TopTop
Begin typing your search above and press return to search.

വിവാദങ്ങളില്‍പെട്ടുപോകുന്ന മലയാളികളും ഡോ. അയിനപ്പള്ളി അയ്യപ്പന്‍ എന്ന നരവംശ ശാസ്ത്രജ്ഞനും

വിവാദങ്ങളില്‍പെട്ടുപോകുന്ന മലയാളികളും ഡോ. അയിനപ്പള്ളി അയ്യപ്പന്‍ എന്ന നരവംശ ശാസ്ത്രജ്ഞനും

വിവാദങ്ങളുടെ സ്വന്തം കേരളത്തില്‍ ഇപ്പോള്‍ രണ്ടു വിഷങ്ങളാണല്ലോ ഇടത്തും വലത്തും നടുവിലും പിന്നെ വിഭജന രേഖയ്ക്കിടെ എവിടെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന പാവം മലയാളി മാനവ ഹൃദയങ്ങളെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് കത്തിപ്പടരുന്നതും കത്തിക്കയറുന്നതും. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമാക്കി ജാതി പരാമര്‍ശം നടത്തിയെന്നത്. ചെത്തുകാരന്റെ മകന്‍ ആയതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് പിണറായി വിജയന്‍ തന്നെ പറഞ്ഞതോടെ വിവാദം ഒരു സെമിക്കോളനിട്ട് നില്‍ക്കുകയാണ്. വിവാദത്തിനുതുടക്കമിട്ട കെ.സുധാകരനും പിണറായി വിജയനും ഒരേ ജാതിക്കാരണെന്നതും സൂക്ഷമദൃക്കുകളായ വിശാരദന്മാര്‍ക്ക് മറ്റൊരു വിത്തിറക്കാന്‍ ഇടം നല്‍കാതെ പോകുന്നതുപോലെയുണ്ട്. രണ്ടാം വിവാദം ഇഷ്ടക്കാരെ തിരികിക്കയറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന അക്കാദമിക് ലോകത്തെ ചീഞ്ഞുനാറുന്ന കാര്യങ്ങളാണ്. ഒരു മുന്‍ എംപിയുടെ ഭാര്യയെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ശീര്‍ഷാസനം ചെയ്യുന്ന ഫേസ്ബുക്‌പോസ്റ്റുകളിലൂടെ നീണ്ട് മലയാളികളുടെ അത്താഴമേളങ്ങളാവുകയാണ്.

കേരളത്തില്‍ ഇത്തരം വിവാദങ്ങള്‍ക്ക് ഒരു പുതമയുമില്ല. ഇതിലൊന്നിലുമല്ല ഈ ലേഖകന്റെ ദൃഷ്ടി പതിയുന്നതും. വിവാദങ്ങള്‍ വിധിയാം വണ്ണം വളരട്ടെ. ഇഷ്ടക്കാരെ പറ്റുന്നിടത്തൊക്കെ തിരികി കയറ്റട്ടെ. ജനാധിപത്യം അതിനുകൂടിയുള്ള അവസരമാണല്ലോ. പാവം വോട്ടറെ തങ്ങള്‍ക്കിടയിലെ കൂടുതല്‍ തുല്യര്‍ ആരെന്നു കാണിച്ചുകൊടുക്കുന്ന കണ്ണാടി. ഈ വിവാദപ്പെരുക്കങ്ങള്‍ക്കിടയില്‍ ജനുവരി അഞ്ച് വെള്ളിയാഴ്ച ഒരു ജന്മദിനം കടന്നുപോയി. അക്കാദമിക് മികവിന്റെ കുറുക്കുവഴികള്‍ സൃഷ്ടിച്ചെടുക്കുന്നവര്‍ക്ക് ഓരോ ഇഞ്ചും ജീവിതത്തില്‍ പോരാടി, തീര്‍ത്തും പിന്നോക്ക സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന, മലയാളി അത്രയ്‌ക്കൊന്നും ഗൗനിച്ചിട്ടില്ലാത്ത, എന്നാല്‍ എക്കാലത്തേയും അക്കദമിക ലോകം തികഞ്ഞ ബഹുമാനദാരങ്ങളോടെ പരാമര്‍ശിച്ചു പോരുന്ന ഒരു നരവംശശാസ്ത്രജ്ഞനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തൃശൂര്‍ പാവറട്ടിയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അയിനപ്പള്ളി അയ്യപ്പന്‍ ഡോ. എ. അയ്യപ്പനെക്കുറിച്ച്. മലയാളത്തില്‍ ഇങ്ങനേയും ഒരു അയ്യപ്പന്‍ ഉണ്ടായിരുന്നുവെന്ന് അറിയാത്തവരായി ഒരു പക്ഷെ നമ്മുടെ അക്കാദമിക് ബുദ്ധിജീവികള്‍ തന്നെ ഉണ്ടാകാനും തരമുണ്ട്.

കേരളം തീര്‍ത്തും അദ്ദേഹത്തെ ഗൗനിച്ചില്ലെന്ന് പറകവയ്യ. കുറച്ചുകാലം അദ്ദേഹത്തെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കി. 1969 മാര്‍ച്ച് മുതല്‍ 1970 ഒക്ടോബര്‍ വരെ. വൈസ് ചാന്‍സലര്‍ പദവി കൊണ്ടാടപ്പെടുന്ന ഗുമസ്തപ്പണിയായി കാണാതിരുന്ന ഒരു കാലത്തായിരുന്നു അത്. ഇക്കാലത്തേതുപോലെ രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെ ഡമ്പ് ചെയ്യുന്ന ഇടമായി സര്‍വകലാശാലകളിലെ പ്രമുഖ സ്ഥാനങ്ങള്‍ തീര്‍ന്നിരുന്നുമില്ല. പിന്നീട് ഡോ. അയ്യപ്പന്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്(സിഡിഎസ്) സ്ഥാപകാംഗവുമായി. പക്ഷെ എല്ലാ ഓര്‍മ്മദിനങ്ങളും ഓര്‍ത്തെടുക്കുന്ന നമ്മുടെ കാക്കത്തൊള്ളായിരം മാധ്യമങ്ങളോ സാമുഹ്യ മാധ്യമ എഴുത്തുകാരോ ഡോ. എ. അയ്യപ്പനെ ഓര്‍മ്മിച്ചതായി തോന്നുന്നില്ല. ഏതെങ്കിലും ഇടങ്ങളില്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ അനുസ്മരിക്കപ്പെട്ടുവോയെന്നും അറിയില്ല.

സമൂഹത്തിന്റെ കീഴേശ്രേണിയില്‍ നിന്നും അത്യധ്വാനം കൊണ്ടുയര്‍ന്നുവരികയും ലോകത്തെ ഏറ്റവും ശ്രേഷഠങ്ങളായ കലാലയങ്ങളില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ഒട്ടേറെ സുപ്രധാന പദവികള്‍ വഹിക്കുകയും ഒക്കെ ചെയ്ത ഡോ. എ. അയ്യപ്പന്‍ പക്ഷെ നമ്മുടെ ഓര്‍മ്മകളില്‍ ഇടം പിടിക്കാതെ പോകുന്നതിന് കാരണങ്ങളുണ്ടാകാം. ഈ വിവാദ കേരളത്തില്‍, ഈ പ്രത്യേക ഘട്ടത്തില്‍ അദ്ദേഹത്തെ ഓര്‍ത്തുവെയ്ക്കുന്നതിന് അതിലേറെ കാരണങ്ങളുണ്ടെന്നതാണ് വാസ്തവം. ഇപ്പോഴത്തെ വിവാദങ്ങളുടെ മധ്യെ ഡോ. അയ്യപ്പനെ ഓര്‍മ്മിയ്ക്കുന്നത് പലതരത്തില്‍ പ്രസക്തമാകുന്നുമുണ്ട്. അത്രമേല്‍ വ്യത്യസ്തമാണ് അയ്യപ്പന്‍ എന്ന അക്കാദമീഷ്യന്റെ രൂപപ്പെടലും വളര്‍ച്ചയും അദ്ദേഹം പഠനത്തിനായി തെരഞ്ഞെടുത്ത വിഷയങ്ങളും.

കേരളത്തിലെ ഒരു കുഗ്രാമത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച അയ്യപ്പന്‍ പില്‍ക്കാലത്ത് ലണ്ടനിലും മറ്റും പോയാണ് തന്റെ ഉപരിപഠനം നടത്തിയത്. നരവംശശാസ്ത്ര പഠനത്തില്‍ ഫങ്ഷണല്‍ സൈക്കോളജിയുടെ പാത വെട്ടിത്തുറന്ന മലിനോസ്‌കിയുടെ ചിന്തകളില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ കലാലയത്തിലെത്തുകയായിരുന്നു. പില്‍ക്കാലത്ത് അയ്യപ്പന്‍ പഠിച്ച വിഷയങ്ങളില്‍ ചെത്തു തൊഴില്‍ പ്രധാനമായും ചെയ്തുവന്ന ഈഴവരും വിഷയമായിരുന്നു. ഡോ. അയ്യപ്പനും ഈഴവസമുദായാംഗമായിരുന്നു. ഈഴവരും സാമൂഹ്യമാറ്റവും(Iravas and Cultural Change) എന്നതും അദ്ദേഹത്തിന്റെ ഗവേഷണ വിഷയമായിരുന്നു. മദ്രാസ് സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും അത് പുസ്തക രൂപത്തില്‍ പുറത്തുവരികയും ചെയ്തു. 'കള്‍ച്ചര്‍, ട്രഡീഷന്‍ ആന്‍ഡ് ചെയ്്ഞ്ച് ഇന്‍ സൗത്ത് വെസ്റ്റേണ്‍ ഇന്ത്യ' എന്ന ഗവേഷണ പഠനമാണ് പില്‍ക്കാലത്ത് ഈ പുസ്തകമായി തീര്‍ന്നത്. ഈഴവസമൂഹത്തിന് കാലന്തരത്തില്‍ വന്ന സാമൂഹികമാറ്റമാണ് പഠനം പരിശോധിച്ചത്. 1945ലാണ് ഈ പഠനം പുറത്തുവരുന്നതെങ്കില്‍ ഈഴവരെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി 'സോഷ്യല്‍ റെവല്യൂഷന്‍ ഇന്‍ കേരള' എന്ന പേരില്‍ മറ്റൊരു പുസ്തകം അദ്ദേഹം 1965ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി,

ഈഴവരെ കുറിച്ച് ഫിലിപ്പോ ഒസെല്ലയും കരോലിനെ ഒസല്ലെയും ചേര്‍ന്നെഴുതിയ 'Social Mobility in Kerala; Modernity and Cultural Conflict' പോലുള്ള പ്രഖ്യാത പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഡോ. എ. അയ്യപ്പന്‍ എഴുതിയ പുസ്തകങ്ങള്‍ ഈഴവരെകുറിച്ചും കേരളത്തെ കുറിച്ച് ഇവിടത്തെ വിവിധ സാമൂഹിക ശ്രേണികളില്‍ പെട്ടവരെ കുറിച്ചും പഠിക്കുന്നതിനായി ലോകമെമ്പാടുമുള്ളവര്‍ ആശ്രയിക്കുന്നു. 'ഈഴവര്‍ക്ക് ചരിത്രമുണ്ടോ' തുടങ്ങി ഒട്ടനവധി ലേഖനങ്ങളില്‍ അദ്ദേഹം ഈഴവരെ കുറിച്ച് നേരിട്ടും അല്ലാതേയും പരാമര്‍ശിച്ചതിട്ടുമുണ്ട്. ആദിവാസികളെ കുറിച്ചും ദ്രാവിഡ വഴക്കങ്ങളെ കുറിച്ചും വിവിധങ്ങളായ കേരളീയ ആചാരങ്ങളെക്കുറിച്ചുമൊക്കെ ഡോ. അയ്യപ്പന്‍ ദീര്‍ഘമായി പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും ഇക്കാലത്തെ അക്കാദമികമായ രീതിശാസ്ത്രങ്ങളുമായും വിചാരങ്ങളുമായി ഒത്തുപോകാത്തവയാണെങ്കിലും അവയുടെ പ്രസക്തി കുറച്ചുകാണാനാവില്ല.

അയ്യപ്പന്റെ സഞ്ചാരപഥങ്ങള്‍

1905 ഫെബ്രുവരി അഞ്ചിനാണ് പഴള മലബാര്‍ ജില്ലയിലെ മരുത്തയൂര്‍ ദേശത്ത് ചാവക്കാടിനടുത്ത് പാവറട്ടിയിലെ ദരിദ്ര കുടുംബത്തിലാണ് അയിനപ്പള്ളി അയ്യപ്പന്‍ ജനിച്ചത്. പാവറട്ടിയിലെ സ്‌കൂള്‍ പഠനത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലുമായി പഠനം. പ്രസിഡന്‍സി കോളജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിഎ ഓണേഴ്‌സ് ബിരുദം. ഇതേ കാലത്തു തന്നെ ധനശാസ്ത്രത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കുകയുണ്ടായിയ പിന്നീട് രണ്ടു വര്‍ഷക്കാലം അധ്യാപകവൃത്തിയിലും മറ്റും ചെലവിട്ട അയ്യപ്പന്‍ 1929ല്‍ സുവോളിജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ ചേര്‍ന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

അതേ വര്‍ഷം തന്നെ മദ്രാസിലെ സര്‍ക്കാര്‍ മ്യൂസിയത്തിലെ ആന്ത്രോപ്പോളജിക്കല്‍ അസിസ്റ്റന്റായി നിയമിതനായി. ഈ പദവിയില്‍ ഇരിക്കുന്നതിനായി മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും ഹ്യൂമന്‍ അനാട്ടമിയില്‍ ഒരു വര്‍ഷത്തെ പഠനം നടത്തി. വിപുലമായ സാമൂഹ്യബോധവും സാംസ്‌കാരിക സ്വത്വരൂപീകരണങ്ങളില്‍ ഉള്ള ഗവേഷണ ബുദ്ധിയുമൊക്കെ അക്കാലത്ത് തന്നെ അയ്യപ്പനില്‍ വേരുറച്ചിരുന്നു. 'ആര്‍ഗനോട്‌സ് ഓഫ് വെസ്റ്റേണ്‍ പെസഫിക്' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ മലിനോസ്‌കിയുമായി 1930 കളോടെ അയ്യപ്പന്‍ കത്തിടപാടുകള്‍ ആരംഭിച്ചത് ഇത്തരം അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു. പാപ്പുവ ന്യൂഗിനി ദ്വീപ സമൂഹങ്ങളെ കുറിച്ചുള്ള മലിനോസ്‌കിയുടെ പഠനങ്ങള്‍ പ്രഖ്യാതങ്ങളായിരുന്നു.നരവംശസാസ്ത്ര പഠനത്തില്‍ ഫങ്ഷണല്‍ സൈക്കോളജിയുടെ പാത വെട്ടിത്തുറന്നയാളാണ് മലിനോസ്‌കി. പിന്നീട് മലിനോസ്‌കിയുടെ കലാലയത്തില്‍ പഠനത്തിനായി അയ്യപ്പന്‍ എത്തി.

മറ്റ് തരത്തിലുള്ള തിരക്കുകളില്‍ പെട്ടുപോയതിനാല്‍ മലിനോസ്‌കിയ്ക്ക് അയ്യപ്പന്റെ റിസര്‍ച്ച് ഗൈഡാകാന്‍ സാധിച്ചില്ല. ഡോ. റെയ്മണ്ട് ഫിര്‍ത്തിന്റെ കീഴിലായിരുന്നു അദ്ദേഹം 1934 മുതല്‍ 1937 വരെ ഗവേഷണം നടത്തിയത്. ഗവേഷണം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരികെ എത്തിയ അയ്യപ്പന്‍ മദ്രാസ് മ്യൂസിയത്തിന്റെ ഡയറക്ടറായി നിയമിതനായി. 1947 നുശേഷം അദ്ദേഹം കൂടുതല്‍ സമയം സാമൂഹിക നരവംശ ശാസ്ത്ര മേഖലയിലെ പഠനങ്ങള്‍ക്കായി നീക്കിവെച്ചു. കോര്‍ണല്‍ സര്‍വകലാശാല, ഷിക്കാഗോ സര്‍വകലാശാല തുടങ്ങിയ പല പ്രഖ്യാത കലാലയങ്ങളിലും വിസ്റ്റിംഗ് പ്രഫസറായും പ്രഭാഷണ പര്യടനം നടത്തുകയും ഒക്കെ ചെയ്തു. 1958ല്‍ മ്യൂസിയത്തിലെ ജോലിയില്‍ നിന്നും വിരമിക്കുന്നതുവരെ കലാലയങ്ങളില്‍ ചേര്‍ന്നിരുന്നില്ല. 1958 മുതല്‍ 1968 വരെ വിവിധ സര്‍വകലാശാലകളില്‍ ആന്തോപ്പോളജി പ്രഫസറായി ജോലി ചെയ്തു. അതിനുശേഷമാണ് കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാകുന്നതും സിഡിഎസ്സുമായി സഹകരിക്കുന്നതും ഒക്കെ.

അക്കാദമിക് രംഗത്ത് തുടക്ക കാലം മുതല്‍ തന്നെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ചുള്ള പഠനങ്ങളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചു. 1936ല്‍ പ്രസിദ്ധീകരിച്ച 'പ്രോബ്്‌ളംസ് ഓഫ് പ്രിമിറ്റീവ് ട്രൈബ്' തുടങ്ങിയ ലേഖനങ്ങള്‍ മുതല്‍ തന്നെ ഇത് പ്രകടമാണെന്ന് ഡോ. എ. അയ്യപ്പന്റെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകമായ 'ആയുധപ്പഴമയും നരോത്പത്തിയും' എന്നതിനെഴുതിയ ആമുഖത്തില്‍ ഡോ. ബാബു സി.ടി. സുനില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തുകൊണ്ട് അക്കാദമിക് ലോകത്ത് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഡോ. അയ്യപ്പന് അര്‍ഹമായ ഇടം ലഭിക്കാതെ പോയി എന്ന കാര്യം ഡോ. ബാബു സി.ടി. സുനില്‍ ആ ലേഖനത്തില്‍ പരിശോധിക്കുന്നുണ്ട്. കൊളോണിയല്‍ ആന്ത്രപ്പോളജിയുടെ പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായ സമീപനമായിരുന്നു അയ്യപ്പന്‍ തുടക്കം മുതലേ സ്വീകരിച്ചുവന്നതെന്നത് അദ്ദേഹത്തെ കൊളോണിയല്‍ അധികാരികള്‍ക്ക് അപ്രീയനാക്കിയിരിക്കണം.

ഈഴവരും സാമൂഹ്യമാറ്റവും മുന്‍നിര്‍ത്തി ഡോ. ബാബു സി.ടി. സുനില്‍ ഇങ്ങനെ നിരീക്ഷിക്കുന്നു:'' ഒരു എത്്‌നോഗ്രാഫി എന്നതിലുപരി വ്യത്യസ്ത സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ എങ്ങനെയാണ് ഈഴവ സമുദായത്തില്‍ ചലങ്ങള്‍ ഉണ്ടാക്കിയതെന്ന് ചരിത്രപരമായ അന്വേഷണം അയ്യപ്പന്‍ നടത്തുന്നുണ്ട്. സാഹിത്യം, നാടോടിക്കഥകള്‍, പ്രാദേശിക ചരിത്രം മുതലായവ ഉപയോഗിച്ചതിനാല്‍ അന്ന് നിലനിന്നിരുന്ന കൊളോണിയല്‍ ശാസ്ത്രമാതൃകയ്‌ക്കോ ബ്രാഹ്മണിക്കല്‍ സമീപനത്തിനോ അയ്യപ്പന്റെ പഠനങ്ങള്‍ അത്ര സ്വീകാര്യമായിരുന്നില്ല.'' കൊളോണിയല്‍ രീതികളെ തിരസ്‌ക്കരിച്ചത് അക്കാലത്തെ അക്കദമിക് ഇടങ്ങളില്‍ നിന്നും ഡോ. അയ്യപ്പനെ അകറ്റി നിര്‍ത്താന്‍ കൊളോണിയല്‍ അധികാരികളെ പ്രേരിപ്പിച്ചുവെങ്കില്‍ പ്രത്യക്ഷത്തില്‍ ദേശായതാവാദികളായി സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രാഹ്മണിക്കല്‍ ചിന്താധാരകളിലൂടെ വിവിധ സമൂഹങ്ങളെ പഠിക്കാന്‍ ശ്രമിച്ചവര്‍ക്കും അയ്യപ്പന്റെ രീതി ശാസ്ത്രത്തെ അംഗീകരിക്കുക വിഷമകരമായിരുന്നുവെന്ന് ഡോ. ബാബു സി.ടി. സുനില്‍ ചൂണ്ടിക്കാണിക്കുന്നു. നരവംശശാസ്ത്ര പഠനങ്ങള്‍ക്ക് അന്നും ഇന്നും ഇന്ത്യയില്‍ നേരിടേണ്ടവരുന്ന അരികുവത്ക്കരണമാണ് മറ്റൊരു കാരണം.അത്തരത്തില്‍ പല പ്രതിസന്ധികളേയും മുഖാമുഖം കണ്ടുകൊണ്ടാണ് അയ്യപ്പന്‍ എന്ന നരവംശശാസ്ത്രജ്ഞന്‍ അക്കാദമീഷ്യന്‍ എന്ന നിലയില്‍ തന്റെ ഇടം സ്വന്തമാക്കിയത്. മൂസിയോളജിസ്റ്റ് എന്ന നിലയിലെ തിരക്കു പടിച്ച സര്‍ക്കാര്‍ ജോലികള്‍ക്കൊപ്പമായിരുന്നു അക്കാദമിക് പഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്.

മ്യൂസിയോളജിസ്റ്റ് എന്ന നിലയിലുള്ള ഡോ. അയ്യപ്പന്റെ സംഭാവനകളും എടുത്തുപറയേണ്ടതാണ്. രാജ്യത്തെ പ്രധാന മ്യൂസിയങ്ങളൊക്കെ ആധുനികവത്ക്കരിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമാണ്. 1940 മുതല്‍ 190 വരെ മദ്രാസിലെ സര്‍ക്കാര്‍ മ്യൂസിയത്തില്‍ പ്രവര്‍ത്തിച്ചു.''ലോകപ്രശസ്തങ്ങളായ നടരാജ വിഗ്രഹങ്ങളും നിറഞ്ഞ സരസ്വതാഗാരം'' , അങ്ങനെയാണ് ഡോ. അയ്യപ്പന്‍ മദ്രാസിലെ മ്യൂസിയത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. മ്യൂസിയവും പൊതുജനങ്ങളും തമ്മിലുള്ള ബന്ധവും വഴക്കവും എപ്രകാരം ഒരു സംസ്‌കാരിക സംക്രമണമായിതീരുന്നുവെന്നും അദ്ദേഹം വിശദകരിച്ചിട്ടുണ്ട്.

പ്രതിസന്ധികളിലൂടെ, അത്യധ്വാനം ചെയ്തു നീങ്ങിയ ഡോ. അയ്യപ്പന്റെ എഴുത്തുകള്‍ പലപ്പോഴും തത്വചിന്താപരമായും തീരുന്നു. വിവാദങ്ങളില്‍ സ്വയം മറന്നുപോകുന്ന മലയാളികള്‍ക്കു മുന്നില്‍ ഡോ. അയ്യപ്പന്റെ 'ജീവിതം എന്റെ നോട്ടത്തില്‍' എന്ന ലേഖനത്തിന്റെ ഒരു ഭാഗം ചേര്‍ത്തുകൊണ്ട് ഈ കുറിച്ച് അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തീഷ്ണാനുഭവങ്ങളുടെ ചൂടും നിശ്വാസങ്ങളും അതില്‍ പതിഞ്ഞിട്ടുണ്ട്. അക്കാദമികള്‍ക്കും അനക്കാദമികള്‍ക്കും സകാമികള്‍ക്കും നിഷ്‌ക്കാമികള്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അജ്ഞേയതാവാദികള്‍ക്കും ഇതിലേതാണ് തങ്ങളെന്ന് അറിയാത്തവര്‍ക്കും വിവാദിക്കാന്‍ അതില്‍ ഒന്നുമുണ്ടാകില്ലെന്ന വിശ്വാസത്തോടെ:

''ജീവിതം പൊതുവിലും വ്യക്തിപരമായും പല തരത്തിലുള്ള വാസനകളുടെയും അഭിലാഷങ്ങളുടെയും ചേരുവയുടെ പ്രവാഹമാണ്. അത് എവിടുന്നു തുടങ്ങി, എന്തിന്, എങ്ങോട്ടു പോകുന്നു എന്ന് അറിയാനോ പറയാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അറിഞ്ഞവരെന്നു കരുതപ്പെടുന്നവരുടെ അറിവിലും പറയലിലും കാണുന്ന വ്യത്യാസങ്ങളും വൈരുധ്യങ്ങളും തന്നെ അതിനു മതിയായ തെളിവാണ്. ജീവതോദ്ദേശ്യ വിവരണങ്ങളെല്ലാം ആഗ്രഹചിന്തകളുടെ ഫലങ്ങളായ സങ്കല്പങ്ങളാണ്. വ്യക്തിജീവിതത്തിന്റെ ഐഹികമെന്നു പറയുന്ന കാലാവധിക്കു മുന്‍പും പിന്‍പും അതിനു തുടര്‍ച്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ അവധിക്കുള്ളില്‍ അത് ഒരു സത്യമാണ്, മിഥ്യയല്ല. അത് സത്യമെന്നുള്ളത് ഉറച്ച വിശ്വാസവും മിഥ്യയെന്നുള്ളതു പറച്ചില്‍ മാത്രവുമാണ്. പൊതുവിലുള്ളതായാലും വ്യക്തിപരമായിട്ടുള്ളതായാലും ജീവതാഡംബരങ്ങളെല്ലാം ഐഹികജീവിതത്തിന്റെ വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജീവിക്കലാണ് ജീവിതത്തിന്റെ മനസ്സിലാക്കാവുന്ന ഒരുദ്ദശ്യം. വാസനകളുടെയും അഭിലാഷങ്ങളുടെയും ദാഹങ്ങള്‍ക്ക് അടിപ്പെടാതെ അതുകളെ നിയന്ത്രണത്തില്‍ വെച്ചും അടക്കേണ്ടത് അടക്കിയും വളര്‍ത്തേണ്ടതു വളര്‍ത്തിയും അതുകളില്‍നിന്ന് ഒഴിഞ്ഞോടാതെ അതുകളില്‍ ഉറ്റുന്ന ഇനിപ്പുകള്‍ ആസ്വദിച്ചും കയ്പുകള്‍ സഹിച്ചും അങ്ങ് ജീവിക്ക മാത്രമേ വ്യക്തികള്‍ക്കു നിവൃത്തിയുള്ളു.''

അവലംബം:

1. ആയുധപ്പഴമയും നരോത്പ്പത്തിയും-ഡോ. എ. അയ്യപ്പന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

2. Ayinapalli Aiyappan – The First Indian Museologist to Serve as Superintendent of the Government Museum, https://www.beaninspirer.com/

3. https://anthrosource.onlinelibrary.wiley.com


Next Story

Related Stories