോധത്തോടെ തുറിച്ച് നോക്കുന്നു. പൊടുന്നവെ അവിടെ നിന്നും മാറിപ്പോയെങ്കിലും ആ കാഴ്ചയില്‍ അനാദിയായ വന്യത പുരണ്ട എന്തൊക്കെയോ വിചാരങ്ങള്‍ അദ്ദേഹത്തില്‍ നിറച്ചു. അസാധാരണമായ ആ അനുഭവങ്ങളുമായി നടന്ന ആഷന്‍ബാഗ് അതില്‍ നിന്നും പുറത്തുവരാനായി ക്ലേശിച്ചു. ആത്മാക്കളെ അധോലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹെര്‍മ്‌സ് ദേവന്റെ രൂപമായി, കഥയില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഈ ദൃശ്യം പില്‍ക്കാലത്ത് വായിക്കപ്പെട്ടിട്ടുണ്ട്.

എഴുത്തിലുള്ള ഊര്‍ജ്ജം പൊടുന്നവെ നഷ്ടമാകുന്നതുപോലെ ആഷന്‍ബാഗിനും തോന്നി. അതില്‍ നിന്നും പുറത്തുകടക്കാനായി അവധിക്കാല യാത്രയ്ക്കായി അദ്ദേഹം സജ്ജനായി. ആദ്യം ആസ്‌ട്രോ ഹംഗേറിയന്‍ തീരത്തുള്ള പൂലയിലേക്ക് പോകാനാണ് ശ്രമിച്ചതെങ്കിലും വെനീസാണ് തന്റെ ഇടമെന്ന് അദ്ദേഹം പിന്നീട് തിരിച്ചറിയുന്നു. അവിടേക്ക് യാത്രയാകുന്നു. ലിഡോ ദ്വീപിലെ ഗ്രാന്‍ഡ് ഹോട്ടല്‍ ഡെ ബിയന്‍സില്‍ സ്യൂട്ട് മുറി തന്റെ താമസത്തിനായി ഏര്‍പ്പാടാക്കുകയും ചെയ്തു.

ദ്വീപിലേക്കുള്ള കപ്പല്‍ യാത്രയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചില അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടാകുന്നു. ഊര്‍ജ്ജസ്വലരായ യുവാക്കള്‍ക്കൊപ്പം ഇരിക്കുന്ന, വെപ്പുപല്ലുകളും വിഗ്ഗും അലങ്കാര വസ്ത്രങ്ങളും ഒക്കെ ധരിച്ച് സ്വന്തം ചെറുപ്പകാലത്തിലേക്ക് മടങ്ങാനായി വല്ലാതെ ധൃതി കൂട്ടുന്നതുപോലെ ഇരിക്കുന്ന ഒരു വൃദ്ധനെ അവിടെ കണ്ടു. ആഷന്‍ബാഗ് മടുപ്പോടെ മുഖം തിരിച്ചു. പിന്നീട് ചെമ്പന്‍ മുടിക്കാരനായ, മരണത്തിന്റെ മുഖമുള്ള ഒരു തോണിക്കാരനുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കി.

ആഷന്‍ബാഗ് ഹോട്ടലില്‍ എത്തി. അത്താഴ സമയത്ത് അടുത്ത ടേബിളില്‍ ഒരു പോളിഷ് കുടുംബം ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ നാവികന്റെ വേഷം ധരിച്ച ഒരു പതിനാലുകാരനെ അദ്ദേഹം കണ്ടു. ഗ്രീക്ക് പ്രതിമ പോലെ സുന്ദരനായ ബാലകന്‍. കണ്ട മാത്രയില്‍ തന്നെ ആഷന്‍ബാഗ് ആ ബാലകനില്‍ മോഹിതനായി. എന്നാല്‍ അവന്റെ കൂട്ടത്തിലുണ്ടായിരുന്ന സഹോദരിമാരുടെ മുഖത്ത് കന്യാസ്ത്രീകളുടേതു കണക്കെയുള്ള നിര്‍മമ ഭാവം. പിന്നീട് അവരറിയാതെ ആഷന്‍ബക് കടല്‍ത്തീരത്തേക്ക് ആ സംഘത്തെ അനുഗമിച്ചു. ടെഡ്‌സിയോയെന്നാണ് കുട്ടിയുടെ പേരെന്ന് ആഷന്‍ബാഗ് തിരിച്ചറിയുന്നു.

തണുപ്പ് നിറഞ്ഞ ദ്വീപിലെ അന്തരീക്ഷം അദ്ദേഹത്തെ അസ്വസ്ഥനാക്കി. കുറച്ചുകൂടി സുഖകരമായ കാലാവസ്ഥയുള്ള ഇടത്തിലേക്ക് പോകാന്‍ ഒടുവില്‍ ആഷന്‍ബാഗ് തീരുമാനിച്ചു. ആ ദിവസത്തിലും പുലര്‍ച്ചെ ടെഡ്‌സിയോയെ അദ്ദേഹം കണ്ടു. വല്ലാത്തൊരു ഖേദം ആഷന്‍ബാഗിന്റെ മനസ്സില്‍ അപ്പോള്‍ രൂപപ്പെട്ടു. അവിടം വിട്ടു പോകാനായി ആഷന്‍ബാഗ് റെയില്‍വെ സ്‌റ്റേഷനിലെത്തി. അദ്ദേഹം പെട്ടിയെടുക്കാന്‍ മറന്നത് അവസരമാക്കി പഴയ ഹോട്ടലിലേക്ക് മടങ്ങി. അവിടെ എത്തിയ അദ്ദേഹം ഇനി മറ്റൊരിടത്തേക്കും പോകേണ്ടെന്ന് തീരുമാനിച്ചു.

ആഷന്‍ബാഗ് പിന്നീടുള്ള ആഴ്ചകള്‍ വെനീസില്‍ തന്നെ തുടര്‍ന്നു. ആ ദിനങ്ങള്‍ കൊണ്ട് ടെഡ്‌സിയോയോടുള്ള ഇഷ്ടം വല്ലാത്തൊരു ബാധ പോലെ അദ്ദേഹത്തില്‍ രൂപപ്പെട്ടു. അവനറിയാതെ ആ ബാലന്റെ പിന്നാലെ ആഷന്‍ബാഗ് നടന്നു. അവനെ നോക്കി തന്നെ ഏറെ നേരം ചെലവിട്ടു. ഒരു സായന്തനത്തില്‍ ടെഡ്‌സിയോ ആഷന്‍ബാഗിനെ നോക്കി ആകര്‍ഷകമായ മന്ദഹാസം പൊഴിഞ്ഞു. സ്വന്തം നിഴലിനെ നോക്കി മന്ദഹസിക്കുന്ന നാര്‍സിയസാണ് അപ്പോള്‍ ആഷന്‍ബാഗിന്റെ മനസ്സിലേക്ക് എത്തിയത്. കടുത്ത വികാരത്തള്ളിച്ചയോടെ അവിടെ നിന്ന് പുറത്തേക്ക് ഓടിയ ആഷന്‍ബാഗ് മൃദുസ്വരത്തില്‍ വിളിച്ചു പറഞ്ഞു: "ഞാന്‍ നിന്നെ പ്രണയിക്കുന്നു".

അടുത്ത ദിവസത്തില്‍ ആഷന്‍ബാഗ് വെനീസ് നഗര ചത്വരങ്ങളിലേക്കിറങ്ങി. നഗരത്തില്‍ വല്ലാത്തൊരു ഔഷധ ഗന്ധം നിറഞ്ഞിരുന്നു. തനിക്ക് അപരിചിതമായ ഈ ഗന്ധം അണുനാശിനികളുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നഗരത്തില്‍ പരക്കെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പത്രികകള്‍ പതിച്ചിരുന്നു. ആരും കടല്‍കക്കകള്‍ കഴിക്കരുതെന്നൊക്കെയുള്ള ഒരുപിടി നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. ഏതോ ഒരു മഹാമാരിയുടെ വരവിനെ അവര്‍ ഭയക്കുന്നതുപോലെ. എന്നാല്‍ മഹാമാരി മുന്നറിയിപ്പിനെ അവഗണിക്കാനാണ് ആഷന്‍ബാഗിന് ആദ്യം തോന്നിയത്. തന്നില്‍ പങ്കം നിറയ്ക്കുന്ന ടെഡ്‌സിയോടുള്ള അഭിനിവേശം പോലെയാണ് നഗരത്തെ ബാധിക്കുന്ന മഹമാരിയെന്ന ചിന്ത അദ്ദേഹത്തില്‍ തിടം വെച്ചു. വീണ്ടും ഒരു ചെമ്പന്‍ മുടിക്കാരന്‍ ആഷന്‍ബാഗിന് മുന്നിലേക്ക് എത്തി. ഇക്കുറി അത് ഒരു തെരുവ് ഗായകനായിരുന്നു. അയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഗാനാലാപം നടത്തിയിരുന്ന സംഘത്തില്‍ പെട്ടയാളായിരുന്നു ഈ ഗായകന്‍. ഒരു രാത്രിയില്‍ അവരുടെ ഗാനസദ്യ അവിടെ നടന്നു. ഹോട്ടലിന്റെ പൂമുഖത്ത് ടെഡ്‌സിയോയെ ഒളികണ്ണിട്ട് അദ്ദേഹം അവരുടെ പാട്ട് കേട്ടിരുന്നു. ഒരു ക്ലാസിക് ശില്പം പോലെ ടെഡ്‌സിയോ കെട്ടിടത്തിന്റെ മേലെ നിലയില്‍ നിന്നും ഇടയ്ക്കിടെ അയാളേയും നോക്കുന്നുണ്ടായിരുന്നു. ഇരുവരുടേയും മിഴികള്‍ പലവട്ടം കൂട്ടിമുട്ടി. അന്യോന്യമുള്ള ആകര്‍ഷണമായി അത് മാറിക്കഴിഞ്ഞിരുന്നു.

ഇതിനിടെ എന്താണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് കാരണമെന്ന് മനസ്സിലാക്കാന്‍ ആഷന്‍ബാഗ് ശ്രമിക്കുന്നു. ഉഷ്ണവാതമല്ലാതെ മറ്റൊരു പ്രശ്‌നവുമില്ലെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒടുവില്‍ കോളറയാണ് മഹാമാരിയായി എത്തുന്നതെന്ന കാര്യം വ്യക്തമായി. ഒരു ബ്രിട്ടീഷ് ട്രാവല്‍ ഏജന്റില്‍ നിന്നുമാണ് ഇക്കാര്യം മനസ്സിലാക്കിയത്. ടെഡ്‌സിയോയുടെ മാതാവിനോട് കാര്യം പറയണമെന്ന ചിന്ത ഉണ്ടായെങ്കിലും അവര്‍ അവനേയും കൊണ്ട് സ്ഥലം വിട്ടാലോ എന്ന ആലോചനയെ തുടര്‍ന്ന് അത് വേണ്ടെന്ന് വെച്ചു.

ഒരു രാത്രി തീവ്രവൈകാരിക മൂര്‍ച്ഛയുള്ള ഡയണേഷ്യന്‍ കല്പനകള്‍ നിറഞ്ഞ സ്വപ്നം ആഷന്‍ഭാഗ് കണ്ടു. ടെഡ്‌സിയോയോടുള്ള ലൈംഗിക അഭിനിവേശം വെളിപ്പെടുത്തുന്നതായിരുന്നു ആ കിനാവ്. പിന്നീടുള്ള ദിവസങ്ങളില്‍ ആ കുട്ടിയുടെ പിന്നാലെ മറ്റാളുകള്‍ കാണ്‍കെ തന്നെ ആഷന്‍ബാഗ് നടന്നു. അവനെ നിരന്തരം തുറിച്ചുനോക്കി. ഒടുവില്‍ ടെഡ്‌സിയോയുടെ കുടുംബാംഗങ്ങള്‍ അത് ശ്രദ്ധിക്കാന്‍ തുടങ്ങി. അപരിചിതനായ, ഏകാകിയായ ആ മനുഷ്യന്റെ മുന്നില്‍ പോയി പെടരുതെന്ന് അവരവനെ വിലക്കി. എന്നിട്ടും ആഷന്‍ബാഗിന്റെ അഭിനിവേശത്തിന് ഒരു കുറവും ഉണ്ടായില്ല.അയാള്‍ നിശബ്ദമായി അവനെ പ്രണയിച്ചു. ആഷന്‍ബാഗ് അവനോട് ഒരു വാക്കു പോലും ഉരിയാടിയിട്ടില്ല. ഒന്നു തൊടുക പോലും ചെയ്തിട്ടില്ല. അയാള്‍ക്ക് അവനോടുള്ള അഭിവാഞ്ച ടെഡ്‌സിയോ തിരിച്ചറിഞ്ഞതായി ചില സൂചനകള്‍ മാത്രം. അവര്‍ ഇടയ്ക്കിടെ നിഗൂഢമായി കൈമാറിയിരുന്ന മന്ദസ്‌മേരങ്ങള്‍ക്കപ്പുറം ആ ബന്ധത്തില്‍ മറ്റൊന്നും സംഭവിച്ചില്ല.

ആഷന്‍ബാഗ് തന്റെ പ്രായാധിക്യം ബാധിച്ച മുഖത്തേയും ശരീരത്തേയും കുറിച്ച് വല്ലാതെ വ്യാകുലനാകാന്‍ തുടങ്ങി. യുവാവാകണം. അതിനായി എന്ത് ചെയ്യേണ്ടു എന്നായി പിന്നീടുള്ള ചിന്ത. ഹോട്ടലിലെ മുടിവെട്ടുകാരനെ അതിനായി സമീപിച്ചു. നരച്ച മുടികളിലും മുഖത്തും ചായം തേയ്ക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. എല്ലാം കഴിഞ്ഞുനോക്കിയപ്പോള്‍ താന്‍ കപ്പലില്‍ വെച്ചു കണ്ട് വെറുപ്പോടെ മുഖം തിരിച്ച ആളെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നുവെന്ന ആശങ്ക ആഷന്‍ബാഗിനെ ബാധിച്ചു. നിറം പുരണ്ട മുടിയും മുഖവുമായി ഒരു കോമാളി കണക്കെ, ടെഡ്‌സിയോയുടെ നിഴലായി കടുത്ത ഉഷ്ണവാതങ്ങള്‍ക്കു മധ്യേയും അദ്ദേഹം അലഞ്ഞുകൊണ്ടേയിരുന്നു. അത്തരം ഒരു അലച്ചിലുകള്‍ക്കിടയില്‍ നഗര ചത്വരങ്ങള്‍ക്കു മധ്യേവച്ച് ടെഡ്‌സിയോ അയാളുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു. എന്തെന്നറിയാത്ത വൈവശ്യത്തോടെ ആഷന്‍ബാഗ് സ്വസ്ഥതയറ്റവനായി. കടുത്ത ക്ഷീണവും ദാഹവും അദ്ദേഹത്തെ ബാധിച്ചു. കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കഴിച്ചു. അനാഥമായ നഗര ചത്വരത്തില്‍ വല്ലാതെ പഴകിയ സ്‌ട്രോബറി പഴങ്ങളും കഴിച്ചുകൊണ്ട് കുത്തിയിരുന്നു. മ്യൂണിക് ആകെത്തന്നെ ആദരിക്കുന്ന ഒരു എഴുത്തുകാരനാണ് താന്‍ എന്ന കാര്യം അദ്ദേഹം വിസ്മരിച്ചു. ഭ്രാന്തമായ അഭിനിവേശത്തില്‍ അദ്ദേഹം കുഴഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു പ്രഭാതം. ആഷന്‍ബാഗ് ഹോട്ടലിന്റെ ലോബിയിലെത്തി. അദ്ദേഹം മറ്റൊരിക്കലും ഇല്ലാത്തവണ്ണം പരീക്ഷീണനായിരുന്നു, രോഗാതുരനും. ടെഡ്‌സിയോയുടെ കുടുംബം മടക്കത്തിനു തയാറെടുക്കുകയാണെന്നയാള്‍ അറിഞ്ഞു. ആഷന്‍ബാഗ് കടല്‍ത്തീരത്തേക്ക് പോയി. അവിടെ, പതിവ് ചാരുകസേരയില്‍ അയാള്‍ ഇരുന്നു. ടെഡ്‌സിയോയെ കൂടാതെ ഏതാനും ബാലന്മാര്‍ കടല്‍ത്തീരത്ത് ഉണ്ടായിരുന്നു. അവര്‍ കളിക്കുകയായിരുന്നു. വൈകാതെ ജെയ്‌സു എന്ന ബാലനുമായി ടെഡ്‌സിയോ അടിപിടിയായി. ജെയ്‌സു ടെഡ്‌സിയോയെ കീഴ്‌പ്പെടുത്തി. അവന്റെ മുഖം തീരത്തെ മണലില്‍ പൂഴ്ത്തി. തികച്ചും പരാജിതനായ, ചുവന്ന തൊപ്പിയും തൊങ്ങലുകളുള്ള ലിനന്‍ സ്യൂട്ടും ധരിച്ച നഗ്നപാദനായ ടെഡ്‌സിയോ ആ സംഘത്തില്‍ നിന്നും പിന്തിരിഞ്ഞു നടന്നു.

കൂട്ടുകളിക്കാര്‍ അവനെ തരികെ വിളിച്ചുകൊണ്ടേയിരുന്നുവെങ്കിലും അവന്‍ ശ്രദ്ധിച്ചില്ല. തെല്ലുനേരം കടലിലേക്ക് നോക്കി ടെഡ്‌സിയോ നിശ്ചേഷ്ടനായി. പിന്നെ മുട്ടറ്റം വെള്ളത്തിലേക്കിറങ്ങി. തെല്ലുനേരം ജലസ്പര്‍ശം. തിരിഞ്ഞു വീണ്ടും ആ തുരുത്തിലേക്ക്. അവിടെ ഒരു നിഗൂഢജ്ഞാനിയെപ്പോലെ ആഷന്‍ബാഗ് എല്ലാം നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയിലെതുപോലെ സാകൂതം. ടെഡ്‌സിയോ പാളി നോക്കുന്നതുപോലെ ആഷന്‍ബാഗിന് തോന്നി. തന്നെ അവന്‍ മാടി വിളിക്കുകയാണെന്ന് അയാള്‍ കരുതി. അവനു ചാരേക്കെത്താനായി അയാള്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, ആയില്ല. അവിടെ ശേഷിച്ചത് ആ ശരീരം മാത്രം.

എത്രമേല്‍ ആഴം നിറഞ്ഞ അനുഭവം പകര്‍ന്നാണ് ആ പുസ്തകം പരിസമാപ്തിയിലേക്ക് എത്തുന്നതെന്ന് കാണുക: ''There sat the observer as he had sat before, when those twilight-gray eyes had first glanced back from the threshold and met his. His head, reclining on the back of the chair, had slowly followed the figure moving there in the distance; now it rose as if to meet the eyes again and sank down on his chest, so that the eyes stared up from below while the face displayed the slack, self-absorbed expression of deep slumber. But to him it seemed as if the pale and charming psychagogue out there were smiling at him, beckoning to him, as if, releasing his hand from his hip,he were pointing outward, floating onward into the promising immensity of it all. And, as so often, he set out to follow him.

Minutes passed before people rushed to the aid of the man, who had slumped sideways in his chair. He was carried to his room. And that very day a respectfully stunned world received word of his death.''

3

ബംഗാളില്‍ നിന്നെത്തിയ മഹാമാരി; അമര്‍ത്തിയ ഭീതികള്‍ നിറഞ്ഞ വഴിയിടങ്ങള്‍

ഏറെ അടരുകളുള്ള രചനയാണ് വെനീസിലെ മരണം. തോമസ് മന്നും ഭാര്യ കാട്യയയും വെനീസിലേക്ക് നടത്തിയ യാത്രകള്‍ക്കുശേഷം 1912-ലാണ് പുസ്തകം പുറത്തുവരുന്നത്. തോമസ് മന്നിന്റെ ഒട്ടേറെ ആത്മാനുഭവങ്ങള്‍ ഇതില്‍ പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. തോമസ് മന്നിന്റേയും ഗുസ്‌തേവ് വാന്‍ ആഷന്‍ബാഗിന്റേയും യാത്രാവഴികള്‍ പോലും സമാനമാകുന്നു. മന്നിന്റെ വെനീസ് സന്ദര്‍ശനത്തിന്റെ ഒട്ടൊക്കെ ഫോട്ടോഗ്രാഫിക് ചിത്രണം പോലും ഇതില്‍ കാണാം.

1911 മെയ് ഏഴിനാണ് തോമസ് മന്നും ഭാര്യയും സഹോദരനും വെനീസിലേക്ക് തിരിക്കുന്നത്. ഇരുവരും ബ്രിയോണി ദ്വീപില്‍ മെയ് ഒന്‍പതിന് താമസിക്കുന്നുമുണ്ട്. ഗുസ്‌തേവ് വാന്‍ ആഷന്‍ബാഗും ഇതേ ദ്വീപില്‍ താമസമാക്കിയതിനുശേഷം തന്നെയാണ് വെനീസിലേക്ക് എത്തുന്നത്. തോമസ് മന്നും ഭാര്യയും ദ്വീപിലേക്ക് എത്തുമ്പോള്‍ അവിടെ വലിയ തോതില്‍ അണുനശീകരണ-ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ലോകമെങ്ങും അറിയപ്പെടുന്ന ഡോ. റോബര്‍ട്ട് കൊച്ച് (Dr. Robert Koch) വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ മലേറിയയ്ക്കും കോളറയ്ക്കും എതിരെയുള്ള സാനിറ്റ്യസേഷന്‍. ഇതൊക്കെ തോമസ് മന്നിന്റെ ശ്രദ്ധയില്‍ വന്നിരുന്നു.

ആഷന്‍ബാഗിന്റെ വെനീസിലേക്കുള്ള യാത്ര കപ്പലില്‍ വച്ച് സമാനമായ ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ട്. മഹാമാരിയുടെ ഭീതിയെ തുടര്‍ന്നുള്ള തയാറെടുപ്പുകള്‍. കപ്പലില്‍ വെച്ചുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനകള്‍, വെനീസില്‍ കപ്പല്‍ എത്തുമ്പോള്‍ ഡോക്കില്‍ വെച്ചുള്ള വിശദമായ നിരീക്ഷണങ്ങള്‍... തോമസ് മന്നിന്റെ ആഖ്യാനം ഇത്തരം ഘട്ടങ്ങളില്‍ വസ്തുതാകഥനത്തിന്റെ നേര്‍ അനുപാതത്തിലാണെന്ന് തോമസ് റൂട്ടന്‍ (Thomas Rütten) വിശദീകരിക്കുന്നുണ്ട്.

ആഷന്‍ബാഗും വെനീസിലെത്തുമ്പോള്‍ അത് രോഗത്തിന്റെ സംക്രമണ കാലമായിരുന്നു, അദ്ദേഹം തിരിച്ചറിയുന്നത് പിന്നീടാണെങ്കില്‍ പോലും. അണുനാശകങ്ങളുടെ ഗന്ധങ്ങള്‍ പടര്‍ന്ന തെരുവുകള്‍. അവിടത്തെ പ്രകൃതി അപ്പാടെ തന്നെ ഒരു ലബോറട്ടറി പോലെ അനുഭവപ്പെട്ടു. പലരിലും പടര്‍ന്നിരുന്നത് പ്ലേഗിനെ കുറിച്ചുള്ള അമര്‍ത്തിയ ഭീതികളായിരുന്നുവെന്ന് അദ്ദേഹം കണ്ടു. മലേറിയയും കോളറയും പ്രതിരോധിക്കുന്നതിനുള്ള സാനിട്ടൈസേഷനുകള്‍ തകൃതിയായി നടക്കുന്നു. എന്നാല്‍ അവിടേക്ക് എത്തിയത് കോളറയായിരുന്നു.

ഇന്ത്യയിലെ ബംഗാളില്‍ നിന്നും പലനാടുകള്‍ ചുറ്റി വെനീസിലേക്ക് എത്തിയതായിരുന്നു കോളറ. കടല്‍ കടന്നെത്തിയ ദുര്‍ഭൂതമായി മഹാമാരിയെ അന്നാട്ടുകാര്‍ കണ്ടു. ആധുനികതയും സംസ്‌കാരകവും പടിഞ്ഞാറു നിന്നും കിഴക്കന്‍ നാടുകളിലേക്ക് സംക്രമിച്ചപ്പോള്‍ മഹാമാരികള്‍ അവിടെ നിന്നും പടിഞ്ഞാറന്‍ നാടുകളിലേക്ക് എത്തിയെന്ന ആഖ്യാനം പല ഉപശാലകളിലും തിരയിടിച്ചത് മറ്റു പലകാലങ്ങളിലും എന്നതുപോലെ അവിടേയും നാം കണ്ടുമുട്ടുന്നു. ലോകത്തെ 'സംസ്‌കാരചിത്തരാ'ക്കാന്‍ ഇറങ്ങിത്തിരിച്ച കോളോണിയലിസം നേരിടേണ്ടി വരുന്ന ദുരന്തമായും അവരതിനെ നോക്കി കണ്ടു. ആരോഗ്യശീലങ്ങളറിയാത്ത ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയത് എന്ന അര്‍ഥത്തില്‍ യൂറോപ്യര്‍ അതിനെ 'Asiatic cholera' എന്നു വിളിച്ചു. ആരോഗ്യശീലവും അച്ചടക്കവും സംസ്‌കാരവും ഇല്ലാത്ത ഒരു ജനത പടര്‍ത്തിയ വിസര്‍ജ്ജ്യ കോളനിവത്ക്കരണം (excremental colonialism) എന്നൊക്കെയുള്ള കടുത്ത പ്രയോഗങ്ങളിലേക്കു പോലും പലരും എത്തിപ്പെട്ടു. ജ്ഞാനശാസ്ത്രപരമായ പടിഞ്ഞാറിന്റെ മേധാവിത്വം (epistemological hegemony) ഇത്തരം ആലോചനകളിലും ചിന്തകളിലും അവര്‍ ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാക്കി. ഇന്ത്യയെ ലക്ഷ്യമാക്കി ഉഷ്ണമേഖലയിലെ ചതുപ്പ് (tropical swamp) എന്നൊക്കെയുള്ള വിശേഷണങ്ങളും ഈ ചര്‍ച്ചകളില്‍ കടന്നുവരുന്നതും അത്തരം ആധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങള്‍ തന്നെ. ഇക്കാര്യം പാബ്ലോ മുഖര്‍ജി 'Cholera, Kipling and Tropical India' എന്ന പുസ്‌കതത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

വെനീസ് നിവാസികളെ സംബന്ധിച്ചിടത്തോളം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരുന്നത്. ലിഡോ ദ്വീപിലെ താമസത്തിന്റെ നാലാം ആഴ്ചയിലാണ് ആഷന്‍ബാഗ് മഹാമാരി ഉണ്ടാക്കുന്ന ഭീതിയെ കൂടുതല്‍ അടുത്ത് മനസ്സിലാക്കാന്‍ ഇടവന്നത്. നോവലിന്റെ അഞ്ചാം അധ്യായത്തില്‍ ഇതിന്റെ വിശദമായ ആഖ്യാനം കാണാം. ഒരു മുടിവെട്ടുകാരനാണ് ആഷന്‍ബാഗിനോട് മഹാമാരിയെ കുറിച്ച് സൂചന നല്‍കുന്നത്. എത്ര കുത്തിക്കുത്തി ചോദിച്ചിട്ടും എന്താണ് ആ രോഗം എന്നു പറയാന്‍ മുടിവെട്ടുകാരന്‍ തയാറായില്ല. രോഗഭീതിയില്‍ നാട്ടിലേക്കു മടങ്ങുന്ന ഒരു കുടുംബത്തെ കുറിച്ച് ആഷന്‍ബാഗിനോട് അയാള്‍ പറഞ്ഞു.

അന്ന് നഗരചത്വരങ്ങളിലൂടെ നടക്കുന്നതിനിടെ അയാള്‍ മഹാമാരിയുടെ പൂക്കള്‍, ഗന്ധം ഒക്കെ അറിഞ്ഞു. അധികൃതര്‍ അപ്പോഴും രോഗത്തിന്റെ പേര് കൃത്യമായി പറഞ്ഞു തുടങ്ങിയിരുന്നില്ല. ആഷന്‍ബാഗിന് അത് കൃത്യമായി മനസ്സിലായതും ഇല്ല.

''However, while taking tea at his little round wrought-iron table on the shady side of the square, he suddenly whiffed an unusual aroma in the air, an aroma he now felt he had been inhaling for days without being conscious of it, a cloying medicinal smell redolent of squalor and sores and dubious hygiene. He sniffed again and after some thought identified it, then finished his tea and left the square at the end opposite the basilica. In that cramped space the smell grew stronger. The street corners were plastered with printed notices warning the population on behalf of the city fathers against eating oysters and mussels and using canal water because of certain gastric disorders that were only to be expected given the weather conditions. Theeuphemistic nature of the ordinance was clear.''

ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഇംഗ്ലീഷുകാരനാണ് നാടിനെ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ കുറിച്ച് പിന്നീട് ആഷന്‍ബാഗിനോട് പറയുന്നത്. അതും ഏറെ ആരായലുകള്‍ക്കു ശേഷം. അയാളുടെ വാക്കുകളായി പുസ്തകത്തില്‍ ഇടം പിടിച്ച കാര്യങ്ങള്‍ തികച്ചും അര്‍ത്ഥഗര്‍ഭങ്ങളാണ്.

''For several years Indian cholera had shown an increased tendency to spread and travel. Born in the sultry swamps of the Ganges delta, ascended with the mephitic odor of that unrestrained and unfit wasteland, that wilderness avoided by men, in the bamboo thickets of which the tiger is crouching, the epidemic had spread to Hindustan, to China, to Afghanistan and Persia and even to Moscow. But while Europe was fearing the specter might make its entrance over land, it had appeared in several Mediterranean ports, spread by Syrian traders, had arrived in Toulon, Malaga, Palermo, and Naples, also in Calabria and Apulia. The North seemed to have been spared. But in May of that year, the horrible vibrios were discovered in the emaciated and blackened bodies of a sailor and of a greengrocer. The deaths were kept secret. But after a week it had been ten, twenty or thirty victims, and in different quarters. An Austrian man had died in his hometown under unambiguous circumstances, after he had vacationed for a few days in Venice and so the first rumors of the malady appeared in German newspapers.''

അക്കാലത്തെ ഇന്ത്യയെ വിഴുപ്പുകളുടെയും കരാളതയുടെയും നാടായി വെനീസിനു മുന്നില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പ്രാകൃതവും ഭീഷണവുമായ അന്തരീക്ഷം നിലനിന്നിരുന്ന ഇന്ത്യയില്‍ ഏറെ വിനാശങ്ങള്‍ ചൊരിഞ്ഞ കോളറയെ ഇവിടെ നിന്നും സിറിയന്‍ വ്യാപാരികളാണ് വെനീസിലേക്ക് എത്തിച്ചത്. വിവിധ തുറമുഖങ്ങളില്‍ കയറിയായിരുന്നു സിറിയന്‍ വ്യാപാരകപ്പലുകളുടെ യാത്ര. രോഗപ്പകര്‍ച്ചയ്ക്കുള്ള സ്ഥലവും കാലവും ഇത്തരം വ്യാപാരികളിലൂടെ കൈമാറ്റപ്പെടുകയും തുറമുഖങ്ങള്‍ രോഗത്തിന്റെ വിനിമയ ഇടങ്ങളായി പരിണമിക്കുകയും ചെയ്തു. രോഗം രൂപകമായി മാറുന്നതും സാമൂഹികമായ ക്രമരാഹിത്യത്തിന്റെ പ്രതീകമായും അത് അടയാളപ്പെടുത്തുന്നതും തോമസ് മന്നിന്റെ കൃതിയെ മുന്‍നിര്‍ത്തി സൂസണ്‍ സൊണ്‍ടാഗ് വിശദീകരിക്കുന്നുണ്ട്.

രോഗം മാത്രമല്ല, രോഗത്തെ പുറംതള്ളാനായി നടത്തുന്ന ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ അടക്കം ഇത്തരം ക്രമരാഹിത്യങ്ങളുടെ സൂചകങ്ങളായി അവര്‍ കാണുന്നു. അധികാരത്തിന്റെ ഗോഥിക് ഘടനയ്ക്ക് ഒരിക്കലും മഹാമാരികള്‍ ഉണ്ടാക്കുന്ന അവ്യവസ്ഥ സുഖരമായ കാര്യമായിരിക്കുകയില്ല തന്നെ. ബംഗാളില്‍ രൂപം കൊണ്ട രോഗാവസ്ഥ കോളനീ സമൂഹത്തെ അപ്പാടെ തന്നെ അവ്യവസ്ഥയിലേക്ക് എത്തിക്കുന്നു; സംസ്‌കൃത ചിത്തത്തോടെയുള്ള ആധുനികതയുടെ ഇടപെടല്‍ ആവശ്യമുള്ള തരത്തിലുള്ള സാമൂഹിക ആരോഗ്യ വ്യവഹാരമായി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ പോകുന്നതായിരുന്നു പാശ്ചാത്യമായ ആധിപത്യ സ്വഭാവം എല്ലാത്തലത്തിലും പങ്കുവെയ്ക്കപ്പെടുന്ന വെനീസിലെ കോളറ ചര്‍ച്ചകളില്‍ നമ്മള്‍ കണ്ടത്.

എന്തൊക്കെയാണ് രോഗം ലോകത്തിന് അര്‍ത്ഥമെന്ന തരത്തില്‍ രൂപപ്പെടുത്തി കൊടുക്കുന്നത് - ''how meanings of diseases become projected onto the world''. സൂസണ്‍ സൊണ്‍ടാഗ് പല തരത്തില്‍ ചോദിക്കുന്ന ഒന്നാണിത്. അത് സമൂഹത്തെ, വ്യക്തിയെ, സമ്പദ്ഘടനയെ, മനോസഞ്ചാരങ്ങളെ, മൂല്യ പദ്ധതികളെ, അന്തര്‍ സഞ്ചാരങ്ങളെ ഒക്കെ വിപത്ക്കരമായി സ്വാധീനിക്കുകയും ജീവിതത്തിന് പുതിയൊരു അര്‍ത്ഥം കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. സ്ഥൂലത്തിലും സൂക്ഷ്മത്തിലും രോഗം ഇടപെടുന്നു. രോഗം എന്ന അവ്യവസ്ഥ സൃഷ്ടിക്കുന്ന അത്യായാസം, സ്പര്‍ശം എന്ന ഭീതി ഒക്കെ നാം ഇവിടെ കാണുന്നുണ്ട്.

തോമസ് മന്‍ എഴുതുന്നു: ''In early June the quarantine barracks of the hospital had been filling silently, in the two orphanages there was no longer enough room, and a horrific traffic developed between the city and San Michele. But the fear of general damage, regard for the recently opened exhibition of paintings in the municipal gardens, for the enormous financial losses that threatened the tourist industry in case of a panic, had more impact in the city than love of truth and observation of international agreements.''

മഹാവ്യാധി ഭീതി മറ്റെല്ലാത്തിനേയും അതിവര്‍ത്തിക്കുന്നു. സത്യാഭിവാഞ്ജയേക്കാള്‍ വലുതായി അത് മാറുന്നു. സത്യത്തേക്കാള്‍ ഭീതി സത്യമായിത്തീരുന്നു. സൊണ്‍ടാഗ് ചൂണ്ടിക്കാണിക്കുന്ന രോഗത്തിന്റെ ഈ ഭാവം സമകാലിക ലോകത്തില്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി തീരുന്നുണ്ട്. ഒരുവേള, മറ്റേതുകാലത്തു ജീവിക്കുന്നവരേക്കാള്‍ കൊറോണകാല ജീവികളായ നമുക്ക് അത് മനസ്സിലാക്കാന്‍ ആവുകയും ചെയ്യും. എക്കാലത്തേയും മഹാവ്യാധി സാഹിത്യ (pandemic literature)ത്തിലെ മികച്ച രചനകളില്‍ ഒന്നാകുന്നു വെനീസിലെ മരണം.

(അവലംബം )

1. Death in Venice,Thomas Mann, Translated by Michael Henry Heim, Perfect bound publications

2. A Sketch of My Life,Thomas Mann, trasn. H. T. Lowe-Porter (New York: Alfred A. Knopf, i960)

3. Illness as MetaphorSusan Sontag, Illness as Metaphor, New York, Farrar, Straus, Giroux, 1988.

4. The Horror of Contact: Understanding Cholera in Mann’s Death in Venice, Amrita Ghosh, trans text(e)s, trans cultures, Journal of Global Cultural Studies, 12, 2017

5. Cholera and Colonialism in British India, David Arnold, Oxford University Press

6. Cholera in Thomas Mann’s Death in Venice, Thomas Rütten,Gesnerus 66/2 (2009) 256–287


Next Story

Related Stories