TopTop
Begin typing your search above and press return to search.

റിട്ടയര്‍ ചെയ്തത ഇ ശ്രീധരന് ഡിഎംആര്‍സിയിലുള്ള അധികാരങ്ങളെന്ത്? ഒരു പഴയ കത്തിലെ ചോദ്യം

റിട്ടയര്‍ ചെയ്തത  ഇ ശ്രീധരന് ഡിഎംആര്‍സിയിലുള്ള  അധികാരങ്ങളെന്ത്? ഒരു പഴയ കത്തിലെ ചോദ്യം

മെട്രോമാന്‍ ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികളുടെ മേല്‍നോട്ടം ആലുവ മുതല്‍ പേട്ടവരെയുള്ള ആദ്യഘട്ടം പൂര്‍ത്തിയായതോടെ അവസാനിപ്പിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവേശം നടത്തിയതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം 2012 ജനുവരി ഒന്നു മുതല്‍ അവിടെ വഹിച്ചിരുന്ന മുഖ്യ ഉപദേഷ്ടാവ് സ്ഥാനവും അദ്ദേഹം രാജിവെച്ചു. ഈ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നാള്‍വഴികളിലെ ചില സംഭവഗതികള്‍ ഓര്‍ത്തെടുക്കുകയാണ്.

ഡിഎംആര്‍സിയുടെ ചീഫ് എന്‍ജിനീയര്‍ ജി. കേശവചന്ദ്രന്റേതായി ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെ മാധ്യമ സ്ഥാപനങ്ങളില്‍ രണ്ടു വാചകങ്ങളുള്ള ഒരു ഇ മെയില്‍ സന്ദേശം എത്തി. ഡിഎംആര്‍സിയുടെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ സ്ഥാനത്തുനിന്നും ഇ ശ്രീധരന്‍ രാജിവെയ്ക്കുന്നു. രാജി മാര്‍ച്ച് 15 മുതല്‍ നിലവില്‍ വരും. രാജികത്ത് ഡിഎംആര്‍സി സ്വീകരിച്ചതായും സന്ദേശത്തിലുണ്ട്. ശ്രീധരന്‍ ഡിഎംആര്‍സി വിട്ടതായി ഭൂമി മലയാളത്തില്‍ അറിയാത്ത ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്നതിനു മുന്‍പായി പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഇ.ശ്രീധരന്‍ തന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വന്നത് സാങ്കേതികമായ ഒരു സ്ഥിരീകരണം മാത്രം.

യൂണിഫോം ഊരിവെയ്ക്കുന്നുവെന്നും ഇതുമിട്ടുള്ള അവസാന ദിവസമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏത് ദിവസം മുതല്‍ എന്ന കാര്യം മാത്രമേ അപ്പോള്‍ വ്യക്തമാവാതിരുന്നുള്ളു. അത് ജി കേശവചന്ദ്രന്റെ സന്ദേശത്തിലുണ്ട്. ഈ ലേഖകനെപ്പോലെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഡിഎംആര്‍സി ആസ്ഥാനത്ത് കയറി ഇറങ്ങി നടന്നിരുന്ന മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇടനാഴിയ്ക്ക് ഇരുവശവുമായുള്ള ഇ ശ്രീധരന്റേയും കേശവചന്ദ്രന്റേയും മുറികളും ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന റിവേഴ്‌സ് ക്ലോക്കും അടക്കം ഒരുപാട് ഓര്‍മ്മകള്‍ തിരയടിപോലെ.

ഇതുപോലെ മറ്റൊരു കത്ത് ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ 2012ല്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്ര നഗരവികസന സെക്രട്ടറിയായും ഡിഎംആര്‍സി ചെയര്‍മാനുമായ ഡോ. സുധീര്‍ കൃഷ്ണയ്ക്ക് എഴുതിയ കത്ത് മാധ്യമപ്രവര്‍ത്തകരുടെ മധ്യത്തില്‍ അക്കാലത്ത് ചുറ്റിക്കറങ്ങി. രണ്ടു പുറങ്ങളിലായി നീണ്ട ആ കത്തിന്റെ സാരം ഇപ്രകാരം ചുരുക്കാമെന്നു തോന്നുന്നു. റിട്ടയര്‍ ചെയ്ത മാനേജിംഗ് ഡറക്ടറായ ഇ ശ്രീധരന് ഡിഎംആര്‍സിയിലുള്ള അധികാരങ്ങള്‍ എന്ത്? ചോദ്യം ചോദിച്ചതാവട്ടെ പില്‍ക്കാലത്ത് കേരള ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടോം ജോസ്. അന്ന് ശ്രീധരനേയും ഡിഎംആര്‍സിയേയും കൊച്ചി മെട്രോയില്‍ പ്രവേശിപ്പിക്കാതിരിക്കാനായി വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അതിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നത് വാര്‍ത്തമാനകാല ചരിത്രത്തിന്റെ ഭാഗമാണ്. എണ്ണം പറഞ്ഞ മാധ്യമങ്ങളുടെ ലാളനയും അതിനുണ്ടായിരുന്നു.

അത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു 2012 സെപ്റ്റംബര് 26ന് എഴുതിയ കത്തെന്നു വേണം കരുതാന്‍. ഡിഎംആര്‍സിയുടെ മുന്‍ എംഡി ഇ. ശ്രീധരന്‍ പെന്‍ഷന്‍ പറ്റി കേരളത്തില്‍ താമസിക്കുകയാണെന്നു പറഞ്ഞായിരുന്നു കത്ത് ആരംഭിച്ചത്. നിലവിലെ ഡിഎംആര്‍സി എംഡി മങ്കു സിംഗ് നല്‍കിയ കത്ത് അനുസരിച്ച് ചില പദ്ധതികളുടെ അദ്ദേഹം പ്രിന്‍സിപ്പല്‍ അഡൈ്വസറാണെന്നും കാണുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മാണ ജോലികള്‍ നോമിനേഷന്‍/ ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കിയാല്‍ ഏറ്റെടുത്ത് ചെയ്യാമെന്ന് പറയുന്നു. ഡിഎംആര്‍സിയുടെ മുഴുവന്‍ സംവിധാനങ്ങളും തനിക്കൊപ്പമുണ്ടെന്ന മട്ടില്‍ ലളിതമായ ചില പാലത്തിന്റെ നിര്‍മാണ ജോലികളും ഏറ്റെടുക്കാമെന്ന് പറയുന്നു. കേരളത്തില്‍ ചില റിട്ടയേഡ് എന്‍ജിനീയര്‍മാര്‍ മാത്രമാണ് നിലവില്‍ ഡിഎംആര്‍സിക്ക് ഒപ്പമുള്ളതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് ഡിഎംആര്‍സിയുടെ മുന്‍ മേധാവിയുടെ അധികാരങ്ങള്‍, അദ്ദേഹം പറയുന്ന ജോലികള്‍ ഏറ്റെടുത്താല്‍ ഡിഎംആര്‍സി പിന്തുണയ്ക്കുമോ തുടങ്ങിയ നാലു ചോദ്യങ്ങളും ആ കത്തില്‍ ഉന്നയിച്ചു.

കത്തില്‍ രണ്ടിടത്ത് മാത്രമാണ് ഇ.ശ്രീധരന്‍ എന്നു പേര് പറഞ്ഞിട്ടുള്ളത്. പിന്നിട് അദ്ദേഹത്തിന്റെ പേര് പറയുന്നത് ഒഴിവാക്കി ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡ്‌വൈസറെന്നോ എക്‌സ് ചീഫ് എന്നോ എന്നു പറഞ്ഞുപോരികയാണ് ചെയ്തത്. ടോം ജോസിന് ഡിഎംആര്‍സിയില്‍ നിന്നും അറിയേണ്ടി ഇരുന്നത് ഇ.ശ്രീധരന്റെ അധികാരങ്ങളായിരുന്നു. അദ്ദേഹം ഇവിടെ ചില നിര്‍മാണ ജോലികള്‍ ഒക്കെ ഡിഎംആര്‍സിയെക്കൊണ്ട് ചെയ്യിക്കാമെന്ന് പറയുന്നു. ഈ കാര്യങ്ങളൊക്കെ പറയാന്‍ ശ്രീധരന് അധികാരമുണ്ടോയെന്നും അതിന് ഡിഎംആര്‍സി ആളും അര്‍ത്ഥവും നല്‍കി പിന്തുണയ്ക്കുമോ എന്ന ചോദ്യമാണ് പ്രായേണ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന കത്തിന്റെ ഉള്ളടക്കം. പക്ഷെ ലക്ഷ്യം കാണാനായില്ലെങ്കിലും തികഞ്ഞ ലക്ഷ്യവേധിയായിരുന്നു ആ കത്ത്.

സമര്‍ത്ഥനായ ആ ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ തികച്ചും യുക്തിസഹമായിരുന്നു. ഡിഎംആര്‍സിയുടെ മുന്‍ എംഡിയും ഇപ്പോള്‍ ചില പദ്ധതികളുടെ ഒഉപദേഷ്ടാവുമായ ഒരാള്‍ വന്നു പറയുന്ന കാര്യങ്ങള്‍ സംസ്ഥാന ഭരണകൂടം എപ്രകാരം വിശ്വസിക്കും എന്നതായിരുന്നു ചോദ്യം. പക്ഷെ ആ ചോദ്യവും അത് ഉയര്‍ത്തിയ നീക്കങ്ങളും നടത്തിയവര്‍ക്ക് തങ്ങളുടെ തന്ത്രങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ആഗോള ടെന്‍ഡര്‍ എന്ന ആവശ്യം മുന്നില്‍ വെച്ച് ഡിഎംആര്‍സിയെയും അതുവഴി ഇ.ശ്രീധരനേയും ഒഴിവാക്കി വിടുക എന്നതായിരുന്നു തന്ത്രം. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഡിഎംആര്‍സിക്ക് നോമിനേഷന്‍/ ടേണ്‍ കീ വ്യവസ്ഥയില്‍ മാത്രമേ ജോലികള്‍ ഏറ്റെടുക്കാന്‍ ആവുമായിരുന്നുള്ളു. ഓപ്പണ്‍ ടെന്‍ഡര്‍ എന്നതിലേക്ക് കൊണ്ടുപോകുന്നതിനുള്ള നീക്കം മറ്റു പലതിനും ഉള്ള വഴിയൊരുക്കലും കൂടിയായിരുന്നു.

പക്ഷെ രാജ്യത്തെ ഗതാഗത അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ തകര്‍ക്കപ്പെടാത്ത റെക്കോഡുകളിട്ട, സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ ഇ.ശ്രീധരനെ പദ്ധതിയുടെ ഭാഗമാക്കുക എന്നത് വലിയ ജനകീയ ആവശ്യമായി ഉയരുകയായിരുന്നു. ടോം ജോസിനെ കൊച്ചി മെട്രോയുടെ അമരത്തേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിനിടെ നിയോഗിക്കുകയും പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ നീക്കങ്ങള്‍ ഒക്കെ ഉയരുകയും ചെയ്‌തെങ്കിലും ശക്തമായ ജനകീയ ആവശ്യത്തെ തുടര്‍ന്ന് ഡിഎംആര്‍സിക്ക് പദ്ധതിയുടെ നടത്തിപ്പ് ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കേണ്ടിവന്നു. ഇ ശ്രീധരന്‍ അതിന്റെ അമരക്കാരനായതോടെ നാട് ഒരുകാലത്തും കാണാത്ത പന്തുണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഏകി അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. ടോം ജോസിന് കളം വിടേണ്ടിയും വന്നു. പകരക്കാരനായി കൂടുതല്‍ സൗമ്യനും സഹൃദയനുമായ ഏലിയാസ് ജോര്‍ജ് എത്തി.

ഇ.ശ്രീധരനെയും ഡിഎംആര്‍സിയേയും പദ്ധതിയിലേക്ക് എത്തിക്കുന്നതിനായി മുന്നില്‍ നിന്നവരില്‍ സിപിഎം നേതാവ് പി. രാജീവിനെപ്പോലെ പ്രതിപക്ഷത്തുള്ളവര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് അക്കാലത്തെ സംഭവഗതികള്‍ക്ക് സാക്ഷിയാകുകയും അതേക്കുറിച്ച് നിരന്തരം റിപ്പോര്‍ട്ടുകളും വിലയിരുത്തലുകളും തയാറാക്കുകയും ചെയ്തിരുന്ന ഈ ലേഖകനെപ്പോലുള്ളവര്‍ക്കറിയാം. 2103 ജനുവരി എട്ടിന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന നെടുങ്കന്‍ ചര്‍ച്ചകള്‍ ആരാണ് മറക്കുക? കേന്ദ്ര നഗര വികസന മന്ത്രി കമല്‍ നാലും കേരളത്തില്‍ നിന്നുള്ള നാല് കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടക്കമുള്ള ഉന്നതര്‍ പങ്കെടുത്ത ചര്‍ച്ച കൊച്ചി മെട്രോയിലേക്ക് ഇ.ശ്രീധരനെ എത്തിക്കുന്നതിനുള്ള യുദ്ധത്തിന്റെ അവസാന അധ്യായം എഴുതുകയായിരുന്നു.

പക്ഷെ ഇ.ശ്രീധരനും പി. രാജീവും രണ്ട് വ്യത്യസ്ത മുന്നണികളില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. രണ്ട് വ്യത്യസ്ത മണ്ഡലങ്ങളില്‍ ആണെങ്കില്‍ പോലും. ശ്രീധരനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പി. രാജീവിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമെന്ന് കരുതിയിരിക്കാന്‍ സാധ്യതയില്ല. പക്ഷെ അത്തരത്തില്‍ കരുതിയിരുന്നവരുണ്ടെന്നതാണ് വാസ്തവം. ഏറ്റവും കുറഞ്ഞത് ഉദ്യോഗസ്ഥ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലരെങ്കിലും. ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ 2012 ന്റെ അവസാനത്തിലോ തൊട്ടടുത്ത വര്‍ഷത്തിന്റെ പൂര്‍വാഹ്നത്തിലോ ആണെന്നു തോന്നുന്നു കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിന്റെ അങ്കണത്തില്‍ വെച്ച് ആകാശത്തിലേക്ക് സിഗററ്റ് പുകച്ചുരുളുകള്‍ പുകച്ചു തള്ളിക്കൊണ്ടു പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരേക്കാളും കടത്തിവെട്ടുന്ന രാഷ്ട്രീയക്കാരനാണ് ഇ.ശ്രീധരന്‍.

(ആ സംഭവം അടുത്ത ഭാഗത്തില്‍)


Next Story

Related Stories