TopTop
Begin typing your search above and press return to search.

അധികാരത്തിന്റെ എല്ലാ കെട്ടുപാടുകളെയും ഉലച്ചുകളയുന്ന മഹാവ്യാധികളുടെ കാലത്ത് എഡ്ഗാര്‍ അലന്‍ പോ അണിയിച്ച ചുവന്ന മരണത്തിന്റെ മുഖാവരണം

അധികാരത്തിന്റെ എല്ലാ കെട്ടുപാടുകളെയും ഉലച്ചുകളയുന്ന മഹാവ്യാധികളുടെ കാലത്ത് എഡ്ഗാര്‍ അലന്‍ പോ അണിയിച്ച ചുവന്ന മരണത്തിന്റെ മുഖാവരണം

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍. ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം]

ഭാഗം 8

'THE 'RED DEATH' had long devastated the country. No pestilence had ever been so fatal, or so hideous. Blood was its Avatar and its seal — the redness and the horror of blood. There were sharp pains, and sudden dizziness, and then profuse bleeding at the pores, with dissolution. The scarlet stains upon the body and especially upon the face of the victim, were the pest ban which shut him out from the aid and from the sympathy of his fellow-men. And the whole seizure, progress and termination of the disease, were the incidents of half an hour- The Masque of the Red Death.

മനുഷ്യവംശത്തിന്റെ ക്ഷയവും പതനവും ചെറുത്തുനില്‍പ്പുകളും; മഹാവ്യാധിക്കാലങ്ങള്‍ ഒന്നൊഴിയാതെ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്. എഴുത്തുകാര്‍ അക്കാര്യം ഓര്‍മ്മിപ്പിക്കാനായി പല തരത്തിലുള്ള രൂപകങ്ങളെ ആശ്രയിക്കാറുണ്ട്. എഡ്ഗാര്‍ അലന്‍ പോ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ മുഖാവരണ കേളികളിലൂടെ അടക്കം ദൃശ്യത വരുത്തിക്കൊണ്ടാണ് വ്യാധീകാലത്തിന്റെ നരകീയതയും മനുഷ്യാവസ്ഥയുടെ അത്യന്തം ഭീഷണമായ തലങ്ങളും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. നാം ഇതുവരെ പരിശോധിച്ച കൃതികളില്‍ വെച്ചു നോക്കിയാല്‍ താരതമ്യേന ചെറുതും ചെറുകഥയുടെ ദൈര്‍ഘ്യം മാത്രവുമുള്ള രചനയാണ് ചുവന്ന മരണത്തിന്റെ മുഖാവരണം (The Masque of the Red Death). കഷ്ടി അഞ്ചു പുറങ്ങള്‍ മാത്രമാണ് ഇതിന്റെ നീളം.

ലോകത്തെ പലകാലങ്ങളില്‍ വിറപ്പിച്ച പ്ലേഗ് തന്നെയാണ് 1842ല്‍ രചിച്ച ഈ കൃതിയില്‍ ചുവന്ന മരണം കൊണ്ടുവരുന്ന മഹാമാരിയെന്നാണ് പൊതുവില്‍ പരിഗണിച്ച് വരുന്നത്. അത്യന്തം വേദനാനിര്‍ഭരവും പൊടുന്നവെ മരണത്തില്‍ കൊണ്ടെത്തിക്കുന്നതുമാണ് ചുവന്ന മരണം. കടുത്ത വേദന, പൊടുന്നവെയുള്ള തലചുറ്റല്‍, രോമകൂപങ്ങളിലൂടെയുള്ള നിലയ്ക്കാത്ത രക്തപ്രവാഹം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അരമണിക്കൂര്‍ കൊണ്ടു മരണം ഉറപ്പ്. ബ്യൂബോണിക് പ്ലേഗാണ് ഈ രോഗം എന്നാണ് ഏറെപ്പേരുടേയും നിഗമനം എങ്കിലും അരമണിക്കൂറിനകം മരണം എന്നതൊക്കെ അതുമായി ഒത്തുപോകുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ കഥയിലെ മഹാവ്യാധിയെ കുറിച്ച് പലതരത്തിലുള്ള നിഗമനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അക്കാലത്ത് വ്യാപകമായി മരണം കൊണ്ടുവന്ന ക്ഷയമാണ് ചുവന്ന മരണം കൊണ്ടുവരുന്ന വ്യാധിയെന്ന് കരുതുന്നവരും കുറവല്ല. എഡ്ഗാര്‍ അലന്‍ പോ ഈ കഥ എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ വെര്‍ജീനീയ കടുത്ത ക്ഷയരോഗ ബാധയുടെ കെടുതികളിലൂടെ കടന്നുപോകുകയായിരുന്നു. ഭാര്യയെപ്പോലെ തന്നെ പോയുടെ മാതാവ് എല്‍സ, വളര്‍ത്തമ്മ ഫ്രാന്‍സെസ്, സഹോദരന്‍ വില്യം എന്നിവര്‍ക്കും ക്ഷയരോഗമാണ് മരണകാരണമായത്. രക്തം തുപ്പുന്ന രോഗം എന്ന നിലയിലും ക്ഷയം ചുവന്ന മരണത്തിന്റെ സൂചകമായി തീരുന്നുണ്ട്. 1831ല്‍ ബാള്‍ട്ടിമോറില്‍ എഡ്ഗാര്‍ അലന്‍ പോ തന്നെ സാക്ഷിയായ കോളറയുടെ കെടുതികളാണ് ചുവന്ന മരണത്തിലൂടെ സൂചിപ്പിക്കുന്നതെന്ന തരത്തിലും പലരും എഴുതിയിട്ടുണ്ട്. അതല്ല മനുഷ്യാവസ്ഥയെ എക്കാലവും പിന്തുടരുന്ന മഹാവ്യാധികളുടെ ആകെ സംഘാതമായി, കല്‍പ്പനാപരമായ രോഗാവസ്ഥയായി ഇതിനെ പരിഗണിക്കുന്നവരും ഇല്ലാതില്ല.

ധാര്‍മികച്യുതി സംഭവിച്ച രാജാവിന്റെ പതനകഥയാണിതെന്ന് ഒറ്റവാക്കില്‍ പറയാം. അതിപ്രതാപവാനായ, വിഖ്യാതവംശജനായ ഒരു ധരാപാലന്റെ പതനം. ജീവിതത്തിന്റെ നശ്വരതയെന്ന പാഠം. വിവേകം നഷ്ടമായ ധരാപാലനെ ശിക്ഷിക്കുന്ന ദൈവനീതി. ക്രമത്തിനു വേണ്ടിയുള്ള അത്യധികമായ രാഗം രൂപപ്പെടുത്തുന്ന ക്രമരാഹിത്യങ്ങള്‍. ഊര്‍ജ്ജ പ്രസരണത്തിന്റെ/ കര്‍മ്മ ഗതികളുടെ അസന്തുലിതങ്ങള്‍. പരമ്പരാഗതമായ ചേരുവകള്‍ എല്ലാം നമുക്കിതില്‍ കാണാം. ലോകത്തിന്റെ എഴുത്തുവഴികളില്‍ അത്രയൊന്നും അസാധാരണല്ലാത്ത മോട്ടീഫുകളാണ് ഇതിലുള്ളത്.

ഗോഥിക് ഫിക്ഷന്റെ പല മാനങ്ങള്‍ പേറുന്ന രചനയാണ് പോയുടേത്. മനുഷ്യന്റെ നശ്വരതതയെ വെളിപ്പെടുത്തുന്ന ഒരു അന്യോപദേശ രചനയായിട്ടാണ് ഈ കഥ വിലയിരുത്തപ്പെട്ടിരിക്കുന്നത്. മരണത്തെ ചെറുത്ത് നില്‍ക്കാനാവുക എന്നത് മൗഢ്യം നിറഞ്ഞ വിചാരമാണെന്ന്, ഗോഥിക് രചനാ സമ്പ്രദായങ്ങളെ പിന്‍പറ്റിക്കൊണ്ടു പറഞ്ഞുവെയ്ക്കുകയാണ് പോ. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ കഥ നമ്മെ അതിനപ്പുറം നയിക്കുന്നുണ്ടെന്നതാണ് വാസ്തവം.

2

ചുവന്നെത്തുന്ന മരണം

പ്രോസിപ്പിറോ രാജകുമാരന്‍, ചുവന്ന മരണം എന്നു വിശേഷിപ്പിക്കപ്പെട്ട മഹവ്യാധിയുടെ കാലത്ത് നടത്തുന്ന പ്രവൃത്തികളാണ്, ഈ കൃതിയുടെ പ്രമേയം. രാജ്യത്തെ പാതിയോളം ജനങ്ങള്‍ രോഗത്തിന് ഇരയായി ലോകം വെടിഞ്ഞുകഴിഞ്ഞു. ഈ കെടുതികളൊന്നും തന്നെ പ്രോസ്പിറോയെ കുലുക്കിയില്ല. അദ്ദേഹം സന്തുഷ്ടി വെടിയാതെ തികഞ്ഞ ആര്‍ജ്ജവത്തോടെയാണ് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ഘട്ടത്തില്‍ പൗരപ്രമുഖരും രാജസദസ്സിലെ സഹചാരികളും അടക്കം ആയിരത്തോളം പേരെ പ്രോസ്പിറോ വിളിച്ചു വരുത്തുന്നു. കോട്ടകൊത്തളങ്ങള്‍ക്കകത്ത്, തഴുതിട്ട കവാടങ്ങള്‍ക്കകത്തുള്ള മതപാഠശാലകളിലൊന്നില്‍ അവര്‍ക്ക് താമസം ഒരുക്കുന്നു. കുത്തുന്ന ഏകാന്തത നിറഞ്ഞ, ഗോഥിക് നിര്‍മിതികള്‍ നിറഞ്ഞ ഒരിടമായിരുന്നു അത്. പ്രോസ്പിറോയുടെ തന്നെ വിഭ്രാമക നിര്‍മിതികളില്‍ ഒന്ന്.

''This was an extensive and magnificent structure, the creation of the prince's own eccentric yet august taste. A strong and lofty wall girdled it in. This wall had gates of iron. The courtiers, having entered, brought furnaces and massy hammers and welded the bolts. They resolved to leave means neither of ingress or egress to the sudden impulses of despair or of frenzy from within. The abbey was amply provisioned. With such precautions the courtiers might bid defiance to contagion. ''

രോഗത്തെ പ്രതിരോധിച്ച് സുരക്ഷിതരായി താമസിക്കാനുള്ള, ആമോദത്തോടെ താമസിക്കാനുള്ള എല്ലാ സാഹചര്യങ്ങളും പ്രോസ്പിറോ ഒരുക്കുന്നു. അവിടെ എല്ലാം ഉണ്ടായിരുന്നു. ചുവന്ന മരണം ഒഴിച്ച്. ചുവന്ന മരണം കോട്ടയ്ക്കു പുറത്തായിരുന്നു. സാധാരണക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍. പുറംലോകം അതിന്റെ കാര്യം നോക്കിക്കോട്ടെ, തന്റെ ചാര്‍ച്ചക്കാര്‍ക്കും ചങ്ങാതികള്‍ക്കും രാജപ്രമുഖര്‍ക്കും സ്വസ്ഥമായി കഴിയാന്‍ ആവുന്നതൊക്കെ കോട്ടയ്ക്കകത്ത്, തഴുതിട്ട വാതിലിനുള്ളില്‍ സൃഷ്ടിക്കും. ഇതായിരുന്നു പ്രോസ്പിറോയുടെ അന്തര്‍ഗതം.

''The external world could take care of itself. In the meantime it was folly to grieve, or to think. The prince had provided all the appliances of pleasure. There were buffoons, there were improvisatori, there were ballet-dancers, there were musicians, there was Beauty, there was wine. All these and security were within. Without was the 'Red Death.''

തന്റെ അതിഥികളായി എത്തിയ അന്തേവാസികള്‍ക്ക് സന്തുഷ്ടരായി കഴിയുന്നതിനായി മതപാഠശാലയുടെ ഉള്‍ത്തലങ്ങളില്‍ കലാവിരുന്നുകളൊരുക്കുന്നു. കോട്ടയ്ക്കകത്തെ ഏകാന്തജീവിതം ആറു മാസത്തോളം പിന്നിടുന്ന വേളയിലാണ് പ്രോസ്പിറോ അവിടെ മാസ്‌ക്വിറേഡ് ബാള്‍ എന്നറിയപ്പെടുന്ന മുഖാവരണ നാടകം അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നത്. പാട്ടിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ പല നിറങ്ങളിലുള്ള മുഖാവരണങ്ങള്‍ ധരിച്ചു നടത്തുന്ന രംഗാവതരണമാണ് മാസ്‌ക്വിറേഡ് ബാള്‍. പില്‍ക്കാലത്ത് ഉടലെടുത്ത കോസ്റ്റ്യൂം പാര്‍ട്ടിയുടെ ഒക്കെ പ്രചോദനം ഇത്തരം അവതരണങ്ങളാണെന്ന് കാണാം. സമൂഹത്തിലെ ഉന്നതകുലജാതരും മറ്റും അവിടെ ഉണ്ടായിരുന്നതിനാല്‍ അതിന് കഴിയുന്നത്ര നിറപ്പകിട്ടേകാന്‍ ശ്രമിച്ചു.

പ്രോസ്പിറോ രാജകുമാരന്റെ തഴുതിട്ട കൊട്ടാരക്കെട്ടുകള്‍ക്കകത്തെ മതപാഠശാലയില്‍ ആയിരത്തില്‍പ്പരം ഉന്നതകുലജാതര്‍ ചുവന്ന മരണത്തെ ഭയന്ന് നാളുകളായി കഴിയുകയാണ്. തികഞ്ഞ നിശ്ചയദാര്‍ഢ്യവും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയും ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രോസ്പിറോ രാജകുമാരന്‍ സന്തുഷ്ടചിത്തനായാണ് പ്രത്യക്ഷപ്പെടുന്നത്. നാട്ടിലാകെ ചുവന്ന മരണം എന്നറിയപ്പെടുന്ന പ്രത്യേക തരത്തിലുള്ള വ്യാധി പടരുകയാണ്. കടുത്ത വേദന, പഴുത്ത്, രക്തം വമിക്കുന്ന വടുക്കള്‍, ഏത് നേരത്തും തലചുറ്റി വീണേക്കാവുന്ന അവസ്ഥ, ഞൊടിയിടയില്‍ എത്തുന്ന മരണം. അത്യന്തം വേദനാനിര്‍ഭരവും ക്ലേശപൂര്‍ണവുമാകുന്നു അന്നാട്ടുകാരുടെ ജീവിതം. എന്നാല്‍ പ്രോസ്പിറോയും തന്റെ ഉന്നതകുലജാതരും രാജപ്രമുഖരും, പക്ഷേ ഇതില്‍ നിന്നെല്ലാം അകന്ന് കോട്ടകള്‍ അടച്ചു സുരക്ഷിതരായി കഴിയാനായി ശ്രമിക്കുകയാണ്. ഇതൊക്കെ കോട്ടയ്ക്കു പുറത്തു താമസിക്കുന്നവരുടെ മാത്രം പ്രശ്‌നങ്ങളാണെന്ന് അവര്‍ വിശ്വസിച്ചു. കുടിച്ചും മദിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും അവര്‍ ആനന്ദിച്ചു... വളരെ വിചിത്ര ഗതികളിലാണ് പ്രോസ്പിറോയുടെ മനസ്സ് സഞ്ചരിച്ചത്.

''The tastes of the duke were peculiar. He had a fine eye for colors and effects. He disregarded the decora of mere fashion. His plans were bold and fiery, and his conceptions glowed with barbaric lustre. There are some who would have thougth him mad.''

മതപാഠശാലയുടെ ഏഴു സ്യൂട്ടുകളിലാണ് ഏറ്റവും പ്രമുഖരായ ഉത്തതകുലജാതര്‍ താമസിച്ചിരുന്നത്. ഇവയോട് ചേര്‍ന്നിട്ടാണ് ഈ കലാപരിപാടി അരങ്ങേറിയത്. അതിന്റെ ഭാഗമായിട്ടാണ് പ്രോസ്പിറോ മാസ്‌ക്വിറേഡ് ബാള്‍ നടത്താന്‍ നിശ്ചയിക്കുന്നത്. തന്റെ അതിഥികളായി കോട്ടയില്‍ കഴിയുന്ന ഉന്നതകുലജാതരെ സന്തോഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മതപാഠശാലയുടെ ഏഴ് സ്യൂട്ട് മുറികള്‍ പലനിറങ്ങള്‍ കൊണ്ടലങ്കരിച്ചു മനോഹരമാക്കി. ആദ്യത്തെ ആറു മുറികള്‍ നീല, പര്‍പ്പിള്‍, പച്ച, ഓറഞ്ച്, വെള്ള, വയലറ്റ് എന്നീ നിറങ്ങളിലാണ് അലങ്കരിച്ചത്. ഏഴാം മുറിയാകട്ടെ കറുത്ത നിറത്തില്‍ അലങ്കരിച്ചു. കടുത്ത രക്തവര്‍ണ്ണ നിറത്തിലുള്ള വെളിച്ചം ആ മുറിയില്‍ നിറയുന്ന തരത്തില്‍ ചില്ലു ജാലകങ്ങളില്‍ വര്‍ണ്ണപ്പൂശുകള്‍ നടത്തി. ഇത്തരം ഭീതി പകരുന്ന നിറങ്ങളുടെ ആധിക്യം പ്രോസ്പിറോയുടെ അതിഥികളായി എത്തിയ ഉന്നതകുലജാതരെ ഏഴാം മുറിയില്‍ നിന്നും അകറ്റി. ഏഴാം മുറിയില്‍ ഇരുണ്ട നിറത്തിലുള്ള തടികൊണ്ടുണ്ടാക്കിയ ഘടികാരം നിസ്തന്ദ്രമായി മിടിച്ചു. വല്ലാതെ വിരസത നിറഞ്ഞ ശബ്ദത്തിലായിരുന്നു അതിന്റെ പെന്‍ഡുലത്തിന്റെ ദോലനം. ഓരോ മണിക്കൂറിലും സവിശേഷ ശബ്ദത്തില്‍ അത് മണി മുഴക്കി. ഈ മണിമുഴക്കങ്ങള്‍ കേള്‍ക്കവെ സംഘം നിശ്ബദരായി. അവര്‍ പാട്ടും കൂത്തും നിര്‍ത്തി. മണിയൊച്ച നിലയ്ക്കുമ്പോള്‍ അവര്‍ വീണ്ടും കേളികളിലേക്ക് മടങ്ങി. ആ മണിയൊച്ച എന്തിന്റെയൊക്കേയോ സൂചനകളാണെന്ന് അവര്‍ ധരിച്ചു. പല വിചാരങ്ങള്‍ അവരുടെ മനസ്സിലൂടെ കടന്നുപോയി.

ഒരു അര്‍ദ്ധരാത്രിയില്‍, ഇരുണ്ട നാഴിക മണി മിടിച്ചു നില്‍ക്കവെ, രക്തക്കറ പൂരണ്ട, ശ്മശാന വസ്ത്രവും മുഖാവരണവും ധരിച്ച ഒരു ഇരുണ്ട രൂപം പ്രോസിപ്പിറോ കണ്ടു. മൃതദേഹത്തിന്റേതുപോലെ മരവിച്ച മുഖം. ചുവന്ന മരണത്തിന്റെ എല്ലാ സവിശേഷതകളും അതിന മുഖത്ത് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ.

''The figure was tall and gaunt, and shrouded from head to foot in the habiliments of the grave. The mask which concealed the visage was made so nearly to resemble the countenance of a stiffened corpse that the closest scrutiny must have had difficulty in detecting the cheat. And yet all this might have been endured, if not approved, by the mad revellers around. But the mummer had gone so far as to assume the type of the Red Death.''

കലാവതരണം കണ്ട് ആഹ്ളാദചിത്തരും ഉന്മത്തരുമായി ഇരിക്കുന്നവരുടെ മധ്യത്തിലേക്ക് നിഗൂഡതകള്‍ പേറുന്ന ആ രൂപം നടന്നു നീങ്ങി. പൊടുന്നനവെ അവിടത്തെ പാട്ടും നൃത്തവും സംഗീതവും ഒക്കെ നിലച്ചു. സുരക്ഷയുടെ തഴുതുകള്‍ നിഷ്ഫലമായതില്‍ വല്ലാതെ സ്വയംനിന്ദ തോന്നിയ പ്രോസ്പിറോക്ക് ഈ നിഗൂഢരൂപം ആരെന്നറിയാന്‍ തിടുക്കമായി. അയാളെ പിടിച്ചു കെട്ടി മുഖംമൂടി ഊരിയെറിയാന്‍ അയാള്‍ ആജ്ഞാപിച്ചു. ആരെന്നറിഞ്ഞശേഷം തൂക്കിലിടുക എന്നതായിരുന്നു ലക്ഷ്യം. നീല നിറത്തില്‍ അലങ്കരിച്ച ചേംബറിനു മുന്നിലായിരുന്നു അപ്പോള്‍ പ്രോസ്പിറോ.

ചുവന്ന മരണം എന്ന അടക്കിപ്പിടിച്ച സംസാരം അവിടെ പരന്നിരുന്നതിനാല്‍ ആ രൂപത്തിനടുത്തേക്ക് എത്തി രാജാജ്ഞ പാലിക്കാന്‍ ആരും ധൈര്യം കാട്ടിയില്ല. ഉന്നതകുലജാതരായ അതിഥികളും വല്ലാതെ ഭയചകിതരായിരുന്നു. അവര്‍ക്ക് ആ രൂപത്തിന്റെ അടുത്തേക്ക് എത്താന്‍ പേടിയായിരുന്നു. അവര്‍ പാര്‍ത്തിരുന്ന ആറു മുറികളിലേക്ക് സ്വയം ഒതുങ്ങിയതുപോലെ. ചുവന്ന മരണത്തിന്റെ ഗന്ധം പൂണ്ട നിഗൂഢാതിഥി ആ മുറികള്‍ക്കു മുന്നിലൂടെ നടന്നു നീങ്ങി. തന്നെ തെല്ലുനേരത്തേക്കു ബാധിച്ച ഭയത്തില്‍ കോപാക്രാന്തനായി തീര്‍ന്ന പ്രോസ്പിറോ രോഷത്തോടെ ആറു ചേംബറുകളും കടന്ന് ആ രൂപത്തിനടുത്തേക്ക് എത്തി. ഊരിപ്പിടിച്ച കത്തിയുമായി മുന്നോട്ടു നീങ്ങിയ പ്രോസ്പിറോയെ അനുഗമിക്കാന്‍ ഭയം ബാധിച്ച ആരും തയാറായില്ല. ഏഴാം മുറിക്ക് മുന്നിലെത്തിയപ്പോഴാണ് ഇരുവരും നേര്‍ക്കുനേര്‍ കണ്ടത്. തിരിഞ്ഞു നിന്ന കറുത്ത രൂപം മുഖത്തേക്ക് തുറിച്ച് നോക്കിയതോടെ പ്രോസ്പിറോ രാജകുമാരന്‍ വലിയ നിലവിളിയോടെ നിലംപതിച്ചു. അയാള്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

''He bore aloft a drawn dagger, and had approached, in rapid impetuosity, to within three or four feet of the retreating figure, when the latter, having attained the extremity of the velvet apartment, turned suddenly and confronted his pursuer. There was a sharp cry — and the dagger dropped gleaming upon the sable carpet, upon which, instantly afterwards, fell prostrate in death the Prince Prospero.''

ഭയചകിതരായ മറ്റുള്ളവര്‍ പൊടുന്നനവെ തന്നെ ഏഴാം മുറിയിലേക്ക് ഓടിയെത്തി. നിഗൂഢരൂപത്തിന്റെ മുഖാവരണവും ശ്മശാന വസ്ത്രങ്ങളും അവര്‍ ഊരിയെറിഞ്ഞു. അതവരുടെ ഭയം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. അയാള്‍ ശൂന്യദേഹി ആയിരുന്നു. ആ വസ്ത്രങ്ങള്‍ക്കകത്ത് ആരും ഉണ്ടായിരുന്നില്ല. പക്ഷെ, അവിടെ എത്തിയവരിലേക്ക് എല്ലാം ചുവന്ന മരണം എന്ന മഹാവ്യാധി പകര്‍ന്നുകിട്ടി. തഴുതിട്ട കോട്ടയ്ക്കകത്ത് രാജോചിത സംരക്ഷണങ്ങളില്‍ കഴിഞ്ഞ അവര്‍ക്കും പക്ഷെ രോഗം ഏറ്റുവാങ്ങുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. എഡ്ഗാര്‍ അലന്‍ പോ കഥയിവിടെ അവസാനിപ്പിക്കുന്നു.

''And now was acknowledged the presence of the Red Death. He had come like a thief in the night. And one by one dropped the revellers in the blood-bedewed halls of their revel, and died each in the despairing posture of his fall. And the life of the ebony clock went out with that of the last of the gay. And the flames of the tripods expired. And Darkness and Decay and the Red Death held illimitable dominion over all.''

3

തഴുതിട്ട കോട്ടകളില്‍ നൂണ്ടു കയറുന്ന ദുരന്തം

തഴുതിട്ട കോട്ടകള്‍ക്കു തടഞ്ഞു നിര്‍ത്താനാവാത്ത മഹാമാരിയായിരുന്നു ചുവന്ന മരണം. പ്രോസ്പിറോ തന്റെ അധികാരം കൊണ്ടാണ് കോട്ടകള്‍ക്കുള്ളില്‍ സുരക്ഷിതനായി തീരാന്‍ ശ്രമിക്കുന്നത്. പക്ഷെ അധികാര ഘടനകള്‍ക്കും, അതു നല്‍കുന്ന ബോധ്യങ്ങള്‍ക്കും അകത്ത് ആര്‍ക്കും മഹാവ്യാധീകാലങ്ങളില്‍ പൂര്‍ണസുരക്ഷിതരായി ഇരിക്കാനാവില്ലെന്ന കാര്യം അഡ്ഗാര്‍ അലന്‍ പോ അടിവരയിടുന്നുണ്ട്. അതാണ് അന്യോപദേശ പ്രധാനമായ ഈ കഥയുടെ രാഷ്ട്രീയ അന്തസാരവും.

പ്രോസ്പിറോയിലൂടെ പ്രശ്‌നവല്‍ക്കരിക്കുന്ന, സുരക്ഷയേകുന്ന കോട്ടകളും അതിലെ നിഗൂഢ വഴിത്താരകളും വിഭ്രാമകങ്ങളായ കോവണിപ്പടികളും ഒക്കെ അധികാരത്തിന്റെ ചില മൗഢ്യപ്രദാനങ്ങള്‍ മാത്രമായി തീരുകയാണ് ചെയ്യുന്നത്. അധികാര ശ്രേണികളേയും ഘടനകളേയും ഒക്കെ അന്തര്‍വഹിക്കുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത് മര്‍ദ്ദക/അധീശ നീതിയിലൂടെ തങ്ങള്‍ക്കു പഥ്യമല്ലാത്തവയെ പുറത്താക്കാനാവും എന്ന ദൗത്യമാണ് പ്രോസ്പിറോയുടെ രാജത്വത്തില്‍ നിലീനമായിരിക്കുന്നത്. ലാബറിന്തുകളില്‍ അതിന്റെ ഉള്‍ത്തലപ്പുകള്‍ തീര്‍ത്തും നിഗൂഢമായി നിര്‍ത്തിയിരിക്കുന്നത് അജ്ഞാതനായ ശത്രുവിനെ- അത് അന്യാരാജ്യമായാലും മഹാമാരിയായാലും, എന്തിന് തന്നെ അധികാര ഭ്രഷ്ടനാക്കാനുള്ള സ്വന്തം സചിവന്റെ നീക്കമായാലും- അവയൊക്കെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നും ജ്ഞാതമോ അജ്ഞാതമോ ആയ ശത്രുക്കളെ കരുതിയാണ് അധികാരം ബാഹ്യരൂപങ്ങളേയും ആന്തരിക രൂപങ്ങളേയും സൃഷ്ടിച്ചുവെയ്ക്കുന്നത്. ശത്രുവിനെ/ ശത്രുക്കളെ പ്രതീക്ഷിക്കാതെ, അഥവാ നിര്‍മ്മിക്കാതെ അധികാര ഘടന രൂപപ്പെടുകയോ നിലനില്‍ക്കുയോ ഇല്ല. ഇത്തരത്തില്‍ ശത്രുവിനെ തേടലോ നിര്‍മിക്കലോ ഒക്കെയാണ് അധികാര പാലനം. ബാഹ്യങ്ങളായ ശത്രുരൂപങ്ങളെ കണ്ടെത്താനാവാതെ പോയാല്‍, അത് ആന്തരികമായി തന്നെ, സ്വന്തം ജനതയില്‍ തന്നെ അന്യത്വവും ശത്രുത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കും. പ്രാഗ് അധികാര കാലം മുതലുള്ള വാഴ്ച്ചാ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇത്തരം നിര്‍മ്മിതികളുടെ നിശ്ശൂന്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് എഡ്ഗാര്‍ അലന്‍ പോയുടെ ഈ ചെറുരചന.

പക്ഷെ അധികാര വ്യവസ്ഥ നിര്‍മിച്ചുവെയ്ക്കുന്ന തഴുതിട്ട കോട്ടകളും വലിയ കെട്ടുകളും വഴിതെറ്റിക്കുന്ന സങ്കീര്‍ണ്ണ വഴിത്താരകളും അതിജീവിച്ച്, എല്ലാ ചെറുത്തു നില്‍പ്പുകളും നൂണ്ടിറങ്ങിയുമാണ് നിര്‍ശരീരിയായ ഒരാള്‍ പ്രോസ്പിറോയെ തേടിയെത്തുന്നതും അയാള്‍ക്ക് നിത്യനിദ്ര നല്‍കുന്നതും. ഇത് അധികാരം വാചികയുക്തികളോടെ നടത്തുന്ന എല്ലാത്തരം അവകാശവാദങ്ങളേയും പ്രവര്‍ത്തനങ്ങളേയും ശബ്ദരഹിതമായ തള്ളിക്കളയല്‍ കൂടിയാകുന്നു. നിയന്ത്രണം എന്നത് അസംബന്ധമാണെന്നു കൂടി ചുവന്ന മരണം കൊണ്ടുവരുന്ന ഈ കഥ പറഞ്ഞുവെയ്ക്കുന്നുണ്ട് - മറ്റൊരു കാലത്തിന്റെ ഭാഷയില്‍, അതിന്റെ സാഹിതി സങ്കേതങ്ങള്‍ ഉപയോഗിച്ച്. ഇതൊരു മഹത്തായ സാഹിത്യ സൃഷ്ടിയാണെന്ന് പറയുക വയ്യ. പക്ഷെ മഹത്തായ ഒട്ടേറെ ആശങ്കകള്‍ നമ്മുടെ മുന്നിലേക്ക് വെയ്ക്കുന്നുവെന്നത് കാണാതിരിക്കാനാവില്ല തന്നെ. എല്ലാത്തരം സുരക്ഷകള്‍ക്കും നടുവില്‍ ആമോദരായി കഴിഞ്ഞിരുന്നവരുടെ ഇടയിലേക്ക് ഒരു നിര്‍ശരീരി കടന്നുവരുകയാണ്. അത് വലിയ കോലാഹലങ്ങളൊന്നും നടത്താതെ ചോദ്യം ചെയ്യുന്നത് രാജോചിതമായ അധികാര ഘടനകളേയും നിയന്ത്രണങ്ങളേയുമാണ്. വ്യാധി ഈ കൃതിയില്‍ രൂപകമായി തീരുന്നത് ഇത്തരത്തില്‍ അധികാരത്തിന്‍ മേലെ ഒരു പാരഡി സൃഷ്ടിക്കുക കൂടി ചെയ്തുകൊണ്ടാകുന്നു.

അധികാരത്തിന്റെ എല്ലാത്തരം കെട്ടുപാടുകളെയും ഉലച്ചുകളയുന്ന ഒന്നാണ് മഹാവ്യാധി. ഏതു കാലത്തായാലും രാജ്യങ്ങളുടെ എല്ലാത്തരം വ്യവഹാരങ്ങളേയും അത് നിശ്ചലമാക്കുന്നു. ഏറ്റവും വലിയ ഐകച്ഛത്രാധിപതിയെ കരുണയുടെ തനുമാനസങ്ങളിലൂടെ സഞ്ചരിക്കുന്നവനാക്കുന്നു. അല്ലെങ്കില്‍ അത്തരം നാട്യങ്ങളെങ്കിലും നടത്താന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഏതു കാലത്തും മഹാവ്യാധികളൊരുക്കി തരുന്ന ചിത്രം അതാണ്, അവയുടെ ചരിത്രവും വര്‍ത്തമാനവും അത് തന്നെ. രാജ്യവ്യഹാരങ്ങളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളെയൊക്കെ തമസ്‌ക്കരിച്ചു കൊണ്ട് പുത്തന്‍ പ്രശ്‌നപരിസരം സൃഷ്ടിച്ചുകൊണ്ടാവും മഹാമാരി എത്തുക. അവിടെ പുതിയ ശത്രു ജനിക്കുകയും പഴയ ശത്രുക്കള്‍ മിത്രങ്ങളായി തീരുകയും ചെയ്യുന്നു. ഈ മിത്രത്വത്തിന്റെ ദൈര്‍ഘ്യം പക്ഷെ വ്യാധിയുടെ നാള്‍വഴികളുടെ ചരിത്രത്തോളം മാത്രമേ നീളാറുള്ളു-കാലത്തിന്റെ ചിത്രം മറ്റൊന്നാകാത്തിടത്തോളം കാലം.

അതേസമയം, വ്യാധീകാലങ്ങളിലൂടെ വളരുകയും കൂടുതല്‍ ആസുരമാകുകയും മനുഷ്യാവസ്ഥയുടേയും അതിന്റെ ചെറുത്തുനില്‍പ്പിന്റെയും രഥ്യകള്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായി തീരുകയും ചെയ്യുകയാണെങ്കില്‍ അന്യത്ര കാണാത്ത ഒരു ചരിത്ര ഘട്ടത്തിലേക്ക്, മാനവികതാ പരീക്ഷകളിലേക്ക് കടക്കേണ്ടിവന്നേക്കാം. അത്തരം കാലങ്ങളില്‍ അധികാരത്തിന്റെ പ്രമത്തതയിലും ധിഷണയുടെ അമിതബോധ്യങ്ങളിലും കുടുങ്ങിക്കുടക്കുന്ന അധികാരികള്‍ക്ക് മറ്റൊരു മുഖം കൈവന്നുപോകാം. പ്രോസ്പിറോ അതുകൂടി പറഞ്ഞുതരുന്നുണ്ട്. പ്രോസ്പിറോയെ വിശ്വസിച്ച് കോട്ടയുടെ തണലില്‍ കഴിഞ്ഞവര്‍ എവിടെ എത്തിച്ചേര്‍ന്നുവെന്നത് കൂടി നാം ചോദിക്കേണ്ടതുണ്ട്. മഹാവ്യാധീകാലങ്ങളെ അഭിമുഖം കാണുന്ന എല്ലാ അധികാരധാരികളും സ്വയം പരിശോധിക്കേണ്ട പ്രശ്‌നമാണിത്.

വിനാശങ്ങള്‍ അമേരിക്കന്‍ സ്വത്വത്തില്‍ എക്കാലത്തും ജനാധിപത്യപരമായ ചില അപ്രതീക്ഷിത തിരിവുകള്‍ (democratic twits) സൃഷ്ടിക്കാറുണ്ടെന്ന് ജില്‍ ലെപോറെ (Jill Lepore) ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മഹാവ്യാധി മഹത്തായ പല നിലംനിരത്തലുകളും ചരിത്രത്തില്‍ ചെയ്യാറുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ, അവിടേയും സൂക്ഷ്മാംശത്തില്‍ അധികാരവും രാഷ്ട്രീയവും തങ്ങളുടെ തുടര്‍ച്ചയ്ക്കുള്ള സൂക്ഷ്മസ്ഥലി ഇടപെടലുകള്‍ക്കായി ഈ അവസരത്തെ പ്രയോജനപ്പെടുത്തും. എക്കാലത്തും നമ്മള്‍ അത് കാണുന്നുണ്ട്. ചരിത്രം കണ്ട നിരവധി അധികാരികളുടേയും ഉള്ളില്‍ പ്രോസ്പിറോമാരുണ്ട്. വ്യാധി നാളുകളില്‍ തന്റെ പ്രജകള്‍ക്ക്, അവരില്‍ ഉന്നതര്‍ക്ക് സാന്ത്വന ചികിത്സ നല്‍കാനെത്തുന്ന അധികാരി സ്പര്‍ശം. മധ്യവര്‍ഗം വരെ എത്തുന്ന അവരുടെ കരുതല്‍, അതിനും താഴേയ്ക്കുള്ളവരോട് സഹതാപം, വിവിധ അടരുകളില്‍ കഴിയുന്നവര്‍ക്കായി നിര്‍മിക്കപ്പെടുന്ന ദൃശ്യവും അദൃശ്യവുമായ തഴുതിട്ട കോട്ടകള്‍... അതെല്ലാക്കാലത്തും നീളുക തന്നെ ചെയ്യും. കോട്ടകള്‍/വീടുകള്‍ ഉള്ളവര്‍ക്ക് അടച്ചിരിക്കാം. വീടില്ലാത്തവര്‍ക്കോ? ഇതൊരു വലിയ ചോദ്യമാണ്. പ്രോസിപിറോ/പ്രോസ്പിറോമാര്‍ ഇത്തരക്കാരെ പൂര്‍ണമായും മറക്കുകയാണ്. വ്യാധികളെയെല്ലാം തഴുതിട്ട കോട്ടയ്ക്കു പറത്തുനിര്‍ത്താനാണ് ആ രാജാവ് ശ്രമിക്കുന്നത്.

''The scarlet stains upon the body and especially upon the face of the victim, were the pest ban which shut him out from the aid and from the sympathy of his fellow-men.''

വ്യാധി, കോട്ടയ്ക്കു പുറത്തുള്ളവരുടെ മാത്രം പ്രശ്‌നം. സമ്പന്നരും ഉന്നതകുലജാതരും കോട്ടയ്ക്കപ്പുറം താമസിക്കുന്ന സാധരണക്കാരോടും പാവപ്പെട്ടവരോടും ഒരു കരുണയും കാണിക്കുകയില്ല. രോഗം അവരെ കൊന്നൊടുക്കുമ്പോഴും രാജധാനി നൃത്തത്തിലും സംഗീതത്തിലും ആണ്ടുനില്‍ക്കുന്നു. അധികാരത്തില്‍ സഹജമായ മൗഢ്യങ്ങള്‍ ഇത്തരത്തിലൊക്കെയാകും പ്രവര്‍ത്തിക്കുക. ഓരോ അധികാര ഘടനയ്ക്കും ഓരോ പ്രയോഗശാസ്ത്രവും ശാസനാരീതികളും ഉണ്ടാകും. രാജാധിപത്യത്തെ പോലെയല്ല ജനാധിപത്യം, കുറെക്കൂടി മറകളിലൂടെയാവും അധികാരത്തെ സ്വാര്‍ത്ഥത്തിന്റെ പ്രയുക്ത തന്ത്രമാക്കുക എന്നുമാത്രം.

പ്രകടനപരതയുടെ രാഷ്ട്രീയ ഇടങ്ങളില്‍ അഭിരമിച്ചശേഷം മുട്ടി വീഴുന്ന പ്രോസ്പിറോ ചരിത്രത്തില്‍ എക്കാലത്തും അനുയാത്ര ചെയ്യുന്നുണ്ടെന്ന് പലരും മറന്നു പോകുന്നു. എഡ്ഗാര്‍ അലന്‍ പോ വായനക്കാരെ എക്കാലവും ഓര്‍മ്മിപ്പിക്കുന്നത് അതാണ്. ഈ കഥ, സാധാരണക്കാരേക്കാളും അധികാരികള്‍ കേള്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നു തോന്നുന്നു. വിശേഷിച്ചും തന്റെ വാക്കുകളും ബോധ്യങ്ങളും അന്തിമമെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ അധികാരികളും.

(തുടരും)

അവലംബം:

1. THE WORKS OF EDGAR ALLAN POE IN FIVE VOLUMES, Volume Two, A Penn State Electronic Classics Series Publication

2. Entropic Imagination in Poe's 'The Masque of the Red Death', Hubert Zapf, The Johns Hopkins University Press

3. Contagion Fables Are Really About, Jill Lepore, The Newyorker, March 23, 2020


Next Story

Related Stories