TopTop
Begin typing your search above and press return to search.

എക്കാലവും മോഹിതമായ സ്പര്‍ശം ഭയക്കുന്ന ജനത; മനസ്സും ശരീരവും കൊണ്ട് ഫിലിപ്പ് റോത്ത് നടത്തുന്ന സ്വകാര്യ യുദ്ധങ്ങള്‍

എക്കാലവും മോഹിതമായ സ്പര്‍ശം ഭയക്കുന്ന ജനത;   മനസ്സും ശരീരവും കൊണ്ട് ഫിലിപ്പ് റോത്ത് നടത്തുന്ന സ്വകാര്യ യുദ്ധങ്ങള്‍

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍ : ആദ്യഭാഗങ്ങള്‍ ഇവിടെ -(1) ഹോമര്‍, സോഫോക്ലിസ്, ത്യൂസിഡീഡ്‌സ്... കൊറോണ കാലത്ത് മഹാവ്യാധികാല രചനകളിലൂടെ ഒരു സഞ്ചാരം, (2) ) സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക' (3) രതിയും മൃതിയും നന്മതിന്മകളും; പ്ലേഗ് കാലത്ത് ഡെക്കാമറോണ്‍ കഥന ചികിത്സ നടത്തിയ ആശ്ലേഷങ്ങള്‍, (4) മഹാമാരി, സ്വവര്‍ഗ പ്രണയം, തത്വചിന്ത, ബംഗാളില്‍ നിന്നെത്തിയ കോളറ; കൊറോണക്കാലത്ത് 'ഡെത്ത് ഇന്‍ വെനീസ്' ഇങ്ങനെ വായിക്കാം, (5) ആല്‍ബേര്‍ കമ്യുവിന്റെ പ്ലേഗ്: മനുഷ്യര്‍ക്ക് ജ്ഞാനോദയം നല്‍കിയ ഒറാനിലെ എലികള്‍ ഇക്കുറിയെത്തിയത് കൊറോണ വൈറസുകളായാവാം]

ഭാഗം - 6

മഹാവ്യാധികള്‍ വന്നുപെടുമ്പോള്‍ എങ്ങനെ, എന്തുകൊണ്ടെത്തിയെന്ന് മനസ്സിലാക്കുവാന്‍ ആവുകയേയില്ല. അതിന്റെ ആഗമകാലങ്ങളില്‍ വിശേഷിച്ചും. രോഗബാധയെ കുറിച്ച് വലിയ നിഗൂഢതകള്‍ നിറയുന്നുണ്ടാകും. വസ്തുതകളേക്കാള്‍ കല്പനകളാവും പ്രചരിക്കുക. ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതുണ്ടാകും. ഇപ്പോള്‍ കൊറോണയുടെ ചര്‍ച്ചകളിലും നമുക്കിക്കാര്യം കാണാം. ശാസ്ത്രകാരന്മാര്‍ അവര്‍ക്കു മാത്രം സാധ്യമാകുന്ന വഴികളിലൂടെ കാരണം അന്വേഷിക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളെ രൂപപ്പെടുത്തി വെച്ചിരിക്കുന്ന ചിന്തകളിലും ധാരണകളിലും മുന്‍വിധികളിലും രോഗകാരണങ്ങള്‍ വിശദീകരിച്ച് ആനന്ദഭരിതരാകും. ചിലര്‍ അതില്‍ ധര്‍മ്മവ്യസനങ്ങളുടെ നാള്‍വഴികള്‍ നിരത്തും. മറ്റു പലരും പാപങ്ങളെക്കുറിച്ച് പ്രഘോഷണ പ്രഭാഷണങ്ങള്‍ നടത്തും. രോഗാന്വേഷണങ്ങളേക്കാള്‍ തങ്ങളുടെ ധാരണകളുടെ ശരിവപ്പെുകളാവും അവര്‍ക്കു പ്രധാനം. അധികാരികളുടെ ശാഠ്യങ്ങളും അത് തന്നെയാവും. തങ്ങള്‍ ചെയ്തതൊക്കെ ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത. ഇത്തരം അതിസങ്കീര്‍ണ്ണമായ അനുഭവതലങ്ങളിലൂടെ മഹാവ്യാധിക്കാലം മനുഷ്യാവസ്ഥയെ കൊണ്ടുപോകും.

1944-ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സില്‍ പോളിയോ പടര്‍ന്നു പിടിച്ചപ്പോഴും ആളുകള്‍ അന്യോന്യം ചോദിച്ചു. ഇതെന്തു രോഗം? ഈ ചോദ്യത്തിലൂടെ സഞ്ചരിച്ചാണ് ഫിലിപ്പ് റോത്ത് വിഖ്യാതമായ തന്റെ നെമിസിസ് (Nemesis) എന്ന കൃതിയിലേക്ക് എത്തുന്നത്. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ ഇത് ആത്യന്തികമായ ദുരന്തമാണ്. ഉഗ്രരൂപിയായി ജനങ്ങളെ ഭീതിപ്പെടുത്തുന്നു രോഗം. കാരണം, ദൈവേച്ഛയോ വിധിതീര്‍പ്പോ എന്നത് വിശ്വാസിയുടെ പ്രതിസന്ധിയാണ്. മഹാവ്യാധിയെന്ന യാഥാര്‍ത്ഥ്യത്തെ എതിരിടുന്നതിന് വിശ്വാസം കവചമാകുന്നില്ലെന്ന് തോന്നുന്ന ഘട്ടങ്ങളിലൊക്കെ അതിന്മേലെ പ്രഹരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ആരോ ഉയരങ്ങളിലിരുന്ന് നിശ്ചയിച്ചു നടപ്പിലാക്കുന്നതിനു പിന്നിലെ യുക്തിയും നൈതികതയും വിശ്വാസത്താല്‍ തന്നെ ചോദ്യങ്ങളായി തീരുകയും ചെയ്യും.

ജൂത പാരമ്പര്യമുള്ള അമേരിക്കന്‍ എഴുത്തുകാരനായ ഫിലിപ്പ് റോത്ത് 2012ല്‍ എഴുതിയ ഈ കൃതി നൈതികത, ജനങ്ങളില്‍ നുരയുന്ന അന്തമില്ലാത്ത ഭീതി, വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിസന്ധികളിലൊക്കെ വട്ടം ചുറ്റുന്നു. ഭീതി, സംഭ്രമം, ദേഷ്യം, കുറ്റബോധം, ഒറ്റപ്പെടല്‍, കടുത്ത സഹനം, വേദന, ഹിസ്റ്റീരിയ തുടങ്ങിയവയൊക്കെ മഹാമാരി ഒപ്പം കൊണ്ടുവരുന്നുണ്ട്. പോളിയോ സൃഷ്ടിക്കുന്ന ആരോഗ്യശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ ലേബറിന്ത് അതിഭൗതികവും മതാത്മകവും ഒക്കെയായ പ്രതിസന്ധിയായി തീരുന്നു. ആത്മീയമായ പ്രതിസന്ധിയും പ്രണയം തീര്‍ത്തുവെയ്ക്കുന്ന മറ്റൊരു പ്രതിസന്ധിയും കുറ്റബോധം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ അടുത്ത ഘട്ടവും ഫിലിപ്പ് റോത്ത് തുറന്നുവെയ്ക്കുന്നു. ന്യൂജേഴ്‌സിക്കാരനായ ഫിലിപ് റോത്ത് തന്റെ മറ്റു പല കൃതികളിലും എന്നതുപോലെ ചിരപരിചതമായ ഇടങ്ങളിലൂടെയാണ് സംഭവഗതികളെ വികസിപ്പിക്കുന്നത്.

മാനവികത എന്ന ഒരുപാട് തലങ്ങളുള്ള ചെറുവാക്കില്‍ ഈ കൃതിയുടെ താക്കോല്‍ കാണുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മാനവികതയ്ക്കുമേല്‍ മഹാവ്യാധി കൊണ്ടുനിറയ്ക്കുന്ന ധര്‍മ്മവ്യസനങ്ങളുടെ രേഖീയമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനമാണിത്. മഹാമാരിയെ വിതറുന്ന ദൈവത്തെ റോത്തിന്റെ കഥാപാത്രം വല്ലാത്ത ശങ്കയോടെയാണ് നോക്കുന്നത്. നിഷ്‌ക്കളങ്കരായ കുട്ടികളോട് എന്തിന് ഈ കടുത്ത പരീക്ഷണങ്ങളെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അസ്തിത്വപരമായ ക്രുദ്ധത (existential outrage) യോടെ ചോദ്യം ഉയര്‍ത്തപ്പെടുന്നു: 'how could there be forgiveness – let alone hallelujahs – in the face of such lunatic cruelty?' ഭ്രാന്തമായ ക്രൂരത. ഈ ചോദ്യത്തിന്റെ അനുരണനങ്ങള്‍ പുസ്തകത്തില്‍ ഉടനീളം കാണാം.

പോളിയോ ശാരീരികവും വൈകാരികവുമായി തകര്‍ന്ന ജനതയെയാണ് സൃഷ്ടിച്ചത്. പോളിയോയ്ക്ക് വാക്‌സിന്‍ കണ്ടെത്തി അത് വിപണിയില്‍ ലഭ്യമാകുമ്പോള്‍ 1960-കളിലേക്ക് എത്തിയിരുന്നു. അതുവരെ ഒരു ജനതയെ അപ്പാടെ ഭീതിയുടെ മുനയില്‍ ആ മഹാമാരി നിര്‍ത്തി. മാഹാവ്യാധിക്ക് നേരെ സ്വകാര്യമായ ഒരു യുദ്ധം നടത്തുന്ന ചെറുപ്പക്കാരന്റെ കഥയാണ് നോവലിന്റെ പ്രമേയം. ആദര്‍ശവാനായ, ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍ പക്ഷെ 1940-കളുടെ മധ്യാഹ്നത്തില്‍ ഉണ്ടായ പോളിയോ ബാധയിലെ മരണങ്ങള്‍ കണ്ട് തകര്‍ന്നുപോകുന്നു. ഒടുവില്‍ അയാള്‍ പോളിയോയ്ക്ക് ഇരയാകുകയും വൈകല്യം ശരീരത്തില്‍ പേറേണ്ടി വരുകയും ചെയ്യുന്നു. കായികാധ്യാപകനാകന്‍ കൊതിച്ച, ജാവലിനില്‍ ഏറെ ദൂരങ്ങള്‍ കണ്ടെത്തിയ ശാരീകമായ കരുത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തി.

തികഞ്ഞ ഉത്തരവാദിത്തബോധമുള്ളയാളാണ് നോവലിലെ മുഖ്യകഥാപാത്രമായ യൂജീന്‍ ബക്കി കാന്റര്‍. മികച്ച ജാവലിന്‍ ത്രോവറും വെയിറ്റ് ലിഫ്റ്ററും. കാന്റര്‍ പാതി അനാഥനാകുന്നു. അയാളെ പ്രസവിച്ച ഉടനെ അമ്മ മരിച്ചു. പിതാവാകട്ടെ ചൂതാട്ടക്കാരനായിരുന്നു. ഒരിക്കല്‍ ജയിലിലായി. പിന്നെ കണ്ടിട്ടില്ല. മുത്തശ്ശനില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ് ചിട്ടയോടെ ജോലി ചെയ്യുന്ന ശീലം. മഹാവ്യാധിയുടെ കാലത്ത് കാന്റര്‍ സ്വന്തം ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പരാജയങ്ങളുടേയും അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്‌നങ്ങളുടേയും മധ്യേ വികസിക്കുന്ന ഈ കൃതി സുഖകരമല്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ബക്കി കാന്ററുടെ ആദ്യ പ്രതിസന്ധി യുദ്ധത്തില്‍ പങ്കാളിയാകാന്‍ സാധിക്കാതെ പോയതിലുള്ള വേവലാതി സൃഷ്ടിക്കുന്നതാണ്. കാഴ്ചയിലുള്ള തകരാറാണ് സൈന്യത്തില്‍ ചേരുന്നതിലുള്ള കാന്ററുടെ പ്രതിബന്ധം. ചങ്ങാതികളും പരിചയക്കാരുമൊക്കെ ജര്‍മന്‍കാരുമായും ജപ്പാന്‍കാരുമായുമൊക്കെ യുദ്ധം ചെയ്തിരുന്ന വേളയില്‍ കാഴ്ചയെ പഴിച്ച് വീട്ടിലിരിക്കാനായിരുന്നു ഉശിരനായ ഈ ചെറുപ്പക്കാരന്റെ വിധി. അതയാളെ വല്ലാതെ വേവലാതിപ്പെടുത്തുന്നുണ്ട്. വൈകല്യം എന്ന മോട്ടിഫ് ഇത്തരത്തില്‍ കാന്ററുടെ ജീവിതത്തിലേക്ക് ചേര്‍ത്തുകൊണ്ടാണ് പോളിയോ എന്ന രൂപകത്തിലൂടെ കൃതി കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ശരീരത്തിലെ വികലത സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധിയെ നേരിടുന്നതിനുള്ള പല ഉപായങ്ങളിലേക്കും ഇയാളുടെ മനസ്സ് സഞ്ചരിക്കുന്നു. പല തരത്തിലുള്ള ചികിത്സകള്‍ അടക്കം. പല ജീവനകലക്കാരുടേയും ധാര്‍മ്മിക കല്പനകള്‍ വട്ടം ചുറ്റുന്നു. ആദ്യ പ്രതിസന്ധി തീര്‍ക്കുന്ന മാനസികവും ശാരീരികവുമായി ലാബറിന്തുകളില്‍ നിന്നും വിടുതല്‍ തേടിയാണ് അയാള്‍ കളിയിടത്തിന്റെ ചുമതലക്കാരനാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ താന്‍ അപജയങ്ങളെന്നു കരുതുന്ന കാര്യങ്ങളെ ഉദാത്തീകരിച്ച് മറ്റൊന്നായി തീരല്‍. എല്ലാം അയാള്‍ കരുതിയതുപോലെ തന്നെയാണ് നടന്നത്; പോളിയോ എന്ന മഹാമാരി വന്നെത്തുന്നതുവരെ.

2.

അഭിശപ്തമാകുന്ന അനുഗ്രഹങ്ങള്‍, ഭീതികള്‍, വേവലാതികള്‍

1944-ലെ വേനല്‍ക്കാലം. അശനിപാതം പോലെയാണ് പോളിയോ എന്ന മഹാമാരി ന്യുജേഴ്‌സിയിലെ ന്യൂവാര്‍ക്കില്‍ പടര്‍ന്നത്. ന്യൂവാര്‍ക്കിലെ പോക്കോ മലനിരകളിലുള്ള ചാന്‍സിലര്‍ അവന്യു സ്‌കൂളില്‍ പ്രവര്‍ത്തിയ്ക്കുന്ന വേനല്‍ക്കാല ഫിറ്റ്‌നസ് ക്യാമ്പിലെ കളിയിടത്തിന്റെ ഡയറക്ടറാണ് 23-കാരനായ യൂജീന്‍ ബക്കി കാന്റര്‍. ന്യൂവാര്‍ക്ക് ഇറ്റലിക്കാര്‍ അധികമുള്ള ഇടമാണ്. തൊട്ടടുത്തുള്ള അവിടെ വീക്വീക്കാകട്ടെ ജൂതഭൂരിപക്ഷ മേഖലയും. ജൂതര്‍ കൂട്ടമായി താമസിക്കുന്ന മേഖലയിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികളുടെ ശരീരം ഭാഗീകമായി തളരുകയും ചലനങ്ങളില്‍ വൈചിത്ര്യം ബാധിക്കുകയും ജീവതകാലം മുഴുവന്‍ നീളുന്ന തകരാറുകളോ മരണം തന്നെയോ സംഭവിക്കുകയും ചെയ്യുന്ന രോഗം. ജനങ്ങള്‍ കടുത്ത ഭീതിയിലായി.

വീക്വീക്കിലേക്ക് ആ ദിനങ്ങളില്‍ പോളിയോ എത്തിയിട്ടില്ല. പക്ഷെ പടിപ്പുറത്ത് എവിടേയോ അത് നില്‍ക്കുന്നുണ്ട്. എല്ലാവരും ദുരന്തം മണത്തു. മരണം മുന്നില്‍ കണ്ടു. ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗത്തെ ചൊല്ലിയുള്ള അജ്ഞതയും കടുത്ത ഭീതിയും പ്രദേശവാസികളുടെ സ്വസ്ഥത അപഹരിച്ചു. പക്ഷെ ലോകത്തിനു മുഴുവന്‍ പോളിയെ എന്ന രോഗത്തെ കുറിച്ച് അജ്ഞതയായിരുന്നു എന്നതാണ് വാസ്തവം. കളിയിടത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ തികഞ്ഞ സമര്‍പ്പണത്തോടെയായിരുന്നു കാന്റര്‍ ജോലി ചെയ്തു വന്നിരുന്നത്. അതിനിടെയാണ് പോളിയോ നാട്ടില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്.

അധികാരികള്‍ കടുത്ത മുന്നറിയിപ്പുകള്‍ നല്‍കി. സ്പര്‍ശനം വിലക്കി. അടിക്കടി ശുചിയായിരിക്കുക, കൈകള്‍ കഴുകുക, ആവര്‍ത്തിച്ചാവര്‍ത്തിച്ച്. കൊറോണക്കാലത്തെ ലോകവും സമാന മുന്നറിയിപ്പുകളുടെ നടുവിലാണ്. മഹാവ്യാധികള്‍ വരുമ്പോള്‍ ഏവരും ഭയക്കുന്നത് സ്പര്‍ശത്തെയാണ്. ന്യൂജഴ്‌സിക്കാര്‍ ഉമ്മവെയ്ക്കാന്‍, ആലിംഗനം ചെയ്യാന്‍, ഹസ്തദാനം ചെയ്യാന്‍ ഒക്കെ വല്ലാതെ ഭയപ്പെട്ടു. മനുഷ്യാവസ്ഥ എക്കാലവും മോഹിതമാവുന്ന സ്പര്‍ശങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഏവരും ശ്രദ്ധിയ്ക്കുന്നു. ചരിത്രത്തിലെ മറ്റൊരു വിരുദ്ധഹാസ്യം. ഇത്തരം വൈരുദ്ധ്യങ്ങളിലൂടേയും വിപരീതങ്ങളിലൂടേയുമാണ് മനുഷ്യാവസ്ഥ എക്കാലവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

''We were warned not to use public toilets or public drinking fountains or to swig a drink out of someone else's soda-pop bottle or to get a chill or to play with strangers or to borrow books from the public library or to talk on a public pay phone or to buy food from a street vendor or to eat until we had cleaned our hands thoroughly with soap and water...''

പടരുന്ന രോഗബാധ കാന്ററെ തികഞ്ഞ ഉത്തരവാദിത്തബോധമുള്ളവനാക്കി. തനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നല്‍. രോഗം സമൂഹത്തിലുണ്ടാക്കുന്ന വേദനകളില്‍ തികഞ്ഞ ദു:ഖിതനാണെങ്കിലും ജീവിതത്തിന് ലക്ഷ്യബോധം കൈവന്നതുപോലെ അയാള്‍ക്കു തോന്നി. തനിക്ക് എന്തിനോടോ പോരടിക്കാനുണ്ടെന്നത് അയാള്‍ക്കു നല്‍കിയ ആശ്വാസം ചില്ലറയല്ല. തന്റേതായ ഒരു യുദ്ധം. ചങ്ങാതികളും മറ്റും നടത്തുന്നതുപോലെയുള്ള ആയുധം കൊണ്ടുള്ള യുദ്ധമല്ല. സ്വകാര്യയുദ്ധം എന്നു തന്നെ പറയാം. ഈ പുസ്തകം പക്ഷെ കാന്റര്‍ക്ക് അത് രോഗത്തോടു നടത്തുന്ന യുദ്ധം മാത്രമായിരുന്നില്ല, കൂടുതല്‍ ഉള്ളിലേക്കിറങ്ങി അയാള്‍ തന്നോടു തന്നെ ചെയ്യുന്ന യുദ്ധമായി തീരുന്നുണ്ടെന്ന് എഡ്വാഡ് ഡോക്‌സി (Edward Docx)നെ പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. ഈ സ്വകാര്യ യുദ്ധത്തിന്റെ ചാരുതയും അത് തന്നെയാകുന്നു.

ബക്കി കാന്റര്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭീതി ഒഴിവാക്കാനായി സാധ്യമായതൊക്കെ ചെയ്യാന്‍ ശ്രമിച്ചു. കുട്ടികള്‍ പ്രസന്നവാന്മാരായി നടക്കാനും കളികളില്‍ ഏര്‍പ്പെടാനും ആവുന്നതൊക്കെ ചെയ്യാന്‍ അയാള്‍ നിരന്തരം ശ്രമിച്ചു. പോളിയോയുടെ ഇരകളായി തീരുന്നത് കൂടുതലും കുട്ടികളായിരുന്നു. അതുകൊണ്ടു തന്നെ മിത്തിക്കലായ, അയഥാര്‍ത്ഥമായ, അതിഭൗതികമായ ഒട്ടേറെ ആധികള്‍ പോളിയോയ്‌ക്കൊപ്പം ആ സമൂഹത്തില്‍ ഉണ്ടായി. കൊറോണക്കാലത്തെ അതില്‍ നിന്നും തെല്ല് ഭിന്നമാക്കി നിര്‍ത്തുന്നത് സമസ്ത ജനങ്ങളേയും ഒരുപോലെ ബാധിക്കുന്നുവെന്നതാണ്. കുട്ടികളെ ശിക്ഷിക്കുന്ന ദൈവേച്ഛ എന്ന തരത്തിലുള്ള കഥകളിലേക്കും പുരാവൃത്തങ്ങളിലേക്കും ഇക്കാലം കാര്യമായി വീണുപോകാതിരിക്കുന്നത് അതുകൊണ്ടാുകൂടിയാവണം.

പോളിയോ ബാധ കടുത്തതോടെ, ആളുകള്‍ വംശീയമായ മുന്‍വിധികളിലേക്കും വൈരങ്ങളിലേക്കും അകറ്റി നിര്‍ത്തലുകളിലേക്കും കടന്നുപോയിക്കൊണ്ടിരുന്നു. കാന്ററും ഇത്തരം അനുഭവതലങ്ങളിലൂടെ സഞ്ചരിച്ചു. രോഗകാരണങ്ങള്‍ ഒന്നൊന്നായി കണ്ടുപിടിക്കാനായി ആളുകളുടെ ഉദ്യമം. അവര്‍ പലതരത്തിലുള്ള ഊഹാപോഹങ്ങളില്‍ ഏര്‍പ്പെട്ടു. കടുത്ത ചൂട്, ചില പ്രത്യേക തരം പ്രാണികള്‍, മനുഷ്യ സപര്‍ശം ഇത്തരത്തില്‍ രോഗകാരണമാകാന്‍ ഇടയുള്ളവയെ കുറിച്ചൊക്കെ ഓരോ തരത്തിലുള്ള ചിന്തകളിലായി എല്ലാവരും. പുഴുങ്ങിയ മുട്ട കഴിച്ചാല്‍ രോഗം വരുമെന്നൊക്കെ പലരും വിശ്വസിച്ചു. രോഗബാധയുണ്ടായ ഇടങ്ങളില്‍ താമസിച്ചവരുടെ തെറ്റായ ശീലങ്ങളാണ് രോഗപ്പകര്‍ച്ച വര്‍ധിപ്പിക്കുന്നതെന്നു പറഞ്ഞു കടുത്ത ശാപവചനങ്ങള്‍ നടത്തുന്നവരേയും കാണാമായിരുന്നു. "It's the wop bastards that brought it around.''

ഒരു ദിവസം, രോഗബാധയുണ്ടായ ഇറ്റാലിക്കാര്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ആ കളിക്കളത്തില്‍ എത്തുകയും നടവഴികളില്‍ തുപ്പുകയും ചെയ്തത് കാന്ററെ ക്ഷുഭിതനാക്കി. അയാള്‍ അവരെ ഓടിച്ചുകളഞ്ഞു. അമോണിയവും ചൂടുവെള്ളവും ഉപയോഗിച്ച് അയാള്‍ തുപ്പലുകള്‍ വീണിടം ശുചിയാക്കി. എന്നാല്‍ ഇറ്റലിക്കാരായ കുട്ടികള്‍ കളിയിടത്തില്‍ വന്നുമടങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ദിവസത്തില്‍ കളിയിടത്തിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ രോഗബാധിതരായി. കുട്ടികളുടെ തീവ്രമായ വേദനകളും അവരുടെ ദാരുണമായ അന്ത്യവും കാന്ററെ വല്ലാതെ ദുഖത്തിലാഴ്ത്തി. നഗരം നിസ്പന്ദമാകാന്‍ തുടങ്ങി.

'It's in tonight's paper. All the places where children congregate are being shut down. I have the article in front of me. Movie theaters are shutting down for children under sixteen. The city pool is shutting down. The public library with all its branches is shutting down. Pastors are shutting down Sunday schools. It's all in the paper. Schools might not open on schedule if things continue like this. I'll read you the opening line. 'There is a possibility that the public schools...'

ഭീതിയും വേവലാതിയും മാത്രമായി ആളുകളുടെ ഇന്ധനം. തപാലുകള്‍ അടക്കം എല്ലാം നിലച്ചു. യുദ്ധത്തെ കുറിച്ചുള്ള സംസാരങ്ങളൊന്നും കേള്‍ക്കാനില്ലാതെയായി. പോളിയോ ബാധ രാജ്യത്ത് അത്ര അപരിചിതമല്ലാത്തതിനാല്‍ ആരോഗ്യ സംവിധാനം അതിന്റെ ഗതി കണ്ടെത്തിയിരുന്നു. ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ ശബ്ദം കാന്റര്‍ കേട്ടു.

''...could hear a siren in the distance. He heard sirens off and on, day and night now . . . These were the sirens of ambulances going to get polio victims and transport them to the hospital, sirens stridently screaming, "Out of the way—a life is at stake!" Several city hospitals had recently run out of iron lungs, and patients in need of them were being taken to Belleville, Kearny, and Elizabeth until a new shipment of the respirator tanks reached Newark.''

3

ദൈവനീതിക്കു നേരെ ദാക്ഷിണ്യലേശം

ഓരോ ദിവസവും തന്റെ കളിയിടത്തില്‍ വന്നുപോയ്‌ക്കൊണ്ടിരുന്ന കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നത് അയാള്‍ നിസ്സഹായതയോടെ കണ്ടുനിന്നു. 90 കുട്ടികള്‍ ദിവസേന ബേസ്‌ബോള്‍ കളിക്കാനെത്തിയിരുന്നത് കുറഞ്ഞുകുറഞ്ഞു 30-ലേക്ക് എത്തി. അയാള്‍ സ്വന്തം വിശ്വാസങ്ങളെ തന്നെ പഴിക്കാന്‍ തുടങ്ങി. എന്തേ ഈ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ ജീവന്‍ ഇങ്ങനെ അപഹരിക്കുന്നു? ഓരോ കുട്ടിയുടേയും മൃത സംസ്‌കാര ചടങ്ങില്‍ കാന്റര്‍ സംബന്ധിക്കാന്‍ നിഷ്ട കാണിച്ചു. അവരുടെ രക്ഷിതാക്കളെ തന്നാലാവുന്ന തരത്തില്‍ സാന്ത്വനപ്പെടുത്താനും അയാള്‍ ശ്രമിച്ചു. എന്തിനാണ് ഇങ്ങനെയൊരു ദൈവം എന്ന ചിന്ത അദ്ദേഹം സ്വന്തം സത്യവിശ്വാസത്തിനു മേലെ പതിച്ചു. ഇതായിരുന്നു യുദ്ധത്തില്‍ പങ്കെടുക്കാനാകാതെ പോയ പ്രതിസന്ധി കടന്നെത്തിയപ്പോള്‍ എത്തിപ്പെട്ട ഇടം. വിശ്വാസത്തെ ചൊല്ലിയുള്ള പ്രതിസന്ധി. ദൈവേച്ഛയില്‍ അയാള്‍ സന്ദേഹാലുവായി. ദൈവം മരിച്ചുവെന്ന നീഷേയുടെ ബോധ്യം പോലെയല്ലെങ്കിലും കാന്റര്‍ വല്ലാതെ ആശങ്കാകുലനായി.

''Why didn't God answer the prayers of Alan Michael's parents? They must have prayed. Herbie Steinmark's parents must have prayed. They're good people. They're good Jews. Why didn't God intervene for them? Why didn't He save their boys?... I don't know why God created polio in the first place. What was He trying to prove?''

രോഗപ്പകര്‍ച്ച തടയാനായി കളിയിടം അടച്ചിടണമോ അതോ ഒന്നും ബാധിക്കാത്തതുപോലെ കുട്ടികളെ അവിടേക്ക് പോകാനായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കണമോയെന്ന ചിന്ത അദ്ദേഹത്തെ പിന്തുടര്‍ന്നു. കാന്ററിന്റെ പ്രണയിനി മാര്‍സിയ സ്റ്റെയിന്‍ബെര്‍ഗ് പൊകോണോ പര്‍വത നിരകള്‍ക്കു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സമ്മര്‍ക്യാമ്പില്‍ ജോലിചെയ്തുവരികയാണ്. അവളുടെ പതിവ് രാത്രികാല ഫോണ്‍ സംസാരങ്ങള്‍ക്കിടയില്‍ മാര്‍സിയ താന്‍ ജോലി ചെയ്തുവരുന്നിടത്ത് ഒരൊഴിവുണ്ടെന്നും അവിടെ കാന്റര്‍ ചേരണമെന്നും ആവശ്യപ്പെട്ടു. പക്ഷെ കുട്ടികളെ ഇത്തരം ഒരു അവസ്ഥയില്‍ ഉപേക്ഷിച്ചു പോവാന്‍ തനിക്കാവില്ലെന്ന് കാന്റര്‍ അവളെ അറിയിക്കുന്നു. മഹാവ്യാധി ഒരോരുത്തരെയായി പിടികൂടിക്കൊണ്ടിരിക്കെ ഉത്തരവാദിത്തം വലിച്ചെറിഞ്ഞുപോരുന്നത് മന:സാക്ഷിയുള്ളവര്‍ക്കു ചേര്‍ന്ന പണിയല്ലെന്ന് കാന്റര്‍ വിശ്വസിച്ചു. തൊട്ടടുത്ത ദിവസം കാന്റര്‍ മാര്‍സിയയുടെ അച്ഛന്‍ ഡോ. സ്റ്റെയിന്‍ബെര്‍ഗിനെ കണ്ടു. രോഗം സംബന്ധിച്ച കുറെ സംശയങ്ങള്‍ അയാള്‍ക്കു നിവാരണം ചെയ്യാന്‍ ഉണ്ടായിരുന്നു. തന്റെ ഭയങ്ങളും ആശങ്കകളും അയാള്‍ ഡോക്ടറോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ ഭയരഹതരാക്കി ഇരുത്തുക എന്നതാണ് പ്രധാനമെന്ന് ഡോ. സ്റ്റെയിന്‍ബെര്‍ഗ് ഉപദേശിച്ചു. ഇറ്റലിക്കാരാണ് വാക്വാക്കില്‍ പോളിയോ പടര്‍ത്തുന്നതെന്നും കളിയിടം അടച്ചിടുകയല്ലേ നല്ലതെന്നും ഒക്കെ കാന്റര്‍ ചോദിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ മകളെ തനിക്കു വിവാഹം ചെയ്തു തരുമോയെന്ന അഭ്യര്‍ത്ഥനയും കാന്റര്‍ നടത്തി. ഡോ. സ്റ്റെയിന്‍ബെര്‍ഗ് അത് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത ദിവസം കളിയിടത്തില്‍ എത്തിയ കാന്റര്‍ ഒരുപാട് തിരച്ചറിവുകള്‍ക്കു വിധേയനായി. രോഗത്തെ കുറിച്ച് കടുത്ത ഭീതി ആ നാട്ടിലെല്ലായിടത്തും പരന്നുകഴിഞ്ഞുവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. കളിയിടത്തിന്റെ നോട്ടക്കാരനായ കുട്ടിയും മാനസിക വെല്ലുവിളി നേരിടുന്ന പ്രദേശവാസിയും തമ്മിലുള്ള രോഗത്തെ ചൊല്ലിയുള്ള വാക്കേറ്റം കാന്ററിന്റെ കണ്ണുതുറപ്പിച്ചു. എല്ലാവരും കടുത്ത ഭീതിയുടെ ആശ്ലേഷത്തിലാണെന്ന് അയാള്‍ മനസ്സിലാക്കി. അയാളും ഭീതിയുടെ തടവറയിലായി. സര്‍വനാശം എല്ലായിടത്തും ഒളിഞ്ഞിരിക്കുന്നത് കാന്റര്‍ മനസ്സിലാക്കി.

''The neighborhood is doomed. Not a one of the children will survive intact, if they survive at all.''

രോഗഭീതി, അയാള്‍ നേരത്തെ എടുത്ത തീരുമാനങ്ങള്‍ക്കു വിരുദ്ധമായ തരത്തില്‍ പ്രവര്‍ത്തിക്കാനായി കാന്ററെ പ്രേരിപ്പിച്ചു. കളിയിടത്തിലെ ഡയറക്ടറുടെ ജോലി ഉപേക്ഷിക്കാന്‍ അയാള്‍ നിശ്ചയിച്ചു. അന്നു രാത്രി അയാള്‍ മാര്‍സിയയെ ഫോണില്‍ വിളിച്ചു. അവള്‍ മുന്നോട്ടുവെച്ച ജോലി സ്വീകരിക്കാന്‍ തയാറാണെന്ന കാര്യം അറിയിച്ചു. അക്കാര്യം പറയുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത കുറ്റബോധം അനുഭവപ്പെട്ടു. സത്യനിഷ്ഠ, വാക്കും വ്യവസ്ഥയും, ധീരത, ത്യാഗം... ഇത്തരം ഒട്ടേറെ കല്പനകള്‍ കാന്ററെ അലോസരപ്പെടുത്തി. തന്റെ മേലധികാരിയോട് ജോലി വിട്ടു പോകുന്ന കാര്യം പറയുമ്പോള്‍ അത്യതികമായ കുറ്റബോധം അനുഭവിക്കുന്നുണ്ടായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കുശേഷം പ്രേയസിക്കൊപ്പം ചേരുന്നതിനായി അയാള്‍ പെന്‍സില്‍വാനിയയിലേക്ക് പോയി.

അത് കൂടുതല്‍ പരീക്ഷണഘട്ടത്തിലേക്കാണ് അയാളെ കൊണ്ടുചെന്നെത്തിച്ചത്. പൊകോണോ പര്‍വതനിരകളിലുള്ള ക്യാമ്പില്‍ മാര്‍സിയയ്‌ക്കൊപ്പം ചേരുമ്പോഴും കടുത്ത രോഗാവസ്ഥയില്‍ കുട്ടികളെ ഉപേക്ഷിച്ചുപോന്നതിലുള്ള കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടി.പോകപ്പോകെ അതില്ലാതെയായി. ഏകാന്തത ദ്വീപിലേക്ക് ചെറുതോണിയില്‍ മാര്‍സയയ്‌ക്കൊപ്പം യാത്ര ചെയ്ത കാന്റര്‍ പ്രണയതീഷ്ണതകളിലേക്കും രതിയിലേക്കും എത്തിച്ചേര്‍ന്നു. എന്നാല്‍ ദുരന്തങ്ങള്‍ അവിടേക്ക് വളരെ പൊടുന്നനവെ വന്നെത്തി. ക്യാമ്പിലെ അന്തേവാസിയായ 17-കാരന്‍ ഡൊണാള്‍ഡ് കാപ്ലോവിന് പോളിയോ ബാധിച്ചു. കാന്ററെ ഇത് ഭയചകിതനാക്കി. താന്‍ പോകുന്നിടത്തൊക്കെ മഹാമാരി എത്തുന്നതെന്തേ എന്ന ചോദ്യം അയാളുടെ ഉള്ളില്‍ ശക്തമായി ഉയര്‍ന്നു.

രക്ഷാസ്ഥാനം തേടിയുള്ള ഓട്ടത്തിനിടെ താന്‍ തന്നെയാണോ മഹാമാരിയുമായി അവിടെ എത്തിയതെന്ന സന്ദേഹം അയാളെ വല്ലാതെ ഉലച്ചു. കുടുതല്‍ കുട്ടികളിലേക്ക് രോഗം പടര്‍ന്നതോടെ ക്യാമ്പ് അടച്ചുപൂട്ടി. കാന്റര്‍ക്കു പൊറുതിമുട്ടി. താന്‍ തന്നെയാണോ രോഗവാഹകനായതെന്ന ആശങ്കയില്‍ അദ്ദേഹം ഡോക്ടറെ പോയി കണ്ടു. രോഗത്തിന്റെ ഒരു ലക്ഷണവും ഇല്ലാതെ ഒരാഴ്ചയോളം തനിക്ക് നിശബ്ദവാഹകനാകാന്‍ സാധിക്കുമോയെന്നയാള്‍ ചോദിച്ചു. അതിന് സാധ്യത കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞുവെങ്കിലും അയാളെ പോളിയോ പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ അയാള്‍ക്ക് രോഗമുണ്ടെന്ന് തെളിഞ്ഞു.

ഈ ഘട്ടത്തില്‍ മാര്‍സിയയില്‍ നിന്നും അകന്നിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അവള്‍ അടുത്തു വരുന്നത് അവള്‍ക്കും രോഗമുണ്ടാക്കുമെന്ന ഭീതി അയാളില്‍ നിറച്ചു. അവളെ സ്പര്‍ശിക്കാന്‍ അയാള്‍ ഭയന്നു. ഫിലിപ്പ് റോത്ത് തന്റെ ആഖ്യാന കൗശലത്തിന്റെ കരുത്ത് മുഴുവന്‍ പ്രകടമാക്കുന്നുണ്ടിവിടെ:

'When, in his agitation, [Cantor] removed his glasses to rub nervously at his eyes, the birch trees encircling them looked in the moonlight like a myriad of deformed silhouettes – their lovers' island haunted suddenly with the ghost of polio victims.'

എന്നാല്‍ അയാളില്‍ രോഗലക്ഷണങ്ങള്‍ പിന്നേയും 48 മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ പ്രത്യക്ഷപ്പെട്ട് കണ്ടിരുന്നുള്ളൂ. മാസങ്ങളോളം ചികിത്സ തുടര്‍ന്നു. പോളിയോ കാന്ററിന്റെ ജീവന്‍ എടുത്തില്ല. പക്ഷെ, ഒരു കാല് പൂര്‍ണമായും ഒരു കൈയ് ഭാഗികമായും തളര്‍ന്നു. കായികാധ്യാപകനാകണമെന്ന കാന്ററിന്റെ സ്വപ്‌നം അങ്ങനെ ശിഥിലമായി. പ്രാദേശിക പോസ്റ്റാഫീസില്‍ കസേരയില്‍ ഒതുങ്ങിയിരുന്നു ജോലി ചെയ്യേണ്ട അവസ്ഥയിലേക്ക് ആ ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനെത്തി.

1971-ല്‍ കാന്റര്‍ ആര്‍നി മെസ്‌നികോഫ( Arnie Mesnikoff) എന്ന തന്റെ പഴയ വിദ്യാര്‍ത്ഥിനിയെ കണ്ടുമുട്ടി. ആര്‍നിയുടെ ആഖ്യാനമായിട്ടാണ് നോവല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 1944ല്‍ ചാന്‍സിലര്‍ അവന്യു സ്‌കൂളിലെ സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു ആര്‍നി. അവരിരുവരും പതിവായി ഉച്ചഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ തുടങ്ങി. ആര്‍നിയേയും പോളിയോ ബാധിച്ചുവെങ്കിലും ഊന്നുവടികളുടെ സഹാത്തോടെ അയാള്‍ക്കു നടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. സമാഗമങ്ങളിലുടെ ഭൂതകാലം അവര്‍ ഓര്‍ത്തെടുത്തു.

മാര്‍സിയയെ വിവാഹം കഴിക്കാനുള്ള തീരുമാനം പോളിയോ ബാധയെ തുടര്‍ന്ന് കാന്റര്‍ വേണ്ടെന്നു വെച്ചു. അംഗവിഹീനനായ മനുഷ്യനൊപ്പം ജീവിതം കഴിക്കുകയെന്ന വേദനാജനകമായ കാര്യത്തില്‍ നിന്നും താന്‍ അവളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്ന് കാന്റര്‍ പറഞ്ഞു. അവള്‍ അയാളെ എക്കാലവും സ്‌നേഹിക്കുന്നുമുണ്ടായിരുന്നു എന്നാണ് കാന്ററുടെ വിശ്വാസം. തന്റേതാക്കാന്‍ ആഗ്രഹിച്ചതൊക്കെ, തന്റെ കീര്‍ത്തിയുടെ അടയാളമാക്കാന്‍ മനസ്സില്‍ കൊണ്ടുനടന്നതൊക്കെ അയാള്‍ വേണ്ടെന്നു വെയ്ക്കുന്നു. രാജ്യത്തിനു വേണ്ടി നടത്താനാഗ്രഹിച്ച യുദ്ധം, ആരോഗ്യ സമൂഹത്തിനു വേണ്ടി നടത്തിയ യുദ്ധം, ആത്യന്തികമായി അവനവനുമായി നടത്തിക്കൊണ്ടേയിരുന്ന യുദ്ധം... ഇങ്ങനെ വിഘടിച്ചു പോകുന്ന യുദ്ധങ്ങളുടെ മധ്യേ സ്വയം വിഘടിച്ചു നില്‍ക്കുന്ന കാന്ററിന്റെ സ്വത്വമാണ് ഈ നോവലിന്റെ കാതല്‍. രക്ഷതേടി ഓടുന്നവര്‍ എത്തിച്ചേരുന്ന അരക്ഷിതമായ ഇടങ്ങള്‍. ഇത് കാന്ററിന്റെ മാത്രം സ്വത്വമല്ലെന്നതാണ് 'നെമിസിസി'നെ സര്‍വകാലസ്പര്‍ശിയാക്കുന്നതും, കൊറോണക്കാലത്ത് പുനര്‍വായനയ്ക്കു പ്രേരിപ്പിക്കുന്നതും.

(തുടരും)

അവലംബം

1. Nemesis, Philip Roth, Houghton Mifflin Harcourt, Boston, Newyork, 2010

2. Nemesis by Philip Roth, Edward Docx, The Observer, Sun 3 Oct 2010

3. The Eerie Familiarities of 'Nemesis,' Philip Roth's Novel of a Polio Epidemic, The New Yorker, By Richard Brody, April 3, 2020


Next Story

Related Stories