TopTop
Begin typing your search above and press return to search.

അഞ്ജലി മേനോന്‍ പറഞ്ഞ 'വ്യക്തിസ്വാതന്ത്ര്യ'വും വിധു പറയുന്ന 'എലീറ്റസ'വും; 'നിലനില്‍പ്പി'നു വേണ്ടി പോരടിച്ചു തകരുകയാണോ ഡബ്ല്യുസിസി

അഞ്ജലി മേനോന്‍ പറഞ്ഞ വ്യക്തിസ്വാതന്ത്ര്യവും വിധു പറയുന്ന എലീറ്റസവും; നിലനില്‍പ്പിനു വേണ്ടി പോരടിച്ചു തകരുകയാണോ ഡബ്ല്യുസിസി

വിമന്‍ കളക്ടീവിന് മറ്റു സംഘടനകളില്‍ നിന്നുള്ള വ്യത്യാസം, ഇവിടെ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് പ്രവര്‍ത്തിക്കാം എന്നതാണ്. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരും ഒറ്റ ചട്ടത്തില്‍ നിന്നോളണം എന്നു പറയുന്നില്ല. അവരവരുടെ വ്യക്തിത്വം അനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാം. ആ നിലപാടുകള്‍ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ട്- 2019 ഏപ്രില്‍ 26 ന് അഴിമുഖം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സംവിധായക അഞ്ജലി മേനോന്‍ പറയുന്ന വാക്കുകളാണിത്. ഒരു വര്‍ഷത്തിനിപ്പുറം വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഡബ്ല്യുസിസിയില്‍ നിന്നും അതിന്റെ നേതൃത്വനിരയിലെ പ്രധാനിയായിരുന്ന സംവിധായിക വിധു വിന്‍സെന്റ് പുറത്തു വരുമ്പോള്‍ നല്‍കുന്ന വിശദീകരണം അഞ്ജലിപറഞ്ഞ 'സംഘടനയ്ക്കുള്ളിലെ മൗലിക സ്വാതന്ത്ര്യ വാദത്തെ' അപ്പാടെ റദ്ദ് ചെയ്യുന്നതാണ്. വിധുവിന്റെ വിശദീകരണം മാത്രംവച്ചുകൊണ്ട് സംഘടനയെയോ അതിലിനിയും ബാക്കിയുള്ളവരെയോ വിധിക്കാന്‍ കഴിയില്ല. എതിര്‍ഭാഗത്തിന്റെ വാദങ്ങളും കേള്‍ക്കേണ്ടതുണ്ട്. എന്നാല്‍, മുന്‍വിധിയെന്നു കരുതേണ്ടാത്ത ചിലതൊക്കെ വിമന്‍ ഇന്‍ കളക്ടീവിനെക്കുറിച്ച് പറയേണ്ടതുമുണ്ട്.

ഒരുപക്ഷേ (അങ്ങനെയൊരു പക്ഷേയുടെ കാര്യം പോലുമില്ലെന്നു തോന്നുന്നു) കേരള സമൂഹത്തിന്റെ പിന്തുണയിത്രയധികം നേടിയെടുത്തൊരു കൂട്ടായ്മ സമീപകാല ചരിത്രത്തിലുണ്ടാകില്ല. ആണ്‍ബോധ്യങ്ങളുടെ അധികാരലോകമായിരുന്ന മലയാള സിനിമയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടാന്‍ വേണ്ടി ഒരുകൂട്ടം സ്ത്രീകള്‍ മുന്നിട്ടറങ്ങി രൂപീകരിച്ച സംഘടന. അതുണ്ടാക്കിയ തരംഗം ഇവിടെയീ ഇട്ടാവട്ടത്തു മാത്രമല്ല, ഇന്ത്യന്‍ സിനിമ ലോകത്തു തന്നെ പ്രതിദ്ധ്വനിച്ചു. പക്ഷേ, എന്താണോ ആ സംഘടന തങ്ങളുടെ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെട്ടത് അവയൊന്നും തന്നെ സിനിമലോകത്ത് അവതരിപ്പിച്ചു നോക്കാന്‍ പോലും ഇത്രംകാലം കൊണ്ടും അവര്‍ക്കായില്ല. എന്തിനെയും എതിര്‍ക്കുന്നവരല്ല, എല്ലാം ശരിയാണെന്നു പറയുന്നവര്‍ക്കിടയില്‍ ചിലതൊക്കെ ശരിയല്ലെന്നു പറയുന്നവരാണ്. തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണം എന്നു പറയുന്നവരാണ്. നമുക്കതിന് കഴിയണം എന്നു പറയുന്നവരാണ്' തങ്ങളെന്നാണ് ഡബ്ല്യുസിസി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. അവരിതുവരെ എന്തു തിരുത്തി? എന്തു പറഞ്ഞു? എന്താണവര്‍ക്ക് ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്? 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദിയില്‍ ' അവള്‍ക്കൊപ്പം' എന്ന ബാനറുമായി എത്തി സദസ്സിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം കയ്യടി നേടിയിരുന്നു റിമ കല്ലിങ്കല്‍. ഇന്ന് ആ റിമയ്‌ക്കെതിരേ കൂടി വിരല്‍ ചൂണ്ടിക്കൊണ്ടാണ് വിധു ചോദിക്കാതെ ചോദിക്കുന്നത്; അവനവനുവേണ്ടിയല്ലാതെ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നിന്നിട്ടുള്ളതെന്ന്!

സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ ഒരു തിരുത്ത് എന്നപോലെയാണ് ഡബ്ല്യുസിസി രൂപംകൊണ്ടത്. അതിന്റെ ചരിത്രമൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. കൂട്ടത്തിലുള്ളൊരു സ്ത്രീ, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടപ്പോള്‍, വിരലില്‍ എണ്ണിത്തീര്‍ക്കാവുന്നവരെ അവള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനും നീതി തേടാനും ഉള്ളൂ എന്ന മനസിലാക്കിയിടത്താണ് പൊതുസമൂഹം ഡബ്ല്യുസിസിക്കൊപ്പം നിന്നത്. ഒരുപാട് നഷ്ടങ്ങള്‍ വനിത കൂട്ടായ്മക്കാര്‍ക്ക് ഉണ്ടായി. അതുവരെ മുഖ്യധാര സിനിമകളുടെ ഭാഗമായി നിന്നിരുന്നവര്‍ക്കാണ് അപ്രഖ്യാപിത വിലക്ക് എന്നു പറയാവുന്ന ഒഴിവാക്കാല്‍ നേരിടേണ്ടി വന്നത്. പേരെടുത്ത് പറഞ്ഞാല്‍, റിമ കല്ലിങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍... അന്നായാലും ഇന്നായാലും ഡബ്ല്യുസിസി എന്ന സംഘടനയുമായി ബന്ധപ്പെട്ട പേരുകാരില്‍ മഞ്ജു വാര്യര്‍ ഒഴിച്ച് ഒരാള്‍ക്കും മലയാള സിനിമയില്‍ സ്ഥാനമില്ലെന്നത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത സത്യം തന്നെയാണ്. വേണമെങ്കില്‍ പാര്‍വതിയുണ്ടാകും. എത്ര സിനിമകള്‍ പക്ഷേ? എന്തുകൊണ്ടാണോ പാര്‍വതി വിമന്‍ കളക്ടീവിനൊപ്പം നിന്നത്, ആ നിലപാടുകളില്‍ വിട്ടുവീഴ്ച്ചയും ചെയ്യേണ്ടി വന്നില്ലേ അവര്‍ക്ക് (വിധുവിന്റെ രാജി വിശദീകരണത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്). സ്വന്തം പ്രൊഡക്ഷന്‍ ഹൗസിലുള്ള സിനിമകളിലല്ലാതെ (അതും ഒന്നോ രണ്ടോ ചിത്രങ്ങള്‍) റിമ എത്ര സിനിമകള്‍ ചെയ്തു? രമ്യ ചെയ്ത സിനിമകളോ? രേവതിക്ക് എന്തു ചെയ്യാന്‍ കഴിയുന്നുണ്ട്? പത്മപ്രിയ എവിടെയാണ്? ഇത് മുഖ്യധാരയില്‍ സജീവമായിരുന്നവരുടെ കാര്യമാണ്. ബാക്കി പേരുകളുടെ അവസ്ഥയ്ക്കും മാറ്റമൊന്നുമില്ല. സ്വന്തം കരിയര്‍ ബലികഴിച്ച് തന്നെയാണ് ഇവരൊക്കെയും നിലകൊളുന്നതെന്ന വിശ്വാസത്തിലായിരുന്നു മേല്‍പ്പറഞ്ഞ ഓരോ പേരുകാര്‍ക്കൊപ്പം അവരുടെ താരമൂല്യത്തെക്കാള്‍ നിലപാടുകളുടെയും കാഴ്ച്ചപ്പാടുകളെയും പേരില്‍ സമൂഹം നിന്നത്. ആ വിശ്വാസം തെറ്റിപ്പോയോ? അതോ തെറ്റിദ്ധരിക്കപ്പെടുന്നതാണോ?

വര്‍ഗബോധമുള്ള സംഘടനയെന്നു കരുതിയയൊന്നില്‍ നമ്മളില്‍ നമ്മള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വിധു പറയുന്നത്. കൂട്ടായ്മ എന്ന വാക്കിന് പ്രസക്തിയില്ലാത്തവിധം അത് സ്വാര്‍ത്ഥ താത്പര്യങ്ങളിലേക്ക് മാറിയിരിക്കുന്നുവെന്ന്. നിലനില്‍പ്പിന്റെ പ്രശ്‌നം സംഘടനയ്ക്കുള്ളിലെ ഓരോരുത്തരും നേരിടുന്നുണ്ടെന്നാണ് വിധുവിന്റെ എഴുത്തില്‍ നിന്നും മനസിലാക്കുന്നത്. വിധു പറയുന്നതിന് മുന്നേ മനസിലായ കാര്യമാണത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും മഞ്ജു വാര്യര്‍ ഉയര്‍ത്തിയ വാക്കുകളായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ബീജം പാകിയതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. മഞ്ജുവിന്റെ ചോദ്യങ്ങളാണ് കുപ്രസിദ്ധമായ ആ കേസില്‍ നിര്‍ണായകമായതും. 'ഹാറ്റ്‌സ് ഓഫ് മഞ്ജു' എന്ന് കേരളം പറഞ്ഞ നാളുകള്‍. ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു സംഘടന പിറന്നതും അതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളുമെല്ലാം മഞ്ജു വാര്യരുമായി ചേര്‍ത്തായിരുന്നു വാര്‍ത്തകളായത്. ആണധികാരത്തിന്റെ കീഴില്‍ നില്‍ക്കുന്ന മലയാള സിനിമ ഏറ്റവും ആദ്യം പുറന്തള്ളാന്‍ പോകുന്നതെന്ന് മഞ്ജുവിനെയായിരിക്കുമെന്ന് എല്ലാവരം കരുതി! കരുതിയവര്‍ക്കും കണക്കുകൂട്ടിയവര്‍ക്കും തെറ്റി; മഞ്ജു വാര്യര്‍ അന്നും ഇന്നും മലയാളത്തിലെ തിരക്കുള്ള നായികയായി നില്‍ക്കുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളുടെ അവിഭാജ്യഘടകമായിരിക്കുന്നു. എന്നാല്‍ ആ ഭാഗ്യം മഞ്ജുവിനപ്പുറം ആര്‍ക്കുമുണ്ടായില്ല. സോഷ്യല്‍ മീഡിയ ആക്രമണം ഒരുഘട്ടത്തില്‍ പോലും മഞ്ജുവിന് ഏല്‍ക്കേണ്ടി വന്നില്ല, മറ്റുള്ളവരുടെ അവസ്ഥയതായിരുന്നില്ല. മഞ്ജുവിനോളം തന്നെ അഭിനയത്തില്‍ മികവ് പുലര്‍ത്തുകയും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടുകയും ചെയ്തിട്ടുള്ള പാര്‍വതിക്ക് മഞ്ജുവിന് കിട്ടിയ പരിഗണന കിട്ടിയില്ല. നിലനില്‍പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഓരോരുത്തരും ചിന്തിക്കാന്‍ തുടങ്ങിയത് അങ്ങനെയായിരിക്കാം.

നിലനില്‍പ്പ്; അതാണ് വിധുവിന്റെയും പ്രശ്‌നം. സിനിമയെന്ന തട്ടകത്തില്‍ അവര്‍ക്ക് നില്‍ക്കാന്‍, തന്റെ നിലപാടുകളുമായി തന്നെ ഒത്തിരിശ്രമിച്ചിട്ടുണ്ടെന്നാണ് വിധു പറയുന്നത്. കൂടെ നില്‍ക്കുന്നവരെന്ന് കരുതിയവരില്‍ നിന്നുതന്നെ അപമാനവും അവഗണനയും നേരിട്ടപ്പോഴാണ് മറ്റ് ഓപ്ഷനുകള്‍ വിധുവിന് നോക്കേണ്ടി വന്നത്. നിലനില്‍പ്പിനുവേണ്ടി അതേ സംഘടനയില്‍ നിന്നുതന്നെ മറ്റുള്ളവരും നോക്കിയ വഴി. എന്നാല്‍ അവിടെ തനിക്ക് മാത്രം വിചാരണ നേരിടേണ്ടി വന്നതിനെക്കുറിച്ചാണ് വിധു വിശദീകരിക്കുന്നത്. അവിടെയാണ് അഞ്ജലി മേനോന്‍ പറഞ്ഞ വ്യക്തിസ്വാതന്ത്ര്യം ഫെയ്ഡ് ഔട്ടായി പോകുന്നത്. ഡബ്ല്യുസിയില്‍ എലീറ്റിസമുണ്ട് എന്നാണ് വിധു പറയുന്നത്. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മില്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്ല്യുസിസി യെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാന്‍ കെല്പുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടവര്‍ അത് ചെയ്യാതെ വിധുവിന്‍സന്റിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നസ് അളക്കാന്‍ നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ലാ എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ' എന്നാണ് വിധു ഉന്നയിച്ചിരിക്കുന്നത്; വ്യക്തിസ്വാതന്ത്രത്തെയും സംഘടന ബോധത്തെയുമൊക്ക പറഞ്ഞിട്ടുള്ള അഞ്ജലി മേനോന്‍ എങ്കിലും വിധുവിന്റെ പരാതികളില്‍ പ്രതികരിക്കേണ്ടതാണ്. വിധുവിന്റെയെങ്കിലും പരാതിയില്‍. അങ്ങനെ എടുത്തു പറയാന്‍, ഇത്തരം പരാതികള്‍ ഉന്നയിച്ചവര്‍ വേറെയുമുണ്ടായിരുന്നു എന്നതുകൊണ്ടാണ്. സുരഭി ലക്ഷ്മി, ഭാഗ്യലക്ഷ്മി, മാല പാര്‍വതി ഇവരൊക്കെ ഈ സംഘടനയെ പിന്തുണച്ചവരും ഇത് യാഥാര്‍ത്ഥ്യമാകാന്‍ ഒപ്പം നിന്നവരുമായിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല ഡബ്ല്യുസിസി. വിധു വിമന്‍ കളക്ടീവിന്റെ നാഡിയായി ഇന്നലെ വരെ നിന്നൊരാളാണ്; അവരോടെങ്കിലും മറുപടി പറഞ്ഞേ പറ്റൂ. അല്ലെങ്കില്‍ ഈ സംഘടനയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടി വരും.


Next Story

Related Stories