TopTop
Begin typing your search above and press return to search.

ആല്‍ബേര്‍ കമ്യുവിന്റെ പ്ലേഗ്: മനുഷ്യര്‍ക്ക് ജ്ഞാനോദയം നല്‍കിയ ഒറാനിലെ എലികള്‍ ഇക്കുറിയെത്തിയത് കൊറോണ വൈറസുകളായാവാം

ആല്‍ബേര്‍ കമ്യുവിന്റെ പ്ലേഗ്: മനുഷ്യര്‍ക്ക് ജ്ഞാനോദയം നല്‍കിയ ഒറാനിലെ എലികള്‍ ഇക്കുറിയെത്തിയത് കൊറോണ വൈറസുകളായാവാം

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍ : ആദ്യഭാഗങ്ങള്‍ ഇവിടെ -(1)

ഹോമര്‍, സോഫോക്ലിസ്, ത്യൂസിഡീഡ്‌സ്... കൊറോണ കാലത്ത് മഹാവ്യാധികാല രചനകളിലൂടെ ഒരു സഞ്ചാരം

, (2) )

സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക'

(3)

രതിയും മൃതിയും നന്മതിന്മകളും; പ്ലേഗ് കാലത്ത് ഡെക്കാമറോണ്‍ കഥന ചികിത്സ നടത്തിയ ആശ്ലേഷങ്ങള്‍

(4)

മഹാമാരി, സ്വവര്‍ഗ പ്രണയം, തത്വചിന്ത, ബംഗാളില്‍ നിന്നെത്തിയ കോളറ; കൊറോണക്കാലത്ത് 'ഡെത്ത് ഇന്‍ വെനീസ്' ഇങ്ങനെ വായിക്കാം

]

ഭാഗം 5

(''Happy town. People live according to different systems. The Plague: abolishes all systems. But they die all the same. Doubly useless. A philosopher is writing an 'anthology of insignificant actions'. He will keep a diary of the plague, from the point of view", - Albert Camus - Note Books 1935-1942)

പ്ലേഗ് ആദ്യം 'സിംബോസിയ'ത്തില്‍ അച്ചടിച്ചുവരുമ്പോള്‍ ഈ കുറിപ്പുകള്‍ അതില്‍ ചേര്‍ത്തിരുന്നു. പിന്നീട് അവ കമ്യുവിന്റെ പുസ്തകത്തില്‍ ഇടം പിടിക്കുകയും ചെയ്തു. വിവിധ വ്യവസ്ഥകളില്‍ 'സന്തുഷ്ട'രെന്നു കരുതുന്ന ഒരു പറ്റം ആളുകളുടെ ജീവിതത്തെ അപ്പാടെ തന്നെ ശിഥിലമാക്കി തീര്‍ക്കുകയും ക്രമരാഹിത്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു പ്ലേഗ്. അതുകൊണ്ടു തന്നെ ക്രമവും ക്രമരാഹിത്യവും ഒരുപോലെ അര്‍ത്ഥശൂന്യമായി തീരുന്ന, അസംബന്ധ ജീവിതവ്യവഹാരത്തിന്റെ ആത്യന്തികമായ രാഷ്ട്രീയവും സത്താപരമായ ശൂന്യതയും പകരുന്ന കൃതിയാണ് ആല്‍ബേര്‍ കമ്യുവിന്റെ പ്ലേഗ് (The Plague). സന്തുഷ്ട നഗരം എന്ന വാക്കിലാണ് ഈ നോവല്‍ അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സന്തുഷ്ടി എന്ന പ്രശ്‌നപരിസരത്തെ പല തലങ്ങളില്‍ സമീപിക്കുന്നതാണ് ഈ അസന്തുഷ്ട രചന - ഇരുള്‍ പടര്‍ത്തി വികസിക്കുന്നതും ഇരുള്‍ തേടിപ്പോകുന്നതുമാണ് ഇതിലെ വഴിത്താരകളത്രയും.

മഹാവ്യാധികള്‍, ശരീരത്തില്‍ മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നതല്ല. ശരീരശാസ്ത്രപരമായി വ്യവച്ഛേദിക്കപ്പെടുന്ന തരത്തില്‍ ചികിത്സകള്‍ കണ്ടെത്തപ്പെട്ടിട്ടുള്ളതോ കണ്ടെത്തപ്പെടാനിടയുള്ളതോ ആയ ശരീരബാഹ്യങ്ങളായ ഏതൊക്കെയോ അണുക്കളുടെ വിലാസലീലകള്‍ മാത്രവുമല്ല. ശരീരത്തില്‍ ആണ് അവ ആദ്യം അടയാളപ്പെടുത്തുന്നതെന്നതും ശരീരത്തെയാണ് അത് അതികഠിനങ്ങളായി ശിക്ഷിച്ചുകൊണ്ടിരിക്കുകയെന്നതും വാസ്തവം തന്നെ. എന്നാല്‍ അവയ്‌ക്കൊക്കെ ഉപരിയായ ഒരുപാട് തലങ്ങള്‍ വ്യാധികള്‍ക്ക്, സവിശേഷമായി മഹാവ്യാധികള്‍ക്ക് വന്നുപെടുന്നുണ്ട്.

വ്യക്തിയുടെ ശരീരത്തില്‍ നിന്നും സമൂഹത്തിന്റെ ശരീരത്തിലേക്കും കാലങ്ങളിലേക്കും അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് കാലങ്ങളായി വ്യഷ്ടിയുടെയും സമഷ്ടിയുടേയും സ്വത്വത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന, അമര്‍ത്തിവെച്ചിരിക്കുന്ന പലതിന്റേയും പുറത്തുചാടലും സ്വയം വെളിപ്പെടുത്തലും ആയിത്തീരും. അതിനുമപ്പുറം നമ്മുടെ അനുഭവങ്ങളെ ലംബമായും തിരശ്ഛീനമായും നയിച്ചുകാണ്ടുപോയി അത് പല കാലങ്ങളിലേക്കും നമ്മെ എത്തിക്കുകയും ചെയ്യും.

നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളെ അത് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടും. വിശ്വാസങ്ങളുടെ മേലെ അസ്വസ്ഥമാക്കുന്ന ഒരുപാട് ചോദ്യങ്ങളുയര്‍ത്തും. ശരീരവ്യാധികളുടെ ക്ലേശങ്ങള്‍ക്കിടയിലും അതികഠിനങ്ങളായ മനോസഞ്ചാരങ്ങള്‍ കൊണ്ടു പൊറുതി മുട്ടിക്കും. വ്യവസ്ഥകളുടെ അര്‍ത്ഥശൂന്യതകളെ കുറിച്ചു വെളിച്ചപ്പെടുത്തും. അര്‍ഥങ്ങളുണ്ടെന്ന, വ്യവസ്ഥകളുണ്ടെന്ന, സുരക്ഷകളുണ്ടെന്ന വിശ്വാസങ്ങളെ അത് അപനിര്‍മ്മിക്കും. തീക്കാറ്റുപോലെയാകും അക്കാലം. ഈ തീയുടെ പരിസ്ഫുരണങ്ങള്‍ നിറയുന്ന ആല്‍ബേര്‍ കമ്യുവിന്റെ രചനയാണ് പ്ലേഗ്. ഒരുപാട് പാഠാന്തരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഏറെ വായിക്കപ്പെടുകയും ചെയ്ത കൃതി. അസ്തിത്വവാദകാലത്തെ ഏറ്റവും സ്വാധീനത സൃഷ്ടിച്ച കൃതി. ഏറെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നിമിത്തമായ പുസ്തകം. അതുകൊണ്ടു തന്നെ പ്ലേഗിനെക്കുറിച്ച് എഴുതുന്നതൊക്കെ, എഴുതപ്പെട്ടവയുടെ മേലെയുള്ള എഴുത്തുകളായി തീരുകയാവും ചെയ്യുക. തനിക്കു കാണാനാവാത്ത ദുരിതങ്ങളുടെ പങ്കുപറ്റാതിരിക്കുന്ന മനുഷ്യരുടെ കഴിവുകേടില്‍ കമ്യു ആശങ്കാഭരിതനാകുന്നുണ്ട്.

കോവിഡ് പോലെയുള്ള ഒരു മഹാവ്യാധിക്കു മധ്യേ ഇരുന്ന് ഇത് കുറിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള, വല്ലാതെ വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയെ കാണുന്നുണ്ട്. ഭയം കൊണ്ടു വിറങ്ങലിച്ച ജനത വീടുകളില്‍ ജയിലറ എന്ന പോലെ കഴിയുകയാണ് ലോകത്ത് പല ഇടങ്ങളിലും. മരണത്തിന്റെ വലിയ കണക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഭൂമിയില്‍ നിന്നും നോക്കി കാണുന്നതിലേറെ നാടിന്റെ ആകാശ ചിത്രങ്ങള്‍ നമ്മളെ ഭയപ്പെടുത്തുന്നു. ഇലകള്‍ നിറഞ്ഞുകിടക്കുന്ന, ആളുകളൊഴിഞ്ഞ നിരത്തുകള്‍. അവയിലേക്ക് ഉറ്റുനോക്കാന്‍ തന്നെ ഭയം തോന്നുന്നു. ആഴ്ചകള്‍ക്കു മുന്‍പ് നമ്മുടെ കാലടികള്‍ വീണുനിറഞ്ഞ അവിടങ്ങളൊക്കെ ഇപ്പോള്‍ നിശ്യൂന്നതയുടെ മച്ചകങ്ങളായിരിക്കുന്നു.

നമ്മുടെ നാട്ടില്‍ അത്രമേല്‍ ഭീതിദമായി തീര്‍ന്നിട്ടില്ലെങ്കിലും വീടുകളില്‍ ദീര്‍ഘദിനങ്ങളിലേക്ക് അടയ്ക്കപ്പെടുന്നത് ആളുകളെ പല അവസ്ഥാന്തരങ്ങളിലേക്കും തള്ളി വിടുന്നുണ്ട്. പല തരത്തിലുള്ള ആധികള്‍ അവരുടെ മനസ്സിലും ശിരസ്സിലും ശക്തം. മൂക്കുകുത്തുന്ന സമ്പദ് വ്യവസ്ഥയും ഇല്ലാതാകുന്ന തൊഴിലിടങ്ങളും ഭാവിയെ കുറിച്ചുള്ള തുറക്കപ്പെടാത്ത പുസ്തകങ്ങളും ഒക്കെ രോഗത്തെക്കാളേറെ അവരെ ശ്വാസം മുട്ടിക്കുന്നു. ആരിലാണ് ആശ്രയം കണ്ടെത്തുകയെന്ന ചോദ്യം അവരെ വല്ലാതെ പ്രതിസന്ധികളിലാക്കുന്നു. അതവരെ കടുത്ത അന്യവത്ക്കരണത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

ഈ അന്യവത്ക്കരണത്തിന്റെ സാര്‍വജനീനത മറ്റൊരിടത്തില്‍, മറ്റൊരു കാലത്തില്‍ ചര്‍ച്ച ചെയ്യുന്ന രചനയാണ് പ്ലേഗ്. അഞ്ചു ഭാഗങ്ങളിലായിട്ടാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. 1940-കളിലെ അള്‍ജീരിയന്‍ തീരനഗരമായ ഒറാന്റെ പശ്ചാത്തലത്തിലാണ് രചന. 1556,1678,1921,1931,1944 കാലങ്ങളിലൊക്കെ അവിടെ പ്ലേഗ് ബാധയുണ്ടായിട്ടുണ്ട്. 1849ല്‍ ഇവിടെ കഠിനമായ കോളറയും. മഹാമാരി അനുഭവങ്ങളില്‍ ഇവയെല്ലാം കാണാം.

2.

വ്യഥ, മരണം, ഇരുള്‍പ്പൊക്കങ്ങള്‍

ഒറാന്‍ പട്ടണത്തില്‍ എലികള്‍ കൂട്ടം കൂട്ടമായി ചത്തു. ആദ്യ ഘട്ടത്തില്‍ അതാരും ശ്രദ്ധിച്ചില്ലെങ്കിലും പൊകെപ്പോകെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ആളുകള്‍ പരിഭ്രാന്തരായി. ആദ്യം വലിയ ഗൗരവമൊന്നും കാട്ടാതിരുന്ന നഗരഭരണാധികാരികള്‍ക്ക് പക്ഷെ ജനങ്ങളില്‍ പടരുന്ന ആധി കണ്ടില്ലെന്ന് വയ്ക്കാന്‍ സാധിച്ചില്ല. അവര്‍ ചത്ത എലികളെ എല്ലാം കൂടി ശേഖരിച്ച് ദഹിപ്പിച്ചു കളയാനുള്ള നടപടികള്‍ ചെയ്തു. എന്നാല്‍ അത് ആ പട്ടണത്തെ കാത്തിരുന്ന മഹാവ്യാധി പടര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നടപടിയായി പോയെന്ന് പില്‍ക്കാല ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു.

ഒറാന്‍ പട്ടണത്തിലെ ചത്വരങ്ങളിലൊന്നിലായിരുന്നു നോവലിലെ മുഖ്യകഥാപാത്രം ഡോ. ബര്‍ണാഡ് റിയോക്‌സ് താമസം. ഒരു ദിവസം അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളുടെ നോട്ടക്കാരനും വലിയ അടുപ്പക്കാരനുമായ എം. മൈക്കിള്‍ വിശേഷപ്പെട്ട പനി ബാധിച്ച് മരിച്ചു. ഡോ. ബര്‍ണാഡ് റിയോക്‌സ് തന്റെ സഹപ്രവര്‍ത്തകനായ ഡോ. കാസ്റ്റലുമായി മൈക്കിളിന്റെ പനി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. മൈക്കിളിന്റെ മരണകാരണം പ്ലേഗ് ആയിരിക്കണമെന്ന നിഗമനത്തിലേക്ക് അവര്‍ എത്തി. സഹപ്രവര്‍ത്തകരായ മറ്റു ഡോക്ടര്‍മാരുമായും സര്‍ക്കാര്‍ അധികൃതരുമായും അവര്‍ ആശങ്കകള്‍ പങ്കുവെച്ചുവെങ്കിലും കേവലം ഒരു മരണത്തിന്റെ പേരില്‍ ഈ നിഗമനത്തിലേക്ക് എത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഉണ്ടായത്. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ ഓരോ ദിവസത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പകര്‍ച്ചവ്യാധിയുടെ വരവ് ഉള്‍ക്കൊണ്ടു തുടങ്ങി. മറ്റു പലരോഗങ്ങളും ബാധിച്ചിരുന്ന ഡോ. ബര്‍ണാഡ് റിയോക്‌സിന്റെ ഭാര്യയെ മറ്റൊരു നഗരത്തിലുള്ള സാനിട്ടോറയത്തിലേക്ക് മാറ്റി.

ഗൗരവം ആദ്യഘട്ടത്തിലേ വേണ്ട വണ്ണം ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടിയ അധികൃതര്‍ മെല്ലെ നടപടികളിലേക്ക് കടന്നു. പട്ടണത്തിലപ്പാടെ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിക്കപ്പെട്ടു. രോഗത്തിന്റെ ഗൗരവം ആ നോട്ടീസുകളില്‍ പ്രതിഫലിക്കപ്പെട്ടതായി തോന്നിയില്ല. പട്ടണത്തിലെ ആശുപത്രിയില്‍ പകര്‍ച്ചവ്യാധിരോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തന്നെ തുറന്നു. പക്ഷെ അതിലെ 80 കിടക്കകളും വെറും മൂന്നു ദിവസങ്ങള്‍ കൊണ്ടു നിറഞ്ഞു. മഹാമാരി കാട്ടുതീ പോലെ പടര്‍ന്നു. കൂടുതല്‍ രോഗികള്‍, മരണങ്ങള്‍... ഇതോടെ വീടുകളൊക്കെ ക്വാറന്റൈന്‍ ചെയ്തു. രോഗം ബാധിച്ചു മരിച്ചവരുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പ്രത്യേക നിബന്ധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി.

പ്ലേഗിനുള്ള സിറം അധികൃതര്‍ എത്തിച്ചുവെങ്കിലും ആവശ്യത്തിനുമാത്രം ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ അടിയന്തരാവശ്യങ്ങള്‍ക്കായി കരുതിവെച്ച ധനശേഖരം ശോഷിച്ചുവന്നു. രോഗത്തിന്റെ ഊഷ്മാവ് ഓരോ നാളും ഉയര്‍ന്നുവന്നു. ആദ്യ നാല്പത്തിയെട്ട് മണിക്കൂറുകളില്‍ 11 മരണങ്ങള്‍. ദിനം പ്രതി 30 ആളുകളെങ്കിലും വെച്ച് മരിക്കാന്‍ തുടങ്ങിയതോടെ ഒറാന്‍ പട്ടണം അടച്ചുപൂട്ടി നഗരകവാടങ്ങള്‍ക്കു തഴുതിട്ടു. പ്ലേഗ് ബാധ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തപാലുകളും റെയില്‍ വണ്ടികളും നിലച്ചു. പട്ടണവാസികള്‍ രാജ്യത്തുനിന്നും മുറിച്ചുനീക്കപ്പെട്ടവരെപ്പോലെയായി. അത്യാവശ്യഘട്ടത്തില്‍ മാത്രമായിരുന്നു ടെലിഫോണ്‍ വിളിക്കാന്‍ അനുമതി. ഹൃസ്വമായ ടെലിഗ്രാം സന്ദേശങ്ങളായി പുറത്തുള്ളവരുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം. ലോകവുമായുള്ള ബന്ധം അന്യമായതോടെ ആളുകള്‍ അത്യന്തം തീവ്രമായ അനുഭവങ്ങളിലേക്ക് മൂക്കുകുത്തി. അവര്‍ അന്തര്‍മുഖരും കടുത്ത വിഷാദങ്ങള്‍ക്ക് അടിമകളുമായി. പ്ലേഗ് വ്യക്തിശീലങ്ങളേയും സാമൂഹ്യശീലങ്ങളേയും ബാധിച്ചു. നഗരവാസികള്‍ വ്യത്യസ്ത തരത്തിലാണ് തങ്ങള്‍ എത്തിപ്പെട്ട പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്.

ജോലി ആവശ്യത്തിനായി ഒറാനില്‍ എത്തി കുടങ്ങിപ്പോയ പത്രപ്രവര്‍ത്തകനായ റെയ്മണ്ട് റാംബര്‍ട്ട് പാരിസിലേക്ക് മടങ്ങി ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ശ്രമിച്ചു. പട്ടണത്തിന്റെ അധികാരികള്‍ അതിനു അനുമതി നല്‍കാതെ വന്നപ്പോള്‍ അദ്ദേഹം അവിടത്തെ അധോലോകത്തിന്റെ സഹായം തേടി. അവര്‍ക്കു പണം നല്‍കി, രഹസ്യമായി പുറത്തുകടക്കാമെന്ന പ്രതീക്ഷയില്‍. ജെസ്യൂട്ട് പാതിരിയും ആത്മീയ പ്രബോധകനുമായ ഫാദര്‍ പാനലോക്‌സ് പട്ടണത്തിലെ തന്റെ ഖ്യാതി വളര്‍ത്താനുള്ള അവസരമായി അതിനെ മാറ്റി. പട്ടണവാസികളുടെ പാപം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണ് പ്ലേഗ് എന്ന് അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. സാധാരണ സാഹചര്യങ്ങളില്‍ ഇതിനൊന്നും ചെവികൊടുക്കാത്തവര്‍ പോലും ഫാദര്‍ പാനലോക്‌സിന്റെ വാക്കുകള്‍ക്കു പിന്നാലെ പോയി. മഹാമാരി മനുഷ്യരെ പലതരത്തില്‍ മാറ്റിത്തീര്‍ത്തുകൊണ്ടേയിരുന്നു.

കൊട്ടാര്‍ഡ് എന്ന നിഗൂഢമായി കാര്യങ്ങള്‍ ചെയ്യുന്നയാള്‍ കള്ളക്കടത്തുവഴി ഏറെ ധനം ഇക്കാലത്ത് നേടിയെടുക്കാന്‍ ശ്രമിച്ചു. അജ്ഞാത കാരണങ്ങളാല്‍ ഒറാനില്‍ എത്തപ്പെട്ട ഷാങ് താര്യു, ഉള്ളിലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരിക്കലും കൃത്യമായ വാക്കുകള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്ന ക്ലാര്‍ക്കും എഴുത്തുകാരനുമായ ജോസഫ് ഗ്രാന്റ്... ഇവരൊക്കെ മഹാവ്യാധിക്കാലത്ത് പലതരത്തില്‍ ഡോ. ബര്‍ണാഡ് റിയോക്‌സിനൊപ്പം ചേര്‍ന്ന് രോഗികള്‍ക്ക് സാന്ത്വനവും സഹായവും ഒരുക്കി നല്‍കാന്‍ തയാറായി. ഇത്തരത്തില്‍ മഹാമാരി ഓരോരുത്തര്‍ക്കും ഓരോ പുതിയ ഉദ്യമങ്ങള്‍ നല്‍കി, ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കി. റെയ്മണ്ട് റാംബര്‍ട്ട് തന്റെ ഒളിച്ചുകടക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഷാങ് താര്യുവിനെ അറിയിക്കുന്നു. ഷാങ് താര്യു പക്ഷെ റാംബര്‍ട്ടിനെ നിരുത്സാഹപ്പെടുത്തി. ഡോ. ബര്‍ണാഡ് റിയോക്‌സിനെപ്പോലെ ഒരുപാടു പേര്‍ തങ്ങളുടെ പ്രീയരെ വിട്ട് ഇവിടെ കഴിയുന്നുണ്ടെന്ന കാര്യം അയാള്‍ പറഞ്ഞു. മനസ്സുമാറിയ റാംബര്‍ട്ട് മഹാമാരിയില്‍ പെട്ടവരെ സഹായിക്കാന്‍ ഡോ. ബര്‍ണാഡ് റിയോക്‌സിനൊക്കെ ഒപ്പം ചേരുകയായിരുന്നു.

ഓഗസ്റ്റ് മധ്യമായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ജനങ്ങള്‍ ആ നാട്ടില്‍ നിന്നും ഓടിപ്പോകാന്‍ തുടങ്ങി. അത്തരക്കാരെ പട്ടാളം വെടിവെച്ചിട്ടു. അക്രമവും പിടിച്ചുപറിയും വ്യാപകമായി. സര്‍ക്കാര്‍ പട്ടാള നിയമവും കര്‍ഫ്യൂവും പ്രഖ്യാപിച്ചു. മരണം സംഭവിച്ചാല്‍ അതിവേഗത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അധികാരികള്‍ മാനുഷിക മുഖമേതുമില്ലാതെ നടപടികളെടുത്തു. മരിച്ചവരുടെ ബന്ധുക്കളുടേയോ രോഗികളുടേയോ കാര്യത്തില്‍ അവര്‍ ഒരു പരിഗണനയും വെച്ചില്ല. ഇതോടെ ജനങ്ങള്‍ കൂടുതല്‍ കൂടുതലായി അന്യവത്ക്കരിച്ചു. സ്വന്തം നാട്ടില്‍ നാടുകടത്തപ്പെട്ടവരെപ്പോലെ അവര്‍ കഴിഞ്ഞു. ഉള്ളില്‍ തന്നെ തീര്‍ത്തും മുറിച്ചു മാറ്റപ്പെട്ടവരായി അവര്‍ മാറി.

തുടര്‍ന്നുള്ള മാസങ്ങളിലും രോഗം വര്‍ദ്ധിച്ചു. സാനിട്ടോറിയത്തില്‍ കഴിയുന്ന തന്റെ ഭാര്യയുടെ നില വഷളായിക്കൊണ്ടിരിക്കുന്നതായി ഡോ. ബര്‍ണാഡ് റിയോക്‌സ് അറിയുന്നുണ്ടായിരുന്നു. പ്ലേഗ് ബാധിതരുടെ കഠോരാനുഭവങ്ങള്‍ കണ്ടുകൊണ്ടിരുന്ന ആ ഡോക്ടറുടെ മനസ്സ് കല്ലുപോലെയായി മാറി. ഭാര്യയുടെ നില വഷളായി എന്നറിയുമ്പോഴും അദ്ദേഹം പ്ലേഗുബാധിതരുടെ മധ്യേ സേവനം തുടര്‍ന്നു. എന്നാല്‍ കോട്ടാര്‍ഡിന് അത് നല്ല കാലമായിരുന്നു. എല്ലാവരും മഹാമാരിയുടെ പിന്നാലെ പോയപ്പോള്‍ അയാള്‍ കള്ളക്കടത്തിലൂടെ നല്ല വിളവെടുപ്പ് നടത്തി. കോട്ടാര്‍ഡും ഷാങ് താര്യുവും കൂടി ഓപ്പറ കണ്ടിരിക്കെ അതിലെ ഒരു അഭിനേതാവ് പ്ലേഗ് ബാധിച്ചു വീണു. റെയ്മണ്ടിന്, റാംബര്‍ട്ടിന് പിന്നിട് പട്ടണത്തിന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങിയെങ്കിലും അത് വേണ്ടെന്ന് വെച്ചു. എവിടെയെങ്കിലും രക്ഷപ്പെട്ടോടുകയെന്നത് വല്ലാത്ത നാണക്കേടായി അയാള്‍ക്ക് തോന്നി.

പ്ലേഗിനെ തുരത്തുന്നതിനുള്ള സിറം കുട്ടികളിലും മറ്റും പ്രയോഗിച്ച് പരാജയപ്പെടുന്നത് അവരുടെ കിടക്കയ്ക്കരുകില്‍ ഡോ. ബര്‍ണാഡ് റിയോക്‌സ് വേദനയോടെ നോക്കി നിന്നു. ഫാദര്‍ പാനലോക്‌സ് നിഷ്‌കളങ്കരായ കുട്ടികള്‍ രോഗത്തിനിരയാകുന്നത് ക്രൈസ്തവ വിശ്വാസബന്ധിയായ പരീക്ഷണമാണെന്ന് പ്രബോധന പ്രസംഗത്തില്‍ പറഞ്ഞു. വിശ്വസം വേണോ വേണ്ടയോ എന്ന ആത്യന്തിക ചോദ്യമാണ് ഈ പരീക്ഷണത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചു. സഭ പ്ലേഗിനെ ചെറുക്കാനുള്ള എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി തീരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഫാദര്‍ പാനലോക്‌സ് വോളണ്ടിയര്‍ സംഘത്തില്‍ ചേര്‍ന്നിരുന്നു. വൈകാതെ അദ്ദേഹം ശയ്യാവലംബിയായി. ലക്ഷണങ്ങള്‍ പ്ലേഗിന്റേതായിരുന്നില്ല. പ്ലേഗെന്ന് സ്ഥിരീകരിക്കാത്ത മരണമായി തീര്‍ന്നു അത്.

ഷാങ് താര്യുവും റംബാര്‍ട്ടും ഐസൊലേഷന്‍ ക്യാമ്പിലെത്തിയപ്പോള്‍ അവിടെ നേരത്തെ രോഗം ബാധിച്ച് മരിച്ച ജാക്വിസ് ഓത്തോണിന്റെ പിതാവും ഒറാന്‍ മജിസ്‌ട്രേറ്റുമായ എം. ഓത്തോണിനെ കണ്ടു. ഓത്തോണിന്റെ ക്വാറന്റെന്‍ കാലം അവസാനിച്ചിരുന്നു. തന്റെ മകന്റെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും ശൂന്യതയില്‍ നിന്നും പുറത്തുകടക്കുന്നതിനുവേണ്ടിയാണ് ഓത്തോണ്‍ ആ ക്യാമ്പിലെ വോളന്റിയറായി തുടര്‍ന്നത്. ഷാങ് താര്യുവും റിയോക്‌സും കൂടി നാടിനെ നടക്കുന്ന മാഹാമാരിയുടെ ഓര്‍മ്മകളില്‍ നിന്നും വിടുതല്‍ നേടുന്നതിനായി കടലില്‍ നീന്താനായി പോയി.

ജോസഫ് ഗ്രാന്റിനെ പ്ലേഗ് ബാധിച്ചു. തന്റെ എല്ലാ എഴുത്തുകളും കത്തിച്ചു കളയണമെന്ന് അദ്ദേഹം റിയോക്‌സിനെ ചട്ടം കെട്ടി. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി ഗ്രാന്റ് രോഗത്തില്‍ നിന്നും മുക്തനായി. അയാള്‍ തന്റെ പുസ്തകം വീണ്ടും എഴുതുന്നതിനും അകന്നു നില്‍ക്കുന്ന ഭാര്യയ്ക്കുള്ള കത്ത് പൂര്‍ത്തിയാക്കുന്നതിനും തീര്‍ച്ചയാക്കുന്നു.

മെല്ലെ പ്ലേഗിന്റെ സംഹാരതാണ്ഡവത്തിന് ശമനമായി. ജനുവരി ആയതോടെ പ്ലേഗ് പൂര്‍ണമായും പിന്‍വാങ്ങിത്തുടങ്ങി. പട്ടണവാസികളെല്ലാവരും തന്നെ ചത്വര കവാടം തുറക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലായി. ഓത്തോണിനു രോഗത്തെ അതിജീവിക്കാനായില്ല. കോട്ടാര്‍ഡ് ആവട്ടെ രോഗം ശമിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നതില്‍ ഖിന്നനായിരുന്നു. തനിക്ക് വലിയ വരുമാനം നേടിത്തരുന്ന കള്ളക്കടത്ത് പഴയ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നതില്‍ അയാള്‍ വ്യസനിച്ചു. തന്നെ തെരഞ്ഞെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അയാള്‍ ഓടി . മഹാമാരി അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ, ഷാങ് താര്യു പ്ലേഗിനു കീഴടങ്ങി. ഡോ.റിയോക്‌സിന്റെ ഭാര്യ മരണമടഞ്ഞതായ സന്ദേശം സാനിട്ടോറിയത്തില്‍ നിന്നും എത്തി. ഫെബ്രുവരിയായതോടെ ഏവരും കാത്തിരുന്നതുപോലെ ചത്വര കാവടങ്ങള്‍ തുറക്കപ്പെട്ടു. മറ്റു നഗരങ്ങളില്‍ പാര്‍ത്തിരുന്നവര്‍ കൂട്ടമായി അവിടേക്ക് എത്തി. അരക്കിറുക്കനായ കോട്ടാര്‍ഡ് വീട്ടില്‍ നിന്നും പുറത്തേക്ക് വെടിയുതിര്‍ത്തു. അയാള്‍ അറസ്റ്റിലായി. ഗ്രാന്റ് തന്റെ പുതിയ നോവലിന്റെ പണിപ്പുരയില്‍ കയറി. റിയോക്‌സ് താന്റെ വ്യക്തിപരമായ സഹനത്തിന്റെ വസ്തുനിഷ്ഠമായ രേഖയായിട്ടാണ് ഈ പുരാവൃത്തം എഴുതിയതെന്ന കാര്യം പുസ്തകത്തിന്റെ അവസാന പുറങ്ങളില്‍ രേഖപ്പെടുത്തുന്നു. താന്‍ ആവട്ടെ വലിയ പീഡിത സമൂഹത്തിലെ അണിമയാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.

3

അടച്ചിരിപ്പ്, അന്യവത്ക്കരണം, തുറവി

അന്യവത്ക്കരണത്തെയും സ്വത്വ പ്രതിസന്ധികളേയും പ്ലേഗ് പോലെ അഭിസംബോധന ചെയ്ത രചനകള്‍ ചുരുങ്ങുമെന്നു തോന്നുന്നു. ആല്‍ബേര്‍ കമ്യു തന്നെ മറ്റൊരിക്കല്‍ എഴുതിയിരുന്നതുപോലെ, വായനക്കാരന് അറിയാന്‍ സാധിക്കാത്ത ഒരു ആന്തരിക പ്രപഞ്ചം സൃഷ്ടിക്കാനാവാതെ പോകുന്ന അവസ്ഥ പ്ലേഗില്‍ ഉടലെടുക്കുന്നില്ല (''The problem in art is a problem of translation. Bad authors are those who write with reference to an inner context which the reader cannot know. You need to be two people when you write. Once again, the first thing is to learn to govern yourself").

പ്ലേഗ് നമ്മെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. അത് സ്വയം പുതുക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. പ്ലേഗ് എന്നത് രോഗാവസ്ഥ മാത്രമല്ല, അത് രോഗാതുരമായ സമൂഹത്തില്‍ ചളി പൊട്ടി പുറത്തേക്ക് വമിപ്പിക്കുന്ന ഇണപ്പുകള്‍ കൂടിയാകുന്നു. ഈ ഇണപ്പുകളില്‍ രാഷ്ട്രീയമുണ്ട്, ധാര്‍മ്മികതയും വൈകാരിക വിഹ്വലതകളുമുണ്ട്. ശരീരത്തിന്റെ അപാരമായ വേവലാതികളുണ്ട്. ആല്‍ബേര്‍ കമ്യു പ്ലേഗിനു നല്‍കുന്ന പാഠത്തിലെ രാഷ്ട്രീയ വ്യവഹാരം സൂക്ഷ്മവും തീവ്രവുമാകുന്നു. മഹാവ്യാധി അടച്ചിടുന്ന ഒറാന്‍ ചത്വരങ്ങളുടെ കവാടം ഫാസിസത്തിന്റെ അടഞ്ഞ വഴികളിലേക്ക് നമ്മെ നയിക്കുന്നു. ഒരു കാലത്ത് നാസികളുടെ നിയന്ത്രണത്തിലായ ഫ്രാന്‍സിനെക്കുറിച്ചുള്ള അന്യാപദേശം അതില്‍ നിറയുന്നുണ്ട്. ഫാസിസം പോലെ പ്ലേഗും മറ്റെവിടെ നിന്നും വന്നതല്ലെന്ന് എഴുത്തുകാരന്‍ തിരിച്ചറിയുന്നുണ്ട്. ചത്തു വീണുകൊണ്ടിരുന്ന എലികളിലും വെയര്‍ ഹൗസികളിലും എന്തിന് അവിടത്തെ അപ്പാര്‍ട്ടുമെന്‍രുകളില്‍ പോലും അവ പതിയിരിക്കുന്നുണ്ട്. രോഗവും പ്രതിസന്ധികളും ഒറാന്‍ നിവാസികള്‍ക്കൊപ്പം തന്നെയുണ്ട്. എക്കാലവും. വിശാല തലത്തില്‍ അത് എല്ലാ ജനതകള്‍ക്കുമൊപ്പമുണ്ട്.

കമ്യു എഴുതുന്നു: 'It was as though the very soil on which our houses were built was purging itself of an excess of bile, that it was letting boils and abscesses rise to the surface, which up to then had been devouring it inside,'

മഹാമാരികള്‍ വരുന്നത് ഇങ്ങനെയാണ്. നാല്‍ക്കാലികള്‍ അവയെ ആദ്യം അറിയും. അവ ആദ്യം ഇരയാകുകയും ചെയ്യു. അവയുടെ ഘ്രാണങ്ങള്‍ അതി തീഷ്ണങ്ങളായതുകൊണ്ടാവാം അത്ര പെട്ടന്ന് അവ തിരിച്ചറിയുന്നത്. മഹാവ്യാധി വാതില്‍ക്കല്‍ എത്തി മുട്ടുന്നത് എലികളുടെ ചത്തൊടുങ്ങലിലും തുടര്‍ന്ന് മൈക്കിളിന്റെ മരണത്തിലും ഡോ. റിയോക്‌സ് തിരിച്ചറിയുന്നത് ഇത്തരത്തിലുള്ള അതിസംവേദനം കൊണ്ടു കൂടിയാവണം. മറ്റാരേക്കാളും തീവ്രമാകാം അദ്ദേഹത്തിന്റെ സംവേദനം. മറ്റു പല ഡോക്ടര്‍മാര്‍ക്കും ഈ സംവേദനം സാധ്യമാകുന്നതായി കൃതിയില്‍ കാണുന്നില്ല.

''It moved uncertainly, and its fur was sopping wet. The animal stopped and seemed to be trying to get its balance, moved forward again toward the doctor, halted again, then spun round on itself with a little squeal and fell on its side. Its mouth was slightly open and blood was spurting from it. After gazing at it for a moment, the doctor went upstairs.''

എലികള്‍ അറകളില്‍ നിന്നും പുറത്തുവരുന്നത് തെരുവുകളില്‍ മരിച്ചു വീഴുന്നതിന് വേണ്ടി മാത്രമായിത്തീരുന്നു. ആ സൂചകങ്ങളില്‍ നിന്നും നഗരവാസികള്‍ ഒന്നും പഠിച്ചില്ല. ആദ്യ മരണത്തിന്റെ പുലര്‍വേള ഖേദം നിറയ്ക്കുന്നതുവരെ ആ സൂചകങ്ങളിലേക്ക് അവര്‍ കാര്യമായി എത്തിനോക്കിയില്ല. എത്തിനോക്കാത്ത അധികാരി, അവഗണിച്ചു പോകുന്ന ജനത, നിസ്സഹായത, പിന്നീടുള്ള ഖേദം... ഇവയൊക്കെ രാഷ്ട്രീയ വ്യവഹാരത്തിന്റെ വലിയ സൂചകങ്ങളാണ്. വലിയ പ്രാധാന്യമൊന്നും ഇല്ലാത്തവണ്ണം ചില്ലറ നോട്ടീസുകളും മറ്റും പതിക്കുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ എത്തിയില്ല. ഇത്തരം അവസ്ഥ, എല്ലാ കാലങ്ങളിലും എല്ലാ വ്യവസ്ഥകളിലും ദൃശ്യമാകുന്നതാണ്. കാരണം എല്ലാ വ്യവസ്ഥകളിലും ഫാസിസം കുടിയിരിക്കുന്നുണ്ട്.

''Reviewing that first phase in the light of subsequent events, our townsfolk realized that they had never dreamed it possible that our little town should be chosen out for the scene of such grotesque happenings as the wholesale death of rats in broad daylight or the decease of concierges through exotic maladies.'''

പക്ഷെ ഒടുവില്‍ എല്ലാം അടച്ചിടേണ്ടി വരുന്നു. അതൊരു കനത്ത പരീക്ഷണകാലമാണ് ഒറാനിലെ ജനതയ്ക്കു നല്‍കുന്നത്. കലി ബാധിച്ചവര്‍ തീവ്രാവേശഭരിതരാവുന്നു. മറ്റുള്ളവരാകട്ടെ, ഉള്ളിലെ മതില്‍ക്കെട്ടുകളില്‍ മുട്ടി തകര്‍ന്നുവീഴുന്നു. വ്യാധി, ജീവിതത്തിന് പുതിയ അര്‍ത്ഥവും ആ അര്‍ത്ഥത്തിലെ തന്നെ ശൂന്യസ്ഥലങ്ങളും കാണിച്ചുകൊടുക്കുന്നു. പ്ലേഗ് അതിന്റെ ആഴത്തില്‍ ഫാസിസത്തിന്റെ വൈറസിനേയും വഹിച്ചാണ് നിന്നിരുന്നത്. കമ്യുവിനെ സംബന്ധിച്ചിടത്തോളം പ്ലേഗ് ശരീരത്തെ ബാധിക്കുന്ന മഹാവ്യാധിയുടെ മാത്രം പുരാവൃത്തമായിരുന്നില്ല. ആ പട്ടണത്തെ ഒരിക്കലും വിട്ടു പോകാത്ത ഒന്നയി അത് നിലനില്‍ക്കുന്നു. മനുഷ്യാവസ്ഥയുടെ അതിയാഥാര്‍ത്ഥ്യം എന്ന നിലയില്‍. കമ്യുവിന്റെ പ്ലേഗ് അന്തമില്ലാത്ത ഒന്നാകുന്നു. അങ്ങനെയല്ല അതെന്ന് പലരും ധരിക്കുന്നുവെന്ന് മാത്രം. മഹാമാരി ഒരിക്കലും അവസാനിക്കുന്നതേയില്ല. (''They fancied themselves free, and no one will ever be free so long as there are pestilences.'')

ചരിത്ര പുസ്തകങ്ങള്‍ തെരഞ്ഞുപോകുന്ന ഡോ. റിയോക്‌സ് ചരിത്രത്തില്‍ പ്ലേഗ് ഒന്നേയുള്ളു എന്ന് കണ്ടെത്തുന്നു. അന്തമില്ലാതെ, കാലങ്ങളിലൂടെ, ജനതതികളിലൂടെ മാനവസിന്ധുവിന്റെ മഹാപ്രവാഹത്തിലൂടെ അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ('I know positively that each of us has the plague within him; no one, no one on earth, is free from it.'') മനുഷ്യാവസ്ഥയുടെ ഒരിക്കലും അവസാനിക്കാത്ത ആക്രന്തനങ്ങള്‍ അതിലുണ്ട്. വേദനയും നിശ്വാസവും അതിലുണ്ട്. പ്ലേഗ് എന്നത് മനുഷ്യന്‍ തന്നെയാകുന്നു. അത് മനുഷ്യാവസ്ഥ തന്നെയാകുന്നു. ഒരിക്കലും അവസാനിക്കാത്ത മനുഷ്യാവസ്ഥയുടെ ദുരിത സഞ്ചാരങ്ങളുടെ, പോരാട്ടങ്ങളുടെ അര്‍ത്ഥശൂന്യതകളുടെ പേരാകുന്നു പ്ലേഗ്.

ഈ തിരിച്ചറിവോടെയാണ് ഡോ. റിയോക്‌സ് അസൈലത്തില്‍ കഴിഞ്ഞത്. ആര്‍ക്കും വേണ്ടാത്ത, ഏകാന്തകളുടെ തീവ്രഭാരവും പേറി, അന്യവത്ക്കരണത്തിന്റെ തിരയിടികള്‍ മാത്രം അനുഭവിച്ചയാള്‍ അവിടെ കഴിഞ്ഞു. ആധുനികതയുടെ വൈവശ്യങ്ങളും നാരകീയതകളും അയാള്‍ തിരിച്ചറിഞ്ഞു:

''Sometimes at midnight, in the great silence of the sleep-bound town, the doctor turned on his radio before going to bed for the few hours' sleep he allowed himself. And from the ends of the earth, across thousands of miles of land and sea, kindly, well-meaning speakers tried to voice their fellow-feeling, and indeed did so, but at the same time proved the utter incapacity of every man truly to share in suffering that he cannot see.''

ഈ ലേഖനത്തിന്റെ തുടക്കത്തിലെ ഉദ്ധരണിയിലേയും നോവലിലെ അവസാന വാചകത്തിലേയും സന്തുഷ്ട നഗരം എന്ന വാക്ക് ശ്രദ്ധിക്കുക. ഒരു പാട് തലങ്ങള്‍ അതിനു കൈവരുന്നത് നാം കാണുന്നു. നഷ്ടങ്ങളുടെ, ലോപങ്ങളുടെ, ഒക്കെ സന്തുഷ്ടിയാകുന്നു അത്. ദു:ഖങ്ങളുടേയും. അന്യവത്ക്കരണം ഒരു ചരിത്രഘട്ടത്തിന്റെ മാത്രം അവസ്ഥയല്ല. എല്ലാക്കാലത്തേയുമാകുന്നു. എല്ലാ വ്യവസ്ഥകളിലും ഫാസിസം കുടിയിരിക്കുന്നതുപോലെ അന്യവത്ക്കരണവും സാര്‍വജനീനമാകുന്നു. അന്യവത്ക്കരിയ്ക്കപ്പെട്ടവര്‍ക്കാവട്ടെ, എല്ലാം നഷ്ടമാകുന്നു. അവര്‍ക്ക് ലോകം തന്നെ ഇല്ലാത്ത അവസ്ഥ. പ്ലേഗ് എല്ലാത്തിനേയും എല്ലാവരേയും വിഴുങ്ങി. നോവലിന്റെ അന്ത്യത്തില്‍ പ്രതിരോധ സിറം ലക്ഷ്യം കണ്ടു തുടങ്ങുന്നത് നാം കാണുന്നു. അതോടെ ഒറാന്‍ പട്ടണത്തില്‍ ആഹ്ലാദാരവങ്ങള്‍ ദൃശ്യമായി.

പക്ഷെ പ്ലേഗ് ഒരിക്കലും അവസാനിക്കില്ലെന്നും ഇത്തരം ആഘോഷങ്ങള്‍ കാലബന്ധി മാത്രമാണെന്നും ഡോക്ടര്‍ ബര്‍ണാഡ് റിയോക്‌സ് തിരിച്ചറിയുന്നു. ഇനിയും കാലങ്ങളിലൂടെ മരിച്ചുവിഴാനായി എലികള്‍ സഞ്ചരിച്ചെത്തും. മനുഷ്യര്‍ എലികളായി വീണ്ടും പരിണമിക്കും. ഡോക്ടര്‍ ബര്‍ണാഡ് റിയോക്‌സ് ചരിത്ര പുസ്തകത്തില്‍ കണ്ടെത്തിയവ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ചരിത്രത്തിന്റെ ഖിന്നതകള്‍ അദ്ദേഹം വര്‍ത്തമാനകാലത്തിലേയ്ക്കു ചേര്‍ത്തുവെയ്ക്കുന്നു.

''It could be only the record of what had had to be done, and what assuredly would have to be done again in the never ending fight against terror and its relentless onslaughts, despite their personal afflictions, by all who, while unable to be saints but refusing to bow down to pestilences, strive their utmost to be healers. And, indeed, as he listened to the cries of joy rising from the town, Rieux remembered that such joy sialways imperiled. He knew what those jubilant crowds did not know but could have learned from books: that the plague bacillus never dies or disappesar for good; that it can lie dormant for years and years in furniture and linen-chests; that it bides its time in bedrooms, cellars, trunks, and bookshelves; and that perhaps the day would come when, for the bane and the enlightening of men, it would rouse up its rats again and send them forth to die in a happy city.''

യഥാര്‍ത്ഥത്തില്‍ പ്ലേഗ് ഇവിടെ, കമ്യുവിന്റെ അവസാന വാചകത്തില്‍ നിന്നും തുടങ്ങുന്നതേയുള്ളുവെന്ന് തോന്നുന്നു. അവ കാലങ്ങള്‍ താണ്ടി, ഒഴുകിയൊഴുകി നമ്മളിലേക്ക് എത്തുന്നു. ഒറാനിലെ മനുഷ്യര്‍ക്ക് ജ്ഞാനോദയം നല്‍കിയ എലികള്‍, ഇക്കുറി ഒരു പക്ഷെ എത്തിയത് കൊറോണ വൈറസുകളായിട്ടാവാം.

(തുടരും)

അവലംബം:

1. The Plague, Albert Camus, Vintage International

2. Note Books 1935-1942, Albert Camus,The Modern Library, NewYork,

3. 2.Contagion Fables Are Really About, Jill Lepore, The Newyorker, March 23, 2020

4.The Pandemic Imagination, Sidhartha Deb, The New Republic Magazine, March 16, 2020

5.The Plague Narrative of Defoe and Camus, Illness as Metaphor By Raymond Stephanson, Modern Language Quarterly


Next Story

Related Stories