TopTop
Begin typing your search above and press return to search.

സംഘര്‍ഷം, പ്രണയം, രതി, ഭീതി, അസൂയ, വെറുപ്പ്, അക്രമം, സന്തുഷ്ടി, നിരാശ; കാഴ്ചയില്ലാതെ, പേരുകളില്ലാതെ മഹാമാരികളുടെ അന്ധത; കൊറോണക്കാലത്ത് സരമാഗോയെ വായിക്കുമ്പോള്‍

സംഘര്‍ഷം, പ്രണയം, രതി, ഭീതി, അസൂയ, വെറുപ്പ്, അക്രമം, സന്തുഷ്ടി, നിരാശ; കാഴ്ചയില്ലാതെ, പേരുകളില്ലാതെ മഹാമാരികളുടെ അന്ധത; കൊറോണക്കാലത്ത് സരമാഗോയെ വായിക്കുമ്പോള്‍

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍. ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം]

ഭാഗം 11

''Tell me where you live, the man asked him. Through the car windows voracious faces spied, avid for some news. The blind man raised his hands to his eyes and gestured, Nothing, it's is black, Well I see everything white, That little woman was probably right, it could be a matter of nerves, nerves are the very devil, No need to talk to me about it, it's a disaster, yes a disaster, Tell me where you live please, and at the same time the engine started up. Faltering, as if his lack of sight had weakened his memory, the blind man gave his address, then he said, I have no words to thank you, and the other replied, Now then, don't give it another thought, today it's your turn, tomorrow it will be mine, we never know what might lie in store for us, You're right, who would have thought, when I left the house this morrning, that something as dreadful as this was about to happen" - Blindness -José Saramago.

മനുഷ്യാവസ്ഥയുടെ സമസ്തഭാവങ്ങളിലൂടേയും കടന്നുപോകുന്ന അത്യസാധാരണമായ രചനയാണ് പോര്‍ച്ചുഗീസ് സാഹിത്യകാരനായ ഷൂസെ സരമാഗോ (José Saramago) രചിച്ച അന്ധത (Blindness). സംഘര്‍ഷം, പ്രണയം, രതി, ഭീതി, അസൂയ, വെറുപ്പ്, അക്രമം, സന്തുഷ്ടി, നിരാശ... ഇങ്ങനെ മനുഷ്യര്‍ പാര്‍ക്കുന്ന എല്ലാ ഇടങ്ങളിലും ചുറ്റിത്തിരിഞ്ഞ് അഗാധമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന, അനുഭവങ്ങള്‍ പകര്‍ത്തിവെയ്ക്കുന്ന രചന. തത്വചിന്തയും കറുത്തഫലിതവും ഒക്കെ നിരത്തി അത്യപൂര്‍വമായ മഹാവ്യാധി കഥനം നടത്തുകയാണ് എഴുത്തിലും ചിന്തയിലും വേറിട്ടുനിടക്കുന്ന സരമാഗോ. സോഫോക്ലിസിന്റെ കാലം മുതലിങ്ങോട്ട് അന്ധത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാതരചനകള്‍ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സോഫോക്ലിസിലോ ഷേക്‌സ്പിയറിലോ ജോണ്‍ മില്‍ട്ടണിലോ ഒന്നും കാണുന്നതുപോലെ അന്ധത്വത്തിന്റെ മഹത്വവല്‍ക്കരണത്തിനല്ല, അതിന്റെ അപനിര്‍മാണത്തിനാണ് സരമാഗോ ഒരുമ്പെടുന്നത്.

അത്യസാധാരണമാണ് അദ്ദേഹത്തിന്റെ രചനാകൗശലം. ചിന്തയ്ക്കാവട്ടെ കാന്തപ്രഹര്‍ഷവും. വായനക്കാരോട് നിഷ്‌കൃഷടമായ ശിക്ഷണം ആവശ്യപ്പെടുന്നതാണ് സരമാഗോയുടെ എഴുത്തുശീലം. ദൃശ്യങ്ങളുടെ സവിശേഷമായ ചേര്‍ത്തുവെയ്പുകളിലൂടെ കഥാപ്രക്ഷേപം നടത്തുന്ന രീതിയാണ് പൊതുവില്‍ അനുവര്‍ത്തിച്ചുപോരുന്നത്. ഭാഷയുടെ പതിവ് സവിശേഷതകളെ ഒക്കെ കുടഞ്ഞെറിഞ്ഞ് തനിക്കു മാത്രം സാധ്യമായ രീതിയില്‍ ആഖ്യാനം സാധ്യമാക്കുന്ന സവിശേഷതലം ഒരുക്കിയാണ് കഥ പറച്ചില്‍. മനുഷ്യരുടെ ഒറ്റപ്പെടലും അതുപകര്‍ന്നുവെയ്ക്കുന്ന വ്യസനങ്ങളുമാണ് സരമാഗോയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന മോട്ടീഫുകളില്‍ പ്രധാനം. മഹാവ്യാധിക്കാലത്തെ മനുഷ്യബന്ധങ്ങളുടെ അത്യന്തം സൂക്ഷ്മങ്ങളായ കെട്ടുപിണച്ചിലുകളും പിടച്ചിലുകളും ഈ പുസ്തകത്തില്‍ കാണാം.

അതിവിപുലമായ ജീവിതാനുഭവങ്ങള്‍ ഉള്ള എഴുത്തുകാരനാണ് സരമാഗോ. കര്‍ഷക കുടുംബത്തില്‍ ജനിച്ച്, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ജീവിതായോധനത്തിനായി ഏറെ ജോലികള്‍ ചെയ്ത അദ്ദേഹം മെക്കാനിക്കായും തര്‍ജ്ജമാകാരനായും പത്രപ്രവര്‍ത്തകനായും ഒക്കെ പ്രവര്‍ത്തിച്ച് കഠിനാനുഭവങ്ങളുമായിട്ടാണ് എഴുത്തില്‍ കൂടുതല്‍ വ്യാപൃതനാകുന്നത്. അഗ്രഹിച്ച തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്ന വ്യാകാരണ പഠനവും സാഹിത്യ പഠനവും ഒക്കെ അദ്ദേഹത്തെ പല തരത്തില്‍ അലട്ടിയിരുന്നു. ആദ്യകാലത്ത് എഴുത്ത് ശ്രദ്ധിക്കപ്പെടാതെ പോയത് വലിയ സ്വത്വപ്രതിസന്ധിയും സൃഷ്ടിച്ചു. പല ജോലികള്‍ ചെയ്യേണ്ടിവന്നതും എഴുത്തില്‍ സജീവമാകാന്‍ തടസങ്ങളായി. താന്‍ എഴുതുന്നതില്‍ ശ്രദ്ധിക്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന ചിന്ത എഴുതി പൂര്‍ത്തീകരിച്ച പുസ്തങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഉദ്യമങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്നോക്കം വലിക്കുക പോലുമുണ്ടായിട്ടുണ്ട്. ഇത് അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്:

''The matter was settled when I abandoned the project[s]: it was becoming quite clear to me that I had nothing worthwhile to say… For 19 years, I was absent from the Portuguese literary scene, where few people can have noticed my absence.''

എന്നാല്‍ ഇത്തരം അനുഭവ സമ്പന്നത അദ്ദേഹത്തിന്റെ രചനകള്‍ക്ക് കൂടുതല്‍ എല്ലുറപ്പും ദൃഢതയും നല്‍കുകയാണ് ഉണ്ടായതെന്ന് കാണാം. ലിബറട്ടേറിയന്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം വച്ചുപുലര്‍ത്തിയ എഴുത്തുകാരനായിരുന്നു ഷൂസെ സരമാഗോ. പോര്‍ട്ടൂഗീസില്‍ ദീര്‍ഘകാലം നിലനിന്ന സ്വേച്ഛാധിപത്യഭരണം നല്‍കിയ കെടുതികള്‍ അദ്ദേഹത്തെ ഭരണകൂടത്തിന്റെ കടുത്ത ശത്രുവാക്കി. അതുപോലെ തന്നെ കത്തോലിക്ക സഭയുടേയും കടുത്ത വിമര്‍ശകനായിരുന്നു തികഞ്ഞ അവിശ്വാസിയായ സരമാഗോ. പ്രണയവും സഹവര്‍ത്തിത്തവും പോലുള്ള മനുഷ്യേച്ഛകളുടെ രാഷ്ട്രീയത്തില്‍ ഊന്നിയുള്ള വിമോചനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

പേരുപറയാത്തൊരു നഗരത്തില്‍ അന്ധത മഹാമാരിപോലെ പടരുന്നതിന്റെ കഥയാണ് Ensaio sobre a cegueira എന്ന ശീര്‍ഷകത്തില്‍ പോര്‍ട്ടുഗീസ് ഭാഷയില്‍ 1995ല്‍ പുറത്തുവന്ന 'അന്ധത' (Blindness) എന്ന നോവല്‍. 'അന്ധത'യുടെ സീക്വല്‍ പോലെ 2004ല്‍ 'കാഴ്ച' (Seeing) എന്ന പുസ്തകവും പുറത്ത് വന്നു. 'അന്ധത'യിലെ പല കഥാപാത്രങ്ങളും കാഴ്ചയുടെ രണ്ടാം ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. നഗരത്തില്‍ വെളുത്ത അന്ധത എന്ന രോഗം പടരുന്നതോടെ രൂപപ്പെടുന്ന സംഭവഗതികളാണ് അന്ധതയുടെ പ്രമേയം. സവിശേഷ രോഗം ബാധിച്ച സാധാരണ മനുഷ്യരുടെ കഥയാണിത്. ഒട്ടും കാല്‍പ്പനികവല്‍ക്കരിക്കാതെ, പലപ്പോഴും സാഹിത്യത്തില്‍ കണ്ടുശീലിച്ചതുപോലെ ദിവ്യത്വത്തെ അവതരിപ്പിക്കാതെ, തീര്‍ത്തും ഭൂമിയില്‍ കാലുറപ്പിച്ച് ജീവിച്ചവരെക്കുറിച്ചുള്ള പുസ്തകം.

രോഗബാധിതരായ ഏഴു പേര്‍ അടങ്ങുന്ന ഒരു സംഘം, അവര്‍ ക്വാറന്റൈന്‍ ചെയ്യുന്ന ഇടത്തിലുള്ള 300ല്‍പ്പരം രോഗബാധിതരായ അന്തേവാസികള്‍, അവര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, ഇതിലൂടെയാണ് കഥയുടെ വികാസം. നോട്ടത്തിലൂടെ അന്ധത രോാഗം പടരുമെന്ന ഭീതി കൂടി ആയതോടെ ആളുകള്‍ വല്ലാതെ പരിഭ്രമിച്ചു. സമൂഹത്തിലാകെ പൊട്ടിത്തെറി. സാധാരണക്കാരായ കുറെ കഥാപാത്രങ്ങളിലൂടെ അന്ധത സമൂഹത്തില്‍ ഏല്‍പ്പിക്കുന്ന തീഷ്ണാനുഭവങ്ങളെ നമ്മുടെ മുന്നിലേക്ക് വയ്ക്കുകയാണ് സരമാഗോ. പേരില്ലാത്ത കഥാപാത്രങ്ങള്‍, പേരില്ലാത്ത ഇടങ്ങള്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പേരുകള്‍ കൊണ്ടല്ല സൂചകങ്ങള്‍ കൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കറുത്ത കണ്ണട ധരിച്ച പെണ്‍കുട്ടി, ആദ്യ അന്ധത ബാധിച്ച മനുഷ്യന്‍, അയാളുടെ ഭാര്യ, കാറു കള്ളന്‍, തുടങ്ങിയ നിരവധി സൂചകങ്ങള്‍ ഉപയോഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. പേര് ചൊല്ലി വിളിക്കുന്നില്ല. വെളുത്ത അന്ധത പകരുന്ന സങ്കീര്‍ണ്ണാനുഭവങ്ങള്‍ക്കിടയില്‍ പേരുകള്‍ക്കെന്താണ് പ്രസക്തി?

ഭാഷയുടെ സഹജസ്വഭാവങ്ങളോട് സംഘര്‍ഷം നടത്തുന്നവയാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. തീര്‍ത്തും സ്വകാര്യവും നിഗൂഢവുമായ ഒരു കോഡ് - രസതന്ത്രവും രചനാതന്ത്രവും - അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. പൂര്‍ണവിരാമങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി, അതിദീര്‍ഘങ്ങളായ വാചകങ്ങളെ പരമാവധി കോമകളിലൂടേയും മറ്റും വേര്‍തിരിച്ച് കൊണ്ടുപോകുന്ന തികച്ചും അയഞ്ഞ വാചകക്രമങ്ങള്‍. ദീര്‍ഘദീര്‍ഘങ്ങളാണ് വാചകങ്ങള്‍. പുറങ്ങള്‍ നീളുന്ന ഖണ്ഡികകള്‍. കോമകള്‍, ഉദ്ധരണികള്‍ തുടങ്ങിയ ഭാഷ പ്രയോഗരീതികളുടെ പാരമ്പര്യശീലങ്ങളെ ഉല്ലംഘിച്ചുകൊണ്ടു തനിക്കു മാത്രം സാധ്യമായ രചനാ സങ്കേതങ്ങളിലൂടെയാണ് എഴുത്തുകാരന്റെ സഞ്ചാരം. ആകെ കുഴഞ്ഞുമറിഞ്ഞു സങ്കീര്‍ണ്ണമായ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒത്തുകൂടുന്ന കാഴ്ചയില്ലാത്ത കൂട്ടത്തിനു കടന്നുപോകേണ്ടിവരുന്ന ഭീതി നിറഞ്ഞതും വിഹ്വലതയാര്‍ന്നതുമായ അനുഭവത്തിരകള്‍. സവിശേഷമായ രീതിയില്‍ കാവ്യാത്മകമാകുന്ന 'അന്ധത' വ്യാധികാലത്തെ മനുഷ്യരുടെ അന്തസഞ്ചാരങ്ങളേയും അവര്‍ എത്തിനില്‍ക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ ഏല്‍പ്പിക്കുന്ന പ്രതിസന്ധികളേയും നിഷ്‌ക്കരുണം അനാവരണം ചെയ്യുന്നു.

2

തിളങ്ങുന്ന വെണ്മയിലെ ഇല്ലാക്കാഴ്ചകള്‍; കുരുങ്ങിപ്പോകുന്ന നഗരം

''He had even reached the point of thinking that the darkness in which the blind live was nothing other than the simple absence of light, that what we call blindness was something that simply covered the appearance of beings and things, leaving them intact behind their black veil. Now, on the contrary, here he was, plunged into a whiteness so luminous, so total, that it swallowed up rather than absorbed, not just the colours, but the very things and beings, thus making them twice as invisible.''

വളരെ പൊടുന്നവെയാണ് അയാളെ ആന്ധ്യം ബാധിച്ചത്. നഗര മധ്യത്തില്‍ വെച്ച് ഓടിച്ചുകൊണ്ടിരിക്കുന്ന കാറില്‍, ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കവെ അയാളുടെ കണ്ണുകളില്‍ മിന്നുന്ന വെണ്മ മാത്രം ശേഷിച്ചു. കാഴ്ചകളില്‍ നിന്നെല്ലാം പുറത്തായി. ട്രാഫിക് ലൈറ്റുകള്‍ പലവട്ടം പച്ചവെളിച്ചം തെളിച്ചുവെങ്കിലും അയാള്‍ക്ക് വണ്ടി മുന്നോട്ടുകൊണ്ടുപോകാനായില്ല. പിന്നിലുള്ള വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി കാറില്‍ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തു. നഗരത്തില്‍ വലിയ ഗതാഗത കുരുക്ക് തന്നെ രൂപപ്പെടുന്നു. ഈ കാഴ്ചയോടെയാണ് നോവലിന്റെ ആദ്യ അധ്യായം തുടങ്ങുന്നത്.

വഴിവക്കിലെ ഒരു നല്ല സമരിയാക്കാരന്‍ അയാളെ കാറില്‍ സ്വന്തം വീട്ടിലേക്ക് എത്തിച്ചുകൊടുക്കാന്‍ തയാറാകുന്നു. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഇയാളെ ആദ്യത്തെ അന്ധന്‍ എന്നാണ് എഴുത്തുകാരന്‍ വിശേഷിപ്പിക്കുന്നത്. ആദ്യത്തെ അന്ധന്റെ ഭാര്യ അദ്ദേഹത്തെ കണ്ണു ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവര്‍ ടാക്‌സിയിലാണ് ഡോക്ടറെ കാണാന്‍ പോകുന്നത്. കാരണം ആദ്യ അന്ധനെ വീട്ടില്‍ എത്തിച്ച നല്ല സമരിയാക്കാരന്‍ കാറു കള്ളനായിരുന്നു.

ഡോക്ടര്‍ അയാളെ വിശദമായി പരിശോധിച്ചു. കണ്ണുകള്‍ക്കു കുഴപ്പമൊന്നുമില്ല. പക്ഷെ അയാള്‍ക്ക് ഒന്നും കാണാന്‍ ആവുന്നുണ്ടായിരുന്നില്ല. എല്ലാം മറയ്ക്കുന്ന വല്ലാത്ത തിളക്കമുള്ള വെണ്മ മാത്രമായിരുന്നു കണ്ണുകളില്‍. വെളുത്ത അന്ധത എന്ന രോഗമാണ് കാഴ്ചയെ അപഹരിച്ചത്. വെളുത്ത വ്യാധി എന്നറിയപ്പെട്ട പ്രത്യേക തരത്തിലുള്ള അന്ധതാരോഗം പൊടുന്നവെ ആ നാട്ടില്‍ പടര്‍ന്നു. ആദ്യത്തെ അന്ധനുമായി ബന്ധപ്പെട്ടവര്‍ക്കാണ് ആദ്യം രോഗപ്പകര്‍ച്ച കണ്ടത്. അയാളെ പരിശോധിച്ച ഡോക്ടര്‍, കാറു കട്ടുകൊണ്ടുപോയ ആള്‍, കണ്ണുഡോക്ടറെ കാണാന്‍ അയാള്‍ പോയപ്പോള്‍ അവിടെ ഇരുന്നിരുന്ന കറുത്ത കണ്ണട വെച്ച പെണ്‍കുട്ടി... അങ്ങനെ പോയി രോഗബാധിതരുടെ നിര. ആദ്യം എത്തിയാളാണ് രോഗത്തിന്റെ കേന്ദ്രം എന്ന് ഡോക്ടര്‍ തിരിച്ചറിയുന്നു. അധികൃതരെ അദ്ദേഹം അറിയിച്ചെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ ആദ്യം തയാറായില്ല. ചൈനയിലെ കൊറോണ രോഗം ആദ്യം മനസ്സിലാക്കിയ ഡോക്ടര്‍ക്കു നേരിടേണ്ടി വന്ന അവസ്ഥ ഈ കണ്ണു ഡോക്ടര്‍ക്കും വന്നുപെട്ടുവെന്ന് കാണാന്‍ കഴിയും. ഈ ഡോക്ടറും മഹാവ്യാധിബാധിതനായി തീരുന്നുണ്ടെന്നത് മറ്റൊരു സമാനത. എന്നാല്‍ തിളങ്ങുന്ന വെള്ള നിറം അല്ലാതെ മറ്റൊന്നും കാണാന്‍ ആവാത്ത അവസ്ഥയിലായ ഏറെപ്പേര്‍ എത്തിയതോടെ അധികൃതര്‍ക്ക് കാര്യം ഗൗരവത്തിലെടുക്കാതെ തരമില്ലെന്നായി. നേരത്തെ മനോരോഗികളെ പാര്‍പ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു അസൈലത്തിലേക്ക് കാഴ്ച നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ചെയ്തു. രോഗം ബാധിച്ചവരുമായി ബന്ധമുണ്ടായിരുന്നവരേയും ഇതേ ഇടത്തിലേക്ക് മാറ്റി.

ക്വാറന്റൈന്‍ കാലം കഠിനവും സങ്കീര്‍ണ്ണങ്ങളുമായ അനുഭവങ്ങളാണ് അന്തേവാസികള്‍ക്ക് നല്‍കിയത്. ഡോക്ടറുടെ ഭാര്യക്ക് മാത്രമായിരുന്നു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കാഴ്ചശക്തിയുണ്ടായിരുന്നത്. ഭര്‍ത്താവിനൊപ്പം കഴിയുന്നതായി അവര്‍ രോഗം അഭിനയിക്കുകയായിരുന്നു. തികച്ചും ദുസ്സഹമായിരുന്നു അവര്‍ താമസിച്ചിരുന്ന ഇടം. മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ക്കും, എന്തിന് ശവശരീരങ്ങള്‍ക്കുമൊക്കെ ഒപ്പമാണവിടെ പലപ്പോഴും ആളുകള്‍ ഉറങ്ങിയിരുന്നത്. ഭക്ഷണ വിതരണമൊക്കെ തോന്നുന്ന പടിയായിരുന്നു. ഒന്നിനും ഒരു ചിട്ടയുമില്ല. എപ്പോഴാണ് അടുത്ത ഭക്ഷണം എത്തുക എന്നതും അനിശ്ചിതം. കടുത്ത പീഢനങ്ങളെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ശ്രമിക്കുന്നവരെ കാവല്‍ക്കാര്‍ വെടിവെച്ചിട്ടു. അന്തേവാസികളിലെ തെമ്മാടികള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഭക്ഷണവിതരണം തടയാന്‍ ശ്രമിച്ചു. കൈയിലുള്ള വിലപ്പെട്ട സാധനസാഗ്രികള്‍ കൊടുത്താല്‍ മാത്രമേ ഇവ അനുവദിക്കൂ എന്നായിരുന്നു അവരുടെ മട്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ പോലുള്ളവ നല്‍കാന്‍ ആളുകള്‍ തയാറാവുകയും ചെയ്തു. പക്ഷെ അവരുടെ കൈയില്‍ അത്ര മാത്രം വസ്തുവകകള്‍ ശേഷിച്ചിരുന്നില്ല. ഇതോടെ, തെമ്മാടികളുടെ മട്ട് മാറി. ഭക്ഷണവസ്തുക്കളും മരുന്നും ഒക്കെ അകത്തെത്തിക്കണമെങ്കില്‍ സ്ത്രീകള്‍ കിടക്ക പങ്കിടാന്‍ തയാറാകണമെന്നായി. അതിനു സമ്മതിക്കാതെ വന്നപ്പോള്‍ അവരെ പട്ടിണിക്കിട്ടു.

ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുവില്‍ ഭര്‍ത്താക്കന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ഡോക്ടറുടെ ഭാര്യ അടക്കം ചിലര്‍ തെമ്മാടികളുടെ ഇംഗിതത്തിനു സന്നദ്ധരാകുമ്പോള്‍ ആഖ്യാതാവിന്റെ വാക്കുകള്‍ കടുത്ത ഓര്‍മ്മപ്പെടുത്തല്‍ ആയിത്തീരുന്നുണ്ട്.

''Dignity has no price, that when someone starts making small concessions, in the end life loses all meaning''

സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടിവരുന്നു. ഡോക്ടറുടെ ഭാര്യയാകട്ടെ, കുറച്ചുകൂടി കരുതലോടെ കൈയില്‍ ഒരു കത്രികയും കരുതിയാണ് അവരെ നേരിട്ടത്. സ്ത്രീകളെ ബലാത്സംഗം തുടങ്ങിയപ്പോള്‍ ഡോക്ടരുടെ ഭാര്യ കൈയില്‍ കരുതിയ കത്രിക കൊണ്ട് രതിമൂര്‍ച്ഛ എത്തിനില്‍ക്കെ തെമ്മാടികളുടെ നേതാവിന്റെ കഴുത്ത് മുറിച്ചു.

''His cry was barely audible, it might have been the grunting of an animal about to ejaculate, as was happening to some of the other men''

ഡോക്ടറുടെ ഭാര്യ മാനഭംഗത്തിന് ഇരയായ സ്ത്രീയുമായി പുറത്ത് കടക്കുന്നു. കൊലയ്ക്ക് നീതീകരണമുണ്ട്:

'When is it necessary to kill?... When something that is alive is already dead.

പക്ഷെ അതൊന്നും തെമ്മാടികളെ പിന്തിരിപ്പിച്ചില്ല. അവര്‍ അക്രമം തുടര്‍ന്നപ്പോള്‍ മറ്റൊരു സ്ത്രീ മുന്നോട്ട് വന്നു. അവര്‍ തെമ്മാടികള്‍ താമസിക്കുന്ന വാര്‍ഡിലേക്ക് പോയി. വലിയ കിടക്കകള്‍കൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്ത് തെമ്മാടികള്‍ അവിടേക്കുള്ള മറ്റുള്ളവരുടെ പ്രവേശം തടസപ്പെടുത്തിയിരുന്നു. ആ സ്ത്രീയാവട്ടെ കൈയിലുണ്ടായിരുന്ന സിഗാര്‍ ലൈറ്റര്‍ ഉപയോഗിച്ച് കിടക്കകള്‍ക്ക് തീകൊളുത്തി. തീപ്പിടിത്തത്തില്‍ തെമ്മാടികളുടെ വാര്‍ഡില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടുവെന്നു മാത്രമല്ല, ആ കെട്ടിടത്തിന്റെ നല്ലൊരു പങ്ക് കത്തിനശിക്കുകയും ചെയ്തു. ഒരു വിഭാഗം അന്തേവാസികള്‍ രക്ഷപ്പെടുകയുണ്ടായി.

ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം അങ്ങനെ പട്ടണത്തിലെത്തി. എല്ലാ ഇടങ്ങളും നാശോന്മുഖങ്ങളായിരുന്നു. കുടുംബങ്ങള്‍ എല്ലാം തന്നെ അന്യോന്യമുള്ള ബന്ധങ്ങള്‍ നശിച്ച നിലയിലും. സമൂഹമാകെ തന്നെ ശിഥിലമായിരുന്നു. ഡോക്ടറുടെ വീടായിരുന്നു ആ മേഖലയിലെ ഏറ്റവും വൃത്തിയുള്ള ഇടം. ഡോക്ടറുടെ ഭാര്യയും സംഘവും അവിടെ പാര്‍പ്പ് തുടങ്ങി. എന്നാല്‍ അവരുടെ പക്കലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തീര്‍ന്നുതുടങ്ങി. അതോടെ അവര്‍ സാധനസാമഗ്രികള്‍ എടുത്തുകൊണ്ടുപോന്ന സൂപ്പര്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി ഇറങ്ങി. എന്നാല്‍ അവിടെ ഒന്നും ശേഷിച്ചിരുന്നില്ല. അവിടെ അവര്‍ കണ്ടത് മൃതശരീരങ്ങളുടെ വലിയ കൂമ്പാരമായിരുന്നു. ആ കാഴ്ച അവരെ തളര്‍ത്തി. ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഭാര്യയെ അടുത്തുള്ള പള്ളിയിലേക്ക് എത്തിച്ചു. അന്ധന്മാരെ കൊണ്ടു നിറഞ്ഞ ഒരിടമായിരുന്നു അതും.

ഡോക്ടറുടെ ഭാര്യ അവിടെ കാണുന്നത് കണ്ണുകെട്ടിയ പ്രതിമകളെയാണ്. തുണികൊണ്ട് കണ്ണുകെട്ടിയ പ്രതിമകള്‍. അവര്‍ പറഞ്ഞു.

''all the images in the church had their eyes covered, statues with a white cloth tied around the head, paintings with a thick brushstroke of white paint, … there was only one woman who did not have her eyes covered, because she carried her gouged-out eyes on a silver tray''

ഇതു കേള്‍ക്കെ ഡോക്ടര്‍ പറയുന്ന കാര്യം കൂടുതല്‍ ആഴത്തിലുള്ള വിമര്‍ശനമാകുന്നു:

''Perhaps it was the work of someone whose faith was badly shaken when he realised that he would be blind like the others, maybe it was even the local priests''

പള്ളിയിലെ കാഴ്ച അവരുടെ പരിഭ്രാന്തി വര്‍ധിപ്പിച്ചു. ആളുകള്‍ കെട്ടിടം വിട്ട് പുറത്തേയ്ക്ക് ഓടി. അവിടത്തെ വിഴുപ്പുകള്‍ക്കിടയില്‍ ശേഷിച്ച വസ്തുക്കള്‍ ശേഖരിച്ച് ഡോക്ടറും ഭാര്യയും പുറത്തിറങ്ങി. അവര്‍ക്കൊന്നു തീര്‍ച്ചയായി, ആ പട്ടണം വിട്ടു പുറത്തുപോകാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല.

ഫ്‌ളാറ്റില്‍ തിരിച്ചെത്തി കഴിഞ്ഞപ്പോള്‍ ഡോക്ടരുടെ ഭാര്യ തന്റെ സംഘത്തിലുള്ളവര്‍ക്ക് കഥ വായിച്ചുകൊടുത്തു. ആദ്യം അന്ധത ബാധിച്ച മനുഷ്യന്‍ കണ്ണുകള്‍ അടച്ചുകിടന്നു കൊണ്ട് കഥ കേള്‍ക്കുകയായിരുന്നു. തന്റെ കണ്ണുകളില്‍ നിറഞ്ഞ വെളുത്ത അന്ധത പൂര്‍ണ്ണമായും ഇരുളിന് വഴിമാറുന്നത് അയാള്‍ തിരിച്ചറിഞ്ഞു. പൂര്‍ണ്ണമായും ഇരുട്ട്. ഞാന്‍ അന്ധനായി. അയാള്‍ പിറുപിറുത്തു. പക്ഷെ അയാള്‍ കണ്‍പോളകള്‍ തുറന്നപ്പോള്‍ അത്ഭുതപരതന്ത്രനായി. കാഴ്ച തിരിച്ചുവന്നിരിക്കുന്നു. ഒപ്പം മറ്റുള്ളവര്‍ക്കും കാഴ്ചശക്തി തിരിച്ചു കിട്ടി. രോഗം അതിന്റെ വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നതായി ഡോക്ടര്‍ തിരിച്ചറിഞ്ഞു.

ഡോക്ടറുടെ ഭാര്യ ജാലകത്തിനരുകില്‍ നിന്നും പുറത്തേയ്ക്കു നോക്കി. കാഴ്ച ശക്തി തിരികെ കിട്ടിയവരെ കൊണ്ടു തെരുവുകള്‍ നിറയുന്നു. അവര്‍ നെടുവീര്‍പ്പിട്ടു. അവര്‍ ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് നോക്കി. അന്ധത ആ നാടുവിട്ടു പോയ്മറഞ്ഞത് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളിലേക്ക് വെണ്മ പ്രവേശിക്കുന്നുവോയെന്നവള്‍ ശങ്കിച്ചുപോകുന്നു. ആ അനിശ്ചിതാശങ്കയില്‍, നഗര കാഴ്ചയില്‍ പുസ്തകം അവസാനിക്കുന്നു.

''Why did we become blind, I don't know, perhaps one day we'll find out,Do you want me to tell you what I think, Yes, do, I don't think we did go blind, I think we are blind, Blind but seeing, Blind people who can see, but do not see. The doctor's wife got up and went to the window. She looked down at the street full of refuse, at the shouting, singing people. Then she lifted her head up to the sky and saw everything white, It is my turn, she thought. Fear made her quickly lower her eyes. The city was still there.''

3

സഹജമായ തിന്മയും ശിഥിലമാകുന്ന വെണ്മയും

ഒരുപാട് രൂപകങ്ങള്‍ പേറുന്ന അത്യസാധാരണമായ ഒരു അന്യാപദേശക കഥയാണ് 'അന്ധത'. ഇതില്‍ പ്രതിപാദിക്കുന്ന രോഗാവസ്ഥയാകട്ടെ മനുഷ്യാവസ്ഥ എത്തിനില്‍ക്കുന്ന അവസ്ഥാവിശേഷവും. ലോകത്തെ മുഴുവനായി ബാധിക്കുന്ന വെളുത്ത തിന്മ (white evil). വിപുലമായ മാനങ്ങളുള്ള രൂപകമായി ഇത് വികസിക്കുന്നു. മനുഷ്യര്‍ പാര്‍ക്കുന്ന എല്ലാ ഇടങ്ങളിലൂടേയും വിപുലമാകുന്ന ഒന്ന്. വളരെ വേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രം നിറഞ്ഞുകവിയുന്നു. നാടുമുഴുവന്‍ വെളുത്ത കാഴ്ചകള്‍ മാത്രമുള്ളവരാകുന്നു. ലോകക്രമവും ധര്‍മ്മനീതികളും ഒക്കെ മൂക്കുകുത്തി വീഴുന്നു. ഡോക്ടറുടെ ഭാര്യയ്ക്കു മാത്രമാണ് കാഴ്ച ശക്തിയുള്ളത്. സരമാഗോ ധര്‍മ്മച്യുതിയുടെ വലിയ നറേറ്റീവ് സൃഷ്ടിക്കുമ്പോഴും ഒരു പുതിയ ധര്‍മ്മക്രമം അവിടെ രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഇതൊരു ഇരുണ്ട രചന മാത്രമല്ലാതായി തീരുന്നത്.

സരമാഗോയുടെ ജീവിതത്തിന്റെ നല്ല പങ്കും പോര്‍ട്ടുഗീസ് ഭരിച്ചിരുന്നത് അന്റോണിയോ ഡെ ഒലിവേറിയ സാലാസാര്‍ (Antonio de Oliveira Salazar) എന്ന സ്വേച്ഛാധിപതിയായിരുന്നു. ഹിറ്റ്‌ലറേയും മുസോളിനിയേയും ആരാധിച്ചിരുന്ന ഒരാള്‍. അവരെ എല്ലാത്തരത്തിലും അനുകരിക്കാന്‍ ശ്രമിച്ച ഭരണാധികാരി. അത്തരം ഏകച്ഛത്രാധിപതിയുടെ വാഴ്ചക്കാലത്ത് ജീവിച്ചിരിക്കേണ്ടി വന്ന എഴുത്തുകാരന്റെ സര്‍ഗാത്മകമായ പ്രതികരണമാണ് 'അന്ധത'. ഈ പുസ്തകത്തില്‍ രോഗികളെ പാര്‍പ്പിക്കുന്ന അസൈലം സാല്‍സാറിന്റെ ജയിലുകളുടെ ചിത്രണം തന്നെയാണെന്ന് സരമാഗോ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെ മാതൃകയിലാണ് സാലാസാര്‍ തന്റെ ജയിലുകള്‍ കല്‍പ്പന ചെയ്തിരുന്നത്. മനുഷ്യത്വനിരാസത്തിന്റെ ഉത്തുംഗ മാതൃകകള്‍. അതുതന്നെയാണ് അന്ധതയിലെ അസൈലത്തിലെ കാഴ്ചകളും. വെളുത്ത വ്യാധി ബാധിച്ച കഥാപാത്രങ്ങളെ അടയ്ക്കുന്ന അസൈലത്തെ സരമാഗോ വിശേഷിപ്പിക്കുന്നത് അവസാനത്തെ ഉത്തരം (final solution) എന്നാണ്. അവിടത്തെ അന്തേവാസികളായി എത്തിയവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അവസാന ഉത്തരമാകുന്നു അസൈലം. ദുരിതവും ക്ലേശങ്ങളും പീഢകളും മാത്രം പകര്‍ന്നു കൊടുക്കുന്ന ഇടം. മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ക്കൊപ്പം താമസിക്കേണ്ടി വരുന്ന അവസ്ഥ. ഹിറ്റ്‌ലറുടേയും സാലാസാറുടേയും ജയിലുകളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ആളുകള്‍ പീഢിപ്പിക്കുപ്പെട്ടതിനു സമാന്തരമായിട്ടാണ് അസൈലത്തില്‍ ആളുകള്‍ പീഢനത്തിന് ഇരയാകുന്നത്. രാഷ്ട്രീയത്തിനു പകരം രോഗമാണ് ഹേതു എന്ന വ്യത്യാസം മാത്രം. പീഢനത്തിനു വ്യത്യാസമൊന്നുമില്ല. എല്ലായിടത്തും സൈനികരുടേയും കാവല്‍ക്കാരുടേയും മുറകള്‍ക്കും ഭാഷണങ്ങള്‍ക്കും ഒരേ സ്വഭാവം തന്നെ. സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവ് പുറപ്പടുവിച്ചു തന്നെയാണ് ഇത്തരം പീഢാനുഭവങ്ങളിലേക്ക് അവരെ നയിക്കുന്നത് എന്നോര്‍ക്കണം. രോഗികളെ കുറ്റവാളികളെപ്പോലെ കാണുന്നു. അസൈലത്തിലെ ഒരു അന്തേവാസിയെ വധിച്ചശേഷം ഒരു സര്‍ജന്റ് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ''From now on, we shall leave the containers at the halfway point, let them come and fetch them, we'll keep them under surveillance, and at the slightest suspicious movement, we fire.''

അധികാരികളുടെ വെറും ബോധ്യങ്ങള്‍ മാത്രമായിരുന്നു അവരുടെ വിധി നിര്‍ണയിച്ചിരുന്നത്. കാഴ്ചയില്ലാത്ത പാവം അന്തേവാസികള്‍ക്കറിയില്ല തങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടാണോ വെടിയേല്‍ക്കേണ്ടി വരുന്നതെന്ന്. സാലാസാറിന്റെ ഏകാധിപത്യവാഴ്ചയോട് തികച്ചും മുഖംതിരിച്ച സരമാഗോ 1969-ല്‍ പോര്‍ട്ടുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നുണ്ട്. അത്യന്തം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു സരമാഗോയുടെ ജീവിതം. അദ്ദേഹം രണ്ടു പത്രങ്ങളില്‍ ജോലിക്കു ചേര്‍ന്നുവെങ്കിലും അതൊക്കെ നഷ്ടമായി. മറ്റൊരു പത്രത്തിലും ഇടം ലഭിക്കില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിച്ചത്. 70-കളുടെ അവസാനത്തോടെ ഭാഷയുടെ പരമ്പരാഗത രൂപങ്ങളോട് തന്നെ കലഹിച്ചുകൊണ്ടുള്ള സവിശേഷമായ ശൈലയിലുള്ള പുസ്തകങ്ങളുമായി അദ്ദേഹം വിപുലമായ അസ്വാദക ശ്രദ്ധ പിടിച്ചുപറ്റി.

കത്തോലിക്ക പള്ളിയേയും ഏകാധിപത്യ ഭരണകൂടങ്ങളേയും നിശിതമായി വിമര്‍ശിക്കുന്ന രചനകളാണ് സരമാഗോയുടേത്. 'അന്ധത'യില്‍ പള്ളിയോടുള്ള തന്റെ നിലപാട് തികഞ്ഞ കാര്‍ക്കശ്യത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. വെളുത്ത അന്ധത സമ്മാനിച്ച ലോകത്തെപ്പോലെ തന്നെ പള്ളിയും കാഴ്ചയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നു. ദൈവവവും പള്ളിയും ഇരകളുടെ വേദനകള്‍ കേള്‍ക്കാന്‍ തയാറാകില്ല. ഇതായിരുന്നു സരമാഗായുടെ ഉറച്ച വിശ്വാസം. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ മുകളില്‍ ഒരാളുണ്ടെന്നത് മൗഢ്യം മാത്രമാണെന്ന് അദ്ദേഹം ചിന്തിച്ചു. സഭയ്ക്കു നല്‍കിവരുന്ന അംഗീകാരവും അധികാരവും വിശാലമായ മാനവികതയ്ക്കാണ് നല്‍കേണ്ടതെന്നതായിരുന്നു സരമാഗോയുടെ വിശ്വാസം.

മുറിവേല്‍ക്കപ്പെട്ട സമൂഹത്തില്‍ ധാര്‍മ്മികത എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നതാണ് അന്ധത കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. ശരിതെറ്റുകളെ കുറിച്ചുള്ള ആഴത്തിലുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന സാഹചര്യമാണിത്. തന്റെ കാഴ്ചയും നഷ്ടമായെന്ന് നടിച്ച് അന്തേവാസികളെ സഹായിക്കാനായി അസൈലത്തില്‍ ഭാര്യയെ ഡോക്ടര്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

''Think of the consequences, they will almost certainly try to turn you into their slave... [Y]ou will be at the beck and call of everyone… [D]on't think that blindness has made us better people, It hasn't made us any worse, We're on our way though''

കാഴ്ച നഷ്ടം കേവലം കാഴ്ചയുടെ മാത്രം നഷ്ടമാകുന്നില്ല. അത് ധാര്‍മ്മികതയുടെ അപ്പാടെയുള്ള നഷ്ടം കൂടിയാകുന്നു. ധാര്‍മ്മികത നഷ്ടമായവരെ സഹായിക്കാന്‍ എത്തുന്നവര്‍ അതിന്റെ ഫലം കൂടി അനുഭവിക്കേണ്ടിവരും എന്നാണവരെ അദ്ദേഹം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത്. സംഘര്‍ഷം നോവലിന്റെ തുടക്കം മുതല്‍ നമ്മള്‍ കാണുന്നു. തന്നെ കാറില്‍ കൊണ്ടുവരുന്നയാളും ആദ്യ അന്ധനും തമ്മില്‍ ഇടികൂടുന്നുണ്ട്. പിന്നീട് ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഭക്ഷണ വിതരണവുമായും മറ്റും ബന്ധപ്പെട്ടുണ്ടാണ്ടാകുന്ന സംഘര്‍ഷം കൂടുതല്‍ തീഷ്ണമാകുന്നു. അന്ധത ബാധിക്കുന്നതിനു മുന്‍പേ സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അന്ധതയ്ക്ക് പല രൂപങ്ങളുണ്ട്.

ഡോക്ടര്‍ പറയുന്നു: ''Fighting has always been, more or less, a form of blindness''.

ഭക്ഷണത്തെ ചൊല്ലിയുള്ള സംഘര്‍ഷം വലുതാകുന്നു. കാഴ്ച നഷ്ടമായ അവര്‍ ശബ്ദങ്ങള്‍ കൊണ്ടും ശരീരം കൊണ്ടും കലഹിച്ചു. ചെറുത്തുനില്‍പ്പ് രക്തചൊരിച്ചിലിലേക്ക് എത്തിച്ചു. ആദ്യം അന്ധനായ മനുഷ്യന്‍ ഡോക്ടറോട് പറയുന്നുണ്ട്: ''Well, I'm not entirely convinced that there are limits to misfortune and evil''

ആവര്‍ത്തിക്കുന്ന പീഢാനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യാവസ്ഥ എല്ലാക്കാലത്തും മുഴക്കത്തോടെ കേള്‍ക്കുന്ന വാക്കുകളാകണം ഇവ. അതിരുകളില്ലാത്ത ദുരനുഭവങ്ങള്‍, പീഢകള്‍, ലോകം കൊറോണയുടെ കാലത്തെത്തി നില്‍ക്കുമ്പോള്‍ ഈ കാലത്തിന്റേതായ അര്‍ത്ഥതലം കൂടി നമുക്കതില്‍ ചേര്‍ത്തുവെച്ച് കാണാം. പക്ഷെ കാഴ്ചകള്‍ വീണ്ടെടുക്കുന്ന ഘട്ടത്തില്‍ ഡോക്ടര്‍ നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു കാര്യമുണ്ട്. ലളിതമായ ഒരു വാചകത്തിലൂടെ സരമാഗോ താന്‍ പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നതിനെ മുഴുവന്‍ ഗുളികച്ചെപ്പില്‍ വിളിക്കിച്ചേര്‍ക്കുന്നുണ്ടിവിടെ:

'There are no blind people, only blindness.'

അന്ധത്വം മാത്രമേയുള്ളൂ, അന്ധന്മാരില്ല. ഓരോരുത്തരും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അന്ധത്വത്തിലേക്ക് എത്തിച്ചേരുകയാണ്, അന്ധന്മാരാവുകയല്ല. അവര്‍ കാഴ്ചകള്‍ കാണുന്നുണ്ടാകും. അധികാരം പ്രയോഗിക്കുന്നുമുണ്ടാവും. പ്രവൃത്തികളും നിവൃത്തികളും ഉണ്ടാകും. ഉണ്ടാക്കുകയും ചെയ്യും. കാഴ്ച നഷ്ടപ്പെടുന്നതുകൊണ്ട് അന്ധത്വത്തിലേക്ക് എത്തണമെന്നോ കാഴ്ച വീണ്ടെടുക്കുന്നതുകൊണ്ട് അന്ധത്വം ഒഴിഞ്ഞുവെന്നോ അര്‍ത്ഥമില്ല. സമൂഹ്യബോധത്തില്‍ അത് എല്ലാക്കാലവും നിലീനമായി കിടക്കുന്നുണ്ടാകും. അന്ധത്വം അധികാര ഘടനകളിലൂടെ സൂക്ഷ്മമായി മനുഷ്യാവസ്ഥയെ അനുധാവനം ചെയ്യുകയും ചെയ്യും-സംഘര്‍ഷം, കീഴ്‌പ്പെടുത്തല്‍, മഹാവ്യാധികള്‍ എന്നതൊക്കെ വസ്തുപ്രതിബിംബനങ്ങള്‍ മാത്രം. ക്ഷണഭംഗുരമായ സമൂഹം, അശുഭങ്ങളിലേക്കു വളരുന്ന മനുഷ്യപ്രകൃതി, ഭക്ഷണത്തിനുവേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീശരീരങ്ങള്‍, കൂട്ടമാനഭംഗങ്ങള്‍, പലതലങ്ങളിലൂടെ വിശദീകരിക്കപ്പെടുന്ന അന്ധത, രോഗവിചാരം, ഓര്‍മ്മയും ചരിത്രവും ഇല്ലാതെയായാല്‍ മനുഷ്യാവസ്ഥയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യം, ആത്മാവിനെ കുറിച്ചുള്ള സംവാദങ്ങള്‍... ഇത്തരം പ്രഹേളികളിലൂടെ ഒക്കെ അലയുകയാണ് ഷൂസെ സരമാഗോയുടെ പ്രതിഭ ഈ കൃതിയില്‍.

താന്‍ അത്രമേല്‍ ശുഭാപ്തിവിശ്വാസിയല്ലെന്ന് തുറന്നു പറഞ്ഞിട്ടുള്ള എഴുത്തുകാരനാണ് സരമാഗോ. പാരീസ് റിവ്യൂവില്‍ ഡൊണ്‍സെലീന ബൊറോസോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'അന്ധത'യുടെ രചന ലക്ഷ്യം വെയ്ക്കുന്നത് എന്തിനെയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു: "I am a pessimist, but not so much so that I would shoot myself in the head. The cruelty to which you refer is the everyday cruelty that occurs in all parts of the world, not just in the novel. And we at this very moment are enveloped in an epidemic of white blindness. Blindness is a metaphor for the blindness of human reason. This is a blindness that permits us, without any conflict, to send a craft to Mars to examine rock formations on that planet while at the same time allowing millions of human beings to starve on this planet. Either we are blind, or we are mad".

തീര്‍ച്ചയായും ഇതൊരു ഇരുണ്ട പുസ്തകമാണ്. കാളിമ എമ്പാടും നിറയുന്നുണ്ട്. പക്ഷെ അത് മാത്രമല്ല. ഇരുളിനപ്പുറം നീളുന്ന സുവര്‍ണരേഖ കാണാതെ പോകരുത്. നഗരം അവിടെ തന്നെയുണ്ടെന്ന് ഡോക്ടറുടെ ഭാര്യ കാണുന്നുണ്ട്. നാളുകള്‍ നീണ്ട, കടുത്ത, കഠിനമായ ഇരുളിനുമേലെ പൊടിയുന്ന പ്രകാശരേണുക്കളെ കൂടികണ്ടുകൊണ്ടാണ് നമ്മള്‍ പുസ്തകം അടയ്ക്കുന്നത്. മഹാവ്യാധികാലത്തെ കുറിച്ചും മനുഷ്യാവസ്ഥയെ കുറിച്ചും ഏതുവായനയിലും കാഴ്ചകള്‍ പുതുക്കി നല്‍കുന്നു 'അന്ധത.'

(തുടരും)

(അവലംബം)

1. Blindness-José Saramago, Translated by Giovanni Pontiero, Vintage, London

2. The Pandemic is Blindness by Rose Mary Salum, literalmagazine, Latin American Voices

3. Literary Treatments of Blindness from Sophocles to Saramago by David Camp, Vanderbilt University,April 11, 2014


Next Story

Related Stories