TopTop
Begin typing your search above and press return to search.

'നഷ്ടപ്പെട്ടതെല്ലാം ഒരു ദിവസം വീണ്ടെടുക്കപ്പെടുക തന്നെ ചെയ്യും'; 110 കൊല്ലം മുമ്പ് ജാക്ക് ലണ്ടന്‍ നടത്തിയ പ്രവചനങ്ങള്‍ അഥവാ ദി സ്‌കാര്‍ലെറ്റ് പ്ലേഗ്

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍. ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം]

ഭാഗം 10

[''New York City and Chicago were in chaos... A third of the New York police were dead. Their chief was also dead, likewise the mayor. All law and order had ceased. The bodies were lying in the streets un-buried. All railroads and vessels carrying food and such things into the great city had ceased running, and mobs of the hungry poor were pillaging the stores and warehouses. Murder and robbery and drunkenness were everywhere. Already the people had fled from the city by millions—at first the rich, in their private motor-cars and dirigibles, and then the great mass of the population, on foot, carrying the plague with them, themselves starving and pillaging the farmers and all the towns and villages on the way.'' - The Scarlet Plague]

നിങ്ങള്‍ എന്താക്കി തീര്‍ക്കുന്നുവോ അതാവുന്നു ലോകം. ആയിരത്താണ്ടുകള്‍ കൊണ്ടു രൂപപ്പെട്ട സംസ്‌കാരം ഒരു ഞൊടിയിടയില്‍ തകര്‍ന്നടിയും. എല്ലാം സൃഷ്ടം. അമേരിക്കന്‍ എഴുത്തുകാരനായ ജാക് ലണ്ടന്റെ ശോണമരണം (The Scarlet Plague) എന്ന ഡിസ്റ്റോപ്യന്‍ രചനയുടെ ജാലകങ്ങള്‍ തുറന്നുവെയ്ക്കുന്നത് ഇതിലേക്കാണ്. അവസാനത്തെ ടെലിഗ്രാഫ് ഓപ്പറേറ്ററുടെ ജീവന്‍ മഹാവ്യാധി കവര്‍ന്നെടുക്കുന്നതിനു മുന്‍പ് അയാള്‍ പകര്‍ത്തിവെച്ച അമേരിക്കയുടെ അവസ്ഥയാണ് മുകളില്‍ ഉദ്ധരിച്ചത്; ശോണമരണം എന്ന മഹാവ്യാധിയുടെ തുടക്കനാളുകളിലെ ഒരു സന്ദേശം. വെളുത്ത മനുഷ്യര്‍ ലോകം മുഴുവന്‍ കീഴടക്കി. ഭൂഖണ്ഡങ്ങള്‍ അവന്റെ ഇച്ഛകളാല്‍ നിയന്ത്രിക്കപ്പെട്ടു. പക്ഷെ, കിഴക്കും പടിഞ്ഞാറും ഒരുപോലെ വെളുത്തവന് നഷ്ടമാകുന്നു. മനുഷ്യര്‍ക്ക് നഷ്ടമാകുന്നു. ജാക് ലണ്ടന്റെ രാഷ്ട്രീയവും സാമൂഹ്യദര്‍ശനവും പ്രകടമായി തന്നെ പറഞ്ഞുപോകുന്ന ഈ പുസ്തകം, കൊറോണക്കാലം മഹാവ്യാധിയുടെ മറ്റൊരു അനുഭവപരിസരം നല്‍കുന്ന പശ്ചാത്തലത്തില്‍ സൂക്ഷ്മപാരായണം അര്‍ഹിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച എഴുത്തുകാരനാണ് ജാക് ലണ്ടന്‍ അഥവാ ജോണ്‍ ഗ്രിഫിത്ത് ലണ്ടന്‍. കടുത്ത സോഷ്യലിസ്റ്റ് ചിന്താഗതിക്കാരന്‍. യുദ്ധറിപ്പോര്‍ട്ടറായും ആക്റ്റിവിസ്റ്റായും എഴുത്തുകാരനായും ഒക്കെ തിളങ്ങിയ വ്യക്തിത്വം. സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരില്‍ മുന്നോടിയായി കണക്കാക്കുന്ന ജാക് ലണ്ടന്റെ മഹാദുരന്ത പ്രവചന സ്വഭാവമുള്ള രചനയാണ് ദ സ്‌കാര്‍ലറ്റ് പ്ലേഗ്. 1910-ല്‍ എഴുതിയ ഈ നോവല്‍ ആദ്യം ലണ്ടന്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് 1915ല്‍ പുസ്തക രൂപത്തില്‍ പുറത്തുവരികയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ട് മുന്‍പ്. എഡ്ഗാര്‍ അലന്‍ പോയുടെ 'ചുവന്ന മരണ'ത്തിനു സമാനമാണ് ജാക് ലണ്ടന്‍ പരാമര്‍ശിക്കുന്ന ശോണമരണം എന്ന പ്ലേഗ്. ദുരന്താനുഭവങ്ങളുടെ ഇരുണ്ടനിറം പൂണ്ട ഈ പുസ്തകം അത്യന്തമായ അശുഭ ചിന്തകളാല്‍ സമ്പന്നമാണ്, രാഷ്ട്രീയ വ്യവഹാരങ്ങളാല്‍ ബലം നല്‍കപ്പെട്ടതും.

1900 മുതല്‍ 1904 വരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചീന ടൗണിലടക്കം ദുരന്തം വിതച്ച ബ്യൂബോണിക് പ്ലേഗടക്കമുള്ള മഹാവ്യാധികളെ മനസ്സില്‍ വെച്ചായിരുന്നു രചന. ജാക് ലണ്ടന്റെ നാടായ സാന്‍ഫ്രാന്‍സിസ്‌കോയുടെ ജൈവ സമൃദ്ധികള്‍ എഴുത്തു പരിസരം എന്ന നിലയിലും അല്ലാതെയും പുസ്തകത്തില്‍ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. മഹാദുരന്താഗനമത്തിനുശേഷം എഴുതപ്പെടുന്നതാണ് കൃതി. അമേരിക്കയാണ് പശ്ചാത്തലം. കാലം 2073. 2013-ല്‍ ലോകത്തിലാകമാനം പടരുകയും വമ്പിച്ച മനുഷ്യനാശം സൃഷ്ടിക്കുകയും ചെയ്ത അനിയന്ത്രിതമായ മഹാമാരി - പ്ലേഗ് - സ്‌കാര്‍ലെറ്റ് ഡെത്ത് എന്നാണതിനെ എഴുത്തുകാരന്‍ വിശേഷിപ്പിക്കുന്നത്. മഹാമാരിക്കുശേഷം 60 വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള സംഭവഗതികളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

ജെയിംസ് ഹോവാര്‍ഡ് സ്മിത്ത് എന്ന കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇംഗ്‌ളീഷ് പ്രഫസറുടെ വിചാരധാരകളിലൂടെയാണ് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. ശോണമരണം കൊണ്ടുവന്ന മഹാമാരിയെ അതിജീവിച്ച അത്യപൂര്‍വം ആളുകളില്‍ ഒരാളാണ്, ഗ്രാസ്നര്‍ എന്നു വിളിപ്പേരുള്ള സ്മിത്ത്. മഹാവ്യാധികള്‍ ചരമഗീതം എഴുതിയ നാഗരീകാനന്തര കാലത്ത് തീര്‍ത്തും കാട്ടുമനുഷ്യരെപ്പോലെ ജീവിക്കുന്ന തന്റെ ചെറുമക്കളോട് മഹാമാരി കാലത്തെ കുറിച്ച് അദ്ദേഹം പറയുന്നു. എങ്ങനെയായിരുന്നു മഹാവ്യാധിയുടെ ആഗമം, ആളുകളുടെ അതിനോടുള്ള പ്രതികരണം, അശിനിപാതം പോലെ എത്തിയ അന്തമില്ലാത്ത മരണങ്ങള്‍... അങ്ങനെ വ്യാധികാലത്തിന്റെ സമാനതകളില്ലാത്ത ദുരനുഭവങ്ങള്‍ ഒന്നൊന്നായി അയാള്‍ പറഞ്ഞുകൊടുക്കുന്നു. പകര്‍ച്ച വ്യാധികളോട് കാലങ്ങളായി നിലനിന്നുവരുന്ന ആളുകളുടെ ഭീതിയും അതുണ്ടാക്കുന്ന അയുക്തികാനുഭവങ്ങളും നാഗരീകതയുടെ പ്രതിസന്ധികളും ഒക്കെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ജാക് ലണ്ടന്റെ രാഷ്ട്രീയ വീക്ഷണം അസ്ഥിബലം ഉണ്ടാക്കുന്നതുപോലെ തന്നെ ഈ കൃതിക്കു ദൗര്‍ബല്യങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ശോണമരണം പടര്‍ന്നപ്പോള്‍ ലഭ്യമായ ഒരു മരുന്നിനും പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ദൈവജ്ഞനും അതിന്റെ വഴിതടയാന്‍ ആവുന്നുണ്ടായിരുന്നില്ല. എല്ലാവരും നിസ്സഹായരായിരുന്നു. ആകെ ചെയ്യാന്‍ കഴിയുമായിരുന്നത് രോഗബാധിതരുമായുള്ള ബന്ധം ഒഴിവാക്കുക, രോഗപ്പകര്‍ച്ചയുണ്ടാക്കുന്നവ വസ്തുക്കളെ തിരസ്‌ക്കരിക്കുക. അതാണ് അന്നാട്ടുകാരും ചെയ്തത്. തിരസ്‌ക്കാരവും ഒഴിവാക്കലും ഒഴിഞ്ഞുനില്‍ക്കലും മഹാവ്യാധികളുടെ കാലത്തോളം തന്നെ പഴക്കമുള്ളവയാണ്. ഏതോ അതിഭൗതിക ശക്തികള്‍ കൊണ്ടുവന്നുതരുന്നതാണ് പ്ലേഗ് പോലുള്ള മഹാമാരികള്‍ എന്ന് വിശ്വസിച്ചവര്‍ എക്കാലത്തും ഉണ്ടായിരുന്നു. പാപത്തിന്റെ ശമ്പളമാണിതെന്ന് ദൈവശാസ്ത്ര ചിന്തകളിലേക്ക് ഊളിയിട്ട് പോകുന്നവരും കുറവല്ല. പണ്ടും ഇന്നും. ഇതിന്റെയൊക്കെ പരിസ്ഫുരണങ്ങള്‍ വ്യാധികാല രചനകളിലെല്ലാം പലരൂപങ്ങളില്‍ അങ്കുരിച്ചുനില്‍ക്കുന്നതു കാണാം.

ദ കാള്‍ ഓഫ് ദ വൈല്‍ഡും(The Call of the Wild ) വൈറ്റ് ഫാങ്ങും(White Fang) ഒക്കെ എഴുതിയ ജാക് ലണ്ടന്‍ കടുത്ത അവിശ്വാസിയായിരുന്നു. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍. മുതലാളിത്തത്തിന്റേയും യുദ്ധക്കൊതിയുടേയും ശക്തനായ വിമര്‍ശകന്‍. പകര്‍ച്ച വ്യാധികളും മഹാമാരികളും പ്രമേയമാക്കി അദ്ദേഹം പല രചനകളും നടത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത കടന്നുകയറ്റം( The Unparalleled Invasion) അത്തരത്തിലുള്ള ഒരു രചനയാണ്. ദ സ്‌കാര്‍ലറ്റ് പ്ലേഗ് എഴുതിയ അതേ വര്‍ഷം തന്നെയാണ് ഈ ചെറുകഥയും എഴുതപ്പെട്ടത്. ചൈനയുടെ വളര്‍ച്ചയെ തകര്‍ക്കുന്നതിനും ഏഷ്യയിലെ യൂറോപ്യന്‍ കോളനികളെ സംരക്ഷിക്കുന്നതിനുമായി അമേരിക്ക നടത്തുന്ന ജൈവയുദ്ധങ്ങളാണ് കഥയുടെ പ്രമേയം. കൊറാണയുടെ കാലത്ത് ഇത്തരം പല ആരോപണങ്ങളും ചൈനയും അമേരിക്കയും അന്യോന്യം നടത്തിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു തുടര്‍ച്ചയുടെ സൂചകം കൂടിയാകുന്നു.

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍വര്‍ഷം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ 'ദ സ്‌കാര്‍ലെറ്റ് പ്ലേഗ്' അനിവാര്യമായ മഹായുദ്ധത്തെ കുറിച്ചുള്ള ആശങ്കളും ഈ ലോക ജീവിതത്തിലെ മാത്സര്യങ്ങളും അവയുടെ പേരില്‍ നില്‍കേണ്ടി വരുന്ന വലിയ വിലയും ഒക്കെ പരാമര്‍ശവിധേയമാക്കുന്നു. സ്‌കാര്‍ലറ്റ് പ്ലേഗ് സമാന രചനകളൊക്കെ പരിശോധിക്കുന്നതുപോലെ, പരമ്പരാഗതമായ മാഹാവ്യാധി പ്രക്ഷേപങ്ങളിലൂടെ കടന്നുപോകുകയാണ് ചെയ്യുന്നത്. 1918-ല്‍ ലോകത്തെ വിറപ്പിച്ച സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയെ കുറിച്ച് ജാക് ലണ്ടന്‍ മുന്‍കൂട്ടി കാണുന്നുണ്ടിതില്‍. ലോകത്താകമാനം 20 മില്യണ്‍ ആളുകളാണ് രണ്ടുവര്‍ഷത്തോളം നീണ്ട സ്പാനിഷ് ജ്വരം ബാധിച്ച് മരിച്ചത്. രോഗവും പകര്‍ച്ചയും ശരീരവും പോലെ തന്നെ പ്രധാനമാകുന്നു മഹാവ്യാധികാലത്തെ ധാര്‍മ്മിക പ്രശ്‌നങ്ങളും നീതി ചിന്തകളും ശരീര കാമനകളും എല്ലാം. വ്യാധികാലത്തെ ഭയത്തിന്റെ കടന്നുവരവിനെ, അയുക്തികകളുടെ വിളവെടുപ്പിനെ, സംസ്‌കൃതിയെ പിന്നോട്ടടിക്കുന്ന സ്വാര്‍ത്ഥങ്ങളെ ഒക്കെ അത് പുറത്തേയ്ക്കു കൊണ്ടുവരുന്നു.

'ദ സ്‌കാര്‍ലെറ്റ് പ്ലേഗ്' പക്ഷെ അക്കാലം വരെയുണ്ടായിരുന്ന വ്യാധികാല രചനകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് അത് സമകാലിക ശാസ്ത്ര ചിന്തകള്‍ക്ക് നല്‍കുന്ന ഇടത്തിലൂടെയാണെന്നു പറയാം. രോഗകാരികളായ അണുക്കളെ കുറിച്ചും ശാസ്ത്രലോകം അതിനെ പ്രതിരോധിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഒക്കെ പ്രതിപാദിക്കാന്‍ ജാക് ലണ്ടന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ആളുകളില്‍ ശാസ്ത്രാന്വേഷണങ്ങള്‍ക്കു മധ്യേയും വലിയ തോതില്‍ ഭീതിയും മുന്‍വിധികളും ഒക്കെ നിലനില്‍ക്കുന്നത് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഈതൊരു മഹത്തായ രചനയാണെന്ന് പറയുക വയ്യ. ജാക് ലണ്ടന്റെ തന്നെ ഏറ്റവും മികച്ച രചന പോലുമല്ലിത്. പക്ഷെ, ഇരുണ്ടകാലത്തിന്റെ പശ്ചാത്തല സൃഷ്ടിയിലൂടെ പില്‍ക്കാല സംഭവങ്ങള്‍ സംബന്ധിച്ച വ്യക്തമായ സൂചന നല്‍കാന്‍ കഴിയുന്ന പുസ്തകം എന്ന തരത്തിലും മറ്റൊരു മഹാവ്യാധി പരിസരത്ത് നിന്നും വായിക്കുമ്പോഴും ഇതിന് സവിശേഷമായ മൂല്യം കൈവരുന്നുമുണ്ട്.

2

സംസ്‌കൃതനായ മുത്തശ്ശന്‍, ആദിമനുഷ്യരെപ്പോലെ ചെറുമക്കള്‍

'''2012,' he shrilled, and then fell to cackling grotesquely. 'That was the year Morgan the Fifth was appointed President of the United States by the Board of Magnates. It must have been one of the last coins minted, for the Scarlet Death came in 2013. Lord! Lord!—think of it! Sixty years ago, and I am the only person alive to-day that lived in those times. Where did you find it, Edwin?'The boy, who had been regarding him with the tolerant curiousness one accords to the prattlings of the feeble-minded, answered promptly.''

സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു മഹാവ്യാധിയെ അതിജീവിച്ച ജെയിംസ് സ്മിത്ത് ജീവിച്ചത്. ചെറുമക്കളായ എഡ്വിന്‍, ഹൂഹു, ഹെയര്‍ അപ് എന്നിവരുമായി അദ്ദേഹം അവിടെയൊക്കെ ചുറ്റിത്തിരിയുമായിരുന്നു. രോഗം വന്‍പിച്ച മനുഷ്യനാശം വരുത്തിയ നാട്ടില്‍ ആദിമ വംശജരായ വേട്ടക്കാരെപ്പോലെ ജീവിയ്ക്കുകയായിരുന്നു ചെറുമക്കള്‍. കാര്യമായ ബുദ്ധിശക്തിയില്ല, ഭാഷാപരിജ്ഞാനമില്ല, സംസ്‌കാരമില്ല, അത്തരത്തിലൊന്നുമില്ല. എഡ്വിന്‍, ജെയിംസ് സ്മിത്തിനോട് റെഡ് ഡെത്തിനെക്കുറിച്ച് പറയാനായി ആവശ്യപ്പെടുന്നു. അദ്ദേഹം മഹാവ്യാധീപൂര്‍വ കാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു.

2013-ല്‍ ചുവന്ന മരണം പടരാന്‍ തുടങ്ങുമ്പോള്‍ മോര്‍ഗന്‍ അഞ്ചാമന്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജെയിംസ് സ്മിത്ത് ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനിയുടെ മുഖം വ്യാധിയാല്‍ തുടുക്കുന്നത് അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ ആദ്യ രോഗ ദര്‍ശനം. അവള്‍ പൊടുന്നനെ മരിക്കുന്നു. കാമ്പസില്‍ മുഴുവന്‍ കടുത്ത ഭീതി. വീട്ടിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും തയാറായില്ല. ജെയിംസ് സ്മിത്തിന് അണുബാധ ഏറ്റിരുന്നതായി അവര്‍ ശങ്കിച്ചു. കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ കോളജിലെ സഹപ്രവര്‍ത്തകരെല്ലാം ഒത്തു ചേര്‍ന്നു. ആ മേഖലയിലാകെ മഹാവ്യാധി പടര്‍ന്നു പിടിച്ചിരുന്നത് അവര്‍ മനസ്സിലാക്കി. ആളുകള്‍ തമ്മില്‍ കലഹിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. വടക്കന്‍ മേഖലയിലേക്ക് പോകുന്നതാണ് നല്ലതെന്ന് അവര്‍ തിരിച്ചറിഞ്ഞു.

രോഗപ്പകര്‍ച്ച അതിദ്രുതമായിരുന്നു. രോഗം ബാധിച്ചവര്‍ ശോണവര്‍ണ്ണത്തിലായി. പ്രത്യേകിച്ചും മുഖം. രോഗലക്ഷണം കണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ മരണം എത്തും. ആളുകള്‍ ശാസ്ത്രജ്ഞരേയും ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും വല്ലാതെ വിശ്വസിച്ചു. അവര്‍ മറ്റു പല രോഗങ്ങള്‍ക്കുമെന്നപോലെ ശോണ മരണത്തിനും പരിഹാരം കാണുമെന്നായിരുന്നു ജനങ്ങള്‍ കരുതിയത്. ശാസ്ത്രജ്ഞരും മറ്റും അതിനായി കഴിയുന്നത്ര ശ്രമിക്കുകയും ചെയ്തു. പക്ഷെ കഠിനശ്രമങ്ങള്‍ക്കു മധ്യേ രോഗപ്പകര്‍ച്ച സംഭവിച്ച് മരിച്ചുപോവാനായിരുന്നു അവരില്‍ ഏറെപ്പേര്‍ക്കും വിധി. രോഗത്തിന്റെ നാള്‍വഴികള്‍ കേട്ട ചെറുമകന്‍ എഡ്വിന്റെ സംശയം; കാണാനാകാത്ത അണുക്കള്‍ക്ക് എങ്ങനെയാണ് രോഗം പടര്‍ത്താനാവുക എന്നായിരുന്നു. കാണാനാവാത്തതിനെയൊന്നും വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചെറുമക്കള്‍.

ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് വലിയ വേവലാതിയാണ് പടര്‍ന്നത്. നോക്കിയിരിക്കെയാണ് മനുഷ്യജീവനുകള്‍ നഷ്ടമാകുന്നത്. "the astonishing quickness with which this germ destroyed human beings, and [by] the fact that it inevitably killed any human body it entered... From the moment of the first signs of it, a man would be dead in an hour. Some lasted for several hours. Many died within ten or fifteen minutes of the appearance of the first signs.''

രോഗാവസ്ഥ തികച്ചും വേദനാനിര്‍ഭരമായിരുന്നു. അതിദ്രുതമായിരുന്നു രോഗം കോശങ്ങളെ കീഴ്‌പ്പെടുത്തിയിരുന്നത്. ഹൃദയമിടിപ്പ് അതിവേഗത്തിലാകും. ശരീരതാപനില ഭയപ്പെടുത്തുന്ന തരത്തില്‍ ഉയരും. ദേഹത്തെങ്ങും ശോണവര്‍ണ്ണം പടരും. ഹൃദയതാളം ഏറുന്നതും ചൂട് വര്‍ധിക്കുന്നതും ഒന്നും ആദ്യം ആരും ശ്രദ്ധിക്കാനിടയില്ല. ശരീരത്തില്‍ ചുവപ്പ് പടരുമ്പോഴാകും ആളുകള്‍ വ്യാകുലപ്പെടുക. ശോണവര്‍ണ്ണം പടരുന്നതിനൊപ്പം കോച്ചിപ്പിടുത്തവും ഉണ്ടാകും. പിന്നെ കാലുകളില്‍ നിന്നും മരവിപ്പ് ആരംഭിക്കും. അത് ശരീരം മുഴുവന്‍ വ്യാപിക്കും. വൈകാതെ മരണവും.

''The heart began to beat faster and the heat of the body to increase. Then came the scarlet rash, spreading like wildfire over the face and body. Most persons never noticed the increase in heat and heart-beat, and the first they knew was when the scarlet rash came out. Usually, they had convulsions at the time of the appearance of the rash. But these convulsions did not last long and were not very severe... The heels became numb first, then the legs, and hips, and when the numbness reached as high as his heart he died.''

നാട്ടിലെങ്ങും ശവശരീരങ്ങള്‍ കൂടിക്കിടന്ന് അഴുകി. അനിയന്ത്രിതമായ രോഗപ്പകര്‍ച്ച. രോഗത്തിന്റെ പ്രത്യൗഷധമായ സിറം പിന്നീട് കണ്ടെത്തിയെങ്കിലും അതുപയോഗിച്ച് വ്യാധിപ്പകര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. കാര്യങ്ങള്‍ കൈവിട്ടു. ആരോഗ്യശാസ്ത്രത്തേയും ശാസ്ത്രപുരോഗതിയേയും ഒക്കെ പരാജയപ്പെടുത്തിക്കൊണ്ട് രോഗവ്യാപനം കടുത്തു. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ മരണം ആളുകളുടെ പരിഭ്രാന്തി വര്‍ധിപ്പിച്ചു. അവര്‍ എവിടേയ്‌ക്കൊക്കെയോ ഓടി ഒളിക്കാനായി ശ്രമിച്ചു. ഇത്തരത്തില്‍ ഒളിക്കാന്‍ ശ്രമിച്ചവര്‍ തങ്ങളും രോഗാണുവാഹകരാണെന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല. തലങ്ങും വിലങ്ങും രോഗപ്പകര്‍ച്ച. നാട്ടിലെവിടേയും പ്ലേഗ് ബാധിതര്‍ മാത്രം. രോഗാണുക്കള്‍ മാത്രം. ആര്‍ക്കും അതില്‍ നിന്നും രക്ഷപ്പെടാന്‍ ആവുന്നുണ്ടായിരുന്നില്ല. ലോകം മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത ആരോഗ്യപ്രതിസന്ധിയെ മുഖാമുഖം കണ്ടു.

'Thursday night the panic outrush for the country began. Imagine, my grandsons, people, thicker than the salmon-run you have seen on the Sacramento river, pouring out of the cities by millions, madly over the country, in vain attempt to escape the ubiquitous death. You see, they carried the germs with them. Even the airships of the rich, fleeing for mountain and desert fastnesses, carried the germs.'

ആളുകള്‍ക്ക് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ഒരു കൂട്ടര്‍ എല്ലാവരില്‍ നിന്നും തികച്ചും അകന്ന് രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വിഭാഗം വല്ലാതെ അരാജകത്വത്തിലേക്ക് വീണു, നിരന്തരം അക്രമാസ്‌ക്തരായി. അവര്‍ നേരവും കാലവും നോക്കാതെ കുടിച്ചു, കൂത്താടി, പിടിച്ചുപറിച്ചു, എന്തിന് കൊലപാതകം നടത്താന്‍ പോലും അത്തരക്കാര്‍ മടിച്ചില്ല. എല്ലാ ക്രമങ്ങളും തെറ്റിയ ഒരു ലോകം. ലോകം തലകുത്തനെ നില്‍ക്കുകയാണ് പ്ലേഗിനു ശേഷം. പക്ഷെ പുതിയക്രമം ഉണ്ടാകേണ്ടിവരും, രൂപപ്പെടേണ്ടിയും വരും.

''The human race is doomed to sink back farther and farther into the primitive night ere again it begins its bloody climb upward to civilization.''

സ്മിത്തിനൊപ്പം ഉണ്ടായിരുന്നവരെയെല്ലാം മരണം കൂട്ടിക്കൊണ്ടുപോയി. കൂട്ടായി ഒരു ചെറു കുതിരയും രണ്ടു നായ്ക്കളും മാത്രം. മൂന്നൂ വര്‍ഷക്കാലം തികഞ്ഞ ഏകാന്തവാസത്തിലായി. ഒടുവില്‍ അയാള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മടങ്ങി. തികച്ചും സ്തബ്ധനാക്കുന്ന കാഴ്ചകളായിരുന്നു അവിടെ അയാള്‍ക്കായി ശേഷിച്ചിരുന്നത്. പുതിയൊരു സമൂഹം അവിടെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് മഹാവ്യാധിയെ അതിജീവിച്ച് അവിടെയുണ്ടായിരുന്നത്. അവരാകട്ടെ ആദിമവാസികളെ പോലെ പരിഷ്‌ക്കാരങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരും ആയിരുന്നു. തനിക്കു മാത്രമാണ് മഹാവ്യാധി പൂര്‍വകാല സ്മരണകള്‍ ഉള്ളതെന്നയാള്‍ തിരിച്ചറിഞ്ഞു.

3

ഒടുവില്‍ ശേഷിച്ചത്

മഹാവ്യാധി ശമിച്ചപ്പോള്‍ ശേഷിച്ചത് ചെറുന്യൂനപക്ഷം അവിടവിടെയായി ചിന്നിച്ചിതറി. പ്രാക്തനസമൂഹത്തില്‍ എന്നതുപോലെ നിലനില്‍പ്പിനായി തമ്മില്‍ പോരാടിച്ചു. കരുത്തുള്ളവര്‍ മാത്രം അതിജീവിച്ചു. വ്യാധി‌ക്കൊപ്പം മനുഷ്യകുലം ഇതുവരെ കെട്ടിപ്പൊക്കിയ നാഗരികതയും ഇല്ലാതെയായി. സ്മിത്ത് മാഹാവ്യാധി പൂര്‍വകാലത്തെ തന്റെ ഓര്‍മ്മകളെ എല്ലാം അടുക്കിപ്പെറുക്കി. ഭക്ഷണത്തിന്റെ വൈവിധ്യം, അറിവിന്റെ മേളനം, സാങ്കേതിക വിദ്യ... അങ്ങനെ പലതും. എല്ലാകാര്യങ്ങളും അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. തന്റെ മുന്നില്‍ ഇനി അധികകാലം ശേഷിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സ്മിത്ത് അനുഭവങ്ങളും വിജ്ഞാനവും ഒക്കെ ചെറുമക്കള്‍ക്ക് പകരാന്‍ ശ്രമിക്കുന്നു. കുട്ടികള്‍ മുത്തശ്ശനെ കളിയാക്കുകയാണ്, അദ്ദേഹം ഓര്‍ത്തെടുക്കുന്ന ഓരോന്നിന്റേയും പേരില്‍. സ്മിത്ത് പറയുന്നതൊന്നും അവര്‍ക്ക് വിശ്വസനീയമായി തോന്നിയതേ ഇല്ല.

സമൂഹം തന്നെയാണ് നാശത്തിന്റെ വിത്തുകള്‍ പാകിയത്. വിശേഷിച്ചും മുതലാളിത്ത സമ്പദ് വ്യവസ്ഥ. മുതലാളിത്തം അതിന്റെ നാശത്തിന്റെ വിത്തുകള്‍ അതുതന്നെ പാകുന്നുവെന്നതായിരുന്നു ജാക് ലണ്ടന്റെ കാലത്തെ സോഷ്യലിസ്റ്റ് മന്ത്രം. മുതലാളിത്തം ജനപ്പെരുപ്പത്തിന് വഴിവെച്ചു. അനിയന്ത്രിതമായ ജനപ്പെരുപ്പം പ്ലേഗ് പോലുള്ള മഹാവ്യാധികളേയും കൊണ്ടുവരുന്നു. ഇതാണ് ജാക് ലണ്ടന്‍ പങ്കുവെയ്ക്കാന്‍ ശ്രമിച്ച സാമൂഹിക വീക്ഷണത്തിന്റെ കാതല്‍.

''Long and long and long ago, when there were only a few men in the world, there were few diseases,....But as men increased and lived closely together in great cities and civilizations, new diseases arose, new kinds of germs entered their bodies. Thus were countless millions and billions of human beings killed. And the more thickly men packed together, the more terrible were the new diseases that came to be.''

മനുഷ്യകുലത്തെ ആകെ മഹാവ്യാധി വിഴുങ്ങിക്കൊണ്ടിരിക്കെ ലോകം തന്നെ അത്യന്തം വിനാശകരായ അഗ്നിബാധകളിലേക്കും ദുരന്തങ്ങളിലേക്കും പതിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ അവസാനം പോലെ അത് തോന്നിപ്പിച്ചു. പ്രകൃതി ആകെ തന്നെ കലുഷമായി. മധ്യാഹ്നങ്ങളില്‍ പോലും സൂര്യന്‍ തീഗോളം പോലെ തോന്നിപ്പിച്ചു.

'The smoke of the burning filled the heavens, so that the midday was as a gloomy twilight, and, in the shifts of wind, sometimes the sun shone through dimly, a dull red orb. Truly, my grandsons, it was like the last days of the end of the world'

തങ്ങളുടെ മരണം മാത്രമല്ല ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞു. നഗരങ്ങള്‍ കത്തി ചാമ്പലായി തീരുന്നുണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പം ലോകം ആകെത്തന്നെ ഇല്ലാതെയാകുന്നത് ആളുകള്‍ നിസ്സഹായതയോടെ നോക്കിനിന്നു. വിഭ്രമങ്ങളിലേക്കും ഉന്മാദങ്ങളിലേക്കും കൂപ്പുകുത്തിയ അവര്‍ ഭ്രാന്തന്മാരെ പോലെ അലഞ്ഞു; ഹിസ്റ്റീരിയ ബാധിതരെപ്പോലെയായി. ലോകവുമായുള്ള, സഹജാതരുമായുള്ള എല്ലാ വിനിമയങ്ങളും അസാധ്യം. എല്ലായിടത്തും മരണത്തിന്റെ ഗന്ധം മാത്രം. മരിച്ച് മരവിച്ച മനുഷ്യരുടെ ഗന്ധം. നിസ്സഹായതയുടെ അപരാതയില്‍ മനുഷ്യാവസ്ഥയ്ക്ക് ഗതി നഷ്ടമായി. ഘടികാരങ്ങളൊക്കെ ചലനരഹിതമായി. ലോകം തന്നെ പൊടുന്നനവെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞു.

'It was amazing, astounding, this loss of communication with the world. It was exactly as if the world had ceased, been blotted out'

മനുഷ്യരുടെ ചിന്തകളേയും അവരുടെ സ്വഭാവ സവിശേഷതകളേയും, എന്തിന് അവര്‍ ആയിരത്താണ്ടുകള്‍ കൊണ്ടു നേടിയെടുത്ത സംസ്‌കൃതിയെ തന്നെ മഹാവ്യാധി പൊടിച്ചുകൂട്ടി. നാഗരികതയെ അപ്പാടെ മുറിവേല്‍പ്പിച്ചു. വ്യാധികാലങ്ങളില്‍ അനഭിമതമായ ശീലങ്ങളാണ് കൂടുതലും രൂപപ്പെടുകയെങ്കിലും ചില അഭിമതങ്ങളും അക്കാലത്തുണ്ടാകുന്നതായി ജാക് ലണ്ടന്‍ പറഞ്ഞുപോകുന്നുണ്ട്. സമൂഹത്തിലെ വര്‍ഗ സ്വഭാവത്തില്‍ വ്യാധികാലങ്ങള്‍ നടത്തുന്ന ഇടപെടലുകളെയാണ് അദ്ദേഹം എടുത്ത് കാണിക്കുന്നത്. പോരടിക്കുന്ന വര്‍ഗങ്ങളായി തിരിഞ്ഞു നില്‍ക്കുന്ന മുതലാളിത്ത സമൂഹം അതിന്റെ വര്‍ഗസ്വഭാവത്തെ കുടഞ്ഞെറിഞ്ഞു കളയാന്‍ മഹാവ്യാധികാലത്ത് ശ്രമിക്കുന്നുവെന്ന നിരീക്ഷണം പക്ഷെ എത്ര ആഴത്തില്‍ വേരോടിയതാണെന്ന് പറയാന്‍ പ്രയാസമാകുന്നു. അതിലേറെ, വര്‍ഗ കവചങ്ങളിലേക്ക് കൂടുതല്‍ ചുരുണ്ടുപോകുന്നതിനുള്ള അവസരമായിട്ടുതന്നെയാണ് വ്യാധികാലങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതെന്ന് തോന്നുന്നു. തികഞ്ഞ സോഷ്യലിസ്റ്റായ ജാക് ലണ്ടന്‍ സമൂഹത്തിന്റെ അതിജീവനത്തിന് സമത്വാദര്‍ശങ്ങള്‍ അനിവാര്യമാണെന്ന് കരുതുന്നു.

അമേരിക്കന്‍ സമൂഹത്തിലും ലോകക്രമത്തിലും ആഴത്തില്‍ വേരൂന്നികിടക്കുന്ന വര്‍ണ്ണ രാഷ്ട്രീയത്തിലേക്കും ജാക് ലണ്ടന്റെ കണ്ണുകള്‍ എത്തുന്നുണ്ട്. സമ്പത്തു മുഴുവന്‍ കുന്നുകൂട്ടിവെയ്ക്കുന്ന വെളുത്തമനുഷ്യര്‍. മുതലാളിത്തത്തിന്റെ വഴിത്താരകള്‍. അത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍. ഒടുവില്‍ മഹാവ്യാധിക്കുശേഷം നാം കാണുന്നതാവട്ടെ ഇരുണ്ട മനുഷ്യരെ - പണമെന്തെന്നോ, വിദ്യ എന്തെന്നോ അറിയാത്തവര്‍, ഒന്നോ രണ്ടോ അക്ഷരങ്ങള്‍ക്കപ്പുറമുള്ള വാക്കുകള്‍ ഉച്ചരിക്കാന്‍ പോലും കഴിയാത്തവര്‍, ഭാഷ കൈമോശം വന്നുപോയവര്‍, സംസ്‌കാരം കൈമോശം വന്നവര്‍. എല്ലാം വീണ്ടെടുക്കാന്‍ വിധിക്കപ്പെട്ടവര്‍. വല്ലാത്ത ഒരു ഇരുണ്ട ലോകമാണത്. പക്ഷെ സ്മിത്ത് തന്റെ കയ്യില്‍ ശേഷിച്ചിട്ടുള്ള പുസ്തകങ്ങള്‍ അവിടെ ഒരു ഗുഹയില്‍ കരുതിവെയ്ക്കുന്നുണ്ട്. ഭാഷ ഉപയോഗിക്കാന്‍ അറിയുന്നവര്‍ വരാനിരിക്കുന്നുവെന്ന പ്രത്യാശയില്‍. അവര്‍ അത് വായിക്കുക തന്നെ ചെയ്യും.

''In that dry cave on Telegraph Hill, where you see me often go when the tribe is down by the sea, I have stored many books. In them is great wisdom. Also, with them, I have placed a key to the alphabet, so that one who knows picture-writing may also know print. Some day men will read again; and then, if no accident has befallen my cave, they will know that Professor James Howard Smith once lived and saved for them the knowledge of the ancients.''

നഷ്ടപ്പെട്ടതെല്ലാം ഒരു ദിവസം വീണ്ടെടുക്കപ്പെടുക തന്നെ ചെയ്യും. അത് നിങ്ങള്‍ മക്കളോട് പറയണം; ജെയിംസ് ഹോവേഡ് സ്മിത്ത് ചെറുമക്കളെ ഓര്‍മ്മപ്പെടുത്തി.

'The doctors must be destroyed, and all that was lost must be discovered over again. Wherefore, earnestly, I repeat unto you certain things which you must remember and tell to your children after you. You must tell them that when water is made hot by fire, there resides in it a wonderful thing called steam, which is stronger than ten thousand men and which can do all man's work for him. There are other very useful things. In the lightning flash resides a similarly strong servant of man, which was of old his slave and which some day will be his slave again.

പുസ്തകം പോലെ, അറിവുപോലെ, ആവി പോലെ മറ്റു പലതും ഉണ്ട്. ആ മുത്തശ്ശന്‍ ചെറുമക്കളോട് പറഞ്ഞുകൊടുത്തു. അതിലൊന്നാണ് വെടിമരുന്ന്. കൊലയ്ക്കുള്ളതാണ്, വിനാശത്തിനുള്ളതാണ് എങ്കില്‍ പോലും അത് അനിവാര്യമാകുന്നു. വെടിമരുന്നിന്റെ കൂട്ടുകള്‍ ആ കിഴവന്‍ മറന്നുപോയിരിക്കുന്നു.

'There is another little device that men inevitably will rediscover. It is called gunpowder. It was what enabled us to kill surely and at long distances. Certain things which are found in the ground, when combined in the right proportions, will make this gunpowder. What these things are, I have forgotten, or else I never knew. But I wish I did know. Then would I make powder, and then would I certainly kill Cross-Eyes and rid the land of superstition--'

ഓര്‍മ്മയില്‍ വന്നതൊക്കെ, പറഞ്ഞൊതുക്കി, ആ കിഴവനും ചെറുമകനും കൂടി സ്വച്ഛം, കാട്ടിലേക്ക് നടന്നു മറയുന്ന ചിത്രത്തോടെ നോവല്‍ അവസാനിക്കുകയാണ്.

'''What is it?' Granser queried.

'Horses,' was the answer. 'First time I ever seen 'em on the beach. It's the mountain lions getting thicker and thicker and driving 'em down.'

The low sun shot red shafts of light, fan-shaped, up from a cloud-tumbled horizon. And close at hand, in the white waste of shore-lashed waters, the sea-lions, bellowing their old primeval chant, hauled up out of the sea on the black rocks and fought and loved.

'Come on, Granser,' Edwin prompted. And old man and boy, skin-clad and barbaric, turned and went along the right of way into the forest in the wake of the goats.''

മഹാവ്യാധി അന്തമില്ലാതെ മരണം വിതയ്ക്കും, സാമൂഹിക ഘടനയെ അപ്പാടെ ശിഥിലമാക്കും, അയുക്തികമായ ഭയങ്ങളെ സമ്മാനിക്കും, അറിയാത്ത ശീലങ്ങളെ ഉണ്ടാക്കിത്തരും, അറിവിനെ കവര്‍ന്ന അജ്ഞതയേകും, മാനവും ജ്ഞാനവും കവരും, നഗരചത്വരങ്ങള്‍ക്ക് തീപ്പിടിപ്പിക്കും, ശവങ്ങളെ തെരുവില്‍ ഉപേക്ഷിക്കും, നാഗരികതയെ മുറിവേല്‍പ്പിക്കും... ഇത്തരം കാഴ്ചകള്‍ നിറഞ്ഞ ഈ പുസ്തകം നമ്മെ ചുറ്റിനില്‍ക്കുന്ന കാലത്തിലേക്ക് നോക്കാന്‍ പുതിയ കണ്ണടയേകുന്നുണ്ട് - കൊറോണയുടെ ഇക്കാലം അത്രമേല്‍ തീഷ്ണാനുഭവത്തിലേക്ക് ലോകത്തെ കൊണ്ടുപോയിട്ടില്ലെങ്കില്‍ പോലും.

എന്നിരുന്നാലും, അശുഭവര്‍ത്തമാനങ്ങളുടെ നടുവിലാണ് നമ്മുടെ ദിനങ്ങള്‍. ശാസ്ത്രവും അനുഭവവും തികഞ്ഞ പ്രത്യാശയുള്ളവരാക്കി നിര്‍ത്തുമ്പോള്‍ തന്നെ ഒട്ടേറെ സന്ദിഗ്ദ്ധതകള്‍, സങ്കീര്‍ണ്ണതകള്‍ വട്ടം ചുറ്റുന്നു. ആശങ്കകളുടെ ആകാശത്ത് വരാനിരിക്കുന്നത് എന്തൊക്കെയെന്ന ഭീതി ദിനം തോറും ശക്തമാകുന്നുണ്ട്. അവയ്ക്കു മധ്യേ, മഹാവ്യാധിയുടെ ഗന്ധം നിറയുന്ന ഈ പുസ്തകത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മരണം നമ്മളറിയുന്നു. അത്യന്തം ഭീകരമായ മരണം. അത് മനുഷ്യരുടെ മാത്രം മരണമല്ല, സംസ്‌കൃതിയുടെ ആകെത്തന്നെയുള്ള അന്ത്യമാകുന്നു. നമ്മളെ അത് ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

(തുടരും)

അവലംബം

1. The Scarlet Plague, by Jack London, The Macmillian Company, New York

2. Pandemic Fear and Literature: Observations from Jack London's The Scarlet Plague, by Michele Augusto Riva, Marta Benedetti, and Giancarlo Cesana, EID Journal Volume 20, Number 10—October, 2014

3. Contagion Fables Are Really About, by Jill Lepore, The Newyorker, March 23, 2020


Next Story

Related Stories