TopTop
Begin typing your search above and press return to search.

സ്വന്തമായി പത്രമുള്ള പത്രാധിപരുടെ മരണം വാർത്തയാകുമ്പോൾ സംഭവിക്കുന്നവയും വിട്ടുകളയപ്പെടുന്നവയും

സ്വന്തമായി പത്രമുള്ള പത്രാധിപരുടെ മരണം വാർത്തയാകുമ്പോൾ സംഭവിക്കുന്നവയും വിട്ടുകളയപ്പെടുന്നവയും

പത്രാധിപർ എം എസ് മണിയുടെ ജീവിതമെന്നതുപോലെ തന്നെ ആ മരണവും ഒരപൂർവ്വതയാകുന്നത് ആ ദിവസമാണ് അദ്ദേഹത്തിന്റെ ചിത്രം സ്വന്തം പത്രത്തിലും ഇതര പത്രങ്ങളിലും ഒന്നാം പേജിൽ ആദ്യമായി അച്ചടിച്ച് വരുന്നത് എന്നതുകൊണ്ട് കൂടിയാണ്. പത്രമുടമയായ പത്രാധിപർ ആയിരുന്നിട്ട് കൂടി തൻ്റെ ചിത്രം എവിടെയെങ്കിലും അനാവശ്യമായി അച്ചടിച്ച് വരുന്നതിനെതിരെ കടുത്ത ജാഗ്രത പുലർത്തിയിരുന്നതാണ് ആ ജീവിതം. എൻ്റെ തല, എൻ്റെ ഫുൾ ഫിഗർ എന്നത് പത്രമുടമ കുടുംബങ്ങളിൽ നിന്നും പത്രാധിപന്മാർ ആകുന്നവരെ എന്നും നയിച്ച് കൊണ്ടിരിക്കുന്ന ഒരു ആപ്തവാക്യമാണ്. അതിനപ്പുറം പോകുന്ന ചിലർ കൂലിയ്ക്ക് ആളുകളെ വച്ച് സ്വന്തം പേരിൽ ലേഖനങ്ങൾ എഴുതിക്കും. ആ ലേഖനങ്ങൾ സമാഹരിച്ചു പുസ്തകമാക്കി അവയ്ക്ക് അക്കാദമി അവാർഡുകളും മേടിക്കും. അനുമോദന യോഗങ്ങൾ സ്വന്തം ചെലവിൽ സംഘടിപ്പിക്കുക മാത്രമല്ല അവയുടെ വിശദമായ റിപ്പോർട്ടുകളും ചിത്രങ്ങളും അതീവ പ്രാധാന്യത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യും. പത്രാധിപർ മണിയ്ക്ക് എഴുതാൻ കൂലിക്ക് ആളെവയ്‌ക്കേണ്ടിയിരുന്നില്ല. ആർജവമുള്ള ഭാഷയും വ്യക്തമായ സാമൂഹിക ബോധവും രാഷ്ട്രീയ പ്രബുദ്ധതയും നിലപാടുകളും ദിശാബോധവുമായിരുന്നു മണി. അധികാരത്തിന്റെ ഇടനാഴികളിൽ നിന്നും അവയുടെ പ്രലോഭനങ്ങളിൽ നിന്നും ഔദാര്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു.

പത്രാധിപന്മാർ മരിക്കുമ്പോൾ അവരുടെ സമഗ്ര സംഭാവനകൾ അല്പം അതിശയോക്തി കൂടി ചേർത്ത് സ്വന്തം പത്രവും ഇതര പത്രങ്ങളും എഴുതിപ്പിടിപ്പിക്കുക ഒരു നാട്ടുനടപ്പാണ്. മണിയിലെ പ്രതിഭാധനനും പ്രതിബദ്ധതയുള്ളവനുമായ പത്രാധിപരെ കേരളത്തിലെ മാധ്യമങ്ങൾ ഇന്ന് നല്ല നിലയിൽ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ ആ അനുസ്‌മരണങ്ങളിലെ ഒരു പ്രധാന പോരായ്മ അവ ഒന്നും സമഗ്രമാകുന്നില്ല എന്നതാണ്. മണി എന്ന പ്രതിഭാസത്തിലേക്കും അദ്ദേഹത്തിന്റെ മാധ്യമ സംസ്കാരം നേരിട്ട വെല്ലുവിളികളിലേക്കും അവ ഇറങ്ങി ചെന്നില്ല എന്നതാണ്. അടിയന്തരാവസ്ഥയുടെ കിരാതവും ഭയപ്പെടുത്തുന്നതുമായ നാളുകളിൽ കലാകൗമുദി സ്ഥാപിച്ച്‌ മണി അടിസ്ഥാനമിട്ട നിഷേധത്തിന്റെയും പ്രതിഷേധത്തിന്റെയും ഇറവറന്സിന്റെയും മാധ്യമ സംസ്കാരം ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന ഒരു ചോദ്യം പോലും ചോദിക്കപ്പെടുന്നില്ല എന്നിടത്താണ് കാതലായ പ്രശ്നം. മണിയെക്കുറിച്ച് ഏഷ്യാവില്ലെയിൽ അനുസ്‍മരണം എഴുതിയ എഴുത്തുകാരൻ പോൾ സക്കറിയ, `മണിയുടെ ആ പഴയ കലാകൗമുദി ഇന്ന് ചരിത്രത്തിലേക്ക് മാഞ്ഞു കഴിഞ്ഞു' എന്ന് ഒറ്റവരിയിലൊതുക്കിയ വിമർശനം വാസ്തവത്തിൽ ഒരുപാട് അർത്ഥവ്യാപ്തികൾ ഉള്ളതാണ്. മലയാളിയുടെ വായനയുടെ ലോകത്ത് വിപ്ലവകരമായ പരിവർത്തനങ്ങൾ വരുത്തിയ പഴയ കലാകൗമുദിയല്ല ഇന്നുള്ളത്. മണിയും കേരളത്തിലെ മാഗസിൻ ജേർണലിസത്തിലെ എക്കാലത്തെയും വലിയ ആചാര്യരായ എസ് ജയചന്ദ്രൻ നായരും എൻ ആർ എസ് ബാബുവും രൂപപ്പെടുത്തിയ കലാകൗമുദിയല്ല ഇന്നുള്ളത്. കൊച്ചുവർത്തമാനങ്ങളും മാഞ്ഞാരങ്ങളും പ്രതിലോമതകളും അടക്കം ഒരിക്കൽ ഉണ്ടാക്കിയിരുന്ന യശസ്സിനെ മൊത്തത്തിൽ തകർക്കുന്ന ഉള്ളടക്കവുമായി അത് രൂപം മാറിയിട്ട് കുറച്ചു കാലങ്ങളായി. താൻ കൊണ്ടുവന്ന മാധ്യമ സംസ്കാരത്തിന് നേരെ എതിരായ രീതിയിലേക്ക് മാറിയ വാരികയിൽ മുഖ്യ പത്രാധിപരുടെ സ്ഥാനത്ത് മണിയുടെ പേര് ഇന്നലെവരെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന ഗതികേടിൽ നിന്നുകൂടിയാണ് അദ്ദേഹം മരണത്തിലൂടെ മുക്തനാകുന്നത്. സാമൂഹിക നീതിയ്ക്കും ദളിത്-ആദിവാസി-ഇതര പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും തൻ്റെ പൂർവീകരെപ്പോലെ സമർപ്പിതനായിരുന്നു മണി. ഒപ്പം തന്നെ അടിമുടി പുരോഗമനവാദിയും ഇടതുപക്ഷ മതനിരപേക്ഷ സമീപനം പുലർത്തിയ ആളുമായിരുന്നു. ജ്യോതിഷവും മുഹൂർത്തവും ഫയർ പോലുള്ള അശ്ളീല പ്രസിദ്ധീകരണവുമായി കലാകൗമുദി ഗ്രൂപ്പ് മാറുന്ന കാലത്തിൽ പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നതും അദ്ദേഹത്തിന് കണ്ടുനിൽക്കേണ്ടി വന്നു.

രണ്ടാമത് അനുസ്‍മരണക്കാർ മൗനം പാലിച്ചത് മണിയുടെ മുത്തച്ഛനും അച്ഛനും ചോര നീരാക്കി പടുത്തുയർത്തിയതും മണിയാൽ നീണ്ടകാലം നടത്തപ്പെട്ടതുമായ കേരള കൗമുദി എന്ന മഹത്തായ സ്ഥാപനം ജീവിത സായന്തനത്തിൽ അദ്ദേഹത്തെ ഏതുവിധത്തിൽ ദ്രോഹിക്കുകയും അപമാനിക്കുകയും പുറത്തുകളയുകയും ചെയ്തു എന്നുള്ളതാണ്. ചവിട്ടി പുറത്താക്കിയവരും ഇന്ന് വലിയ നിലയിൽ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ അനുസ്മരണങ്ങളിൽ വേറിട്ട് നിൽക്കുന്ന ഒരേയൊരെണ്ണം ജയചന്ദ്രൻ നായർ മുംബൈയിൽ നിന്നും മണി മുഖ്യപത്രാധിപരായി ഇറങ്ങുന്ന കലാകൗമുദി പത്രത്തിൽ ഒന്നാം പേജിൽ പെരുവച്ച്‌ എഴുതിയ ഗസ്റ്റ് എഡിറ്റോറിയൽ ആണ്. അതിൽ നിന്നും ഒരു ഭാഗം ഉദ്ധരിക്കാം:

"ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പ്രവർത്തനത്തിൽ ശരീരവും മനസ്സും സമർപ്പിച്ചു പ്രവർത്തിക്കുമ്പോഴെല്ലാം സ്വന്തം സുഖത്തിന് അദ്ദേഹം വലിയ പ്രാധാന്യമോ പ്രസക്തിയോ നൽകിയില്ല. സ്വന്തം ചോര നൽകിയെന്ന് വിശേഷിപ്പിക്കുന്നതാണ് ശരി. കേരള കൗമുദിയെ കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാരുടെ, മനസ്സും ഹൃദയവുമായി വളർത്തിയെടുത്തത് എം എസ് മണിയാണ്. എന്നാൽ പുതുതാവഴിക്കാർ അതിന്റെ ഭരണം കയ്യിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ സംഭാവനകളുടെ ആഴവും പരപ്പും കാണാൻ കൂട്ടാക്കിയില്ല. മനുഷ്യസഹജമായ മര്യാദകൾ പോലും അദ്ദേഹത്തോട് അവർ കാണിച്ചില്ല. അനുജനുവേണ്ടി എഡിറ്റർ സ്ഥാനം ഉപേക്ഷിക്കാൻ നിര്‍ബന്ധിതനായപ്പോൾ താൻ എത്തിപ്പെടുന്നത് അപരിചിതവും അജ്ഞാതവും ആയ മേഖലയാണ് എന്ന് അദ്ദേഹം അറിഞ്ഞിരുന്നു. പക്ഷെ വെല്ലുവിളികൾ എം എസ് മണിയെ തളർത്തിയില്ല. അപ്പോഴും അനുജന്മാരുടെ അഭ്യുധ്വാനത്തിൽ ശ്രദ്ധിച്ചതിന് പുറമെ അവരുടെ അവരുടെ ജീവിതത്തിൽ പോറൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തു. അതിന് അദ്ദേഹത്തിന് വലിയ വില നൽകേണ്ടി വന്നു. അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേര നൽകാനുള്ള മഹാമനസ്കത അവർക്കില്ലാതെ പോയി. എം എസ് മണിയെ അവർ ഒരുപാട് വേദനിപ്പിച്ചു. അവസാന നിമിഷങ്ങൾ വരെ...''

മണി ഇറങ്ങിപ്പോയതിന് ശേഷം ഉള്ളടക്കത്തിലും സമീപനങ്ങളിലും കേരളാ കൗമുദിയിൽ വന്ന അനഭിലഷണീയമായ മാറ്റങ്ങൾ കൂടി ചേർത്ത് വച്ച് ഇത് വായിക്കുമ്പോഴാണ് കേരളത്തിലെ ഏറ്റവും ധീരന്മാരായ പത്രാധിപന്മാരിൽ ഒരാളായ മണിയും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന മാധ്യമ സംസ്കാരവും എങ്ങനെ അപനിർമ്മിക്കപ്പെട്ടു എന്ന് മനസിലാവുക. നീലലോഹിതദാസൻ നാടാർ പ്രതിയായ ലൈംഗിക പീഡന കേസിൽ പോലും ഇരയെ അപമാനിച്ചു വാർത്തയെഴുതുകയും ഗുരുദേവ ദർശനങ്ങളിൽ നിന്നും മാറി വെള്ളാപ്പള്ളി-തുഷാർ കാവി ദർശനങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്യുന്ന തരത്തിൽ കേരളാ കൗമുദിയുടെ സമീപനങ്ങളിലും വലിയ നിലവാര തകർച്ച ഉണ്ടായിരിക്കുന്നു. ഉള്ളടക്കത്തിലെ വൈവിധ്യത്തിലും നിലവാരത്തിലും പുരോഗമന നിലപാടുകളിലും മലയാളത്തിൽ വേറിട്ട് നിന്ന ഒരു മാതൃകയായിരുന്നു മണി. പത്രത്തിലും വാരികയിലും അത് നടപ്പിലായി. മണിയുടെ മരണത്തിന് മുൻപേ തന്നെ ആ സമീപനങ്ങളും മാതൃകകളും മരിച്ചു എന്നിടത്താണ് ഏറ്റവും വലിയ ദുരന്തം. വിധേയത്വത്തിന്റെയും പൈങ്കിളിവത്കരണത്തിന്റെയും ഭയങ്ങളുടെയും മാധ്യമ സംസ്കാരം മണി പ്രതിനിധാനം ചെയ്ത മാധ്യമ സമീപനത്തിന്റെ പോലും അസ്ഥിവാരം ഇളക്കികളഞ്ഞു. നല്ല സിനിമകൾക്കായി ഫിലിം മാഗസിനും കഥകളെ പരിപോഷിപ്പിക്കാൻ കഥാ വാരികയും തുടങ്ങിയ അദ്ദേഹം ട്രയൽ എന്ന കുറ്റാന്വേഷണ മാസിക തുടങ്ങിയപ്പോൾ അതിലും നിയതമായ നിലവാരമുണ്ടായിരുന്നു. സമീപനങ്ങളിലെ വ്യക്തതയും.
എതിരഭിപ്രായങ്ങളോടും വിമര്‍ശനങ്ങളോടും പകയില്ലാതെ ജീവിച്ച പത്രാധിപർ എന്നതും ഒരത്ഭുതമാണ്. പ്രത്യേകിച്ചും വൈര്യനിര്യാതനം മലയാളത്തിലെ മുഖ്യധാരാ മാധ്യമ ലോകത്ത് പത്തിവിരിച്ചാടുന്ന ഇക്കാലത്ത്. സ്വന്തമായി അവകാശവാദങ്ങൾ ഇല്ലാതിരുന്ന പത്രാധിപർ ആയിരുന്നു അദ്ദേഹം. പറയാൻ വീമ്പുകളും ഉണ്ടായിരുന്നില്ല. വ്യാജബിംബങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കിടയിൽ അയാൾ എന്നും ഒറ്റയാൻ ആയിരുന്നു. കെ ജി അടിയോടി എന്ന കേരളത്തിന്റെ പഴയ വനം മന്ത്രിക്കെതിരെ പരിസ്ഥിതി ബന്ധിത അന്വേഷണാത്മക പത്രപ്രവർത്തനം അദ്ദേഹവും എൻ ആർ എസ് ബാബുവും എസ് ജയചന്ദ്രൻ നായരും നടത്തുമ്പോൾ അതൊരു പുതിയ ധാരയുടെ തുടക്കം ആയിരുന്നു. ആ ഒരു വീക്ഷണ കോണിലൂടെയാണ് ഞാനും എന്റെ തലമുറയിലെ മാധ്യമ പ്രവർത്തകരും പരിസ്ഥിതി പ്രശ്നങ്ങളെ സമീപിച്ചത്. മഹാനുഭാവൻ എം എം മണിയും അനുജൻ ലംബോദരനും കയ്യേറ്റ മാഫിയകളെ ന്യായീകരിക്കും വരെ കേരളത്തിൽ പരിസ്ഥിതി മാധ്യമ പ്രവർത്തകരുടെ സ്ഥിതി പത്രാധിപർ മണി മൂലം ഭദ്രമായിരുന്നു. അതിനുശേഷമാണ് അട്ടപ്പാടിയിലെ വന്തേവാസി കയ്യേറ്റ ബുദ്ധിജീവിയും പാലക്കാട്ടെ ചോലനാട്ട് സകുചിത വാദി കയ്യേറ്റ സഖാവും ഒക്കെ വലിയ നിലയിൽ മാന്യത നേടുന്നതും അഖില ലോക കത്തോലിക്കാ ബാവാ കോൺഗ്രസ്സ് പാത്രീയാർക്കീസ് കക്ഷിയും കയ്യേറ്റ വിമോചന വിപ്ലവകാരി മാർക്സ് വാദി സൈബർ ഗുണ്ടകൾ യുദ്ധം കുറിക്കുന്നതും.

എം എസ് മണി ചരിത്രമോ ചരിത്ര നിർമ്മാതാവോ ആയിരുന്നില്ല. ചരിത്രത്തെ ഒരു സമൂഹത്തിന്റെ നീതിബോധത്തിന് അനുസരിച്ച് പുനർസൃഷ്ടിക്കുന്ന ആളായിരുന്നു. ആദരാഞ്ജലികൾ. ചരിത്രം അദ്ദേഹത്തിൽ തുടങ്ങുന്നു. പക്ഷെ അവസാനിക്കുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories