'നാടകവഴക്കത്തിലും ഉലകിയല്‍ വഴക്കത്തിലും വ്യത്യസ്തന്.' കവി ഡോ. ദേശമംഗലം രാമകൃഷ്ണന് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത് അക്ഷരം പ്രതിശരിയാണ്. തികച്ചും വ്യത്യസ്തനായ പ്രതിഭ. 'ആ ചിരി ഓര്‍ക്കുന്നു, താടിയും'. അതും ദേശമംഗലത്തിന്റെ തന്നെ നിരീക്ഷണം. പഞ്ഞിത്താടിയും മുടിയും. തികച്ചും ഗ്രാമീണമായ ഭാവാദികള്‍. ഭാഷയിലും ഭാഷണത്തിലും തികഞ്ഞ നാട്ടിന്പുറത്തുകാരന്. അടുപ്പക്കാരുടെ ബാലേട്ടന്. മികച്ച ഒരു അക്കാദമീഷ്യനായിട്ടും എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ സാധാരണക്കാരനെപ്പോലെ ജീവിച്ചു. ചുറ്റുമുള്ള ലോകത്തെ അഗാധമായി സ്നേഹിക്കുകയും അതുമായി ജീവത്തായി സംവദിക്കുകയും ചെയ്ത തികഞ്ഞ സംവേദനപടുവായ, ഇക്കാലത്തില്‍, ഈ നിമിഷം ജീവിക്കാനിഷ്ടപ്പെട്ട മനുഷ്യന്.
അത്യസാധാരണമായ നടനവൈഭവവും അസാമാന്യമായ പ്രതിഭാബലവും ചേര്‍ന്ന കലാകാരനായിരുന്നു ശാസ്താംകോട്ടയില്‍ ജനിച്ച് വളര്‍ന്ന് വൈക്കത്ത് ദീര്‍ഘകാലമായി താമസിച്ചുവന്ന പി. ബാലചന്ദ്രന്. അദ്ദേഹം നാടകത്തിലും സിനിമയിലും അധ്യാപനത്തിലും ഒക്കെ നിറഞ്ഞുനിന്നു. വളരെയേറെ ശിഷ്യസമ്പത്തും സൗഹൃദവും ഉള്ള വ്യക്തി. മലയാള നാടകത്തിലെ കുലപതിയായ പ്രഫ. ജി.ശങ്കരപ്പിള്ളയുടെ നാട്ടുകാരനും ശിഷ്യനും. നാടകത്തിലൂടേയൊണ് കലാരംഗത്ത് കാലുറപ്പിക്കുന്നത്. സിനിമയാണ് അദ്ദേഹത്തിന് ഏറെ പേരും പെരുമയും നേടിക്കൊടുത്തതെങ്കിലും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ പി. ബാലചന്ദ്രന്റെ നാടകങ്ങള്‍ യൗവ്വനകാലത്തിലേ അദ്ദേഹത്തിന്റെ പ്രതിഭയുടെ അടയാളമായി, ചര്‍ച്ചയായി.
1972-ല്‍ 'മാതൃഭൂമി വിഷുപ്പതിപ്പ്' നടത്തിയ കോളജ് തലമത്സരത്തില്‍ അദ്ദേഹം രചിച്ച 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചത് എന്നാണ് ആ നാടകരചനയെക്കുറിച്ച് പി. ബാലചന്ദ്രന് തന്നെ പില്ക്കാലത്ത് പറഞ്ഞത്. പഠനകാലത്ത് നാടകങ്ങളില്‍ സ്ത്രീവേഷം കെട്ടാനായിരുന്നു വിധിയായത്. ആഗ്രഹിച്ചത് ഉഗ്രപുരുഷവേഷങ്ങളായിരുന്നെങ്കില്പ്പോലും. ശാസ്താംകോട്ട ഡിബി കോളജില്‍ പഠിക്കുമ്പോള്‍ പ്രഫ. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ നാടകക്കളരിയാണ് നാടകം സംബന്ധിച്ച കാഴ്ചപ്പാട് മാറ്റിത്തീര്‍ത്തത്. അക്കാലത്ത് അരങ്ങില്‍ അഭിനയിക്കാന്‍ വേണ്ടി എഴുതിയ നാടകമാണ് മാതൃഭൂമിയുടെ പുരസ്ക്കാരത്തിന് അര്‍ഹമായത്. പില്ക്കാലത്ത് നാടകരചനയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധവെച്ചു. ഇതെഴുതുന്നയാളൊക്കെ വിദ്യാര്‍ത്ഥികളായിരുന്ന നാളുകളില്‍ 'പാവം ഉസ്മാന്റെ' രചയിതാവ് എന്ന നിലയിലായിരുന്നു പി. ബാലചന്ദ്രന് കലാലോകത്ത് പ്രസിദ്ധനായിരുന്നത്. ആ നാടകം ഏറെ ശ്രദ്ധേയമായിരുന്നു. 'മകുടി', 'മായാസീതങ്കം', 'നാടകോത്സവം' തുടങ്ങി എടുത്തുപറയേണ്ട നിരവധി നാടകരചനകള്‍ നടത്തുകയും സംവിധാനം ചെയ്യുകയും ചെയ്തു. ' പാവം ഉസ്മാന്' കേരള സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് അര്‍ഹമായി. അക്കാലം രംഗാവതരണങ്ങളുടേയും ചൊല്ക്കാഴ്ചകളുടേയുമൊക്കെ പുഷ്ക്കലകാലമായിരുന്നു-സാംസ്കാരികമായ വലിയ ഒരു ഉണര്‍വ് നാട്ടിലെങ്ങും പ്രസരിച്ച കാലം. പി. ബാലചന്ദ്രന് എന്ന കുറിയ മനുഷ്യന് തന്റെ പ്രതിഭാവിലാസത്തില്‍ അത്തരം കൂട്ടായ്മകളുടെ ധന്യതയായി.
ജീവിതത്തെ പ്രത്യേകം കംപാര്ട്ടുമെന്റുകളാക്കി ഒന്നുമല്ല ഈ ശാസ്താംകോട്ടക്കാരന്‍ കണ്ടത്. സമ്യക്കായ ദര്‍ശനം. കടന്നുപോകുന്ന ഈ നിമിഷങ്ങളൊക്കേയും എന്റെ ജീവിതമാണ്. അത് സ്ക്രിപ്റ്റ് എഴുത്താകട്ടെ, അഭിനയമാകട്ടെ, അധ്യാപനമാകട്ടെ, ഞാന്‍ പൂര്‍ണമായും ആസ്വദിച്ചുകൊണ്ടാണ് ചെയ്യുന്നത്. സന്തോഷപൂര്‍വ്വമാണ് അത് ചെയ്യുന്നത്. പി. ബാലചന്ദ്രന് തന്റെ ജീവിതത്തിന്റെ മാനിഫെസ്റ്റോ ഒരിയ്ക്കല്‍ വ്യക്തമാക്കി. സിനിമയെ സമീപിക്കുമ്പോള്‍ അത് സംവിധായകന്റെ കലയാണെന്ന തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആക്റ്ററുടേയോ റൈറ്ററുടേയോ മീഡിയമായി ഒരിയ്ക്കലും തോന്നിയിട്ടില്ല. സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ ഉറച്ചുപോയ കാര്യമാണിത്. സൈദ്ധാന്തികമായും അല്ലാതേയും താന്‍ മനസ്സിലാക്കിയിട്ടുള്ളത് അതാണ്. പക്ഷെ നാട്ടുനടപ്പിലൊന്നും അതല്ലെന്നകാര്യവും പി ബാലചന്ദ്രന് തിരിച്ചറിയുന്നുണ്ട്. നാടകം എഴുതുമ്പോള്‍ 'നടാവബോധം' മതിയാകും, എഴുത്തുകാരന് കൂടുതല്‍ സ്വതന്ത്രനാണ്, പക്ഷെ സിനിമയുടെ കാര്യം അതല്ല. സംവിധായകനെ കണ്ടു വേണം എഴുതാന്‍. അതുകൊണ്ടാണ് തനിക്ക് എല്ലാവര്ക്കും വേണ്ടി സിനിമ എഴുതാന്‍ കഴിയാതെ പോയതെന്നും പി. ബാലചന്ദ്രന് പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ വരാന്‍ ആഗ്രഹിച്ച ഒരാളായിരുന്നില്ല. പക്ഷെ സിനിമ ഇഷ്ടമായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായൊക്കെ ബന്ധപ്പെട്ടിരുന്നുവെങ്കിലും അത് ആസ്വാദക ബന്ധം മാത്രം. പക്ഷെ, ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമ എഴുത്തുകാരനായി. അത് സര്‍വൈവലിന്റെ അനിവാര്യതയായി. താന്‍ എഴുതിയ തിരസ്ക്കരിക്കപ്പെട്ട തിരക്കഥയോളം മികച്ച സ്ക്രിപ്റ്റുകളായിരുന്നില്ല പില്ക്കാലത്ത് വിജയിച്ചവയെന്നും പി ബാലചന്ദ്രന് പറഞ്ഞിട്ടുണ്ട്. സിനിമയുടെ മായിക പ്രഭയെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ട്. അതിനകത്ത് നിന്നുപോകാന്‍ എത്ര വിഷമകരമാണെന്നും അദ്ദേഹം മനസ്സിലാക്കി. സിനിമയുടെ സാങ്കേതികത്വം ഒഴികെയുള്ള മിക്കവാറും സര്‍ഗാത്മകമായ പല മേഖലകളിലും പി. ബാലചന്ദ്രന് കൈവെച്ചു. അഭിനയിക്കാന്‍ വേണ്ടി ജനിച്ചയാള്‍ എന്ന് സ്വയം വിലയിരുത്തിയിരുത്തുമ്പോള് തന്നെ ശ്രദ്ധേയമായ ഒട്ടേറെ തിരക്കഥകള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. അവയില്‍ പലതും മലയാളത്തിലെ മികച്ച സിനിമകള്‍ എന്ന തരത്തില്‍ സ്വീകാര്യത നേടുകയും ചെയ്തു. പി. കുഞ്ഞിരാമന് നായരുടെ ജീവിതം പ്രമേയമാക്കി സ്വയം തിരരൂപം തയ്യാറാക്കിയ 'ഇവന് മേഘരൂപനി'ലൂടെ ചലച്ചിത്ര സംവിധാനത്തിലും അദ്ദേഹം കടന്നുവന്നു. സംവിധാന കുപ്പായം അണിയേണ്ടിവരുമ്പോള് അത് സൃഷ്ടിക്കുന്ന മറ്റു തരത്തിലെ തിരക്കുകള്‍ തനിക്ക് പലപ്പോഴും വിഷമം സൃഷ്ടിക്കുന്ന കാര്യവും പി. ബാലചന്ദ്രന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരക്കഥാകൃത്തായ തന്നെ സംവിധായകനായ താന്‍ പലപ്പോഴും തിരസ്ക്കരിച്ചിട്ടുള്ള കാര്യവും പി. ബാലചന്ദ്രന് തുറന്നുസമ്മതിച്ചിട്ടുണ്ട്. സംവിധായകനായപ്പോള്‍ താന്‍ തന്നെ എഴുതിവെച്ച് സ്ക്രിപ്റ്റിനപ്പുറത്തേക്ക് പോയിട്ടുണ്ട്. അപ്പോള്‍ മറ്റൊരാള്‍ അങ്ങനെ ചെയ്താല്‍ കുറ്റംപറയാനാവുമോ? സാധാരണമായ യുക്തികള്‍ നിരത്തി ഗ്രാമ്യമായ ഭാഷയില്‍, സരസമായി, അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞുവെച്ചു പി. ബാലചന്ദ്രന്.
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ തലയെടുപ്പുള്ള അക്കാദമീഷ്യന്മാരില് ഒരാളായിരുന്നു ബാലചന്ദ്രന്. നരേന്ദ്ര പ്രസാദിനേയും ഡോ.വി.സി ഹാരിസിനേയും ഡി.വിനയചന്ദ്രനേയും പോലുള്ള പ്രതിഭാധനന്മാരുടെ മധ്യെ സ്വന്തമായ ഇരിപ്പിടം സ്വന്തമാക്കിയ ഗുരുനാഥന്. ബാലേട്ടന് എന്ന് ശിഷ്യന്മാര് പോലും വിളിച്ച അധ്യാപകന്. റിട്ടയര്‍ ചെയ്തുപിരിഞ്ഞ ശേഷം വയസ്സാംകാലത്ത് ന്യൂജനറേഷന് സിനിമയുടെ ചേരുവകളിലേക്ക് താന്‍ എത്തിയതിനെ തികച്ചും ആക്സ്മികം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പക്ഷെ ജനറേഷന് അകല്‍ച്ചകളില്ലാതെ ജീവിതത്തെ ക്രമപ്പെടുത്താന്‍ സഹായിച്ച് അധ്യാപനമാണെന്നും പി ബാലചന്ദ്രന് കരുതുന്നു. ജീവിതം ഈ നിമിഷത്തിലാണല്ലോ? നാടകവും അത് തന്നെയാണ്. ദ ആര്‍ട്ട് ഓഫ് ഹിയര്‍ ആന്‍ഡ് നൗ. ഈ നിമിഷത്തില്‍, ഇവിടെ എന്ത് നടക്കുന്നുവോ അതാണ് നാടകം, അത് തന്നെയാണ് ജീവിതവും. വലിയതത്വചിന്ത നമ്മളെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച്, കാലുകള്‍ നീട്ടി വെച്ച്, കൈയുകള് ഇളക്കിയാട്ടി, നമ്മുടെ ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് പി. ബാലചന്ദ്രന്റെ ഭൗതികദേഹം വേഗേന ഇല്ലാതെയാകുന്നു. പ്രകാശം പരത്തിക്കൊണ്ട് നമുക്കിടയില്‍ ജീവിച്ച മറ്റൊരാള്‍ കൂടി യാത്രയാകുന്നു.