TopTop
Begin typing your search above and press return to search.

'എന്റെ നായനാരെ എനക്ക് എയിഡ്സാന്ന് ആളോള് പറയുന്നു, ഇല്ലന്ന് നിങ്ങ ഒന്ന് പറയണം'-ഒരു ഓര്‍മ്മ

മെയ് 19 എന്നത് മലയാളികളിൽ പലർക്കും കലണ്ടറിലെ വെറും ഒരു തിയ്യതിയല്ല. അവർക്കതു സാധാരണക്കാരെ സ്നേഹിച്ച, സാധാരണക്കാരാൽ സ്നേഹിക്കപ്പെട്ട ഒരു വലിയ മനുഷ്യന്റെ ഓർമ്മ ദിനമാണ്. അതെ, മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാരുടെ ചരമ വാർഷിക ദിനം. നായനാർ വിട്ടു പിരിഞ്ഞിട്ടു പതിനാറു വര്‍ഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ മലയാളികൾ ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ തെളിവുകൂടിയായിരുന്നു സി പി എം പ്രവർത്തകർ അല്ലാത്തവർ പോലും തങ്ങളുടെ ഫേസ്ബുക് പേജുകളിൽ നായനാരുടെ ചിത്രം പോസ്റ്റ് ചെയ്തതും ചിലർ അദ്ദേഹത്തെക്കുറിച്ചു നല്ല വാക്കുകൾ കുറിച്ചതും. അവരുടെ കൂട്ടത്തിൽ മാധ്യമ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുണ്ട്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന ആദ്യത്തെ ആളൊന്നുമല്ല നായനാർ. അദ്ദേഹത്തിനു മുൻപും ശേഷവും മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും ലഭിക്കാത്ത സ്നേഹവും ബഹുമാനവും എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ പലരും കോമാളിയെന്നു പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച നായനാർക്ക് ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം മനുഷ്യസ്നേഹിയും നിഷ്കളങ്കനുമായിരുന്നു എന്നത് തന്നെയാവും.

ഒരു ജനനായകന്റെ മടക്കം എന്ന തലക്കെട്ടിൽ മാധ്യമം ഫോട്ടോഗ്രാഫർ ബിമൽ തമ്പി എഴുതിയ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ ആരംഭിക്കുന്നു : 'എണ്ണിയാൽ ഒടുങ്ങാത്ത ജനാവലിയോട് യാത്ര പറയാൻ സഖാവ് ഇ കെ നയനാർക്ക് എങ്ങനെ കഴിഞ്ഞു. പതിനാറു വർഷങ്ങൾ മുൻപ് ആ ദിവസം ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുമായി തിരുവനന്തപുരം എ കെ ജി സെന്റർ മുതൽ കണ്ണൂർ പയ്യാമ്പലം വരെ നീണ്ട ജനസമുദ്രം ഒരു രാഷ്ട്രീയക്കാരനോടെന്നതിലുപരി ഒരു പച്ച മനുഷ്യനോടുള്ള നിറഞ്ഞ സ്നേഹമാണ് ഇ കെ നയനാർക്കു നൽകിയത്. അത് വലിയവർക്കും ചെറിയവർക്കും എന്നെപ്പോലുള്ള മാധ്യമ പ്രവർത്തകർക്കും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്...' എന്നു തുടങ്ങുന്ന കുറിപ്പിൽ ബിമൽ മറ്റുള്ളവരുടെ കാര്യത്തിൽ നായനാർക്കുണ്ടായിരുന്ന പ്രത്യേക കരുതലിനെക്കുറിച്ചുള്ള ഒരു നേർ അനുഭവവും പങ്കുവെക്കുന്നുണ്ട്. ' ഒരിക്കൽ ദർബാർ ഹാളിൽ നടന്ന ഒരു ചടങ്ങിൽ, കേരള ഗവർണർക്കു പ്രധാനപ്പെട്ട ഒരു രേഖ കൈമാറുന്ന ചടങ്ങാണ് എന്നാണ് എന്റെ ഓർമ, എന്തോകാരണത്താൽ നിമിഷങ്ങൾ വൈകി ഓടിക്കിതച്ചെത്തിയ എന്നെ കണ്ട് , എന്റെ അവസ്ഥ കണ്ടിട്ടാവും ഗവർണർക്കു കൈമാറിയ ഫയൽ മടക്കി വാങ്ങി " ഓന് ഫോട്ടോ കിട്ടിയില്ല " എന്നു പറഞ്ഞു എനിക്കുവേണ്ടി മാത്രം പോസു ചെയ്യുമ്പോൾ സത്യമാണോ സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ എനിക്ക് ഏറെ സമയം വേണ്ടിവന്നു.'

'സഖാവ് മിന്നിച്ചു കേട്ടാ'; നായനാർ ഓർമദിനത്തിൽ തെളിയുന്ന ചിലത്' എന്ന തലക്കെട്ടിൽ പ്രസാർ ഭാരതി ന്യൂസ് സർവീസിൽ കണ്ടെന്റ് എഡിറ്റർ ആയ സഞ്ജയ് മോഹൻ ഇന്ത്യൻ എക്സ്പ്രസ്സിന്റെ മലയാളം വെബ് പോർട്ടലായ ഐ ഇ മലയാളത്തിൽ എഴുതിയ കുറിപ്പിലും നായനാരുടെ നിഷ്കളങ്കതയും മനുഷ്യ സ്നേഹവും തെളിഞ്ഞുനിൽക്കുന്നുണ്ട്. ഇ. കെ നായനാരെപ്പോലുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്നു കരുതിപ്പോകുന്ന എത്രയോ ദിവസങ്ങളും സന്ദര്‍ഭങ്ങളുമാണിപ്പോഴും. കാന്തികശക്തിയോടെ ജനങ്ങളെ ആകർഷിക്കുന്ന അതികായരും പ്രശസ്തരുമായ നേതാക്കളുടെ പൊതുജനമധ്യേയുള്ള പ്രഭാഷണങ്ങൾ പലപ്പോഴും ഇന്ന് ഒരു നഷ്ടബോധമാകുന്നു എന്നതാണ് വാസ്തവം. സഖാവ് ഇ എം എസ്സിന്റെ പ്രഭാഷണങ്ങൾ പോലെ തന്നെ നായനാരുടെ പ്രസംഗങ്ങളും കേൾക്കാൻ ആളു കൂടുമായിരുന്നു. ഇ എം എസ്സിന്റേതു കനമുള്ളതും ബുദ്ധിപരവും ആയിരുന്നുവെങ്കിൽ, നായനാരുടേത് ജനക്കൂട്ടത്തെ നേരിട്ടു ചെന്നു തൊടുന്ന തരത്തിൽ നർമലളിതവും അനുകരണീയമേയല്ലാത്തതും ആയിരുന്നു ....' എന്നു തുടങ്ങുന്ന കുറിപ്പിൽ ഒരു ദ്രശ്യ മാധ്യമത്തിനുവേണ്ടി നായനാരെ ഇന്റർവ്യൂ ചെയ്യുന്ന വേളയിൽ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുന്നുണ്ട്, സഞ്ജയ് മോഹൻ.

സഞ്ജയ് മോഹൻ എഴുതുന്നു : " ദൃശ്യ മാധ്യമ രംഗത്ത് ജോലിയെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പല രാഷ്ട്രീയ റാലികളും മുഖ്യമന്ത്രിയെന്ന നിലയിലും സി പി എം നേതാവെന്ന നിലയിലും അദ്ദേഹം പങ്കെടുത്ത പല പരിപാടികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 90 കളുടെ പകുതിയിലെപ്പോഴോ തിരുവനന്തപുരത്തു വഴുതക്കാട്ടുള്ള അദ്ദഹത്തിന്റെ കൊച്ചു വീട്ടിൽ വെച്ച് നടന്ന ഒരു അഭിമുഖം എല്ലാറ്റിലും മീതെ ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ട്. ജനലരികിൽ ഒരു ചാരുകസ്സേരയിൽ ഇരിക്കുകയായിരുന്നു സഖാവ്. ക്രൂ ക്യാമറ സെറ്റു ചെയ്യുന്നു. അതിനിടെ ഒരു മീൻവിൽപ്പനക്കാരി തലയിലൊരു വലിയൊരു കുട്ടയുമായി ഗേറ്റു കടന്നുവരുന്നു. അവരുടെ മുഖത്തേക്കു നോക്കിയാലേ അറിയാം അവരെന്തോ പറയാൻ വെമ്പി നിൽക്കുകയാണെന്ന്. നായനാർ ഇരിക്കുന്ന ജനാലക്കരികിലെത്തിയതും അവർ പറഞ്ഞു . ' ഇന്നലെ സഖാവ് മിന്നിച്ചു കേട്ടാ ...' അത് കേട്ടതും പ്രസന്ന ഭാവത്തിലായ നായനാര് ചോദിച്ചു. ' ഇങ്ങളവിടെ ഉണ്ടായിരുന്നോ?'

സഞ്ജയ് മോഹൻ തുടരുന്നു: 'യാതൊരു പ്രകടനപരതയുമില്ലാതെ അതിസാധാരണക്കാരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവ് , ആ ലാളിത്യം, അത്ഭുതപ്പെടുത്തുന്നതായിരുന്നു. നമ്മുടെ നേതാക്കളിൽ പലരും അധികാരത്തിന്റെ പടവുകൾ കയറുന്നതോടെ സാധാരണക്കാർക്ക് അപ്രാപ്യരും അവരുമായി യാതൊരു ബന്ധവുമില്ലാത്തവരുമായി തീരാറേയുള്ളു. അപ്പോഴാണ് ഇവിടെ ഒരു സാധാരണക്കാരി നേരിട്ട് പാർട്ടിയിലെ പ്രബലനും ഇതിനകം രണ്ടു തവണ മുഖ്യമന്ത്രിയുമായിക്കഴിഞ്ഞ നായനാരോട് ഇന്നലെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തിയ പ്രസംഗം ഞെട്ടിച്ചു, രോമാഞ്ചമുണ്ടാക്കി, തീപ്പൊരിയായിരുന്നു എന്നൊക്കെ പറയുന്നത്.'

സാധാരണക്കാരിൽ സാധാരണക്കാരായവർക്കു പോലും ഭയാശങ്ക കൂടാതെ സമീപിക്കാൻ പറ്റിയ ഒരു നേതാവായിരുന്നു നായനാർ. സാധാരണ ജനങ്ങൾക്ക് നായനാരെ എത്രമാത്രം വിശ്വാസം ആയിരുന്നു എന്നതിന് നിരവധി നേർ അനുഭവങ്ങൾ ഇപ്പോൾ ഈ കുറിപ്പെഴുതുന്ന എനിക്കും നിരത്താനാവും. അതിൽ പലതും മുൻപും 'അഴിമുഖം' അടക്കം പലതിലും എഴുതിക്കഴിഞ്ഞതാകയാൽ വീണ്ടും ആവർത്തിക്കുന്നില്ല. എങ്കിലും ഏറെ രസകരവും ദുർവ്യാഖ്യാന ഭയം നിമിത്തം മുൻപ് എഴുതാത്തതുമായ ഒന്ന് ഇവിടെ കുറിക്കുന്നു. വേശ്യ എന്നു ജനം മുദ്രകുത്തിയ ഒരു സ്ത്രീ ഒരിക്കൽ നായനാർ പ്രസംഗിച്ചു കൊണ്ട് നിൽക്കേ വേദിയിലേക്ക് ഓടിക്കയറി ചെന്നു. 'എന്റെ നായനാരെ എനക്ക് എയിഡ്സാന്ന് ആളോള് പറയുന്നു. ഇല്ലന്ന് നിങ്ങ ഒന്ന് പറയണം', നായനാരുടെ കൈ പിടിച്ചുകൊണ്ടു അവർ പറഞ്ഞു. ആയിടക്ക് ഒരു സായാഹ്ന പത്രത്തിൽ ആ സ്ത്രീക്ക് എയിഡ്സ് ആണെന്ന രീതിയിൽ ഒരു വാർത്ത വന്നിരുന്നു. തനിക്കു എയിഡ്സ് ഇല്ലെന്നു നായനാർ പറഞ്ഞാൽ ജനം അത് വിശ്വസിക്കും എന്ന വിശ്വാസമാണ് അന്നാ സ്ത്രീയെ പ്രസംഗ വേദിയിൽ പാഞ്ഞുകയറാൻ പ്രേരിപ്പിച്ചത്.

ജനകീയ നേതാവായിരുന്ന ഇ കെ നായരുടെ ഓർമ ദിനവുമായി ബന്ധപ്പെട്ടു സദുദ്ദേശപരമായി വന്ന കുറിപ്പുകളെക്കുറിച്ചാണ് ഈ കുറിപ്പിൽ ഇതുവരെ പരാമർശിച്ചത്. എന്നാൽ നായരെ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പ് എയ്യാനും ചിലർ ഈ അവസരം ഉപയോഗപ്പെടുത്തിയെന്നതും കാണാതെ പോകാൻ ആവില്ല. അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് നടനും ബി ജെ പി യുടെ രാജ്യസഭാ എം പി യുമായ സുരേഷ് ഗോപിയുടെ ' ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു' എന്നു തുടങ്ങുന്ന ഫേസ്ബുക് കുറിപ്പ്. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തു ഏഷ്യാനെറ്റ് ചാനൽ അവതരിപ്പിച്ചിരുന്ന നായനാരുടെ ജനങ്ങളുമായുള്ള സംവാദത്തിന്റെ വീഡിയോ സഹിതമാണ് സുരേഷ് ഗോപി, നായനാരെ പ്രശംസ കൊണ്ട് മൂടുന്നത്. 'എന്തിനാ സഖാവെ ഈ കേരളത്തെ അനാഥമാക്കികൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്'.സുരേഷ് ഗോപി തന്റെ കുറിപ്പിൽ പറയുന്നു. നായനാർ ജീവിച്ചിരുന്ന കാലത്തു സുരേഷ് ഗോപിക്ക് നായനാരെക്കുറിച്ചു ഇതേ അഭിപ്രായം തന്നെയായിരുന്നോ എന്നറിയില്ല. പക്ഷെ ഒന്നറിയാം. രാഷ്ട്രീയം തലയ്ക്കു പിടിച്ച കാലത്തു ആദ്യം കോൺഗ്രസ്സിലേക്കായിരുന്നു ടിയാന്റെ നോട്ടം. വേണമെങ്കിൽ എൽ ഡി എഫിലും ഒരു കൈ നോക്കാം എന്ന നിലയുമുണ്ടായിരുന്നു. രണ്ടിടത്തു നിന്നും ടിക്കറ്റ് തരപ്പെടാതെ വന്നപ്പോഴാണ് ബി ജെ പി യിൽ ചേക്കേറിയത്. 2006 ലെ കേരള നിയമ സഭ തിരെഞ്ഞെടുപ്പിൽ സുരേഷ് ഗോപി സ്വീകരിച്ച ഇരട്ട നിലപാടുകൂടി മാന്യ വായനക്കാർ അറിയിഞ്ഞിരിക്കേണ്ടതാണ്. ആ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കോൺഗ്രസ് നേതാവും സുരേഷ് ഗോപിയുടെ അമ്മാവനായ എം പി ഗംഗാധരൻ ആയിരുന്നു. സി പി എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി ആയിരുന്നു പ്രധാന എതിരാളി. പൊന്നാനിയിൽ യു ഡി എഫ് സ്ഥാനാർഥിയായ സ്വന്തം അമ്മാവനുവേണ്ടി പ്രസംഗിച്ച സുരേഷ് ഗോപി അതെ ദിവസം തന്നെ നേരെ പോയത് മലമ്പുഴയിലേക്കായിരുന്നു, അവിടെ സഖാവ് വി എസ് അച്യുതാന്ദനുവേണ്ടി പ്രസംഗിക്കാൻ. ഈ ഇരട്ട താപ്പിൽ നിന്നുതന്നെ അറിയാമല്ലോ നമ്മുടെ സുരേഷ് ഗോപിയാരാ മോൻ എന്ന്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories