TopTop
Begin typing your search above and press return to search.

'അവസാനത്തെ മനുഷ്യന്‍', അണുബാധ ഏല്‍ക്കുന്ന വാക്കുകള്‍; ഉള്ളില്‍ ഇരുള്‍ മാത്രമെങ്കില്‍ വെളിച്ചമെന്തിന്?

അവസാനത്തെ മനുഷ്യന്‍, അണുബാധ ഏല്‍ക്കുന്ന വാക്കുകള്‍; ഉള്ളില്‍ ഇരുള്‍ മാത്രമെങ്കില്‍ വെളിച്ചമെന്തിന്?

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍. ആദ്യ അഞ്ചു ഭാഗങ്ങള്‍ ഇവിടെ വായിക്കാം]

ഭാഗം - 7

"The last man! Yes I may well describe that solitary being's feelings, feeling myself as the last relic of a beloved race, my companions, extinct before me'' (The Journals of Mary Shelley)

മഹാവ്യാധിക്കാലത്തെ എഴുത്തുകള്‍ക്ക് പലപ്പോഴും പറയാനുള്ളത് ഭാഷയെപ്പോലും നിസ്സഹായമാക്കി വളരുന്ന വേപഥുക്കളുടെ കഥകളാവും. ഇത്തരം ചരിത്രഘട്ടങ്ങളില്‍ ഭാഷ വല്ലാതെ സങ്കോചിച്ച് കരുത്ത് നഷ്ടപ്പെട്ടതുപോലെയാകും. വാക്കുകള്‍ക്ക് അവ പേറുന്ന അര്‍ത്ഥങ്ങളും അവ പകരുന്ന സൂചനകളും മതിയാകാതെ വരും. മനുഷ്യരാവട്ടെ മുഗ്ദ്ധമായതൊക്കെ വെടിഞ്ഞ് മൃഗീയതയിലേക്ക് നിരന്തരം യാത്ര ചെയ്തുകൊണ്ടേയിരിക്കും. മഹാവ്യാധികളെ കുറിച്ചുള്ള സാഹിത്യം ഏത് കാലങ്ങളിലായിരുന്നാലും നമ്മുടെ സ്വസ്ഥത അപഹരിച്ചു കൊണ്ടുപോകുന്നവ തന്നെ. അസ്വസ്ഥതയുടെ ആലാപന വ്യഗ്രത മനുഷ്യരുടെ ധിഷണയില്‍ കരിപുരട്ടും. ഇത്രനാളും തികച്ചും വാചാലമായി, കാവ്യാത്മകമായി പറഞ്ഞിരുന്നവയൊടൊക്കെ വിട ചൊല്ലി ഭാഷയുടെ പരുക്കനും ഗൂഢവുമായ ആഭിചാരങ്ങളിലേക്ക് എഴുത്തുകാര്‍ക്ക് കടക്കാതിരിക്കാനാവില്ല. ഒരുവേള ആരിലേക്കും പകരപ്പെടാന്‍ പക്വമല്ലാത്ത തലങ്ങള്‍ അതിനുണ്ടായേക്കാം. പലര്‍ക്കും ഭാഷ കുറുകിക്കുറുകി അവരോടുപോലും സംവദിക്കാനാവാത്ത ഖരഘോഷങ്ങളാവും. വല്ലാത്ത പിറുപിറുപ്പുകള്‍ പോലെ.

മനോവ്യാധികള്‍ ബാധിക്കുന്നവര്‍ക്ക് നടത്തുന്ന ശിരസ്സു തുറന്നുള്ള ശസ്ത്രക്രിയ (lobotomy) പോലെ വേദനാനിര്‍ഭരമായിത്തീരും എഴുത്ത്. ഉന്നതമായവയെ, ഉദാത്തമായവെ, ഒക്കെ മുറിച്ചു മാറ്റി, മാനവികതയില്‍ മുഗ്ദ്ധമായവയെ ഒക്കെ അപഹരിച്ച് പരീക്ഷണങ്ങളുടെ നാള്‍വഴികളിലുടെ കരുണയറ്റ, അറ്റമില്ലാത്ത ഒറ്റയാന്‍ യാത്രകള്‍ നടത്തും. അരുളില്ലാത്ത, പൊരുളറിയാത്ത, ആ മനുഷ്യജീവിക്കൊപ്പം മൃഗീയത മാത്രം അനുയാത്ര ചെയ്യുന്നതാവും അവര്‍ക്ക് കൂടുതല്‍ ഇഷ്ടമായിത്തീരുക. കലകളുടെയും സംഗീതത്തിന്റേയും വാഗ്മിതയുടേയും മുഗ്ദധതളിമങ്ങള്‍ വേണ്ടന്നു വെയ്ക്കാന്‍ വിധിക്കപ്പെട്ട അവര്‍ക്കു മുന്നില്‍ നിരതിശയിയായി കാലം നില്‍ക്കുന്നുണ്ടാവും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചരിത്രഘട്ടങ്ങളിലൊക്കെ സഞ്ചരിച്ചെത്തുന്ന അഴലുകള്‍ നിറഞ്ഞ അനുഭവതലങ്ങള്‍. വ്യാധി സാഹിത്യങ്ങളുടെ ഒക്കെ ഉള്‍ത്തലപ്പുകള്‍ ഇത്തരത്തില്‍ ചുറ്റിപ്പിടിക്കും. ശ്വാസം മുട്ടിക്കും.

പക്ഷെ എത്ര അശുഭകരമായ സന്ദേശമാണ് ഒരു പുസ്തകം പകര്‍ന്നു നല്‍കുന്നതെങ്കിലും ആ പുസ്തകം നിലനില്‍ക്കുന്നുവെന്നത് മനുഷ്യാവസ്ഥ നിലനില്‍ക്കുന്നുവെന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യാവസ്ഥ പ്രതിസന്ധികളുടെ സൂചിമുനകളിലൂടെ അതിവര്‍ത്തിച്ച് നടന്നുപോകുന്നുവെന്നാണ്. അതായിത്തന്നെ ഒരു ചിഹ്നമാണത്. വായന പലപ്പോഴും അണുബാധപോലെ എഴുത്തുകാരന്റെ മനസ്സില്‍ ചുരമാന്തുന്നതൊക്കെ വായനക്കാരനിലേക്ക് സംക്രമിപ്പിച്ചേക്കും. അത് കാലങ്ങളിലൂടെ നിലയ്ക്കാതെ തുടര്‍ന്നുപോവുകയും ചെയ്യും. പക്ഷെ അതിനകത്തു തന്നെ രോധവും പ്രതിരോധവും ഉണ്ടെന്നതാണ് എഴുത്തിന്റെ കരുത്ത്. പിഴവേതുമില്ലാത്ത, അപരമേയവും അസാമാന്യ വൈശിഷ്ട്യങ്ങള്‍ ഉള്ളതുമായ കരുത്ത്. മഹാവ്യാധി മഹാസംസ്‌കാരത്തിന്റേയും ഉത്തോലകമാകുന്നു.

അത്തരം കരുത്ത് പേറുന്ന ഒരു കൃതിയാണ് ഇക്കുറി പരിശോധിക്കുന്നത്. മേരി ഷെല്ലിയുടെ അവസാനത്തെ മനുഷ്യന്‍ (The Last Man) . ലോകത്തെ അപ്പാടെ ഗ്രസിക്കുന്ന മഹാവ്യാധിയില്‍പ്പെട്ട് മനുഷ്യകുലം നശിക്കുമെന്ന് പ്രവചനങ്ങള്‍ മുഴങ്ങി നിന്ന കാലത്തെ ഏറ്റവും മികച്ച രചനകളില്‍ ഒന്നാണിത്. മേരി ഷെല്ലിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, എല്ലാത്തിനേയും വിഴുങ്ങിയ അതിബൃഹത്തായ ഒരു കൂട്ടക്കൊല. ഒരിക്കല്‍ വല്ലാതെ തിരക്കുപിടിച്ചുപോയ ഭൂമിയില്‍ നിറയുന്ന ശബ്ദരഹിത ഏകാന്തത (''the vast annihilation that has swallowed all things-the voiceless solitude of the one busy earth'') ഇതിന്റെ അനുരണനങ്ങളാണ് പ്രവാചക മാനങ്ങളുള്ള ഈ കൃതി.

ഒരുപാട് സൂചകങ്ങളിലൂടേയും മോട്ടീഫുകളിലൂടേയും വികസിക്കുന്ന കൃതിയില്‍ പ്ലേഗ് എന്ന മഹാവ്യാധി സുപ്രധാനമായ ഉള്ളടക്കമാണ്. വളരെ സങ്കീര്‍ണ്ണമാണ് ഈ പുസ്തകത്തിന്റെ ഉള്‍ത്തലം. അത്യസാധാരണമായ പ്രവചനാത്മകത നിറഞ്ഞ, ദുരന്താഭിമുഖ്യമുള്ള രചന. പേഴ്‌സണല്‍ നോവല്‍ എന്നോ ഫാന്റസി എന്നോ സയന്‍സ് ഫിക്ഷന്‍ എന്നോ യാത്രാ പുസ്തകം എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഘടകങ്ങള്‍ ഇതിലുണ്ട്. അല്ലെങ്കില്‍ മേരി ഷെല്ലി തന്നെ വിളിക്കുന്നതുപോലെ റൊമാന്‍സ് എന്നും. ഓരോരുത്തരും ഓരോ വാതായനങ്ങളിലൂടെ അതിലേക്ക് പ്രവേശിക്കും. ഒരുപാട് ഭൂവിഭാഗങ്ങളിലൂടെയാണ് ഈ പുസ്തകത്തിലെ സംഭവഗതികള്‍ പൂര്‍ത്തീകരിക്കുന്നത്. ഒരുപാട് ആശയതലങ്ങളും വ്യക്തിസംഘര്‍ഷങ്ങളും അന്തര്‍ഭവിച്ചിരിക്കുന്നു. ചരിത്രപരവും രാഷ്ട്രീയപരവും തീര്‍ത്തും വ്യക്തിനിഷ്ടങ്ങളുമായ കാര്യങ്ങളും. തന്റെ ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച വ്യക്തിസംഘര്‍ഷങ്ങളേയും ഏകാന്തതയേയും പ്രതിപാദിക്കുന്ന കവിതകളും ഇതിലുണ്ട്.

ഏറെ ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു മേരി ഷെല്ലിയുടേത്. ഉന്നതകുലജാതയെങ്കിലും ഒരുപാട് മരണങ്ങളും നഷ്ടങ്ങളും കണ്ടായിരുന്നു മേരി വളര്‍ന്നത്. അവര്‍ ജനിച്ച് പത്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മ മരണമടഞ്ഞു. ഭര്‍ത്താവ് പി.ബി. ഷെല്ലിയുടേയും മൂന്നു മക്കളുടേയും മരണങ്ങള്‍, ഷെല്ലിയുടെ ആദ്യ ഭാര്യയും സ്വസഹോദരിയും അടക്കമുവള്ളരുടെ ആത്മഹത്യകള്‍, കടുത്ത സാമ്പത്തിക വിഷമതകള്‍, അലസിപ്പോകുന്ന ഗര്‍ഭം... തുടങ്ങി അശനിപാതം പോലെ വന്നുപെട്ട ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മധ്യേ 29-മത്തെ വയസ്സില്‍ എഴുതപ്പെട്ട പുസ്തകമാണിത്. ഇറ്റാലയന്‍ തീരത്ത് പി.ബി ഷെല്ലി മുങ്ങിമരിച്ചതിനുശേഷം ഇംഗ്‌ളണ്ടില്‍ എത്തിയ അവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുസ്തകരചനയ്ക്കു കോപ്പുകള്‍ കൂട്ടുന്നു. ഏകാന്തതയുടേയും ഉദ്വിഗ്നതയുടേയും ദു:ഖങ്ങളുടേയും കടുത്ത ആഘാതങ്ങളില്‍ ഉരുകിക്കൊണ്ടിരുന്ന മേരി 1824 മെയ് 14ല്‍ തന്റെ ഡയറിയില്‍ കുറിച്ച വരികളാണ് ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത ഉദ്ധരണി. എന്റെ പ്രിയപ്പെട്ടവരെല്ലാം ഇല്ലാതായിത്തീരും മുന്‍പേ ഏകാകിതയുടെ അര്‍ത്ഥാന്തരങ്ങളും മാത്രാഭേദങ്ങളും പകര്‍ത്തുന്ന 'അവസാന മനുഷ്യന്‍' എഴുതുമെന്ന് ഡയറിയില്‍ കുറിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ, ഏറെ അടുപ്പമുണ്ടായിരുന്ന കവി ബൈറണ്‍ ഗ്രീസില്‍ മരിച്ച വിവരം അവരെത്തേടി എത്തിയെന്നതു മറ്റൊരു ആക്‌സ്മികതയോ, ജീവിതത്തിലുടനീളം വിടാതെ പിന്തുടര്‍ന്നിരുന്ന ദുരന്താവര്‍ത്തനമോ എതെന്നു പറക വയ്യ. തന്നെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കു പുസ്തകം എഴുതിക്കിട്ടുന്ന പണം പരിഹാരമായേക്കുമെന്നു വരെ കരുതിയായിരുന്നു പുസ്തക രചനയ്ക്കു തയാറായതെന്നത് മറ്റൊരു കാര്യം. 1826-ല്‍ പുസ്തകം പുറത്തുവന്നു.

'അവസാനത്തെ മനുഷ്യ'നെ എഴുത്തുകാരി റൊമാന്‍സ് എന്ന ഗണത്തില്‍പ്പെടുത്താനാണ് ഇഷ്ടപ്പെട്ടത്. എന്നാല്‍ അതിനെ പ്രത്യേക തലത്തിലേക്ക് വിചാരങ്ങളെ നയിക്കുന്ന നോവല്‍ (speculative fiction) എന്ന നിലയില്‍ പരിഗണിക്കാനാണ് പലരും ഔത്സുക്യം കാണിച്ചത്. അത് വ്യക്തിപരവും മനുഷ്യാവസ്ഥയുടെ പൊതു ഇടങ്ങളും ഒരുപോലെ തുറന്നുവെയ്ക്കുന്നു. മേരി ഷെല്ലി തന്നെ പറയുന്നത് "the last relic of a beloved race, my companions, extinct before me'' എന്നാണ്. അത്രമേല്‍ സ്വകാര്യമായ ഒരു തലം ഈ പുസ്തക രചനയ്ക്കു പിന്നിലുണ്ട്. വ്യക്തിപരമായ തലം ഉണ്ടെന്നു പറയുന്നതുപോലെ തന്നെ രാഷ്ട്രീയതലവും സാമൂഹികതലവും ചരിത്രപരമായ തലങ്ങളും ഒക്കെ ഇതിനുണ്ട്.

വളരെ സാധാരണക്കാരനായ, വിദ്യാരഹതിനായ ഒരാളാണ് ഈ കൃതിയുടെ ആഖ്യാതാവ്. സംസ്‌കൃത ചിത്തനല്ലാത്ത, അക്രമോത്സുകമായ വ്യക്തിത്വവിശേഷങ്ങളുള്ള, നാട്ടു നടപ്പും നിയമങ്ങളും ഒന്നും പാലിക്കാത്ത ആദിമമനുഷ്യനെ പോലെ ഒരാളായിരുന്നു ആദ്യം. സൗഹൃദവും അറിയാനുള്ള വ്യഗ്രതയും ചേര്‍ന്ന് അയാളെ മാറ്റിത്തീര്‍ക്കുന്നു. പിന്നീട് പണ്ഡിതനും സംസ്‌കൃതചിത്തനും ഉന്നത മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്നയാളുമായി തീരുന്നു, ഏത് വിദ്യാസമ്പന്നനെയും പോലെ. ഇദ്ദേഹമാണ് അവസാനത്തെ മനുഷ്യന്റെ കഥ നമ്മളോട് പറയുന്നത്.

2

പ്ലേഗ്, പ്രണയം, അധികാരം, തിരസ്‌ക്കാരം, വിനാശം

മേരി ഷെല്ലിയ്ക്ക് നേപ്പിള്‍സിലെ സിബില്‍ ഗുഹകളില്‍ നിന്നും 1818ല്‍ പ്രവചനാത്മകമായ കുറച്ച് ലിഖിതങ്ങള്‍ ലഭിച്ചതായി അവസാന മനുഷ്യന്റെ തുടക്കത്തില്‍ നാം കാണുന്നു - ഭാവിയെ കുറിച്ചുള്ള അപ്പോളോണിയന്‍ വെളിച്ചപ്പെടുത്തലുകള്‍ ക്യുമിയന്‍ സിബില്‍ ഇലകളില്‍ കുറിച്ചുവെച്ചത്. ഇത് എഡിറ്റ് ചെയ്തു വൃത്തിയാക്കി കാലാനുസൃതമാക്കി മാറ്റിയതാണീ പുസ്തകം എന്നാണവര്‍ വിശദീകരിക്കുന്നത്. സഹയാത്രികന്‍ നഷ്ടമായ അവര്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. 21-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ജീവിക്കുന്ന ഒരാളുടെ ആഖ്യാനമാണ് 'അവസാനത്തെ മനുഷ്യന്‍'. 2073-ല്‍ ആരംഭിച്ച് 2100 അവസാനിക്കുന്ന കൃതി. ലിയോണല്‍ വെര്‍ണെ എന്നയാളാണ് ഈ അവസാന മനുഷ്യന്‍. മേരി ഷെല്ലിയുടെ മാനസിക ഭാവങ്ങള്‍ ഏറെയുള്ള വ്യക്തി. തീര്‍ത്തും നിയമനിഷേധിയായ, കാടന്‍മട്ടുകാരനായ, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു അനാഥന്‍. ദരിദ്രനായ ഉന്നതകുലജാതന്റെ മകനാണിയാള്‍. രാജപുത്രനും ഏള്‍ ഓഫ് വിന്‍സ്റ്ററുമായ അഡ്രിയാനുമായി സൗഹൃദത്തിലാകുന്നതോടെ ഇയാള്‍ സംസ്‌കൃത ചിത്തനാകാന്‍ തുടങ്ങുന്നു. (പി.ബി ഷെല്ലിയുടെ ആത്മാംശം പതിഞ്ഞ കഥാപാത്രമാണ് അഡ്രിയാന്‍. ലിയോണല്‍ ആകട്ടെ മേരി ഷെല്ലിയുടെ വ്യക്ത്യംശങ്ങള്‍ പേറുന്നതും. )

ലിയോണലിന്റെ പിതാവ് തിരസ്‌കൃതനായി തീരുന്നതുവരെ രാജാവിന്റെ ചങ്ങാതിയായിരുന്നു. ചൂതാട്ടഭ്രമമാണ് അയാള്‍ക്ക് വിനയായി തീര്‍ന്നത്. അയാള്‍ക്ക് കുമ്പര്‍ലാന്റിന്റെ അജ്ഞാത സ്ഥലികളില്‍ ജീവിക്കാന്‍ വിധിയാകുന്നു. ഇതയാളെ വല്ലാതെ വിഷമത്തിലാക്കി. തന്റെ കുടുംബത്തിന്റെ കാര്യം നോക്കിക്കൊള്ളണമെന്ന് രാജാവിനായി എഴുതിവെച്ച ശേഷം ലിയോണലിന്റെ പിതാവ് മരിക്കുന്നു. പക്ഷെ അയാളുടെ മരണശേഷം കത്ത് രാജാവിന്റെ പക്കല്‍ എത്തിച്ചേര്‍ന്നില്ല. പിതാവിന്റെതായ ഒരു തരത്തിലുമുള്ള കരുതലും സ്വാധീനങ്ങളും ലഭിക്കാത്തവരായി ലയണലും സഹോദരി പെഡ്രീറ്റയും വളര്‍ന്നു. ലയണല്‍ വല്ലാത്ത മുരടന്‍ സ്വഭാവക്കാരനായിരുന്നു. പെഡ്രീറ്റയാകട്ടെ, സമൂഹത്തില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട്, ഏകാന്തതയെ ധ്യാനിച്ച് കഴിഞ്ഞു.

രാജകുടുംബത്തോട് ലയണലിന് വല്ലാത്ത അകല്‍ച്ചയാണ് തോന്നിയിരുന്നത്. രാജാവ് മരണമടഞ്ഞപ്പോള്‍ അഡ്രിയാനെ രാജാവാക്കി അവരോധിക്കാന്‍ അമ്മ ശ്രമിച്ചു. എന്നാല്‍ അഡ്രിയാന്‍ അതിന് വഴങ്ങിയില്ല. അഡ്രിയാന്‍, ലിയോണല്‍ ജീവിയ്ക്കുന്ന കുമ്പര്‍ലാന്റിലേക്ക് പോയി. ലിയോണലിനാകട്ടെ തന്റെ കുടുബത്തിന്റെ കാര്യത്തില്‍ ഒരു പരിഗണനയും കാണിക്കാതിരുന്ന രാജകുടുംബത്തോട് വല്ലാത്ത പകയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അഡ്രിയാനെ ഭീഷണിപ്പെടുത്താന്‍ ലിയോണല്‍ ശ്രമിച്ചു. പലവട്ടം തമ്മില്‍ പലവട്ടം വഴക്കുമുണ്ടായി. എന്നാല്‍ പോകെപ്പോകെ ഇരുവരും അടുത്ത ചങ്ങാതിമാരായി. അഡ്രിയാന്റെ നല്ല സ്വഭാവവും പതിവിന്റെ കത്ത് ശ്രദ്ധയില്‍ വന്നില്ലെന്ന വിശദീകരണങ്ങളും ലിയോണലിനു ബോധ്യമായി. ലിയോണല്‍ അഡ്രിയാന്റെ സ്വാധീനതയില്‍പ്പെട്ട് സംസ്‌കൃതചിത്തനായി തീര്‍ന്നു. അഡ്രിയാന്റെ സഹോദരി ഇഡ്രിസുമായി അയാള്‍ ഇഷ്ടത്തിലാകുന്നു. വിയന്നയില്‍ പോയി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുവാന്‍ അഡ്രിയാന്‍ ലിയോണലിനെ പ്രേരിപ്പിക്കുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞശേഷം അഡ്രിയാനെ കുറിച്ചും സഹോദരിയെ കുറിച്ചുമുള്ള വിവരങ്ങളും അറിയാനാവാതെ പോയ ലിയോണല്‍ മടങ്ങുന്നു.

വ്യക്തിപരവും രാഷ്ട്രീയവുമായ ഏറെ കുഴമറിച്ചിലുകള്‍ക്കു നടുവിലേക്കാണ് ലിയോണല്‍ എത്തിയത്. കാര്യങ്ങള്‍ വല്ലാതെ സങ്കീര്‍ണമായിരുന്നു അവിടെ. ഗ്രീസും ടര്‍ക്കിയും തമ്മിലുള്ള യുദ്ധത്തിനു നടുനായകത്വം വഹിച്ച ലോഡ് റെയ്മണ്ട് അന്നാളുകളില്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. പെര്‍ഡീറ്റയുമായും ഗ്രീക്ക് രാജകുമാരിയായ ഇവേഡ്‌നെയുമായും അദ്ദേഹവും അടുപ്പത്തിലാകുന്നു. തന്റെ പ്രണയിനിയായ എവിഡ്‌നെ റെയ്മണ്ടുമായി അടുക്കുന്നത് മനസ്സിലാക്കി ഉന്മാദാവസ്ഥയിലായ അഡ്രിയാന്‍ അജ്ഞാതവാസത്തിലായി. രാജമാതാവിന്റെ ഒത്താശയോടെ റെയ്മണ്ട് ഇഡ്രിസിനെ വിവാഹം ചെയ്യാനുള്ള കരുക്കള്‍ നീക്കി. രാജാധികാരം എത്തിപ്പിടിക്കുകയെന്നതായിരുന്നു ലക്ഷ്യം. അതിനായി പെര്‍ഡിറ്റയോടുള്ള തന്റെ ഇഷ്ടം അയാള്‍ മാറ്റിവെച്ചു. അതേസമയം ലിയോണലിന്റെ ശ്രദ്ധാപൂര്‍വമുള്ള ശുശ്രൂഷകളില്‍ അഡ്രിയാന്‍ തന്റെ മനോനില വീണ്ടെടുത്തു. ഇഡ്രിസിനു ലിയോണലിനോടുള്ള പ്രണയം മനസ്സിലാക്കിയ രാജമാതാവ് അവളെക്കൊണ്ട് റെയ്മണ്ടിനെ വിവാഹം കഴിക്കാനായി നിര്‍ബന്ധിച്ചു. പക്ഷെ അതിനവള്‍ വഴങ്ങിയില്ല. എന്നാല്‍ രഹസ്യനീക്കങ്ങള്‍ മണത്തരിഞ്ഞ ഇഡ്രിസ് ലിയോണലിന്റെ അടുത്തേക്ക് ഓടിപ്പോയി അവനെ വിവാഹം ചെയ്തു. ഇതോടെ മക്കളുടെ പ്രവര്‍ത്തികളില്‍ മനംമടുത്ത രാജാമാതാവ് ഓസ്ട്രിയയിലേക്ക് പോയി.

അതിനിടെ റെയ്മണ്ട് ലോഡ് പ്രൊട്ടക്ടര്‍ പദവിയിലേക്ക് എത്തി. മികച്ച ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായി. ഇതിനകം പെര്‍ഡിറ്റയും റെയ്മണ്ടും വിവാഹിതരായിരുന്നു. റെയ്മണ്ടിനു ലഭിച്ച പുതിയ പദവിയില്‍ പെര്‍ഡീറ്റയ്ക്കു അഭിമാനം തോന്നി. ഗ്രീക്ക് രാജകുമാരിയായ എവിഡ്‌നെ, തങ്ങളുടെ അധികാരം നഷ്ടപ്പെട്ടതോടെ കടുത്ത വിഷമത്തിലാണ് കഴിഞ്ഞുവന്നത്. ആരോടും സഹായം അഭ്യര്‍ത്ഥിക്കാന്‍ അവര്‍ വിമുഖരായിരുന്നു. ഈ ഘട്ടത്തില്‍ റെയ്മണ്ട് അവളെ സഹായിക്കാനായി എത്തി. അവളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാനും രോഗഗ്രസ്ഥയയായ അവളെ ശുശ്രൂഷിക്കാനും റെയ്മണ്ട് നടത്തിയ ശ്രമങ്ങള്‍ പെര്‍ഡിറ്റ മനസ്സിലാക്കി. വിശ്വാസരാഹിത്യം കാട്ടിയ റെയ്മണ്ടുമായി അവള്‍ പിണങ്ങുന്നു. അതേസമയം ഗ്രീസും ടര്‍ക്കിയും തമ്മിലുള്ള യുദ്ധത്തില്‍ പങ്കെടുക്കാനായി റെയ്മണ്ട് ഇപ്പോഴത്തെ പദവി രാജിവെച്ചു. ആഡ്രിയാനും അയാള്‍ക്കൊപ്പം കൂടി. എന്നാല്‍ യുദ്ധത്തില്‍ മുറിവേറ്റ അഡ്രിയാന്‍ പൊടുന്നനവെ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങി. റെയ്മണ്ട് യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന ശ്രുതി പരന്നതോടെ പെര്‍ഡീറ്റ ലിയോണലിനോട് തങ്ങളെ ഗ്രീസിലെത്തിക്കാനായി ആവശ്യപ്പെട്ടു. റെയ്മണ്ടിനെ കണ്ടെത്തുകയായിരുന്നു പെര്‍ഡീറ്റയുടേയും മകള്‍ ക്ലാരയുടേയും ലക്ഷ്യം.

അവര്‍ ഏതന്‍സില്‍ എത്തി. റെയ്മണ്ടിനെ തുര്‍ക്കികള്‍ തടവിലാക്കിയിരുന്നു. ലിയോണല്‍ ഇടപെട്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ റെയ്മണ്ട് ഗ്രീക്ക് സൈന്യത്തിലേക്ക് മടങ്ങി. ഇരുവരും ചേര്‍ന്ന് യുദ്ധം തുടര്‍ന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. നഗരകവടത്തില്‍ എവിഡ്‌നെ മുറിവേറ്റ് മരണം കാത്ത് കിടക്കുന്നത് ലിയോണല്‍ കണ്ടു. റെയ്മണ്ടിന്റെ യാത്ര മരണത്തിലേക്കാണെന്നവള്‍ സ്വന്തം മരണം എത്തുന്നതിനു മുന്‍പേ പ്രവചിച്ചു. റെയ്മണ്ട് തന്നെ ആശങ്കപ്പെട്ടിരുന്ന കാര്യമായിരുന്നു അത്.

നാടിനെ നടക്കുന്ന മഹാമാരിയുടെ വരവ് ഇവിടെയായിരുന്നു. ഏതന്‍സ് നഗരത്തില്‍ പ്ലേഗ് പടര്‍ന്നിരുന്നതായി അഭ്യൂഹങ്ങള്‍ പടര്‍ന്നത് റെയ്മണ്ടിന്റെ സൈന്യത്തെ ഛിഹ്നഭിന്നമാക്കി. ഏകനായി റെയ്മണ്ട് നഗരത്തിലേക്ക് കടന്നു. തുര്‍ക്കി സൈന്യം ഒരുക്കിയ കെണിയില്‍ പെട്ട് അയാള്‍ മരിക്കുകയും ചെയ്തു. ഏതന്‍സ് നഗരത്തിനോട് ചേര്‍ന്ന ഒരിടത്തില്‍ റെയ്മണ്ടിന്റെ സംസ്‌കാരം നടത്തി. പെര്‍ഡീറ്റ ഗ്രീസ് വിട്ടുപോരാന്‍ വിമുഖത കാണിച്ചു. എന്നാല്‍ ഔഷധം നല്‍കി മയക്കി അവളെ ഒരു കപ്പലിലേക്ക് എത്തിക്കാന്‍ ലിയോണലിനായി. പക്ഷെ ഔഷധത്തിന്റെ മയക്കം അവസാനച്ചപ്പോള്‍ ഭര്‍ത്താവിന്റെ മരണത്തിലുള്ള ദു:ഖം സഹിക്കാനാവാതെ പെര്‍ഡീറ്റ കടലില്‍ ചാടി മരിച്ചു.

2092ല്‍ ലിയോണലും അഡ്രിയാനും ഒക്കെ സാധാരണ നിലയിലുള്ള ജീവിതം നയിച്ചുവരവെ യൂറോപ്പിലും അമേരിക്കയിലും സര്‍വനാശം വിതച്ചുകൊണ്ടു പ്ലേഗ് സംഹാരതാണ്ഡവമാടി. ഏഷ്യയില്‍ നിന്നും യൂറോപ്പിലും അമേരിക്കയിലും ഇംഗ്‌ളണ്ടിലും ഒക്കെ മഹാമാരി എത്തുകയായിരുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ടാണ് രോഗത്തിന്റെ സഞ്ചാരം. ലിയോണലിനു തന്നെ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് ഒരു കറുത്ത മനുഷ്യനില്‍ നിന്നുമാണ്. മഹാമാരികളുടെ ഉത്ഭവമൊക്കെ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നാണെന്നത് , അതു പകര്‍ത്തുന്നവര്‍ കറുത്തവരാണെന്ന് എന്നതൊക്കെ നമ്മള്‍ സൂക്ഷിച്ച് മനസ്സിലേക്കേണ്ട ചില രാഷ്ട്രീയ സൂചനകള്‍ കൂടിയാകുന്നു. ഇത്തരം വിവരണങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ എഴുതപ്പെട്ട മഹവ്യാധി സാഹിത്യങ്ങളില്‍ ഒരുപാട് ഇടങ്ങളില്‍ നാം കാണുന്നുമുണ്ട്.

അക്കാലത്തുണ്ടായ സൂര്യഗ്രഹണമാണ് ലോകത്തിലേക്ക് മഹാമാരിയെ എത്തിച്ചതെന്ന് ആളുകള്‍ വിശ്വസിച്ചു. യൂറോപ്യന്‍ തീരത്താകമാനം സുനാമിപോലുള്ള തിരപ്പൊക്കങ്ങള്‍ ദൃശ്യമായതും അവരൊരു സൂചനയായി കണ്ടു. ഇംഗ്‌ളണ്ടിലേക്കും വൈകാതെ പ്ലേഗ് എത്തി. പുതിയ ലോഡ് പ്രൊട്ടക്ടറായ റൈലാന്‍ഡിന് കാര്യങ്ങളൊന്നും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താനോ അടിയന്തരാവസ്ഥയെ നേരിടാനോ സാധിച്ചില്ല. അയാള്‍ അവിടെ നിന്നും ഓടിപ്പോയി, മരണത്തിലേക്ക്. അഡ്രിയാന്‍ ലോഡ് പ്രൊട്ടക്ടര്‍ സ്ഥാനത്തേക്ക് എത്തി. കാര്യങ്ങള്‍ ഒരു വിധം വരുതിയിലാക്കാന്‍ ശ്രമച്ചു. പക്ഷെ മഹാമാരി വര്‍ഷാവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കു വലിയ നാശം വരുത്തിക്കൊണ്ടിരുന്നു. അമേരിക്കയില്‍ നിന്നും രോഗത്തെ അതിജീവിച്ചവരേയും കൊണ്ടുള്ള കപ്പലുകള്‍ ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ അയര്‍ലണ്ടിലെത്തി. കപ്പലിലെത്തിയവര്‍ അയര്‍ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും വ്യാപകമായ കൊള്ളകള്‍ നടത്തി. അഡ്രിയാന്‍ ആകട്ടെ കാര്യങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരുന്നു.

രോഗത്തെ അതിജീവച്ചവര്‍ ഇംഗ്ലണ്ട് വിടാന്‍ നിശ്ചയിക്കുന്നു. കുറച്ചുകൂടി സുഖകരമായ കാലാവസ്ഥയുള്ള ഇടം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.ഡോവറിലേക്ക് പോകാന്‍ നിശ്ചയിച്ച ദിവസം ലിയോണലിന് ലൂസി മാര്‍ട്ടിന്‍ എന്ന യുവതിയുടെ കത്ത് കിട്ടുന്നു. അമ്മയുടെ രോഗം കലശലായിരിക്കുന്നതുകൊണ്ട് തനിക്ക് സംഘത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നവര്‍ അറിയിച്ചു. കടുത്ത മഞ്ഞുവീഴ്ചയ്ക്കു മധ്യേ ലിയോണലും ഇഡ്രിസും ലൂസി മാര്‍ട്ടിന്റെ അടുത്തേയ്ക്കു യാത്രയായി. എന്നാല്‍ ശാരീരികമായും മാനസികമായും വലിയതോതില്‍ ക്ഷീണിതയായ ഇഡ്രിസ് മരണമടയുന്നു. വിന്‍ഡസര്‍ കാസിലിലേക്ക് മൃതദേഹവുമായി പോയ ലിയോണല്‍ അവളുടെ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ അടക്കം ചെയ്തു. തുടര്‍ന്ന് ലൂസിയേയും കൂട്ടി അയാള്‍ ഫ്രാന്‍സിലേക്ക് യാത്രയായി. അതിനകം ലൂസിയുടെ മാതാവ് മരണമടഞ്ഞിരുന്നു. വഴിമധ്യേ അവര്‍ ഡോവറിലെത്തി.

ഫ്രാന്‍സില്‍ നേരത്തെ തന്നെ ഏറെപ്പേര്‍ മറ്റിടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. അവര്‍ പല വിഭാഗങ്ങളായി പിരിഞ്ഞു പോരടിക്കാന്‍ തുടങ്ങി. അഡ്രിയാന്‍ ഇവരെ ചേര്‍ത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. പ്ലേഗില്‍ നിന്നും ശമനം ഉണ്ടാക്കിത്തരാമെന്ന അവകാശവാദവുമായി സ്വയം മിശിഹായായി പ്രഖ്യാപിച്ചു കൊണ്ടൊരാള്‍ രംഗത്തുവന്നു. ഇവിടെയുണ്ടായിരുന്ന ഒരു വിഭാഗം അഡ്രിയാന് നേരെ ശക്തമായ നിലപാടുമായി വന്നു. ജൂലിയറ്റ് എന്ന ഉന്നതകുലജാതയെ തേടി ലിയോണല്‍ പാരീസിലെത്തി. പക്ഷെ ജൂലിയറ്റ് അയാളുടെ ഒപ്പം ചേരാന്‍ തയാറായില്ല. ലിയോണല്‍ അവിടെ മിശിഹാ അവരോധിതന്റെ പിന്‍ഗാമികളുടെ തടവിലായി. ജൂലിയറ്റ് അവിടെ നിന്നും അയാളെ രക്ഷിച്ചു. ജൂലിയറ്റിന്റെ കുട്ടിക്ക് രോഗം ബാധിച്ചതോടെ പ്ലേഗിന്റെ കാഠിന്യം ആളുകളില്‍ നിന്നും മിശിഹാ മറച്ചുവെയ്ക്കുകയാണെന്നവള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതിന്റെ പേരില്‍ ജൂലിയറ്റ് കൊല ചെയ്യപ്പെട്ടു. അതിനുശേഷം സ്വയം മിശിഹായായി ചമഞ്ഞു നടന്നയാളും ആത്മഹത്യ ചെയ്തു. അയാളുടെ അനുയായികള്‍ വെഴ്‌സാലിസിലേക്ക് ഓടിപ്പോയി.

ലിയോണലും സംഘവും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്രയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ സംഘത്തില്‍ നാലുപേര്‍ മാത്രമാണ് ശേഷിച്ചിരുന്നത് - ലിയോണല്‍, അഡ്രിയാന്‍, ക്ലാര, എവ്‌ലിന്‍ എന്നിവര്‍. ബാക്കിയുള്ളവരൊക്കെ മരണമടഞ്ഞു. മിലാനിലും കോമോയിലും ടൈഫസിലുമായവര്‍ താരതമ്യേന സുഖകരമായ ജീവിതം നയിച്ചു വരവെ രോഗബാധിതനായി ലിയോണലിന്റെ മകന്‍ എവ്‌ലിനും മരണമടയുന്നു. പ്ലേഗ് ബാധിച്ചുവെങ്കിലും ലിയോണല്‍ അതിനെ അതിജീവിക്കുന്നു. ശേഷിച്ചവര്‍ വെനീസില്‍ നിന്നും ഗ്രീസിലേക്ക് അഡ്രിയാക് കടലിലൂടെ ബോട്ടില്‍ യാത്രയായി. പൊടുന്നവെ എത്തിയ ശക്തമായ കാറ്റില്‍ അവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. ക്ലാരയ്ക്കും അഡ്രിയാനും ജീവന്‍ നഷ്ടമായി. ലിയോണല്‍ മാത്രം ബാക്കിയായി. അയാള്‍ റവേണയുടെ തീരത്തേക്ക് നീന്തിക്കയറി. താന്‍ മാത്രമാണ് ശേഷിക്കുന്ന മനുഷ്യജീവി എന്ന് ലിയോണല്‍ തിരിച്ചറിയുന്നു. അയാള്‍ അപ്പീനൈനന്‍ പര്‍വതപംക്തികളുടെ ചാരെകൂടി റോമിലേക്ക് യാത്രയാകുന്നു. യാത്രമധ്യേ ആട്ടിന്‍പറ്റത്തിനു കാവല്‍ പോകുന്ന നായയെ കൂട്ടുകിട്ടുന്നു. ശിഷ്ട ജീവിതം അലഞ്ഞു തീര്‍ക്കാന്‍ അയാള്‍ നിശ്ചയിക്കുന്നു. യൂറോപ്പിലേയും ആഫ്രിക്കയിലേയും നിശ്ശൂന്യങ്ങളായ സ്ഥലികളിലൂടെ ലിയോണല്‍ അലഞ്ഞു, അവസാനത്തെ മനുഷ്യനായി. 2100-ല്‍ കഥ അവസാനിക്കുന്നു.

3

അവസാനത്തെ മനുഷ്യന്റെ അവസാനിക്കാത്ത ഏകാന്തത

"The curiosity excited by the title frightens me, because of the disappointment that must of course follow. You can form no idea of the difficulty of the subject—the necessity of making the scene universal to all mankind and of combining this with a peculiar interest which must constitute the novel".

ഏത് തരത്തില്‍ സ്വീകരിക്കപ്പെടുമെന്നുള്ള തികഞ്ഞ ഉല്‍ക്കണ്ഠ ഈ പുസ്തകത്തെ കുറിച്ച് മേരി ഷെല്ലിക്ക് ഉണ്ടായിരുന്നു. അതാണവരുടെ ഒരു കത്തില്‍ ഇപ്രകാരം പ്രതിഫലിക്കപ്പെട്ടത്. അത്യസാധാരണമായ രചനയാണ് 'അവസാനത്തെ മനുഷ്യന്‍' എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്ത്യമനുഷ്യനെ കുറിക്കുന്ന ഒട്ടേറെ രചനകള്‍ അക്കാലത്ത് അതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ അത്യന്തം സങ്കീര്‍ണതകളും കുഴമറിച്ചിലുകളും ഉള്ള ഒന്ന് അത്ര സാധാരണമായിരുന്നില്ല. മേരി ഷെല്ലിയുടെ വ്യക്തിജീവിതത്തിലെ ധര്‍മ്മ സങ്കടങ്ങളും അവരുടെ അത്യസാധാരണമായ കല്പനപ്രപഞ്ചത്തിന്റെ സഞ്ചാരങ്ങളും ഇതില്‍ കുറിക്കപ്പെട്ടിരിക്കുന്നു. ഷെല്ലി കുടുംബത്തില്‍ നിന്നുള്ള പ്രതികരണങ്ങളെ കുറിച്ചും അവര്‍ക്ക് വേവലാതികളുണ്ടായിരുന്നു. അതങ്ങനെ സംഭവിക്കുകയും ചെയ്തു. പുസ്തകം പ്രസിദ്ധീകരിച്ചശേഷം കുറച്ചുനാള്‍ ഷെല്ലിയുടെ പിതാവ് തിമോത്തി ഷെല്ലി മേരിക്കു നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെയ്ക്കുക പോലും ഉണ്ടായി. പി.ബി ഷെല്ലിയുടെ ജീവചരിത്രം എഴുതുന്നതില്‍ നിന്നും പിതാവ് മേരിയെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് പരോക്ഷമായി ഷെല്ലിയുടെ ജീവിതം പറയുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്കു പിന്നിലുണ്ടായിരുന്നു.

ആഖ്യാതാവായ ലിയോണല്‍ വെര്‍നേയുടെ വെളിപാടുകള്‍ക്കു പല മാനങ്ങള്‍ നല്‍കിയാണ് ഇടയഗാനത്തിന്റെ ഏകാന്തത (elegiac solitude) എന്ന ഈ കൃതി വികസിക്കുന്നത്. മഹാവ്യാധിക്കു മധ്യേ പ്രവചാനാത്കമവും സാര്‍വജനീനവുമായ അന്തിമ മനുഷ്യനിലേക്ക് നീളുന്ന പൊതുവായ മാനവിക തലം, മേരിയുടെ ജീവിതത്തിന്റെ അടരുകളിലൂടെ വികസിക്കുന്ന എഴുത്തുകാരിയുടെ ആത്മകഥാപരമായ തലം. തീവ്രസഹനത്തിന്റെ അനുഭവങ്ങളെ, മഹാമാരി മുറിച്ചെടുത്ത വ്യക്തിഖണ്ഡങ്ങളെ സവിശേഷ ചാരുതയോടെ തുന്നിച്ചേര്‍ക്കുകയാണ് മേരി ഷെല്ലി.

പലതായി ചിന്നിത്തെറിക്കുന്ന അന്തര്‍സ്ഥലങ്ങളില്‍ നിറയുന്നതു മരണം എന്ന രൂപകമാണ്.

കാണുക: ''I have sold myself to death, with the sole condition thta thou shouldst follow me—Fire, and war, and plague, unite for thy destruction—O my Raymond, there is no safety for thee!''

സമാനതകളില്ലാത്ത സഹനം. മരിച്ചവരുടെ വസ്ത്രങ്ങളെപ്പോലും ഉലച്ചുകളയുന്നതാണ് മഹാവ്യാധിയുടെ ചുഴലികള്‍ (''the rushing wind disturbed the garments of the dead, and was chilled as it passed over their icy forms''). പ്ലേഗ് ഒരു വാക്കായി വന്ന്, ചുഴലിയായി പടര്‍ന്ന്, വിനാശമായി വളര്‍ന്ന്, ഏകാകിതയിലേക്ക് നയിക്കുന്ന രൂപകമാണ് ഈ കൃതിയില്‍. പ്രണയം പോലെ എല്ലാ മുഗ്ദ്ധങ്ങളായ വാക്കുകളും അണുബാധയേറ്റ് മരണമായി തീരുന്നു ഇവിടെ. വാക്കുകളെപ്പോലും പൊറുതി മുട്ടിക്കുന്നു മഹാമാരി. അതിരുവിടുന്ന ലൈംഗികതയും പരദേശീസ്പര്‍ദ്ധയും വര്‍ണ്ണവെറിയും വിവേചനങ്ങളും ഒക്കെ മഹാവ്യാധികള്‍ക്കും ദുരന്തകാലങ്ങള്‍ക്കും ഒപ്പം എത്തുന്നത് ഇവിടേയും കാണുന്നു. ആസുരതകള്‍ നിറഞ്ഞ വഴികളിലൂടെ ഈ കൃതി സഞ്ചരിക്കുകയാണ്. പലപ്പോഴും ഇതൊരു ഉപരോധത്തിന്റെ സാഹിത്യം കൂടി ആയിത്തീരുന്നുണ്ടെന്ന വാസ്തവം നാം കാണാതെ പോകരുത്. ഏകനായി അവശേഷിക്കുന്നയാള്‍ നല്‍കുന്ന സൂചന തീര്‍ച്ചയായും അത് തന്നെയാകണം.

അന്ത്യത്തിലേക്ക് എത്തുമ്പോള്‍ വല്ലാതെ ധ്യാനാത്മകവും ദുരന്താത്മകവുമായി തീരുന്നു 'അവസാനത്തെ മനുഷ്യന്‍'. ലിയോണല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് അക്കാര്യം: ''We walk the pathless mazes of society, vacant of joy, till we hold this clue, leading us through that labyrinth to paradise''

പ്ലേഗ് പലതായിട്ടാണ് ഈ പുസ്തകം നമുക്ക് കാണിച്ചു തരുന്നത്. അധികാരവും ഉള്ളിലെ തിന്മകളും മൂര്‍ത്തമാക്കുന്ന ശരീര തലം, മനുഷ്യരുടെ യുക്തിക്കും ഇച്ഛയ്ക്കും അതീതമായി അവരെ ആക്രമിച്ച് കീഴടക്കാനായി മൃതിദൗത്യമേല്‍പ്പിക്കുന്ന വാല്യക്കാരന്‍ തുടങ്ങി, ഭൗതികവും അതിഭൗതികവമായ ഒട്ടേറെ തലങ്ങളിലായി പുസ്തകം മഹാമാരിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. 1820-കളില്‍ യൂറോപ്പില്‍ പ്ലേഗിനെ കുറിച്ച് നിലനിന്നിരുന്ന ധാരണകളെ കൂടി മനസ്സില്‍ വെച്ചുകൊണ്ടുവേണം ഈ പുസ്തകം വായിക്കുവാന്‍.

മഹാവ്യാധി ഒന്നൊന്നായി സഹജാതരെ അടര്‍ത്തിയെടുക്കുമ്പോള്‍, പല നാടുകളിലൂടെ, പല കാലങ്ങളിലൂടെ അവര്‍ യാത്രയാകുന്നു. ഒടുവില്‍ സഹയാത്രികര്‍ ഓരോരുത്തരായി നഷ്ടമാകുന്നു. ഏകാന്തതയുടെ ജാലം അതിതീവ്രമാകുക അത് ആഞ്ഞുകുത്തി, ഉള്ളിലെ സ്വാസ്ഥ്യം പോലും കെടുത്തുമ്പോഴാകുന്നു. മഹാവ്യാധി കാലത്ത് സ്വാസ്ഥ്യം എന്നത് വലിയ പാരഡി കൂടിയാണ്. നാട് എന്നത് വിട്ടുപോക്കിനുള്ള ഇടം മാത്രമാകുന്നു. മറ്റൊരു നാട് നമുക്ക് സുഖം തരുന്ന കാലം ഒരുക്കിവെയ്ക്കുമെന്ന പ്രതീക്ഷ കൂടുകെട്ടുന്നു. ആ കൂട്ടില്‍ നിന്നും കിളികള്‍ ഒന്നൊന്നായി അപഹരിക്കപ്പെടുന്നു. ശേഷിക്കുന്നവര്‍ക്കാവട്ടെ, ചിറകുനീര്‍ത്തുവാനാവാതെ പോവുകയും ചെയ്യുന്നു.

''These are wild dreams. Yet since, now a week ago, they came on me, as I stood on the height of St. Peter's, they have ruled my imagination. I have chosen my boat, and laid in my scant stores. I have selected a few books; the principal are Homer and Shakespeare—But the libraries of the world are thrown open to me—and in any port I can renew my stock. I form no expectation of alteration for the better; but the monotonous present is intolerable to me. Neither hope nor joy are my pilots—restless despair and fierce desire of change lead me on. I long to grapple with danger, to be excited by fear, to have some task, however slight or voluntary, for each day's fulfilment. I shall witness all the variety of appearance, that the elements can assume—I shall read fair augury in the rainbow—menace in the cloud—some lesson or record dear to my heart in everything. Thus around the shores of deserted earth, while the sun is high, and the moon waxes or wanes, angels, the spirits of the dead, and the ever-open eye of the Supreme, will behold the tiny bark, freighted with Verney— The Last Man.''

മനുഷ്യരുടെ ജീവിതത്തിന്റെ ഏറ്റവും മഹത്തരമായ അര്‍ത്ഥതലം കഷ്ടാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. കഷ്ടാനുഭവങ്ങളില്‍ കൂട്ടായി നില്‍ക്കുന്നത് ആഴങ്ങളിലേക്ക് മുഴക്കമുള്ള യാത്രകള്‍ സമ്മാനിക്കുന്ന ഏകാകിതകള്‍ മാത്രമാകും. അതിനപ്പുറം ജീവിതം എന്താണ്? കോവിഡിന്റെ കാലത്തെ അടച്ചിരിപ്പുമുറിയില്‍ 'അവസാനത്തെ മനുഷ്യ'ന്റെ അവസാന പുറത്ത് നിന്നും, ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നും നോക്കുമ്പോള്‍ ഈ ആകാശത്തിനപ്പുറത്ത് തെളിയുന്ന അറബിക്കടലിനും അഡ്രിയാക് കടലിനും ഭിന്നതയേതുമില്ലെന്ന് ഞാന്‍ അറിയുന്നു. മിലാനും കോമോയും ടൈഫസും ഡോവറും കൊച്ചിയും ഒക്കെ ഒന്നാകുന്നു. ഉറ്റുനോക്കാന്‍ മത്സ്യങ്ങളില്ലെങ്കില്‍, കാറ്റില്‍ ഉലയാത്ത വഞ്ചികളില്ലെങ്കില്‍ പിന്നെ കടലെന്തിന്? കടലില്‍ തിളങ്ങാന്‍ വെളിച്ചമില്ലെങ്കില്‍ പിന്നെ കാലം എന്തിന്? ഉള്ളില്‍ ഇരുള്‍ മാത്രമെങ്കില്‍ വെളിച്ചമെന്തിന്?

(തുടരും)

അവലംബം

1.The Last Man, Mary Wollstonecraft Shelley Edited by Anne McWhir, broadview literary texts, Canada

2.The Letters of Mary Wollstonecraft Shelley, ed. Betty T. Bennett, Johns Hopkins UP, Baltimore

3. Contagion Fables Are Really About, Jill Lepore, The Newyorker, March 23, 2020


Next Story

Related Stories