TopTop
Begin typing your search above and press return to search.

ആര്‍എസ്എസ്, പശു, കാശ്മീര്‍; ഇന്നായിരുന്നെങ്കില്‍ ജയപ്രകാശ് നാരായണ്‍ രാജ്യദ്രോഹിയായി മാറിയേനെ

ആര്‍എസ്എസ്, പശു, കാശ്മീര്‍; ഇന്നായിരുന്നെങ്കില്‍ ജയപ്രകാശ് നാരായണ്‍ രാജ്യദ്രോഹിയായി മാറിയേനെ

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉയർത്തിപ്പിടിച്ച ആശയസംഹിതയുടെ ആണിക്കല്ലായിരുന്നു സ്വാതന്ത്ര്യം എന്ന സങ്കൽപം. ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഭയവും വെറുപ്പുമായിരുന്നു മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തിനു ഭീഷണി ഉയർത്തുന്ന വികാരങ്ങൾ. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ നാം കണ്ടുകൊണ്ടിരിക്കുന്നത് ഭയവും വെറുപ്പും ആയുധങ്ങളാക്കിയ ഒരു ഭരണകൂടം രാജ്യത്തെ അതിന്റെ വരുതിയിൽ കൊണ്ടുവരുന്നതാണ്. ഗാന്ധിജി സ്വജീവിതം തന്നെ ബലികൊടുത്തു നമുക്കു നേടിത്തന്ന സ്വാതന്ത്ര്യം എവിടെ? ഗാന്ധിജിയുടെ അനുയായികളിൽ പ്രധാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ (ജെ.പി) നൂറ്റിപതിനേഴാം ജന്മവാർഷികം ഒക്ടോബർ 11 നു ആചരിക്കവേ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഈ മുന്നണിപോരാളി പ്രതിനിധാനം ചെയ്ത രാഷ്ട്രീയം എന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. അഹിംസയും ആക്രമോത്സുകതയും സമ്മേളിച്ച ഒരു വ്യക്തിത്വമായിരുന്നു നാരായണന്റേത്.

ജെ.പി യുടെ പ്രഭാവം വെളിവാകുന്ന ഉജ്ജ്വലമായ ഒരേടുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ. 1942 നവംബർ 8 നു, ഒരു ദീപാവലി രാത്രിയിൽ, ജെ.പി ഹസാരിബാഗിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് രക്ഷപെട്ടു. ഇതിനു പിന്നാലെ, ജെ.പിയെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ ബ്രിട്ടീഷ് ഭരണകൂടം വ്യാപകമായ തിരച്ചിൽ തന്നെ നടത്തി. അതേ വർഷം ഓഗസ്റ്റ് 8 നു ഗാന്ധിജി തുടക്കം കുറിക്കുകയും എന്നാൽ പിന്നീട് നിർജ്ജീവാവസ്ഥയിലാകുകയും ചെയ്ത ക്വിറ്റ് ഇന്ത്യ സമരം വീണ്ടും ആളിക്കത്തുന്നതിനു ജെ.പി യുടെ രക്ഷപ്പെടലും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനന്തരനടപടികളും നിമിത്തമായി. ഇങ്ങനെ ശക്തിയാർജ്ജിച്ച ക്വിറ്റ് ഇന്ത്യ സമരവും അതിന്റെ അലയൊലികളും ചെന്നെത്തിയത് ബ്രിട്ടീഷ് രാജിന്റെ പതനത്തിലും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിലുമാണ്.

ജയിലിൽ തന്റെ സഹതടവുകാരനും സുഹൃത്തുമായിരുന്ന എ.പി സിൻഹയെ തന്നോടൊപ്പം രക്ഷപെടാൻ ജെ.പി നിർബന്ധിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് :"ജെ.പി, താങ്കളോടൊപ്പം ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്...അതുകൊണ്ട് താങ്കളുടെ ഈ ശ്രമത്തിനു സഹായിയാകാൻ എന്നെ അനുവദിക്കൂ. ജനങ്ങളെ പ്രചോദിതരാക്കാനുള്ള ഒരു അഭിനിവേശം നിങ്ങളിലുണ്ട്. അവരെ ബലിദാനത്തിന്റെയും ത്യാഗങ്ങളുടെയും പാതയിലൂടെ നയിക്കാൻ നിങ്ങൾക്കാകും. നിങ്ങളൊരു മഹാനായ ദേശീയ നേതാവാണ്."

1975 ജൂൺ 25-26 രാത്രിയിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയും അതെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും സിൻഹയുടെ വാക്കുകൾ എത്ര പ്രവചനാത്മകമായിരുന്നെന്നു തെളിയിച്ചു. 20 മാസത്തോളം നീണ്ട അടിയന്തരാവസ്ഥാക്കാലത്തു രാജ്യത്താകെ നിരാശയും ഭീതിയും പടർന്നു. പ്രതീക്ഷയുടെ ഒരു ചെറു കണിക പോലും അവശേഷിപ്പിക്കാതെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം പതിയെ ആണെങ്കിലും വ്യക്തമായി സ്വേച്ഛാധിപത്യത്തിലേയ്ക് നീങ്ങിക്കൊണ്ടിരുന്ന നാളുകൾ. എന്നാൽ ഇതിനെല്ലാം ഇടയിൽ ഒരു മനുഷ്യൻ മാത്രം പൊരുതിക്കൊണ്ടിരുന്നു. തന്നെ കീഴടക്കിയ അനാരോഗ്യത്തെയും മറ്റു പ്രതിസന്ധികളെയും നേരിട്ട് ജെ.പി സ്വാതന്ത്ര്യത്തിനായി ശബ്‌ദിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ആറു മാസം ചണ്ഡീഗഡിലെ തടവറയിലും പിന്നീട് ബോംബയിലെ ജസ്‌ലോക് ആശുപത്രിയിലെ ഡയാലിസിസ് കിടക്കയിലും അതിനു ശേഷം പാറ്റ്നയിലെ ഒരു സ്പാർട്ടൻ ഹൌസിലും ജെ.പി പ്രവർത്തനനിരതനായി. ആരോഗ്യം ക്ഷയിച്ചു ഏറ്റവും തളർന്നിരിക്കുന്ന അവസ്ഥയിലും ജെ.പി യിലെ പോരാളി ഇന്ദിരയെന്ന വൻശക്തിയെ വെല്ലുവിളിച്ചു. തകർക്കാനാകാത്ത പോരാട്ടവീര്യം പ്രദർശിപ്പിച്ച ജെ.പിയുടെ ശ്രമഫലമായി, പ്രഖ്യാപിക്കപ്പെട്ടു രണ്ടു വർഷം തികയുന്നതിനു മുൻപേ അടിയന്തരാവസ്ഥ പിൻവലിക്കപെട്ടു. സ്വാതന്ത്ര്യത്തിന്റെയും ജനാധ്യപത്യത്തിന്റെയും പാതയിലേയ്ക് ഇന്ത്യ തിരിച്ചുവന്നു. ഈ സംഭവങ്ങളുടെയെല്ലാം ജീവിക്കുന്ന ദൃക്‌സാക്ഷി ആണ് ഞാൻ.

മുൻ അമേരിക്കൻ പ്രസിഡന്റ് ആയ ബിൽ ക്ലിന്റൺ ഒരിക്കൽ പറഞ്ഞു: "ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം സ്വാതന്ത്ര്യത്തിന്റെ വിജയത്തിന്റേതാണ്. ഇരുപതാം നൂറ്റാണ്ടു പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിച്ചു, പൊരുതി മരിച്ചവരുടെ സംഭാവനകളെയും നമ്മൾ ഒരിക്കലും മറക്കരുത്." ലോകജനതയുടെ ആറിലൊന്നും ജീവിക്കുന്ന നമ്മുടെ രാജ്യത്തു സ്വാതന്ത്ര്യം പുലരാൻ വേണ്ടി ഇത്തരത്തിൽ "അക്ഷീണം പ്രവർത്തിച്ചു,പൊരുതി മരിച്ച" മഹാന്മാരായ നേതാക്കളിൽ ഒരാളാണ് ജെ.പി. അതും ഒന്നല്ല, രണ്ടു തവണ. ആദ്യത്തെ തവണ വിദേശ ഭരണത്തിനെതിരെ ഗാന്ധിജിയുടെ ഒപ്പം നിന്നുകൊണ്ടും, പിന്നീട്, ദുഷ്ടലാക്കോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജനജീവിതം ദുസ്സഹമാക്കിയ ഭരണകൂടത്തിനെതിരെ സ്വന്തം നിലയ്ക്കും ജെ.പി പടനയിച്ചു. എന്നാൽ ഇന്ന്, ഈ 2019 ലെ, സംഭവവികാസങ്ങൾ കാണുമ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം സ്വാതന്ത്ര്യത്തിന്റെ പരാജയത്തിന്റേത് ആകുമോ എന്ന് തോന്നിപ്പോകുന്നു.

കാര്യങ്ങൾ അങ്ങനെയിരിക്കെ, സ്വാതന്ത്ര്യാനന്തരം ഒരു രാഷ്ട്രീയ ശക്തിയായി വളർന്ന, ഇന്ത്യയെ ദശകങ്ങളോളം ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഗാന്ധിജിയുടെ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ എന്നാണ് പൊതുവെയുള്ള ധാരണ. അതുപോലെ ആദ്യം 1999 ലും പിന്നീട് 2014 ലും ഇന്ത്യയിൽ ഭരണത്തിലേറിയ ഇപ്പോഴും ഭരണത്തിലുള്ള ബി.ജെ.പി അവകാശപ്പെടുന്നത് പോലെ അവരാണ് ജെ.പി യുടെ പിൻഗാമികൾ എന്നും കരുതപ്പെടുന്നു.

ആർ.എസ്.എസ്സും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും ജെ.പിയുടെ പാരമ്പര്യം അവകാശപ്പെടാൻ ശ്രമിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. മുൻ പ്രധാനമന്ത്രി ആയ എ.ബി വാജ്‌പേയി ആണ് ജെ.പി യ്ക്ക് ഏറ്റവും ഹൃദയഹാരിയായി ആദരാഞ്ജലികൾ അർപ്പിച്ചത്. വാജ്‌പേയിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു: "ജെ.പി ഒരു വ്യക്തി മാത്രമായിരുന്നില്ല. മറിച്ചു മനുഷ്യത്വത്തിന്റെ ഒരു പ്രതീകമായിരുന്നു. ജയപ്രകാശ് നാരായണനെ ഓർക്കുമ്പോൾ രണ്ടു ചിത്രങ്ങളാണ് നമ്മുടെ മനസ്സിൽ തെളിയുക. ആദ്യത്തേത് ശരശയ്യയിൽ കിടക്കുന്ന ഭീഷ്മപിതാമഹന്റെതാണ്. ഇനിയൊന്നു കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തുവിന്റേതും. ക്രിസ്തുവിന്റെ ത്യാഗങ്ങളെയാണ് ജെ.പി യുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്." ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.പി യെ വിശേഷിപ്പിച്ചത് "വഴി തെളിക്കുന്ന മാർഗ്ഗദീപം" എന്നാണ്. ജെ.പി ഒരു മാതൃകയാണെന്ന് പറഞ്ഞ മോദി ജെ.പിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നു പ്രതിജ്ഞയും ചെയ്തു.

ഗാന്ധിയുടേതിന് സമാനമായ പാരമ്പര്യമാണ് ജെ.പിയുടേത്. ഗാന്ധിയ്ക്ക് ശേഷമുള്ള ഇന്ത്യയിൽ ഉയരുന്ന പല വിഷയങ്ങളിലും ജെ.പിയുടെ നിലപാടുകൾ പ്രസക്തവുമാണ്. കാലികപ്രസക്തിയുള്ള അത്തരം ചില വിഷയങ്ങളെ ജെ.പിയുടെ സ്വന്തം വാക്കുകളിലൂടെ നമുക്ക് വിലയിരുത്താം.

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്നുള്ളത് എന്റെ ജീവിതത്തിലെ ഒരു മാർഗ്ഗദീപമായി മാറുകയും പിന്നീടങ്ങോട്ട് അങ്ങനെ തന്നെ നിലകൊള്ളുകയും ചെയ്തിട്ടുള്ള ഒരാശയമാണ്. എല്ലാത്തിനുമുപരി എനിക്ക് സ്വാതന്ത്ര്യമെന്നാൽ മനുഷ്യ വ്യക്തിത്വത്തിന്റെ, മനസ്സിന്റെ, ആത്‌മാവിന്റെ സ്വാതന്ത്ര്യമാണ്. ഇതെന്റെ ജീവിതത്തിലെ ഒരു അഭിനിവേശമാണ്. ഭക്ഷണത്തിനു വേണ്ടിയോ, സുരക്ഷ, സമൃദ്ധി, രാജ്യത്തിന്റെ യശസ്സ് അങ്ങനെ ഒന്നിന് വേണ്ടിയോ എന്റെ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ഒരുക്കമല്ല.

ജനാധിപത്യം

ഇന്ത്യയുടെ ജനാധിപത്യമെന്നാൽ സുശക്തമായ ഒരു അടിത്തറയിൽ നിന്ന് പടിപടിയായി ഉയർന്നു വരേണ്ട ഒന്നാണ്. കൃഷിയെയും വ്യവസായത്തെയും ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങൾ ഉൾപ്പെട്ട, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്വയംഭരണാവകാശമുള്ള സ്വാശ്രയ സംഘങ്ങൾ ഗ്രാമസഭകളുടെയും പഞ്ചായത്ത് സമിതികളുടെയും ജില്ലാ പരിഷത്തുകളുടെയും ഭാഗമാകണം. അവ വിധാൻ സഭകളുടെയും ലോക്സഭയുടെയും അടിസ്ഥാനമാകുകയും ചെയ്യണം. ഈ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങൾ ജനങ്ങളുടെയും രാജ്യത്തിന്റെ ഒട്ടാകെയും പുരോഗതിയ്ക്കു ഉതകുന്ന തരത്തിൽ പ്രകൃതിവിഭവങ്ങളുടെ വിനിയോഗം നിയന്ത്രിക്കണം.

വികസനം

വികസനത്തെക്കുറിച്ചുള്ള ജെ.പിയുടെ കാഴ്ചപ്പാട് ഇന്ത്യയെ നോക്കികാണുന്നത് "സുഈ ജെനെറിസ് "അഥവാ മറ്റെല്ലാ സമൂഹത്തിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ഒന്ന് എന്ന നിലയ്ക്കാണ്. വികസനത്തിന്റെ പാശ്ചാത്യ മാതൃകകളിലെ പ്രധാന ഘടകങ്ങളായ അതിവ്യവസായവത്ക്കരണം, നഗരവത്ക്കരണം, വ്യക്തിവത്ക്കരണം എന്നിവയൊന്നും പകർത്താതെ തനതായ രീതിയിൽ പുരോഗതി സാധ്യമാക്കുന്ന ഒരു സമൂഹം. സാമ്പത്തിക വളർച്ചയ്ക് വേറിട്ട വഴി സ്വീകരിക്കുന്ന, കാർഷികാടിസ്ഥാനത്തിലുള്ള ഒരു സാമ്പത്തിക വ്യവസ്ഥയാകും ഇന്ത്യയുടേത്. പ്രകൃതിയെയും ഉപജീവനമാർഗങ്ങളെയും സംരക്ഷിക്കുന്ന അത് ആവശ്യാധിഷ്ഠിതവും സമീകൃതവും ആയിരിക്കും. ഇതുറപ്പാകുന്ന വികസനപ്രക്രിയ ജനാധിപത്യപരവും വികേന്ദ്രീകൃതവും. ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ച വികസനമാതൃക വൈവിധ്യപൂർണ്ണവും, ജനാധ്യപത്യപരവും, വികേന്ദ്രീകൃതവും ആയ ഒന്നാണ്. മൂല്യവർധിത കാർഷികവൃത്തി വേരും ഉത്പ്പാദന മേഖലയിലെ ചെറുകിട,ഇടത്തരം വ്യവസായങ്ങൾ തടിയും ശിഖരങ്ങളും വിപുലമായ സേവനമേഖല മേലാപ്പുമാകുന്ന ഒരു വൃക്ഷത്തിന് സമാനമായ ഒന്ന്. കേന്ദ്രീകൃതമായ രാഷ്ട്രീയ, സാമ്പത്തിക മാതൃകകളും അതിനു സഹായകമാകുന്ന ഒരു സാമൂഹിക ഘടനയും സ്വീകരിക്കാനുള്ള സാർവത്രിക പ്രവണത ലംഘിക്കുന്നതാകണം ഇന്ത്യയുടെ വികസനപ്രക്രിയ.

വർഗ്ഗീയത

ഒരുവിധം എല്ലാ മതങ്ങൾക്കും അതിനോട് ബന്ധപ്പെട്ട വർഗീയ പ്രവണതകൾ ഉണ്ടെങ്കിലും ഹിന്ദു വർഗ്ഗീയത ബാക്കി എല്ലാത്തിനേക്കാളും അപകടകാരിയാണ്. ഹിന്ദു വർഗ്ഗീയതയെ വളരെ എളുപ്പത്തിൽ ഇന്ത്യൻ ദേശീയതയായി അവതരിപ്പിക്കാൻ കഴിയും എന്നതിനാലാണത്. ഇത്തരം വർഗ്ഗീയതയോടുയരുന്ന എല്ലാ എതിർശബ്ദങ്ങളും ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുകയും ചെയ്യും.

ഹിന്ദുത്വ

ഇന്ത്യയെന്നാൽ ഹിന്ദുവെന്നും ഇന്ത്യൻ ചരിത്രമെന്നാൽ ഹിന്ദുക്കളുടെ ചരിത്രമെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയെന്ന ദേശത്തിന്റെ മഹത്വത്തെയും ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹിമയെയും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാർ, വിചിത്രമെന്നു തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഹിന്ദു മതത്തിന്റെയും ഹിന്ദുക്കളുടെ തന്നെയും ശത്രുക്കളാണ്. മഹത്തായ ഒരു മതത്തെയും അത് നിഷ്കർഷിക്കുന്ന സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെയും വളച്ചൊടിക്കുന്ന ഇവർ ഹിന്ദുക്കൾ ഭൂരിപക്ഷമാകുന്ന ഈ രാഷ്ട്രത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ഹിന്ദു രാഷ്ട്ര

"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി നടന്ന നീണ്ട പോരാട്ടത്തിനൊടുവിൽ, വിഭാഗീയതകളില്ലാത്ത, യോജിപ്പോടെ നിലനിൽക്കുന്ന ഒരു രാഷ്ട്രം എന്ന വ്യക്തമായ ആശയം ഉയർന്നു വന്നു." വിഭജനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയം പറഞ്ഞവരെല്ലാം ഈ രാഷ്ട്രസങ്കല്പത്തിനു പുറത്താക്കുകയും ചെയ്തു. ഇന്ന് ഉയർന്നു വരുന്ന, അസഹിഷ്ണുതയും ശത്രുതാമനോഭാവവും മുഖമുദ്രയാക്കിയ ദേശീയത അത് കൊണ്ട് തന്നെ സ്വാതന്ത്ര്യ സമരകാലത്തെ രാഷ്ട്രസങ്കല്പത്തിനും അതിനു പിന്നിലുള്ളവരുടെ ഭാവനകൾക്കും നേർവിപരീതമായാണ് നിലകൊള്ളുന്നത്.

ആർ.എസ്.എസ്

ഗാന്ധിയുടെ കൊലപാതകത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് സംശയത്തിന്റെ നിഴലിലായപ്പോൾ , ആർ.എസ്.എസ് പൂർണ്ണമായ അർത്ഥത്തിൽ ഒരു സാംസ്‌കാരിക സംഘടനയാണോ എന്നതിനെച്ചൊല്ലി ഒരുപാടു എതിരഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാലിന്ന്, മതേതര കക്ഷികളുടെ ജാഗ്രതക്കുറവിൽ നിന്ന് ധൈര്യമാർജിച്ചു, ആർ.എസ്.എസ് അതിന്റെ നാട്യങ്ങളെല്ലാം ഉപേക്ഷിക്കുകയും ഭാരതീയ ജന സംഘിന് പിന്നിലെ ചാലകശക്തിയായി വെളിച്ചത്തു വന്നിരിക്കുകയുമാണ്. ആർ.എസ്.എസ്സുമായുള്ള ആഴത്തിലുള്ള ബന്ധങ്ങൾ ഉപേക്ഷിക്കാത്തിടത്തോളം ജന സംഘിന്റെ മതേതര കക്ഷി എന്ന നിലയ്ക്കുള്ള അവകാശവാദങ്ങളും പ്രതിഷേധങ്ങളും ഒരിക്കലും അംഗീകരിക്കപ്പെടുകയില്ല. അതുപോലെ, ഒരു രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണം കൈയ്യാളുന്ന ആർ.എസ്.എസ്സിനെ ഒരു തരത്തിലും ഒരു സാംസ്‌കാരിക സംഘടനയായി പരിഗണിക്കാനുമാകില്ല.(1968)

ഇന്ത്യ എന്ന രാഷ്ട്രത്തെ ഒരു ഹിന്ദു രാഷ്ട്രമായാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്നത്. ഇതരമതസ്ഥർ രണ്ടാംകിട പൗരന്മായിരിക്കാൻ ഒരിക്കലും തയ്യാറാകില്ല എന്നതു കൊണ്ട് തന്നെ ഇത്തരമൊരു സങ്കൽപം ദേശീയോദ്ഗ്രഥനത്തിനു ഭീഷണിയാണ്. നിരന്തരമായ സംഘർഷത്തിനും ഒടുവിൽ സർവ്വനാശത്തിനു തന്നെയും ഇത് കാരണമാകും. 'ഹിന്ദു രാഷ്ട്രം എന്ന ആശയം ഉപേക്ഷിച്ചു മതേതരവും ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്നതുമായ ഇന്ത്യൻ ദേശീയതയെ അംഗീകരിക്കാൻ ആർ.എസ്.എസ് സന്നദ്ധരാകണം." (1977)

പശുക്കൾ

ഒരുകാലത്തു ഹിന്ദുക്കളുടെ പ്രധാന ഭക്ഷണപദാർത്ഥമായിരുന്നു പശുവിറച്ചി എന്നതിൽ നിന്ന്, ഗോവധം പാപമാണെന്നുള്ള ഹിന്ദു സങ്കല്പത്തിന് പ്രാചീന വിശ്വാസമായോ ആചാരങ്ങളായോ ബന്ധമില്ലെന്ന് മനസ്സിലാക്കാം. മറിച്ചു, വേദാധിഷ്ടിതമല്ലാത്ത ഹിന്ദു മതങ്ങളായ ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വരവോടെ ഭാരതീയർക്കിടയിൽ സാവധാനം വളർന്ന ആത്‌മീയതയാകാം ഇത്തരമൊരു ചിന്തയ്ക്കു പിന്നിലെന്ന് അനുമാനിക്കാവുന്നതാണ്. കാലക്രമേണ, മനുഷ്യജീവനോടുള്ള ആദരവ് വർധിച്ചു വന്നതിനൊപ്പം അഹിംസ എന്നത് മനുഷ്യബന്ധങ്ങളിലെ ഒരു സഹജസ്വഭാവമായി വളർന്നുവന്നതാകാം.

കാശ്മീർ

കാശ്മീരി ജനതയെ ബലം പ്രയോഗിച്ചു അടിച്ചമർത്താൻ ഇന്ത്യ ശ്രമിച്ചാൽ അത് ഇന്ത്യയുടെ ആത്മാവിനെ കുരുതി കൊടുക്കുന്നതിനു തുല്യമാകും. അതിനു പകരം, മൂന്ന് വിഷയങ്ങളിൽ മാത്രം (വാർത്താവിനിമയം, വിദേശകാര്യം, പ്രതിരോധം) കേന്ദ്ര സർക്കാരിന് കാശ്മീരിന് മേൽ അധികാരമുണ്ടായിരുന്ന പഴയ സംവിധാനത്തിലേയ്ക് തിരികെ പോവുക എന്നതാണ് സർക്കാർ ചെയ്യേണ്ട കാര്യം. സാധ്യമായത്ര സ്വയംഭരണം കാശ്മീരിന് അനുവദിക്കുക എന്നതാണിതിനർത്ഥം. "കാശ്മീരി ജനതയ്ക്കുമേൽ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തുകയോ അവരുടെ അവകാശങ്ങൾ നിഷേധിക്കുകയോ കോളനിവത്കരണത്തിലൂടെ അവിടെയുള്ളവരുടെ വർഗ്ഗപരവും മതപരവുമായ സവിശേഷതകൾ മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് രാഷ്ട്രീയപരമായി ഒട്ടും മാന്യതയില്ലാത്ത പ്രവർത്തി ആകുമെന്നാണ് എന്റെ അഭിപ്രായം."

"കാശ്മീർ വിഷയം മൂലം ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മുൻപൊന്നുമില്ലാത്തവണ്ണം കാര്യമായ കോട്ടം സംഭവിച്ചിട്ടുണ്ട്." ഈ കളങ്കം മായ്കാനുള്ള ഒരേയൊരു വഴി കാശ്മീരികൾക്കു "പൂർണ്ണ ആഭ്യന്തര സ്വയംഭരണം അഥവാ അക്‌സെഷനിലെ വ്യവസ്ഥകളിലേക്കുള്ള തിരിച്ചുപോക്ക്" ഉറപ്പുകൊടുക്കുക എന്നതാണ്. വർഷങ്ങൾ കടന്നുപോകുമ്പോൾ കാശ്മീരി ജനതയുടെ പ്രതിഷേധം കെട്ടടങ്ങുമെന്നും അപ്പോൾ പൂർണ്ണസമ്മതത്തോടെയല്ലെങ്കിലും അവരെ ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ നിർബന്ധിക്കാമെന്നും കരുതുന്നത് വ്യർത്ഥമാണ്. കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അവിടെയല്ലായിരുനെങ്കിൽ ചിലപ്പോൾ അങ്ങനെ സംഭവിച്ചേനേ. എന്നാൽ കശ്മീരിന്റെ സ്ഥാനവും അവിടത്തെ ജനങ്ങളുടെ ഇടയിലെ അതൃപ്തിയും കണക്കിലെടുക്കുമ്പോൾ പാക്കിസ്ഥാൻ ഒരിക്കലും കാശ്മീരിൽ നിന്നും കണ്ണെടുക്കില്ല.

വാൽക്കഷ്ണം: ഗാന്ധിജിയുടേയും ജെ.പിയുടെയും പാരമ്പര്യം ഇന്ന് വളച്ചൊടിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ യഥാർത്ഥ സത്ത വിസ്മൃതിയിൽ ആണ്ടുപോകുകയും ചെയ്തിരിക്കുന്നു. ഇന്നത്തെ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ 'തീവ്രദേശഭക്തർ'ഏറ്റവും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന 'രാജ്യദ്രോഹി' ആയി ജെ.പി മാറിയേനെ. 'പുതിയ ഇന്ത്യ' യുടെ ഉദയത്തിനാണോ നമ്മൾ സാക്ഷ്യം വഹിക്കുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)എം.ജി ദേവസഹായം

എം.ജി ദേവസഹായം

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍, ആര്‍മി ഓഫീസര്‍, സാമ്പത്തിക വിദഗ്ധന്‍

Next Story

Related Stories