TopTop
Begin typing your search above and press return to search.

കോളറ കാലത്തെ പ്രണയം; മഹാവ്യാധി സ്വതന്ത്രമാക്കുന്ന അഭിനിവേശങ്ങള്‍

കോളറ കാലത്തെ പ്രണയം; മഹാവ്യാധി സ്വതന്ത്രമാക്കുന്ന അഭിനിവേശങ്ങള്‍

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍. ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം]

ഭാഗം 9

സഹൃദയരുടെ എക്കാലത്തേയും അഭിനിവേശമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. ഒരുവേള ഏത് മലയാളി എഴുത്തുകാരനേക്കാളുമേറെ, നമ്മുടെ വായനക്കാര്‍ക്കിടയില്‍ ഇടംപിടിച്ച, കാലാതിവര്‍ത്തിയായ കൃതികള്‍ കൊണ്ട് ലോകത്തെവിടേയുമുള്ള സഹൃദയന്മാരെ അന്തമില്ലാതെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്ന സ്പാനിഷ് എഴുത്തുകാരന്‍. ഭ്രമാത്മകമായ രചനാകൗശലം, ആഴമേറിയ നിരീക്ഷണവും ഉള്‍ക്കാഴ്ചയും, കാന്തികമായ ബിംബാവലികളിലൂടെ അനുഭവസാരം തേടിപ്പോകുന്ന, മുഖക്കുറി വേണ്ടാത്ത മാര്‍ക്കേസിനെക്കുറിച്ച് എഴുതുകയെന്നതാവട്ടെ, അത്രമേല്‍ വിഷമം പിടിച്ച കാര്യവും. ഏകാന്തതയുടെ നൂറു വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ അവസാന കൃതി വരെ പലവട്ട വായനകള്‍ക്കു വിധേയരാക്കുന്നവരാണ് മലയാളികള്‍.

മാര്‍ക്കേസിന്റെ രചനാ ലോകത്തില്‍ വിപുലമായ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകമാണ് കോളറക്കാലത്തെ പ്രണയം (Love in the Time of Cholera). 1985-ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തുവന്ന പുസ്തകം 1988-ല്‍ തന്നെ ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെ ലോകത്തെങ്ങുമുള്ള സാഹിത്യ പ്രണയികളിലേക്ക് എത്തി. മാതാപിതാക്കളുടെ വിവാഹം അടക്കമുള്ള ആത്മനുഭവങ്ങള്‍ ഈ രചനയ്ക്ക് ഇന്ധനമായിത്തീര്‍ന്നുവെന്ന് മാര്‍ക്കേസ് തന്നെ പറഞ്ഞിട്ടുണ്ട്. നാം നേരത്തെ ചര്‍ച്ച ചെയ്ത ഡാനിയേല്‍ ഡീഫോയുടെ പ്ലേഗ്: ഒരു വാര്‍ഷിക പത്രിക (Journal of a Plague Year) പോലുള്ള രചനകളും പ്രേരകമായി തീര്‍ന്നതായി നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാവഗീതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ആ രചനാകൗശലം ദൃശ്യവും സ്പഷ്ടവുമാക്കുന്നതിനപ്പുറമുള്ള ഒട്ടേറെ അടരുകള്‍ സൃഷ്ടിക്കുന്നുണ്ട്. കുലപതിമാരുടെ സ്ഥൂലപ്രപഞ്ചമല്ല, അതിനപ്പുറമുള്ള അതീത യാഥാര്‍ത്ഥ്യങ്ങളും അവയുടെ രാഷ്ട്രീയവും സൂക്ഷ്മതലത്തില്‍ നമുക്കുകാണാം. സവിശേഷമായ വായന ആവശ്യപ്പെടുന്നതാണ് മാര്‍ക്കേസിന്റെ രചനകള്‍. യാഥാര്‍ത്ഥ്യത്തപ്പുറത്തേക്കു നീളുന്ന അതിയാഥാര്‍ത്ഥ്യങ്ങളും പ്രത്യയശാസ്ത്ര ഇടങ്ങളും മാര്‍ക്കേസ് തന്റെ മാന്ത്രിക ലോകത്തില്‍ കൊരുത്തിടുന്നതായി മേബല്‍ മൊറാന ചൂണ്ടിക്കാണിക്കുന്നു. (''At the same time, it is obvious that they are not susceptible to a literal reading. They victoriously transcend mere referentiality and at times appear to be figments of poetic license.'').

ജീവിതം, പ്രണയം, വാര്‍ദ്ധക്യം, മരണം ഇവക്കിടയില്‍പ്പെടുന്ന മനുഷ്യന്‍ എന്ന അരുളിനു സംഭവിക്കുന്ന മാത്രാഭേദങ്ങളാണ് കോളറക്കാലത്തെ പ്രണയത്തെ ജീവത്താക്കുന്നത്. പ്രണയം അതിന്റെ സൂക്ഷ്മസ്ഥലങ്ങളില്‍ ഏത് തരത്തില്‍ ഇടപെടുന്നുവെന്ന് കാണിച്ചു തരുന്ന അത്യാസാധാരണമായ രചനയാണിത്. കാലങ്ങളിലൂടെ പ്രണയം എങ്ങനെ സ്വയം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും എങ്ങനെ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും കോളറക്കാലത്തെ പ്രണയം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു.

കോളറ, നാം പലരും മനസ്സിലാക്കുന്നതുപോലെ തീവ്രമായ രോഗാനുഭവമാണ്. ശരീരത്തെ കടുത്ത പരീക്ഷണങ്ങളിലേക്ക് ഇട്ടുകൊടുക്കയും മരണത്തിലേക്ക് തന്നെ നയിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത്. എന്നാല്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന് അത് രോഗം മാത്രമല്ല. അത്യധികമായ അഭിനിവേശത്തേയും മനസ്സിന്റെ കടുത്ത അസന്തുഷ്ടികള്‍ സൃഷ്ടിക്കുന്ന വികാര വൈവശ്യത്തേയും ഒക്കെ കുറിക്കുന്നു കൂടിയുണ്ട്. രോഗാവസ്ഥ നല്‍കുന്ന കടുത്ത പരീക്ഷകള്‍ക്കപ്പുറത്തേയ്ക്ക് എത്തി, പ്രണയത്തിന്റെ അടിസ്ഥാനമൂലികകളിലേക്ക് അത് പ്രവേശിക്കുന്നു. പ്രണയം അഭിനിവേശത്താല്‍ ആത്യന്തികമായി ഏത് തരത്തിലാണ് സ്വാധീനിക്കപ്പെടുക? അഭിനിവേശം പ്രണയത്തില്‍ നിന്നും ഒരാളെ പുറത്തുകൊണ്ടുവരികയാണോ, അതില്‍ തടവിലിടുകയാണോ, അതോ അത്യസാധാരണമായ അനുഭൂതികളില്‍ നിന്നും എന്നെന്നേക്കുമായി പ്രതിരോധിക്കുകയാണോ, എന്താണ് കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്? ഈ ചോദ്യങ്ങളിലേക്ക് മാര്‍ക്കേസ് കടന്നുകയറുന്നു.

കോളറ പ്രാഥമികമായി ആദിരൂപപരമായ രോഗാവസ്ഥ (archetypal illness)യാണ് ഈ കൃതിയില്‍. ഫ്‌ളോറന്റീന അരീസോയുടേയും ഫെര്‍മിന ഡാസയുടേയും നദീയാത്രയുടെ അവസാനത്തില്‍ കപ്പലിനു മേലെ പറക്കുന്ന മഞ്ഞക്കൊടി ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഉയര്‍ത്തപ്പെട്ട പ്രതീകമാണ്. കോളറ എന്ന രോഗത്തിന്റെ കപട പ്രതീകം. പക്ഷെ അത് യാത്രികര്‍ക്ക് അനല്‍പ്പമായ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നു. അവരുടെ ജീവിതത്തില്‍ ഒരിക്കലും ആരും നല്‍കിയിട്ടില്ലാത്ത സ്വാതന്ത്ര്യം. ഒരു തീരത്തും അടുക്കാതെ അവരുടെ കപ്പലിന് മുന്നോട്ടുപോകാനാവുന്നു. ഒരു പരിശോധകനും ആ യാത്രയെ തടയാനാവില്ല. അവരെ രക്ഷിക്കുന്നത് രോഗമാണ്. മഹാവ്യാധിയുടെ കാലാതിവര്‍ത്തിയായ മഞ്ഞക്കൊടി. എല്ലാ സാമൂഹികാചാരങ്ങളേയും അതിലംഘിച്ച് മുന്നോട്ടുപോകാന്‍ മഹാവ്യാധി അവരെ പ്രാപ്തരാക്കുന്നു. രോഗികളില്‍ നിന്നും അകന്നുനില്‍ക്കാന്‍ സമൂഹം വല്ലാത്ത ത്വര കാണിക്കുന്നുണ്ട്, എല്ലാക്കാലത്തും. കൊറോണയുടെ വ്യാകുലത പടരുന്ന ഇക്കാലത്തും നാം കണ്ടുകൊണ്ടിരിക്കുന്നത് അതു തന്നെ. മഹാവ്യാധി സൃഷ്ടിക്കുക തിരസ്‌കൃതരെയാണ്.

കോളറക്കാലത്തെ പ്രണയത്തിന്റെ കാലപരിസരം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവുമാകുന്നു. അക്കാലത്ത് കരീബിയയില്‍ അക്കാലത്ത് കോളറ രണ്ടു ലക്ഷത്തില്‍പ്പരം ആളുകളുടെ ജീവന്‍ അപഹരിച്ചിരുന്നു. രോഗം വല്ലാത്ത കഠിനാനുഭവങ്ങളാണ് നല്‍കിയത്. കോളറ ബാധിച്ചവരില്‍ പാതിയും മരണത്തിനു കീഴടങ്ങി. അവരാകട്ടെ തീര്‍ത്തും സാധാരണക്കാരായിരുന്നു താനും; കറുത്തവരും. മഹാവ്യാധികളുടെ വര്‍ഗരാഷ്ട്രീയം അതാകുന്നു. ഇത്തരം ചരിത്രപരത മാര്‍ക്കേസിന്റെ രചനയ്ക്കുപിന്നില്‍ കാണാനാവുകയും ചെയ്യുന്നു. കഥയുടെ പശ്ചാത്തലമായ കരീബിയയിലെ തീരനഗരം നിരന്തര പരിണാമിയാണെന്നു നമ്മള്‍ മനസ്സിലാക്കുമ്പോള്‍ പോലും അത് നിശ്ചലമായി നില്‍ക്കുകയാണെന്ന് പലവട്ടം വിശദീകരിക്കപ്പെടുന്നു. കാലത്തിന്റെ മുനമ്പില്‍ ചലനം ലേശം നിന്നുപോകുന്ന ഇടം. 'unchanging on the edge of time.' സൂക്ഷ്മമായി പരിശോധിക്കേണ്ട രാഷ്ട്രീയ രൂപകമാകുന്നു ഇത്.

രോഗവും വാര്‍ദ്ധക്യവും മനുഷ്യര്‍ക്ക് മറ്റൊരു കാലത്തും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ഏകുന്നത്. ചെറുപ്പകാലത്ത് ഒരിക്കല്‍പ്പോലും ലഭിക്കാത്ത സ്വാതന്ത്ര്യത്തോടെ അവര്‍ പ്രണയം അടക്കമുള്ള എല്ലാ ലീലകളില്‍ വ്യാമുഗ്ദ്ധരായി. പക്ഷെ അതിന്റെ പരിധിയും അവര്‍ തിരിച്ചറിയുന്നു. മഹാവ്യാധിയുടെ പതാക ലോകത്തെ അവരില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അവര്‍ക്ക് ആ നദീമുഖത്തൂ കൂടി എവിടേക്ക് വേണമെങ്കിലും പോകാനാവും. പക്ഷെ നദി കടന്നു കരയിലേക്ക് എത്താനാവട്ടെ സാധിക്കുകയുമില്ല. അതാണ് മഹാവ്യാധി കാലത്തെ സ്വാതന്ത്ര്യം നല്‍കുന്ന പാരതന്ത്ര്യം. ഈ ദ്വന്ദങ്ങളില്‍പ്പെട്ട് ഉഴറുമ്പോഴും അവര്‍ ആ നദീതല്പത്തില്‍ സ്വതന്ത്രരാകുന്നു. അവരുടെ ജീവിതത്തിലെ മറ്റൊരു കാലവും നല്‍കിയിട്ടില്ലാത്ത സ്വാതന്ത്ര്യത്തോടെ അവരുറങ്ങിയും ഉറക്കിയും പ്രണയം അനുഭവിക്കുന്നു. അവരുടെ കപ്പലിന്റെ ക്യാപ്റ്റനും രഹസ്യമായി ഒപ്പം കൂട്ടുന്ന പ്രണയിനിയുമായി ഈ അനുഭവങ്ങള്‍ പങ്കിടുകയാവണം - പ്രണയവും രോഗവും വല്ലാതെ ഇഴചേരുന്നു ആ നദീവഴിത്താരകളില്‍.

പ്രണയം ഒരുപാട് തലങ്ങളിലും തല്പങ്ങളിലുമായി വികസിക്കുകയാണ് ഇവിടെ. ഫെര്‍മിനയില്‍, ഫ്‌ളോറന്റിനോയില്‍, അര്‍ബിനോയില്‍, ബാര്‍ബറ ലിഞ്ചില്‍, ഹില്‍ഡേബ്രാന്റാ സാഞ്ചസില്‍... ഒക്കെ പലതരം പരകായങ്ങള്‍ക്കു നമ്മള്‍ സാക്ഷികളാകുന്നു. പ്രണയം കാലാതിവര്‍ത്തിയായ അനുഭവതലത്തെ സൃഷ്ടിക്കുമ്പോഴും ഓരോരുത്തരിലും അത് ഓരോ തരത്തിലും തലത്തിലുമാണ് ഇടപെടലുകള്‍ നടത്തുക. പ്രണയം ഏറ്റവും തീഷ്ണമാകുക ജീവിതത്തിന്റെ മധ്യാഹ്ന ശോഭയില്‍ നിന്നും സായന്തന സംക്രമണത്തിലേക്കെത്തുമ്പോഴാകണം. അതിന്റെ ഏറ്റവും ശുദ്ധവും കലര്‍പ്പില്ലാത്തതുമായ അര്‍ത്ഥതലങ്ങള്‍ മനുഷ്യര്‍ക്ക് പ്രണയം അനാവരണം ചെയ്തു കൊടുക്കുന്നതും സായന്തനത്തിന്റെ അരുണശോഭകളില്‍ അധരസിന്ദൂരം പടരുമ്പോള്‍ തന്നെ.

ഫെര്‍മിനയും ഫ്‌ളോറന്റിനോയും അതും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

''It was as if they had leapt over the ardorous calvary of conjugal life and gone straight to the heart of love. They were together in silence like an old married couple wary of life, beyond the pitfalls of passion, beyond the brutal mockery of hope and the phantoms of disillusion: beyond love. For they had lived together long enough to know that love was always love, anytime and anyplace, but it was more solid the closer it came to death.''

പ്രണയത്തിന്റെ ഏറ്റവും തീഷ്ണാനുഭവങ്ങള്‍ ഉണ്ടായിത്തീരുന്നത് ഒരാള്‍ തീര്‍ത്തും ഏകാകിയായി മാറുമ്പോഴാണ്. അപരത്വത്തിന്റെ സ്ഥായി ജീവിതത്തിന്റെ തുഴകളായി തീരുമ്പോള്‍ അലറുന്ന ആഴക്കടലില്‍ നങ്കൂരം കണ്ടെത്താന്‍ നടത്തുന്ന അന്വേഷണമാകുന്നു പ്രണയം. ഡോ. ജൂവനല്‍ അര്‍ബിനോ എന്ന തന്റെ ഭര്‍ത്താവ് മരിച്ച ശേഷം, ഫെര്‍മിന ഡാസയുടെ ശരീരത്തില്‍ പ്രണയം പൂക്കുന്നത്, മകളുമായി അതിന്റെ പേരില്‍ കലഹിക്കുന്നത്, ജീവിതത്തില്‍ മറ്റൊരിക്കലും കാണിക്കാത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രണയത്തില്‍ ആണ്ടുമുങ്ങുന്നത്, കപ്പലില്‍ ഫ്‌ളോറന്റീനോ അരിസ എന്ന തന്റെ വൃദ്ധകാമുകനുമായി രമിക്കുന്നത്, ആ വൃദ്ധ ശരീരങ്ങള്‍ അതില്‍ ആദ്യമൊക്കെ തോറ്റുപോകുന്നത്, ശരീരത്തിന്റെ രഥവേഗങ്ങളില്‍ പ്രണയാഗമങ്ങള്‍ സംക്രമിക്കുന്നത്, ഒടുവില്‍ അവരെ മാത്രം വഹിച്ചു കൊണ്ടു കപ്പല്‍ തിരികെ പോകുന്നത്... അത്യസാധാരണമായ, സങ്കീര്‍ണ്ണങ്ങളായ ജീവിതവ്യവസ്ഥകളിലേക്ക് നമ്മെ നയിക്കുവാന്‍ വേണ്ടി തന്നെയാണ്.

ഫ്‌ളോറന്റിനോയേയും ഫെര്‍മിനയേയും മാത്രം വഹിച്ചുകൊണ്ട് തിരികെ ഓടുന്ന കപ്പലും അതിന്റെ കപ്പിത്താനും ജീവിതാവസ്ഥകളുടെ വലിയ സൂചകങ്ങള്‍ തന്നെ. കോളറയെ തുരത്തിയ പ്രഗത്ഭനായ ഡോക്ടറായ ഭര്‍ത്താവിനും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒപ്പം ആള്‍ക്കൂട്ടത്തിന്റെ വസനവ്യവസ്ഥയില്‍ തീര്‍ത്തും ഏകാന്തത മാത്രം വാസനിക്കുന്ന ഫെര്‍മിന ഡാസ, പരശതം പ്രണയികള്‍ക്കു മധ്യേ കൂടി കടന്നുപോകുമ്പോഴും ഫെര്‍മിനയ്ക്ക് വേണ്ടി മാത്രം കാത്തിരുന്ന ഫ്‌ളോറന്റീന അരീസ... അവര്‍ക്കിടയില്‍ കൂന്നുകൂടുന്ന അനുഭവങ്ങളുടെ, ഭൗതിക വ്യവസ്ഥകളുടെ ആധിബാധ്യതകള്‍, മുതല്‍ക്കൂട്ടുകള്‍, പക്ഷെ അവര്‍ ഒഴിച്ചിട്ട മുറി അവര്‍ക്കു വേണ്ടി മാത്രമുള്ളതാകുന്നു. കോളറ എന്നത് രോഗാവസ്ഥയല്ലെന്നും തീവ്രമായ അഭിനിവേശവും രാഗവൈവശ്യവുമാണെന്ന് അവര്‍ ഇരുവരും തിരിച്ചറിയുന്നുണ്ട് - കിതയ്ക്കുന്ന അവരുടെ കിഴവന്‍ ശരീരങ്ങളില്‍ പൂക്കുന്ന രോഗം മനുഷ്യാവസ്ഥയെ എക്കാലവും തടവിലിട്ട ഏറ്റവും തീഷ്ണവും അനുഭൂതിദവും മനസ്സിന്റേയും ശരീരത്തിന്റേയും തുരീയവും ആകുന്നു; പ്രണയം.

2

പ്രണയവും വര്‍ത്തമാനവും

കോളറയുടെ മഞ്ഞപ്പതാക ഉയര്‍ത്തി നദിയില്‍ അന്തമില്ലാത്ത പ്രയാണം ആരംഭിച്ചുകൊണ്ടാണ് കോളറ കാലത്തെ പ്രണയം അവസാനിക്കുന്നത്. മഹാമാരിയെ മഹാപ്രയാണ ത്വരകം ആക്കിക്കൊണ്ട്. ഇത് ഒരു പ്രണയ പുസ്തകം മാത്രമല്ല, ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും അതിന്റെ നിഗൂഢാഭിനിവേശങ്ങളാല്‍ നിറയുകയാണ് ചെയ്യുന്നത്. മാര്‍ക്കേസിന്റെ എല്ലാ കഥാപാത്രങ്ങളേയും പോലെ തങ്ങളുടെ സാധാരണ ജീവിതത്തില്‍ അസാധാരണ ഭാവങ്ങള്‍ കൊണ്ടു നിറയ്ക്കുന്നവരെയാണ് ഈ പുസ്തകത്തിലും കാണുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ഫ്ലോറന്റിനോ അരിസയും അയാളുടെ പ്രണയിനി ഫെര്‍മിന ഡാസയും അവരുടെ ഭര്‍ത്താവ് ഡോ. ജുവനാല്‍ അര്‍ബിനോയും ട്രാന്‍സിറ്റോ അരിസയും അടങ്ങുന്നവരൊക്കെ അത്തരക്കാര്‍ തന്നെ. പ്രണയത്തിന്റേയും തിരസ്‌ക്കാരത്തിന്റേയും വീണ്ടെടുപ്പിന്റേയും കഥയാണ് കോളറക്കാലത്തെ പ്രണയം. ഒരു അവിഹിത സന്തതിയായി ജനിച്ച് ജീവിതത്തിന്റെ വിഹിതവും അവിഹിതവുമായി വഴിത്താരകളിലൂടെ സഞ്ചരിക്കുന്നയാളാണ് പ്രധാന കഥാപാത്രമായ ഫ്ലോറന്റിനോ അരിസ. ഫ്‌ളോറന്റീനോയും ഫെര്‍മിനയും യൗവനാരംഭത്തില്‍ പ്രണയത്തിലാവുന്നു.

വളരെ ആകസ്മികമായ കണ്ടുമുട്ടലാണ് ഇരുവരേയും പ്രണയത്തിലേക്ക് എത്തിച്ചത്. ഫ്ലോറന്റിനോ മാതാവായ ട്രാന്‍സിറ്റോ അരിസയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അവര്‍ക്ക് ഡോണ്‍ പയസ് വി ലയോസയിലുണ്ടായ അവിഹിതബന്ധത്തിലെ ഏകസന്താനമാണ് ഫ്ലോറന്റിനോ അരിസ. ഫ്ലോറന്റിനോയ്ക്ക് 10 വയസ്സായപ്പോള്‍ ഡോണ്‍ പയസ് വി ലയോസ മരിച്ചു. പിതാവിന്റെ മരണശേഷം ഫ്ലോറന്റിനോ അരിസയ്ക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നു. അതിനുശേഷം ഒരു കമ്പിത്തപാല്‍ സ്ഥാപനത്തില്‍ അപ്രന്റീസായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ ലോറന്‍സോ ഡാസയ്ക്ക് കമ്പിസന്ദേശം കൊടുക്കാന്‍ അയാളുടെ വീട്ടില്‍ ചെന്നപ്പോളാണ് ഫ്ലോറന്റിനോ അരിസ, ഫെര്‍മിന ഡാസയെ ആദ്യമായി കാണുന്നത്. ആ കൂടിക്കാഴ്ചയാണ് തീവ്രപ്രണയമായി പില്‍ക്കാലത്ത് പരിണമിച്ചത്.

ലോറന്‍സോ ഡാസ തന്റെ ഏകമകളോടും അവിവാഹിതയായ സഹോദരി എസ്‌കൊലാസ്റ്റിക്കയോടും ഒപ്പമാണ് താമസിച്ചിരുന്നത്. ഫെര്‍മിന ഡാസ സ്‌കൂളില്‍ പോയിരുന്നത് എസ്‌കൊലാസ്റ്റിക്കയ്‌ക്കൊപ്പമായിരുന്നു. പ്രണയപാരവശ്യം മൂത്ത ഫ്ലോറന്റിനോ ഫെര്‍മിന ഡാസ കടന്നുപോകുന്ന വഴിക്കരുകിലുള്ള പാര്‍ക്കിലെ ചാരുബെഞ്ചില്‍ പുസ്തകം വായിക്കാനെന്ന വ്യാജേന അവളെ കാത്തിരിക്കുമായിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഫ്ലോറന്റിനോക്ക് തന്റെ മനസ്സ് തുറക്കാനായതും.

കത്തുകളിലും കൂടിക്കാഴ്ചകളിലൂം കൂടെ അവരുടെ പ്രണയം തീവ്രമായി ഒഴുകുന്നതിനിടെയാണ് ലോറന്‍സോ അത് മനസ്സിലാക്കുന്നതും മകളേയും കൂട്ടി അവളുടെ അമ്മയുടെ നാട്ടിലേക്ക് യാത്രയാകുന്നതും. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മകള്‍ എല്ലാം മറന്നെന്നു കരുതിയ ലോറന്‍സോ ഡാസ നാട്ടില്‍ തിരിച്ചെത്തി. തിരിച്ചെത്തിയതിന്റെ പിറ്റേദിവസം ഫെര്‍മിന ഡാസ ഷോപ്പിംഗ് സെന്ററില്‍ വെച്ച് ഫ്ലോറന്റിനോ അരിസയെ കണ്ടുമുട്ടുന്നു. കൂടിക്കാഴ്ച അവള്‍ക്ക് തീര്‍ത്തും ദു:ഖിപ്പിക്കുന്ന തിരിച്ചറിവായി. താന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ടുനടന്ന ആളേയല്ല മുന്‍പില്‍ നില്‍ക്കുന്നതെന്ന് ഫെര്‍മിന ഡാസ മനസ്സിലാക്കി. "നാം തമ്മിലുള്ളത് വെറുമൊരു വ്യാമോഹത്തിനപ്പുറം മറ്റൊന്നുമല്ലെന്ന് എനിക്ക് ബോധ്യമായി", അവസാനത്തെ കത്തില്‍ അവളെഴുതി. കൂടെ ഇതുവരെ അയാളയച്ച ടെലഗ്രാമുകളും കവിതകളുമെല്ലാം വേലക്കാരിയുടെ പക്കല്‍ അയാളെ ഏല്‍പ്പിക്കാനായി കൊടുത്തുവിടുന്നു.

പിന്നീട് ഡോ. ജൂവനാല്‍ അര്‍ബിനോ ഫെര്‍മിന ഡാസയെ വിവാഹം ചെയ്യുന്നു. തീര്‍ത്തും പ്രായോഗികമതിയായ ഡോക്ടറായിരുന്നു ജുവനാല്‍ അര്‍ബിനോ. ഡോക്ടര്‍ എന്ന നിലയില്‍ ഏറെ പേരും പെരുമയുമുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരുന്നതും. ഫെര്‍മിനയുടേയും ജുവനാലിന്റേയും കൂടിക്കാഴ്ചയും വിവാഹവും ഒക്കെ ജീവിതത്തിന്റെ സാധാരണങ്ങളായ വഴികളില്‍ തന്നെ. വളരെ പരസ്പരാശ്രിതത്വത്തിലായിരുന്നു അവരുടെ ജീവിതം. അത് പ്രണയാതിരേകത്താലോ ബന്ധദാര്‍ഢ്യത്താലോ ആണെന്ന് പറയുക വയ്യ. ഒരു കുട്ടിയെ കണക്കെ അയാളെ അവര്‍ ഉടുപ്പൊക്കെ അണിയിച്ച് ഒരുക്കിയിരുന്നു. സ്‌നേഹമോ പ്രായോഗിക പടുത്വമോ ഇതില്‍ ഏതെന്നറിയാത്ത ചിന്തകളാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. ഡോ. ജൂവനാല്‍ അര്‍ബിനോയുടെ നേരിയ ചലനങ്ങള്‍ പോലും ഫെര്‍മിന ശ്രദ്ധിച്ചിരുന്നു. അയാളുടെ മനസ്സിലെ ചെറു ആന്തോളനങ്ങള്‍ പോലും. പുറമെ നിന്നും നോക്കുമ്പോള്‍ തികച്ചും സന്തുഷ്ടമായ ജീവിതം എന്നു പറയാമായിരുന്നുവെങ്കിലും ആഴത്തില്‍ അത്തരത്തിലൊന്നായിരുന്നില്ല അവരുടെ ബന്ധം. ജൂവനാല്‍ അര്‍ബിനോയുടെ പരസത്രീ ബന്ധങ്ങളൊക്കെ ഫെര്‍മിന കൈയോടെ പിടികൂടുന്നുണ്ട്. ഒരുപാട് ചുഴികളിലൂടെ കടന്നുപോയ ആ വിവാഹ ജീവിതം ഡോ. ജൂവനാല്‍ അര്‍ബിനോയുടെ തീര്‍ത്തും ആക്‌സമികമായ മരണത്തോടെയാണ് അവസാനിക്കുന്നത്.

നോവലിന്റെ തുടക്കം ഡോ. ജൂവനാല്‍ അര്‍ബിനോയുടെ ഒരു ചങ്ങാതിയുടെ ആത്മഹത്യയില്‍ നിന്നാണ്. ജെറേമിയ ദെ സാങ് അമോര്‍ എന്ന ചങ്ങാതി. ഇരുവരും ഒരുമിച്ച് ചെസ് കളിച്ചിരുന്നു. പക്ഷെ ഒരു വിശേഷപ്പെട്ട ഞായര്‍ അദ്ദേഹം ആത്മഹത്യയ്ക്കായി തെരഞ്ഞെടുത്തു. ആ മരണത്തെ മാര്‍ക്കേസ് കുറിക്കുന്നത് ഇങ്ങനെയാണ്: ''The Antillean refugee Jeremiah de Saint-Amour, disabled war veteran, photographer of children, and his most sympathetic opponent in chess, had escaped the torments of memory with the aromatic fumes of gold cyanide.''

ഓര്‍മ്മകളുടെ പീഢകളില്‍ നിന്നും സയനഡിന്റെ സൗരഭ്യധൂമങ്ങളിലൂടെ മോചിതനായവന്‍. ആറു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ നോവലിന്റെ ഒന്നാം ഭാഗം മരണം എന്ന മോട്ടിഫില്‍ നിലീനമാകുന്നു. ജെറേമിയ ദെ സാങ് അമോറിന്റെ ആത്മഹത്യയില്‍ തുടങ്ങി ഡോ. ജൂവനാല്‍ അര്‍ബിനോയുടെ അപകട മരണത്തിലെത്തി അത് അവസാനിക്കുമ്പോള്‍ മരണം നല്‍കുന്ന ചാരുത എത്രമേല്‍ അര്‍ത്ഥാനന്തരങ്ങളിലേക്ക് നയിക്കുന്നുവെന്ന് നാം കാണുന്നു. ജെറേമിയ ദെ സാങ് അമോറിന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടും അത് സാധാരണ മരണമാണെന്ന് പോലീസിനെക്കൊണ്ടു പറയിപ്പിക്കാന്‍ ഡോ. ജൂവനാല്‍ അര്‍ബിനോ ശ്രമിച്ചു. ഒടുവില്‍ അതേ പെന്റകോസ്റ്റല്‍ ഞായറാഴ്ചയില്‍ തന്നെ അപകടത്തില്‍പ്പെട്ട് ഡോ. ജൂവനാല്‍ അര്‍ബിനോയും മരണമടയുന്നു.

ഉയരത്തില്‍ പോയി പാര്‍പ്പാക്കിയ പ്രിയപ്പെട്ട തത്തയെ തിരികെ എത്തിക്കാനായി കോണിയിലൂടെ മുകളിലേക്ക് കയറവെ കാലുതെറ്റി വീണു മരണം. അവിടെ ഉണ്ടായിരുന്ന അരുമ ജീവി തത്ത മാത്രമായിരുന്നു. സംസാരിക്കാത്ത ജീവികളെ ഒന്നിനേയും വീട്ടില്‍ കഴിയാന്‍ ഡോ. ജൂവനാല്‍ അര്‍ബിനോ അനുവദിച്ചിരുന്നില്ല. തത്ത പറന്ന് ഉയരത്തില്‍ പോയി ഇരുപ്പുറപ്പിച്ചത് അയാളെ വല്ലാതെ വിഷമത്തിലാക്കി. അതുകൊണ്ടാണ് ഫയര്‍ഫോഴ്‌സിന്റെ ഒക്കെ സഹായം തേടിയതും. എന്നാല്‍ അത് എത്തി നിന്നതാകട്ടെ, ഡോ. ജൂവനാല്‍ അര്‍ബിനോയുടെ തന്നെ ദാരുണാന്ത്യത്തിലും.അയാള്‍ താഴേയ്ക്കു വീഴുമ്പോള്‍ തന്റെ പ്രിയപ്പെട്ട തത്തയെ കൈകളില്‍ ചേര്‍ത്ത് പിടിച്ചിരുന്നു.

''Fermina Daza was in the kitchen tasting the soup for supper when she heard Digna Pardo's horrified shriek and the shouting of the servants and then of the entire neighborhood. She dropped the tasting spoon and tried her best to run despite the invincible weight of her age, screaming like a madwoman without knowing yet what had happened under the mango leaves, and her heart jumped inside her ribs when she saw her man lying on his back in the mud, dead to this life but still resisting death's final blow for one last minute so that she would have time to come to him. He recognized her despite the uproar, through his tears of unrepeatable sorrow at dying without her, and he looked at her for the last and final time with eyes more luminous, more grief-stricken, more grateful than she had ever seen them in half a century of a shared life, and he managed to say to her with his last breath: 'Only God knows how much I loved you.'

It was a memorable death, and not without reason. ''

ജെറേമിയ ദെ സാങ് അമോറിന്റെ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ഡോക്ടര്‍ മരണമടയുന്നത്. ശക്തമായി പെയ്തു നിന്ന മഴയ്ക്കു മധ്യേയാണ് ഡോ. ജൂവനാല്‍ അര്‍ബിനോയുടെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതും. ആ നഗരത്തിലെ വലിയ ശ്രദ്ധാകേന്ദ്രമായിരുന്ന ഡോക്ടര്‍, മരണമടയുന്നതോടെ ഒരു കുടുംബത്തിന്റെ മാത്രം വേവലാതികളായി തീരുന്നത് ഫെര്‍മിന തിരിച്ചറിഞ്ഞു. അമ്പത് വത്സരങ്ങള്‍ക്കുശേഷം ജീവിതം ഏകയായി തുഴയേണ്ടി വന്നിരിക്കുന്നുവെന്നവര്‍ മനസ്സിലാക്കി. ചുറ്റുമുണ്ടായിരുന്ന ആരവങ്ങള്‍ അകന്നുപോകുന്നത് അവര്‍ കണ്ടു.

ഡോക്ടറുടെ മരണ ദിവസം ഫ്ലോറന്റിനോ അവിടെ ഒക്കെ ചുറ്റിനടക്കുന്നുണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം അയാള്‍ ഫെര്‍മിനയുടെ മുന്നിലെത്തി. വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തിയ അയാളുടെ നേരെ ക്ഷോഭം അടക്കനാവാതെ ഫെര്‍മിന പുറത്തേക്കുള്ള വാതില്‍ ചൂണ്ടി. ഡോക്ടറുടെ മരണദിനം അവള്‍ ആദ്യമായി വിതുമ്പോപ്പോയത് അപ്പോഴായിരുന്നു. പിന്നീട് ഫെര്‍മിന അറിയാതെ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി ഡോ. ജൂവനാല്‍ അര്‍ബിനോയേക്കാള്‍ ആ മയക്കത്തിനിടയില്‍ തന്നിലേക്ക് എത്തിയത് ഫ്ലോറന്റിനോ ആയിരുന്നുവെന്ന്. ഡോ. അര്‍ബിനോ ഏറ്റവും മിഴിവോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ആദ്യ അധ്യായത്തിലാണെന്ന് തോന്നുന്നു. ഡോക്ടറുടെ മരണശേഷമാണ് പ്രണയം എന്ന വ്യവഹാരം തീവ്രമായ ആഖ്യാനതലം കൈവരിക്കുന്നതെന്നും കാണാം.

രണ്ടാം അധ്യായം ഫ്ലോറന്റിനോ അരീസയുടേയോ ഫെര്‍മിന ഡാസയുടേയും പ്രണയത്തുടക്കങ്ങളില്‍ കൊരുത്തുകിടക്കുന്നു. ഫ്ലോറന്റീനോ അരീസോയുടെ പശ്ചാത്തലം, പിതാവ് കൈയൊഴിഞ്ഞ മകന്റെ വിഹ്വലതകള്‍, അയാളുടെ കൗമാരത്തിലെ ചപലതകള്‍, ലൊട്ടേറിയോ തുഗാട്ട് എന്ന ചങ്ങാതി അയാളെ വേശ്യകളിലേക്കും ശരീരത്തിന്റെ ഔത്സുക്യങ്ങളിലേക്കും നയിച്ചുകൊണ്ടുപോകുന്നത് ഒക്കെയുണ്ടവിടെ. കോളറയുടെ ശാരീരിക പീഢകള്‍ പോലെ, പ്രണയം ഫ്ലോറന്റിനോയില്‍ വൈവശ്യങ്ങള്‍ സൃഷ്ടിക്കുന്നതും ഈ അധ്യായത്തില്‍ ദൃശ്യം. പെണ്‍കുട്ടികളില്‍ അയാള്‍ക്ക് വല്ലാത്ത അഭിനിവേശം ഉണ്ടായിരുന്നു. പക്ഷെ, അത് ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ഫെര്‍മിനയുടെ വീട്ടില്‍ തപാല്‍ ഉരുപ്പടി എത്തിക്കാനായി പോയശേഷം മാത്രം. അത് തീര്‍ത്തും അയുക്തികവും രോഗാതുരവുമായ തരത്തില്‍ പ്രകടിപ്പിക്കപ്പെടുകയും കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫ്ലോറന്റിനയുടെ പ്രണയവ്യാധി ഫെര്‍മിനയേക്കാള്‍ മുന്‍പെ അവരുടെ പിതൃസഹോദരിയായ എസ്‌കലിറ്റ ഡാസയുടെ ശ്രദ്ധയിലാണ് പെടുന്നത്.

പ്രണയം അതിതീവ്രമായ പല ഭാവതലങ്ങളും ഇക്കാലത്ത് സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫ്ലോറന്റിനോ പ്രദര്‍ശിപ്പിക്കുന്ന വികാരവൈവശ്യത്തിനപ്പുറമുള്ള ഭാവരൂപമാണ് ഫെര്‍മിനയുടേത്. അവള്‍ മിതഭാഷിയാണ്. ഫ്ലോറന്റിനോ ആകട്ടെ പ്രദര്‍ശനപടുവും. നാലു വര്‍ഷം നീണ്ട അവരുടെ പ്രണയകാലത്തില്‍ മുന്നു തവണ മാത്രമാണ് ഇരുവരും നേരില്‍ സംസാരിച്ചിട്ടുള്ളത്. ബാക്കിയൊക്കെ കത്തിടപാടുകളായിരുന്നു. രോഗാതുരമായ മുഖമുള്ള യുവാവായിരുന്നു ഫ്ലോറന്റിനോ. പ്രണയം അയാളെ കൂടുതല്‍ വ്യാധിതപ്തനാക്കി.

ഫ്‌ളോറന്റിനയുടെ മാതാവ് ഇരുവരുടേയും വിവാഹം നടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ വ്യാധിസമാനമായ പ്രണയാനുഭവങ്ങളില്‍ പെട്ട് ഫ്ലോറന്റിനോ പൊള്ളി. ഒറ്റക്കിരുന്ന് പ്രണയ കവിതകള്‍ വായിച്ചു. അവയിലെ ആവേഗങ്ങള്‍ കത്തുകളില്‍ പകരാന്‍ ശ്രമിച്ചു. മുന്നു മാസക്കാലം എല്ലാ ദിവസവും എന്ന കണക്കെ അവര്‍ കത്തുകള്‍ കൈമാറി. പക്ഷെ ലോറന്‍സോ ഡാസയുടെ ശ്രദ്ധയിലേക്ക് പ്രണയ വൃത്താന്തം എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അയാള്‍ അമ്മ മരിച്ചു പോയ ഫെര്‍മിനയ്ക്കു കൂട്ടായി കൊണ്ടുവന്ന സ്വസഹോദരി എസ്‌കലിറ്റ ഡാസയെ ഓടിക്കുന്നു. ലോറന്‍സോ മകളേയും കൂട്ടി തീര്‍ത്തും അപകടരങ്ങളായ വഴികള്‍ താണ്ടി ഫെര്‍മിനയുടെ അമ്മയുടെ നാട്ടിലേക്ക് പോയി. അക്കാലത്തും ഫെര്‍മിനയും ഫ്‌ളോറന്റിനോയും കമ്പി സന്ദേശങ്ങളിലുടെ പ്രണയം പുതുക്കി. ഫെര്‍മിനയുടെ പ്രീതി വര്‍ധിപ്പിക്കുന്നതിനായി നിധി തേടിയുള്ള യാത്രകള്‍ വരെ ഫ്‌ളോറന്റിന നടത്തി. പക്ഷെ ഒന്നര വര്‍ഷത്തിനുശേഷം മടങ്ങിയെത്തിയ ഫെര്‍മിന, ഫ്‌ളോറന്റിനോയുമായി കണ്ടുമുട്ടുന്നുണ്ടെങ്കിലും അവള്‍ക്കയാള്‍ പുതിയ മനുഷ്യനായി തോന്നി. ആ പ്രണയം അവിടെ മുറിയുന്നു.

3

മഹാവ്യാധിയും രതിയും

കോളറ, പ്രണയം, ശരീരത്തിന്റെ ഇച്ഛകള്‍, രതി ഒക്കെ തീര്‍ക്കുന്ന സിംഫണിയാണ് മൂന്നാം അധ്യായം. പ്രണയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണിവിടെ. ശരീരത്തിന്റെ ഇച്ഛകളില്‍ പൂത്തുലയുന്ന ജീവിതത്തിലേക്ക് മറ്റൊത്തിരി ഭാവതലങ്ങള്‍ കടന്നുവരുന്നുണ്ട്, ഒന്നൊന്നായി. ലൈംഗികതയുടെ അഭിനിവേശത്തില്‍ പ്രണയം ആഭിചാരമായിപ്പോലും അനുഭവതലം സൃഷ്ടിച്ച് കൂടുതല്‍ സൂക്ഷമാവേഗങ്ങളിലേക്ക് എത്തുന്നു. ഫെര്‍മിനയും ഫ്‌ളോറന്റിനോയും രണ്ടു വ്യത്യസ്ത തലങ്ങളിലൂടെ രതിയിലേക്ക് പ്രവേശിക്കുകയാണ്. ഫെര്‍മിന തന്റെ ഭര്‍ത്താവുമായുള്ള രതിയിലൂടെ സ്‌നേഹത്തിന്റെ സാധാരണീയതകളില്‍ ചുറ്റിത്തിരിയുമ്പോള്‍ ഫ്ലോറന്റീനോ ആകട്ടെ രതിയുടെ ധൂര്‍ത്തകാമനകളില്‍ തന്റെ ജീവിതത്തിന് രഥവേഗം ഏകി. വിരുദ്ധ തലങ്ങളിലൂടെ ഇവര്‍ പ്രണയത്തേയും രതിയേയും നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ഫ്ലോറന്റീനോയുടെ എല്ലാ യാത്രകളും ആത്യന്തികമായി ഫെര്‍മിനയിലേക്കുള്ള വഴിതേടലാണെന്നതായിരുന്നു വാസ്തവം.

ഡോ. ജൂവനാല്‍ അര്‍ബിനോ എന്ന യുവ ഡോക്ടര്‍ പാരീസിലെ പഠനശേഷം പിതാവ് ഡോ. മാര്‍ക്കോ ഓറീലിയോ അര്‍ബിനോയുടെ മൈസിറികോര്‍ഡിയ ആശുപത്രിയുടെ ചുമതല ഏറ്റെടുക്കുന്നു. പാരീസില്‍ കോളറ പടര്‍ന്നുപിടിച്ചതിന് ഡോ. ജൂവനാല്‍ അര്‍ബിനോ സാക്ഷിയാണ്. അവിടത്തെ സാഹചര്യങ്ങള്‍ക്ക് സമാനമാണ് തന്റെ നാട്ടിലേയും എന്നതുകൊണ്ട് സര്‍ക്കാരില്‍ അദ്ദേഹം ഏറെ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നു. പിതാവ് കോളറ ബാധിതനായി ക്വാറന്റൈനില്‍ കഴിയുന്ന വേളയിലാണ് മരണമടഞ്ഞതെന്നതും കൂടുതല്‍ ജാഗ്രത്താകാന്‍ ഡോ. ജൂവനാല്‍ അര്‍ബിനോയെ പ്രചോദിപ്പിക്കുന്നുണ്ട്.

ജുവനാല്‍ നാട്ടിലെത്തി ഒരു വര്‍ഷത്തിനുശേഷമാണ് കോളറ പടരുന്നത്. സാധാരണക്കാരുടേയും കറുത്തവര്‍ഗക്കാരുടേയും ജീവിതം നിരന്തരം അപഹരിച്ചുകൊണ്ടിരുന്ന കോളറയുടെ വര്‍ഗസ്വഭാവം വരഞ്ഞിടാന്‍ എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നു. കോളറയാണ് ഫെര്‍മിനയിലേക്ക് ഡോ. ജൂവനാല്‍ അര്‍ബിനോയെ എത്തിയ്ക്കുന്നത്. ഫെര്‍മിനയ്ക്ക് കോളറയുടതുപോലുള്ള ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ അദ്ദേഹം അവളില്‍ ആകൃഷ്ടയാകുന്നു. പലവട്ടം അവള്‍ക്കയാള്‍ കത്തുകള്‍ അയച്ചുവെങ്കിലും ആ പ്രണയം തിരസ്‌ക്കരിക്കപ്പെടുകയായിരുന്നു. പലരും ഡോക്ടറെ വിവാഹം കഴിക്കാനായി അവളെ പ്രേരിപ്പിക്കാനെത്തി. ഒടുവില്‍ പിതാവിനെ സമീപിക്കാന്‍ അവള്‍ പറയുന്നു.

വിവാഹവാര്‍ത്ത അറിഞ്ഞതോടെ ഫ്ലോറന്റീനോ അതീവ ദു:ഖിതനാകുന്നു. ഇത് മനസ്സിലാക്കി മാതാവ് അയാളെ ജോലിക്കായി ദൂരദിക്കിലേക്ക് അയച്ചു. 21 ദിവസം യാത്ര ചെയ്താല്‍ എത്തുന്നിടത്തേയ്ക്ക്, ബന്ധുവിന്റെ സഹായത്തോടെ. അവിടേയ്ക്കുള്ള നദീയാത്ര പ്രണയ തിരസ്‌ക്കാരം മൂലം അയാള്‍ക്ക് ദു:ഖതപ്തമായി. പക്ഷെ യാത്രയ്ക്കിടെ അയാള്‍ മറ്റു സ്ത്രീകളാല്‍ ആകൃഷ്ടനാകുന്നു. ആരാണെന്ന് അറിയാത്ത ഒരു സ്ത്രീയോട് അയാള്‍ക്ക് വല്ലാത്ത അഭിനിവേശം തോന്നി. പൊടുന്നവെ അയാളുടെ ശരീരം രോഗതുരമായി. ഇത്തരത്തില്‍ പ്രണയവും മഹാവ്യാധിയും അടിക്കടി അഭിമുഖം കാണുന്നുണ്ട് ഈ പുസ്തകത്തില്‍.

കപ്പലിന്റെ ക്യാപ്റ്റന് ഫ്‌ളോറന്റിനോയെ കോളറ ബാധിച്ചുവോയെന്ന ആശങ്കയായി. അയാളെ ക്വാറന്റൈന്‍ ചെയ്തു. അതിനിടെ അയാള്‍ക്ക് അഭിനിവേശം ജനിച്ച സ്ത്രീയും സഹയാത്രികരും ഏതോ തുറമുഖത്ത് വച്ച് കപ്പലില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. രോഗഭീതി മൂലം യാത്ര പോയ അതേ കപ്പലില്‍ അയാള്‍ നാട്ടിലേക്ക് മടങ്ങിയെത്തി. നാട്ടിലെത്തിയ അയാള്‍ ഫെര്‍മിന യൂറോപ്പില്‍ മധുവിധുവിനായി പോയതറിഞ്ഞു. പ്രണയം മൂലം മുറിവേറ്റ മകനില്‍ ജീവിതകാമനകള്‍ ഉണര്‍ത്താനായി അമ്മ അവന്റെ അടുത്തേക്ക് നസ്രേത്ത് എന്ന വിധവയെ അയയ്ക്കുന്നു. അവന്റെ ജീവിതത്തില്‍ സ്ത്രീ ആഗമങ്ങളുടെ വലിയ നിര തന്നെ എത്തുന്നതിന്റെ തുടക്കമായിരുന്നു അത്. സ്ത്രീഗമനങ്ങളെ കുറിച്ചുള്ള കുറിപ്പ് പുസ്തകത്തില്‍ നസ്രേത്തിന്റെ പേര് അയാള്‍ ഒന്നാം പേരായി എഴുതിച്ചേര്‍ത്തു.

ആറ് മാസം ഗര്‍ഭിണിയായ ഫെര്‍മിന ഡാസയെ ഒരിക്കല്‍ ഫ്ലോറന്റിനോ അരിസ കത്തീഡ്രലില്‍ വെച്ചു കാണുന്നു. ഭര്‍ത്താവിന്റെ കൈപിടിച്ച് നടന്നുപോകുന്ന അവള്‍ കൂടുതല്‍ സുന്ദരിയായിരുന്നു. അന്ന് അവനൊരു പ്രതിജ്ഞയെടുക്കുന്നു. തന്നെ അവള്‍ക്കു സ്വീകാര്യനാക്കുംവിധം താന്‍ സമ്പത്തും പ്രശസ്തിയും നേടും. തിരസ്‌കൃത പ്രണയത്തിനു പിന്നാലെ സമ്പത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള അന്വേഷണവും കൂടി ചേരുന്നതോടെ ഫ്‌ളോറന്റിനോയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമായി തീരുന്നത് നാലാം അധ്യായത്തില്‍ കാണുന്നു. പ്രണയവും ശരീരത്തിന്റെ വൃദ്ധിയും വല്ലാതെ കുഴമുറിയുന്നുണ്ടിവിടെ. ഫെര്‍മിന ഡോക്ടറെ വിവാഹം കഴിക്കുന്നത് സമ്പത്തിന്റെ പിന്നാലെ പോയതിനാലാണെന്ന ചിന്ത ഫോളോറന്റിനോയിലേക്ക് അമ്മ പകര്‍ന്നിരുന്നു. അതിനാല്‍ സമ്പത്ത് നേടുകയെന്നത് പ്രണയത്തെപ്പോലെ തന്നെ അയാള്‍ക്ക് പ്രധാനമായി തീരുന്നുണ്ട്. ഫ്ലോറന്റിനോ അരിസ തന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള കരീബിയന്‍ റിവര്‍ കമ്പനിയില്‍ ജോലിക്ക് ചേരുന്നത് സമ്പത്തിനായുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഏറ്റവും താഴെ നിലയിലുള്ള ജീവനക്കാരനായി തുടങ്ങിയ അയാള്‍ പടിപടിയായി കയറി കമ്പനിയുടെ പരമോന്നത സ്ഥാനത്തേക്ക് പിന്നീട് എത്തിച്ചേരുന്നു. ഏതാണ്ട് 30 വര്‍ഷത്തോളം നീളുന്ന നാളുകളിലെ സംഭവഗതികളാണ് നോവലിലെ ഈ ഭാഗത്തില്‍ ചാക്രികമായി പറഞ്ഞുപോകുന്നത്.

പ്രണയവും കാല്‍പ്പനികതയുമായിരുന്നു ഫ്ലോറന്റിനോയുടെ അടിസ്ഥാന ഭാവം. ആ സ്ഥാപനത്തില്‍ എത്തുമ്പോഴും ആ ഭാവങ്ങള്‍ അയാളുടെ ഓരോ പ്രവര്‍ത്തനങ്ങളിലും നിഹിതമാകുന്നു. ബിസിനസിന്റെ ഭാഗമായി എഴുതുന്ന കത്തുകളൊക്കെ പ്രണയലേഖനങ്ങളുടെ ലോലതലങ്ങളിലേയ്ക്ക് പോകുന്നത് അയാളെ മാത്രമല്ല, ഒപ്പമുള്ളവരേയും നിരന്തരം വിഷമിപ്പിച്ചിരുന്നു. തന്റെ ഉള്ളിലെ പ്രണയം അയാള്‍ മറ്റു പ്രണയിനികള്‍ക്കായി പ്രേതരചനകള്‍ നടത്തിക്കൊടുത്ത് സന്തര്‍പ്പണം വരുത്തുക പോലുമുണ്ടായിട്ടുണ്ട്. പ്രണയത്തിലേര്‍പ്പെട്ട കാമുകനും കാമുകിക്കും വേണ്ടി അയാള്‍ ഒരേ സമയം കത്തുകള്‍ എഴുതിയിട്ടുണ്ട്.

ഫ്‌ളോറന്റിനോയുടെ ജീവിതത്തിലേക്ക് ഏറെ സ്ത്രീകള്‍ കടന്നുവരുന്നത് നാം കാണുന്നു. കവികള്‍, ഉന്മാദിനികള്‍, വീട്ടമ്മമാര്‍, വേശ്യകള്‍ തുടങ്ങി വലിയ നിര തന്നെ അയാളുടെ ശരീരത്തിന്റെ വിശപ്പ് അറിയുന്നു. ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് സ്ത്രീകള്‍ അയാള്‍ക്ക് നല്‍കുന്നത്. പക്ഷെ അത് ഒളിമ്പിയ സെല്യൂട്ട എന്ന പ്രാവ് വില്‍പ്പനക്കാരന്റെ ഭാര്യയിലേക്ക് എത്തുമ്പോഴാകട്ടെ അയാളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള കൊലപാതകത്തിലേക്കും പരിണമിക്കുന്നു. ഇതായളെ ഭ്രാന്തെടുത്ത സ്ത്രീഗമനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എങ്കിലും അതയാള്‍ക്ക് അടക്കാനാവുന്നില്ല. ഫെര്‍മിനയും ഡോക്ടര്‍ അര്‍ബിനോയും രണ്ടു വര്‍ഷക്കാലത്തെ പാരീസ് വാസത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തി തികഞ്ഞ ഗൃഹസ്ഥരായി ജീവിക്കുന്നു.

‌വൃദ്ധി തേടുന്ന ശരീരത്തിന്റെ വിഷാദങ്ങളും രോഗങ്ങളുടെ അടരുകളും അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നു. അഞ്ചാം അധ്യായത്തിലെ കാഴ്ചകള്‍ അതാണ് നല്‍കുന്നത്. പുതുവത്സരാഘോഷത്തിലെ ബലൂണ്‍ യാത്രയില്‍ ഫെര്‍മിനയും ഭര്‍ത്താവും ആര്‍ത്തമായ ആ ആകാശക്കാഴ്ച കണ്ടു. പഴത്തോട്ടങ്ങളില്‍ കൂടിക്കിടക്കുന്ന മൃതശരീരങ്ങള്‍. കോളറയുടെ വിളവെടുപ്പ്. മരിച്ചുകിടന്നവരുടെ കഴുത്തുകളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അവിടെയെങ്ങും രോഗത്തിന്റെ പൂക്കള്‍ പടര്‍ന്നു. കോളറ ബാധിച്ച് മരിച്ചവരുടെ ശരീരങ്ങള്‍ തെരുവുകളില്‍ കൂടിക്കിടക്കുന്നു.സാധാരണക്കാരുടെ ജീവിതം ആരാലും ശ്രദ്ധിയ്ക്കാത്ത വലിയ നിലവിളിപോലെ പടര്‍ന്നു.

അത്തരം ആകാശയാത്രകളിലാണ് ഡോ. അര്‍ബിനോ തങ്ങള്‍ക്കിടിയിലൂടെ ഊര്‍ന്നുപോയ കാലങ്ങളെത്രയെന്ന് തിരിച്ചറിഞ്ഞത്. ഭാര്യയുടെ ശരീരത്തിലെ വൃദ്ധക്ഷയങ്ങള്‍ അയാള്‍ ശ്രദ്ധിച്ചു. ഫ്‌ളോറന്റിനോ ആകട്ടെ, സമൂഹിക കൂട്ടായ്മകളിലും മറ്റും ഫെര്‍മിനിയെ പലപ്പോഴും കാണുന്നുണ്ടായിരുന്നു. അവളുടെ അകല്‍ച്ച പ്രണയത്തെ മറയ്ക്കാനുള്ള കവചം മാത്രമാണെന്നായിരുന്നു അയാളുടെ വിശ്വാസം. അയാള്‍ അവള്‍ പോകാറുള്ള പള്ളിയിലും വീട്ടുപരിസരത്തും ഒക്കെ ചുറ്റിനടന്നു. പെട്ടെന്നൊരുദിനം ഫെര്‍മിനയെ കാണാനില്ലാതായി. പൊതു ചടങ്ങുകളിലും സംബന്ധിക്കുന്നില്ല. ഫ്ലോറന്റിനോയാവട്ടെ അവള്‍ക്കെന്തു പറ്റിയെന്ന് മനസ്സിലാക്കാനാകാതെ വലിയ വിഷമത്തിലുമായി.ഏതോ സ്വകാര്യ ആശുപത്രിയില്‍ മരണം തേടിപ്പോയി എന്നായിരുന്നു അയാള്‍ കരുതിയത്. തനിക്കും ഡോ. അര്‍ബിനോക്കും മുന്‍പേ ഫെര്‍മിന മരിക്കുമോ എന്ന ആശങ്കയും അയാളില്‍ കൂടി.

ഫെര്‍മിനയാകട്ടെ തന്റെ ബന്ധുവും പ്രണയപരിത്യക്തയുമായ ഹില്‍ഡേബ്രാന്റയുടെ കളപ്പുരയില്‍ ഒളിതാമസത്തിലായിരുന്നു. ഡോ. അര്‍ബിനോയുടെ പരസ്ത്രീ ബന്ധത്തെ ചൊല്ലിയുള്ള കലഹമാണ് അവളെ അവിടേയ്ക്ക് എത്തിച്ചത്. ഡോ. അര്‍ബിനോയുടെ ഏറ്റുപറച്ചിലിനും ശേഷമാണവള്‍ ബന്ധുവിനൊപ്പം പോയത്. പിന്നീട് ഡോക്ടറുമായി അവള്‍ ഒരുമിച്ച് താമസിക്കുന്നു. ഇതിനിടെയാണ് ഫ്ലോറന്റിനോ തന്റെ സ്ഥാപനത്തിന്റെ തലവനായി തീരുന്നത്. അയാളുടെ സ്ത്രീ ബന്ധം ഒരു പതിനാലുകാരിയില്‍ മാത്രമായി അക്കാലത്ത് ഒതുങ്ങി. അമേരിക്ക വികൂണ എന്ന ആ പെണ്‍കുട്ടിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന വേളയിലാണ് ജെറേമിയ ദെ സാങ് അമോറിന്റേയും ഡോ. അര്‍ബിനോയുടേയും മരണവാര്‍ത്ത എത്തിയത്. അയാള്‍ ഓടിപ്പോയി അര്‍ബിനോയുടെ മൃതശരീരം കണ്ടു. തന്റെ പ്രണയാഭ്യര്‍ത്ഥന അവിടെ വച്ചറിയിച്ച ഫ്ലോറന്റിനോയെ ഫെര്‍മിന ആട്ടിയിറക്കി. രണ്ടാഴ്ചയോളം അതിന്റെ ആഘാതവും പേറി നടന്ന ഫ്ലോറന്റീനോയെ തേടി ഫെര്‍മിനയുടെ കത്ത് എത്തി.

4

മഞ്ഞപ്പതാക ഏന്തിയ മടക്കം

ഡോ. അര്‍ബിനോയുടെ മരണത്തോടെ എത്തിപ്പെട്ട മാനസികാവസ്ഥക്കിടെയാണ് ഫെര്‍മിനോയും ഫ്‌ളോറന്റിനോയും വീണ്ടും കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ഡോക്ടറുടെ ഓര്‍മ്മകളുടെ അവസാനത്തെ സാന്നിധ്യവും ആ വീട്ടില്‍ നിന്നും ഫെര്‍മിന എടുത്തുമാറ്റി. ഡോക്ടറുടെ പഠനമുറി ഫെര്‍മിനയുടെ തയ്യല്‍ മുറിയാക്കി. ഫ്‌ളോറന്റീന താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് അമേരിക്ക വാകുണേയോട് പറഞ്ഞുവെങ്കിലും അത് തമാശയായേ അവള്‍ കണ്ടുള്ളു. തൊട്ടടുത്ത ദിവസം കടുത്ത വെറുപ്പ് വിളിച്ചറിയിക്കുന്ന ഫെര്‍മിനയുടെ കത്ത് അയാള്‍ക്ക് കിട്ടി. ഫ്ലോറന്റിനോയ്ക്ക് അപ്രതീക്ഷിതമായിരുന്നില്ലത്. മറുപടി എഴുതുവാനായി ലഭിച്ച അവസരമായി അതയാള്‍ കണക്കിലെടുത്തു.

ഫ്ലോറന്റീനോയ്ക്കാവട്ടെ, ഫെര്‍മിനയ്ക്കുള്ള മറുപടി കത്ത് ടൈപ്പ് ചെയ്‌തെടുക്കാന്‍ 12 ദിവസങ്ങളാണ് വേണ്ടിവന്നത്. അയാള്‍ ഇതുവരെ എഴുതിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കത്തായിരുന്നു അത്. അത്രമാത്രം കൃത്യതയോടെ അയാള്‍ ഒരിക്കലും എഴുതിയിരുന്നില്ല. പണ്ട് ഫെര്‍മിനയ്ക്കെഴുതിയ കത്തുകളിലെ കാല്‍പ്പനികതയും അതിഭാവുകത്വങ്ങളുമൊന്നും അതിലുണ്ടായിരുന്നില്ല. പറയാനുള്ള കാര്യങ്ങളുടെ ഗൗരവമോ ഭാവങ്ങളോ ചോര്‍ന്നുപോകാതെയുള്ള, വസ്തുനിഷ്ഠമായ എഴുത്ത്. ജീവിതത്തെ കുറിച്ചും വാര്‍ധക്യത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള ധ്യാനാത്മകമായ രചനയായിരുന്നു അത്. ഭൂതകാല സംഭവങ്ങളൊന്നും കത്തില്‍ പരാമര്‍ശിച്ചില്ല. കത്ത് സ്വീകരിക്കപ്പെടാതെ, തിരികെ എത്താതിരുന്നത് പക്ഷെ, അയാളെ സന്തുഷ്ടനാക്കി. ഫ്ലോറന്റിനോ കത്തുകള്‍ എഴുതിക്കൊണ്ടു തന്നെ ഇരുന്നു. ടൈപ്പിംഗ് വേഗത കുറവായിരുന്നുവെങ്കിലും അത് ദിവസം ഒന്നുവീതമെന്ന തരത്തിലേക്ക് വൈകാതെ എത്തി. ഒരു ദിവസം താന്‍ പ്രതീക്ഷിക്കുന്ന മറുപടി എത്തുമെന്നയാള്‍ കരുതി. അക്കാലത്തും ഫ്ലോറന്റീനോ തന്റെ രണ്ട് സ്‌നേഹിതകളുമായി ഇടക്ക ടെ കിടക്ക പങ്കിടുമായിരുന്നു.

ഡോ. അര്‍ബിനോയുടെ മരണവാര്‍ഷിക ദിനത്തില്‍ ഫെര്‍മിനയും കുടുംബവും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ക്ഷണിക്കപ്പെട്ടിരുന്നില്ലെങ്കിലും ഫ്ലോറന്റിനോയും പള്ളിയിലെത്തി. അവള്‍ സ്‌നേഹപൂര്‍വം അയാളുടെ സാന്നിധ്യത്തിനു നന്ദി അറിയിച്ചു. ഫ്ലോറന്റീനോയുടെ കത്തുകള്‍ ജീവിതത്തില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ ഏറെ സഹായിക്കുന്നതായി ഫെര്‍മിന തിരിച്ചറിഞ്ഞു. പള്ളിയില്‍ വെച്ച് കണ്ടുമുട്ടിയതിനുശേഷം തന്നോടു കാണിച്ച സ്‌നേഹവായ്പിനു നന്ദി പറഞ്ഞു കത്തെഴുതിയെങ്കിലും പിന്നീട് രണ്ടാഴ്ചത്തേയ്ക്ക് അയാള്‍ ഒന്നും എഴുതിയില്ല.

അവര്‍ കൂടിക്കാഴ്ചകള്‍ ആരംഭിച്ചു. തുടക്കം അത്ര സുഖകരമായിരുന്നില്ല. അവരുടെ സംസാരം കത്തുകളുടെ ഉള്ളടക്കത്തെ ചുറ്റിപ്പറ്റിയായി. എന്നാല്‍ ഭൂതകാലത്തെ പരാമര്‍ശിക്കുന്ന സംസാരം ഫെര്‍മിന ഇഷ്ടപ്പെട്ടില്ല. ഫ്ലോറന്റിനോയുടെ ഉപ്പൂറ്റിയിലെ വേദനയെ തുടര്‍ന്ന് 60 ദിവസം വിശ്രമം വേണ്ടിവന്നപ്പോള്‍ വീണ്ടും കത്തിടപാടുകളിലേക്ക് മടങ്ങി. കത്തുകളില്‍ ഫ്‌ളോറന്റീന ഭൂതകാലക്കുളിരില്‍ ഇടക്കിടെ പതിക്കാറുണ്ടായിരുന്നുവെങ്കിലും ഫെര്‍മിന ചാഞ്ചല്യങ്ങളിലേക്ക് വീണില്ല. പക്ഷെ പതിവായി നടന്നിരുന്ന ചൊവ്വാഴ്ച സമാഗമങ്ങള്‍ ഇല്ലാതെയായപ്പോള്‍ എത്രമാത്രം ശൂന്യമായി തീരുന്നു തന്റെ ദിനങ്ങളെന്ന് ഫെര്‍മിന തിരിച്ചറിഞ്ഞു. ഡോ. ജുവനാല്‍ അര്‍ബിനോയുടെ സ്ത്രീബന്ധങ്ങളും തന്റെ പിതാവിന്റെ ദുഷ്‌ചെയ്തികളും ഇരുവരുടേയും മരണശേഷം വാര്‍ത്തയായത് ഫെര്‍മിനയെ ദു:ഖിപ്പിച്ചു. സുഖം പ്രാപിച്ച ഫ്ലോറന്റീനോ കാണാനെത്തിയപ്പോള്‍ ഫെര്‍മിന ആകെ മാറിയിരുന്നു. പത്രവാര്‍ത്തകള്‍ അത്രമാത്രം അവളെ തകര്‍ത്തിരുന്നു. ഫ്ലോറന്റിനോ വീണ്ടും എത്തിത്തുടങ്ങിയതോടെ ഫെര്‍മിന ഉല്ലാസവതിയാകാന്‍ തുടങ്ങി. എന്നാല്‍ ഫ്ലോറന്റിനോയുമായുള്ള ബന്ധം ഇഷ്ടമല്ലാതിരുന്ന മകള്‍ ഒഫീലിയെ കലഹവുമായെത്തി. അവളെ ഫെര്‍മിന വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

ഇത്തരത്തില്‍ ഖിന്നയായിരുന്ന ഫെര്‍മിന ഫ്ലോറന്റിനോയ്‌ക്കൊപ്പം നദീയാത്രയ്ക്കു തയാറാകുന്നു. ആദ്യദിനത്തില്‍ കപ്പലിന്റെ ഡക്കില്‍ ഇരുവരും തങ്ങളുടെ സ്വകാര്യതയ്ക്കുള്ളില്‍ ഒതുങ്ങി. ഫ്‌ളോറന്റീനോ ഭൂതകാലത്തില്‍ മുങ്ങി. ഫെര്‍മിനയാകട്ടെ ശാന്തയായി, നിശ്ചേതസാ ഇരുപ്പായി. കുറെ നേരം സിഗററ്റ് വലിച്ചു. പിന്നെ കരഞ്ഞു. ഇടയ്‌ക്കെപ്പോഴോ അയാളുടെ കരം ഗ്രഹിച്ചു. അന്നവര്‍ ചുംബിക്കുകയോ ശുഭരാത്രി പറയുകയോ ഉണ്ടായില്ല. പക്ഷെ അടുത്ത പ്രഭാതത്തില്‍ മേശമേല്‍ കിടന്ന അയാളുടെ കത്ത് അവളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ഒരു കൗമാരക്കാരിയുടെ ഹൃദയം പോലെ അത് തുടിച്ചു. ഫ്‌ളോറന്റിനോയെ കപ്പലിന്റെ ഡെക്കില്‍ കണ്ടപ്പോള്‍ അയാള്‍ അപ്പാടെ മാറിയ മനുഷ്യനെപ്പോലെ തോന്നി.

ആ രാത്രിയില്‍ അവര്‍ ചുംബിച്ചു. മെല്ലെ മെല്ലെ അവരുടെ ശരീരം കൂടുതല്‍ അടുത്തു. കടുത്ത ഉഷ്ണകാലത്തിലായിരുന്നു നദീയാത്ര. ഉഷ്ണം പ്രണയത്തെ തപിപ്പിച്ചു. അവര്‍ രതിയുടെ ഉഷ്ണവേഗങ്ങളിലേക്ക് പറന്നു. വാര്‍ധക്യത്തിലെ രതി. ശരീരം വല്ലാതെ കിതച്ചു. അവര്‍ക്ക് ആദ്യ രണ്ടുവട്ടവും അത്ര സുഖരമായ അനുഭവങ്ങളായിരുന്നില്ല അത്. മാര്‍ക്കേസ് അത് പറഞ്ഞുപോകുന്നത് കാണുക: ''But Florentino Ariza's prudence had an unexpected reward: she stretched out her hand in the darkness, caressed his belly, his flanks, his almost hairless pubis. She said: 'You have skin like a baby's.' Then she took the final step: she searched for him where he was not, she searched again without hope, and she found him, unarmed.

'It's dead,' he said.

But he returned the same day, refreshed and renewed, at the unusual hour of eleven o'clock, and he undressed in front of her with a certain ostentation. She was pleased to see him in the light just as she had imagined him in the darkness: an ageless man, with dark skin that was as shiny and tight as an opened umbrella, with no hair except for a few limp strands under his arms and at his groin. His guard was up, and she realized that he did not expose his weapon by accident, but displayed it as if it were a war trophy in order to give himself courage. He did not even give her time to take off the nightgown that she had put on when the dawn breeze began to blow, and his beginner's haste made her shiver with compassion. But that did not disturb her, because in such cases it was not easy to distinguish between compassion and love. When it was over, however, she felt empty.

It was the first time she had made love in over twenty years, and she had been held back by her curiosity concerning how it would feel at her age after so long a respite. But he had not given her time to find out if her body loved him too. It had been hurried and sad, and she thought: Now we've screwed up everything. But she was wrong: despite the disappointment that each of them felt, despite his regret for his clumsiness and her remorse for the madness of the anisette, they were not apart for a moment in the days that followed.''

അത് പക്ഷെ നീണ്ടു നിന്നില്ല. മെല്ലെ മെല്ലെ അവര്‍ വേഗവും താളവും കണ്ടെത്തി. വല്ലാതെ അവരതില്‍ ആസ്വാദ്യത പൂണ്ടു. കപ്പല്‍ 21 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി അവസാനത്തെ തുറമുഖമായ ലാ ദൊറാദയുടെ സമീപത്തേക്ക് എത്തിയപ്പോള്‍ ഫെര്‍മിനയ്ക്ക് വ്യാകുലതകളായി. വിധവയായ താന്‍ ഇത്തരം ഒരു യാത്ര നടത്തുന്നത് ആരെങ്കിലും കണ്ടെങ്കിലോ? അതുകൊണ്ട് പുറത്തിറങ്ങാതെ അതേ കപ്പലില്‍ തന്നെ തിരിച്ചു പോകുന്നതിനുള്ള വഴികള്‍ ആരാഞ്ഞു. ഫ്‌ളോറന്റിനോ കപ്പലിന്റെ ക്യാപ്റ്റനായ ഡീഗോ സമരിറ്റാനോയോട് സംസാരിച്ചു. കോളറയുടെ അടയാളമായ മഞ്ഞ പതാക ഉയര്‍ത്തി മറ്റൊരു സഞ്ചാരിയേയും കയറ്റാതെ മടക്കയാത്ര നടത്താനാകുമെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. സമരിറ്റാനോയ്ക്ക് തന്റെ പ്രണയിനിയേയും കപ്പലില്‍ കയറ്റാമെന്നത് കൂടുതല്‍ പ്രചോദനമായി. മഞ്ഞപ്പതാക കാറ്റിനെ മുറിച്ച് ഉയര്‍ന്നു പാറി. പ്രണയിനികളേയും പേറി ആ യാനം അവസാനിക്കാത്ത മടക്കയാത്ര തുടങ്ങി. വന്ന അതേ വഴിയിലൂടെ, മഞ്ഞപ്പതാക കണ്ട പരിശോധകര്‍ അവരുടെ സ്വാസ്ഥ്യം കെടുത്തി. ക്യാപ്റ്റന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉച്ചത്തില്‍ മറുപടി പറഞ്ഞു.

ഈ കൃതി പരിശോധിക്കുന്ന ഒരു പ്രധാന മോട്ടീഫാണ് സ്വാതന്ത്ര്യം. ഫെര്‍മിനയുടെ ജീവിതം ഭര്‍ത്താവിന്റെ മരണം വരെ തികഞ്ഞ ബന്ധനത്തിലായിരുന്നുവെന്ന് കാണാം. അവളുടെ മുറിയിലേക്ക് കാറ്റും വെളിച്ചവും എത്തിയത് ഡോ. അര്‍ബിനോയുടെ മരണശേഷം മാത്രം. ആ സ്വാതന്ത്ര്യത്തിനു മേലെ മറ്റൊരു നിഴല്‍ പതിക്കുന്നതാവുമോ ഫ്‌ളോറന്റീനയുടെ വരവ് എന്നവള്‍ ആശങ്കപ്പെട്ടിട്ടുണ്ടാകണം. അതുകൊണ്ടാണ് ഫ്‌ളോറന്റീനോ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവള്‍ മറുപടി നല്‍കാതെ ഇരിക്കുന്നത്. നോവല്‍ അവസാനിക്കുമ്പോള്‍ അവര്‍ എങ്ങോട്ടെന്നില്ലാത്ത മടക്കയാത്രയുടെ ഗതിയിലാണ്. രോഗത്തിന്റെ പതാക അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

മഹാവ്യാധികള്‍ നല്‍കുന്നത് അകന്നുപോകാനുള്ള അന്തമില്ലാത്ത സ്വാതന്ത്ര്യമാണ്. അകറ്റിനിര്‍ത്താനുള്ള പരിധികളില്ലാത്ത അധികാരവും ആണ്. പ്രണയത്തിന്റെ ഇച്ഛകളില്‍ പെട്ടവര്‍ക്ക് അത് ക്ലേശപൂര്‍ണമെങ്കിലും സുഗന്ധപൂരിതമാകുന്നു- തണുവേറ്റുനില്‍ക്കാന്‍ തരുക്കള്‍ ഉള്ളിടത്തോളം കാലം. അല്ലെങ്കിലോ? നഗരത്തില്‍ കൂടിക്കിടക്കുന്ന ഊരും പേരും അറിയാത്ത മൃതശരീരങ്ങള്‍ അതല്ലാത്തവരുടെ ലോകമാണ് നമുക്ക് കാണിച്ച് തരുന്നത്. ക്ലേശവും ക്രൗര്യവും മാത്രം നിറഞ്ഞ ലോകം. മരണത്തിനു പോലും സ്വാതന്ത്ര്യം നല്‍കാനാവാത്ത പാരതന്ത്ര്യം ആ മൃതദേഹങ്ങളുടെ മുഖത്തു നിഴലിച്ചിരുന്നു.

ലോകത്തില്‍ നിന്നും അകന്നുനില്‍ക്കലിന്റെ സാന്ദ്രമായ സ്വാതന്ത്ര്യത്തിലേക്കാണ് വാര്‍ദ്ധക്യത്തില്‍ ഫ്‌ളോറന്റിനോയുടേയും ഫെര്‍മിനയുടേയും മടക്കം. അത് ശരീരത്തില്‍ നിന്നും തുടങ്ങുന്നതും ശരീരത്തില്‍ പൂക്കുന്നതും അവസാദങ്ങളില്‍ പുരളുന്നതുമാണെങ്കിലും ശരീരത്തില്‍ അവസാനിക്കാത്തതാവുന്നു. പ്രണയത്തിന്റെ തനുമാനസങ്ങളിലും ആ നദീയാത്ര അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമാകുന്നു. ഒപ്പം പാരതന്ത്ര്യത്തിന്റേയും. കാരണം പ്രണയം സ്വാതന്ത്ര്യം മാത്രമല്ല, പാരതന്ത്ര്യം കൂടിയാകുന്നു. മഹാവ്യാധികള്‍ മനുഷ്യരെ സ്വതന്ത്രരാക്കുന്നത് ഇങ്ങനെയാകുന്നു; അസ്വതന്ത്രരാക്കുന്നതും.

അത്യന്തം ചാരുതയേകുന്നതാണ് നോവലിന്റെ പരിസമാപ്തി. കപ്പലിലെ വസ്തുക്കള്‍ ഒക്കെ തീരുന്നു. എല്ലായിടത്തും കടുത്ത പരിശോധന. എത്രനാള്‍ തീരം കാണാതെ ഈ ക്ലേശപൂര്‍ണമായ യാത്ര? ക്യാപ്റ്റന്‍ ഫ്‌ളോറന്റീനോയോട് ചോദിച്ചു.

''Fermina Daza shuddered because she recognized his former voice, illuminated by the grace of the Holy Spirit, and she looked at the Captain: he was their destiny. But the Captain did not see her because he was stupefied by Florentino Ariza's tremendous powers of inspiration.

'Do you mean what you say?' he asked.

'From the moment I was born,' said Florentino Ariza, 'I have never said anything I did not mean.'

The Captain looked at Fermina Daza and saw on her eyelashes the first glimmer of wintry frost. Then he looked at Florentino Ariza, his invincible power, his intrepid love, and he was overwhelmed by the belated suspicion that it is life, more than death, that has no limits.

'And how long do you think we can keep up this goddamn coming and going?' he asked.

Florentino Ariza had kept his answer ready for fifty-three years, seven months, and eleven days and nights.

'Forever,' he said.''

(തുടരും)

അവലംബം

1. Love in the Time of Cholera, Grabriel García Márquez, Translated by Edith Grossman, Alfred A. Knopf New York, 1988

2. Modernity and Marginality in Love in the Time of Cholera, by Mabel Moraña, Studies in 20th Century Literature , Volume 14, Issue 1


Next Story

Related Stories